വ്യക്തിഗത താത്പര്യം പ്രകടമാക്കുക—അഭിനന്ദിച്ചുകൊണ്ട്
1 ആത്മാർഥമായ അഭിനന്ദനം ആളുകൾക്ക് പ്രോത്സാഹനം നൽകുന്നു, അവരെ പ്രവർത്തനത്തിനു പ്രചോദിപ്പിക്കുന്നു, അവർക്ക് സന്തോഷം പകരുന്നു. ശുശ്രൂഷയിലായിരിക്കെ ആളുകൾ നമ്മുടെ സന്ദേശം ശ്രദ്ധിക്കാൻ ആത്മാർഥമായ ഒരു അഭിനന്ദനം പലപ്പോഴും ഇടയാക്കുന്നുവെന്ന് അനേകം പ്രസാധകർ കണ്ടെത്തിയിരിക്കുന്നു. സുവാർത്തയുമായി ആളുകളെ സമീപിക്കുമ്പോൾ നമുക്ക് എങ്ങനെ അവരെ അഭിനന്ദിക്കാൻ കഴിയും?
2 നിരീക്ഷിക്കുന്നവരായിരിക്കുക: മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്തു ഏഷ്യാമൈനറിലെ ഏഴു സഭകളുടെ സത്പ്രവൃത്തികൾ നിരീക്ഷിക്കുകയുണ്ടായി. (വെളി. 2:2, 3, 13, 19; 3:8) സമാനമായി, ശുശ്രൂഷയിൽ നാം കണ്ടുമുട്ടുന്നവരിലുള്ള യഥാർഥ താത്പര്യം അവരെ അഭിനന്ദിക്കാനുള്ള അവസരങ്ങൾ തേടാൻ നമ്മെ പ്രചോദിപ്പിക്കും. ഉദാഹരണത്തിന് വൃത്തിയായും ഭംഗിയായും സൂക്ഷിച്ചിരിക്കുന്ന ഒരു വീട്ടുമുറ്റം, കുട്ടികളോട് വാത്സല്യപൂർവം ഇടപെടുന്ന ഒരു അമ്മയോ അച്ഛനോ, ഹൃദ്യമായ ഒരു പുഞ്ചിരിയോടെ നമ്മെ അഭിവാദ്യം ചെയ്യുന്ന ഒരു വീട്ടുകാരൻ—ഇവയെല്ലാം അഭിനന്ദിക്കുന്നതിന് നമുക്ക് അവസരം നൽകുന്നു. ഇത്തരം കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? ആ അവസരങ്ങൾ പ്രയോജനപ്പെടുത്താറുണ്ടോ?
3 നല്ല ശ്രോതാവായിരിക്കുക: സുവാർത്ത പ്രസംഗിക്കുമ്പോൾ ഉചിതമായ ചോദ്യങ്ങൾ ചോദിക്കുകയും അങ്ങനെ തങ്ങളുടെ മനസ്സിലുള്ളതു പറയാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. അവർ പറയുന്നതു നന്നായി ശ്രദ്ധിച്ചുകൊണ്ട് അവരെ ആദരിക്കുക. (റോമ. 12:10) സാധ്യതയനുസരിച്ച്, ആത്മാർഥമായി അഭിനന്ദിക്കാൻ വകനൽകുന്ന എന്തെങ്കിലും അദ്ദേഹം പറയാനിടയുണ്ട്; തുടർന്ന് അതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് വിഷയത്തിലേക്കു കടക്കാൻ കഴിയും.
4 വിവേചന പ്രകടമാക്കുക: ബൈബിൾ സത്യത്തിനു ചേർച്ചയിലല്ലാത്ത എന്തെങ്കിലും വീട്ടുകാരൻ പറഞ്ഞാൽ നാം എന്തു ചെയ്യണം? അദ്ദേഹം പറഞ്ഞതിനോട് വിയോജിപ്പു പ്രകടമാക്കുന്നതിനുപകരം അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ മാനിക്കുക. “താങ്കൾ ഈ വിഷയത്തെക്കുറിച്ച് കാര്യമായി ചിന്തിച്ചിട്ടുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നു” എന്നോ മറ്റോ പറഞ്ഞുകൊണ്ട് നിങ്ങൾക്കു തുടരാൻ കഴിയും. (കൊലൊ. 4:6) വീട്ടുകാരൻ തർക്കിക്കാൻ പ്രവണത കാണിക്കുന്നെങ്കിൽപ്പോലും, ആ വിഷയത്തിൽ അദ്ദേഹത്തിനുള്ള ആത്മാർഥമായ താത്പര്യത്തെപ്രതി നമുക്ക് അദ്ദേഹത്തെ അഭിനന്ദിക്കാൻ കഴിഞ്ഞേക്കും. അത്തരം സൗമ്യമായ ഒരു സമീപനംകൊണ്ട്, പ്രത്യക്ഷത്തിൽ സുവാർത്തയോടു കടുത്ത എതിർപ്പ് കാണിക്കുന്ന ഒരു വ്യക്തിയെപ്പോലും മയപ്പെടുത്താൻ ഒരുപക്ഷേ നമുക്കു കഴിയും.—സദൃ. 25:15.
5 നമ്മുടെ അഭിനന്ദനം മറ്റുള്ളവർക്കു പ്രോത്സാഹനം പകരണമെങ്കിൽ അത് ആത്മാർഥമായിരിക്കണം. പരിപുഷ്ടിപ്പെടുത്തുന്ന അത്തരം വാക്കുകൾ ഉപയോഗിക്കുന്നത് യഹോവയ്ക്കു ബഹുമതി കൈവരുത്തുന്നു, മറ്റുള്ളവരെ രാജ്യസന്ദേശത്തിലേക്ക് ആകർഷിക്കുകയും ചെയ്തേക്കാം.