പുരാതനജ്ഞാനം ആധുനികജീവിതത്തിന്
ഉത്കണ്ഠ ഒഴിവാക്കുക
ബൈബിൾതത്ത്വം: ‘നിങ്ങളുടെ ജീവനെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നതു മതിയാക്കുവിൻ.’—മത്തായി 6:25.
എന്താണ് ഇതിന്റെ അർഥം? ഈ വാക്കുകൾ നമ്മൾ കാണുന്നത് യേശു നടത്തിയ ഗിരിപ്രഭാഷണത്തിലാണ്. ഒരു ബൈബിൾനിഘണ്ടു പറയുന്നതനുസരിച്ച് ‘ഉത്കണ്ഠപ്പെടുക’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന്, “അനുദിനജീവിതത്തിൽ ഒരു മനുഷ്യൻ നേരിടുന്ന ദാരിദ്ര്യം, വിശപ്പ്, മറ്റ് ബുദ്ധിമുട്ടുകൾ എന്നിവയോടുള്ള അയാളുടെ സ്വാഭാവികപ്രതികരണ”ത്തെ അർഥമാക്കാൻ കഴിയും. ഉത്കണ്ഠ എന്നതിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന കാര്യങ്ങളെക്കുറിച്ച് ഓർത്ത് ആകുലപ്പെടുന്നതും ഉൾപ്പെടുന്നു. നമ്മുടെ ജീവിതാവശ്യങ്ങളെക്കുറിച്ചും പ്രിയപ്പെട്ടവരുടെ ക്ഷേമത്തെക്കുറിച്ചും ഉത്കണ്ഠ തോന്നുന്നത് സ്വാഭാവികമാണ്, ഉചിതവുമാണ്. (ഫിലിപ്പിയർ 2:20) “ഒരിക്കലും ഉത്കണ്ഠപ്പെടരുത്” എന്ന് പറഞ്ഞപ്പോൾ തന്റെ അനുഗാമികൾ അതിരുകവിഞ്ഞ ആകുലതകൾ—‘ഇന്നത്തെ’ ജീവിതത്തിലെ സന്തോഷം കവർന്നുകളയുന്ന ‘നാളെയെക്കുറിച്ചുള്ള’ അമിതമായ ആശങ്ക—ഒഴിവാക്കണമെന്ന് യേശു ഉപദേശിക്കുകയായിരുന്നു.—മത്തായി 6:31, 34.
ഇത് ഇന്ന് പ്രായോഗികമാണോ? യേശുവിന്റെ ബുദ്ധിയുപദേശത്തിന് ചെവികൊടുക്കുന്നത് ജ്ഞാനമായിരിക്കും. എന്തുകൊണ്ട്? ആളുകൾ കണക്കിലേറെ ആകുലപ്പെടുമ്പോൾ അവരുടെ നാഡീവ്യവസ്ഥ പ്രവർത്തനസജ്ജമാകുകയും ആ നിലയിൽത്തന്നെ തുടരുകയും ചെയ്യുന്നതായി ചില പരാമർശഗ്രന്ഥങ്ങൾ പറയുന്നു. ആ അവസ്ഥ തുടർന്നാൽ നമ്മൾ പല രോഗങ്ങളെയും ക്ഷണിച്ചുവരുത്തും. “അവയിൽ ചിലതാണ് അൾസർ, ഹൃദ്രോഗം, ആസ്തമ തുടങ്ങിയവ.”
അനാവശ്യമായ ഉത്കണ്ഠകൾ ഒഴിവാക്കുന്നതിന് യേശു തക്കതായ ഒരു കാരണം പറയുന്നുണ്ട്: അത് കഴമ്പില്ലാത്തതാണ്. “ഉത്കണ്ഠപ്പെടുന്നതിനാൽ ആയുസ്സിനോട് ഒരു മുഴം കൂട്ടാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ?” എന്ന് യേശു ചോദിച്ചു. (മത്തായി 6:27) നമ്മുടെ ആകുലതകളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതു നിമിത്തം നമ്മുടെ ആയുസ്സ് സെക്കൻഡിന്റെ ഒരംശംപോലും കൂട്ടാനോ അല്ലെങ്കിൽ മെച്ചപ്പെടുത്താനോ കഴിയുകയില്ല. കൂടാതെ, കാര്യങ്ങൾ മിക്കപ്പോഴും നമ്മൾ ഭയപ്പെട്ടതുപോലെ സംഭവിക്കണമെന്നില്ല. ഇക്കാര്യം ഒരു പണ്ഡിതൻ ഇങ്ങനെയാണ് പറയുന്നത്: “ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നത് പാഴ്വേലയാണ്. യഥാർഥഭാവി നമ്മൾ ഭയപ്പെടുന്നതുപോലെ മോശമായിരിക്കുകയില്ല.”
നമുക്ക് എങ്ങനെ ഉത്കണ്ഠകൾ ഒഴിവാക്കാം? ഒന്നാമത്, ദൈവത്തിൽ ആശ്രയിക്കുക. ദൈവം, പക്ഷികൾക്ക് ആഹാരം നൽകുകയും പൂക്കളെ അണിയിച്ചൊരുക്കുകയും ചെയ്യുന്നെങ്കിൽ, തന്റെ ആരാധനയ്ക്ക് ജീവിതത്തിൽ ഒന്നാംസ്ഥാനം കൊടുക്കുന്ന മനുഷ്യർക്ക് അവശ്യകാര്യങ്ങൾ നൽകാതിരിക്കുമോ? (മത്തായി 6:25, 26, 28-30) രണ്ടാമത്, അന്നന്നത്തെ ഉത്കണ്ഠകൾ കണക്കിലെടുക്കുക. “നാളെയെക്കുറിച്ച് ഒരിക്കലും ഉത്കണ്ഠപ്പെടരുത്” എന്ന് യേശു പറഞ്ഞു. കാരണം, “നാളത്തെ ദിവസത്തിന് അതിന്റേതായ ഉത്കണ്ഠകൾ ഉണ്ടായിരിക്കുമല്ലോ.” “അതതു ദിവസത്തിന് അന്നന്നത്തെ ക്ലേശങ്ങൾതന്നെ ധാരാളം” എന്നതിനോട് നിങ്ങളും യോജിക്കുന്നില്ലേ?—മത്തായി 6:34.
യേശുവിന്റെ ജ്ഞാനപൂർവമായ ഉപദേശം ശ്രദ്ധിക്കുന്നതിലൂടെ നമുക്ക് ശാരീരികപ്രശ്നങ്ങളും ഒഴിവാക്കാൻ കഴിയും. അതിലേറെ, “ദൈവസമാധാനം” എന്ന് ബൈബിൾ വിളിക്കുന്ന ആന്തരികശാന്തത നമ്മൾ കണ്ടെത്തുകയും ചെയ്യും.—ഫിലിപ്പിയർ 4:6, 7.▪ (w16-E No.1)