നമ്മുടെ ശുശ്രൂഷ അവിരാമം തുടരുക
1 നാം അന്ത്യകാലത്ത് കൂടുതൽ ആഴത്തിലേക്ക് നീങ്ങുമ്പോൾ ഈ ലോകത്തിന്റെ രംഗം അതിശീഘ്രം മാറിക്കൊണ്ടിരിക്കുന്നു. (1 കൊരി. 7:31) ബൈബിൾപ്രവചനത്തിന്റെ നിവൃത്തിയായി ലോകത്തെ ഞെട്ടിക്കുന്ന സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. നാം നമുക്കു ചുററുമുളള ലോകത്തിലും ദിവ്യാധിപത്യസ്ഥാപനത്തിനുളളിലും സംഭവിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് വിചിന്തനംചെയ്യുമ്പോൾ രാജ്യത്തിന്റെ “ഈ സുവാർത്ത” പ്രസംഗിക്കുന്നത് എത്ര അടിയന്തിരമാണെന്ന് നമുക്ക് വിലമതിക്കാൻ കഴിയും.—മർക്കോ. 13:10.
2 നമ്മുടെ നേതാവും മാതൃകയുമായ യേശുക്രിസ്തുവാണ് ശിഷ്യരാക്കുന്നതിനുളള കൽപ്പന നൽകിയത്. അപ്രകാരം ചെയ്യുമ്പോൾ, ആ വേലയുടെ വിജയം സംബന്ധിച്ച് തന്റെ വാഗ്ദത്തത്തിലൂടെ അവൻ ഇപ്രകാരം ഉറപ്പുനൽകുന്നു: “വ്യവസ്ഥിതിയുടെ സമാപനം വരെ എല്ലാ നാളും ഞാൻ നിങ്ങളോടുകൂടെയുണ്ട്.” (മത്താ. 28:19, 20) യേശുവിന്റെ ശിഷ്യൻമാർ അവന്റെ വാക്കുകൾ ഗൗരവമായി എടുക്കുകയും ശക്തമായ എതിർപ്പ് നേരിട്ടപ്പോൾപോലും “അവർ അവിരാമം പഠിപ്പിക്കുകയും ക്രിസ്തുയേശുവിനെക്കുറിച്ചുളള സുവാർത്ത പ്രഖ്യാപിക്കുകയും ചെയ്യുന്നതിൽ തുടർന്നു.” (പ്രവൃത്തികൾ 5:42) അവർ നമുക്ക് എത്ര നല്ല ദൃഷ്ടാന്തം വെച്ചു!
3 നാം 1990ലെ വാർഷികപുസ്തകം വായിക്കുമ്പോൾ പുതിയ ശിഷ്യൻമാരുടെ നല്ല വർദ്ധന കൈവരുത്തിക്കൊണ്ട് യഹോവ നമ്മുടെ ശുശ്രൂഷയെ അനുഗ്രഹിച്ചിരിക്കുന്നു എന്നു കാണുന്നു. ചില ദേശങ്ങളിൽ റിപ്പോർട്ടുചെയ്യപ്പെട്ടിരിക്കുന്ന വർദ്ധനവ് യഥാർത്ഥത്തിൽ അതിവിശിഷ്ടമാണ്. ലോകവ്യാപകമായ ആകമാന വർദ്ധനവ് കുറച്ചുവർഷങ്ങൾക്കുമുമ്പ് നമ്മിലാർക്കും സങ്കൽപ്പിക്കാൻ കഴിയുമായിരുന്നതിനേക്കാൾ വളരെയധികമാണ്. (യെശ. 60:22) എന്നാൽ നമ്മുടെ സ്വന്തം പ്രദേശത്തെക്കുറിച്ചെന്ത്? നമ്മുടെ വ്യക്തിപരമായ ശുശ്രൂഷയെസംബന്ധിച്ച് എന്ത്? നാം എല്ലായിടത്തുമുളള നമ്മുടെ സഹപ്രവർത്തകരുടെ സംഘടിതശുശ്രൂഷയോടൊപ്പം നമ്മുടെ പങ്കുസംബന്ധിച്ച് സന്തോഷിക്കുന്നുണ്ടോ? നാം നമ്മുടെ ശുശ്രൂഷയിലെ വ്യക്തിപരമായ ശ്രമം അവിരാമം തുടരുന്നുണ്ടോ?
നമ്മുടെ വ്യക്തിപരമായ പങ്ക്
4 വളരെ പ്രകടമായി എല്ലാ പ്രദേശങ്ങളും തുല്യമായി ഫലമുൽപ്പാദിപ്പിക്കുന്നവയല്ല. (മത്തായി 13:23 താരതമ്യപ്പെടുത്തുക.) അയർലണ്ടും ക്യൂബെക്കും പോലുളള ചില പ്രദേശങ്ങൾ തീക്ഷ്ണതയുളള ശുശ്രൂഷകരുടെ ഭാഗത്തെ അനേകവർഷത്തെ കഠിനശ്രമത്തിനുശേഷം മാത്രമാണ് ഫലമുൽപ്പാദിപ്പിക്കുന്നവയായിത്തീർന്നത് എന്നതും സത്യമാണ്. ചില സ്ഥലങ്ങളിൽ അനേകം എതിരാളികളുണ്ട്, മററുളളിടങ്ങളിൽ ജനങ്ങൾ പൊതുവെ രാജ്യദൂതിനോട് ഉദാസീനരും പ്രതികരണമില്ലാത്തവരുമാണ്. മററു ചില സ്ഥലങ്ങളിൽ പ്രവർത്തിക്കാൻ പ്രദേശമില്ലാത്തവിധം വളരെയധികം വേലക്കാരുണ്ട്. എന്നാൽ നാം പ്രവർത്തിക്കേണ്ട പ്രദേശത്തിന്റെ രീതി എന്തുതന്നെയായിരുന്നാലും ഒരിക്കലും നമ്മുടെ തീക്ഷ്ണത പതറിപ്പോകരുത്. അപ്പോസ്തലനായ പൗലോസ് എഴുതി, “നൻമചെയ്യുന്നതിൽനിന്ന് നാം വിരമിക്കരുത്, എന്തുകൊണ്ടെന്നാൽ നാം ക്ഷീണിച്ചുപോകുന്നില്ലെങ്കിൽ നാം തക്കകാലത്ത് കൊയ്യും.” (ഗലാ. 6:9) അവന്റെ ഉപദേശം എല്ലാ ക്രിസ്ത്യാനികൾക്കും ബാധകമാണ്. നമുക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും? നമ്മുടെ ശുശ്രൂഷ അവിരാമം തുടരുന്നതിന് നമ്മെ എന്തു സഹായിക്കും?
5 നാം നമ്മുടെ ആശ്രയം യഹോവയിൽ വെക്കുകയും നമ്മെ പരിപാലിക്കുന്നതിനുളള അവന്റെ ബലത്തിൽ ആശ്രയിക്കുകയും ചെയ്യുന്നെങ്കിൽ നമുക്ക് പ്രവർത്തനനിരതരായിരിക്കുന്നതിനും നമ്മുടെ ശുശ്രൂഷയെ വിജയപ്രദമാക്കുന്നതിനും കഴിയും. യഹോവയാണ് വയലിനെ ഫലോല്പാദകമാക്കുന്നവൻ എന്നത് എപ്പോഴും ഓർക്കുക. (1 കൊരി. 3:6) സഹായത്തിനായുളള നമ്മുടെ പ്രാർത്ഥനക്കുത്തരമായി യഹോവ ബുദ്ധിയുപദേശവും പ്രായോഗിക പ്രബോധനങ്ങളും നമ്മുടെ വ്യക്തിപരമായ ഉപയോഗത്തിനും അവനെ അറിയാൻ മററുളളവരെ സഹായിക്കുന്നതിനുംവേണ്ടി ബൈബിൾസാഹിത്യങ്ങളുടെ ഒരു സമൃദ്ധമായ ശേഖരവും പ്രദാനം ചെയ്യുന്നു. നാം ഈ കരുതലുകളിൽനിന്ന് പൂർണ്ണപ്രയോജനം നേടുന്നുവോ?
ഒരു ശരിയായ മനോഭാവം കാത്തുസൂക്ഷിക്കുക
6 നമുക്ക് ഒരു നിഷേധാത്മക മനോഭാവമാണുളളതെങ്കിൽ ഉൽപാദനക്ഷമമായ ശുശ്രൂഷക്ക് അത് ഗുരുതരമായ ഒരു പ്രതിബന്ധമായിരിക്കാൻ കഴിയും. നാം നമ്മുടെ പ്രദേശത്തെ ആളുകളുടെ മുൻ പ്രതികരണമില്ലായ്മയുടെ അടിസ്ഥാനത്തിൽ അവരെക്കുറിച്ച് ഒരു പ്രതികൂല അഭിപ്രായം രൂപീകരിച്ചിട്ടുണ്ടെങ്കിൽ ആ മനോഭാവം നമ്മുടെ സ്വരത്തിലും മുഖഭാവത്തിലും വയൽസേവനത്തിനുവേണ്ടിയുളള ഉത്സുകമായ തയ്യാറാകലിന്റെ അഭാവത്തിലും പ്രതിഫലിക്കും. പ്രസംഗിക്കുന്നതിനും പഠിപ്പിക്കുന്നതിനുമുളള നിയോഗം നമുക്കു ലഭിച്ചിട്ടുണ്ട്. വേല പൂർത്തിയായെന്ന് നമ്മോട് പറയപ്പെട്ടിട്ടില്ല. ദിവ്യ മാർഗ്ഗനിർദ്ദേശം അനുസരിക്കുന്നതിനും അതിന് കീഴ്പ്പെട്ടിരിക്കുന്നതിനുമുളള നമ്മുടെ ആഗ്രഹം നമ്മുടെ ശുശ്രൂഷ അവിരാമം തുടരാൻ നമ്മെ പ്രേരിപ്പിക്കണം.
7 അവസാനം വരുന്നതിനുമുമ്പ് ദുഷ്ടൻമാർക്ക് മുന്നറിയിപ്പുകൊടുക്കുന്നതും ശിഷ്യരെ കൂട്ടിച്ചേർക്കുന്നതും സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യം പൂർത്തിയാവും. നാം അവിരാമം നമ്മുടെ ശുശ്രൂഷ തുടർന്നുകൊണ്ട് നമ്മുടെ വിശ്വാസവും സ്നേഹവും പ്രകടമാക്കുകയാണെങ്കിൽ ഇപ്പോൾ നമുക്ക് ശുശ്രൂഷയുടെ സന്തോഷത്തിൽ പങ്കുപററാനും ദൈവജനത്തിന്റെ ഇടയിലെ നിത്യാനുഗ്രഹങ്ങൾക്കായി നോക്കിപ്പാർത്തിരിക്കാനും കഴിയും.