നിങ്ങൾ വ്യക്തിപരമായ തീരുമാനങ്ങളെടുക്കുന്നത് എങ്ങനെയാണ്?
“യഹോവയുടെ ഹിതം എന്തെന്നു ഗ്രഹിച്ചുകൊള്ളുവിൻ.”—എഫെ. 5:17.
1. ബൈബിളിലെ ചില കല്പനകൾ ഏതൊക്കെയാണ്, അത് അനുസരിക്കുന്നത് നമുക്ക് എങ്ങനെ ഗുണം ചെയ്യും?
നമ്മൾ എന്തു ചെയ്യാനാണ് യഹോവ പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമായി പറയുന്ന കല്പനകൾ യഹോവ ബൈബിളിലൂടെ തന്നിട്ടുണ്ട്. ഉദാഹരണത്തിന്, വിഗ്രഹാരാധകരോ, മോഷ്ടാക്കളോ, മദ്യപാനികളോ, അസാന്മാർഗിക കാര്യങ്ങൾ ചെയ്യുന്നവരോ ആയിരിക്കരുതെന്ന് ദൈവം നമ്മളോട് പറയുന്നു. (1 കൊരി. 6:9, 10) യഹോവയുടെ പുത്രനായ യേശു തന്റെ അനുഗാമികൾക്ക് വ്യക്തമായ ഈ കല്പന നൽകി: “ആകയാൽ നിങ്ങൾ പോയി സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്നാനം കഴിപ്പിക്കുകയും ഞാൻ നിങ്ങളോടു കൽപ്പിച്ചതൊക്കെയും പ്രമാണിക്കാൻ തക്കവണ്ണം പഠിപ്പിക്കുകയും ചെയ്യുവിൻ. ഞാനോ യുഗസമാപ്തിയോളം എല്ലാനാളും നിങ്ങളോടുകൂടെയുണ്ട്.” (മത്താ. 28:19, 20) യഹോവയും യേശുവും നമ്മളോട് ചെയ്യാൻ ആവശ്യപ്പെടുന്നതെല്ലാം നമ്മുടെ നന്മയ്ക്കുവേണ്ടിയാണ്. നമുക്കും നമ്മുടെ കുടുംബത്തിനും വേണ്ടി എങ്ങനെ കരുതാമെന്ന് യഹോവയുടെ നിയമങ്ങൾ നമ്മളെ പഠിപ്പിക്കുന്നു. അതുപോലെ, നല്ല ആരോഗ്യവും സന്തോഷവും നിലനിറുത്താനുള്ള വഴികൾ കാണിച്ചുതരികയും ചെയ്യുന്നു. ഏറ്റവും പ്രധാനമായി, പ്രസംഗിക്കാനുള്ള കല്പന ഉൾപ്പെടെ യഹോവയുടെ എല്ലാ കല്പനകളും നമ്മൾ അനുസരിക്കുമ്പോൾ അത് നമുക്ക് യഹോവയുടെ അംഗീകാരവും അനുഗ്രഹവും നേടിത്തരും.
2, 3. (എ) ജീവിതത്തിലെ എല്ലാ സാഹചര്യങ്ങൾക്കും വേണ്ട നിയമങ്ങൾ ബൈബിൾ നൽകാത്തത് എന്തുകൊണ്ട്? (ബി) ഈ ലേഖനത്തിൽ നമ്മൾ ഏത് ചോദ്യങ്ങൾ പരിചിന്തിക്കും? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
2 അതേസമയം, ജീവിതത്തിലെ ഓരോ സാഹചര്യങ്ങളിലും എന്ത് ചെയ്യണമെന്ന് ബൈബിൾ പറയുന്നില്ല. ഉദാഹരണത്തിന്, നമ്മൾ ഏതുതരം വസ്ത്രം ധരിക്കണമെന്നതിനെക്കുറിച്ച് കൃത്യമായ നിയമങ്ങളൊന്നും ബൈബിൾ വെക്കുന്നില്ല. വസ്ത്രധാരണരീതി ഓരോ പ്രദേശത്തിനനുസരിച്ച് മാത്രമല്ല, കാലത്തിനനുസരിച്ചും മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് സ്വീകാര്യമായ വസ്ത്രങ്ങൾ ഏതൊക്കെയാണ് എന്നതിന്റെ ഒരു ലിസ്റ്റ് ബൈബിൾ തന്നിരുന്നെങ്കിൽ ബൈബിൾ പണ്ടേ പഴഞ്ചൻ ആയേനേ. അതുപോലെ, ജോലി, ആരോഗ്യപരിപാലനം, വിനോദം തുടങ്ങിയ കാര്യങ്ങളിൽ ഒരു ക്രിസ്ത്യാനി എന്തു തീരുമാനമെടുക്കണം എന്നതു സംബന്ധിച്ച ഒരുപാടു നിയമങ്ങളൊന്നും ബൈബിൾ വെക്കുന്നില്ല. യഹോവ എത്ര ജ്ഞാനിയാണ് എന്നല്ലേ ഇതു കാണിക്കുന്നത്! ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കും കുടുംബനാഥന്മാർക്കും യഹോവ കൊടുത്തിരിക്കുന്നു.
3 നമ്മുടെ ജീവിതത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു തീരുമാനമെടുക്കേണ്ടിവരുമ്പോൾ ബൈബിളിൽ അതെക്കുറിച്ച് നിയമങ്ങൾ ഒന്നും കാണുന്നില്ലെങ്കിൽ നമ്മൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘എന്റെ തീരുമാനങ്ങളിൽ യഹോവയ്ക്ക് താത്പര്യമുണ്ടോ? ബൈബിളിലെ ഒരു നിയമം ലംഘിക്കാത്തിടത്തോളം ഞാൻ എന്തു തീരുമാനിച്ചാലും അത് യഹോവയെ സന്തോഷിപ്പിക്കുമോ? ഞാൻ എടുക്കുന്ന തീരുമാനങ്ങൾ യഹോവയെ സന്തോഷിപ്പിക്കുമെന്ന് എനിക്ക് എങ്ങനെ ഉറപ്പുവരുത്താം?’
നമ്മുടെ തീരുമാനങ്ങൾ നമ്മളെയും മറ്റുള്ളവരെയും ബാധിക്കും
4, 5. നമ്മുടെ തീരുമാനങ്ങൾ നമ്മളെയും മറ്റുള്ളവരെയും ബാധിക്കുന്നത് എങ്ങനെ?
4 തങ്ങൾക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാമെന്ന് ചിലർ ചിന്തിക്കുന്നു. എന്നാൽ നമ്മൾ യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ട് ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് ബൈബിൾ അതെക്കുറിച്ച് എന്തു പറയുന്നുവെന്ന് ചിന്തിക്കണം, എന്നിട്ട് അതിന് ചേർച്ചയിൽ വേണം തീരുമാനമെടുക്കാൻ. ഉദാഹരണത്തിന്, രക്തത്തിന്റെ ഉപയോഗത്തെക്കുറിച്ച് ദൈവത്തിന്റെ വീക്ഷണം എന്താണെന്ന് ബൈബിൾ വ്യക്തമായി നമ്മളോട് പറയുന്നു. അതുകൊണ്ട് നമ്മൾ അത് അനുസരിച്ചേ മതിയാകൂ. (ഉൽപ. 9:4; പ്രവൃ. 15:28, 29) യഹോവയെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളെടുക്കാൻ സഹായിക്കണേ എന്ന് നമുക്ക് യഹോവയോട് പ്രാർഥിക്കാം.
5 ഗൗരവം അർഹിക്കുന്ന വ്യക്തിപരമായ തീരുമാനങ്ങൾ നമ്മുടെ ആത്മീയതയെ ബാധിച്ചേക്കാം. ഒരു നല്ല തീരുമാനം യഹോവയോട് അടുത്തുചെല്ലാൻ നമ്മളെ സഹായിക്കും. എന്നാൽ ഒരു തെറ്റായ തീരുമാനം യഹോവയുമായുള്ള നമ്മുടെ സൗഹൃദം തകർക്കും. അതുപോലെ, നമ്മുടെ തീരുമാനങ്ങൾക്ക് മറ്റുള്ളവരെയും ബാധിക്കാനാകും. സഹോദരങ്ങളെ വിഷമിപ്പിക്കുന്നതോ അവരുടെ വിശ്വാസം ദുർബലമാക്കുന്നതോ ആയ ഒന്നും ചെയ്യാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. സഹോദരങ്ങൾക്കിടയിൽ ഒരു പ്രശ്നം സൃഷ്ടിക്കാനും നമ്മൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് നല്ല തീരുമാനങ്ങളെടുക്കേണ്ടത് വളരെ പ്രധാനമാണ്.—റോമർ 14:19; ഗലാത്യർ 6:7 വായിക്കുക.
6. എന്തായിരിക്കണം നമ്മുടെ തീരുമാനങ്ങളെ നയിക്കുന്നത്?
6 എന്ത് ചെയ്യണമെന്ന് ബൈബിൾ കൃത്യമായ നിർദേശം തരാത്തപ്പോൾ നമുക്ക് എങ്ങനെ നല്ല തീരുമാനമെടുക്കാൻ കഴിയും? നമുക്ക് ഇഷ്ടമുള്ളത് ചെയ്യുന്നതിനു പകരം, നമ്മുടെ സാഹചര്യത്തെക്കുറിച്ച് ശ്രദ്ധാപൂർവം ചിന്തിച്ച് യഹോവയെ പ്രീതിപ്പെടുത്തുന്ന വിധത്തിലുള്ള ഒരു തീരുമാനം വേണം എടുക്കാൻ. അങ്ങനെയാകുമ്പോൾ യഹോവ സഹായിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാം.—സങ്കീർത്തനം 37:5 വായിക്കുക.
ഞാൻ എന്ത് ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നത്?
7. നേരിട്ടുള്ള ബൈബിൾനിയമം ഇല്ലാത്ത കാര്യത്തിൽ നമ്മൾ എന്ത് ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നതെന്ന് നമുക്ക് എങ്ങനെ അറിയാം?
7 യഹോവയെ സന്തോഷിപ്പിക്കുന്നത് എന്താണെന്ന് നമുക്ക് എങ്ങനെ അറിയാം? “യഹോവയുടെ ഹിതം എന്തെന്നു ഗ്രഹിച്ചുകൊള്ളുവിൻ” എന്ന് എഫെസ്യർ 5:17 പറയുന്നു. നേരിട്ടുള്ള ബൈബിൾനിയമം ഇല്ലാത്ത ഒരു കാര്യത്തിൽ നമ്മൾ എന്ത് ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നതെന്ന് നമുക്ക് എങ്ങനെ അറിയാം? യഹോവയോട് പ്രാർഥിച്ചുകൊണ്ടും പരിശുദ്ധാത്മാവിലൂടെ യഹോവ നൽകുന്ന നിർദേശങ്ങൾ സ്വീകരിച്ചുകൊണ്ടും നമുക്ക് അത് അറിയാൻ കഴിയും. നമ്മൾ ഗ്രഹിച്ചെടുക്കണം അഥവാ മനസ്സിലാക്കിയെടുക്കണം. അത് എങ്ങനെ ചെയ്യാം?
8. യേശു എന്തു ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നതെന്ന് യേശു എങ്ങനെ ഗ്രഹിച്ചു? ഉദാഹരണം പറയുക.
8 താൻ എന്ത് ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നതെന്ന് യേശു എപ്പോഴും മനസ്സിലാക്കിയെടുത്തിരുന്നു. ഉദാഹരണത്തിന്, ജനക്കൂട്ടം വിശന്നിരുന്ന രണ്ടു സാഹചര്യങ്ങളിൽ യേശു പ്രാർഥിച്ചിട്ട് ഒരു അത്ഭുതത്തിലൂടെ അവർക്ക് ആഹാരം കൊടുത്തു. (മത്താ. 14:17-20; 15:34-37) എന്നാൽ യേശുവിന് വിശന്നപ്പോൾ കല്ലുകളെ അപ്പമാക്കാൻ സാത്താൻ പറഞ്ഞെങ്കിലും യേശു അങ്ങനെ ചെയ്തില്ല. (മത്തായി 4: 2-4 വായിക്കുക.) പിതാവിനെ നന്നായി അറിയാമായിരുന്നതിനാൽ വ്യക്തിപരമായ ആവശ്യത്തിനുവേണ്ടി പരിശുദ്ധാത്മാവിനെ ഉപയോഗിക്കുന്നത് യഹോവയെ സന്തോഷിപ്പിക്കില്ലെന്ന് യേശുവിന് അറിയാമായിരുന്നു. പിതാവ് തന്നെ വഴിനയിക്കുമെന്നും തനിക്ക് ആവശ്യമായ ആഹാരം നൽകുമെന്നും യേശുവിന് ഉറപ്പുണ്ടായിരുന്നു.
9, 10. നല്ല തീരുമാനങ്ങളെടുക്കാൻ നമ്മളെ എന്തു സഹായിക്കും? ദൃഷ്ടാന്തീകരിക്കുക.
9 വഴിനടത്തിപ്പിനായി യഹോവയിൽ ആശ്രയിക്കുമ്പോൾ യേശുവിനെപ്പോലെ നമുക്കും നല്ല തീരുമാനങ്ങളെടുക്കാം. ബൈബിൾ പറയുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും; നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക.” (സദൃ. 3:5-7) യഹോവ ചിന്തിക്കുന്നത് എങ്ങനെയാണെന്ന് അറിയാമെങ്കിൽ ഒരു പ്രത്യേകസാഹചര്യത്തിൽ നമ്മൾ എന്ത് ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നതെന്ന് നമുക്ക് മനസ്സിലാകും. യഹോവയുടെ ചിന്തകളെക്കുറിച്ച് എത്രയധികം പഠിക്കുന്നുവോ, യഹോവയെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളെടുക്കാൻ അത്രയധികം എളുപ്പമായിത്തീരും. അങ്ങനെ, ദൈവത്തിന്റെ വഴിനടത്തിപ്പിനോട് പ്രതികരിക്കുന്ന ഹൃദയം നേടിയെടുക്കാൻ നമുക്കാകും.
10 ഉദാഹരണത്തിന്, വിവാഹിതയായ ഒരു സ്ത്രീ ഷോപ്പിങ്ങിനിടെ നല്ലൊരു സാരി കാണുന്നു. എന്നാൽ അതിന് വില അല്പം കൂടുതലാണ്. ഭർത്താവ് കൂടെയില്ലെങ്കിലും അതിനുവേണ്ടി അത്രയും പണം മുടക്കിയാൽ അദ്ദേഹം എന്തു വിചാരിക്കുമെന്ന് അവൾക്ക് അറിയാം. എങ്ങനെ? വിവാഹം കഴിഞ്ഞിട്ട് കുറച്ചു നാളായതുകൊണ്ട് പണം എങ്ങനെ ചെലവഴിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് അവൾ ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ട്. ഇതുപോലെ യഹോവ എങ്ങനെ ചിന്തിക്കുന്നു എന്നും മുൻകാലങ്ങളിൽ എങ്ങനെയാണ് കാര്യങ്ങൾ ചെയ്തതെന്നും പഠിച്ചാൽ വ്യത്യസ്തസാഹചര്യങ്ങളിൽ നമ്മൾ എന്തു ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നതെന്ന് നമുക്ക് മനസ്സിലാകും.
യഹോവയുടെ ചിന്ത എന്താണെന്ന് നമുക്ക് എങ്ങനെ കണ്ടെത്താം?
11. ബൈബിൾ വായിക്കുകയോ പഠിക്കുകയോ ചെയ്യുമ്പോൾ നമുക്ക് നമ്മളോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കാം? (“ബൈബിൾ പഠിക്കുമ്പോൾ സ്വയം ചോദിക്കുക” എന്ന ചതുരം കാണുക.)
11 യഹോവയുടെ ചിന്ത എന്താണെന്ന് നമുക്ക് എങ്ങനെ കണ്ടെത്താം? അതിനു പറ്റിയ ഏറ്റവും നല്ലൊരു മാർഗം ബൈബിൾ ക്രമമായി വായിക്കുകയും പഠിക്കുകയും ചെയ്യുന്നതാണ്. ഇത് ചെയ്യുമ്പോൾ നമുക്ക് നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘യഹോവയെക്കുറിച്ച് ഇത് എന്നെ എന്തു പഠിപ്പിക്കുന്നു? യഹോവ എന്തുകൊണ്ടാണ് അങ്ങനെ ചെയ്തത്?’ ദാവീദിനെപ്പോലെ യഹോവയെ നന്നായി അറിയാനുള്ള സഹായത്തിനായി നമ്മളും പ്രാർഥിക്കണം. ദാവീദ് ഇങ്ങനെ എഴുതി: “യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചുതരേണമേ! നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവെക്കുന്നു.” (സങ്കീ. 25:4, 5) ബൈബിളിൽനിന്ന് പഠിക്കുന്ന ഒരു കാര്യം ഏതൊക്കെ സാഹചര്യങ്ങളിൽ എവിടെയൊക്കെ ഉപയോഗിക്കാൻ കഴിയുമെന്ന് നമുക്ക് ചിന്തിക്കാം. വീട്ടിലോ ജോലിസ്ഥലത്തോ സ്കൂളിലോ ശുശ്രൂഷയിലോ നമുക്ക് അത് ഉപയോഗിക്കാനാകുമോ? ആ വിവരം എവിടെ ഉപയോഗിക്കാൻ കഴിയുമെന്നു തീരുമാനിച്ചുകഴിഞ്ഞാൽ അത് എങ്ങനെ പ്രാവർത്തികമാക്കാമെന്ന് തിരിച്ചറിയാൻ എളുപ്പമായിത്തീരും.
12. ഒരു കാര്യത്തെക്കുറിച്ചുള്ള യഹോവയുടെ ചിന്താഗതി മനസ്സിലാക്കാൻ പ്രസിദ്ധീകരണങ്ങളും സഭായോഗങ്ങളും എങ്ങനെ സഹായിക്കും?
12 യഹോവയുടെ ചിന്തകൾ മനസ്സിലാക്കാൻ പറ്റുന്ന മറ്റൊരു വഴി ബൈബിളിൽനിന്ന് യഹോവയുടെ സംഘടന പഠിപ്പിക്കുന്ന കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കുക എന്നതാണ്. ഉദാഹരണത്തിന്, ഒരു തീരുമാനമെടുക്കേണ്ടിവരുമ്പോൾ യഹോവ അതെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് മനസ്സിലാക്കാൻ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായിക്കും വാച്ച്ടവർ പ്രസിദ്ധീകരണ സൂചികയ്ക്കും (ഇംഗ്ലീഷ്) നമ്മളെ സഹായിക്കാൻ കഴിയും. ശ്രദ്ധിച്ചിരിക്കുകയും അഭിപ്രായങ്ങൾ പറയുകയും പഠിച്ച കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുകയാണെങ്കിൽ സഭായോഗങ്ങളിൽനിന്നും നമുക്ക് പ്രയോജനം ലഭിക്കും. യഹോവ ചിന്തിക്കുന്ന വിധത്തിൽ ചിന്തിക്കാൻ ഇത് നമ്മളെ സഹായിക്കും. അതിന്റെ ഫലമായി യഹോവയെ പ്രസാദിപ്പിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളെടുക്കാൻ കഴിയും. യഹോവ നമ്മളെ അനുഗ്രഹിക്കുകയും ചെയ്യും.
യഹോവയുടെ ചിന്ത നിങ്ങളുടെ തീരുമാനങ്ങളെ വഴിനയിക്കട്ടെ
13. യഹോവ ചിന്തിക്കുന്നത് എന്താണെന്ന് കണക്കിലെടുത്താൽ നല്ല തീരുമാനം എടുക്കാൻ കഴിയുമെന്നു കാണിക്കുന്ന ഒരു ദൃഷ്ടാന്തം പറയുക.
13 യഹോവയുടെ ചിന്തകളെക്കുറിച്ചുള്ള അറിവ് നല്ല തീരുമാനങ്ങളെടുക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്ന ഒരു ദൃഷ്ടാന്തം നോക്കാം. നിങ്ങൾ മുൻനിരസേവനം ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് വിചാരിക്കുക. ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കാനായി നിങ്ങൾ ഇപ്പോൾത്തന്നെ ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു. എന്നാൽ അല്പം പണവും ഏതാനും വസ്തുവകകളും കൊണ്ടു മാത്രം സന്തോഷത്തോടെ ജീവിക്കാനാകും എന്ന കാര്യത്തിൽ നിങ്ങൾക്ക് ഇപ്പോഴും ഉറപ്പില്ല. യഹോവയെ സേവിക്കാൻ മുൻനിരസേവനം ചെയ്യണമെന്ന് ബൈബിൾ പറയുന്നില്ലെന്നുള്ളത് ശരിയാണ്. ഒരു പ്രചാരകനായിരുന്നുകൊണ്ടുതന്നെ നമുക്ക് യഹോവയെ വിശ്വസ്തമായി സേവിക്കാം. എന്നാൽ യേശു പറഞ്ഞത് ദൈവരാജ്യത്തിനുവേണ്ടി ത്യാഗങ്ങൾ ചെയ്യുന്നവരെ യഹോവ അനുഗ്രഹിക്കും എന്നാണ്. (ലൂക്കോസ് 18:29, 30 വായിക്കുക.) യഹോവയെ സ്തുതിക്കാൻ നമ്മളാലാകുന്നതെല്ലാം ചെയ്യുമ്പോഴാണ് യഹോവ സന്തോഷിക്കുന്നത്. നമ്മൾ യഹോവയെ സന്തോഷത്തോടെ സേവിക്കണമെന്നാണ് യഹോവ ആഗ്രഹിക്കുന്നത്. (സങ്കീ. 119:108; 2 കൊരി. 9:7) ഇക്കാര്യങ്ങളെക്കുറിച്ച് പ്രാർഥിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ നമ്മുടെ സാഹചര്യത്തിന് ഇണങ്ങുന്നതും അതേസമയം യഹോവയുടെ അനുഗ്രഹം കിട്ടുന്നതും ആയ ഒരു തീരുമാനമെടുക്കാൻ നമുക്കാകും.
14. ഒരു വസ്ത്രധാരണരീതി യഹോവയ്ക്ക് സ്വീകാര്യമാണോ എന്ന് നിങ്ങൾക്ക് എങ്ങനെ തീരുമാനിക്കാം?
14 മറ്റൊരു ദൃഷ്ടാന്തം നോക്കാം. ഒരു പ്രത്യേകതരത്തിലുള്ള വസ്ത്രധാരണം നിങ്ങൾക്ക് വലിയ ഇഷ്ടമാണെന്നിരിക്കട്ടെ. പക്ഷേ, അത്തരം വസ്ത്രം ധരിച്ചാൽ സഭയിലുള്ള ചിലർക്ക് അത് ഒരു ഇടർച്ചയായേക്കാമെന്ന് നിങ്ങൾക്ക് അറിയാം. എന്നാൽ ആ വസ്ത്രധാരണരീതിയെക്കുറിച്ച് ബൈബിൾ പ്രത്യേകിച്ചൊന്നും പറയുന്നില്ല. ഇക്കാര്യത്തിൽ യഹോവയുടെ ചിന്ത എന്താണെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാൻ കഴിയും? ബൈബിൾ പറയുന്നു: “സ്ത്രീകളും വിനയത്തോടും സുബോധത്തോടുംകൂടെ, യോഗ്യമായ വസ്ത്രധാരണത്താൽ തങ്ങളെത്തന്നെ അലങ്കരിക്കണം; കേശാലങ്കാരങ്ങൾ, സ്വർണം, മുത്ത്, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയുള്ള സ്ത്രീകൾക്കു യോജിച്ചവിധം സത്പ്രവൃത്തികൾകൊണ്ടുതന്നെ.” (1 തിമൊ. 2:9, 10) തത്ത്വത്തിൽ, ഈ ബുദ്ധിയുപദേശം പുരുഷന്മാർ ഉൾപ്പെടെ യഹോവയുടെ എല്ലാ ദാസർക്കും ബാധകമാണ്. വിനയമുള്ളവരാണെങ്കിൽ നമ്മുടെ വസ്ത്രധാരണത്തെക്കുറിച്ച് മറ്റുള്ളവർക്ക് എന്തു തോന്നും എന്ന് നമ്മൾ കണക്കിലെടുക്കും. സഹോദരങ്ങളെ സ്നേഹിക്കുന്നതുകൊണ്ട് നമ്മൾ അവരെ വിഷമിപ്പിക്കുകയോ ഇടറിക്കുകയോ ഇല്ല. (1 കൊരി. 10:23, 24; ഫിലി. 3:17) ബൈബിളിന്റെ അഭിപ്രായവും യഹോവയുടെ ചിന്തയും കണക്കിലെടുക്കുകയാണെങ്കിൽ യഹോവയെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളെടുക്കാൻ നമുക്ക് കഴിയും.
15, 16. (എ) നമ്മൾ അസാന്മാർഗിക കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നാൽ യഹോവയ്ക്ക് എന്ത് തോന്നും? (ബി) നമ്മൾ തിരഞ്ഞെടുക്കുന്ന വിനോദം യഹോവയ്ക്ക് ഇഷ്ടമാകുമോ എന്ന് എങ്ങനെ മനസ്സിലാക്കാം? (സി) ഗൗരവം അർഹിക്കുന്ന തീരുമാനങ്ങൾ എങ്ങനെ എടുക്കണം?
15 ആളുകൾ ദുഷിച്ച കാര്യങ്ങൾ ചെയ്യുമ്പോഴും മോശമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോഴും യഹോവയെ അത് വളരെയധികം വിഷമിപ്പിക്കുമെന്ന് ബൈബിൾ പറയുന്നു. (ഉൽപത്തി 6:5, 6 വായിക്കുക.) അസാന്മാർഗികകാര്യങ്ങൾ ഭാവനയിൽ കാണുന്നത് തെറ്റാണ്. വാസ്തവത്തിൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് നമ്മൾ ചിന്തിച്ചുകൊണ്ടിരുന്നാൽ അസാന്മാർഗികപ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത ഏറെയാണ്. നമ്മൾ ശുദ്ധവും നിർമലവും ആയ കാര്യങ്ങൾ ചിന്തിക്കണമെന്നാണ് യഹോവ ആഗ്രഹിക്കുന്നത്. “ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമലമാകുന്നു; കൂടാതെ അതു സമാധാനം പ്രിയപ്പെടുന്നതും ന്യായബോധമുള്ളതും അനുസരിക്കാൻ സന്നദ്ധമായതും കരുണയും സത്ഫലങ്ങളും നിറഞ്ഞതുമാകുന്നു; അതു പക്ഷപാതം കാണിക്കാത്തതും കാപട്യം ഇല്ലാത്തതുമാണ്.” (യാക്കോ. 3:17) അതുകൊണ്ട് മോശമായ കാര്യങ്ങൾ ആഗ്രഹിക്കാനോ മനസ്സിൽ കാണാനോ പ്രേരിപ്പിക്കുന്ന എല്ലാ വിനോദങ്ങളും നമ്മൾ ഒഴിവാക്കണം. യഹോവ ഇഷ്ടപ്പെടുന്നതും വെറുക്കുന്നതും ആയ കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കുന്നെങ്കിൽ ഏതൊക്കെ പുസ്തകങ്ങളും സിനിമകളും ഗെയിമുകളും ഒഴിവാക്കണമെന്ന് തീരുമാനിക്കാൻ നമുക്ക് വളരെ എളുപ്പമായിരിക്കും.
16 ഒരു കാര്യത്തെക്കുറിച്ച് പല തീരുമാനങ്ങളെടുക്കാൻ കഴിയും. ഒരുപക്ഷേ എല്ലാം യഹോവയെ പ്രസാദിപ്പിക്കുന്നതുമായിരിക്കാം. എന്നാൽ വളരെ പ്രധാനപ്പെട്ട തീരുമാനമെടുക്കേണ്ട സാഹചര്യത്തിൽ ഒരു മൂപ്പനോടോ അനുഭവപരിചയമുള്ള ഒരു സഹോദരനോടോ സഹോദരിയോടോ ഉപദേശം ചോദിക്കുന്നത് നന്നായിരിക്കും. (തീത്തോ. 2:3-5; യാക്കോ. 5:13-15) എങ്കിലും, നമുക്കുവേണ്ടി ഒരു തീരുമാനമെടുക്കാൻ ആ വ്യക്തിയോടു പറയരുത്. പകരം ബൈബിളിൽനിന്ന് നമുക്ക് അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിച്ച് നമ്മൾതന്നെ ഒരു തീരുമാനമെടുക്കണം. (എബ്രാ. 5:14) അപ്പൊസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “ഓരോരുത്തനും താന്താന്റെ ചുമടു ചുമക്കണമല്ലോ.”—ഗലാ. 6:5
17. യഹോവയെ പ്രസാദിപ്പിക്കുന്ന തീരുമാനങ്ങൾ എടുക്കുന്നതിലൂടെ നമുക്ക് എന്ത് പ്രയോജനം ലഭിക്കും?
17 യഹോവയെ സന്തോഷിപ്പിക്കുന്ന വിധത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ യഹോവയോട് അടുത്ത് ചെല്ലാനും യഹോവയുടെ അംഗീകാരവും അനുഗ്രഹവും നേടാനും കഴിയും. (യാക്കോ. 4:8) അപ്പോൾ യഹോവയിലുള്ള നമ്മുടെ വിശ്വാസം ശക്തമാകും. അതുകൊണ്ട് യഹോവ ചിന്തിക്കുന്ന വിധം മനസ്സിലാക്കാൻ നമുക്ക് ബൈബിൾ വായിക്കുകയും വായിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആഴമായി ചിന്തിക്കുകയും ചെയ്യാം. എപ്പോഴും നമുക്ക് യഹോവയെക്കുറിച്ച് എന്തെങ്കിലും പുതുതായി പഠിക്കാനുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. (ഇയ്യോ. 26:14) യഹോവയെക്കുറിച്ച് പഠിക്കാൻ നന്നായി ശ്രമിക്കുന്നെങ്കിൽ ഇപ്പോൾത്തന്നെ നമ്മൾ ജ്ഞാനികളാകുകയും നല്ല തീരുമാനമെടുക്കാൻ പ്രാപ്തരായിത്തീരുകയും ചെയ്യും. (സദൃ. 2:1-5) മനുഷ്യരുടെ പദ്ധതികളും ആശയങ്ങളും മാറിക്കൊണ്ടിരിക്കും, എന്നാൽ യഹോവയ്ക്ക് മാറ്റമില്ല. സങ്കീർത്തനക്കാരൻ പറഞ്ഞു: “യഹോവയുടെ ആലോചന ശാശ്വതമായും അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നില്ക്കുന്നു.” (സങ്കീ. 33:11) യഹോവ ചിന്തിക്കുന്ന വിധത്തിൽ ചിന്തിക്കാൻ പഠിച്ചുകൊണ്ട് യഹോവയെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്താൽ നമുക്ക് ഏറ്റവും നല്ല തീരുമാനങ്ങളെടുക്കാനാകും, തീർച്ച!