പയനിയർ സേവനം—അതു നിങ്ങൾക്കുള്ളതോ?
1 “മറ്റെന്തെങ്കിലും ചെയ്യുന്നതിനെ കുറിച്ച് എനിക്ക് ആലോചിക്കാനേ കഴിയുന്നില്ല. ഇത്രയും സന്തുഷ്ടി കൈവരുത്തുന്ന മറ്റെന്തെങ്കിലും ഉണ്ടായിരിക്കുമെന്ന് എനിക്കു തോന്നുന്നില്ല.” ആരാണ് ഇങ്ങനെ പറഞ്ഞത്? മുഴുസമയ ശുശ്രൂഷ തങ്ങളുടെ സന്തോഷകരമായ ജീവിതവൃത്തിയാക്കിയ ലക്ഷക്കണക്കിന് യഹോവയുടെ സാക്ഷികളിൽ ഒരാൾ. പയനിയർ സേവനം നിങ്ങൾക്കുള്ളതാണോ എന്നു നിങ്ങൾ പ്രാർഥനാപൂർവം പരിചിന്തിച്ചിട്ടുണ്ടോ? യഹോവയ്ക്കു നമ്മെത്തന്നെ സമ്പൂർണമായി സമർപ്പിച്ച സ്ഥിതിക്ക്, രാജ്യ സുവാർത്ത പ്രചരിപ്പിക്കുന്നതിൽ നമുക്കു വർധിച്ച പങ്കുണ്ടായിരിക്കാൻ സാധിക്കുമോ എന്നു നാം തീർച്ചയായും ചിന്തിക്കേണ്ടതാണ്. ആ ലക്ഷ്യത്തെ മുൻനിർത്തി, പയനിയർ സേവനത്തെ കുറിച്ച് പലരും ചോദിക്കുന്ന ചില ചോദ്യങ്ങൾ ദയവായി പര്യാലോചിക്കുക.
ചോദ്യം 1: “പയനിയറിങ് എല്ലാവർക്കും ഉള്ളതല്ല എന്നു ചിലർ പറയുന്നു. അത് എനിക്കുള്ളതാണെങ്കിൽ അതെങ്ങനെ അറിയാം?”
2 അതിന്റെ ഉത്തരം നിങ്ങളുടെ സാഹചര്യങ്ങളെയും തിരുവെഴുത്തുപരമായ ബാധ്യതകളെയും ആശ്രയിച്ചിരിക്കുന്നു. ആരോഗ്യ പ്രശ്നമോ മറ്റു സാഹചര്യങ്ങളോ നിമിത്തം മാസം 90 മണിക്കൂർ ശുശ്രൂഷയിൽ ചെലവഴിക്കാൻ സാധിക്കാത്ത അനേകരുണ്ട്. ഉദാഹരണാർഥം, ക്രിസ്തീയ ഭാര്യമാരും അമ്മമാരുമായ നിരവധി വിശ്വസ്ത സഹോദരിമാരുടെ കാര്യമെടുക്കാം. തങ്ങളുടെ സാഹചര്യങ്ങൾ അനുവദിക്കുന്നത് അനുസരിച്ച് അവർ കൂടെക്കൂടെ ശുശ്രൂഷയിൽ പങ്കുപറ്റുന്നു. സന്ദർഭം കിട്ടുന്നതുപോലെ അവർ വർഷത്തിൽ ഒന്നോ അതിലധികമോ മാസം സഹായ പയനിയറിങ് ചെയ്യുന്നു. അങ്ങനെ അവർ സേവനത്തിൽ കൂടുതലായി പങ്കുപറ്റുന്നതിൽ ആനന്ദിക്കുന്നു. (ഗലാ. 6:9) തത്കാലം മുഴുസമയ പയനിയർമാർ ആയി സേവിക്കാൻ സാഹചര്യം അവരെ അനുവദിക്കുന്നില്ലെങ്കിലും അവർ പയനിയർ ആത്മാവിനെ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ, സുവാർത്തയുടെ തീക്ഷ്ണതയുള്ള പ്രസാധകർ എന്ന നിലയിൽ അവർ സഭയ്ക്ക് അനുഗ്രഹമാണ്.
3 നേരേമറിച്ച്, അധികം ബാധ്യതകളൊന്നും ഇല്ലാത്ത അനവധി സഹോദരീസഹോദരന്മാർ തങ്ങളുടെ മുൻഗണനകൾ ക്രമപ്പെടുത്തി പയനിയറിങ് ചെയ്യാൻ അവസരം കണ്ടെത്തിയിട്ടുണ്ട്. നിങ്ങളുടെ കാര്യമോ? ലൗകിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരു യുവാവാണോ നിങ്ങൾ? കുടുംബത്തിനു പര്യാപ്തമാം വിധം കരുതൽ ചെയ്യാൻ കഴിയുന്ന ഭർത്താവുള്ള ഒരു ഭാര്യയാണോ നിങ്ങൾ? ആശ്രിതരായ കുട്ടികളില്ലാത്ത ദമ്പതികളാണോ നിങ്ങൾ? ലൗകിക തൊഴിലിൽ നിന്നു വിരമിച്ച ആളാണോ നിങ്ങൾ? പയനിയറിങ് ചെയ്യണോ വേണ്ടയോ എന്നത് ഓരോ വ്യക്തിയും സ്വയം തീരുമാനിക്കേണ്ട സംഗതിയാണ്. എന്നാൽ ചോദ്യമിതാണ്: പയനിയറിങ്ങിന് നിങ്ങളുടെ ജീവിതത്തിൽ ഇടം കണ്ടെത്താൻ കഴിയുമോ?
4 സാത്താൻ നമ്മുടെ ജീവിതത്തെ ശ്രദ്ധാശൈഥില്യങ്ങൾ കൊണ്ടു നിറയ്ക്കാനും നമ്മെ സ്വാർഥ ജീവിത ഗതിയിൽ മുക്കിക്കളയാനും തന്റെ ലോക വ്യവസ്ഥിതിയെ ഉപയോഗിക്കുന്നു. ലോകത്തിന്റെ ഭാഗമല്ലാതിരിക്കാൻ നാം ദൃഢനിശ്ചയം ചെയ്യുന്നപക്ഷം, രാജ്യ താത്പര്യങ്ങൾ ഒന്നാമതു വെക്കാനും നമുക്കു ലഭ്യമായ സകല വിധ ദിവ്യാധിപത്യ പദവികളും എത്തിപ്പിടിക്കാനും യഹോവ നമ്മെ സഹായിക്കും. പയനിയർ എന്ന നിലയിൽ സേവനം അനുഷ്ഠിക്കാൻ പോന്നവിധം സാഹചര്യങ്ങളെ പൊരുത്തപ്പെടുത്താൻ നിങ്ങൾക്കു സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യരുതോ?
ചോദ്യം 2: “മുഴുസമയ സേവനത്തിൽ എന്റെ സാമ്പത്തിക ആവശ്യങ്ങൾ നിവർത്തിക്കാൻ സാധിക്കുമെന്ന് എനിക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?”
5 മിക്ക ദേശങ്ങളിലും അടിസ്ഥാന ജീവിത ആവശ്യങ്ങൾക്കായി വാരം തോറും ജോലി ചെയ്യേണ്ടി വരുന്ന സമയം വർഷംതോറും വർധിച്ചുകൊണ്ടിരിക്കുന്നു എന്നതു സത്യമാണ്. എന്നുവരികിലും, അനേകർ ദശകങ്ങളോളം പയനിയറിങ് ചെയ്തിട്ടുണ്ട്. യഹോവ അവരെ തുടർന്നും പരിപാലിക്കുന്നു. ഒരു പയനിയർ എന്ന നിലയിൽ വിജയിക്കുന്നതിനു വിശ്വാസവും ആത്മത്യാഗ മനോഭാവവും ആവശ്യമാണ്. (മത്താ. 17:20) സങ്കീർത്തനം 34:10-ൽ നമുക്ക് ഈ ഉറപ്പു നൽകിയിരിക്കുന്നു: ‘യഹോവയെ അന്വേഷിക്കുന്നവർക്ക് ഒരു നന്മെക്കും കുറവില്ല.’ പയനിയർ സേവനത്തിൽ ഏർപ്പെടുന്ന ഏതൊരാളും യഹോവ തനിക്കായി കരുതും എന്ന ദൃഢവിശ്വാസത്തോടെ അങ്ങനെ ചെയ്യേണ്ടതുണ്ട്. എല്ലായിടത്തും ഉള്ള വിശ്വസ്ത പയനിയർമാർക്കു വേണ്ടി അവൻ അതു തന്നെയാണു ചെയ്യുന്നതും! (സങ്കീ. 37:25) തീർച്ചയായും, 2 തെസ്സലൊനീക്യർ 3:8, 10-ലെയും 1 തിമൊഥെയൊസ് 5:8-ലെയും തത്ത്വങ്ങൾക്കു ചേർച്ചയിൽ, മറ്റുള്ളവർ തങ്ങളെ സാമ്പത്തികമായി പിന്താങ്ങാൻ പയനിയർമാർ പ്രതീക്ഷിക്കുന്നില്ല.
6 പയനിയർ സേവനത്തെ കുറിച്ചു ചിന്തിക്കുന്ന ഏതൊരാളും യേശു പറഞ്ഞതു പോലെ, ‘ആദ്യം ഇരുന്നു കണക്കു നോക്കണം.’ (ലൂക്കൊ. 14:28) അങ്ങനെ ചെയ്യുന്നതു പ്രായോഗിക ജ്ഞാനമായിരിക്കും. വർഷങ്ങളോളം വിജയകരമായി പയനിയറിങ് ചെയ്തവരുമായി സംസാരിക്കുക. യഹോവ അവരെ പരിപാലിച്ചത് എങ്ങനെ എന്നു ചോദിക്കുക. നിങ്ങളുടെ സർക്കിട്ട് മേൽവിചാരകൻ അനുഭവസമ്പന്നനായ പയനിയർ ആണ്. മുഴുസമയ ശുശ്രൂഷയിൽ വിജയിക്കുന്നതിന് ഉള്ള നിർദേശങ്ങൾ നൽകാൻ അദ്ദേഹത്തിനു സന്തോഷമായിരിക്കും.
7 യഹോവയുടെ കരങ്ങളിൽ തന്നെത്തന്നെ സമർപ്പിക്കുന്നതുവരെ മത്തായി 6:33-ൽ യേശു നൽകിയ വാഗ്ദാനത്തിന്റെ സത്യത മുഴുവനായി അനുഭവിച്ചറിയാൻ ഒരു വ്യക്തിക്കു സാധിക്കില്ല. ഒരു വിശ്വസ്ത പയനിയർ ഇങ്ങനെ വിവരിച്ചു: “ഞാനും എന്റെ പയനിയർ പങ്കാളിയും ഞങ്ങളുടെ പുതിയ നിയമന സ്ഥലത്ത് എത്തിച്ചേർന്നപ്പോൾ ഞങ്ങളുടെ പക്കൽ കുറച്ചു പച്ചക്കറികളും ഒരു പായ്ക്കറ്റു വെണ്ണയും മാത്രമേ ഉണ്ടായിരുന്നുള്ളൂ, പണവും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് അത്താഴത്തിനു കഴിച്ചു കഴിഞ്ഞപ്പോൾ ‘നാളത്തേക്ക് ഒന്നും ഇല്ലല്ലോ’ എന്ന് ഞങ്ങൾ പറഞ്ഞു. അതേക്കുറിച്ചു പ്രാർഥിച്ചിട്ടു ഞങ്ങൾ ഉറങ്ങാൻ കിടന്നു. പിറ്റേന്ന് അതിരാവിലെ ആ പ്രദേശത്തുള്ള ഒരു സാക്ഷി ഞങ്ങളെ സന്ദർശിച്ച് സ്വയം പരിചയപ്പെടുത്തി. ‘പയനിയർമാരെ അയയ്ക്കണേ എന്നു ഞാൻ യഹോവയോടു പ്രാർഥിക്കുകയായിരുന്നു. ഇനി അധിക സമയവും എനിക്കു നിങ്ങളോടൊപ്പം പോരാമല്ലോ. ഞാൻ ഉൾപ്രദേശത്താണു താമസിക്കുന്നത്. അതുകൊണ്ട് ഉച്ചഭക്ഷണം നിങ്ങളോടൊപ്പം കഴിക്കേണ്ടി വരും. അതിനാൽ നമുക്കെല്ലാവർക്കും വേണ്ടി ഞാൻ ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്.’ കുറേ ഇറച്ചിയും പച്ചക്കറികളും ആയിരുന്നു അത്.” ‘നമ്മുടെ ജീവന്നായിക്കൊണ്ടു വിചാരപ്പെടേണ്ടതില്ല’ എന്ന് യേശു നമുക്ക് ഉറപ്പേകിയതിൽ തെല്ലും അതിശയിക്കാനില്ല. അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?”—മത്താ. 6:25, 27.
8 നമുക്കു ചുറ്റുമുള്ള ലോകം ഭൗതികത്വത്തിൽ ആഴ്ന്നിരിക്കുകയാണ്. അതുമായി അനുരഞ്ജനപ്പെടാൻ നമ്മുടെമേൽ വർധിച്ച സമ്മർദമുണ്ട്. എന്നാൽ, മുഴുസമയ ശുശ്രൂഷയോട് താഴ്മയോടുകൂടിയ വിലമതിപ്പ് ഉണ്ടായിരിക്കുന്നത് ഭൗതികമായി അധികമില്ലെങ്കിലും ഉള്ളതുകൊണ്ടു തൃപ്തരായിരിക്കാൻ നമ്മെ സഹായിക്കും. (1 തിമൊ. 6:8) ലളിതമായ, അടുക്കും ചിട്ടയുമുള്ള ജീവിതം നയിക്കുന്ന പയനിയർമാർക്കു സേവനത്തിനു കൂടുതൽ സമയം കണ്ടെത്താനും മറ്റുള്ളവരെ സത്യം പഠിപ്പിക്കുന്നതിൽ നിന്നു കൂടുതൽ സന്തോഷവും ആത്മീയ ബലവും നേടാനുമാകും. അവർ സന്ന്യാസ ജീവിതത്തിനു മുതിരുകയല്ല. തങ്ങളുടെ സാമ്പത്തിക അവസ്ഥ സംബന്ധിച്ച് സമനിലയുള്ള സമീപനം ഉണ്ടായിരിക്കുന്നത് പയനിയറിങ്ങിലെ അനുഗ്രഹങ്ങൾ ആസ്വദിക്കാൻ അവരെ പ്രാപ്തരാക്കിയിരിക്കുന്നു.
9 നാം അന്ത്യ നാളുകളിലാണു ജീവിക്കുന്നതെന്നും ഈ ദുഷ്ട ലോകത്തിന് ഇനി അധികം നാൾ അവശേഷിച്ചിട്ടില്ലെന്നും നിങ്ങൾ സൂക്ഷ്മമായി ഗ്രഹിക്കുന്നെങ്കിൽ, ഏത് അവസരത്തിലും സുവാർത്ത പ്രസംഗിക്കാൻ ആവശ്യമായ ത്യാഗങ്ങൾ ചെയ്യാൻ നിങ്ങൾ ആത്മീയമായി പ്രേരിതരാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ഒന്നുകൂടി വിലയിരുത്തി യഹോവയുടെ കരങ്ങളിൽ കാര്യാദികൾ സമർപ്പിക്കുന്നെങ്കിൽ, അവനെ മുഴുസമയം സേവിക്കാൻ സാധിക്കുമെന്നു നിങ്ങൾ തിരിച്ചറിയും. പയനിയറിങ് ചെയ്യാൻ വേണ്ടി ചില ഭൗതിക അഭിലാഷങ്ങൾ ഉപേക്ഷിക്കേണ്ടി വന്നാലും യഹോവയുടെ സമൃദ്ധമായ അനുഗ്രഹങ്ങൾ നിങ്ങൾ ആസ്വദിക്കും.—സങ്കീ. 145:16.
ചോദ്യം 3: “കൗമാര പ്രായത്തിലുള്ള വ്യക്തി എന്ന നിലയിൽ, പയനിയർ സേവനത്തെ എന്റെ ജീവിതവൃത്തിയാക്കുന്നതിനെ കുറിച്ചു ഞാൻ പരിചിന്തിക്കേണ്ടത് എന്തുകൊണ്ട്?”
10 സ്കൂൾ വിദ്യാഭ്യാസത്തിന്റെ അവസാന വർഷങ്ങളിൽ സ്വാഭാവികമായും നിങ്ങൾ ഭാവിയെ കുറിച്ചു ചിന്തിക്കും. ഭാവി സുരക്ഷിതവും സന്തുഷ്ടവും സംതൃപ്തിദായകവും ആയിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസ ഉപദേഷ്ടാക്കൾ നിങ്ങളെ ദീർഘകാല കോളെജ് വിദ്യാഭ്യാസം വേണ്ടിവരുന്ന ആദായകരമായ ജീവിതവൃത്തിയിലേക്കു തിരിച്ചുവിടാൻ ശ്രമിച്ചേക്കാം. നന്നായി പരിശീലിപ്പിക്കപ്പെട്ട നിങ്ങളുടെ ക്രിസ്തീയ മനസ്സാക്ഷി നിങ്ങളോടു മറ്റൊന്നാണു പറയുന്നത്, യഹോവയുടെ സേവനത്തിൽ വർധിച്ച അളവിൽ പങ്കുപറ്റാൻ തയ്യാറാവുക. (സഭാ. 12:1) ക്രമേണ, വിവാഹം കഴിച്ച് കുടുംബമായി കഴിയുന്നതിനെ കുറിച്ചും നിങ്ങൾ ചിന്തിച്ചെന്നു വരാം. നിങ്ങൾ എന്തു ചെയ്യും?
11 ജീവിതത്തിലെ ഈ ഘട്ടത്തിൽ എടുക്കുന്ന തീരുമാനങ്ങളായിരിക്കാം നിങ്ങളുടെ മുഴു ഭാവിയെയും കരുപ്പിടിപ്പിക്കുന്നത്. നിങ്ങൾ ഇതിനോടകം സമർപ്പിച്ചു സ്നാപനമേറ്റ യഹോവയുടെ സാക്ഷിയാണെങ്കിൽ യഹോവയ്ക്കു നിങ്ങളെത്തന്നെ മുഴു ദേഹിയോടെ അർപ്പിച്ചിരിക്കുകയാണ്. (എബ്രാ. 10:7) അവസരം ലഭിക്കുമ്പോൾ ആദ്യം ഒന്നോ രണ്ടോ മാസം സഹായ പയനിയറിങ് ചെയ്യുക. നിരന്തര പയനിയറിങ്ങുമായി ബന്ധപ്പെട്ട സന്തോഷങ്ങളും ഉത്തരവാദിത്വങ്ങളും അനുഭവിച്ചറിയാൻ അതു കളമൊരുക്കും. അതോടെ ജീവിതത്തിൽ എന്തു ചെയ്യണം എന്നതു കൂടുതൽ വ്യക്തമായിത്തീരും. എന്നിട്ട്, അടിസ്ഥാന വിദ്യാഭ്യാസം കഴിയുന്ന ഉടനെ മുഴുസമയ ലൗകിക ജോലിയിൽ ഏർപ്പെടുന്നതിനു പകരം നിരന്തര പയനിയറിങ് തുടങ്ങിക്കൂടേ? വൈകി പയനിയർ സേവനത്തിൽ ഏർപ്പെട്ട ചിലർ അതു നേരത്തേ തുടങ്ങാഞ്ഞതു സംബന്ധിച്ച് ഖേദിച്ചിട്ടുണ്ട്.
12 ഒരു യുവ വ്യക്തി എന്ന നിലയിൽ കഴിയുന്നിടത്തോളം കാലം അവിവാഹിത അവസ്ഥയിൽ തുടർന്നുകൊണ്ട് മുഴുസമയ പ്രസംഗ വേലയുടെ പ്രയോജനങ്ങൾ പരമാവധി ആസ്വദിക്കുക. പിന്നീട് എപ്പോഴെങ്കിലും വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നപക്ഷം നിരന്തര പയനിയറിങ്ങിനെ പോലെ അതിനു പറ്റിയ മറ്റൊരു അടിത്തറയില്ല. പക്വതയിലും ആത്മീയതയിലും വളരുമ്പോൾ, സമാന ചിന്താഗതിയുള്ള വിവാഹ പങ്കാളിയോടൊപ്പം പയനിയറിങ്ങിനെ നിങ്ങളുടെ ജീവിതവൃത്തിയാക്കാൻ നിങ്ങൾ തീരുമാനിച്ചേക്കാം. ഒരുമിച്ചു പയനിയറിങ് ചെയ്ത ചില ദമ്പതികൾ സർക്കിട്ട് വേലയിൽ പ്രവേശിക്കുകയോ പ്രത്യേക പയനിയർമാരായി തീരുകയോ ചെയ്തിട്ടുണ്ട്. തികച്ചും തൃപ്തികരമായ ജീവിതരീതിതന്നെ!
13 നിങ്ങൾ പയനിയറിങ് ചെയ്യുന്നത് എത്ര കാലത്തേക്കാണെങ്കിലും ഭൂമിയിൽ മറ്റൊരു വേലയിൽ നിന്നും ലഭിക്കാത്തത്ര വിദ്യാഭ്യാസവും അമൂല്യമായ പരിശീലനവും അതിലൂടെ നിങ്ങൾക്കു ലഭിച്ചിരിക്കും. ശിക്ഷണം, വ്യക്തിപരമായ സംഘാടനം, ആളുകളോട് ഇടപെടേണ്ട വിധം, യഹോവയിലുള്ള ആശ്രയം, ക്ഷമയും ദയയും വളർത്തിയെടുക്കാവുന്ന വിധം എന്നിവ പയനിയറിങ്ങിലൂടെ പഠിച്ചെടുക്കാൻ സാധിക്കും. കൂടുതലായ ഉത്തരവാദിത്വങ്ങൾക്കു നിങ്ങളെ സജ്ജരാക്കുന്ന ഗുണങ്ങളാണവ.
14 മനുഷ്യവർഗത്തെ സംബന്ധിച്ചിടത്തോളം ജീവിതം ഒരിക്കലും ഇത്രത്തോളം അനിശ്ചിതത്വം ഉള്ളതായിരുന്നിട്ടില്ല. യഹോവ വാഗ്ദാനം ചെയ്തിരിക്കുന്നതിനു പുറമേ ശാശ്വതമായിരിക്കുന്ന അധികമൊന്നുമില്ല. ഭാവി നിങ്ങളുടെ മുമ്പാകെ തുറന്ന് കിടക്കുന്നതിനാൽ വരും വർഷങ്ങളിൽ നിങ്ങളുടെ ജീവിതം എങ്ങനെ വിനിയോഗിക്കണമെന്നതു സംബന്ധിച്ചു സഗൗരവം ചിന്തിക്കാൻ ഇതിനെക്കാൾ മെച്ചമായ വേറെ സമയമുണ്ടോ? പയനിയറിങ് പദവി സസൂക്ഷ്മം തൂക്കി നോക്കുക. പയനിയർ സേവനം ജീവിതവൃത്തിയായി തിരഞ്ഞെടുത്തതിൽ നിങ്ങൾ ഒരിക്കലും ഖേദിക്കുകയില്ല.
ചോദ്യം 4: “മണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരുക എന്നത് ഒരു നിരന്തര സമ്മർദം അല്ലേ? വേണ്ടത്ര സമയം കിട്ടിയില്ലെങ്കിലോ?”
15 നിരന്തര പയനിയറിങ്ങിനുള്ള അപേക്ഷാ ഫാറം പൂരിപ്പിക്കുമ്പോൾ ഈ ചോദ്യത്തിന് ഉത്തരം നൽകേണ്ടത് ആവശ്യമാണ്: “വർഷത്തേക്ക് 1,000 എന്ന മണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരുമെന്നു ന്യായമായും പ്രതീക്ഷിക്കാൻ കഴിയത്തക്കവണ്ണം നിങ്ങൾ വ്യക്തിപരമായ കാര്യാദികൾ ക്രമീകരിച്ചിരിക്കുന്നുവോ?” അതിൽ എത്തിച്ചേരുന്നതിന് ദിവസേന ശരാശരി മൂന്നു മണിക്കൂർ സേവനത്തിൽ ചെലവഴിക്കണം. അതിനു നല്ല പട്ടികയും ആത്മ ശിക്ഷണവും ആവശ്യമാണ് എന്നു വ്യക്തം. മിക്ക പയനിയർമാരും ഏതാനും മാസങ്ങൾക്കകം പ്രായോഗികവും സാധ്യവുമായ ദിനചര്യ ഉണ്ടാക്കിയെടുക്കുന്നു.
16 എന്നിരുന്നാലും, ‘കാലവും മുൻകൂട്ടി കാണാൻ കഴിയാത്ത സംഭവങ്ങളും നമ്മുടെമേലെല്ലാം വന്നു ഭവിക്കുന്നു’ എന്ന് സഭാപ്രസംഗി 9:11 [NW] വസ്തുനിഷ്ഠമായി പറയുന്നു. ഗുരുതരമായ രോഗമോ മുൻകൂട്ടി കാണാൻ കഴിയാത്ത മറ്റു സാഹചര്യങ്ങളോ നിമിത്തം ഒരു പയനിയർക്ക് മണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരാൻ കഴിയാതെ വന്നേക്കാം. പ്രശ്നം ദീർഘനാൾ നീണ്ടു നിൽക്കാത്തതും സേവന വർഷത്തിന്റെ ആദ്യ ഭാഗത്ത് സംഭവിക്കുന്നതുമാണെങ്കിൽ, നഷ്ടപ്പെട്ട സമയം വീണ്ടെടുക്കുന്നതിന് ഊർജിതമായ ഒരു പട്ടിക അനുസരിച്ചു പ്രവർത്തിച്ചാൽ ധാരാളം മതിയാകും. എന്നാൽ, സേവന വർഷം അവസാനിക്കാൻ ഏതാനും മാസങ്ങൾ അവശേഷിച്ചിരിക്കേ ഗൗരവമായ ഒരു പ്രശ്നം ഉയർന്നു വരികയും പയനിയർക്കു മണിക്കൂറിൽ എത്താൻ സാധിക്കാതാകുകയും ചെയ്യുന്നെങ്കിലോ?
17 ഏതാനും മാസത്തേക്കു താത്കാലികമായി രോഗം പിടിപെട്ടതിനാലോ നിങ്ങളുടെ നിയന്ത്രണത്തിന് അതീതമായ മറ്റെന്തെങ്കിലും അടിയന്തിര പ്രശ്നം ഉടലെടുത്തതിനാലോ മണിക്കൂർ വ്യവസ്ഥയിൽ എത്താൻ കഴിയാതെ വരുന്നെങ്കിൽ സഭാ സേവന കമ്മിറ്റിയിലെ ഒരംഗത്തെ സമീപിച്ച് പ്രശ്നം വിശദീകരിക്കാൻ സാധിക്കും. നഷ്ടപ്പെട്ട സമയത്തെ കുറിച്ചു വേവലാതിപ്പെടാതെ പയനിയറിങ് തുടരാൻ നിങ്ങളെ അനുവദിക്കുന്നതാണ് ഉചിതമെന്ന് ആ മൂപ്പന്മാർക്കു തോന്നുന്നപക്ഷം അവർക്ക് അങ്ങനെ തീരുമാനിക്കാവുന്നതാണ്. നഷ്ടപ്പെട്ട സമയം നിങ്ങൾ വീണ്ടെടുക്കേണ്ടതില്ല എന്നു കാട്ടുന്നതിന് സെക്രട്ടറി സഭയിലെ പ്രസാധക രേഖാ കാർഡിൽ അത് എഴുതിവെക്കും. ഇത് പയനിയറിങ്ങിൽ നിന്നുള്ള അവധിയല്ല, മറിച്ച്, നിങ്ങളുടെ സാഹചര്യങ്ങൾ കണക്കിലെടുത്ത് കാണിക്കുന്ന ഒരു പ്രത്യേക പരിഗണനയാണ്.—1986 ഒക്ടോബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ (ഇംഗ്ലീഷ്) അനുബന്ധ ലേഖനത്തിന്റെ 18-ാം ഖണ്ഡിക കാണുക.
18 അനുഭവസമ്പന്നരായ പയനിയർമാർ സേവന വർഷത്തിന്റെ ആരംഭത്തിൽ തന്നെ ഓരോ മാസവും ആവശ്യമായ മണിക്കൂറിനെക്കാൾ അധികം സേവനത്തിൽ ചെലവഴിക്കുന്നു. പയനിയർ സേവനത്തിനു മുൻതൂക്കം നൽകുന്നതുകൊണ്ട് ചിലപ്പോഴൊക്കെ അവർ അവശ്യം ചെയ്യേണ്ടതില്ലാത്ത പ്രവർത്തനങ്ങൾ വെട്ടിക്കുറയ്ക്കുന്നത് അത്യാവശ്യമാണെന്നു കണ്ടെത്തുന്നു. നല്ല പട്ടിക ഇല്ലാത്തതിനാലോ ആത്മ ശിക്ഷണത്തിന്റെ അഭാവത്താൽ അതിനോടു പറ്റിനിൽക്കാൻ സാധിക്കാത്തതിനാലോ ഒരു പയനിയർക്കു മണിക്കൂർ വ്യവസ്ഥയിൽ എത്താൻ കഴിയുന്നില്ലെങ്കിൽ അതിനു കാരണക്കാരൻ താനാണെന്ന് ആ പയനിയർ മനസ്സിലാക്കേണ്ടതുണ്ട്. അദ്ദേഹം പ്രത്യേക പരിഗണന പ്രതീക്ഷിക്കാതെ നഷ്ടപ്പെട്ട സമയം വീണ്ടെടുക്കണം.
19 ഒരു പയനിയർക്ക്, ജീവിത ചുറ്റുപാടുകളിൽ ഒഴിച്ചുകൂടാനാകാത്ത മാറ്റങ്ങൾ സംഭവിക്കുന്ന സന്ദർഭങ്ങളുമുണ്ട്. സ്ഥായിയായ ആരോഗ്യ പ്രശ്നമോ വർധിച്ച കുടുംബ ഉത്തരവാദിത്വമോ നിമിത്തം ദീർഘനാൾ മണിക്കൂർ വ്യവസ്ഥയിൽ എത്താൻ സാധിക്കാതെ വരുന്നതായി അയാൾ മനസ്സിലാക്കിയേക്കാം. അങ്ങനെയെങ്കിൽ, അയാൾ പ്രസാധക നിരയിലേക്കു മടങ്ങുന്നതായിരിക്കും ജ്ഞാനം. സാധിക്കുമ്പോഴൊക്കെ സഹായ പയനിയറിങ്ങിൽ ഏർപ്പെടുകയും ചെയ്യാം. മണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരാൻ മേലാൽ സാഹചര്യം അനുവദിക്കാത്ത ഒരു വ്യക്തിക്ക് പയനിയർ ലിസ്റ്റിൽ തുടരാനുള്ള ഏർപ്പാടില്ല.
20 യോഗ്യത ഉള്ളവർക്ക് പ്രത്യേക പരിഗണന നൽകാനുള്ള ക്രമീകരണം, അനാവശ്യമായി വേവലാതിപ്പെടാതെ പയനിയർ സേവനത്തിനു പേർ ചാർത്താൻ അനേകർക്കു പ്രോത്സാഹനമേകും എന്നു ഞങ്ങൾ പ്രത്യാശിക്കുന്നു. ഇപ്പോൾ മുഴുസമയ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെയും പയനിയറിങ്ങിൽ തുടരാൻ അതു പ്രോത്സാഹിപ്പിക്കേണ്ടതാണ്. പയനിയർമാർ മുഴുസമയ സേവനത്തിൽ വിജയിക്കണമെന്നതാണു ഞങ്ങളുടെ ആഗ്രഹം.
ചോദ്യം 5: “നേട്ടങ്ങൾ കൈവരിച്ച് അതു സന്തോഷത്തോടെ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. പയനിയർ സേവനം എനിക്കു സംതൃപ്തി നൽകുമോ?”
21 യഥാർഥ സന്തുഷ്ടി അധികവും, യഹോവയുമായി വ്യക്തിപരമായ ഉറ്റ ബന്ധവും അവനെ വിശ്വസ്തതയോടെ സേവിക്കുന്നു എന്ന ഉറച്ച ബോധ്യവും ഉണ്ടായിരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. യേശു, “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു” ദണ്ഡനസ്തംഭം സഹിച്ചു. (എബ്രാ. 12:2) ദൈവേഷ്ടം ചെയ്യുന്നതിലാണ് അവൻ സന്തുഷ്ടി കണ്ടെത്തിയത്. (സങ്കീ. 40:8) നമ്മുടെ ജീവിതത്തിലെ മിക്ക പ്രവർത്തനങ്ങളും യഹോവയെ ആരാധിക്കുന്നതുമായി ബന്ധപ്പെട്ടതാണ് എങ്കിൽ ഈ വ്യവസ്ഥിതിയിലും നമുക്കു യഥാർഥ സന്തുഷ്ടി ആസ്വദിക്കാൻ കഴിയും. ആത്മീയ പ്രവർത്തനങ്ങൾ ജീവിതത്തിന് ഒരു ഉദ്ദേശ്യം നൽകുന്നു. കാരണം, നാം ശരിയായതാണു ചെയ്യുന്നത് എന്ന് ഉള്ളിന്റെ ഉള്ളിൽ നമുക്കറിയാം. കൊടുക്കുന്നതിൽ നിന്നു സന്തുഷ്ടി ലഭിക്കുന്നു. ദൈവത്തിന്റെ പുതിയ ലോകത്തിലെ നിത്യജീവൻ എങ്ങനെ നേടാൻ കഴിയും എന്നു മറ്റുള്ളവരെ പഠിപ്പിക്കുന്നതിനു കൊടുക്കുന്നതിനെക്കാൾ മെച്ചമായി നമ്മെത്തന്നെ കൊടുക്കാൻ മറ്റൊരു മാർഗവുമില്ല.—പ്രവൃ. 20:35.
22 ഒന്നാമത്തെ ഖണ്ഡികയിൽ പരാമർശിച്ച പയനിയർ ഇങ്ങനെ വിശദീകരിച്ചു: “നിങ്ങൾ അധ്യയനമെടുത്ത ആരെങ്കിലും യഹോവയുടെ ഒരു സജീവ സ്തുതിപാഠകനായിത്തീരുന്നതു കാണുന്നതിനെക്കാൾ വലിയ സന്തോഷമുണ്ടോ? യഹോവയെ പ്രസാദിപ്പിക്കുന്നതിനുവേണ്ടി ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് ആളുകളെ പ്രചോദിപ്പിക്കുന്നതിൽ ദൈവവചനം എത്ര ശക്തമാണെന്നു കാണുന്നത് ആഹ്ലാദകരമാണ്, അതു വിശ്വാസത്തെ ബലിഷ്ഠമാക്കുകയും ചെയ്യും.” (1997 ഒക്ടോബർ 15 വീക്ഷാഗോപുരത്തിന്റെ 18-23 പേജുകൾ കാണുക.) അങ്ങനെയെങ്കിൽ, നിങ്ങൾക്കു സന്തുഷ്ടി പകരുന്നത് എന്താണ്? ലോകം വെച്ചു നീട്ടുന്ന താത്കാലിക ആസ്വാദനത്തിനു പകരം, നിങ്ങൾ ശാശ്വതവും മൂല്യവത്തുമായ ഉദ്യമങ്ങളെ വിലമതിക്കുന്നു എങ്കിൽ പയനിയറിങ് നിങ്ങളിൽ സാക്ഷാത്കാരത്തിന്റേതായ ഉത്തമ ബോധ്യം ജനിപ്പിക്കും. അതു നിങ്ങളെ യഥാർഥത്തിൽ സന്തുഷ്ടരാക്കും.
ചോദ്യം 6: “പയനിയറിങ് നിത്യജീവനുള്ള നിബന്ധനയല്ല എങ്കിൽ അതു ചെയ്യണോ വേണ്ടയോ എന്നത് എന്റെ തീരുമാനമല്ലേ?”
23 ശരിയാണ്, പയനിയറിങ് ചെയ്യണോ എന്നതു നിങ്ങളുടെ തീരുമാനമാണ്. യഹോവയ്ക്കു മാത്രമേ നിങ്ങളുടെ വ്യക്തിപരമായ ജീവിത സാഹചര്യങ്ങളെ വിവേചിക്കാൻ സാധിക്കുകയുള്ളൂ. (റോമ. 14:4) നിങ്ങൾ അവനെ പൂർണ ഹൃദയത്തോടും ദേഹിയോടും മനസ്സോടും ശക്തിയോടും കൂടെ സ്നേഹിക്കാൻ അവൻ ഉചിതമായി പ്രതീക്ഷിക്കുന്നു. (മർക്കൊ. 12:30; ഗലാ. 6:4, 5) മനസ്സില്ലാമനസ്സോടെയോ നിർബന്ധത്താലോ അല്ല, സന്തോഷത്തോടെ കൊടുക്കുന്നവനെ, സേവിക്കുന്നവനെ അവൻ സ്നേഹിക്കുന്നു. (2 കൊരി. 9:7; കൊലൊ. 3:23) നിങ്ങൾ മുഴുസമയ സേവനത്തിൽ ഏർപ്പെടുന്നത് യഹോവയോടും നിങ്ങളുടെ പ്രദേശത്തുള്ള ആളുകളോടും ഉള്ള സ്നേഹം നിമിത്തം ആയിരിക്കണം. (മത്താ. 9:36-38; മർക്കൊ. 12:30, 31) നിങ്ങൾക്ക് അങ്ങനെയാണു തോന്നുന്നത് എങ്കിൽ പയനിയർ സേവനത്തെ കുറിച്ച് സഗൗരവം പരിചിന്തിക്കാവുന്നതാണ്.
24 ഇവിടെ വിവരിച്ചിരിക്കുന്ന കാര്യങ്ങൾ പയനിയറിങ്ങിനുള്ള നിങ്ങളുടെ സാധ്യതകൾ തൂക്കി നോക്കാൻ സഹായകമായിരിക്കും എന്നു ഞങ്ങൾ പ്രത്യാശിക്കുന്നു. നിരന്തര പയനിയറിങ് ചെയ്യത്തക്ക വിധം നിങ്ങൾക്കു സാഹചര്യങ്ങളെ പൊരുത്തപ്പെടുത്താൻ കഴിയുമോ? “എന്റെ പ്രതിവാര പയനിയർ സേവന പട്ടിക” എന്ന ശീർഷകത്തിൽ താഴെ ഒരു കലണ്ടർ കൊടുത്തിരിക്കുന്നു. അത് ഉപയോഗിച്ച് പ്രതിവാരം ശുശ്രൂഷയിൽ ശരാശരി 23 മണിക്കൂർ ചെലവഴിക്കുക സാധ്യമാക്കുന്ന പ്രായോഗികമായ ഒരു പട്ടിക തയ്യാറാക്കാൻ സാധിക്കുമോ എന്നു നോക്കുക. എന്നിട്ട്, നിങ്ങളുടെ മുഴു വിശ്വാസവും ആശ്രയവും യഹോവയിൽ അർപ്പിക്കുക. അവന്റെ സഹായത്തോടെ നിങ്ങൾക്കു വിജയിക്കാനാകും! ‘ഞാൻ നിങ്ങൾക്കു സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരും’ എന്ന് അവൻ വാഗ്ദാനം ചെയ്തിരിക്കുന്നു.—മലാ. 3:10.
25 അതുകൊണ്ട്, ഞങ്ങൾ ചോദിക്കുകയാണ്, “പയനിയർ സേവനം—അതു നിങ്ങൾക്കുള്ളതോ?” “അതേ” എന്നു നിങ്ങൾക്ക് ഉത്തരം പറയാൻ സാധിക്കുമെങ്കിൽ ഉടനടി നിരന്തര പയനിയറിങ് തുടങ്ങാൻ ഒരു തീയതി നിശ്ചയിക്കുക. സന്തുഷ്ടമായ ജീവിതം പ്രദാനം ചെയ്തുകൊണ്ട് യഹോവ നിങ്ങളെ അനുഗ്രഹിക്കും എന്ന് ഉറപ്പുള്ളവരായിരിക്കുക!
[6-ാം പേജിലെ ചാർട്ട്]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
എന്റെ പ്രതിവാര പയനിയർ സേവന പട്ടിക
തിങ്കൾ രാവിലെ
ചൊവ്വ രാവിലെ
ബുധൻ രാവിലെ
വ്യാഴം രാവിലെ
വെള്ളി രാവിലെ
ശനി രാവിലെ
ഞായർ രാവിലെ
തിങ്കൾ വയൽ സേവനം
ചൊവ്വ വയൽ സേവനം
ബുധൻ വയൽ സേവനം
വ്യാഴം വയൽ സേവനം
വെള്ളി വയൽ സേവനം
ശനി വയൽ സേവനം
ഞായർ വയൽ സേവനം
തിങ്കൾ ഉച്ചതിരിഞ്ഞ്
ചൊവ്വ ഉച്ചതിരിഞ്ഞ്
ബുധൻ ഉച്ചതിരിഞ്ഞ്
വ്യാഴം ഉച്ചതിരിഞ്ഞ്
വെള്ളി ഉച്ചതിരിഞ്ഞ്
ശനി ഉച്ചതിരിഞ്ഞ്
ഞായർ ഉച്ചതിരിഞ്ഞ്
പെൻസിൽ ഉപയോഗിച്ച് വാരത്തിൽ ഓരോ ദിവസത്തെയും പട്ടിക രേഖപ്പെടുത്തുക.
പ്രതിവാരം വയൽ സേവനത്തിൽ മൊത്തം ഏതാണ്ട് 23 മണിക്കൂർ പട്ടികപ്പെടുത്തുക. പട്ടികപ്പെടുത്തിയിരിക്കുന്ന മൊത്തം പ്രതിവാര മണിക്കൂർ ––––––––––––––––