സുവാർത്ത സമർപ്പിക്കൽ—ഒരു അനൗപചാരിക സാക്ഷ്യം കൊടുക്കാനുളള അവസരങ്ങൾ ഉണ്ടാക്കിക്കൊണ്ട്
1 തങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കാൻ യേശു തന്റെ ശിഷ്യൻമാരെ ഉദ്ബോധിപ്പിച്ചു. (മത്താ. 5:14-16) ദൈവരാജ്യസുവാർത്തയെക്കുറിച്ച് ഉചിതമായ ഏതവസരത്തിലും മററുളളവരോടു പറയാൻ അവരോടാവശ്യപ്പെട്ടു. ഈ കാര്യത്തിൽ യേശു ഒരു മാതൃകയായിരുന്നു. ഇതിന്റെ ഒരു ദൃഷ്ടാന്തം സുഖാറിലെ ഒരു കിണററിങ്കൽവെച്ച് ഒരു ശമര്യസ്ത്രീയോട് സത്യം സംസാരിക്കാൻ അവൻ അവസരത്തെ തക്കത്തിൽ ഉപയോഗിച്ചതായിരുന്നു. (യോഹ. 4:5-30) നമ്മെ സംബന്ധിച്ചെന്ത്? നാം ഒരു സാക്ഷ്യം നൽകുന്നതിന് അങ്ങനെയുളള അവസരങ്ങൾ ഉണ്ടാക്കുന്നുണ്ടോ?
2 നമുക്കെല്ലാം എല്ലാ ദിവസവും വയൽസേവനത്തിൽ ഏർപ്പെടാൻ കഴികയില്ല. എന്നാൽ നമുക്ക് സാക്ഷ്യം കൊടുക്കാൻ കഴിയുന്ന അവസരങ്ങൾ മിക്കപ്പോഴും എല്ലാ ദിവസങ്ങളിലും ഉണ്ടാകാം. ഏതു വിധത്തിൽ? അനൗപചാരിക സാക്ഷീകരണത്താൽ. അനേകായിരങ്ങൾ സത്യവുമായി പരിചയപ്പെട്ടത് ഈ വിധത്തിലായിരുന്നു. നാം അവസരങ്ങളെ തിരിച്ചറിയാനും അനന്തരം ശ്രമംചെലുത്താനും ജാഗ്രതയുളളവരാണെങ്കിൽ അനേകരെയും കൂടെ സമീപിക്കാൻ കഴിയും.
നമുക്ക് ആരോടു പ്രസംഗിക്കാൻ കഴിയും?
3 വീടുതോറുമുളള ഔപചാരികസാക്ഷീകരണത്തിനും മടക്കസന്ദർശനങ്ങൾക്കും ബൈബിളദ്ധ്യയനങ്ങൾക്കും പുറമെ നമുക്ക് നമ്മുടെ കൂട്ടുജോലിക്കാരോടും സഹപാഠികളോടും ബിസിനസ്സ് സഹകാരികളോടും ബന്ധുക്കളോടും മററു പരിചയക്കാരോടും ഒരു അനൗപചാരിക അടിസ്ഥാനത്തിൽ സാക്ഷീകരിക്കാൻ കഴിയും. ബസ്സിലോ തീവണ്ടിയിലോ വിമാനത്തിലോ സഞ്ചരിക്കുമ്പോൾ സഹയാത്രികരുമായി ഒരു സംഭാഷണം തുടങ്ങാൻ നമുക്കു കഴിഞ്ഞേക്കും. അവധിക്കാലത്ത് നമുക്ക് ഹോട്ടലിലെയും മോട്ടലിലെയും ജോലിക്കാർക്കും സേർവീസ് സ്റേറഷൻ ജോലിക്കാർക്കും റസ്റേറാറൻറ് ജോലിക്കാർക്കും ടാക്സിഡ്രൈവറൻമാർക്കും സുവാർത്ത പങ്കുവെക്കാവുന്നതാണ്. ഒരു ഡോക്ടറുടെ ഓഫീസിലൊ പൊതു അലക്കുശാലയിലൊ കാത്തിരിക്കുമ്പോൾ നമുക്കു മററുളളവരോടു സംസാരിക്കാൻ കഴിയും. വീട്ടിലായിരിക്കുമ്പോൾ നമുക്ക് ഒരുപക്ഷേ അയൽക്കാരോടും സെയിൽസ്മാൻമാരോടും സാധനങ്ങൾ കൊണ്ടുവന്നു തരുന്നവരോടും സാക്ഷീകരിക്കാൻ കഴിയും. നാം ആശുപത്രിയിൽ കിടക്കുകയാണെങ്കിൽപോലും നമുക്ക് ഡോക്ടർമാരോടും നഴ്സുമാരോടും മററു രോഗികളോടും സാക്ഷീകരിക്കാൻ കഴിയും.
തുടങ്ങേണ്ട വിധം
4 നമുക്ക് ഒരാളെ കാണേണ്ടതുണ്ടെന്നും കുറെ സമയം കാത്തുനിൽക്കേണ്ടിവരുമെന്നും നമുക്കറിയാമെങ്കിൽ, നമുക്ക് ഏററവും ഒടുവിലത്തെ മാസികകൾ എടുക്കുന്നതിനും നാം കണ്ടുമുട്ടുന്ന ആരോടെങ്കിലും രസകരമായ ഒരു ലേഖനം ചർച്ചചെയ്യുന്നതിന് തയ്യാറാകുന്നതിനും കഴിയും. അല്ലെങ്കിൽ ഒരു സംഭാഷണം തുടങ്ങുന്നതിന് അടിസ്ഥാനമായി ഒരു ലഘുലേഖയൊ ലഘുപത്രികയൊ ഉപയോഗിക്കാൻ കഴിയും. അങ്ങനെയുളള ഒരു സന്ദർഭത്തിൽ സമീപകാലത്തെ ഒരു സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഒരു ശ്രദ്ധേയമായ പ്രസ്താവന ചെയ്തുകൊണ്ട് സംഭാഷണം തുടങ്ങുന്നത് ഫലപ്രദമാണെന്ന് ചിലർ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെയുളള ഒരു സംഭവത്തെക്കുറിച്ച് ചിന്തോദ്ദീപകമായ ഒരു ചോദ്യം ചോദിക്കുന്നത് ഒരു നല്ല സാക്ഷ്യത്തിലേക്കു നയിച്ചേക്കാമെന്ന് മററു ചിലർ കണ്ടെത്തിയിരിക്കുന്നു. എല്ലാ സന്ദർഭങ്ങളിലും കാര്യങ്ങൾ സംഭവിപ്പിക്കുന്നതിനാവശ്യമായത് കർമ്മോത്സുകതയാണ്. ജോലിസ്ഥലത്ത് സാക്ഷീകരിക്കൽ
5 ലൗകികജോലിയുളളവർക്ക് കൂട്ടുജോലിക്കാരോടു സാക്ഷീകരിക്കാനുളള അവസരങ്ങൾ ഉണ്ടാക്കാൻ കഴിയും. ജോർജിയായിലെ രണ്ടു സഹോദരിമാർ സത്യത്തിൽ തൽപ്പരരായിരിക്കാമെന്നു വിചാരിച്ച കൂട്ടുജോലിക്കാരുടെ ഒരു ലിസ്ററുണ്ടാക്കി. ലിസ്ററിലുളളവരോടും മററു ചിലരോടും സംസാരിച്ചതിനാൽ അവർക്ക് 65-ൽപരം വെളിപ്പാട്പാരമ്യം പുസ്തകങ്ങൾ സമർപ്പിക്കാനും വളരെയധികം താത്പര്യം നട്ടുവളർത്താനും കഴിഞ്ഞു.
6 മറെറാരു കേസിൽ, ജോലിസമയത്തെ 15 മിനിററ് ഇടവേളയിൽ തന്റെ അടുത്തിരിക്കുന്ന ആദ്യവ്യക്തിയോട് സാക്ഷീകരിക്കണമെന്ന് ഒരു സഹോദരൻ തീരുമാനിച്ചു. അയാൾ സംസാരിച്ച മനുഷ്യന് സത്യത്തെക്കുറിച്ചറിയാമായിരുന്നു, എന്നാൽ താൻ കൂടുതലായി ഒന്നും ചെയ്യാനാഗ്രഹിക്കുന്നില്ലെന്നു പറഞ്ഞു. എന്നിരുന്നാലും, നമ്മുടെ സഹോദരൻ അയാൾക്ക് അനായാസം എടുക്കാൻകഴിയുന്നിടത്ത് സാഹിത്യം വെച്ചു. ആറു മാസത്തിനകം അയാളും കുടുംബവുമെല്ലാം സ്നാപനമേററു.
7 “ലോകത്തിന്റെ വെളിച്ച”മെന്ന നിലയിൽ യേശു അനൗപചാരികസംഭാഷണം നടത്തുന്നതിനുളള അവസരങ്ങളുണ്ടാക്കി. (യോഹ. 8:12) നമ്മുടെ ബൈബിളധിഷ്ഠിത പ്രത്യാശ പങ്കുവെക്കാൻ നാം ജാഗ്രതയും മനസ്സുമുളളവരാണെങ്കിൽ, നാമും ഒരു സാക്ഷ്യം നൽകാനുളള അവസരത്തെ നഷ്ടപ്പെടുത്തുകയില്ല. അങ്ങനെ, യേശുവിന്റെ ശിഷ്യൻമാരെന്ന നിലയിൽ, നാം ‘ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ ശോഭിക്കും.’—ഫിലി. 2:15, 16.