പഠനലേഖനം 8
നന്ദി കാണിക്കേണ്ടത് എന്തുകൊണ്ട്?
‘നിങ്ങൾ നന്ദിയുള്ളവരാണെന്നു കാണിക്കണം.’—കൊലോ. 3:15.
ഗീതം 46 യഹോവേ, ഞങ്ങൾ നന്ദിയേകുന്നു
പൂർവാവലോകനംa
1. യേശു സുഖപ്പെടുത്തിയ ഒരു ശമര്യക്കാരൻ എങ്ങനെയാണു നന്ദി കാണിച്ചത്?
കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ. ഭാവി അവരുടെ മുമ്പിൽ ഇരുളടഞ്ഞതാണ്. ആകെ നിരാശിതരായി കഴിഞ്ഞിരുന്ന സമയത്താണ് അവർ ഒരു ദിവസം യേശുവിനെ, മഹാനായ അധ്യാപകനെ, കണ്ടത്. യേശു എല്ലാ തരം രോഗങ്ങളും സൗഖ്യമാക്കുമെന്ന് അവർ കേട്ടിട്ടുണ്ട്. യേശുവിനു അവരെയും സുഖപ്പെടുത്താൻ കഴിയുമെന്ന് അവർക്ക് ഉറപ്പായിരുന്നു. അവർ ദൂരെനിന്ന് ഉറക്കെ വിളിച്ചുപറഞ്ഞു: “യേശുവേ, ഗുരുവേ, ഞങ്ങളോടു കരുണ കാണിക്കണേ.” ആ പത്തു പേരും സുഖപ്പെട്ടു! യേശു തങ്ങളോടു കാണിച്ച ദയയ്ക്ക് ആ പത്തു പേർക്കും എത്ര നന്ദി തോന്നിക്കാണും! എന്നാൽ അതിൽ ഒരാൾക്കു യേശുവിനോടു നന്ദി തോന്നുക മാത്രമല്ല ആ നന്ദിയും വിലമതിപ്പുംb അയാൾ പ്രകടമാക്കുകയും ചെയ്തു. അയാൾ ഒരു ശമര്യക്കാരനായിരുന്നു, “ഉറക്കെ ദൈവത്തെ സ്തുതിക്കാൻ” അയാൾക്കു പ്രചോദനം തോന്നി.—ലൂക്കോ. 17:12-19.
2-3. (എ) വിലമതിപ്പു കാണിക്കാൻ നമ്മൾ മറന്നുപോയേക്കാവുന്നത് എന്തുകൊണ്ട്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
2 ദയ കാണിക്കുന്ന ആളുകളോടു നന്ദി കാണിക്കാൻ ആ ശമര്യക്കാരനെപ്പോലെ നമ്മളും ആഗ്രഹിക്കുന്നു. എന്നാൽ, വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ നമ്മുടെ നന്ദി അറിയിക്കാൻ ചിലപ്പോൾ നമ്മൾ വിട്ടുപോയേക്കാം.
3 വാക്കിലൂടെയും പ്രവൃത്തിയിലൂടെയും നന്ദി കാണിക്കേണ്ടതിന്റെ പ്രാധാന്യം ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. വിലമതിപ്പു പ്രകടമാക്കിയ ചിലരെയും പ്രകടമാക്കാതിരുന്ന ചിലരെയും ബൈബിളിൽനിന്ന് നമ്മൾ പരിചയപ്പെടും. വിലമതിപ്പു കാണിക്കാൻ കഴിയുന്ന ചില പ്രത്യേകവിധങ്ങളെക്കുറിച്ചും നമ്മൾ പഠിക്കും.
നന്ദി കാണിക്കേണ്ടത് എന്തുകൊണ്ട്?
4-5. നമ്മൾ വിലമതിപ്പുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
4 വിലമതിപ്പു കാണിക്കുന്ന കാര്യത്തിൽ യഹോവ നമുക്കു മാതൃക വെച്ചിട്ടുണ്ട്. യഹോവ എങ്ങനെയാണ് അതു ചെയ്യുന്നത്? തന്നെ പ്രസാദിപ്പിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നതാണ് ഒരു വിധം. (2 ശമു. 22:21; സങ്കീ. 13:6; മത്താ. 10:40, 41) ‘പ്രിയമക്കളായി ദൈവത്തെ അനുകരിക്കാൻ’ തിരുവെഴുത്തുകൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. (എഫെ. 5:1) അതുകൊണ്ട് യഹോവയെ അനുകരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നമ്മൾ വിലമതിപ്പുള്ളവരായിരിക്കണം.
5 വിലമതിപ്പു കാണിക്കേണ്ടതിന്റെ മറ്റൊരു കാരണം നോക്കാം. വിലമതിപ്പു നല്ല ഒരു ഭക്ഷണംപോലെയാണ്. മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ അതിനു സ്വാദു കൂടും. ആളുകൾ നമ്മളോടു വിലമതിപ്പു കാണിക്കുമ്പോൾ നമുക്കു സന്തോഷം തോന്നും. നമ്മൾ വിലമതിപ്പു കാണിക്കുമ്പോൾ അതു മറ്റുള്ളവരെ സന്തോഷിപ്പിക്കും. എന്തുകൊണ്ട്? നന്ദി കാണിക്കുമ്പോൾ, നമ്മളെ സഹായിക്കാൻ അവർ ചെയ്ത കാര്യങ്ങൾ, അല്ലെങ്കിൽ നമുക്ക് ആവശ്യമുള്ള എന്തെങ്കിലും തന്നത്, നമുക്കു പ്രയോജനപ്പെട്ടു എന്ന് അവർക്കു മനസ്സിലാകും. അപ്പോൾ നമ്മളും ആ വ്യക്തിയും തമ്മിലുള്ള സൗഹൃദം കുറച്ചുകൂടെ ശക്തമാകും.
6. നന്ദിവാക്കുകളും സ്വർണംകൊണ്ടുള്ള ആപ്പിളും തമ്മിലുള്ള ചില സമാനതകൾ എന്തെല്ലാം?
6 നമ്മുടെ നന്ദിപ്രകടനങ്ങൾക്കു ശരിക്കും വിലയുണ്ട്. ബൈബിൾ പറയുന്നു: “തക്കസമയത്ത് പറയുന്ന വാക്ക് വെള്ളിപ്പാത്രത്തിലെ സ്വർണ ആപ്പിളുകൾപോലെ.” (സുഭാ. 25:11) വെള്ളിപ്പാത്രത്തിൽ വെച്ചിരിക്കുന്ന സ്വർണംകൊണ്ടുള്ള ഒരു ആപ്പിൾ എത്ര മനോഹരമായിരിക്കുമെന്ന് ഒന്നു ഭാവനയിൽ കാണാമോ! അത് എത്ര വിലപിടിച്ചതായിരിക്കുമെന്ന് ഒന്നു ചിന്തിച്ചുനോക്കാമോ! അങ്ങനെയൊരു സമ്മാനം കിട്ടിയാൽ നിങ്ങൾക്ക് എന്തു തോന്നും? നിങ്ങളുടെ നന്ദിവാക്കുകളും അതുപോലെതന്നെ മൂല്യമുള്ളതാണ്. ഇനി മറ്റൊരു കാര്യം: സ്വർണംകൊണ്ടുള്ള ആപ്പിൾ കാലങ്ങളോളം ഒരു കുഴപ്പവും കൂടാതെ ഇരിക്കും. സമാനമായി, നിങ്ങളുടെ നന്ദിപ്രകടനങ്ങൾ മറ്റുള്ളവരും ഒരു നിധിപോലെ മനസ്സിൽ സൂക്ഷിച്ചേക്കാം.
വിലമതിപ്പു കാണിച്ച ചിലർ
7. സങ്കീർത്തനം 27:4-ൽ കാണുന്നതുപോലെ ദാവീദ് എങ്ങനെയാണു വിലമതിപ്പു കാണിച്ചത്, മറ്റു സങ്കീർത്തനക്കാർ അവരുടെ വിലമതിപ്പു കാണിച്ചത് എങ്ങനെയാണ്?
7 നന്ദി കാണിക്കുന്നതിൽ പണ്ടുകാലത്തെ പല ദൈവദാസരും മാതൃക വെച്ചിട്ടുണ്ട്. ഒരാൾ ദാവീദായിരുന്നു. (സങ്കീർത്തനം 27:4 വായിക്കുക.) സത്യാരാധന അദ്ദേഹം ആഴമായി വിലമതിച്ചു, ആ വിലമതിപ്പു പ്രകടിപ്പിക്കുകയും ചെയ്തു. അദ്ദേഹം ആലയത്തിന്റെ നിർമാണത്തിനുവേണ്ടി തന്റെ സമ്പത്തിൽ വലിയൊരു പങ്കു സംഭാവന ചെയ്തു. ആസാഫിന്റെ പിൻഗാമികൾ സങ്കീർത്തനങ്ങൾ അഥവാ സ്തുതിഗീതങ്ങൾ എഴുതിക്കൊണ്ടാണു വിലമതിപ്പു കാണിച്ചത്. ഒരു ഗീതത്തിൽ അവർ ദൈവത്തിനു നന്ദി പറയുകയും യഹോവയുടെ ‘അത്ഭുതപ്രവൃത്തികളോട്’ തങ്ങൾക്കു തോന്നിയ അതിശയം പ്രകടമാക്കുകയും ചെയ്തു. (സങ്കീ. 75:1) വ്യക്തമായും, യഹോവ തന്ന അനുഗ്രഹങ്ങൾ തങ്ങൾ എത്ര വിലമതിക്കുന്നെന്ന് യഹോവയെ അറിയിക്കാൻ ദാവീദും ആസാഫിന്റെ പിൻഗാമികളും ആഗ്രഹിച്ചു. ആ സങ്കീർത്തനക്കാരെ അനുകരിക്കാൻ കഴിയുന്ന വിധങ്ങളെക്കുറിച്ച് നിങ്ങൾക്കു ചിന്തിക്കാനാകുമോ?
8-9. പൗലോസ് എങ്ങനെയാണു സഹോദരങ്ങളോടുള്ള വിലമതിപ്പു കാണിച്ചത്, അത് ഉറപ്പായും എന്തു ഫലം ചെയ്തു?
8 പൗലോസ് അപ്പോസ്തലൻ സഹോദരങ്ങളെ വിലപ്പെട്ടവരായി കാണുകയും വാക്കുകളിലൂടെ അതു പ്രകടമാക്കുകയും ചെയ്തു. വ്യക്തിപരമായ പ്രാർഥനകളിൽ അവരെപ്രതി അദ്ദേഹം ദൈവത്തോടു നന്ദി പറയുമായിരുന്നു. അവർക്ക് എഴുതിയ കത്തുകളിലും പൗലോസ് വിലമതിപ്പോടെ അവരെക്കുറിച്ച് സംസാരിച്ചു. റോമർ 16-ാം അധ്യായത്തിന്റെ ആദ്യത്തെ 15 വാക്യങ്ങളിൽ പൗലോസ് 27 സഹക്രിസ്ത്യാനികളുടെ പേര് എടുത്തുപറഞ്ഞിട്ടുണ്ട്. പ്രിസ്കയും അക്വിലയും തനിക്കുവേണ്ടി ‘ജീവൻ പണയപ്പെടുത്തിയെന്ന്’ അദ്ദേഹം പ്രത്യേകം ഓർത്ത് പറഞ്ഞു. താൻ ഉൾപ്പെടെ ‘പലർക്കും ഫേബ വലിയൊരു സഹായമായിരുന്നെന്ന്’ അദ്ദേഹം എഴുതി. പ്രിയങ്കരരായ, കഠിനാധ്വാനികളായ ആ സഹോദരീസഹോദരന്മാരെ പൗലോസ് അഭിനന്ദിച്ചു.
9 സഹോദരങ്ങൾ അപൂർണരാണെന്നു പൗലോസിന് അറിയാമായിരുന്നു. പക്ഷേ റോമർക്കുള്ള കത്തിന്റെ അവസാനം, അവരുടെ കുറവുകളല്ല, പകരം അവരുടെ നല്ല ഗുണങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. സഭയിൽ ഈ കത്ത് ഉറക്കെ വായിച്ച സമയത്ത്, തങ്ങളെക്കുറിച്ച് പൗലോസ് എഴുതിയ വാക്കുകൾ കേട്ട ആ സഹോദരങ്ങൾക്ക് എത്ര പ്രോത്സാഹനം തോന്നിക്കാണുമെന്നു ചിന്തിക്കുക! പൗലോസുമായുള്ള അവരുടെ സൗഹൃദം ശക്തമായി എന്നതിനു സംശയമില്ല. സഭയിലെ സഹോദരങ്ങൾ പറയുകയോ പ്രവർത്തിക്കുകയോ ചെയ്ത കാര്യങ്ങളോടു വിലമതിപ്പു കാണിക്കുന്ന ഒരു ശീലം നിങ്ങൾക്കുണ്ടോ?
10. തന്റെ അനുഗാമികളോടു യേശു വിലമതിപ്പു പ്രകടമാക്കുന്ന വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
10 ഏഷ്യാമൈനറിലെ ഏതാനും സഭകൾക്ക് അയച്ച സന്ദേശങ്ങളിൽ യേശു തന്റെ അനുഗാമികൾ ചെയ്ത പ്രവർത്തനങ്ങളോടു വിലമതിപ്പു പ്രകടമാക്കി. ഉദാഹരണത്തിന്, തുയഥൈരയിലെ സഭയ്ക്കുള്ള സന്ദേശം യേശു ഇങ്ങനെയാണു തുടങ്ങിയത്: “നിന്റെ പ്രവൃത്തികളും നിന്റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹനം എന്നിവയും എനിക്ക് അറിയാം. നീ ആദ്യം ചെയ്തതിലും കൂടുതൽ കാര്യങ്ങൾ പിൽക്കാലത്ത് ചെയ്തെന്നും അറിയാം.” (വെളി. 2:19) അവരുടെ ഉത്സാഹത്തോടെയുള്ള പ്രവർത്തനത്തെ മാത്രമല്ല, അവരുടെ നല്ല പ്രവൃത്തികൾക്കു പിന്നിലെ നല്ല ഗുണങ്ങളെയും യേശു അഭിനന്ദിച്ചു. തുയഥൈരയിലെ ചിലർക്കു ശക്തമായ ബുദ്ധിയുപദേശം ആവശ്യമായിരുന്നെങ്കിലും യേശു സന്ദേശം തുടങ്ങിയതും അവസാനിപ്പിച്ചതും പ്രോത്സാഹനവാക്കുകളോടെയാണ്. (വെളി. 2:25-28) എല്ലാ സഭകളുടെയും തല എന്ന നിലയിൽ യേശു എത്ര അധികാരമുള്ള വ്യക്തിയാണ്! യേശുവിനുവേണ്ടി നമ്മൾ ചെയ്യുന്ന പ്രവർത്തനത്തിനു നമ്മളോടു നന്ദി പറയേണ്ട കാര്യമൊന്നുമില്ല. പക്ഷേ വിലമതിപ്പു പ്രകടമാക്കുന്നതു യേശുവിന്റെ രീതിയാണ്. മൂപ്പന്മാർക്കു യേശു എത്ര നല്ല മാതൃകയാണു വെച്ചിരിക്കുന്നത്!
വിലമതിപ്പ് കാണിക്കാതിരുന്ന ചിലർ
11. എബ്രായർ 12:16-ൽ കാണുന്നതുപോലെ വിശുദ്ധകാര്യങ്ങളോടുള്ള ഏശാവിന്റെ മനോഭാവം എന്തായിരുന്നു?
11 വിലമതിപ്പു കാണിക്കാതിരുന്ന ചിലരെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. ഉദാഹരണത്തിന്, ഏശാവിന്റെ മാതാപിതാക്കൾ യഹോവയെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തവരായിരുന്നു. അങ്ങനെയൊരു ചുറ്റുപാടിൽ വളർന്നുവന്നിട്ടും ഏശാവ് വിശുദ്ധകാര്യങ്ങൾക്ക് ഒരു വിലയും കല്പിച്ചില്ല. (എബ്രായർ 12:16 വായിക്കുക.) എങ്ങനെയാണ് ആ വിലമതിപ്പില്ലായ്മ പുറത്തുവന്നത്? ഏശാവ് തന്റെ ജന്മാവകാശം അനിയനായ യാക്കോബിനു വിറ്റു, അതും വെറും ഒരു പാത്രം സൂപ്പിന്. (ഉൽപ. 25:30-34) പിന്നീട്, ചെയ്തതിനെക്കുറിച്ച് ഓർത്ത് ഏശാവിനു ഖേദം തോന്നി. പക്ഷേ തനിക്കുണ്ടായിരുന്ന കാര്യങ്ങളോടു വിലമതിപ്പു കാണിക്കാതിരുന്നതുകൊണ്ട് മൂത്ത മകനു ലഭിക്കേണ്ട അനുഗ്രഹം ലഭിക്കാഞ്ഞപ്പോൾ ഏശാവിനു പരാതിപ്പെടാൻ കാരണമില്ലായിരുന്നു.
12-13. ഇസ്രായേല്യർ വിലമതിപ്പില്ലായ്മ പ്രകടമാക്കിയത് എങ്ങനെ, എന്തായിരുന്നു ഫലം?
12 വിലമതിപ്പു കാണിക്കാൻ ഇസ്രായേല്യർക്കു ധാരാളം കാരണങ്ങളുണ്ടായിരുന്നു. ഈജിപ്തിനു മേൽ പത്തു ബാധകൾ വരുത്തി യഹോവ അവരെ അടിമത്തത്തിൽനിന്ന് മോചിപ്പിച്ചു. പിന്നീടു ചെങ്കടലിൽവെച്ച് ഈജിപ്തിന്റെ സൈന്യത്തെ മുഴുവൻ നശിപ്പിച്ചുകൊണ്ട് അവരെ വലിയൊരു ദുരന്തത്തിൽനിന്ന് രക്ഷിച്ചു. വളരെയേറെ നന്ദി തോന്നിയ ഇസ്രായേല്യർ യഹോവയെ സ്തുതിച്ചുകൊണ്ട് ഒരു ജയഗീതം പാടി. പക്ഷേ അവർക്ക് എന്നും ഈ നന്ദിയുണ്ടായിരുന്നോ?
13 പുതിയ പ്രശ്നങ്ങൾ നേരിട്ടപ്പോൾ യഹോവ ചെയ്ത നല്ല കാര്യങ്ങളെല്ലാം അവർ പെട്ടെന്നു മറന്നുപോയി. തങ്ങളുടെ വിലമതിപ്പില്ലായ്മ അവർ പ്രകടമാക്കി. (സങ്കീ. 106:7) എങ്ങനെ? “ഇസ്രായേൽസമൂഹം മുഴുവനും . . . മോശയ്ക്കും അഹരോനും എതിരായി പിറുപിറുത്തു.” വാസ്തവത്തിൽ അവർ പിറുപിറുത്തത് യഹോവയ്ക്ക് എതിരെയായിരുന്നു. (പുറ. 16:2, 8) തന്റെ ജനത്തിന്റെ നന്ദികെട്ട മനോഭാവം കണ്ട് യഹോവയ്ക്കു നിരാശ തോന്നി. യോശുവയും കാലേബും ഒഴികെ ഇസ്രായേല്യരുടെ ആ തലമുറ മുഴുവനും വിജനഭൂമിയിൽവെച്ച് നശിച്ചുപോകുമെന്ന് യഹോവ മുൻകൂട്ടിപ്പറഞ്ഞു. (സംഖ്യ 14:22-24; 26:65) മോശം മാതൃക വെച്ച ഈ വ്യക്തികളെ അനുകരിക്കുന്നതിനു പകരം നല്ല മാതൃക വെച്ചവരെ എങ്ങനെ അനുകരിക്കാമെന്നു നോക്കാം.
വിലമതിപ്പു കാണിക്കുക
14-15. (എ) പരസ്പരം വിലമതിക്കുന്നെന്നു ദമ്പതികൾക്ക് എങ്ങനെ കാണിക്കാം? (ബി) നന്ദി കാണിക്കാൻ മാതാപിതാക്കൾക്കു മക്കളെ എങ്ങനെ പഠിപ്പിക്കാം?
14 കുടുംബത്തിൽ. കുടുംബത്തിലെ ഓരോ അംഗവും വിലമതിപ്പു പ്രകടമാക്കുമ്പോൾ കുടുംബത്തിനു മുഴുവനും പ്രയോജനം കിട്ടും. ഭാര്യാഭർത്താക്കന്മാർ പരസ്പരം എത്രയധികം നന്ദി കാണിക്കുന്നോ, അത്രയധികം അവർ തമ്മിൽ അടുക്കും. ഇണയുടെ തെറ്റുകൾ ക്ഷമിക്കുന്നതും എളുപ്പമാകും. ഭാര്യയെ വിലതിക്കുന്ന ഒരു ഭർത്താവ് അവളുടെ നല്ല വാക്കുകളും പ്രവൃത്തികളും നിരീക്ഷിക്കുക മാത്രമല്ല, ‘എഴുന്നേറ്റ് അവളെ പ്രശംസിക്കുകയും’ ചെയ്യും. (സുഭാ. 31:10, 28) ബുദ്ധിമതിയായ ഒരു ഭാര്യയാകട്ടെ, ഭർത്താവിൽ താൻ പ്രത്യേകം വിലമതിക്കുന്ന കാര്യങ്ങൾ ഏതൊക്കെയാണെന്ന് അദ്ദേഹത്തോടു പറയും.
15 മാതാപിതാക്കളേ, നന്ദിയുള്ളവരായിരിക്കാൻ മക്കളെ എങ്ങനെ പഠിപ്പിക്കാം? ഓർക്കുക: മക്കൾ നിങ്ങൾ പറയുന്നതും ചെയ്യുന്നതും കണ്ടാണു പഠിക്കുന്നത്. അതുകൊണ്ട് മക്കൾ നിങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ നന്ദി പറഞ്ഞുകൊണ്ട് മാതൃക വെക്കുക. കൂടാതെ, ആരെങ്കിലും അവർക്ക് എന്തെങ്കിലും ചെയ്തുകൊടുക്കുമ്പോൾ നന്ദി പറയാൻ അവരെ പഠിപ്പിക്കുക. നന്ദി പറയുന്നതു ഹൃദയത്തിൽനിന്ന് വരുന്നതാണെന്നും അവരുടെ വാക്കുകൾ മറ്റുള്ളവർക്കു ഗുണം ചെയ്യുമെന്നും മനസ്സിലാക്കാൻ മക്കളെ സഹായിക്കുക. ക്ലോഡി എന്ന സ്ത്രീ പറയുന്നത് എന്താണെന്നു നോക്കുക: “മൂന്നു മക്കളെ വളർത്താനുള്ള ചുമതല പെട്ടെന്ന് അമ്മയുടെ ചുമലിലായി. അന്ന് അമ്മയ്ക്കു 32 വയസ്സു പ്രായം. ഞങ്ങളെ വളർത്താൻ അമ്മ എത്ര ബുദ്ധിമുട്ടിക്കാണുമെന്ന് എനിക്ക് ആ പ്രായമെത്തിയപ്പോൾ മനസ്സിലായി. എന്നെയും ചേട്ടനെയും അനിയനെയും വളർത്താൻ അമ്മ സഹിച്ച കഷ്ടപ്പാടുകൾക്ക് ഒരുപാടു നന്ദിയുണ്ടെന്നു ഞാൻ അമ്മയോടു പറഞ്ഞു. ഞാൻ പറഞ്ഞത് അമ്മയെ വളരെ സന്തോഷിപ്പിച്ചെന്നും മിക്കപ്പോഴും അത് ഓർക്കാറുണ്ടെന്നും അടുത്തിടെ അമ്മ എന്നോടു പറഞ്ഞു.”
16. വിലമതിപ്പു കാണിക്കുന്നതു മറ്റുള്ളവരെ എങ്ങനെ പ്രോത്സാഹിപ്പിക്കുമെന്നതിന് ഒരു ഉദാഹരണം പറയുക.
16 സഭയിൽ. സഹോദരങ്ങളോടു വിലമതിപ്പു കാണിക്കുമ്പോൾ അവർക്ക് അതൊരു പ്രോത്സാഹനമാണ്. ഉദാഹരണത്തിന്, 28 വയസ്സുള്ള ഒരു മൂപ്പനായ ഘോർഹെ സഹോദരനു ഗുരുതരമായ രോഗം ബാധിച്ചു. ഒരു മാസത്തേക്കു മീറ്റിങ്ങുകൾക്കു പോകാൻ കഴിഞ്ഞില്ല. പോകാൻ തുടങ്ങിയപ്പോഴും അദ്ദേഹത്തിനു പരിപാടികളൊന്നും നടത്താൻ കഴിയുമായിരുന്നില്ല. സഹോദരൻ സമ്മതിച്ചുപറയുന്നു: “എന്റെ പരിമിതികളും സഭയിലെ ഉത്തരവാദിത്വങ്ങൾ ചെയ്യാൻ കഴിയാതിരുന്നതും കാരണം ഞാൻ ഒന്നിനും കൊള്ളാത്തവനാണെന്ന് എനിക്കു തോന്നി. എന്നാൽ ഒരു ദിവസം മീറ്റിങ്ങ് കഴിഞ്ഞ് ഒരു സഹോദരൻ എന്നോടു പറഞ്ഞു: ‘സഹോദരൻ എന്റെ കുടുംബത്തിനു വെച്ച നല്ല മാതൃകയ്ക്കു നന്ദിയുണ്ട്. സഹോദരന്റെ പ്രസംഗങ്ങൾ ഞങ്ങൾക്കു വളരെ ഇഷ്ടമായിരുന്നു. ആത്മീയമായി പുരോഗമിക്കാൻ അതു ഞങ്ങളെ സഹായിച്ചു.’ ഇതു കേട്ടപ്പോൾ എനിക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു, എന്റെ കണ്ണുകൾ നിറഞ്ഞുപോയി. സഹോദരൻ പറഞ്ഞ വാക്കുകൾ ആ സമയത്ത് എനിക്കു വളരെയധികം ആവശ്യമായിരുന്നു.”
17. കൊലോസ്യർ 3:15-നു ചേർച്ചയിൽ, ഉദാരനായ യഹോവയോടു നമുക്ക് എങ്ങനെ വിലമതിപ്പു കാണിക്കാം?
17 ഉദാരനായ നമ്മുടെ ദൈവത്തോട്. യഹോവ നമുക്കു സമൃദ്ധമായ ആത്മീയാഹാരം പ്രദാനം ചെയ്തിട്ടുണ്ട്. മീറ്റിങ്ങുകൾ, മാസികകൾ, വെബ്സൈറ്റുകൾ എന്നിവയിലൂടെ പ്രയോജനം ചെയ്യുന്ന ധാരാളം കാര്യങ്ങൾ നമ്മളെ പഠിപ്പിക്കുന്നുണ്ട്. ഒരു പ്രസംഗമോ ഒരു ലേഖനമോ പ്രക്ഷേപണത്തിലെ ഒരു പരിപാടിയോ ആസ്വദിച്ചതിനു ശേഷം ‘ഇതു ശരിക്കും എനിക്കുവേണ്ടിയുള്ളതാണ്’ എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അങ്ങനെയെങ്കിൽ യഹോവയോടു നമുക്ക് എങ്ങനെ വിലമതിപ്പു കാണിക്കാം? (കൊലോസ്യർ 3:15 വായിക്കുക.) ആ നല്ല ദാനങ്ങൾ തന്നതിന്, പ്രാർഥിക്കുമ്പോൾ യഹോവയോടു പതിവായി നന്ദി പറയുന്നതാണ് ഒരു വിധം.—യാക്കോ. 1:17.
18. രാജ്യഹാളിനോടുള്ള നമ്മുടെ വിലമതിപ്പ് ഏതെല്ലാം വിധങ്ങളിൽ കാണിക്കാം?
18 നമ്മുടെ ആരാധനാസ്ഥലങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതായി സൂക്ഷിച്ചുകൊണ്ടും യഹോവയോടുള്ള വിലമതിപ്പു കാണിക്കാം. നമ്മൾ ക്രമമായി രാജ്യഹാൾ ശുചീകരിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്നു. സഭയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധയോടെ അതു ചെയ്യുന്നു. വേണ്ട രീതിയിൽ രാജ്യഹാളുകൾ പരിപാലിക്കുന്നെങ്കിൽ, അത് ഏറെ കാലം നിലനിൽക്കും, വലിയവലിയ അറ്റകുറ്റപ്പണികൾ ഒഴിവാക്കാനും കഴിയും. അങ്ങനെ ലാഭിക്കുന്ന പണംകൂടി ലോകമെങ്ങും പുതിയ രാജ്യഹാളുകൾ പണിയാനും നവീകരിക്കാനും ഉപയോഗിക്കാനാകും.
19. ഒരു സർക്കിട്ട് മേൽവിചാരകന്റെയും ഭാര്യയുടെയും അനുഭവത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
19 നമുക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ. മറ്റുള്ളവരോടു പറയുന്ന, വിലമതിപ്പു തുളുമ്പുന്ന വാക്കുകൾക്കു വലിയ ശക്തിയുണ്ട്. അവരെ അലട്ടുന്ന പ്രശ്നങ്ങളോടുള്ള കാഴ്ചപ്പാടുതന്നെ അതു മാറ്റിയേക്കാം. ഒരു സർക്കിട്ട് മേൽവിചാരകന്റെയും ഭാര്യയുടെയും അനുഭവം നോക്കാം. കൊടുംതണുപ്പുള്ള ഒരു രാജ്യത്ത്, ദിവസം മുഴുവൻ ശുശ്രൂഷയിൽ ഏർപ്പെട്ടതിനു ശേഷം ആകെ മടുത്ത് അവർ വീട്ടിലേക്കു മടങ്ങി. മരംകോച്ചുന്ന തണുപ്പായിരുന്നതുകൊണ്ട് ഇട്ടുകൊണ്ടുപോയ കോട്ട് പോലും ഊരാതെ സഹോദരി കിടന്നുറങ്ങി. ഇനി സഞ്ചാരവേലയിൽ തുടരാൻ തനിക്ക് കഴിയുമെന്നു തോന്നുന്നില്ലെന്നു രാവിലെ സഹോദരി പറഞ്ഞു. കുറച്ച് കഴിഞ്ഞ് ബ്രാഞ്ചോഫീസിൽനിന്ന് ഒരു കത്തു വന്നു. സഹോദരിക്കുള്ളതായിരുന്നു അത്. സഹോദരിയുടെ സേവനത്തെയും പ്രശ്നങ്ങളുടെ മധ്യേ പിടിച്ചുനിൽക്കുന്നതിനെയും അഭിനന്ദിച്ചുകൊണ്ടുള്ള കത്തായിരുന്നു അത്. ഓരോ ആഴ്ചയും ഒരു വീട്ടിൽനിന്ന് മറ്റൊരു വീട്ടിലേക്കു മാറുന്നതിന്റെ ബുദ്ധിമുട്ടു മനസ്സിലാക്കുന്നെന്നും ആ കത്തിൽ പറഞ്ഞിരുന്നു. സഹോദരൻ പറയുന്നു: “ആ അഭിനന്ദനം സഹോദരിയുടെ ഹൃദയത്തെ തൊട്ടു. പിന്നെയൊരിക്കലും സർക്കിട്ട് വേല നിറുത്തുന്നതിനെക്കുറിച്ച് അവൾ പറഞ്ഞില്ല. സത്യം പറഞ്ഞാൽ, നിറുത്തിയാലോ എന്നു ഞാൻ ഇടയ്ക്കൊക്കെ ചിന്തിച്ചപ്പോൾ അവളാണ് എനിക്കു ധൈര്യം തന്നത്.” ആ ദമ്പതികൾ ഏതാണ്ട് 40 വർഷം സർക്കിട്ട് വേല ചെയ്തു.
20. ഓരോ ദിവസവും നമ്മൾ എന്തു ചെയ്യാൻ ശ്രമിക്കണം, എന്തുകൊണ്ട്?
20 അതുകൊണ്ട് വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും നന്ദിയുള്ളവരാണെന്നു നമുക്ക് ഓരോ ദിവസവും കാണിക്കാം. നന്ദിയില്ലാത്ത ഈ ലോകത്ത് നമ്മുടെ ഒരു വാക്കോ പ്രവൃത്തിയോ മതിയാകും, മറ്റൊരാൾക്കു പ്രശ്നങ്ങളുടെ മധ്യേ മുന്നോട്ടുപോകുന്നതിന്. നമ്മുടെ നന്ദിവാക്കുകൾ എന്നെന്നും നിലനിൽക്കുന്ന സൗഹൃദങ്ങൾ പണിതുയർത്താൻ സഹായിക്കും. ഏറ്റവും പ്രധാനമായി, നന്ദി കാണിക്കുമ്പോൾ ഉദാരനായ, വിലമതിപ്പുള്ള നമ്മുടെ പിതാവായ യഹോവയെ നമ്മൾ അനുകരിക്കുകയാണ്.
ഗീതം 20 അങ്ങ് പ്രിയമകനെ നൽകി
a നന്ദി കാണിക്കുന്നതിനെക്കുറിച്ച് യഹോവ, യേശു, ശമര്യക്കാരനായ കുഷ്ഠരോഗി എന്നിവരിൽനിന്ന് എന്താണു പഠിക്കാനുള്ളത്? അവരുടെ മാതൃകയും മറ്റു ചില പാഠങ്ങളും ഈ ലേഖനത്തിൽ വിശദീകരിക്കുന്നു. നന്ദി കാണിക്കേണ്ടതിന്റെ പ്രാധാന്യവും അതു ചെയ്യാനാകുന്ന ചില പ്രത്യേകവിധങ്ങളും നമ്മൾ ചർച്ച ചെയ്യും.
b പദപ്രയോഗത്തിന്റെ വിശദീകരണം: വിലമതിക്കുക എന്നാൽ വിലപിടിപ്പുള്ളതായി കാണുക എന്നാണ് അർഥം. ഉള്ളിന്റെ ഉള്ളിൽ തോന്നുന്ന ആത്മാർഥമായ നന്ദിയെ കുറിക്കാനും ആ വാക്ക് ഉപയോഗിക്കാറുണ്ട്.
c ചിത്രക്കുറിപ്പ്: പൗലോസിന്റെ കത്തു റോമിലെ സഭയിൽ വായിക്കുന്നു, തങ്ങളുടെ പേരുകൾ കേൾക്കുമ്പോൾ അക്വില, പ്രിസ്കില്ല, ഫേബ തുടങ്ങി പലർക്കും സന്തോഷം തോന്നുന്നു.
d ചിത്രക്കുറിപ്പ്: പ്രായമുള്ള ഒരു സഹോദരിയുടെ നല്ല മാതൃകയ്ക്കു വിലമതിപ്പു കാണിക്കാൻ ഒരു അമ്മ മകളെ സഹായിക്കുന്നു.