യുവജനങ്ങളേ, പിശാചിനെ എതിർത്തുനിൽക്കുക
“പിശാചിന്റെ കുടിലതന്ത്രങ്ങളോട് എതിർത്തുനിൽക്കാൻ കഴിയേണ്ടതിനു ദൈവത്തിൽനിന്നുള്ള സമ്പൂർണപടക്കോപ്പു ധരിക്കുക.”—എഫെ. 6:11.
1, 2. (എ) ക്രിസ്തീയയുവജനങ്ങൾ ദുഷ്ടരായ ആത്മവ്യക്തികൾക്കെതിരെ പോരാടി വിജയിക്കുന്നത് എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) നമ്മൾ എന്താണു പഠിക്കാൻപോകുന്നത്?
പൗലോസ് അപ്പോസ്തലൻ ക്രിസ്ത്യാനികളായ നമ്മളെ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന പടയാളികളോടാണു താരതമ്യപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ യുദ്ധം ആത്മീയമാണ്, അക്ഷരീയമല്ല എന്നതു ശരിതന്നെ. പക്ഷേ നമ്മുടെ ശത്രുക്കൾ യഥാർഥമാണ്. സാത്താനും ഭൂതങ്ങളും ആണ് നമ്മുടെ ശത്രുക്കൾ. ആയിരക്കണക്കിനു വർഷങ്ങളുടെ അനുഭവപരിചയമുള്ള, കഴിവുറ്റ യോദ്ധാക്കളാണ് അവർ. ഒറ്റനോട്ടത്തിൽ നമ്മുടെ സ്ഥിതി ആശയറ്റതാണെന്നു തോന്നിയേക്കാം, വിശേഷിച്ചും യുവജനങ്ങളുടെ. അമാനുഷികശക്തിയുള്ള ആത്മമണ്ഡലത്തിലെ ഈ ദുഷ്ടർക്കെതിരെ യുവജനങ്ങൾക്കു പോരാടി ജയിക്കാൻ കഴിയുമോ? കഴിയും എന്നതാണു സത്യം. അവർ വിജയിക്കുന്നുമുണ്ട്. അവർക്ക് അതിന് എങ്ങനെയാണു സാധിക്കുന്നത്? ‘കർത്താവിൽനിന്ന് ശക്തിയാർജിച്ചുകൊണ്ട്.’ എന്നാൽ മറ്റൊരു കാര്യവും അവർ ചെയ്യുന്നുണ്ട്, നല്ല പരിശീലനം കിട്ടിയ പടയാളികളെപ്പോലെ അവർ ‘ദൈവത്തിൽനിന്നുള്ള സമ്പൂർണപടക്കോപ്പു ധരിക്കുന്നു.’—എഫെസ്യർ 6:10-12 വായിക്കുക.
2 ഈ ദൃഷ്ടാന്തം പറഞ്ഞപ്പോൾ പടക്കോപ്പു ധരിച്ച ഒരു റോമൻ പടയാളിയുടെ ചിത്രമായിരിക്കാം പൗലോസിന്റെ മനസ്സിലുണ്ടായിരുന്നത്. (പ്രവൃ. 28:16) അതു യോജിച്ച ഒരു ദൃഷ്ടാന്തമായിരിക്കുന്നത് എന്തുകൊണ്ടെന്നു നമുക്കു നോക്കാം. അതോടൊപ്പം, സമ്പൂർണപടക്കോപ്പിന്റെ ഓരോ ഭാഗവും ധരിക്കുന്നതിന്റെ ബുദ്ധിമുട്ടുകളെയും പ്രയോജനങ്ങളെയും കുറിച്ച് ചില യുവജനങ്ങൾ പറയുന്നതും നമുക്കു ശ്രദ്ധിക്കാം.
‘സത്യം അരയ്ക്കു കെട്ടുക’
3, 4. ബൈബിൾസത്യത്തെ റോമൻ പടയാളിയുടെ അരപ്പട്ടയോട് ഉപമിക്കാവുന്നത് എന്തുകൊണ്ട്?
3 എഫെസ്യർ 6:14 വായിക്കുക. റോമൻ പടയാളികളുടെ അരപ്പട്ടയിൽ അരക്കെട്ടിനെ സംരക്ഷിക്കുന്നതിനുള്ള ലോഹത്തകിടുകൾ ഉണ്ടായിരുന്നു. ഈ അരപ്പട്ട മാറിൽ ധരിക്കുന്ന കവചത്തിന്റെ ഭാരം കുറയ്ക്കാൻ സഹായിച്ചിരുന്നു. ചില അരപ്പട്ടകൾ വാളും കഠാരയും തൂക്കിയിടാനുള്ള കൊളുത്തുകൾ സഹിതമാണ് ഉണ്ടാക്കിയിരുന്നത്. അതു മുറുക്കിക്കെട്ടിയ ഒരു പടയാളിക്ക് ആത്മവിശ്വാസത്തോടെ യുദ്ധത്തിൽ ഏർപ്പെടാൻ കഴിയുമായിരുന്നു.
4 സമാനമായി, ദൈവവചനത്തിൽനിന്ന് പഠിക്കുന്ന സത്യം വ്യാജപഠിപ്പിക്കലുകൾ വരുത്തുന്ന ആത്മീയഹാനിയിൽനിന്ന് നമ്മളെ സംരക്ഷിക്കും. (യോഹ. 8:31, 32; 1 യോഹ. 4:1) ബൈബിൾസത്യത്തെ എത്ര കൂടുതൽ സ്നേഹിക്കുന്നോ, നമ്മുടെ “കവചം” ധരിക്കുന്നത്, അതായത് ദൈവത്തിന്റെ നീതിനിഷ്ഠമായ നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കുന്നത്, അത്ര എളുപ്പമായിരിക്കും. (സങ്കീ. 111:7, 8; 1 യോഹ. 5:3) കൂടാതെ, ദൈവവചനത്തിലെ സത്യത്തെക്കുറിച്ച് നമുക്കു വ്യക്തമായ ഗ്രാഹ്യമുണ്ടെങ്കിൽ വിശ്വാസത്തിനുവേണ്ടി ഉറച്ചുനിൽക്കാനും എതിരാളികളുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാനും കഴിയും.—1 പത്രോ. 3:15.
5. നമ്മൾ സത്യം സംസാരിക്കേണ്ടത് എന്തുകൊണ്ട്?
5 ഒരു അരപ്പട്ടപോലെ ബൈബിൾസത്യം ‘മുറുക്കിക്കെട്ടുന്നെങ്കിൽ’ അതിനു ചേർച്ചയിൽ ജീവിക്കാനും എല്ലായ്പോഴും സത്യം സംസാരിക്കാനും നമുക്കു പ്രചോദനം തോന്നും. നുണ പറയുന്നതു നമ്മൾ ഒഴിവാക്കേണ്ടത് എന്തുകൊണ്ടാണ്? കാരണം, സാത്താന്റെ പടക്കോപ്പിലെ ഫലപ്രദമായ ഒരു ആയുധമാണു നുണ. പറയുന്നവർക്കും വിശ്വസിക്കുന്നവർക്കും നുണ ദോഷം ചെയ്യും. (യോഹ. 8:44) നമ്മൾ പൂർണരല്ലെങ്കിലും ഒരിക്കലും നുണ പറയാതിരിക്കാൻ പരമാവധി ശ്രമിക്കണം. (എഫെ. 4:25) ചിലപ്പോൾ ഇത് അൽപ്പം ബുദ്ധിമുട്ടായിരിക്കാം. 18 വയസ്സുള്ള അബീഗയിൽ പറയുന്നു: “സത്യം പറയുന്നതുകൊണ്ട് എന്താണു പ്രയോജനമെന്നു ചിലപ്പോൾ ചിന്തിച്ചേക്കാം, പ്രത്യേകിച്ചും നുണ പറഞ്ഞ് വിഷമംപിടിച്ച ഒരു സാഹചര്യത്തിൽനിന്ന് രക്ഷപ്പെടാമെങ്കിൽ.” പക്ഷേ അബീഗയിൽ എപ്പോഴും സത്യം പറയാൻ ശ്രമിക്കുന്നു. എന്തുകൊണ്ട്? “സത്യം പറയുന്നതുകൊണ്ട് യഹോവയുടെ മുമ്പാകെ എനിക്കു ശുദ്ധമായ ഒരു മനസ്സാക്ഷിയുണ്ട്. വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളായിട്ടാണു മാതാപിതാക്കളും കൂട്ടുകാരും എന്നെ കാണുന്നത്.” 23-കാരിയായ വിക്ടോറിയ പറയുന്നു: “നിങ്ങൾ സത്യം പറയുകയും നിങ്ങളുടെ വിശ്വാസങ്ങൾക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുമ്പോൾ മറ്റുള്ളവർ നിങ്ങളെ വല്ലാതെ വിഷമിപ്പിച്ചേക്കാം. പക്ഷേ അങ്ങനെ ചെയ്യുന്നതുകൊണ്ട് വലിയ പ്രയോജനങ്ങളുണ്ട്: നിങ്ങൾക്കു കൂടുതൽ ആത്മവിശ്വാസം തോന്നും, നിങ്ങൾ യഹോവയോടു കൂടുതൽ അടുക്കും, നിങ്ങളെ സ്നേഹിക്കുന്നവരുടെ ബഹുമാനം നേടാനും കഴിയും.” അതുകൊണ്ട് എപ്പോഴും ‘സത്യം അരയ്ക്കു കെട്ടുന്നതിനു’ വളരെ മൂല്യമുണ്ട്.
“നീതി എന്ന കവചം”
6, 7. നീതിയെ ഒരു കവചത്തോട് ഉപമിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്?
6 ഒന്നാം നൂറ്റാണ്ടിലെ റോമൻ പടയാളികൾ ധരിച്ചിരുന്ന ഒരുതരം കവചത്തിൽ ഇരുമ്പുതകിടുകൾ ശരീരത്തിനു കുറുകെ ഒന്നൊന്നായി വരത്തക്കവിധം വളച്ചുവെച്ചിരുന്നു. കൊളുത്തുകളും വളയങ്ങളും ഉപയോഗിച്ച് ഇവ തോൽവാറുകളിലാണു ഘടിപ്പിച്ചിരുന്നത്. നെഞ്ചും വയറും മാത്രമല്ല, കഴുത്തുവരെയുള്ള ഭാഗം മറയ്ക്കുന്ന തരത്തിലുള്ളതായിരുന്നു ഈ കവചം. നെഞ്ചിനു മുകളിലോട്ടുള്ള ഭാഗം മറയ്ക്കുന്നതിനും തുകലിൽ പിടിപ്പിച്ച ഇരുമ്പുതകിടുകൾ ഉണ്ടായിരുന്നു. ഈ കവചം ധരിച്ച് നടക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. മാത്രമല്ല, ഈ തകിടുകൾ അതതിന്റെ സ്ഥാനത്തുതന്നെയുണ്ടെന്നു പടയാളി പതിവായി പരിശോധിച്ച് ഉറപ്പു വരുത്തണം. എന്നാൽ, വെട്ടു കൊള്ളാതിരിക്കാനും അസ്ത്രം ഹൃദയത്തിലോ മറ്റു പ്രധാനപ്പെട്ട അവയവങ്ങളിലോ തുളഞ്ഞുകയറാതിരിക്കാനും ഇത് ഒരു സംരക്ഷണമായിരുന്നു.
7 യഹോവയുടെ നീതിനിഷ്ഠമായ നിലവാരങ്ങൾ നമ്മുടെ ആലങ്കാരികഹൃദയത്തെ എങ്ങനെയാണു സംരക്ഷിക്കുന്നതെന്നു കാണിക്കുന്ന ഒരു നല്ല പ്രതീകമാണ് ഇത്! (സുഭാ. 4:23) ഒരു പടയാളി ഒരിക്കലും ഇരുമ്പുകൊണ്ടുള്ള കവചത്തിനു പകരം താഴ്ന്ന തരം ലോഹംകൊണ്ടുള്ള കവചം ധരിക്കില്ല. അതുപോലെ നമ്മളും യഹോവയുടെ നിലവാരങ്ങളുടെ സ്ഥാനത്ത് നമുക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഒരിക്കലും വെക്കുകയില്ല. ഹൃദയത്തെ സംരക്ഷിക്കാൻ ആവശ്യമായ ജ്ഞാനമൊന്നും അപൂർണരായ നമുക്കില്ല. (സുഭാ. 3:5, 6) അതുകൊണ്ട്, യഹോവ നൽകിയിരിക്കുന്ന ‘ഇരുമ്പു തകിടുകൾ’ ഹൃദയത്തിനു മീതെ ഉറപ്പിച്ചിട്ടുണ്ടെന്നു നമ്മൾ ക്രമമായി പരിശോധിക്കണം.
8. നമ്മൾ എന്തുകൊണ്ടാണ് യഹോവയുടെ നിലവാരങ്ങളോടു പറ്റിനിൽക്കേണ്ടത്?
8 യഹോവയുടെ നീതിനിഷ്ഠമായ നിലവാരങ്ങൾ നിങ്ങളെ ഭാരപ്പെടുത്തുന്നതായോ നിങ്ങളുടെ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്നതായോ ഇടയ്ക്കൊക്കെ തോന്നാറുണ്ടോ? 21 വയസ്സുള്ള ഡാനിയേൽ പറയുന്നു: “ബൈബിൾനിലവാരങ്ങൾ അനുസരിച്ച് ജീവിക്കുന്നതുകൊണ്ട് അധ്യാപകരും മറ്റു വിദ്യാർഥികളും എന്നെ കളിയാക്കുമായിരുന്നു. ഇതു കാരണം എന്റെ ആത്മവിശ്വാസം ചോർന്നുപോയി, ഞാൻ നിരാശിതനായി.” എങ്ങനെയാണു ഡാനിയേൽ ഇതിൽനിന്ന് കരകയറിയത്? “യഹോവയുടെ നിലവാരങ്ങളനുസരിച്ച് ജീവിക്കുന്നതിന്റെ പ്രയോജനങ്ങൾ ഞാൻ പതിയെപ്പതിയെ തിരിച്ചറിഞ്ഞു. എന്റെ ചില ‘കൂട്ടുകാർ’ മയക്കുമരുന്ന് ഉപയോഗിക്കാൻ തുടങ്ങി, ചിലർ സ്കൂൾപഠനം ഉപേക്ഷിച്ച് പോയി. അവരുടെയൊക്കെ അവസ്ഥ കണ്ടപ്പോൾ സങ്കടം തോന്നി, യഹോവ നമ്മളെ ശരിക്കും സംരക്ഷിക്കുകയാണ്.” 15-കാരിയായ മാഡിസെൻ പറയുന്നു: “കൂട്ടുകാർ രസമെന്നും തമാശയെന്നും പറയുന്ന കാര്യങ്ങളുടെ പുറകേ പോകാതെ യഹോവയുടെ നിലവാരങ്ങളോടു പറ്റിനിൽക്കുന്നതിനു ശരിക്കും ഒരു പോരാട്ടംതന്നെ വേണം.” മാഡിസെൻ എങ്ങനെയാണു പിടിച്ചുനിൽക്കുന്നത്? “‘ഞാൻ യഹോവയുടെ പേരിൽ അറിയപ്പെടുന്ന ഒരാളാണ്,’ ‘പ്രലോഭനങ്ങൾ സാത്താൻ എന്റെ നേരെ തൊടുത്തുവിടുന്ന അസ്ത്രങ്ങളാണ്’ എന്നൊക്കെ ഞാൻ എന്നോടുതന്നെ പറയും. ഓരോ പോരാട്ടത്തിലും വിജയിക്കുമ്പോൾ എനിക്ക് അഭിമാനം തോന്നും.”
“സന്തോഷവാർത്ത അറിയിക്കാനുള്ള ഒരുക്കം ചെരിപ്പായി അണിഞ്ഞ്”
9-11. (എ) ക്രിസ്ത്യാനികൾ ഏത് ആലങ്കാരിക പാദരക്ഷയാണു ധരിക്കുന്നത്? (ബി) പിരിമുറുക്കമൊന്നും കൂടാതെ സന്തോഷവാർത്ത അറിയിക്കാൻ നമ്മളെ എന്തു സഹായിക്കും?
9 എഫെസ്യർ 6:15 വായിക്കുക. ചെരിപ്പു ധരിക്കാതെ ഒരു റോമൻ പടയാളിക്കു യുദ്ധത്തിനു പോകാൻ കഴിയുമായിരുന്നില്ല. ഇത്തരം ചെരിപ്പുകൾ മൂന്ന് അടുക്ക് തോൽ തുന്നിച്ചേർത്ത് ഉണ്ടാക്കുന്നതായിരുന്നു. ഇടാൻ സുഖമുള്ളതും കാലങ്ങളോളം നിൽക്കുന്നതും ആയ ഈ ചെരിപ്പുകൾ തെന്നിവീഴാതെ ഉറച്ചുനിൽക്കാൻ പടയാളിയെ സഹായിച്ചിരുന്നു.
10 ചെരിപ്പു ധരിച്ച റോമൻ പടയാളി യുദ്ധക്കളത്തിലേക്കു പോയിരുന്നതുപോലെ, ക്രിസ്ത്യാനികളുടെ ആലങ്കാരിക പാദരക്ഷ സമാധാനസന്ദേശവുമായി പോകാൻ അവരെ സഹായിക്കുന്നു. (യശ. 52:7; റോമ. 10:15) എന്നിരുന്നാലും, ചില അവസരങ്ങളിൽ സംസാരിക്കുന്നതിനു ധൈര്യം ആവശ്യമാണ്. “സഹപാഠികളോടു സാക്ഷീകരിക്കാൻ എനിക്കു ഭയമായിരുന്നു. നാണക്കേടും തോന്നിയിരുന്നു. പിന്തിരിഞ്ഞുനോക്കുമ്പോൾ, എന്തിനാണു ഞാൻ അന്നു നാണിച്ചതെന്ന് എനിക്ക് അറിഞ്ഞുകൂടാ. ഇപ്പോൾ കൂട്ടുകാരോടു സാക്ഷീകരിക്കാൻ എനിക്കു സന്തോഷമേ ഉള്ളൂ.” ബോ എന്ന 20-കാരന്റെ വാക്കുകളാണിത്.
11 നന്നായി തയ്യാറായാൽ സന്തോഷവാർത്ത അറിയിക്കുന്നതു കൂടുതൽ എളുപ്പമായിരിക്കുമെന്നു മിക്ക യുവജനങ്ങളും മനസ്സിലാക്കിയിട്ടുണ്ട്. നിങ്ങൾക്ക് എങ്ങനെ ഒരുങ്ങാൻ കഴിയും? 16 വയസ്സുള്ള ജൂലിയ പറയുന്നു: “ഞാൻ എന്റെ സ്കൂൾബാഗിൽ പ്രസിദ്ധീകരണങ്ങൾ കൊണ്ടുപോകാറുണ്ട്. സഹപാഠികൾ അവരുടെ കാഴ്ചപ്പാടുകളെയും വിശ്വാസങ്ങളെയും കുറിച്ച് പറയുമ്പോൾ ഞാൻ ശ്രദ്ധിച്ചുകേൾക്കും. എന്നിട്ട്, അവരെ സഹായിക്കാൻ എന്താണു പറയേണ്ടതെന്നു ഞാൻ ചിന്തിക്കും. തയ്യാറായി പോകുന്നതുകൊണ്ട് അവർക്കു പ്രയോജനം ചെയ്യുന്ന വിവരങ്ങൾ എനിക്കു പറയാൻ കഴിയുന്നു.” അതുപോലെ, 23 വയസ്സുള്ള മക്കൻസി ഇങ്ങനെയാണു പറയുന്നത്: “നിങ്ങൾ ദയയുള്ള, നല്ല ഒരു കേൾവിക്കാരനാണെങ്കിൽ സമപ്രായക്കാർ നേരിടുന്ന പ്രശ്നങ്ങൾ നിങ്ങൾക്കു വ്യക്തമായി മനസ്സിലാകും. യുവജനങ്ങൾക്കുവേണ്ടി പുറത്തിറക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും ഒന്നും വിട്ടുകളയാതെ ഞാൻ വായിക്കാറുണ്ട്. അങ്ങനെ, സമപ്രായക്കാർക്കു സഹായകമായ ബൈബിൾഭാഗമോ jw.org സൈറ്റിലെ വിവരങ്ങളോ എനിക്കു കാണിച്ചുകൊടുക്കാൻ കഴിയും.” സന്തോഷവാർത്ത പ്രസംഗിക്കാൻ നിങ്ങൾ എത്ര കൂടുതൽ തയ്യാറാകുന്നോ അത്രയധികം നിങ്ങളുടെ “ചെരിപ്പുകൾ” പാദങ്ങളോടു ചേർന്നുകിടക്കും എന്നല്ലേ ഈ ചെറുപ്പക്കാരുടെ അഭിപ്രായങ്ങൾ കാണിക്കുന്നത്?
“വിശ്വാസം എന്ന വലിയ പരിച”
12, 13. സാത്താൻ ഉപയോഗിക്കുന്ന ചില ‘തീയമ്പുകൾ’ ഏവ?
12 എഫെസ്യർ 6:16 വായിക്കുക. റോമൻ പടയാളി ഉപയോഗിച്ചിരുന്ന “വലിയ പരിച” ചതുരാകൃതിയിലുള്ളതായിരുന്നു. അത് ഒരു റോമൻപടയാളിയുടെ തോളുമുതൽ കാൽമുട്ടുവരെ മറയുന്നതായിരുന്നു. വാളും കുന്തവും ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽനിന്ന് മാത്രമല്ല, തങ്ങളുടെ നേരെ വരുന്ന അമ്പുകളിൽനിന്നും ഇത് അവരെ സംരക്ഷിച്ചിരുന്നു.
13 നിങ്ങളുടെ നേരെ സാത്താൻ തൊടുത്തുവിടുന്ന ‘തീയമ്പുകളിൽ’ ചിലതാണ് യഹോവയെക്കുറിച്ചുള്ള നുണകൾ. നിങ്ങളെക്കുറിച്ച് ദൈവത്തിനു കരുതലില്ലെന്നും ദൈവത്തിന്റെ സ്നേഹത്തിനു നിങ്ങൾ യോഗ്യരല്ലെന്നും ഉള്ള നുണകൾ സാത്താൻ എയ്തുവിടുന്നു. താൻ വിലകെട്ടവളാണെന്ന ചിന്ത 19 വയസ്സുകാരിയായ ഈഡയെ അലട്ടാറുണ്ട്. അവൾ പറയുന്നു: “യഹോവയ്ക്ക് എന്നോട് അടുപ്പമില്ലെന്നും എന്റെ സുഹൃത്താകാൻ ദൈവം ആഗ്രഹിക്കുന്നില്ലെന്നും എനിക്കു മിക്കപ്പോഴും തോന്നിയിരുന്നു.” ഇത്തരം ‘ആക്രമണം’ ഉണ്ടാകുമ്പോൾ ഈഡ എന്താണു ചെയ്യുന്നത്? “മീറ്റിങ്ങുകൾ എന്റെ വിശ്വാസം വളരെയധികം ശക്തമാക്കുന്നു. നേരത്തേ ഞാൻ രാജ്യഹാളിൽ പോകുമായിരുന്നെങ്കിലും അഭിപ്രായങ്ങളൊന്നും പറഞ്ഞിരുന്നില്ല. എന്റെ അഭിപ്രായം കേൾക്കാൻ ആർക്കും താത്പര്യമില്ല എന്നാണു ഞാൻ ചിന്തിച്ചിരുന്നത്. ഇപ്പോൾ ഞാൻ മീറ്റിങ്ങുകൾക്കു തയ്യാറായിട്ടാണു പോകുന്നത്, എന്നിട്ട് രണ്ടോ മൂന്നോ ഉത്തരം പറയാൻ ശ്രമിക്കും. ബുദ്ധിമുട്ടൊക്കെ തോന്നുമെങ്കിലും ഉത്തരം പറഞ്ഞുകഴിയുമ്പോൾ എനിക്കു വളരെ സന്തോഷമാണ്. സഹോദരങ്ങൾ എന്നെ നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. യഹോവയ്ക്ക് എന്നോടു സ്നേഹമുണ്ടെന്ന തിരിച്ചറിവോടെയാണു ഞാൻ എപ്പോഴും മീറ്റിങ്ങുകൾ കഴിഞ്ഞ് തിരിച്ചുപോകുന്നത്.”
14. ഈഡയുടെ അനുഭവം ഏതു സത്യം എടുത്തുകാട്ടുന്നു?
14 ഈഡയുടെ അനുഭവം വളരെ പ്രധാനപ്പെട്ട ഒരു സത്യം എടുത്തുകാണിക്കുന്നു: ഒരു പടയാളിയുടെ കൈയിലുള്ള പരിചയ്ക്കു നിശ്ചിത വലുപ്പമാണുള്ളത്. പക്ഷേ നമ്മുടെ വിശ്വാസമെന്ന പരിച അങ്ങനെയല്ല. അതിന്റെ അളവ് കൂടുകയോ കുറയുകയോ ഒക്കെ ചെയ്തേക്കാം. അത് എങ്ങനെയായിരിക്കണമെന്നു തീരുമാനിക്കേണ്ടതു നമ്മൾതന്നെയാണ്. (മത്താ. 14:31; 2 തെസ്സ. 1:3) വിശ്വാസം കൂടുതൽ ശക്തമാക്കേണ്ടത് എത്ര പ്രധാനമാണ്!
“രക്ഷ എന്ന പടത്തൊപ്പി”
15, 16. പ്രത്യാശ പടത്തൊപ്പിപോലെ ആയിരിക്കുന്നത് എങ്ങനെ?
15 എഫെസ്യർ 6:17 വായിക്കുക. റോമൻ പടയാളി ധരിച്ചിരുന്ന പടത്തൊപ്പി അയാളുടെ തലയ്ക്കോ കഴുത്തിനോ മുഖത്തിനോ നേരെ വരുന്ന ആക്രമണങ്ങളിൽനിന്ന് സംരക്ഷണം നൽകിയിരുന്നു. ചില തരം പടത്തൊപ്പികൾക്കു കൈപ്പിടിയുണ്ടായിരുന്നതുകൊണ്ട് പടയാളിക്ക് അതു കൈയിൽപ്പിടിച്ചുകൊണ്ട് നടക്കാമായിരുന്നു.
16 പടത്തൊപ്പി പടയാളിയുടെ തലച്ചോറിനെ സംരക്ഷിക്കുന്നതുപോലെ നമ്മുടെ “രക്ഷയുടെ പ്രത്യാശ” നമ്മുടെ മനസ്സിനെയും ചിന്താപ്രാപ്തിയെയും സംരക്ഷിക്കുന്നു. (1 തെസ്സ. 5:8; സുഭാ. 3:21) ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രശ്നങ്ങളെ ശരിയായ വീക്ഷണത്തിൽ കാണാനും പ്രത്യാശ സഹായിക്കുന്നു. (സങ്കീ. 27:1, 14; പ്രവൃ. 24:15) പക്ഷേ ‘പടത്തൊപ്പികൊണ്ട്’ പ്രയോജനമുണ്ടാകണമെങ്കിൽ അതു നമ്മൾ തലയിൽ ധരിച്ചിരിക്കണം, കൈയിൽ കൊണ്ടുനടന്നാൽ പോരാ.
17, 18. (എ) നമ്മുടെ പടത്തൊപ്പി ഊരിമാറ്റാൻ സാത്താൻ ശ്രമിക്കുന്നത് എങ്ങനെ? (ബി) സാത്താന്റെ വഞ്ചനയിൽ കുടുങ്ങി വിഡ്ഢികളായിട്ടില്ലെന്നു നമുക്ക് എങ്ങനെ കാണിക്കാം?
17 നമ്മുടെ പടത്തൊപ്പി ഊരിമാറ്റാൻ സാത്താൻ നമ്മളെ പ്രേരിപ്പിച്ചേക്കാം. എങ്ങനെ? അവൻ യേശുവിനോട് ഇടപെട്ട വിധം നോക്കുക. ഭാവിയിൽ മനുഷ്യവർഗത്തെ ഭരിക്കാനുള്ള പ്രത്യാശ യേശുവിനുണ്ടെന്നു സാത്താന് ഉറപ്പായും അറിയാമായിരുന്നു. പക്ഷേ യഹോവ വെച്ച സമയംവരെ യേശു കാത്തിരിക്കണമായിരുന്നു. അതിനു മുമ്പായി യേശു കഷ്ടപ്പാടുകൾ സഹിക്കുകയും മരിക്കുകയും വേണം. അതുകൊണ്ട്, സാത്താൻ യേശുവിന്റെ പ്രത്യാശ പെട്ടെന്നുതന്നെ സഫലമാകാനുള്ള ഒരു അവസരം വെച്ചുനീട്ടി. തന്നെ ഒന്ന് ആരാധിച്ചാൽ അപ്പോൾത്തന്നെ യേശുവിനെ ലോകത്തിന്റെ ഭരണാധികാരിയാക്കാമെന്നു സാത്താൻ പറഞ്ഞു. (ലൂക്കോ. 4:5-7) യഹോവ നമുക്കു പുതിയ ഭൂമിയിൽ ധാരാളം ഭൗതികമായ നന്മകൾ നൽകുമെന്നു സാത്താന് അറിയാം. പക്ഷേ പുതിയ ഭൂമി വരുന്നതുവരെ നമ്മൾ കാത്തിരിക്കണം. അതിന് ഇടയ്ക്കുള്ള സമയത്ത് കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്നേക്കാം. പക്ഷേ ഭൗതികകാര്യങ്ങൾ ഒന്നാമതു വെച്ചുകൊണ്ട് ഈ ലോകം തരുന്നതെല്ലാം നമ്മൾ ഇപ്പോൾത്തന്നെ കൈപ്പിടിയിലാക്കാനും അങ്ങനെ ജീവിതം പൂർണമായി ആസ്വദിക്കാനും സാത്താൻ നമ്മളെ പ്രലോഭിപ്പിക്കുകയാണ്. അതെ, ദൈവരാജ്യം രണ്ടാമതു വെക്കാനാണു സാത്താൻ നമ്മളോട് ആവശ്യപ്പെടുന്നത്.—മത്താ. 6:31-33.
18 അനേകം യുവക്രിസ്ത്യാനികളെപ്പോലെ 20-കാരിയായ കിയാനയും ഈ വഞ്ചനയിൽ കുടുങ്ങി വിഡ്ഢിയായില്ല. അവൾ പറയുന്നു: “നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒരേ ഒരു പരിഹാരം ദൈവരാജ്യമാണെന്ന് എനിക്ക് അറിയാം.” ഈ ഉറച്ച പ്രത്യാശ അവളുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും എങ്ങനെ സ്വാധീനിച്ചിരിക്കുന്നു? കിയാന കൂട്ടിച്ചേർക്കുന്നു: “ഈ ലോകത്തിൽ നേടാനാകുന്ന കാര്യങ്ങൾ അതിന്റേതായ സ്ഥാനത്ത് വെക്കുന്നതിനു പറുദീസാഭൂമിയെപ്പറ്റിയുള്ള പ്രത്യാശ എന്നെ സഹായിക്കുന്നു. ഈ ലോകത്തിനുവേണ്ടി എന്റെ കഴിവുകൾ ഉപയോഗിക്കാനോ ഉന്നതസ്ഥാനങ്ങളിൽ എത്താനോ ഞാൻ ശ്രമിക്കുന്നില്ല. പകരം എന്റെ സമയവും ശക്തിയും എല്ലാം ആത്മീയലക്ഷ്യങ്ങൾക്കായി നിക്ഷേപിക്കുന്നു.”
‘ദൈവവചനം എന്ന ദൈവാത്മാവിന്റെ വാൾ’
19, 20. ദൈവവചനം ഉപയോഗിക്കുന്നതിലുള്ള വൈദഗ്ധ്യം നമുക്ക് എങ്ങനെ മെച്ചപ്പെടുത്താം?
19 റോമൻ പടയാളികൾ ഉപയോഗിച്ചിരുന്ന വാളിന് ഏകദേശം 50 സെന്റിമീറ്ററായിരുന്നു നീളം. നേർക്കു നേരെയുള്ള പോരാട്ടത്തിനുവേണ്ടി പ്രത്യേകം രൂപകല്പന ചെയ്തതായിരുന്നു അത്. ഈ വാൾ ഉപയോഗിക്കുന്നതിൽ റോമൻ പടയാളികൾ വിദഗ്ധരായിരുന്നു. കാരണം എല്ലാ ദിവസവും അവർ ഇത് ഉപയോഗിച്ച് പരിശീലിച്ചിരുന്നു.
20 ദൈവവചനത്തെ ഒരു വാളിനോടാണു പൗലോസ് ഉപമിക്കുന്നത്. യഹോവ അതു നമുക്കു തന്നിരിക്കുകയാണ്. പക്ഷേ നമ്മുടെ വിശ്വാസങ്ങളെക്കുറിച്ച് പ്രതിവാദം നടത്തുന്നതിനും നമ്മുടെതന്നെ ചിന്തയിൽ മാറ്റങ്ങൾ വരുത്തുന്നതിനും അതു വിദഗ്ധമായി ഉപയോഗിക്കാൻ പഠിക്കണം. (2 കൊരി. 10:4, 5; 2 തിമൊ. 2:15) ഈ കാര്യത്തിൽ നമ്മുടെ വൈദഗ്ധ്യം എങ്ങനെ മെച്ചപ്പെടുത്താം? 21 വയസ്സുള്ള സെബാസ്റ്റ്യൻ പറയുന്നു: “ബൈബിൾ വായിക്കുമ്പോൾ ഓരോ അധ്യായത്തിലെയും എനിക്ക് ഇഷ്ടപ്പെട്ട ഒരു വാക്യം ഞാൻ എഴുതിവെക്കും. അങ്ങനെ ഇഷ്ടപ്പെട്ട തിരുവെഴുത്തുകളുടെ ഒരു ശേഖരം ഞാൻ ഉണ്ടാക്കുകയാണ്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് യഹോവയുടെ ചിന്തയുമായി കൂടുതൽ അടുത്ത് വരുന്നതുപോലെ എനിക്കു തോന്നുന്നു.” നേരത്തേ പരാമർശിച്ച ഡാനിയേൽ പറയുന്നു: “ബൈബിൾ വായിക്കുമ്പോൾ, ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന ആളുകളെ സഹായിക്കുമെന്ന് എനിക്കു തോന്നുന്ന വാക്യങ്ങൾ ഞാൻ പ്രത്യേകം ശ്രദ്ധിക്കും. ബൈബിളിനെ നിങ്ങൾ ആഴമായി വിലമതിക്കുന്നുണ്ടെന്നും ആളുകളെ സഹായിക്കാൻ നിങ്ങൾ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ടെന്നും മനസ്സിലാകുമ്പോൾ ആളുകൾ നിങ്ങൾ പറയുന്നതു ശ്രദ്ധിക്കും.”
21. സാത്താനെയും ഭൂതങ്ങളെയും നമ്മൾ ഭയപ്പെടേണ്ടതില്ലാത്തത് എന്തുകൊണ്ട്?
21 ഈ ലേഖനത്തിലെ ചെറുപ്പക്കാരുടെ ദൃഷ്ടാന്തങ്ങൾ കാണിക്കുന്നതുപോലെ സാത്താനെയും ഭൂതങ്ങളെയും നമ്മൾ ഭയപ്പെടേണ്ടതില്ല. അവർ ശക്തരാണ്. പക്ഷേ അജയ്യരല്ല, അവരെ തോൽപ്പിക്കാൻ കഴിയും. അവർക്ക് അമർത്യതയുമില്ല. അധികം താമസിയാതെ, ക്രിസ്തുവിന്റെ ആയിരംവർഷവാഴ്ചയുടെ സമയത്ത് അവർ ബന്ധനത്തിലാകും, അവർക്ക് ആ സമയത്ത് ആരെയും ഒന്നും ചെയ്യാനാകില്ല. അതിനു ശേഷം അവരെ പൂർണമായി നശിപ്പിക്കും. (വെളി. 20:1-3, 7-10) നമുക്കു നമ്മുടെ ശത്രുവിനെ അറിയാം, അവന്റെ തന്ത്രങ്ങളും ഉദ്ദേശ്യങ്ങളും അറിയാം. യഹോവയുടെ സഹായത്താൽ നമുക്കു സാത്താനെ എതിർത്തുനിൽക്കാൻ കഴിയും.