“പോയി സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ”
“പോയി സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ. . . . അവരെ സ്നാനം കഴിപ്പിക്കുകയും ഞാൻ നിങ്ങളോടു കൽപ്പിച്ചതൊക്കെയും പ്രമാണിക്കാൻ തക്കവണ്ണം പഠിപ്പിക്കുകയും ചെയ്യുവിൻ.”—മത്താ. 28:19, 20.
1, 2. മത്തായി 24:14-ലെ യേശുവിന്റെ വാക്കുകൾ ഏത് ചോദ്യങ്ങൾ ഉയർത്തുന്നു?
അന്ത്യകാലത്ത് ദൈവരാജ്യത്തിന്റെ സുവിശേഷം സകല മനുഷ്യരോടും പ്രസംഗിക്കപ്പെടുമെന്ന് യേശു മുൻകൂട്ടി പറഞ്ഞു. (മത്താ. 24:14) യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ നമ്മൾ ലോകവ്യാപകമായി പ്രസംഗപ്രവർത്തനത്തിന് പേരു കേട്ടവരാണ്. നമ്മൾ പറയുന്ന സന്ദേശം ചിലർക്ക് ഇഷ്ടമാണ്, എന്നാൽ മറ്റു ചിലർക്ക് അത് ഇഷ്ടമല്ല. നമ്മൾ പറയുന്നത് കേൾക്കാൻ ഇഷ്ടമില്ലാത്ത ചിലർപോലും നമ്മുടെ പ്രവർത്തനത്തിന്റെ പേരിൽ നമ്മളെ ആദരിക്കുന്നു. യേശു മുൻകൂട്ടി പറഞ്ഞ ആ വേല ചെയ്യുന്നത് നമ്മൾ മാത്രമാണെന്ന് നമ്മൾ അവകാശപ്പെടുന്നു. ഇങ്ങനെ പറയാനുള്ള അവകാശം നമുക്കുണ്ടോ? യേശു മുൻകൂട്ടി പറഞ്ഞ അതേ പ്രസംഗപ്രവർത്തനം തന്നെയാണ് നമ്മൾ ചെയ്യുന്നതെന്ന് നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാനാകും?
2 യേശു അറിയിച്ച സന്ദേശം തന്നെയാണ് തങ്ങളും അറിയിക്കുന്നതെന്ന് പല മതവിഭാഗങ്ങളും അവകാശപ്പെടുന്നു. എന്നാൽ അവരുടെ പ്രസംഗം, പള്ളിയിലും ടെലിവിഷനിലും ഇന്റർനെറ്റിലും മാത്രമായി ഒതുങ്ങുന്നു. അതുമല്ലെങ്കിൽ അവർ യേശുവിനെക്കുറിച്ചുള്ള അനുഭവസാക്ഷ്യങ്ങൾ പറഞ്ഞ് തൃപ്തിപ്പെടുന്നു. കാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്നതും, ചികിത്സാരംഗത്തും വിദ്യാഭ്യാസരംഗത്തും ഒക്കെ കഴിയുന്നിടത്തോളം സേവനങ്ങൾ ചെയ്യുന്നതും ആണ് പ്രസംഗപ്രവർത്തനമെന്ന് ചിലർ വിചാരിക്കുന്നു. എന്നാൽ പ്രസംഗപ്രവർത്തനം എന്നു പറഞ്ഞപ്പോൾ യേശു ഉദ്ദേശിച്ചത് ഇതൊക്കെയാണോ?
3. മത്തായി 28:19, 20-ലെ കല്പനയനുസരിച്ച് യേശുവിന്റെ അനുഗാമികൾ എന്തൊക്കെ ചെയ്യണം?
3 യേശുവിന്റെ ശിഷ്യന്മാർ ആളുകൾ തങ്ങളുടെ അടുത്തേക്ക് വരുന്നതും കാത്ത് ഇരിക്കണമായിരുന്നോ? വേണ്ടായിരുന്നു. പുനരുത്ഥാനം പ്രാപിച്ചശേഷം നൂറുകണക്കിന് ശിഷ്യന്മാരോടായി യേശു പറഞ്ഞു: “നിങ്ങൾ പോയി സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ. . . . അവരെ സ്നാനം കഴിപ്പിക്കുകയും ഞാൻ നിങ്ങളോടു കൽപ്പിച്ചതൊക്കെയും പ്രമാണിക്കാൻ തക്കവണ്ണം പഠിപ്പിക്കുകയും ചെയ്യുവിൻ.” (മത്താ. 28:19, 20) അതുകൊണ്ട് യേശുവിന്റെ അനുഗാമികൾ എന്ന നിലയിൽ നമ്മൾ നാലു കാര്യങ്ങൾ ചെയ്യണം. ആളുകളെ ശിഷ്യരാക്കണം, സ്നാനമേൽക്കുന്നതിന് സഹായിക്കണം, പഠിപ്പിക്കണം. എന്നാൽ ആദ്യം നമ്മൾ ആളുകളുടെ അടുക്കലേക്ക് പോകണം. ഒരു ബൈബിൾപണ്ഡിതൻ പറയുന്നത് ഇങ്ങനെയാണ്: ‘“പോകുക” എന്നത് ഓരോ വിശ്വാസിയുടെയും ദൗത്യമാണ്. അത് അയൽവീട്ടിലേക്കാണെങ്കിലും ശരി, അയൽനാട്ടിലേക്കാണെങ്കിലും ശരി.’—മത്താ. 10:7; ലൂക്കോ. 10:3.
4. ‘മനുഷ്യരെ പിടിക്കുന്നവർ’ ആകുന്നതിൽ ഉൾപ്പെടുന്നത് എന്താണ്?
4 ശിഷ്യന്മാർ ഓരോരുത്തരും ഒറ്റയ്ക്കൊറ്റയ്ക്ക് പ്രസംഗിക്കാനാണോ അതോ ഒരു കൂട്ടമെന്ന നിലയിൽ സംഘടിതമായി പ്രവർത്തിക്കാനാണോ യേശു പ്രതീക്ഷിച്ചത്? ഒരാൾക്ക് ഒറ്റയ്ക്ക് “സകല ജനതകളിലുംപെട്ട” ആളുകളോട് പ്രസംഗിക്കാൻ കഴിയാത്തതുകൊണ്ട് ശിഷ്യന്മാർ ഒരു കൂട്ടമെന്ന നിലയിൽ സംഘടിതരായിരിക്കണമായിരുന്നു. “നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു ശിഷ്യന്മാരോട് പറഞ്ഞപ്പോൾ യേശു അതാണ് അർഥമാക്കിയത്. (മത്തായി 4:18-22 വായിക്കുക.) അല്ലാതെ, മീൻ തന്റെ ചൂണ്ടയിൽ വന്ന് കൊത്തുന്നതും കാത്തിരിക്കുന്ന ഒരു മീൻപിടുത്തക്കാരനല്ല യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്. പല ആളുകൾ ചേർന്ന്, സംഘടിതമായി, കഠിനാധ്വാനം ചെയ്ത്, വല ഉപയോഗിച്ച് മീൻ പിടിക്കുന്നതിനെയാണ് യേശു ഉദ്ദേശിച്ചത്.—ലൂക്കോ. 5:1-11.
5. ഉത്തരം ലഭിക്കേണ്ട നാലു ചോദ്യങ്ങൾ ഏതെല്ലാമാണ്, എന്തുകൊണ്ട്?
5 ഇന്ന് സുവിശേഷം പ്രസംഗിക്കുന്നത് ആരാണെന്ന് അറിയാൻ പിൻവരുന്ന നാലു ചോദ്യങ്ങൾ നമ്മളെ സഹായിക്കും:
യേശുവിന്റെ അനുഗാമികൾ പ്രസംഗിക്കേണ്ട സന്ദേശം എന്താണ്?
പ്രസംഗിക്കുമ്പോൾ അവരുടെ ആന്തരം എന്തായിരിക്കണം?
പ്രസംഗിക്കാനായി അവർ ഏതെല്ലാം രീതികൾ ഉപയോഗിക്കണം?
പ്രസംഗപ്രവർത്തനം എത്രത്തോളം വ്യാപകമായിരിക്കണം, അത് എത്ര കാലം ചെയ്യണം?
ജീവരക്ഷാകരമായ ഈ പ്രവർത്തനം ചെയ്യുന്നത് ആരാണെന്നു മനസ്സിലാക്കാനും പ്രസംഗപ്രവർത്തനത്തിൽ തുടരാനും ഉള്ള നമ്മുടെ ആഗ്രഹം ശക്തമാക്കാനും ഈ ചോദ്യങ്ങളുടെ ഉത്തരം സഹായിക്കും.—1 തിമൊ. 4:16.
പ്രസംഗിക്കേണ്ട സന്ദേശം എന്തായിരിക്കണം?
6. യഹോവയുടെ സാക്ഷികൾ അറിയിക്കുന്നത് ശരിയായ സന്ദേശമാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാനാകുന്നത് എന്തുകൊണ്ട്?
6 ലൂക്കോസ് 4:43 വായിക്കുക. യേശു പ്രസംഗിച്ചത് “ദൈവരാജ്യത്തിന്റെ സുവിശേഷം” ആയിരുന്നു. തന്റെ അനുഗാമികളും അതുതന്നെ ചെയ്യാനാണ് യേശു ആഗ്രഹിക്കുന്നത്. ഏത് കൂട്ടം ആളുകളാണ് ആ സന്ദേശം എല്ലാവരെയും അറിയിക്കുന്നത്? യഹോവയുടെ സാക്ഷികൾ മാത്രം! നമ്മളെ ഇഷ്ടമില്ലാത്തവർപോലും അത് സമ്മതിക്കുന്നു. ഉദാഹരണത്തിന്, പല രാജ്യങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള മിഷനറിയായിരുന്ന ഒരു പുരോഹിതൻ യഹോവയുടെ സാക്ഷികളിൽ ഒരാളോട് എന്താണ് പറഞ്ഞതെന്ന് നോക്കാം. അദ്ദേഹം പോയ എല്ലാ സ്ഥലങ്ങളിലും ‘നിങ്ങൾ എന്ത് സന്ദേശമാണ് അറിയിക്കുന്നത്’ എന്ന് യഹോവയുടെ സാക്ഷികളോട് ചോദിക്കുമായിരുന്നു. പുരോഹിതൻ പറയുന്നു: “അവരെല്ലാവരും മണ്ടന്മാരാണ്. കാരണം അവർക്കെല്ലാം ഒരു ഉത്തരമേ പറയാനുണ്ടായിരുന്നുള്ളൂ: ‘ദൈവരാജ്യത്തിന്റെ സുവിശേഷം.’” യഥാർഥത്തിൽ ആ പുരോഹിതന്റെ വാക്കുകൾ തെളിയിക്കുന്നത് നമ്മൾ മണ്ടന്മാരാണെന്നല്ല, പകരം സത്യക്രിസ്ത്യാനികളെന്ന നിലയിൽ നമ്മൾ ഐക്യമുള്ളവരാണ് എന്നാണ്. (1 കൊരി. 1:10) വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്ന മാസികയുടെ പ്രധാനസന്ദേശവും ദൈവരാജ്യംതന്നെയാണ്. ഈ മാസികയുടെ ഓരോ ലക്കത്തിന്റെയും ശരാശരി 5 കോടി 90 ലക്ഷം കോപ്പികൾ 254 ഭാഷകളിലായി അച്ചടിക്കുന്നുണ്ട്. അതുകൊണ്ട് ഇത് ലോകത്തിൽ ഏറ്റവും കൂടുതൽ വിതരണം ചെയ്യപ്പെടുന്ന മാസികയായിത്തീർന്നിരിക്കുന്നു.
7. ക്രൈസ്തവമതനേതാക്കന്മാർ ശരിയായ സന്ദേശമല്ല പ്രസംഗിക്കുന്നതെന്ന് നമുക്ക് എങ്ങനെ അറിയാം?
7 ക്രൈസ്തവമതനേതാക്കന്മാർ ദൈവരാജ്യത്തെക്കുറിച്ചല്ല പ്രസംഗിക്കുന്നത്. ഇനി അവർ അതെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽത്തന്നെ അത് ഒരു വ്യക്തിയുടെ ഹൃദയത്തിലെ അവസ്ഥ മാത്രമാണെന്നാണ് പറയുന്നത്. (ലൂക്കോ. 17:21) ദൈവരാജ്യം ഒരു യഥാർഥ സ്വർഗീയഗവണ്മെന്റാണെന്നും യേശു അതിന്റെ രാജാവാണെന്നും അവർ പഠിപ്പിക്കുന്നില്ല. ക്രിസ്മസിന്റെ സമയത്ത് ഒരു ശിശുവായും ഈസ്റ്ററിന്റെ സമയത്ത്, മരിച്ചുപോയ ഒരാളായിട്ടും ആണ് അവർ യേശുവിനെ കണക്കാക്കുന്നത്. ദൈവരാജ്യം മുഴുമനുഷ്യരുടെയും പ്രശ്നങ്ങൾ പരിഹരിക്കുമെന്നോ ഭൂമിയിൽനിന്ന് ദുഷ്ടത നീക്കുമെന്നോ അവർ പഠിപ്പിക്കാറില്ല. (വെളി. 19:11-21) ക്രൈസ്തവമതനേതാക്കന്മാർക്ക് ദൈവരാജ്യത്തിന്റെ രാജാവെന്ന നിലയിൽ യേശു എന്തു ചെയ്യുമെന്ന് അറിയില്ല. യേശുവിന്റെ സന്ദേശം മനസ്സിലാകാത്തതുകൊണ്ട് പ്രസംഗിക്കേണ്ടത് എന്തിനാണെന്നും അവർക്ക് അറിയില്ല.
പ്രസംഗിക്കുമ്പോൾ നമ്മുടെ ആന്തരം എന്തായിരിക്കണം?
8. പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുന്നതിനു പിന്നിലെ ചിലരുടെ തെറ്റായ ആന്തരം എന്താണ്?
8 പണം ഉണ്ടാക്കാനോ മണിമേടകൾ കെട്ടിപ്പൊക്കാനോ വേണ്ടിയായിരിക്കരുത് യേശുവിന്റെ അനുഗാമികൾ പ്രസംഗിക്കുന്നത്. തന്റെ അനുഗാമികളോട് യേശു പറഞ്ഞു: “സൗജന്യമായി നിങ്ങൾക്കു ലഭിച്ചു; സൗജന്യമായിത്തന്നെ കൊടുക്കുവിൻ.” (മത്താ. 10:8) അതുകൊണ്ട്, പ്രസംഗപ്രവർത്തനം ഒരു കച്ചവടം ആയിരിക്കരുത്. (2 കൊരി. 2:17) യേശുവിന്റെ അനുഗാമികൾ പ്രസംഗിക്കുന്നതിന് കൂലി ചോദിക്കരുത്. (പ്രവൃത്തികൾ 20:33-35 വായിക്കുക.) യേശുവിന്റെ നിർദേശം വളരെ വ്യക്തമാണെങ്കിലും പള്ളി പരിപാലിക്കുന്നതിനും പുരോഹിതന്മാർക്കും മറ്റ് ജീവനക്കാർക്കും ഒക്കെ ശമ്പളം കൊടുക്കുന്നതിനും വേണ്ടി പണപ്പിരിവ് നടത്തുന്നതിലാണ് മിക്ക ക്രൈസ്തവസഭകളുടെയും ശ്രദ്ധ. അതിന്റെ ഫലമായി അനേകം മതനേതാക്കന്മാരും സമ്പന്നരായി മാറിയിരിക്കുന്നു.—വെളി. 17:4, 5.
9. ശരിയായ ആന്തരത്തോടെയാണ് പ്രസംഗപ്രവർത്തനം നടത്തുന്നതെന്ന് യഹോവയുടെ സാക്ഷികൾ എങ്ങനെ തെളിയിച്ചിരിക്കുന്നു?
9 രാജ്യഹാളിലോ കൺവെൻഷനുകളിലോ യഹോവയുടെ സാക്ഷികൾ പണപ്പിരിവ് നടത്തുന്നുണ്ടോ? ഇല്ല! ആളുകൾ സ്വമനസ്സാലെ നൽകുന്ന സംഭാവനകൾ ഉപയോഗിച്ചാണ് അവരുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. (2 കൊരി. 9:7) കഴിഞ്ഞ വർഷം യഹോവയുടെ സാക്ഷികൾ 193 കോടിയിലധികം മണിക്കൂർ പ്രസംഗപ്രവർത്തനത്തിൽ ചെലവഴിക്കുകയും ഓരോ മാസവും താത്പര്യക്കാരുമൊത്ത് 90 ലക്ഷത്തിലധികം ബൈബിൾപഠനങ്ങൾ നടത്തുകയും ചെയ്തു. ഇത് അവർ പണം വാങ്ങിയല്ല, സ്വന്തം ചെലവിലാണ് ചെയ്തത്. ഒരു ഗവേഷകൻ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “അവരുടെ പ്രധാനലക്ഷ്യം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്നതാണ്.” യഹോവയുടെ സാക്ഷികൾക്കിടയിൽ പുരോഹിതന്മാർ ഇല്ലാത്തതുകൊണ്ട് അവർക്ക് പണം ലാഭിക്കാനാകുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മൾ പ്രസംഗിക്കുന്നത് പണത്തിനുവേണ്ടിയല്ലെങ്കിൽപ്പിന്നെ നമ്മുടെ ലക്ഷ്യം എന്താണ്? യഹോവയെയും ആളുകളെയും സ്നേഹിക്കുന്നതുകൊണ്ടാണ് നമ്മൾ മനസ്സോടെ ഇത് ചെയ്യുന്നത്. നമ്മുടെ ഈ മനോഭാവം സങ്കീർത്തനം 110:3-ൽ (വായിക്കുക.) പറഞ്ഞിരിക്കുന്ന പ്രവചനത്തിന്റെ നിവൃത്തിയാണ്.
ഏതൊക്കെ രീതികൾ ഉപയോഗിക്കണം?
10. സുവാർത്ത പ്രസംഗിക്കാൻ യേശുവും ശിഷ്യന്മാരും ഏതൊക്കെ രീതികളാണ് ഉപയോഗിച്ചത്?
10 സുവാർത്ത പ്രസംഗിക്കാൻ യേശുവും ശിഷ്യന്മാരും ഏതൊക്കെ രീതികളാണ് ഉപയോഗിച്ചത്? ആളുകളെ കണ്ടെത്താനാകുന്ന എല്ലായിടത്തും അവർ പോയി. ഉദാഹരണത്തിന്, അവർ തെരുവുകളിലും ചന്തകളിലും പ്രസംഗിച്ചു. അർഹരായവരെ അന്വേഷിച്ച് അവർ വീടുതോറും പോയി. (മത്താ. 10:11; ലൂക്കോ. 8:1; പ്രവൃ. 5:42; 20:20) വീടുതോറും പോകുന്നത് എല്ലാ തരം ആളുകളെയും കണ്ടെത്താനുള്ള ക്രമീകൃതമായ ഒരു മാർഗമായിരുന്നു.
11, 12. സുവാർത്ത പ്രസംഗിക്കുന്ന കാര്യത്തിൽ ക്രൈസ്തവലോകത്തിന്റെ ശ്രമങ്ങളെ ദൈവജനത്തിന്റേതുമായി താരതമ്യം ചെയ്യുക.
11 യേശു ചെയ്തതുപോലെ ക്രൈസ്തവലോകത്തിലെ ആളുകൾ സുവാർത്ത പ്രസംഗിക്കുന്നുണ്ടോ? സാധാരണയായി, ശമ്പളം പറ്റുന്ന പുരോഹിതന്മാർ പള്ളിയിൽ പ്രസംഗിക്കാറുണ്ട്. ഇവർ പുതിയ ശിഷ്യരെ ഉളവാക്കാനല്ല, പകരം നിലവിലുള്ള അംഗങ്ങൾ സഭ വിട്ട് പോകാതിരിക്കാനാണ് ശ്രമിക്കുന്നത്. ചിലപ്പോഴൊക്കെ, അവർ സഭാംഗങ്ങളെ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 2001-ൽ പോപ്പ് ജോൺ പോൾ രണ്ടാമൻ ഒരു കത്തിൽ, സഭാംഗങ്ങൾ സുവിശേഷം പ്രസംഗിക്കേണ്ടവരാണെന്നും “സുവിശേഷം അറിയിക്കുന്നില്ലെങ്കിൽ എനിക്ക് അയ്യോ കഷ്ടം” എന്നു പറഞ്ഞ പൗലോസ് അപ്പൊസ്തലന്റെ അതേ ഉത്സാഹം ഉള്ളവരായിരിക്കണമെന്നും പറഞ്ഞു. ഈ പ്രസംഗപ്രവർത്തനം പരിശീലനം നേടിയ ഏതാനും പേർ മാത്രം ചെയ്താൽ പോരാ, എല്ലാ സഭാംഗങ്ങളും ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ചുരുക്കം ചിലർ മാത്രമേ അതിനോട് പ്രതികരിച്ചുള്ളൂ.
12 യഹോവയുടെ സാക്ഷികളുടെ കാര്യമോ? അവർ മാത്രമാണ്, യേശു 1914 മുതൽ രാജാവായി ഭരിക്കാൻ തുടങ്ങിയെന്ന് പ്രസംഗിക്കുന്നത്. അവർ യേശുവിനെ അനുസരിക്കുകയും പ്രസംഗപ്രവർത്തനത്തിന് ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുകയും ചെയ്യുന്നു. (മർക്കോ. 13:10) യഹോവയുടെ സാക്ഷികൾക്ക് പ്രസംഗപ്രവർത്തനം വളരെ പ്രധാനമാണെന്ന്, വിശ്വാസത്തിന്റെ നെടുംതൂണുകൾ—അമേരിക്കൻ സഭകളും അവരുടെ പങ്കാളികളും (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. വിശക്കുന്നവരെയും ഏകാന്തത അനുഭവിക്കുന്നവരെയും രോഗികളെയും കാണുമ്പോൾ അവർ സഹായിക്കാൻ ശ്രമിക്കും. എന്നാൽ അവരുടെ പ്രഥമലക്ഷ്യം ഈ ലോകത്തിന്റെ അവസാനത്തെക്കുറിച്ച് പ്രസംഗിക്കുന്നതും ആളുകളുടെ രക്ഷയെക്കുറിച്ച് പഠിപ്പിക്കുന്നതും ആണെന്ന് ആ പുസ്തകം പറയുന്നു. യേശുവും അനുഗാമികളും ഉപയോഗിച്ച രീതികൾ അനുകരിച്ചുകൊണ്ട് യഹോവയുടെ സാക്ഷികൾ ആ സന്ദേശം പ്രസംഗിച്ചുകൊണ്ടിരിക്കുന്നു.
പ്രവർത്തനം എത്ര വ്യാപകമായിരിക്കണം, എത്രകാലത്തേക്ക് തുടരണം?
13. പ്രസംഗപ്രവർത്തനം എത്ര വിപുലമായിരിക്കണം?
13 തന്റെ അനുഗാമികൾ “ഭൂലോകത്തിലെങ്ങും” സുവാർത്ത പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുമെന്ന് യേശു പറഞ്ഞു. യേശു അവർക്ക് “സകല ജനതകളിലുംപെട്ട ആളുകളെ” ശിഷ്യരാക്കാനുള്ള കല്പന കൊടുത്തു. (മത്താ. 24:14; 28:19, 20) ഇതിന് അർഥം സുവാർത്ത ലോകം മുഴുവനും പ്രസംഗിക്കണം എന്നാണ്.
14, 15. വിപുലമായി പ്രസംഗിക്കുന്ന കാര്യത്തിൽ യഹോവയുടെ സാക്ഷികൾ യേശുവിന്റെ പ്രവചനം നിവർത്തിച്ചിരിക്കുന്നെന്ന് എന്ത് തെളിയിക്കുന്നു? (ലേഖനാരംഭത്തിലെ ചിത്രങ്ങൾ കാണുക.)
14 മുഴുലോകത്തിലും സുവാർത്ത പ്രസംഗിക്കപ്പെടും എന്ന യേശുവിന്റെ പ്രവചനം യഹോവയുടെ സാക്ഷികൾ നിറവേറ്റിയിരിക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്ന ചില വസ്തുതകൾ നോക്കാം. ഐക്യനാടുകളിൽ ക്രൈസ്തവപുരോഹിതവർഗത്തിൽപ്പെട്ട ഏകദേശം 6 ലക്ഷം പേരുണ്ട്, എന്നാൽ അവിടെ സുവാർത്ത അറിയിക്കുന്ന യഹോവയുടെ സാക്ഷികൾ ഏകദേശം 12 ലക്ഷമാണ്. ലോകവ്യാപകമായി ഏകദേശം 4 ലക്ഷം കത്തോലിക്കാ പുരോഹിതന്മാർ ഉണ്ട്, എന്നാൽ 240-ലധികം രാജ്യങ്ങളിലായി 80 ലക്ഷത്തിലധികം യഹോവയുടെ സാക്ഷികൾ സുവാർത്ത പ്രസംഗിക്കുന്നു. യഹോവയുടെ സാക്ഷികളാണ് ലോകവ്യാപകമായി സുവാർത്ത പ്രസംഗിക്കുന്നതെന്ന് വ്യക്തമാണ്. അത് യഹോവയ്ക്ക് എത്ര വലിയ സ്തുതിയും മഹത്ത്വവും ആണ് നൽകുന്നത്!—സങ്കീ. 34:1; 51:15.
15 അന്ത്യം വരുന്നതിനു മുമ്പ് കഴിയുന്നിടത്തോളം ആളുകളോട് സുവാർത്ത പ്രസംഗിക്കുക എന്നതാണ് യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ നമ്മുടെ ലക്ഷ്യം. ഇതിനായി, ലക്ഷക്കണക്കിന് പുസ്തകങ്ങളും മാസികകളും ലഘുലേഖകളും കൺവെൻഷന്റെയും സ്മാരകത്തിന്റെയും ക്ഷണക്കത്തുകളും പരിഭാഷ ചെയ്ത് 700-ലധികം ഭാഷകളിൽ അച്ചടിച്ചിട്ടുണ്ട്. വില ഈടാക്കാതെയാണ് നമ്മൾ ഇവ ആളുകൾക്ക് കൊടുക്കുന്നത്. കഴിഞ്ഞ വർഷം മാത്രം അച്ചടിച്ചത് ഏകദേശം 450 കോടി ബൈബിളധിഷ്ഠിതപ്രസിദ്ധീകരണങ്ങളാണ്. വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിന്റെ 20 കോടിയിലധികം കോപ്പികൾ 130-ലധികം ഭാഷകളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നമ്മുടെ വെബ്സൈറ്റ് 750-ലധികം ഭാഷകളിൽ ലഭ്യമാണ്. യഹോവയുടെ സാക്ഷികൾ മാത്രമാണ് ഇത്ര വിപുലവും അതിശയിപ്പിക്കുന്നതും ആയ ഒരു പ്രവർത്തനം ചെയ്യുന്നത്.
16. യഹോവയുടെ സാക്ഷികൾക്ക് ദൈവത്തിന്റെ ആത്മാവിന്റെ സഹായമുണ്ടെന്ന് എങ്ങനെ അറിയാം?
16 പ്രസംഗപ്രവർത്തനം എത്ര കാലം തുടരും? അന്ത്യം വരുന്നതുവരെ തുടരും എന്ന് യേശു പറഞ്ഞു. യഹോവയുടെ പരിശുദ്ധാത്മാവിന്റെ സഹായം ഒന്നുകൊണ്ട് മാത്രമാണ് ഈ അന്ത്യകാലത്തുടനീളം നമുക്ക് പ്രസംഗപ്രവർത്തനത്തിൽ തുടരാൻ കഴിഞ്ഞിരിക്കുന്നത്. (പ്രവൃ. 1:8; 1 പത്രോ. 4:14) “ഞങ്ങൾക്ക് പരിശുദ്ധാത്മാവുണ്ട്” എന്ന് ചില കൂട്ടർ പറഞ്ഞേക്കാം. എന്നാൽ ഈ അന്ത്യകാലത്തുടനീളം പ്രസംഗിക്കുന്നതിൽ തുടരാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടോ? യഹോവയുടെ സാക്ഷികൾ പ്രസംഗിക്കുന്നതുപോലെ പ്രസംഗിക്കാൻ ചില കൂട്ടർ ശ്രമിച്ചെങ്കിലും അതിൽ വിജയിച്ചില്ല. മറ്റുചിലർ പ്രസംഗിക്കാൻ ആഗ്രഹിക്കുന്നു, എന്നാൽ അല്പകാലത്തേക്കു മാത്രം. വേറെ ചിലർ വീടുതോറും പ്രസംഗിക്കുന്നവരാണ്, എന്നാൽ അവർ പ്രസംഗിക്കുന്നത് ദൈവരാജ്യത്തിന്റെ സുവിശേഷമല്ല. അതുകൊണ്ട് യേശു തുടങ്ങിവെച്ച ആ പ്രവർത്തനം അല്ല അവർ ചെയ്യുന്നത്.
ഇന്ന് യഥാർഥത്തിൽ സുവാർത്ത പ്രസംഗിക്കുന്നത് ആരാണ്?
17, 18. (എ) യഹോവയുടെ സാക്ഷികൾ മാത്രമാണ് ഇന്ന് ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുന്നതെന്ന് നമുക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്? (ബി) ഈ പ്രവർത്തനം നമുക്ക് ഇപ്പോഴും ചെയ്യാനാകുന്നത് എന്തുകൊണ്ട്?
17 അങ്ങനെയെങ്കിൽ ഇന്ന് ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നത് ആരാണ്? യഹോവയുടെ സാക്ഷികൾ മാത്രം! നമുക്ക് അത് എങ്ങനെ അറിയാം? കാരണം നമ്മളാണ് ദൈവരാജ്യത്തിന്റെ സുവിശേഷം എന്ന ശരിയായ സന്ദേശം അറിയിക്കുന്നത്. ആളുകളുടെ അടുത്തേക്ക് ചെല്ലുക എന്ന ശരിയായ രീതിയാണ് പ്രസംഗപ്രവർത്തനത്തിൽ നമ്മൾ ഉപയോഗിക്കുന്നത്. നമ്മൾ പ്രസംഗിക്കുന്നത് ശരിയായ ആന്തരത്തോടെയാണ്. അതായത്, യഹോവയോടും ആളുകളോടും ഉള്ള സ്നേഹമാണ് പ്രസംഗിക്കാൻ നമ്മളെ പ്രചോദിപ്പിക്കുന്നത്. എല്ലാ ജനതകളോടും ഭാഷക്കാരോടും പ്രസംഗിക്കുന്നതുകൊണ്ട് നമ്മുടെ പ്രവർത്തനം വളരെ വിപുലമാണ്. അന്ത്യം വരുന്നതുവരെ ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കുന്നതിൽ നമ്മൾ തുടരുകയും ചെയ്യും!
18 ഈ അന്ത്യനാളുകളിൽ ദൈവജനം ചെയ്യുന്നത് എത്ര അതിശയകരമായ ഒരു വേലയാണ്! മുഴുലോകത്തിലും നമുക്ക് സുവാർത്ത അറിയിക്കാനാകുന്നത് എങ്ങനെയാണ്? അപ്പൊസ്തലനായ പൗലോസ് പറയുന്നു: “നിങ്ങൾക്ക് ഇച്ഛിക്കാനും പ്രവർത്തിക്കാനും കഴിയേണ്ടതിന് തന്റെ പ്രസാദപ്രകാരം നിങ്ങളിൽ പ്രവർത്തിക്കുന്നതു ദൈവമാകുന്നു.” (ഫിലി. 2:13) യേശു കല്പിച്ചതുപോലെ തുടർന്നും പ്രസംഗിക്കാൻ കഴിയേണ്ടതിന് യഹോവ നിങ്ങൾക്ക് ശക്തി നൽകട്ടെ!—2 തിമൊ. 4:5.