പഠനലേഖനം 5
മീറ്റിങ്ങുകൾക്കു കൂടിവരാൻ നമ്മളെ പ്രചോദിപ്പിക്കുന്ന ഗുണങ്ങൾ
‘കർത്താവ് വരുന്നതുവരെ, കർത്താവിന്റെ മരണത്തെ പ്രഖ്യാപിക്കുക.’—1 കൊരി. 11:26.
ഗീതം 18 മോചനവിലയ്ക്കു നന്ദിയുള്ളവർ
പൂർവാവലോകനംa
1-2. (എ) കർത്താവിന്റെ അത്താഴത്തിനു ലക്ഷക്കണക്കിന് ആളുകൾ കൂടിവരുമ്പോൾ യഹോവ ആരെയൊക്കെയാണു ശ്രദ്ധിക്കുന്നത്? (പുറംതാളിലെ ചിത്രം കാണുക.) (ബി) ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കാൻപോകുന്നത്?
കർത്താവിന്റെ അത്താഴത്തിനു ലോകമെങ്ങും ലക്ഷക്കണക്കിന് ആളുകൾ കൂടിവരുമ്പോൾ യഹോവ ആരെയൊക്കെ കാണുന്നുണ്ടെന്നു ചിന്തിക്കുക. വലിയൊരു കൂട്ടം ആളുകളെ മാത്രമല്ല യഹോവ കാണുക. കൂടിവരുന്ന ഓരോ വ്യക്തിയെയും യഹോവ ശ്രദ്ധിക്കും. ഉദാഹരണത്തിന്, ഓരോ വർഷവും മുടക്കമില്ലാതെ സ്മാരകത്തിനു വരുന്നവരെ യഹോവ കാണും. അതിൽ കടുത്ത ഉപദ്രവങ്ങൾ സഹിച്ച് വരുന്നവരുണ്ട്. മറ്റു ചിലർ എല്ലാ മീറ്റിങ്ങുകൾക്കും വരാറില്ലെങ്കിലും സ്മാരകത്തിനു വരുന്നതു പാവനമായ ഒരു കടമയായി വീക്ഷിക്കുന്നു. സ്മാരകത്തിന് ആദ്യമായി ഹാജരാകുന്നവരെ, വെറുതേ കൗതുകത്തിന്റെ പുറത്ത് വരുന്നവരെപ്പോലും, യഹോവ ശ്രദ്ധിക്കും.
2 സ്മാരകത്തിനു വളരെയധികം ആളുകൾ കൂടിവരുന്നതു കാണുമ്പോൾ യഹോവയ്ക്കു തീർച്ചയായും സന്തോഷം തോന്നും. (ലൂക്കോ. 22:19) എന്നാൽ എത്ര പേർ വരുന്നു എന്നതല്ല യഹോവയുടെ മുഖ്യചിന്ത. സ്മാരകത്തിനു വരാൻ അവരെ പ്രേരിപ്പിക്കുന്ന കാരണമാണു യഹോവ പ്രധാനമായും ശ്രദ്ധിക്കുന്നത്. ഈ ലേഖനത്തിൽ, പ്രധാനപ്പെട്ട ഒരു ചോദ്യത്തിനുള്ള ഉത്തരം നമ്മൾ ചർച്ച ചെയ്യും: സ്മാരകാചരണത്തിനു മാത്രമല്ല, തന്നെ സ്നേഹിക്കുന്നവർക്കായി യഹോവ കരുതിയിരിക്കുന്ന, ആഴ്ചതോറും നടക്കുന്ന മീറ്റിങ്ങുകൾക്കും നമ്മൾ കൂടിവരേണ്ടത് എന്തുകൊണ്ട്?
താഴ്മ നമ്മളെ പ്രേരിപ്പിക്കുന്നു
3-4. (എ) നമ്മൾ എന്തുകൊണ്ടാണു മീറ്റിങ്ങുകൾക്കു കൂടിവരുന്നത്? (ബി) മീറ്റിങ്ങുകൾക്കു കൂടിവരുന്നതു നമ്മളെക്കുറിച്ച് എന്തു തെളിയിക്കുന്നു? (സി) 1 കൊരിന്ത്യർ 11:23-26-ന്റെ അടിസ്ഥാനത്തിൽ നമ്മൾ സ്മാരകത്തിനു പോകേണ്ടത് എന്തുകൊണ്ട്?
3 നമ്മൾ മീറ്റിങ്ങുകൾക്കു കൂടിവരുന്നതിന്റെ പ്രധാനകാരണം അതു നമ്മുടെ ആരാധനയുടെ ഭാഗമാണ് എന്നതാണ്. മീറ്റിങ്ങുകളിൽവെച്ച് യഹോവ നമ്മളെ പഠിപ്പിക്കുന്നു എന്നതും കൂടിവരാൻ നമ്മളെ പ്രേരിപ്പിക്കുന്നു. തങ്ങളെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല എന്നാണ് അഹങ്കാരികളായ ആളുകളുടെ ചിന്ത. (3 യോഹ. 9) അവരിൽനിന്ന് വ്യത്യസ്തരായി, യഹോവയും യഹോവ ഉപയോഗിക്കുന്ന സംഘടനയും നമ്മളെ പഠിപ്പിക്കണമെന്നാണു നമ്മുടെ ആഗ്രഹം.—യശ. 30:20; യോഹ. 6:45.
4 മീറ്റിങ്ങുകൾക്കു കൂടിവരുന്നതിലൂടെ പഠിക്കാൻ മനസ്സൊരുക്കമുള്ള, താഴ്മയുള്ള വ്യക്തികളാണു നമ്മൾ എന്നു കാണിക്കുകയാണ്. യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കുന്ന രാത്രിയിൽ പ്രധാനപ്പെട്ട ആ പരിപാടിക്കു നമ്മൾ കൂടിവരുന്നത് അതു നമ്മുടെ കടമയായി തോന്നുന്നതുകൊണ്ട് മാത്രമല്ല, പകരം “എന്റെ ഓർമയ്ക്കുവേണ്ടി ഇതു തുടർന്നും ചെയ്യുക” എന്ന യേശുവിന്റെ കല്പന താഴ്മയോടെ അനുസരിക്കുന്നതുകൊണ്ടും കൂടിയാണ്. (1 കൊരിന്ത്യർ 11:23-26 വായിക്കുക.) ആ മീറ്റിങ്ങ് ഭാവിയെക്കുറിച്ചുള്ള പ്രത്യാശ കൂടുതൽ ശോഭനമാക്കുന്നു, യഹോവ നമ്മളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന കാര്യം അതു നമ്മളെ ഓർമിപ്പിക്കുന്നു. എന്നാൽ വർഷത്തിൽ ഒരിക്കൽ മാത്രം നമ്മളെ പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്താൽ പോരാ എന്ന് യഹോവയ്ക്ക് അറിയാം. അതുകൊണ്ട് ഓരോ ആഴ്ചയും യഹോവ നമുക്കുവേണ്ടി സഭായോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നു, മുടങ്ങാതെ വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. അത് അനുസരിക്കാൻ താഴ്മ നമ്മളെ പ്രേരിപ്പിക്കുന്നു. ആ മീറ്റിങ്ങുകൾക്കു തയ്യാറാകാനും അവിടെയായിരിക്കാനും ഓരോ ആഴ്ചയും നമ്മൾ മണിക്കൂറുകൾ ചെലവഴിക്കുന്നു.
5. താഴ്മയുള്ള ആളുകൾ യഹോവയുടെ ക്ഷണം സ്വീകരിക്കുന്നത് എന്തുകൊണ്ടാണ്?
5 തന്നിൽനിന്ന് പഠിക്കാനുള്ള ക്ഷണം യഹോവ വെച്ചുനീട്ടുമ്പോൾ ഓരോ വർഷവും താഴ്മയുള്ള അനേകം ആളുകൾ ആ ക്ഷണം സ്വീകരിക്കുന്നു. (യശ. 50:4) സ്മാരകത്തിനു ഹാജരാകുന്നത് അവർക്ക് ഒരു പുതിയ അനുഭവമാണ്. പിന്നീട് മറ്റു മീറ്റിങ്ങുകൾക്കും അവർ ഹാജരാകാൻ തുടങ്ങുന്നു. (സെഖ. 8:20-23) ഈ പുതിയവരും നമ്മളും ഒന്നുചേർന്ന് “(നമ്മുടെ) സഹായിയും രക്ഷകനും” ആയ യഹോവയിൽനിന്ന് പഠിക്കാനും യഹോവയാൽ വഴി നയിക്കപ്പെടാനും കഴിയുന്നതിൽ സന്തോഷിക്കുന്നു. (സങ്കീ. 40:17) നമ്മളെ പഠിപ്പിക്കാനായി യഹോവയും യഹോവ അതിയായി സ്നേഹിക്കുന്ന മകനും ക്ഷണിക്കുമ്പോൾ, ആ ക്ഷണം സ്വീകരിക്കുന്നതിനെക്കാൾ പ്രധാനപ്പെട്ട, അതിനെക്കാൾ സന്തോഷം തരുന്ന മറ്റ് എന്താണുള്ളത്!—മത്താ. 17:5; 18:20; 28:20.
6. സ്മാരകത്തിൽ പങ്കെടുക്കാൻ താഴ്മ ഒരു വ്യക്തിയെ സഹായിച്ചത് എങ്ങനെ?
6 ഓരോ വർഷവും ക്രിസ്തുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാൻ കഴിയുന്നത്ര ആളുകളെ ക്ഷണിക്കാൻ നമ്മൾ കഠിനശ്രമം ചെയ്യുന്നു. നമ്മുടെ ക്ഷണം സ്വീകരിച്ച പലർക്കും പ്രയോജനം കിട്ടിയിട്ടുണ്ട്. ഒരു അനുഭവം നോക്കാം. ഏതാനും വർഷങ്ങൾക്കു മുമ്പ്, ഒരു സഹോദരൻ ഒരാൾക്ക് ഒരു ക്ഷണക്കത്ത് കൊടുത്തു. എന്നാൽ തനിക്കു വരാൻ സാധിക്കില്ല എന്ന് ആ വ്യക്തി പറഞ്ഞു. പക്ഷേ നമ്മുടെ സഹോദരനെ അമ്പരപ്പിച്ചുകൊണ്ട് ആ വ്യക്തി സ്മാരകത്തിനു വന്നു. സഹോദരങ്ങളെല്ലാം സ്നേഹത്തോടെ സ്വാഗതം ചെയ്തത് ആ വ്യക്തിയെ ആഴത്തിൽ സ്പർശിച്ചു. അദ്ദേഹം പതിവായി സഭായോഗങ്ങൾക്കു വരാൻ തുടങ്ങി. അതിനു ശേഷമുള്ള വർഷത്തിൽ അദ്ദേഹത്തിനു മൂന്നു മീറ്റിങ്ങു മാത്രമേ നഷ്ടപ്പെട്ടുള്ളൂ. മീറ്റിങ്ങുകൾക്കു പതിവായി ഹാജരാകാൻ ആ വ്യക്തിയെ എന്താണു സഹായിച്ചത്? തീരുമാനം മാറ്റാനുള്ള താഴ്മ. അദ്ദേഹത്തെ ക്ഷണിച്ച സഹോദരൻ പിന്നീട് ഇങ്ങനെ പറഞ്ഞു: “നല്ല താഴ്മയുള്ള ഒരാളാണ് അദ്ദേഹം.” തീർച്ചയായും, തന്നെ ആരാധിക്കാൻ യഹോവ ആ വ്യക്തിയെ ആകർഷിച്ചതാണ്, ഇപ്പോൾ അദ്ദേഹം സ്നാനപ്പെട്ട ഒരു സഹോദരനാണ്.—2 ശമു. 22:28; യോഹ. 6:44.
7. മീറ്റിങ്ങുകളിൽ പഠിക്കുന്ന കാര്യങ്ങളും ബൈബിളിൽനിന്ന് വായിക്കുന്ന കാര്യങ്ങളും താഴ്മയുള്ളവരായിരിക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
7 മീറ്റിങ്ങുകളിൽ പഠിക്കുന്ന കാര്യങ്ങളും ബൈബിളിൽനിന്ന് വായിക്കുന്ന കാര്യങ്ങളും താഴ്മയുള്ളവരായിരിക്കാൻ നമ്മളെ സഹായിക്കും. സ്മാരകത്തിനു മുമ്പുള്ള ആഴ്ചകളിൽ നടക്കുന്ന മീറ്റിങ്ങുകളിൽ, യേശുവിന്റെ മാതൃകയെക്കുറിച്ചും മോചനവിലയായി സ്വന്തം ജീവൻ തരാൻ യേശു കാണിച്ച താഴ്മയെക്കുറിച്ചും നമ്മൾ ആഴത്തിൽ പഠിക്കും. സ്മാരകത്തിനു മുമ്പുള്ള ദിവസങ്ങളിൽ യേശുവിന്റെ മരണത്തോടും പുനരുത്ഥാനത്തോടും ബന്ധപ്പെട്ട സംഭവങ്ങളുടെ ബൈബിൾവിവരണങ്ങൾ വായിക്കാൻ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. നമ്മൾ മീറ്റിങ്ങുകളിൽ പഠിക്കുന്ന കാര്യങ്ങളും ബൈബിളിൽ വായിക്കുന്ന കാര്യങ്ങളും യേശു നമുക്കുവേണ്ടി ചെയ്ത ത്യാഗത്തിന്റെ മൂല്യം കൂടുതലായി മനസ്സിലാക്കാൻ നമ്മളെ സഹായിക്കും. ബുദ്ധിമുട്ടായിരിക്കുന്ന സാഹചര്യങ്ങളിൽപ്പോലും, യേശുവിന്റെ താഴ്മ അനുകരിക്കാനും യഹോവയുടെ ഇഷ്ടം ചെയ്യാനും നമ്മൾ പ്രേരിതരാകും.—ലൂക്കോ. 22:41, 42.
ധൈര്യം നമ്മളെ സഹായിക്കുന്നു
8. യേശു എങ്ങനെയാണു ധൈര്യം കാണിച്ചത്?
8 ധൈര്യം കാണിക്കുന്ന കാര്യത്തിലും യേശുവിന്റെ മാതൃക അനുകരിക്കാൻ നമ്മൾ ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുന്നു. മരണത്തിനു മുമ്പുള്ള ദിവസങ്ങളിൽ യേശു കാണിച്ച ധൈര്യത്തെക്കുറിച്ച് ചിന്തിക്കുക. ശത്രുക്കൾ തന്നെ അപമാനിക്കുമെന്നും അടിക്കുമെന്നും വധിക്കുമെന്നും യേശുവിനു നന്നായി അറിയാമായിരുന്നു. (മത്താ. 20:17-19) എന്നിട്ടും യേശു മരിക്കാൻ തയ്യാറായി. സമയം വന്നപ്പോൾ, തന്നോടൊപ്പം ഗത്ത്ശെമന തോട്ടത്തിലുണ്ടായിരുന്ന വിശ്വസ്തരായ അപ്പോസ്തലന്മാരോടു യേശു പറഞ്ഞു: “എഴുന്നേൽക്ക്, നമുക്കു പോകാം. ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവൻ അടുത്ത് എത്തിയിരിക്കുന്നു.” (മത്താ. 26:36, 46) സായുധരായ ജനക്കൂട്ടം അറസ്റ്റു ചെയ്യാൻ വന്നപ്പോൾ യേശു ധൈര്യത്തോടെ മുന്നോട്ടുവന്ന്, അവർ അന്വേഷിക്കുന്ന വ്യക്തി താനാണെന്നു പറഞ്ഞു. എന്നിട്ട് അപ്പോസ്തലന്മാരെ വിട്ടേക്കാൻ പടയാളികളോടു കല്പിച്ചു. (യോഹ. 18:3-8) എത്ര അസാധാരണമായ ധൈര്യമാണു യേശു കാണിച്ചത്! ഇന്ന്, അഭിഷിക്ത ക്രിസ്ത്യാനികളും വേറെ ആടുകളിൽപ്പെട്ടവരും ധൈര്യം കാണിക്കുന്നതിൽ യേശുവിന്റെ മാതൃക അനുകരിക്കാൻ കഠിനശ്രമം ചെയ്യുന്നു. എങ്ങനെ?
9. (എ) ക്രമമായി മീറ്റിങ്ങുകൾക്കു കൂടിവരാൻ ധൈര്യം ആവശ്യമായിവന്നേക്കാവുന്നത് എന്തുകൊണ്ട്? (ബി) വിശ്വാസത്തിന്റെ പേരിൽ തടവിൽ കിടക്കുന്ന സഹോദരങ്ങളെ നമ്മുടെ മാതൃക എങ്ങനെ സഹായിക്കും?
9 ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലാണു നമ്മളെങ്കിൽ, മീറ്റിങ്ങുകളിൽ ക്രമമായി പങ്കുപറ്റാൻ നമുക്കു ധൈര്യം വേണം. നമ്മുടെ ചില സഹോദരങ്ങൾ തീവ്രമായ ദുഃഖത്തിന്റെയും നിരുത്സാഹത്തിന്റെയും ആരോഗ്യപ്രശ്നങ്ങളുടെയും മധ്യേയാണു മീറ്റിങ്ങുകൾക്കു വരുന്നത്. മറ്റു ചിലർ കുടുംബാംഗങ്ങളുടെയോ ഗവൺമെന്റ് അധികാരികളുടെയോ കടുത്ത എതിർപ്പിനെ മറികടന്നാണു മീറ്റിങ്ങുകൾക്കു ഹാജരാകുന്നത്. നമ്മുടെ മാതൃക വിശ്വാസത്തിന്റെ പേരിൽ തടവിൽ കിടക്കുന്ന സഹോദരങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നു ചിന്തിക്കുക. (എബ്രാ. 13:3) പരിശോധനകളുണ്ടാകുമ്പോഴും നമ്മൾ യഹോവയെ സേവിക്കുന്നു എന്ന് അറിയുമ്പോൾ, വിശ്വാസവും ധൈര്യവും വിശ്വസ്തതയും കാത്തുസൂക്ഷിക്കാനുള്ള അവരുടെ മനോബലം വർധിക്കും. പൗലോസ് അപ്പോസ്തലനു സമാനമായ ഒരു അനുഭവമുണ്ടായിട്ടുണ്ട്. റോമിൽ വീട്ടുതടങ്കലിലായിരുന്നപ്പോൾ, ദൈവത്തെ വിശ്വസ്തമായി സേവിക്കുന്ന സഹോദരങ്ങളെക്കുറിച്ച് കേട്ടതിൽ പൗലോസ് അതിയായി സന്തോഷിച്ചു. (ഫിലി. 1:3-5, 12-14) തടവിൽനിന്ന് മോചിതനാകുന്നതിനു തൊട്ടുമുമ്പോ അല്ലെങ്കിൽ മോചിതനായി അധികം വൈകാതെയോ ആണ് പൗലോസ് എബ്രായർക്കുള്ള കത്ത് എഴുതിയത്. ആ കത്തിൽ, ‘തുടർന്നും സഹോദരസ്നേഹം കാണിക്കണമെന്നും’ യോഗങ്ങൾക്കു കൂടിവരാതിരിക്കരുതെന്നും വിശ്വസ്തരായ ആ ക്രിസ്ത്യാനികളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.—എബ്രാ. 10:24, 25; 13:1.
10-11. (എ) നമ്മൾ സ്മാരകത്തിന് ആരെയൊക്കെ ക്ഷണിക്കണം? (ബി) എഫെസ്യർ 1:7 അതിനുള്ള എന്തു കാരണമാണു നമുക്കു തരുന്നത്?
10 ബന്ധുക്കളെയും നമ്മുടെകൂടെ ജോലി ചെയ്യുന്നവരെയും അയൽക്കാരെയും സ്മാരകത്തിനു ക്ഷണിക്കുന്നതിലൂടെ നമ്മൾ ധൈര്യം കാണിക്കുന്നു. നമ്മൾ എന്തുകൊണ്ടാണ് അവരെ ക്ഷണിക്കുന്നത്? യഹോവയും യേശുവും നമുക്കുവേണ്ടി ചെയ്തതിനു നമ്മൾ നന്ദിയുള്ളവരാണ്, അതുകൊണ്ടുതന്നെ സ്മാരകത്തിനു മറ്റുള്ളവരെ ക്ഷണിക്കാതിരിക്കാൻ നമുക്കാകില്ല. മോചനവിലയിലൂടെ യഹോവ കാണിച്ച ‘അനർഹദയയിൽനിന്ന്’ എങ്ങനെ പ്രയോജനം നേടാമെന്ന് അവരും പഠിക്കണമെന്നാണു നമ്മുടെ ആഗ്രഹം.—എഫെസ്യർ 1:7 വായിക്കുക; വെളി. 22:17.
11 മീറ്റിങ്ങുകൾക്കു കൂടിവരാനുള്ള ധൈര്യം കാണിക്കുമ്പോൾ നമ്മൾ വിലയേറിയ മറ്റൊരു ഗുണംകൂടെ കാണിക്കുകയാണ്, ദൈവവും ദൈവപുത്രനും അസാധാരണമായ വിധങ്ങളിൽ പ്രകടമാക്കിയ ഒരു ഗുണം.
സ്നേഹം നമ്മളെ നിർബന്ധിക്കുന്നു
12. (എ) മീറ്റിങ്ങുകൾ എങ്ങനെയാണ് യഹോവയോടും യേശുവിനോടും ഉള്ള സ്നേഹം ആഴമുള്ളതാക്കുന്നത്? (ബി) യേശുവിനെ അനുകരിച്ചുകൊണ്ട് എന്തു ചെയ്യാനാണ് 2 കൊരിന്ത്യർ 5:14, 15 നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്?
12 യഹോവയോടും യേശുവിനോടും ഉള്ള സ്നേഹം മീറ്റിങ്ങുകൾക്കു കൂടിവരാൻ നമ്മളെ ‘നിർബന്ധിക്കുന്നു.’ മീറ്റിങ്ങുകളിൽനിന്ന് പഠിക്കുന്ന കാര്യങ്ങളാകട്ടെ, യഹോവയോടും യേശുവിനോടും ഉള്ള നമ്മുടെ സ്നേഹം ആഴമുള്ളതാക്കും. അവർ നമുക്കുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് മീറ്റിങ്ങുകൾ കൂടെക്കൂടെ നമ്മളെ ഓർമിപ്പിക്കുന്നു, പ്രത്യേകിച്ചും സ്മാരകം. (റോമ. 5:8) മോചനവിലയുടെ മൂല്യം ഇതേവരെ മനസ്സിലാക്കിയിട്ടില്ലാത്ത ആളുകളോടുപോലും യഹോവയും യേശുവും കാണിച്ച ആഴമായ സ്നേഹം സ്മാരകം നമ്മുടെ മനസ്സിലേക്കു കൊണ്ടുവരും. അപ്പോൾ നമ്മുടെ ഹൃദയം നന്ദികൊണ്ട് നിറയും, യേശുവിന്റെ മാതൃക ജീവിതത്തിലേക്കു പകർത്താൻ ഓരോ ദിവസവും നമ്മൾ കഠിനശ്രമം ചെയ്യും. (2 കൊരിന്ത്യർ 5:14, 15 വായിക്കുക.) കൂടാതെ മോചനവില നൽകിയതിനെപ്രതി യഹോവയെ സ്തുതിക്കാൻ നമ്മുടെ ഹൃദയം തുടിക്കും. അതിനുള്ള ഒരു മാർഗം, മീറ്റിങ്ങുകളിൽ ഹൃദയത്തിൽനിന്ന് വരുന്ന അഭിപ്രായങ്ങൾ പറയുന്നതാണ്.
13. യഹോവയോടും യേശുവിനോടും ഉള്ള സ്നേഹത്തിന്റെ ആഴം നമുക്ക് എങ്ങനെ കാണിക്കാം? വിശദീകരിക്കുക.
13 യഹോവയ്ക്കും യേശുവിനും വേണ്ടി എന്തും വിട്ടുകൊടുക്കാൻ മനസ്സു കാണിച്ചുകൊണ്ട് നമുക്ക് അവരോടുള്ള സ്നേഹത്തിന്റെ ആഴം തെളിയിക്കാം. മിക്കപ്പോഴും മീറ്റിങ്ങുകൾക്കു വരാൻ നമ്മൾ പലപല ത്യാഗങ്ങൾ ചെയ്യുന്നുണ്ട്. അനേകം സഭകളും ആഴ്ചയിൽ ഒരു വൈകുന്നേരമാണു ഇടദിവസത്തെ മീറ്റിങ്ങിനു പട്ടികപ്പെടുത്തിയിരിക്കുന്നത്. ജോലി കഴിഞ്ഞ് ക്ഷീണിച്ചിരിക്കുന്ന സമയമായിരിക്കും അത്. പൊതുവേ മറ്റുള്ളവരെല്ലാം വിശ്രമത്തിനായി മാറ്റിവെച്ചിരിക്കുന്ന വാരാന്തത്തിലാണു മറ്റൊരു മീറ്റിങ്ങ്. ക്ഷീണിതരാണെങ്കിലും മീറ്റിങ്ങിനു നമ്മൾ കൂടിവരുന്നത് യഹോവ ശ്രദ്ധിക്കുന്നുണ്ടോ? തീർച്ചയായും! മീറ്റിങ്ങിനു കൂടിവരാൻ നമ്മൾ ചെയ്യുന്ന ഓരോ ശ്രമവും യഹോവ കാണുകയും അതിനു വില കല്പിക്കുകയും ചെയ്യുന്നുണ്ട്.—മർക്കോ. 12:41-44.
14. ആത്മത്യാഗസ്നേഹം കാണിക്കുന്നതിൽ യേശു എങ്ങനെയാണു മാതൃക വെച്ചത്?
14 ആത്മത്യാഗസ്നേഹം കാണിക്കുന്നതിൽ യേശു നമുക്കു മാതൃക വെച്ചിരിക്കുന്നു. ശിഷ്യന്മാർക്കുവേണ്ടി മരിക്കാൻ മാത്രമല്ല തന്റെ ഇഷ്ടങ്ങളെക്കാൾ അവരുടെ താത്പര്യങ്ങൾക്കു മുൻഗണന കൊടുത്തുകൊണ്ട് ജീവിക്കാനും യേശു തയ്യാറായിരുന്നു. ഉദാഹരണത്തിന്, ആകെ ക്ഷീണിച്ച് മാനസികമായി തളർന്നിരുന്ന സമയത്തുപോലും യേശു ശിഷ്യന്മാരുമായി സംസാരിച്ചു. (ലൂക്കോ. 22:39-46) മറ്റുള്ളവരിൽനിന്ന് എന്തു കിട്ടും എന്നല്ല, അവർക്ക് എന്തു കൊടുക്കാം എന്നാണു യേശു നോക്കിയത്. (മത്താ. 20:28) യഹോവയോടും സഹോദരങ്ങളോടും നമുക്ക് അത്ര ശക്തമായ സ്നേഹമുണ്ടെങ്കിൽ കർത്താവിന്റെ അത്താഴത്തിനും മറ്റു സഭായോഗങ്ങൾക്കും കൂടിവരാൻ കഴിയുന്നതെല്ലാം നമ്മൾ ചെയ്യും.
15. നമ്മൾ പ്രത്യേകിച്ചും ആരെ സഹായിക്കാൻ ആഗ്രഹിക്കുന്നു?
15 ലോകമെങ്ങും യഥാർഥക്രിസ്ത്യാനികളുടെ ഒരേ ഒരു സഹോദരസമൂഹമാണുള്ളത്. അതിന്റെ ഭാഗമാണു നമ്മൾ. പുതിയവരെ നമ്മളോടു ചേരാൻ ക്ഷണിക്കുന്നതിനു കഴിയുന്നത്ര സമയം ചെലവഴിക്കാൻ നമുക്കു സന്തോഷമേ ഉള്ളൂ. എങ്കിലും “വിശ്വാസത്തിൽ നമ്മുടെ ബന്ധുക്കളായ,” എന്നാൽ പിന്നീടു നിഷ്ക്രിയരായിപ്പോയ ആളുകളുടെ കാര്യത്തിൽ നമ്മൾ പ്രത്യേകം ശ്രദ്ധയുള്ളവരാണ്. (ഗലാ. 6:10) മീറ്റിങ്ങുകൾക്ക്, പ്രത്യേകിച്ചും സ്മാരകത്തിന്, കൂടിവരാൻ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നമ്മൾ അവരോടുള്ള സ്നേഹം തെളിയിക്കുന്നു. നിഷ്ക്രിയനായ ഒരു വ്യക്തി സ്നേഹമുള്ള പിതാവും ഇടയനും ആയ യഹോവയിലേക്കു മടങ്ങിവരുമ്പോൾ യഹോവയെയും യേശുവിനെയും പോലെ നമുക്കും വളരെയധികം സന്തോഷം തോന്നുന്നു.—മത്താ. 18:14.
16. (എ) നമുക്ക് എങ്ങനെ പരസ്പരം പ്രോത്സാഹിപ്പിക്കാം, മീറ്റിങ്ങുകൾ നമ്മളെ എങ്ങനെ സഹായിക്കും? (ബി) യോഹന്നാൻ 3:16-ൽ കാണുന്ന യേശുവിന്റെ വാക്കുകൾ ഓർക്കാനുള്ള നല്ല സമയമാണ് ഇതെന്നു പറയാവുന്നത് എന്തുകൊണ്ട്?
16 വരും ദിവസങ്ങളിൽ, 2019 ഏപ്രിൽ 19 വെള്ളിയാഴ്ച വൈകുന്നേരം നടക്കാനിരിക്കുന്ന സ്മാരകത്തിനു ഹാജരാകാൻ കഴിയുന്നത്ര ആളുകളെ ക്ഷണിക്കുക. (“നിങ്ങൾ അവരെ ക്ഷണിക്കുമോ?” എന്ന ചതുരം കാണുക.) യഹോവ നമുക്കായി കരുതിയിരിക്കുന്ന മീറ്റിങ്ങുകളിൽ ക്രമമായി പങ്കെടുത്തുകൊണ്ട് എല്ലായ്പോഴും നമുക്കു പരസ്പരം പ്രോത്സാഹിപ്പിക്കാം. ഈ വ്യവസ്ഥിതിയുടെ അന്ത്യം അടുത്തുവന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത്, നമ്മുടെ താഴ്മയും ധൈര്യവും സ്നേഹവും നഷ്ടപ്പെടാതെ സൂക്ഷിക്കാൻ മീറ്റിങ്ങുകൾ നമ്മളെ സഹായിക്കും. (1 തെസ്സ. 5:8-11) നമ്മളെ കണക്കില്ലാതെ സ്നേഹിച്ചതിന് യഹോവയോടും യേശുവിനോടും നമ്മൾ എത്ര നന്ദിയുള്ളവരാണെന്നു മുഴുഹൃദയത്തോടെ നമുക്കു കാണിക്കാം!—യോഹന്നാൻ 3:16 വായിക്കുക.
ഗീതം 126 ഉണർന്നിരിക്കുക, ഉറച്ചുനിൽക്കുക, കരുത്തു നേടുക
a 2019 ഏപ്രിൽ 19 വെള്ളിയാഴ്ച വൈകുന്നേരം നമ്മൾ ക്രിസ്തുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കും. വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട മീറ്റിങ്ങാണ് ഇത്. ഈ മീറ്റിങ്ങിനു കൂടിവരാൻ നമ്മളെ പ്രേരിപ്പിക്കുന്നത് എന്താണ്? യഹോവയെ സന്തോഷിപ്പിക്കാൻ നമ്മളെല്ലാം ആഗ്രഹിക്കുന്നു എന്നതിൽ സംശയമില്ല. ഈ ലേഖനത്തിൽ, സ്മാരകത്തിനും ആഴ്ചതോറുമുള്ള മീറ്റിങ്ങുകൾക്കും കൂടിവരാൻ നമ്മളെ പ്രചോദിപ്പിക്കുന്ന ഗുണങ്ങൾ നമ്മൾ ചിന്തിക്കും.
b പുറംതാളിലെ ചിത്രം: ലോകമെങ്ങുമായി കർത്താവിന്റെ അത്താഴത്തിനു കൂടിവരുന്ന ലക്ഷക്കണക്കിന് ആളുകളെ സ്വാഗതം ചെയ്യുന്നു
c ചിത്രക്കുറിപ്പ്: വിശ്വാസത്തിന്റെ പേരിൽ ജയിലിൽ കിടക്കുന്ന ഒരു സഹോദരനു വീട്ടിൽനിന്ന് ഒരു കത്തു ലഭിക്കുന്നു. തന്നെ മറന്നിട്ടില്ലെന്നും കുടുംബാംഗങ്ങൾ താമസിക്കുന്ന പ്രദേശത്ത് ഒരു ആഭ്യന്തരകലാപം നടക്കുന്നുണ്ടെങ്കിലും അവർ വിശ്വസ്തമായി യഹോവയെ സേവിക്കുന്നെന്നും മനസ്സിലാക്കുമ്പോൾ അദ്ദേഹത്തിനു സന്തോഷം തോന്നുന്നു.