യഥാർഥസ്വാതന്ത്ര്യത്തിലേക്കുള്ള പാത
“പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർഥത്തിൽ സ്വതന്ത്രരാകും.”—യോഹ. 8:36.
1, 2. (എ) സ്വാതന്ത്ര്യം നേടാനായി ആളുകൾ പോരാടുന്നു എന്നതിന് എന്തു തെളിവുണ്ട്? (ബി) ഇത്തരം പോരാട്ടങ്ങൾ എന്തിൽ കലാശിച്ചിരിക്കുന്നു?
ഇന്നു സമത്വത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. ലോകത്തിന്റെ ചില ഭാഗത്തുള്ള ആളുകൾ അടിച്ചമർത്തലിനും വിവേചനത്തിനും ഇരകളാണ്. മിക്കവരും ദാരിദ്ര്യത്തിന്റെ പിടിയിലും. ഇതിൽനിന്നെല്ലാം സ്വതന്ത്രരാകാൻ അവർ ആഗ്രഹിക്കുന്നു. സംസാരസ്വാതന്ത്ര്യമാണ് ഒരു കൂട്ടർക്കു വേണ്ടത്. വേറെ ചിലർ ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നു. തങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും ഇഷ്ടമുള്ള രീതിയിൽ ജീവിക്കാനും എല്ലായിടത്തുമുള്ള ആളുകൾ ആഗ്രഹിക്കുന്നെന്നു വ്യക്തം.
2 എന്നാൽ, ആ ആഗ്രഹങ്ങൾ നിറവേറ്റാൻ ആളുകൾ എന്തൊക്കെയാണു ചെയ്യുന്നത്? സാമൂഹ്യ, രാഷ്ട്രീയ തലങ്ങളിൽ ചിലർ പ്രതിഷേധപ്രകടനങ്ങളും പ്രക്ഷോഭങ്ങളും വിപ്ലവങ്ങളും നടത്തുന്നു. ഇത്തരം പോരാട്ടങ്ങൾ ഉദ്ദേശിക്കുന്ന ഫലം നേടിത്തരുന്നുണ്ടോ? ഇല്ല. പകരം അവ ദുരന്തങ്ങളും മരണവും ആണ് മിക്കപ്പോഴും സമ്മാനിക്കുന്നത്. ദൈവത്താൽ പ്രചോദിതനായി ശലോമോൻ രാജാവ് എഴുതിയ ഈ വാക്കുകളുടെ സത്യതയാണ് ഇതു കാണിക്കുന്നത്: ‘മനുഷ്യൻ മനുഷ്യന്റെ മേൽ ആധിപത്യം നടത്തിയത് അവർക്കു ദോഷം ചെയ്തിരിക്കുന്നു.’—സഭാ. 8:9.
3. യഥാർഥ സന്തോഷവും സംതൃപ്തിയും നേടാൻ നമ്മൾ എന്തു ചെയ്യണം?
3 യഥാർഥ സന്തോഷത്തിന്റെയും സംതൃപ്തിയുടെയും താക്കോൽ എന്താണെന്നു ശിഷ്യനായ യാക്കോബ് പറഞ്ഞു. അദ്ദേഹം ഇങ്ങനെ എഴുതി: ‘സ്വാതന്ത്ര്യം നൽകുന്ന തികവുറ്റ നിയമത്തിൽ സൂക്ഷിച്ചുനോക്കി അതിൽ തുടരുന്നയാൾ താൻ ചെയ്യുന്ന കാര്യത്തിൽ സന്തോഷിക്കും.’ (യാക്കോ. 1:25) പൂർണമായ സന്തോഷവും സംതൃപ്തിയും ലഭിക്കണമെങ്കിൽ നമുക്ക് എന്തെല്ലാം ആവശ്യമാണെന്ന് ആ തികവുറ്റ നിയമം തന്ന യഹോവയ്ക്ക് അറിയാം. സന്തുഷ്ടരായിരിക്കാൻ വേണ്ടതെല്ലാം യഹോവ ആദ്യ മനുഷ്യദമ്പതികൾക്കു കൊടുത്തു. യഥാർഥസ്വാതന്ത്ര്യവും അതിൽ ഉൾപ്പെട്ടിരുന്നു.
മനുഷ്യർ യഥാർഥസ്വാതന്ത്ര്യം അനുഭവിച്ചിരുന്നു
4. ആദാമും ഹവ്വയും എങ്ങനെയുള്ള സ്വാതന്ത്ര്യം ആസ്വദിച്ചിരുന്നു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
4 ഇന്നുള്ള ആളുകൾക്കു ദാരിദ്ര്യം, ഭയം, അടിച്ചമർത്തൽ ഇവയിൽനിന്നെല്ലാമുള്ള സ്വാതന്ത്ര്യം സ്വപ്നം കാണാനേ കഴിയൂ. എന്നാൽ ആദാമും ഹവ്വയും അത്തരം സ്വാതന്ത്ര്യം ആസ്വദിച്ചിരുന്നെന്ന് ഉൽപത്തി പുസ്തകത്തിന്റെ ആദ്യത്തെ രണ്ട് അധ്യായങ്ങൾ കാണിച്ചുതരുന്നു. ഭക്ഷണം, ജോലി, രോഗം, മരണം ഇവയെക്കുറിച്ചൊന്നും അവർക്ക് ഒരു ഉത്കണ്ഠയുമില്ലായിരുന്നു. (ഉൽപ. 1:27-29; 2:8, 9, 15) എന്നാൽ അതിന് അർഥം ആദാമും ഹവ്വയും ആസ്വദിച്ചിരുന്ന സ്വാതന്ത്ര്യം പൂർണമായിരുന്നെന്നാണോ? നമുക്കു നോക്കാം.
5. അനേകരും ചിന്തിക്കുന്നതിൽനിന്ന് വ്യത്യസ്തമായി, സ്വാതന്ത്ര്യത്തിൽനിന്ന് പ്രയോജനം കിട്ടാൻ എന്ത് ആവശ്യമാണ്?
5 പരിണതഫലങ്ങൾ എന്തായാലും, ആഗ്രഹിക്കുന്നതെല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് യഥാർഥസ്വാതന്ത്ര്യം എന്നു മിക്കവരും ചിന്തിക്കുന്നു. സ്വാതന്ത്ര്യത്തെ ഒരു എൻസൈക്ലോപീഡിയ നിർവചിക്കുന്നത് “തിരഞ്ഞെടുപ്പുകൾ നടത്താനും അവ നിവർത്തിക്കാനുമുള്ള പ്രാപ്തി” എന്നാണ്. എന്നാൽ അത് ഇങ്ങനെയും പറയുന്നു: “നിയമത്തിന്റെ വീക്ഷണത്തിൽ, സമൂഹം ആളുകളുടെ മേൽ ശരിയല്ലാത്ത, അനാവശ്യമായ, ന്യായമല്ലാത്ത പരിധികൾ വെക്കുന്നില്ലെങ്കിൽ ആളുകൾ സ്വതന്ത്രരാണ്.” സ്വാതന്ത്ര്യത്തിൽനിന്ന് സമൂഹത്തിലെ എല്ലാവർക്കും പ്രയോജനം കിട്ടണമെങ്കിൽ ന്യായമായ ചില പരിധികൾ അഥവാ നിയന്ത്രണങ്ങൾ ആവശ്യമാണെന്നല്ലേ ഇതു കാണിക്കുന്നത്? അങ്ങനെയെങ്കിൽ ചോദ്യം ഇതാണ്: ശരിയായ, ആവശ്യമുള്ള, ന്യായയുക്തമായ പരിധികൾ ഏതൊക്കെയാണെന്നു നിർണയിക്കാൻ ആർക്കാണ് അവകാശം?
6. (എ) പൂർണമായ സ്വാതന്ത്ര്യം യഹോവയ്ക്കു മാത്രമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) മനുഷ്യർക്ക് എങ്ങനെയുള്ള സ്വാതന്ത്ര്യമാണുള്ളത്, എന്തുകൊണ്ട്?
6 നമ്മൾ എപ്പോഴും ഓർത്തിരിക്കേണ്ട ഒരു കാര്യമുണ്ട്: ദൈവമായ യഹോവയ്ക്കു മാത്രമാണു പൂർണമായ, പരിധികളില്ലാത്ത സ്വാതന്ത്ര്യമുള്ളത്. എന്തുകൊണ്ട്? കാരണം, യഹോവയാണു സർവശക്തനും പ്രപഞ്ചത്തിന്റെ പരമാധികാരിയും എല്ലാത്തിന്റെയും സ്രഷ്ടാവും. (1 തിമൊ. 1:17; വെളി. 4:11) യഹോവയ്ക്കു മാത്രമുള്ള ഉന്നതമായ സ്ഥാനത്തെ വർണിച്ചുകൊണ്ട് ദാവീദ് രാജാവ് എഴുതിയ മനോഹരമായ വാക്കുകളെക്കുറിച്ച് ചിന്തിക്കുക. (1 ദിനവൃത്താന്തം 29:11, 12 വായിക്കുക.) സ്വർഗത്തിലും ഭൂമിയിലും ഉള്ള സൃഷ്ടികൾക്കെല്ലാം ആപേക്ഷികമായ സ്വാതന്ത്ര്യമേ ഉള്ളൂ, അതായത് സ്വാതന്ത്ര്യത്തിനു പരിമിതികളുണ്ട്. ശരിയായ, ആവശ്യമുള്ള, ന്യായയുക്തമായ പരിധികൾ ഏതെന്നു നിർണയിക്കാനും അതു സൃഷ്ടികളുടെ മേൽ വെക്കാനും ഉള്ള പരമാധികാരം ദൈവമായ യഹോവയ്ക്കാണെന്നു സൃഷ്ടികൾ തിരിച്ചറിയണം. വാസ്തവത്തിൽ, മനുഷ്യസൃഷ്ടിയുടെ തുടക്കംമുതൽ യഹോവ അതു ചെയ്തിരിക്കുന്നു.
7. ഒരാൾക്കു സന്തോഷം ലഭിക്കുന്ന, ജീവിതത്തിന്റെ ഭാഗമായ ചില കാര്യങ്ങൾ ഏവ?
7 ആദാമും ഹവ്വയും പല വിധങ്ങളിൽ സ്വാതന്ത്ര്യം ആസ്വദിച്ചിരുന്നെങ്കിലും അവർക്കു പരിധികളുണ്ടായിരുന്നു. അവയിൽ ചിലത് അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഉദാഹരണത്തിന്, ജീവൻ നിലനിറുത്തുന്നതിന് അവർ ശ്വസിക്കുകയും ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ഒക്കെ വേണമായിരുന്നു. ഈ കാര്യങ്ങൾ തങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയതായി അവർക്കു തോന്നിയോ? ഇല്ല. ഇങ്ങനെയുള്ള കാര്യങ്ങളിൽനിന്നുപോലും സന്തോഷവും സംതൃപ്തിയും കിട്ടുന്ന വിധത്തിലാണ് യഹോവ അവരെ സൃഷ്ടിച്ചത്. (സങ്കീ. 104:14, 15; സഭാ. 3:12, 13) ഉന്മേഷം പകരുന്ന ശുദ്ധവായു ശ്വസിക്കുന്നതും രുചികരമായ ഭക്ഷണം കഴിക്കുന്നതും സുഖമായി ഉറങ്ങുന്നതും ആരാണ് ഇഷ്ടപ്പെടാത്തത്? ഇതൊന്നും നമ്മുടെ ജീവിതത്തിനു കൂച്ചുവിലങ്ങിടുന്നതായി നമുക്കു തോന്നുന്നില്ല. ആദാമും ഹവ്വയും ഇതിലൊക്കെ സന്തോഷിച്ചിരുന്നു എന്നതിൽ സംശയമില്ല.
8. ദൈവം നമ്മുടെ ആദ്യ മാതാപിതാക്കൾക്ക് ഏതു കല്പനയാണു കൊടുത്തത്, എന്തായിരുന്നു അതിന്റെ ഉദ്ദേശ്യം?
8 എന്നാൽ അതുകൂടാതെ, യഹോവ ആദാമിനും ഹവ്വയ്ക്കും ചില കല്പനകളും കൊടുത്തു. അതിലൊന്ന് മനുഷ്യരെക്കൊണ്ട് ഭൂമി നിറയ്ക്കാനും അതിനെ പരിപാലിക്കാനും ആയിരുന്നു. (ഉൽപ. 1:28) ഈ കല്പന അവരുടെ സ്വാതന്ത്ര്യം ഏതെങ്കിലും വിധത്തിൽ നഷ്ടപ്പെടുത്തിയോ? ഒരിക്കലുമില്ല. സ്രഷ്ടാവിന്റെ ഉദ്ദേശ്യത്തിൽ മനുഷ്യർ പങ്കുചേരാനായിരുന്നു അത്. ഭൂമി ഒരു പറുദീസയാക്കുകയെന്നതും പൂർണരായ മനുഷ്യർ അവിടെ നിത്യം ജീവിക്കുകയെന്നതും ആയിരുന്നു ദൈവോദ്ദേശ്യം. (യശ. 45:18) ഇന്ന് ഒരു വ്യക്തി ഏകാകിയായി തുടരാൻ തീരുമാനിക്കുന്നതും അല്ലെങ്കിൽ വിവാഹശേഷം കുട്ടികൾ വേണ്ടെന്നുവെക്കുന്നതും യഹോവയുടെ ഇഷ്ടത്തിനു വിരുദ്ധമല്ല. എങ്കിലും, അനേകർ വിവാഹം കഴിക്കുകയും കുട്ടികളെ വളർത്തുകയും ചെയ്യുന്നു. വിവാഹജീവിതത്തിലും കുട്ടികളെ വളർത്തുന്നതിലും ഉള്ള ബുദ്ധിമുട്ടുകൾ നേരിടാൻ അവർ തയ്യാറാണ്. (1 കൊരി. 7:36-38) എന്തുകൊണ്ട്? സാധാരണഗതിയിൽ ഇക്കാര്യങ്ങളൊക്കെ ആളുകൾക്കു സന്തോഷവും സംതൃപ്തിയും കൈവരുത്തുന്നു. (സങ്കീ. 127:3) ആദാമിനും ഹവ്വയ്ക്കും സന്തോഷത്തോടെ കുടുംബവും കുട്ടികളും ഒക്കെയായി എന്നെന്നും ജീവിക്കാനുള്ള അവസരമായിരുന്നു ഉണ്ടായിരുന്നത്.
മനുഷ്യർക്ക് യഥാർഥസ്വാതന്ത്ര്യം നഷ്ടപ്പെടുന്നു
9. ഉൽപത്തി 2:17-ലെ ദൈവത്തിന്റെ കല്പന അന്യായമോ അനാവശ്യമോ അല്ലാത്തത് എന്തുകൊണ്ട്?
9 യഹോവ ആദാമിനും ഹവ്വയ്ക്കും മറ്റൊരു കല്പനയും കൊടുത്തു, അതു ലംഘിച്ചാലുണ്ടാകുന്ന ശിക്ഷയെപ്പറ്റി വ്യക്തമായി ഇങ്ങനെ പറയുകയും ചെയ്തു: “ശരിതെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ മരത്തിൽനിന്ന് തിന്നരുത്, അതിൽനിന്ന് തിന്നുന്ന ദിവസം നീ നിശ്ചയമായും മരിക്കും.” (ഉൽപ. 2:17) ഈ കല്പന ഏതെങ്കിലും വിധത്തിൽ ന്യായയുക്തമല്ലാത്തതോ അന്യായമോ അനാവശ്യമോ ആയിരുന്നോ? ഇത് ആദാമിന്റെയും ഹവ്വയുടെയും സ്വാതന്ത്ര്യം കവർന്നോ? തീർച്ചയായും ഇല്ല. വാസ്തവത്തിൽ അനേകം ബൈബിൾപണ്ഡിതന്മാർ ഈ കല്പനയുടെ യുക്തിയെക്കുറിച്ചും ഔചിത്യത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു പണ്ഡിതൻ ഇങ്ങനെ എഴുതുന്നു: “(ഉൽപത്തി 2:16, 17-ലെ) ദൈവത്തിന്റെ കല്പനയിൽനിന്ന് നമുക്കു മനസ്സിലാക്കാവുന്ന കാര്യമിതാണ്: മനുഷ്യവർഗത്തിന് . . . ഏതാണു ശരിയെന്നും . . . ഏതാണു തെറ്റെന്നും ദൈവത്തിനു മാത്രമാണ് അറിയാവുന്നത്. ‘ശരി’ ചെയ്യാനും അതിന്റെ പ്രയോജനങ്ങൾ ആസ്വദിക്കാനും അവർ ദൈവത്തിൽ വിശ്വസിക്കുകയും ദൈവത്തെ അനുസരിക്കുകയും വേണം. അതിനു തയ്യാറല്ലെങ്കിൽ ശരി ഏതാണെന്നും തെറ്റ് ഏതാണെന്നും അവർതന്നെ തീരുമാനിക്കേണ്ടിവരും.” ശരിയും തെറ്റും സ്വന്തമായി തീരുമാനിക്കാൻ മനുഷ്യൻ മുതിർന്നാൽ അവൻ അതിൽ വിജയിക്കില്ല.
10. ഇച്ഛാസ്വാതന്ത്ര്യവും ശരിയും തെറ്റും തീരുമാനിക്കാനുള്ള അവകാശവും വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ട്?
10 യഹോവ ആദാമിനു കൊടുത്ത കല്പനയെക്കുറിച്ച് വായിക്കുമ്പോൾ, ഇഷ്ടമുള്ളതു ചെയ്യാനുള്ള ആദാമിന്റെ സ്വാതന്ത്ര്യത്തിൽ ദൈവം കൈകടത്തുകയായിരുന്നു എന്നു ചിലർ പറയാറുണ്ട്. ഇത്തരക്കാർക്ക് ഇച്ഛാസ്വാതന്ത്ര്യത്തിന്റെ ഉപയോഗവും ശരിയും തെറ്റും തീരുമാനിക്കാനുള്ള അവകാശവും തമ്മിലുള്ള വ്യത്യാസം അറിയില്ല. ആദാമിനും ഹവ്വയ്ക്കും ദൈവത്തെ അനുസരിക്കണോ വേണ്ടയോ എന്നു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാൽ, ശരിയും തെറ്റും തീരുമാനിക്കാനുള്ള അവകാശം യഹോവയ്ക്കു മാത്രമാണ്. ആ അവകാശമാണ് ഏദെൻ തോട്ടത്തിലെ ‘ശരിതെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം’ പ്രതീകപ്പെടുത്തിയത്. (ഉൽപ. 2:9) നമ്മുടെ തിരഞ്ഞെടുപ്പുകളുടെ ഫലം എന്തായിരിക്കുമെന്ന് എല്ലായ്പോഴും നമുക്ക് അറിയാൻ കഴിയില്ല, ഒടുക്കം നമ്മുടെ നന്മയിൽ കലാശിക്കുമോ എന്നു പറയാനും പറ്റില്ല. അതുകൊണ്ടാണ് മിക്കപ്പോഴും നല്ല ഉദ്ദേശ്യത്തോടെ എടുത്ത തീരുമാനങ്ങളാണെങ്കിലും അവസാനം അവ കഷ്ടപ്പാടുകളിലും ദുരിതങ്ങളിലും ദുരന്തങ്ങളിലും ചെന്നെത്തുന്നത്. (സുഭാ. 14:12) മനുഷ്യന്റെ പരിമിതികൾക്കും ഇതിലൊരു വലിയ പങ്കുണ്ട്. ആ പ്രത്യേകവൃക്ഷത്തിൽനിന്ന് തിന്നരുതെന്ന കല്പന കൊടുത്തതിലൂടെ യഹോവ സ്നേഹപൂർവം ആദാമിനെയും ഹവ്വയെയും ഒരു കാര്യം പഠിപ്പിക്കുകയായിരുന്നു. യഥാർഥസ്വാതന്ത്ര്യം ആസ്വദിക്കുന്നതിന് അവർ തന്നെ അനുസരിക്കണമെന്ന കാര്യം. ആദ്യ മനുഷ്യജോടി അതിനോട് എങ്ങനെ പ്രതികരിച്ചു?
11, 12. ആദാമിന്റെയും ഹവ്വയുടെയും തിരഞ്ഞെടുപ്പു വിനാശകരമായിരുന്നത് എന്തുകൊണ്ട്? ഒരു ഉദാഹരണം പറയുക.
11 അനുസരണക്കേടു കാണിക്കാനായിരുന്നു അവരുടെ തീരുമാനം. “നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നും നിങ്ങൾ ശരിയും തെറ്റും അറിയുന്നവരായി ദൈവത്തെപ്പോലെയാകുമെന്നും” ഉള്ള സാത്താന്റെ മോഹനവാഗ്ദാനത്തിൽ ഹവ്വ മയങ്ങിപ്പോയി. (ഉൽപ. 3:5) ഇങ്ങനെയൊരു തിരഞ്ഞെടുപ്പു നടത്തിയതുകൊണ്ട് ആദാമിനും ഹവ്വയ്ക്കും കൂടുതൽ സ്വാതന്ത്ര്യം കിട്ടിയോ? ഇല്ല എന്നതാണു സങ്കടകരമായ കാര്യം. സാത്താൻ പറഞ്ഞതൊന്നും സംഭവിച്ചില്ല. പകരം, യഹോവയുടെ മാർഗനിർദേശം തള്ളിക്കളഞ്ഞ് ഇഷ്ടമുള്ള വഴിയേ പോയാൽ നാശമാണ് ഫലമെന്നു വൈകാതെ അവർ മനസ്സിലാക്കി. (ഉൽപ. 3:16-19) എന്തുകൊണ്ടാണ് അങ്ങനെയൊരു ദുരന്തം ഉണ്ടായത്? കാരണം, ഏതാണു ശരി ഏതാണു തെറ്റ് എന്നു സ്വന്തമായി നിർണയിക്കാനുള്ള സ്വാതന്ത്ര്യം യഹോവ മനുഷ്യർക്കു കൊടുത്തിട്ടില്ല.—സുഭാഷിതങ്ങൾ 20:24-ഉം അടിക്കുറിപ്പും; യിരെമ്യ 10:23-ഉം വായിക്കുക.
12 ഇതു മനസ്സിലാക്കാൻ ഒരു പൈലറ്റിന്റെ ദൃഷ്ടാന്തം നോക്കാം. ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്താൻ അദ്ദേഹത്തോടു പറഞ്ഞിട്ടുള്ള അതേ വിമാനപാതയിലൂടെ സഞ്ചരിക്കണം. ശരിയായ ദിശയിലൂടെ പോകാൻ സഹായിക്കുന്ന ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കുകയും വിമാനത്താവളങ്ങളിൽനിന്നുള്ള നിർദേശങ്ങൾ കൃത്യമായി അനുസരിക്കുകയും വേണം. നിർദേശങ്ങളൊന്നും പാലിക്കാതെ ഇഷ്ടമുള്ള പാതയിലൂടെ ഒരു പൈലറ്റ് വിമാനം പറത്തിയാൽ വിനാശമായിരിക്കും ഫലം. ആ പൈലറ്റിനെപ്പോലെ ആദാമും ഹവ്വയും തങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചു. ദൈവം നൽകിയ മാർഗനിർദേശം അവർ തള്ളിക്കളഞ്ഞു. എന്താണു സംഭവിച്ചത്? അവരുടെ ജീവിതം തകർന്നടിഞ്ഞു, അവരുടെയും ഭാവിതലമുറകളുടെയും മേൽ പാപവും മരണവും വരുത്തിവെക്കുകയും ചെയ്തു. (റോമ. 5:12) ശരിയും തെറ്റും സ്വന്തമായി തീരുമാനിക്കാനുള്ള ശ്രമത്തിൽ തങ്ങൾക്കു ലഭിച്ച യഥാർഥസ്വാതന്ത്ര്യം അവർ നഷ്ടപ്പെടുത്തി.
യഥാർഥസ്വാതന്ത്ര്യം എങ്ങനെ നേടാം?
13, 14. നമുക്ക് എങ്ങനെ യഥാർഥസ്വാതന്ത്ര്യം നേടാം?
13 എത്ര കൂടുതൽ സ്വാതന്ത്ര്യം കിട്ടുന്നോ അത്രയും നല്ലത് എന്നാണ് ആളുകളുടെ വിചാരം. പക്ഷേ വാസ്തവം എന്താണ്? പരിധികളില്ലാത്ത സ്വാതന്ത്ര്യം ഇരുവായ്ത്തലയുള്ള വാളുപോലെയാണ്. സ്വാതന്ത്ര്യമുള്ളതുകൊണ്ട് പല പ്രയോജനങ്ങളുമുണ്ട് എന്നതു ശരിതന്നെ. പക്ഷേ യാതൊരു നിയന്ത്രണവുമില്ലാത്ത ഒരു ലോകം എങ്ങനെയായിരിക്കുമെന്നു സങ്കൽപ്പിക്കാൻപോലും കഴിയില്ല. ഒരു എൻസൈക്ലോപീഡിയ പറയുന്നതനുസരിച്ച് സംഘടിതമായ എല്ലാ സമൂഹങ്ങളുടെയും നിയമങ്ങൾ സങ്കീർണമാണ്, ലളിതമല്ല. ആളുകളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുകയും അതേസമയം അതിനു പരിധികൾ വെക്കുകയും ചെയ്യേണ്ടിവരുന്നതാണ് ഇതിനു കാരണം. ഇത് എല്ലായ്പോഴും അത്ര എളുപ്പമല്ല. അതുകൊണ്ടാണ് ഇത്രമാത്രം നിയമങ്ങളും, അതു വ്യാഖ്യാനിക്കാനും നടപ്പിലാക്കാനും ഇത്രയധികം അഭിഭാഷകരും ന്യായാധിപന്മാരും ഉള്ളത്.
14 ഇതിനു വിപരീതമായി, യഥാർഥസ്വാതന്ത്ര്യത്തിനുള്ള ലളിതമായ ഒരു മാർഗം യേശുക്രിസ്തു ചൂണ്ടിക്കാണിച്ചു. യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എപ്പോഴും എന്റെ വചനത്തിൽ നിലനിൽക്കുന്നെങ്കിൽ നിങ്ങൾ ശരിക്കും എന്റെ ശിഷ്യന്മാരാണ്. നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” (യോഹ. 8:31, 32) യഥാർഥസ്വാതന്ത്ര്യം നേടുന്നതിനു വേണ്ട രണ്ടു കാര്യങ്ങളെക്കുറിച്ചാണു യേശു ഇവിടെ പറയുന്നത്. ഒന്ന്, യേശു പഠിപ്പിച്ച സത്യം സ്വീകരിക്കുക. രണ്ട്, യേശുവിന്റെ ശിഷ്യനാകുക. ഇങ്ങനെ ചെയ്യുന്നത് യഥാർഥസ്വാതന്ത്ര്യത്തിലേക്കു നയിക്കും. പക്ഷേ എന്തിൽനിന്നുള്ള സ്വാതന്ത്ര്യം? യേശു തുടർന്ന് ഇങ്ങനെ വിശദീകരിച്ചു: “പാപം ചെയ്യുന്ന ഏതൊരാളും പാപത്തിന് അടിമയാണ്. . . . പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർഥത്തിൽ സ്വതന്ത്രരാകും.”—യോഹ. 8:34, 36.
15. യേശു വാഗ്ദാനം ചെയ്ത സ്വാതന്ത്ര്യത്തിനു നമ്മളെ ‘യഥാർഥത്തിൽ സ്വതന്ത്രരാക്കാൻ’ കഴിയുന്നത് എന്തുകൊണ്ട്?
15 ഇന്നു മിക്കയാളുകളും തീവ്രമായി ആഗ്രഹിക്കുന്ന ഏതൊരു തരം സ്വാതന്ത്ര്യത്തെക്കാളും എത്രയോ മികച്ചതാണു യേശു തന്റെ ശിഷ്യന്മാർക്കു വാഗ്ദാനം ചെയ്ത സ്വാതന്ത്ര്യം! “പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർഥത്തിൽ സ്വതന്ത്രരാകും” എന്നു പറഞ്ഞപ്പോൾ ‘പാപത്തിന്റെ അടിമത്തത്തിൽനിന്നുള്ള’ വിടുതലിനെക്കുറിച്ച് യേശു സംസാരിക്കുകയായിരുന്നു. അതാണു മനുഷ്യവർഗം അനുഭവിക്കുന്ന ഏറ്റവും വലിയ അടിമത്തം. ഏതൊക്കെ വിധങ്ങളിലാണു നമ്മൾ പാപത്തിന്റെ അടിമകളായിരിക്കുന്നത്? പാപം തെറ്റു ചെയ്യുന്നതിലേക്കു നമ്മളെ നയിക്കുന്നു, ശരിയെന്നു അറിയാവുന്ന കാര്യങ്ങൾ പ്രവർത്തിക്കുന്നതിൽനിന്ന് നമ്മളെ തടയുന്നു. കൂടാതെ, നമ്മളെക്കൊണ്ടാകുന്നതു ചെയ്യാൻ പറ്റാതെ വരുകയും ചെയ്യുന്നു. ഇതിന്റെയെല്ലാം ഫലമോ? നിരാശയും വേദനയും കഷ്ടപ്പാടും ഒടുവിൽ മരണവും. (റോമ. 6:23) പൗലോസ് അപ്പോസ്തലൻ ഇതിന്റെ വേദനയും യാതനയും നന്നായി അനുഭവിച്ചറിഞ്ഞയാളാണ്. (റോമർ 7:21-25 വായിക്കുക.) പാപത്തിന്റെ ബന്ധനങ്ങൾ പൂർണമായി നീക്കംചെയ്യപ്പെട്ടാൽ മാത്രമേ നമ്മുടെ ആദ്യ മാതാപിതാക്കൾ ഒരിക്കൽ ആസ്വദിച്ചിരുന്ന യഥാർഥസ്വാതന്ത്ര്യം നമുക്കു കൈവരുകയുള്ളൂ.
16. നമുക്ക് എങ്ങനെ യഥാർഥത്തിൽ സ്വതന്ത്രരാകാം?
16 “നിങ്ങൾ എപ്പോഴും എന്റെ വചനത്തിൽ നിലനിൽക്കുന്നെങ്കിൽ” എന്ന യേശുവിന്റെ വാക്കുകൾ എന്താണു സൂചിപ്പിക്കുന്നത്? യേശു നമ്മളെ സ്വതന്ത്രരാക്കണമെങ്കിൽ ചില വ്യവസ്ഥകൾ അഥവാ അതിർവരമ്പുകൾ ഉണ്ട് എന്നാണ്. സമർപ്പിത ക്രിസ്ത്യാനികളായ നമ്മൾ നമ്മളെത്തന്നെ ത്യജിക്കുകയും ക്രിസ്തുവിന്റെ പഠിപ്പിക്കലുകളുടെ പരിധിക്കുള്ളിൽ ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തവരാണ്. (മത്താ. 16:24) യേശു വാഗ്ദാനം ചെയ്തതുപോലെ മോചനവിലയുടെ പ്രയോജനങ്ങൾ പൂർണമായി കിട്ടുമ്പോൾ നമ്മൾ യഥാർഥത്തിൽ സ്വതന്ത്രരാകും.
17. (എ) നമ്മുടെ ജീവിതത്തിന് യഥാർഥ അർഥവും സംതൃപ്തിയും നേടിത്തരുന്നത് എന്താണ്? (ബി) അടുത്ത ലേഖനത്തിൽ എന്തു പഠിക്കും?
17 യഥാർഥ സന്തോഷവും സംതൃപ്തിയും ആസ്വദിക്കുന്നതിനു യേശുവിന്റെ ശിഷ്യന്മാരെന്ന നിലയിൽ നമ്മൾ യേശുവിന്റെ പഠിപ്പിക്കലുകൾക്കു കീഴ്പെടണം. ഇതു പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്ന് പൂർണമായി മോചനം നേടാനുള്ള വഴി തുറക്കും. (റോമർ 8:1, 2, 20, 21 വായിക്കുക.) ഇപ്പോഴുള്ള സ്വാതന്ത്ര്യം എങ്ങനെ ജ്ഞാനപൂർവം ഉപയോഗിക്കാമെന്നു നമ്മൾ അടുത്ത ലേഖനത്തിൽ പഠിക്കും. അങ്ങനെ യഥാർഥസ്വാതന്ത്ര്യത്തിന്റെ ദൈവമായ യഹോവയെ എന്നേക്കും മഹത്ത്വപ്പെടുത്താൻ കഴിയും.