നിങ്ങൾക്ക് അറിയാമോ?
ഉപദ്രവങ്ങൾ നേരിട്ടപ്പോൾ ശിഷ്യനായ സ്തെഫാനൊസിന് എങ്ങനെയാണ് അത്രയും ശാന്തനായി നിൽക്കാൻ കഴിഞ്ഞത്?
വൈരാഗ്യബുദ്ധിയോടെ നിൽക്കുന്ന ഒരു കൂട്ടം ആളുകളുടെ മുന്നിലാണ് സ്തെഫാനൊസ്. ഇസ്രായേലിലെ ഉന്നതകോടതിയായ സൻഹെദ്രിനിലെ ആ 71 ന്യായാധിപന്മാർ രാജ്യത്തെ ഏറ്റവും ശക്തരായ പുരുഷന്മാരാണ്. മഹാപുരോഹിതനായ കയ്യഫയാണ് അവരെ വിളിച്ചുകൂട്ടിയിരിക്കുന്നത്. ഏതാനും മാസങ്ങൾക്കു മുമ്പ് യേശുവിനെ മരണത്തിനു വിധിച്ചപ്പോഴും കോടതിയുടെ അധ്യക്ഷൻ കയ്യഫയായിരുന്നു. (മത്താ. 26:57, 59; പ്രവൃ. 6:8-12) കള്ളസ്സാക്ഷികളെ ഒന്നിനു പുറകേ ഒന്നായി അണിനിരത്തിക്കൊണ്ടിരുന്ന അവർ അതിശയകരമായ ഒരു വസ്തുത ശ്രദ്ധിച്ചു. ‘സ്തെഫാനൊസിന്റെ മുഖം ഒരു ദൈവദൂതന്റെ മുഖംപോലിരിക്കുന്നു.’—പ്രവൃ. 6:13-15.
സ്തെഫാനൊസിന് എങ്ങനെയാണ് അത്രയും ശാന്തനായി നിൽക്കാൻ കഴിഞ്ഞത്, അതും ആരും ഭയപ്പെട്ടുപോകുന്ന ഒരു സന്ദർഭത്തിൽ? സൻഹെദ്രിന്റെ മുന്നിലേക്കു ബലമായി പിടിച്ചുകൊണ്ടുവരുന്നതിനു മുമ്പ്, സ്തെഫാനൊസ് പരിശുദ്ധാത്മാവിന്റെ ശക്തമായ സ്വാധീനത്തിൽകീഴിൽ തന്റെ ശുശ്രൂഷയിൽ മുഴുകിയിരിക്കുകയായിരുന്നു. (പ്രവൃ. 6:3-7) വിചാരണയുടെ സമയത്ത് അതേ ആത്മാവ് ഒരു ആശ്വാസകനായി സ്തെഫാനൊസിന്റെ മേൽ പ്രവർത്തിച്ചു. (യോഹ. 14:16, അടിക്കുറിപ്പ്) സ്തെഫാനൊസ് തന്റെ ഭാഗം വിശദീകരിച്ച് സംസാരിച്ച ആ സമയത്ത് 20-ഓ അതിലധികമോ എബ്രായതിരുവെഴുത്തുകൾ പരിശുദ്ധാത്മാവ് അദ്ദേഹത്തിന്റെ ഓർമയിലേക്കു കൊണ്ടുവന്നു. അദ്ദേഹത്തിന്റെ വാക്കുകൾ പ്രവൃത്തികൾ 7-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (യോഹ. 14:26) യേശു ദൈവത്തിന്റെ വലതുഭാഗത്ത് നിൽക്കുന്നതായി ദർശനം കണ്ടപ്പോൾ സ്തെഫാനൊസിന്റെ വിശ്വാസം ഒന്നുകൂടി ശക്തിപ്പെട്ടു.—പ്രവൃ. 7:54-56, 59, 60.
ഒരു ദിവസം നമുക്കും ഇതുപോലെ ഭീഷണികളോ ഉപദ്രവങ്ങളോ നേരിടേണ്ടതായിവന്നേക്കാം. (യോഹ. 15:20) ദൈവവചനത്തിൽനിന്നുള്ള ആത്മീയാഹാരം ക്രമമായി ഭക്ഷിക്കുകയും ശുശ്രൂഷയിൽ മുഴുകിയിരിക്കുകയും ചെയ്യുകയാണെങ്കിൽ യഹോവയുടെ ആത്മാവ് നമ്മളിൽ പ്രവർത്തിക്കാൻ നമ്മൾ വഴി തുറക്കുകയായിരിക്കും. ആന്തരികസമാധാനം നിലനിറുത്തിക്കൊണ്ട് എതിർപ്പുകൾ നേരിടാനുള്ള ശക്തിയും നമുക്കു ലഭിക്കും.—1 പത്രോ. 4:12-14.