ചോദ്യപ്പെട്ടി
◼ രാജ്യഹാളുകൾ, സമ്മേളനഹാളുകൾ, ബെഥേൽ ഭവനങ്ങൾ, ബ്രാഞ്ച് ഓഫീസ് എന്നിവയൊക്കെ സന്ദർശിക്കുമ്പോൾ ഏതു തരം വസ്ത്രങ്ങൾ ധരിക്കുന്നതാണ് അഭികാമ്യം?
രാജ്യഹാളുകൾ, സമ്മേളനഹാളുകൾ, ബെഥേൽ ഭവനങ്ങൾ, ബ്രാഞ്ച് ഓഫീസ് എന്നിവയെല്ലാം യഹോവയുടെ സേവനത്തിനായി സമർപ്പിക്കപ്പെട്ട സ്ഥലങ്ങൾ എന്ന നിലയിൽ വ്യതിരിക്തമാണ്. ലളിതമെങ്കിലും നന്നായി സംരക്ഷിക്കപ്പെടുന്ന വൃത്തിയും വെടിപ്പുമുള്ള ഈ സ്ഥലങ്ങൾ അതുകൊണ്ടുതന്നെ ആളുകളിൽ മതിപ്പുളവാക്കുന്നു, സാത്താന്റെ ലോകത്തു കാണുന്നവയിൽനിന്നും എത്ര വ്യത്യസ്തം! യഹോവയുടെ സേവനത്തിനായി ഉപയോഗിക്കുന്ന ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ, നാം യഹോവയ്ക്കുള്ളവരാണെന്നും അവന്റെ ഇഷ്ടം ചെയ്യുന്നവരാണെന്നും മറ്റുള്ളവർക്കു വ്യക്തമായിരിക്കണം.
ക്രിസ്ത്യാനികൾ എന്ന നിലയിൽ നാം, ഉചിതമായ വസ്ത്രധാരണവും ചമയവും ഉൾപ്പെടെ ‘സകലത്തിലും നമ്മെത്തന്നെ ദൈവത്തിന്റെ ശുശ്രൂഷകരായി കാണിക്കുന്നു.’ (2 കൊരി. 6:3, 4) മാന്യമായ പെരുമാറ്റവും നമ്മിൽനിന്നു പ്രതീക്ഷിക്കുന്നു. നമ്മുടെ വസ്ത്രധാരണവും ചമയവും എല്ലായ്പോഴും യഹോവയാം ദൈവത്തിന്റെ ദാസർക്കു യോജിക്കുന്ന വിധത്തിൽ സഭ്യതയും അന്തസ്സും പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ബ്രുക്ലിൻ ബെഥേലും മറ്റു ബ്രാഞ്ച് ഓഫീസുകളും സന്ദർശിക്കുമ്പോൾ ഇതു വിശേഷാൽ സത്യമാണ്.
വയൽ ശുശ്രൂഷയിൽ ഏർപ്പെടുമ്പോഴും യോഗങ്ങൾക്കു ഹാജരാകുമ്പോഴും നല്ല ശാരീരിക ശുദ്ധിയുണ്ടായിരിക്കേണ്ടതും മാന്യമായി വസ്ത്രം ധരിക്കേണ്ടതും എത്ര പ്രധാനമാണെന്ന് യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ എന്ന പുസ്തകം എടുത്തുകാണിക്കുന്നു. 138-ാം പേജിലെ മൂന്നാമത്തെ ഖണ്ഡിക പറയുന്നു: “ബെഥേൽ എന്ന പേരിന്റെ അർഥം ‘ദൈവത്തിന്റെ ഭവനം’ എന്നാണെന്ന് ഓർക്കുക. അതുകൊണ്ട്, നമ്മുടെ വസ്ത്രധാരണവും ചമയവും നടത്തയും, രാജ്യഹാളിലെ ആരാധനായോഗങ്ങളിൽ സംബന്ധിക്കുമ്പോൾ നമ്മിൽനിന്നു പ്രതീക്ഷിക്കുന്നതിനോടു സമാനമായിരിക്കണം.” അതുകൊണ്ട് ബെഥേൽ സന്ദർശിക്കുന്ന പ്രസാധകർ—അവർ സമീപപ്രദേശങ്ങളിൽ നിന്നായാലും വിദൂരസ്ഥലങ്ങളിൽ നിന്നായാലും—ഇക്കാര്യത്തിൽ ഉയർന്ന നിലവാരം പാലിക്കണം. ഈ വിധത്തിൽ സന്ദർശകർക്ക് വിലമതിപ്പും ആദരവും കാണിക്കാനാകും.—സങ്കീ. 29:2.
“ദൈവഭക്തി”യുള്ളവർക്കു യോജിക്കുന്ന വസ്ത്രധാരണമായിരിക്കണം നമ്മുടേത്. (1 തിമൊ. 2:10) നമ്മുടെ നല്ല വസ്ത്രധാരണവും ചമയവും സത്യാരാധനയോടുള്ള ആളുകളുടെ വിലമതിപ്പു വർദ്ധിപ്പിക്കാൻ ഇടയാക്കും. എന്നിരുന്നാലും, യഹോവയ്ക്ക് സമർപ്പിച്ചിരിക്കുന്ന ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുന്ന സഹോദരീസഹോദരന്മാരിൽ ചുരുക്കംചിലരുടെയെങ്കിലും വസ്ത്രധാരണം തീർത്തും അലക്ഷ്യവും മേനി പ്രദർശിപ്പിക്കുന്ന വിധത്തിലുള്ളതുമാണെന്നു ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ഇതുപോലെയുള്ള വസ്ത്രധാരണം ക്രിസ്ത്യാനികൾക്ക് ഒരിക്കലും ചേർന്നതല്ല. ക്രിസ്തീയ ജീവിതത്തിന്റെ മറ്റെല്ലാ വശങ്ങളിലുമെന്നപോലെ, ഇക്കാര്യത്തിലും ഉയർന്ന നിലവാരങ്ങൾ പിൻപറ്റിക്കൊണ്ട് നാം ദൈവത്തിനു മഹത്ത്വം കൊടുക്കണം.—റോമ. 12:2; 1 കൊരി. 10:31.
അതുകൊണ്ട് ബ്രുക്ലിൻ ഹെഡ്ക്വാർട്ടേഴ്സോ മറ്റു ബ്രാഞ്ചുകളോ സന്ദർശിക്കുമ്പോൾ—ബ്രാഞ്ച് സന്ദർശിക്കാൻ വേണ്ടി മാത്രം പോയാലും മറ്റു വിനോദസഞ്ചാര പരിപാടികളുടെ കൂട്ടത്തിൽ അത് ഉൾപ്പെടുത്തിയാലും—പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: ‘ഞാൻ സന്ദർശിക്കുന്ന സ്ഥലത്തിന്റെ ലാളിത്യവും വൃത്തിയും അന്തസ്സും പ്രതിഫലിപ്പിക്കുന്നതാണോ എന്റെ വസ്ത്രധാരണവും ചമയവും? ഞാൻ ആരാധിക്കുന്ന ദൈവത്തിന് അത് മഹത്ത്വവും ബഹുമാനവും കൈവരുത്തുമോ? മറ്റുള്ളവർക്ക് അത് ഇടർച്ചയാകുമോ?’ നല്ല വസ്ത്രധാരണത്താലും ചമയത്താലും നമുക്ക് ‘നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്കാം.’—തീത്തൊ. 2:9.