‘സമ്പൂർണ സാക്ഷ്യം വഹിക്കുന്നതിൽ’ ശുഷ്കാന്തിയുള്ളവർ ആയിരിക്കുക
1, 2. സുവാർത്ത പ്രസംഗത്തോടുള്ള പൗലൊസിന്റെ വീക്ഷണം സംബന്ധിച്ച് നിങ്ങളിൽ മതിപ്പുളവാക്കുന്നത് എന്താണ്, ‘സമ്പൂർണ സാക്ഷ്യം വഹിക്കുന്നതിലെ’ അവന്റെ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാൻ കഴിയും?
1 യേശുവിനെയും പുരാതന നാളിലെ അനേകം വിശ്വസ്ത ദാസരെയും പോലെ അപ്പൊസ്തലനായ പൗലൊസ് സുവാർത്തയുടെ തീക്ഷ്ണതയുള്ള ഒരു ഘോഷകനായിരുന്നു. എല്ലാ സാഹചര്യങ്ങളിലും അവൻ “സമ്പൂർണ സാക്ഷ്യം വഹിച്ചു” (NW). വീട്ടുതടങ്കലിൽ ആയിരുന്നപ്പോൾ പോലും അവൻ “തന്റെ അടുക്കൽ വരുന്നവരെ ഒക്കെയും കൈക്കൊണ്ടു പൂർണ്ണപ്രാഗത്ഭ്യത്തോടെ വിഘ്നംകൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിച്ചും പോന്നു.”—പ്രവൃ. 28:16-30.
2 നമുക്കും എല്ലാ അവസരങ്ങളിലും ‘സമ്പൂർണ സാക്ഷ്യം വഹിക്കുന്നതിൽ’ ശുഷ്കാന്തിയുള്ളവരായിരിക്കാൻ കഴിയും. സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും പോകുമ്പോഴും തിരിച്ചു വരുമ്പോഴും കണ്ടുമുട്ടുന്ന ആളുകളോടു സാക്ഷീകരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.—പ്രവൃ. 28:23, NW; സങ്കീ. 145:10-13.
3. നമ്മുടെ അനൗപചാരിക സാക്ഷീകരണം കേവലം യാദൃച്ഛികമായ ഒന്നായി മാറുന്നത് ഒഴിവാക്കാൻ നമുക്ക് എങ്ങനെ കഴിയും?
3 അനൗപചാരിക സാക്ഷീകരണം എന്താണ്? ആസൂത്രണം ചെയ്യപ്പെടാത്ത പ്രാധാന്യമില്ലാത്ത ഒരു സംഗതി എന്നതുപോലെ കേവലം യാദൃച്ഛികമായി അഥവാ ആകസ്മികമായി സംഭവിക്കുന്ന ഒന്നല്ല അനൗപചാരിക സാക്ഷീകരണം. തീർച്ചയായും, നമ്മുടെ ശുശ്രൂഷ അത്തരം ഒന്നല്ല. പൗലൊസിന്റെ കാര്യത്തിൽ സത്യമായിരുന്നതുപോലെ, സാക്ഷീകരണത്തിലൂടെ യഹോവയ്ക്കു മഹത്ത്വം കൊടുക്കുന്നത് നമ്മെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അതുകൊണ്ട് ഈ വർഷം നാം യാത്രയിലായിരിക്കുമ്പോഴെല്ലാം അനുയോജ്യമായ എല്ലാ സാഹചര്യത്തിലും സാക്ഷ്യം നൽകാൻ ലക്ഷ്യം വെക്കുക. എന്നിരുന്നാലും, നമ്മുടെ സമീപനരീതിയെ അനൗപചാരികം—പിരിമുറുക്കം കൂടാതെയുള്ള, സൗഹൃദപരമായ, ഔപചാരികമല്ലാത്ത ഒന്ന്—എന്നു വിശേഷിപ്പിക്കുന്നത് തികച്ചും ഉചിതമാണ്. ഇത്തരം സമീപനത്തിന് നല്ല ഫലങ്ങൾ ഉളവാക്കാൻ കഴിയും.
4. തന്റെ താമസസ്ഥലത്ത് ആയിരിക്കെ സാക്ഷീകരിക്കാൻ പൗലൊസിന് കഴിഞ്ഞത് എങ്ങനെ?
4 സാക്ഷ്യം നൽകാൻ തയ്യാറാകുക: പൗലൊസ് റോമിൽ വീട്ടുതടങ്കലിൽ ആയിരുന്നപ്പോൾ സാക്ഷീകരിക്കാനുള്ള അവസരങ്ങൾ അവൻ ഉണ്ടാക്കേണ്ടതുണ്ടായിരുന്നു. തന്റെ താമസസ്ഥലത്ത് ആയിരിക്കെ, സ്ഥലത്തെ യഹൂദ നേതാക്കന്മാരെ തന്റെ വീട്ടിലേക്കു ക്ഷണിക്കാൻ അവൻ മുൻകൈയെടുത്തു. (പ്രവൃ. 28:17) റോമിൽ ഒരു ക്രിസ്തീയ സഭ ഉണ്ടായിരുന്നെങ്കിലും, ആ നഗരത്തിലെ യഹൂദ സമുദായത്തിന് ക്രിസ്തീയ വിശ്വാസത്തെ കുറിച്ച് നേരിട്ടുള്ള അറിവ് ഇല്ലായിരുന്നു എന്ന് പൗലൊസിന് അറിയാമായിരുന്നു. (പ്രവൃ. 28:22; റോമ. 1:3, 4) യേശുക്രിസ്തുവിനെയും ദൈവരാജ്യത്തെയും കുറിച്ച് ‘സമ്പൂർണ സാക്ഷ്യം വഹിക്കുന്നതിൽ’ നിന്ന് അവൻ പിന്മാറിനിന്നില്ല.
5, 6. അനൗപചാരികമായി സാക്ഷീകരിക്കാനുള്ള ഏതെല്ലാം അവസരങ്ങൾ നമുക്കു ലഭിച്ചേക്കാം, ഫലപ്രദമായി സാക്ഷീകരിക്കാൻ നമുക്ക് എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്താൻ കഴിയും?
5 യാത്രയിലായിരിക്കെ നിങ്ങൾ കണ്ടുമുട്ടാൻ ഇടയുള്ള, യഹോവയുടെ സാക്ഷികളെപ്പറ്റി കാര്യമായി ഒന്നുംതന്നെ അറിയില്ലാത്ത ആളുകളെ കുറിച്ചു ചിന്തിക്കുക. നമ്മുടെ സൗജന്യ ഭവന ബൈബിളധ്യയന ക്രമീകരണത്തെ കുറിച്ചും അവർക്ക് അറിയില്ലായിരിക്കാം. യാത്രാവേളകളിൽ, വിശ്രമസ്ഥലങ്ങളിലും പെട്രോൾ പമ്പുകളിലും വണ്ടി നിറുത്തുമ്പോൾ, സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ, ഹോട്ടലുകളിൽ താമസിക്കുമ്പോൾ, റെസ്റ്ററന്റുകളിൽ ഭക്ഷണം കഴിക്കുമ്പോൾ, പൊതുവാഹനങ്ങളിൽ യാത്രചെയ്യുമ്പോൾ തുടങ്ങി എവിടെ ആയിരുന്നാലും കണ്ടുമുട്ടുന്ന ആളുകളോടു സാക്ഷീകരിക്കാനുള്ള അവസരങ്ങൾക്കായി നോക്കിപ്പാർത്തിരിക്കുക. ഒരു സംഭാഷണം തുടങ്ങാനും ഹ്രസ്വമായ സാക്ഷ്യം നൽകാനുമായി എന്തു പറയണം എന്നതിനെ കുറിച്ച് നേരത്തേതന്നെ തീരുമാനിക്കുക. ഒരുപക്ഷേ വരുംദിവസങ്ങളിൽ അയൽക്കാരോടും ബന്ധുക്കളോടും സഹജോലിക്കാരോടും മറ്റു പരിചയക്കാരോടും അനൗപചാരികമായി സാക്ഷീകരിച്ചുകൊണ്ട് നിങ്ങൾക്ക് ഇതു പരിശീലിക്കാവുന്നതാണ്.
6 അനൗപചാരിക സാക്ഷീകരണത്തിൽ നിങ്ങൾക്ക് ചില പ്രസിദ്ധീകരണങ്ങൾ ആവശ്യമായി വരും. അവ ഏതൊക്കെയാണ്? ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ബൈബിൾ വായിക്കേണ്ടതിന്റെ കാരണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന അതിലെ ആദ്യത്തെ അഞ്ച് ഖണ്ഡികകൾ വിശേഷവത്കരിക്കുക. സൗജന്യ ഭവന ബൈബിളധ്യയനത്തിനുവേണ്ടി അപേക്ഷിക്കാനായി ലഘുലേഖയുടെ പിൻപേജിൽ കൊടുത്തിരിക്കുന്ന കൂപ്പൺ കാണിക്കുക. അനുകൂലമായി പ്രതികരിക്കുന്ന വ്യക്തിക്ക് ആവശ്യം ലഘുപത്രിക വാഗ്ദാനം ചെയ്യുക. മറ്റു ഭാഷ സംസാരിക്കുന്ന ആളുകളെ കണ്ടുമുട്ടുമ്പോൾ ഉപയോഗിക്കാനായി സകല ജനതകൾക്കുമുള്ള സുവാർത്ത എന്ന ചെറുപുസ്തകം കൂടെ കരുതുക. സാക്ഷ്യം നൽകുന്നതിന് അത് എങ്ങനെ ഉപയോഗിക്കാൻ കഴിയും എന്നതിനെ കുറിച്ച് 2-ാം പേജിൽ വിശദീകരിച്ചിട്ടുണ്ട്. കാറിലാണ് യാത്ര ചെയ്യുന്നതെങ്കിൽ, രാജ്യസന്ദേശത്തിൽ യഥാർഥ താത്പര്യമുള്ള ആളുകൾക്കായി മറ്റു ചില അടിസ്ഥാന പ്രസിദ്ധീകരണങ്ങളുംകൂടെ കരുതാൻ നിങ്ങൾക്കു കഴിഞ്ഞേക്കും.
7, 8. യാത്രാവേളകളിലും വിശ്രമവേളകളിലും നമ്മുടെ വ്യക്തിപരമായ വസ്ത്രധാരണവും ചമയവും നടത്തയും എപ്രകാരമുള്ളത് ആയിരിക്കണം എന്നതു സംബന്ധിച്ച ഏതു മുന്നറിയിപ്പിന് നാം ശ്രദ്ധകൊടുക്കേണ്ടതാണ്?
7 നിങ്ങളുടെ വസ്ത്രധാരണം, ചമയം, നടത്ത എന്നിവയ്ക്കു ശ്രദ്ധകൊടുക്കുക: നമ്മുടെ നടത്തയും വസ്ത്രധാരണവും ചമയവും മറ്റുള്ളവർക്കു തെറ്റായ ധാരണ നൽകുകയോ യഹോവയുടെ സംഘടനയെ കുറിച്ച് ‘വിരോധം പറയാൻ’ ഇടയാക്കുകയോ ചെയ്യുകയില്ലെന്ന് നാം ഉറപ്പു വരുത്തേണ്ടതുണ്ട്. (പ്രവൃ. 28:22) സമ്മേളനങ്ങളിലും കൺവെൻഷനുകളിലും പങ്കെടുക്കുമ്പോൾ മാത്രമല്ല യാത്രയിലായിരിക്കുമ്പോഴും പരിപാടി കഴിഞ്ഞുള്ള സമയത്തും ഇതു ശ്രദ്ധിക്കേണ്ടതാണ്. 2002 ആഗസ്റ്റ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 18-ാം പേജിലെ 14-ാം ഖണ്ഡികയിൽ ഈ മുന്നറിയിപ്പ് കാണുന്നു: “മറ്റുള്ളവരെ കാണിക്കാൻ ഉദ്ദേശിച്ചുള്ളതോ വിചിത്രമോ ലൈംഗിക മോഹങ്ങൾ ഉണർത്തുന്നതോ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതോ ഫാഷൻ പ്രദർശനം പോലുള്ളതോ ആയ വസ്ത്രധാരണ രീതി പാടില്ല . . . മാത്രമല്ല, ‘ദൈവഭക്തി’യെ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ വേണം നാം വസ്ത്രം ധരിക്കാൻ. അതു ചിന്തയ്ക്കുള്ള വക നൽകുന്നില്ലേ? സഭായോഗങ്ങളിൽ സംബന്ധിക്കുമ്പോൾ ഉചിതമായി വസ്ത്രം ധരിക്കണമെന്നും അല്ലാത്തപ്പോൾ ഇക്കാര്യത്തിൽ അശ്രദ്ധ കാണിക്കാമെന്നുമല്ല ഇതിന്റെ അർഥം. നമ്മുടെ വ്യക്തിപരമായ ആകാരം ദൈവഭക്തിയെയും ആദരണീയമായ മനോഭാവത്തെയും പ്രതിഫലിപ്പിക്കണം. കാരണം, ദിവസത്തിൽ 24 മണിക്കൂറും നാം ക്രിസ്ത്യാനികളും ശുശ്രൂഷകരുമാണ്.”—1 തിമൊ. 2:9, 10.
8 നമ്മുടെ വസ്ത്രധാരണം വിനയത്തോടുകൂടിയതും മാന്യവും ആയിരിക്കണം. നമ്മുടെ വസ്ത്രധാരണവും ചമയവും നടത്തയും എല്ലായ്പോഴും ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളതാണെങ്കിൽ, ഒരു ശുശ്രൂഷകനു പറ്റിയ വസ്ത്രധാരണമല്ല എന്ന കാരണത്താൽ അനൗപചാരികമായി സാക്ഷീകരിക്കുന്നതിൽനിന്നു വിട്ടുനിൽക്കേണ്ട ഒരു സാഹചര്യം നമുക്ക് ഉണ്ടാകില്ല.—1 പത്രൊ. 3:15.
9. റോമിലായിരിക്കെ പൗലൊസ് സാക്ഷീകരണത്തിൽ എന്തു വിജയം കൈവരിച്ചു?
9 അനൗപചാരിക സാക്ഷീകരണം ഫലപ്രദം: റോമിൽ വീട്ടുതടങ്കലിൽ ആയിരുന്ന രണ്ടു വർഷക്കാലം, സാക്ഷീകരിക്കാനായി താൻ ചെയ്ത ശ്രമങ്ങൾ ഉളവാക്കിയ നല്ല ഫലങ്ങൾ പൗലൊസ് കണ്ടു. “അവൻ പറഞ്ഞതു ചിലർ സമ്മതിച്ചു” എന്ന് ലൂക്കൊസ് റിപ്പോർട്ടു ചെയ്തു. (പ്രവൃ. 28:24) പിൻവരുന്ന പ്രകാരം എഴുതിയപ്പോൾ പൗലൊസ്തന്നെ തന്റെ ‘സമ്പൂർണ സാക്ഷീകരണം’ എത്രമാത്രം ഫലപ്രദമായിരുന്നു എന്ന് വിലയിരുത്തുകയുണ്ടായി: “എനിക്കു ഭവിച്ചതു സുവിശേഷത്തിന്റെ അഭിവൃദ്ധിക്കു കാരണമായിത്തീർന്നു . . . എന്റെ ബന്ധനങ്ങൾ ക്രിസ്തു നിമിത്തമാകുന്നു എന്നു അകമ്പടിപട്ടാളത്തിൽ ഒക്കെയും ശേഷം എല്ലാവർക്കും തെളിവായി വരികയും സഹോദരന്മാർ മിക്കപേരും എന്റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം ഭയംകൂടാതെ പ്രസ്താവിപ്പാൻ അധികം തുനിയുകയും ചെയ്തിരിക്കുന്നു.”—ഫിലി. 1:12-14.
10. കഴിഞ്ഞ വർഷം ഒരു ദമ്പതികൾ സാക്ഷീകരണത്തിൽ എന്തു വിജയം കൈവരിച്ചു?
10 കഴിഞ്ഞവർഷം ഒരു ദിവസത്തെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ പരിപാടിയെ തുടർന്ന് ഒരു ദമ്പതികൾക്ക് വളരെ നല്ല ഒരു അനുഭവം ഉണ്ടായി. തങ്ങളുടെ കൺവെൻഷൻ ബാഡ്ജ് കാർഡിനെ കുറിച്ച് ചോദിച്ച ഒരു വെയ്റ്റ്രസ്സിനോട് അവർ അനൗപചാരികമായി സാക്ഷീകരിച്ചു. കൺവെൻഷനെ കുറിച്ചും മനുഷ്യവർഗത്തിന്റെ ഭാവി സംബന്ധിച്ച് ബൈബിൾ വാഗ്ദാനം ചെയ്യുന്ന പ്രത്യാശയെ കുറിച്ചും അവർ അവളോടു പറഞ്ഞു. തുടർന്ന് അവർ “ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?” എന്ന ലഘുലേഖ നൽകുകയും സൗജന്യ ഭവന ബൈബിളധ്യയന ക്രമീകരണത്തെ സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്തു. ആരെങ്കിലും തന്നെ സന്ദർശിക്കാൻ തനിക്ക് ആഗ്രഹമുണ്ട് എന്നു പറഞ്ഞ ആ സ്ത്രീ ലഘുലേഖയുടെ പിൻപേജിൽ തന്റെ പേരും മേൽവിലാസവും പൂരിപ്പിക്കുകയും ആരെങ്കിലും തന്നെ സന്ദർശിക്കാനുള്ള ക്രമീകരണം ചെയ്യാൻ ദമ്പതികളോട് ആവശ്യപ്പെടുകയും ചെയ്തു. ‘സമ്പൂർണ സാക്ഷ്യം വഹിക്കുന്നതിൽ’ ശുഷ്കാന്തിയുള്ളവർ ആയിരിക്കുകവഴി ഈ വർഷം നിങ്ങൾ എന്തു വിജയമായിരിക്കും കൈവരിക്കുക?
11. ‘സമ്പൂർണ സാക്ഷ്യം വഹിച്ചുകൊണ്ട്’ സുവാർത്ത ഉന്നമിപ്പിക്കുന്നതിനായി നാം ഏത് ഗുണങ്ങൾ നട്ടുവളർത്തേണ്ടതുണ്ട്?
11 സുവാർത്തയെ സമ്പൂർണമായി ഉന്നമിപ്പിക്കുക: സഹക്രിസ്ത്യാനികൾ തന്റെ തീക്ഷ്ണതയുള്ള മാതൃക അനുകരിക്കുന്നു എന്ന് കേട്ടപ്പോൾ പൗലൊസിന് അനുഭവപ്പെട്ട സന്തോഷം ഒന്നു വിഭാവന ചെയ്യുക! നമ്മുടെ ബൈബിളധിഷ്ഠിത വിശ്വാസങ്ങളെ കുറിച്ച് അനൗപചാരികമായി സാക്ഷീകരിച്ചുകൊണ്ട് സുവാർത്ത ഉന്നമിപ്പിക്കുന്നതിനായി നമ്മാലാവതെല്ലാം നമുക്കു ചെയ്യാം.
[3-ാം പേജിലെ ചതുരം]
അനൗപചാരിക സാക്ഷീകരണത്തിന് ആവശ്യമായിരിക്കുന്ന പ്രസിദ്ധീകരണങ്ങൾ
■ ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? (ലഘുലേഖ)
■ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? (ലഘുപത്രിക)
■ സകല ജനതകൾക്കുമുള്ള സുവാർത്ത (ചെറുപുസ്തകം)
■ മറ്റ് അടിസ്ഥാന പ്രസിദ്ധീകരണങ്ങൾ
[4-ാം പേജിലെ ചതുരം]
അവരെ മറക്കരുത്!
ആരെയാണ് മറക്കരുതാത്തത്? ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിനോ പ്രത്യേക പ്രസംഗത്തിനോ ഹാജരായ എല്ലാ താത്പര്യക്കാരെയുംതന്നെ. ഈ വർഷത്തെ സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും ഹാജരാകാൻ നാം അവരെ ക്ഷണിച്ചോ? ദയാപുരസ്സരമായ പ്രോത്സാഹനം നൽകുന്നപക്ഷം സാധ്യതയനുസരിച്ച് അവരിൽ അനേകരും ഹാജരാകും. ഈ കൂടിവരവുകളിലെ കെട്ടുപണിചെയ്യുന്ന സഹവാസവും പ്രോത്സാഹജനകമായ ആത്മീയ പരിപാടികളും ആസ്വദിക്കവേ, അവർ യഹോവയോടും അവന്റെ സംഘടനയോടും കൂടുതൽ അടുത്തുവരും. അവരെ ക്ഷണിച്ചുകൊണ്ട് അവരുടെ പ്രതികരണം അറിയാൻ ഒരു ശ്രമം ചെയ്യരുതോ? സമ്മേളനങ്ങളുടെയും കൺവെൻഷനുകളുടെയും തീയതി, അവ നടക്കുന്ന സ്ഥലങ്ങളിൽ എത്തിച്ചേരുന്നതിനുള്ള വഴി, സെഷനുകൾ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന സമയം, പരിപാടികളെ കുറിച്ചുള്ള ഒരു പൂർവാവലോകനം തുടങ്ങി അവർക്ക് ആവശ്യമായിരിക്കുന്ന സകല വിശദാംശങ്ങളും നൽകുക. 2003 ഫെബ്രുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിലും 2003 ജൂൺ 8 (ഇംഗ്ലീഷ്) ലക്കം ഉണരുക!യുടെ പിൻപേജിലും പരിപാടികളെ കുറിച്ചുള്ള വിവരണം നൽകിയിട്ടുണ്ട്.