കുടുംബങ്ങൾക്ക് ഒരു സഹായം
1. വാരന്തോറുമുള്ള ശബത്ത് ഇസ്രായേല്യ കുടുംബങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്തു?
1 യഹോവ ചെയ്ത സ്നേഹപൂർവമായ ഒരു ക്രമീകരണമായിരുന്നു ശബത്ത് ആചരണം. ഇസ്രായേലിലെ ഓരോ കുടുംബവും അതിൽനിന്ന് പ്രയോജനം നേടി. തങ്ങളുടെ ദൈനംദിന ജോലികളിൽനിന്ന് ഒഴിഞ്ഞ് യഹോവയുടെ നന്മയെക്കുറിച്ചും അവനുമായുള്ള ബന്ധത്തെക്കുറിച്ചും ചിന്തിക്കാൻ അത് ഇസ്രായേല്യർക്ക് അവസരമൊരുക്കി. ന്യായപ്രമാണം മക്കളിൽ ഉൾനടാൻ അത് മാതാപിതാക്കളെ സഹായിച്ചു. (ആവ. 6:6, 7) അതെ, ദൈവജനത്തെ സംബന്ധിച്ചിടത്തോളം, വാരന്തോറും ആത്മീയ കാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കാനുള്ള ഒരു അവസരമായിരുന്നു ശബത്ത്.
2. ശബത്ത് ആചരണം യഹോവയെക്കുറിച്ച് നമ്മെ എന്തു പഠിപ്പിക്കുന്നു?
2 ഇന്ന് നാം ശബത്ത് ആചരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നില്ല എന്നതു ശരിതന്നെ. പക്ഷേ ശബത്ത് ആചരണം നമ്മുടെ ദൈവത്തെക്കുറിച്ച് സുപ്രധാനമായൊരു വസ്തുത നമ്മെ പഠിപ്പിക്കുന്നു: തന്റെ ജനത്തിന്റെ ആത്മീയ ക്ഷേമത്തിൽ യഹോവ എപ്പോഴും തത്പരനാണ് എന്ന വസ്തുത. (യെശ. 48:17, 18) ഇന്ന് യഹോവ അതു പ്രകടിപ്പിക്കുന്ന ഒരു വിധമാണ് കുടുംബാരാധന എന്ന ക്രമീകരണം.
3. കുടുംബാരാധനയ്ക്കായി ഒരു സായാഹ്നം നീക്കിവെച്ചിരിക്കുന്നതിന്റെ ഉദ്ദേശ്യമെന്ത്?
3 കുടുംബാരാധനയ്ക്കായി ഒരു സായാഹ്നം നീക്കിവെച്ചിരിക്കുന്നതിന്റെ ഉദ്ദേശ്യമെന്ത്? 2009 ജനുവരിമുതൽ, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളും സേവനയോഗവും നടത്തുന്ന അതേ ദിവസംതന്നെ സഭാ പുസ്തക അധ്യയനവും നടത്താൻ ഭരണസംഘം തീരുമാനിക്കുകയുണ്ടായി. ആഴ്ചയിൽ ഒരു സായാഹ്നം കുടുംബാരാധനയ്ക്കായി പട്ടികപ്പെടുത്തിക്കൊണ്ട് തങ്ങളുടെ ആത്മീയത ബലിഷ്ഠമാക്കാൻ കുടുംബങ്ങളെ സഹായിക്കുക എന്നതായിരുന്നു ഈ ക്രമീകരണത്തിന്റെ ഉദ്ദേശ്യം. സാധ്യമെങ്കിൽ ഓരോ കുടുംബവും തങ്ങളുടെ കുടുംബാധ്യയനം, മുമ്പ് സഭാ പുസ്തകാധ്യയനത്തിനായി നീക്കിവെച്ചിരുന്ന സായാഹ്നത്തിലേക്കു മാറ്റുന്നതിനുള്ള നിർദേശം ലഭിച്ചു. പഠനഭാഗങ്ങൾ ഓടിച്ചു തീർക്കുന്നതിനുപകരം കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ട് കുടുംബാരാധന നടത്താനുള്ള പ്രോത്സാഹനം ലഭിക്കുകയുണ്ടായി.
4. കുടുംബാരാധന ഒരു മണിക്കൂറായി പരിമിതപ്പെടുത്തേണ്ടതുണ്ടോ? വിശദീകരിക്കുക.
4 ധാരാളം തയ്യാറെടുപ്പുകൾ നടത്തിയാണ് നാം സഭാ പുസ്തകാധ്യയനത്തിൽ സംബന്ധിച്ചിരുന്നത്. ഒരുങ്ങാനും യാത്രചെയ്യാനും ഒക്കെയായി കുറെയധികം സമയം നാം ചെലവഴിച്ചിരുന്നു. വാസ്തവത്തിൽ, ഈ ഒരു മണിക്കൂർ നേരത്തെ യോഗത്തിൽ സംബന്ധിക്കാൻ നമ്മിൽ പലരും സായാഹ്നത്തിന്റെ ഏറിയപങ്കും നീക്കിവെച്ചിരുന്നു. എന്നാൽ നമ്മുടെ മധ്യവാര യോഗപട്ടികയിൽ അൽപ്പം ഭേദഗതികൾ വരുത്തിയതിനാൽ ഇപ്പോൾ ആ വൈകുന്നേരം നമുക്ക് കുടുംബാരാധനയ്ക്കായി ലഭിച്ചിരിക്കുകയാണ്. അതുകൊണ്ട് കുടുംബാരാധന ഒരു മണിക്കൂറായി പരിമിതപ്പെടുത്തേണ്ടതില്ല. കുടുംബാംഗങ്ങളുടെ ആവശ്യവും പരിമിതികളും കണക്കിലെടുത്തുകൊണ്ട് കുടുംബാരാധനയുടെ ദൈർഘ്യം തീരുമാനിക്കാവുന്നതാണ്.
5. വൈകുന്നേരം മുഴുവനും കുടുംബം ഒത്തൊരുമിച്ചുള്ള ചർച്ചകൾക്കായി ചെലവിടേണ്ടതുണ്ടോ? വിശദീകരിക്കുക.
5 മുഴുവൻസമയവും ഒരുമിച്ചുള്ള ചർച്ചകൾക്കായി ചെലവിടേണ്ടതുണ്ടോ? ഭാര്യാഭർത്താക്കന്മാർ തമ്മിലും കുട്ടികളും മാതാപിതാക്കളും തമ്മിലും തിരുവെഴുത്തധിഷ്ഠിത വിവരങ്ങൾ ചർച്ചചെയ്യുമ്പോൾ പരസ്പരം പ്രോത്സാഹനം ലഭിക്കും. (റോമ. 1:12) കുടുംബാംഗങ്ങൾ കൂടുതൽ അടുക്കും. അതുകൊണ്ട് തിരുവെഴുത്തുകളെ ആധാരമാക്കിയുള്ള ചർച്ചകൾക്കുതന്നെയാണ് കുടുംബാരാധനയിൽ പ്രാധാന്യം. എന്നാൽ ആ വൈകുന്നേരം കുറച്ചുസമയം ഓരോ കുടുംബാംഗത്തിനും വ്യക്തിപരമായ പഠനത്തിനായും നീക്കിവെക്കാനാകും. ഉദാഹരണത്തിന്, കുടുംബം ഒത്തൊരുമിച്ചുള്ള ചർച്ചകൾക്കുശേഷം മറ്റു കാര്യങ്ങളിലേക്കു തിരിയുന്നതിനു പകരം ഓരോരുത്തർക്കും യോഗപരിപാടികൾക്കായി തയ്യാറാകുകയോ മാസികകൾ വായിച്ചുതീർക്കുകയോ ചെയ്യാം. ചില കുടുംബങ്ങൾ ആ വൈകുന്നേരം ടിവി ഓൺ ചെയ്യേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നു.
6. ചർച്ചകൾ എങ്ങനെ നടത്താം?
6 എങ്ങനെയാണ് ചർച്ചകൾ നടത്തേണ്ടത്? എല്ലായ്പോഴും ചോദ്യോത്തര ചർച്ചയായി കുടുംബാരാധന നടത്തേണ്ടതില്ല. സായാഹ്ന കുടുംബാരാധന സജീവവും രസകരവുമാക്കാൻ ചില കുടുംബങ്ങൾ നമ്മുടെ മധ്യവാര യോഗങ്ങളുടെ മാതൃകയിൽ അതു നടത്താറുണ്ട്. അതായത്, പരിചിന്തനത്തിനായി ഉദ്ദേശിക്കുന്ന കാര്യങ്ങൾ പലതായി തിരിച്ച് പല വിധങ്ങളിൽ അവതരിപ്പിക്കുന്നു. ഉദാഹരണത്തിന്, ഒരു ബൈബിൾ ഭാഗം ഒരുമിച്ചു വായിക്കുക, ഒരു യോഗപരിപാടിക്കായി തയ്യാറാകുക, വയൽശുശ്രൂഷയ്ക്കു വേണ്ടിയുള്ള അവതരണങ്ങൾ പരിശീലിക്കുക എന്നിങ്ങനെ. സഹായകമായ ചില നിർദേശങ്ങൾ 6-ാം പേജിൽ കാണാം.
7. കുടുംബാരാധനയ്ക്ക് എങ്ങനെയുള്ള ഒരു അന്തരീക്ഷമാണ് ഉണ്ടായിരിക്കേണ്ടത്?
7 അധ്യയനവേളകൾ എങ്ങനെയുള്ളതായിരിക്കണം? സ്നേഹവും ഊഷ്മളതയും നിറഞ്ഞ കുടുംബാന്തരീക്ഷം പഠനത്തിന് തികച്ചും അനുയോജ്യമാണ്. കാലാവസ്ഥ നല്ലതാണെങ്കിൽ ഇടയ്ക്കൊക്കെ വീടിനു വെളിയിൽവെച്ചും കുടുംബാരാധന നടത്താം. ആവശ്യമെന്നു തോന്നിയാൽ കുടുംബാരാധനയ്ക്കിടെ ചെറിയ ഇടവേളകളാകാം. ചില കുടുംബങ്ങൾ കുടുംബാരാധനയ്ക്കുശേഷം എന്തെങ്കിലും ലഘുഭക്ഷണത്തിനുള്ള ക്രമീകരണം ചെയ്തിരിക്കുന്നു. കുടുംബാരാധന കുട്ടികൾക്ക് ശിക്ഷണം നൽകാനുള്ള സമയമല്ലെങ്കിലും കുട്ടികളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ട എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ അതിനെക്കുറിച്ച് ചർച്ചചെയ്യാൻ അൽപ്പസമയം നീക്കിവെക്കാവുന്നതാണ്. എന്നാൽ കുട്ടിയെ ബാധിക്കുന്ന വ്യക്തിപരമായ ഒരു കാര്യം മൊത്തം കുടുംബാംഗങ്ങളുടെ മുമ്പാകെ ചർച്ചചെയ്യുന്നത് അവനെ വിഷമിപ്പിക്കുമെങ്കിൽ മറ്റ് ഏതെങ്കിലും സമയത്ത് അവനോട് തനിച്ചു സംസാരിക്കുന്നതായിരിക്കും നല്ലത്. കുടുംബാരാധന യാന്ത്രികവും വിരസവും ആയിരിക്കുന്നതിനു പകരം സന്തോഷകരമായ ഒരു വേളയായിരിക്കണം. കാരണം സന്തുഷ്ടനായ ഒരു ദൈവത്തെയാണ് നാം ആരാധിക്കുന്നത്.—1 തിമൊ. 1:11, അടിക്കുറിപ്പ്.
8, 9. കുടുംബനാഥന്മാർ എങ്ങനെ തയ്യാറെടുക്കണം?
8 കുടുംബനാഥന് എങ്ങനെ തയ്യാറെടുക്കാം? സായാഹ്ന കുടുംബാരാധനയിൽ എന്താണ് പരിചിന്തിക്കേണ്ടത്, അത് ഫലപ്രദമായി എങ്ങനെ ചെയ്യാം എന്നീ കാര്യങ്ങളെക്കുറിച്ച് കുടുംബനാഥൻ മുൻകൂട്ടി ചിന്തിക്കുന്നെങ്കിൽ അത് കുടുംബത്തിന് ഗുണം ചെയ്യും. (സദൃ. 21:5) ഇതേക്കുറിച്ച് ഭാര്യയോട് അഭിപ്രായം ചോദിക്കുന്നത് നന്നായിരിക്കും. (സദൃ. 15:22) ഇടയ്ക്കൊക്കെ മക്കളോടും അഭിപ്രായം ചോദിക്കുന്നത് നല്ലതാണ്. അപ്പോൾ അവർക്കു താത്പര്യമുള്ള കാര്യങ്ങൾ, അവരുടെ ഉത്കണ്ഠകൾ എന്നിവ മനസ്സിലാക്കാൻ കഴിയും; കുടുംബാരാധന കൂടുതൽ അർഥവത്താക്കാൻ അതു നിങ്ങളെ സഹായിക്കും.
9 പലപ്പോഴും, കുടുംബാരാധനയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്താനായി കുടുംബനാഥന് ഒരുപാടു സമയം ചെലവഴിക്കേണ്ടിവരില്ല. ഉദാഹരണത്തിന്, ബൈബിൾവായന പോലുള്ള ചില കാര്യങ്ങൾ എല്ലാ ആഴ്ചയിലും ഉൾപ്പെടുത്തിയാലും കുടുംബാംഗങ്ങൾക്ക് ബോറടിക്കില്ല. അതുകൊണ്ട് ഓരോ ആഴ്ചയും പുതുമയുള്ള പരിപാടികൾ ഉൾപ്പെടുത്താൻ കുടുംബനാഥന്മാർ ശ്രമിക്കേണ്ടതില്ല. ഇനി, ഒരാഴ്ചത്തെ കുടുംബാരാധന കഴിയുമ്പോൾത്തന്നെ അടുത്ത ആഴ്ചത്തേക്കു വേണ്ട പരിപാടികൾ തയ്യാറാക്കുന്നതു നന്നായിരിക്കും. കാരണം, കുടുംബത്തിന് ഏതു മണ്ഡലത്തിലാണ് ആത്മീയ സഹായം ആവശ്യമുള്ളതെന്ന കാര്യം ആ സമയത്ത് അദ്ദേഹത്തിന്റെ മനസ്സിൽ വ്യക്തമായി ഉണ്ടായിരിക്കും. ചില കുടുംബനാഥന്മാർ അടുത്ത ആഴ്ചത്തേക്കുള്ള ഹ്രസ്വമായ ഒരു അജണ്ട എഴുതി വീട്ടിൽ എല്ലാവർക്കും കാണാനാകുംവിധം റെഫ്രിജറേറ്ററിലോ മറ്റോ ഒട്ടിച്ചു വെക്കാറുണ്ട്. അടുത്ത കുടുംബാരാധനയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കാൻ അതു കുടുംബാംഗങ്ങൾക്ക് പ്രേരണയാകും. ഇനി, എന്തെങ്കിലും തയ്യാറാകേണ്ടതുണ്ടെങ്കിൽ അവർക്ക് അതിനു സമയം ലഭിക്കുകയും ചെയ്യും.
10. ഒറ്റയ്ക്കുള്ളവർക്ക് ഈ സായാഹ്നം എങ്ങനെ വിനിയോഗിക്കാൻ കഴിയും?
10 ഒരാൾ മാത്രമുള്ളപ്പോൾ എന്തു ചെയ്യണം? വീട്ടിൽനിന്ന് അകന്നു താമസിക്കുകയോ കുടുംബത്തിൽ മറ്റാരും വിശ്വാസികൾ അല്ലാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഒരു ക്രിസ്ത്യാനിക്ക് എന്തു ചെയ്യാൻ കഴിയും? കുടുംബാരാധനയ്ക്കുള്ള സമയം അവർക്ക് വ്യക്തിപരമായ പഠനത്തിനായി ഉപയോഗിക്കാവുന്നതാണ്. ബൈബിൾ വായിക്കുക, യോഗങ്ങൾക്കു തയ്യാറാകുക, വീക്ഷാഗോപുരം, ഉണരുക! മാസികകൾ വായിക്കുക എന്നിവയാണ് വ്യക്തിപരമായ പഠനപരിപാടിയിൽ അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ടത്. ഇതോടൊപ്പം ചില വിഷയങ്ങളെക്കുറിച്ച് കൂടുതൽ ഗ്രാഹ്യം നേടാൻ ചില പ്രസാധകർ ലക്ഷ്യംവെച്ചിരിക്കുന്നു. കൂടാതെ, ഇടയ്ക്കൊക്കെ മറ്റൊരു പ്രസാധകനെയോ കുടുംബത്തെയോ വീട്ടിലേക്കു ക്ഷണിച്ചുകൊണ്ട് ആത്മീയ ചർച്ചകൾ ആസ്വദിക്കാൻ അവർക്കു കഴിയും.
11, 12. ക്രമമായ കുടുംബാരാധനയുടെ ചില പ്രയോജനങ്ങളേവ?
11 ക്രമമായ കുടുംബാരാധനയുടെ പ്രയോജനങ്ങളേവ? സത്യാരാധനയിൽ പൂർണഹൃദയത്തോടെ പങ്കെടുക്കുന്നവർക്ക് യഹോവയോട് കൂടുതൽ അടുക്കാനാകും. മാത്രമല്ല കുടുംബം ഒത്തൊരുമിച്ച് ആരാധിക്കുന്നത് കുടുംബബന്ധങ്ങൾ ബലിഷ്ഠമാക്കും. കുട്ടികളില്ലാത്ത ഒരു പയനിയർ ദമ്പതികൾ തങ്ങൾ ആസ്വദിക്കുന്ന അനുഗ്രഹത്തെക്കുറിച്ച് ഇങ്ങനെ എഴുതി: “ഓരോ ആഴ്ചയും കുടുംബാരാധനയ്ക്കായി ഞങ്ങൾ നോക്കിയിരിക്കും. ഞങ്ങൾക്കിടയിലെ ബന്ധം കൂടുതൽ ബലിഷ്ഠമാകുന്നതായി ഞങ്ങൾ തിരിച്ചറിഞ്ഞു. മാത്രമല്ല സ്വർഗീയ പിതാവുമായി ഞങ്ങൾ കൂടുതൽ അടുക്കുന്നതായും ഞങ്ങൾക്ക് അനുഭവപ്പെട്ടു. കുടുംബാരാധനയുടെ ദിവസം ഉറക്കമുണരുമ്പോൾ ഞങ്ങൾ പരസ്പരം പറയും: ‘ഇന്നൊരു പ്രത്യേകതയുണ്ട്, ഓർമയുണ്ടോ? ഇന്നാണ് നമ്മുടെ കുടുംബാരാധന!’’’
12 തിരക്കുള്ള കുടുംബങ്ങളും ഈ ക്രമീകരണത്തിൽനിന്ന് പ്രയോജനം നേടുന്നുണ്ട്. രണ്ടുമക്കളെ ഒറ്റയ്ക്കു വളർത്തിക്കൊണ്ടുവരുന്ന സാധാരണ പയനിയറായ ഒരമ്മ പറയുന്നു: “മുമ്പൊക്കെ കുടുംബാധ്യയനം ക്രമമായി നടത്താൻ പറ്റിയിരുന്നില്ല. പല ഉത്തരവാദിത്വങ്ങൾക്കിടയിൽ അധ്യയനത്തിനു സമയം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്നുതന്നെ പറയാം. കുടുംബാരാധനയ്ക്കായുള്ള ഈ പുതിയ ക്രമീകരണത്തിന് നന്ദിപറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ ഞങ്ങൾക്ക് ക്രമമായ ഒരു അധ്യയനമുണ്ട്. അത് ഞങ്ങൾക്ക് ഏറെ ഗുണം ചെയ്യുന്നു.”
13. ഈ ക്രമീകരണത്തിൽനിന്ന് നിങ്ങളുടെ കുടുംബം എത്രത്തോളം പ്രയോജനം നേടുമെന്നത് എന്തിനെ ആശ്രയിച്ചിരിക്കുന്നു?
13 ശബത്തുപോലെതന്നെ കുടുംബാരാധനയും യഹോവയിൽനിന്നുള്ള ഒരു ദാനമാണ്. (യാക്കോ. 1:17) ഇസ്രായേല്യ കുടുംബങ്ങൾ ശബത്ത് ദിവസം എങ്ങനെ വിനിയോഗിക്കുന്നു എന്നതായിരുന്നു അവരുടെ ആത്മീയ അനുഗ്രഹങ്ങളുടെ അടിസ്ഥാനം. ഇന്നും അതുതന്നെ സത്യമാണ്. കുടുംബാരാധനയ്ക്കുള്ള സായാഹ്നം നാം എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമുക്ക് ലഭിക്കുന്ന പ്രയോജനങ്ങൾ. (2 കൊരി. 9:6; ഗലാ. 6:7, 8; കൊലോ. 3:23, 24) ഈ ക്രമീകരണം നന്നായി ഉപയോഗപ്പെടുത്തുന്നെങ്കിൽ നിങ്ങളുടെ കുടുംബത്തിനും സങ്കീർത്തനക്കാരനെപ്പോലെ പിൻവരുന്ന പ്രകാരം പറയാനാകും: “ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു; . . . ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു.”—സങ്കീ. 73:28.
[5-ാം പേജിലെ ആകർഷക വാക്യം]
കുടുംബാരാധന വിരസമായിരിക്കരുത്, ആസ്വാദ്യമായിരിക്കണം; കാരണം സന്തുഷ്ടനായ ഒരു ദൈവത്തെയാണ് നാം ആരാധിക്കുന്നത്
[6-ാം പേജിലെ ചതുരം]
സൂക്ഷിച്ചുവെക്കുക
സായാഹ്ന കുടുംബാരാധനയ്ക്കുള്ള ഏതാനും നിർദേശങ്ങൾ
ബൈബിൾ:
• പ്രതിവാര ബൈബിൾ വായനാഭാഗത്തുനിന്ന് ഒരു ഭാഗം വായിക്കുക. വ്യത്യസ്ത കഥാപാത്രങ്ങൾ ഉൾപ്പെടുന്ന ഒരു ഭാഗമാണെങ്കിൽ ഓരോരുത്തർക്കും ഓരോ കഥാപാത്രങ്ങളുടെ സംഭാഷണം വായിക്കാനാകും. ഒരാൾക്ക് നരേറ്ററുടെ ഭാഗം വായിക്കാം.
• ഒരു ബൈബിൾ ഭാഗം അഭിനയിച്ചു നോക്കുക.
• നിയമിത ബൈബിൾ ഭാഗം നേരത്തെ വായിച്ച് പ്രസ്തുത വിവരണത്തെ സംബന്ധിച്ച് ഒന്നോ രണ്ടോ ചോദ്യങ്ങൾ കണ്ടുപിടിക്കാൻ ഓരോരുത്തരോടും ആവശ്യപ്പെടുക. തുടർന്ന് ആ ചോദ്യങ്ങൾക്കുള്ള ഉത്തരം കുടുംബം ഒരുമിച്ച് ഗവേഷണം ചെയ്യുക.
• ഓരോ ആഴ്ചയും ഒരു കാർഡിൽ ഒരു വാക്യം എഴുതുക. ആ തിരുവെഴുത്തു ഭാഗം മനപ്പാഠമാക്കാനും വിശദീകരിക്കാനും ശ്രമിക്കുക. ഇങ്ങനെ കുറെ കാർഡുകൾ ആയിക്കഴിയുമ്പോൾ ആഴ്ചതോറും അവ പുനരവലോകനം ചെയ്ത് എത്ര തിരുവെഴുത്തുകൾ ഓർക്കാൻ കഴിയുമെന്നു നോക്കുക.
• ബൈബിൾ വായനയുടെ റെക്കോർഡിങ് കേൾക്കുക; ഒപ്പം ബൈബിൾ തുറന്ന് ആ ഭാഗം ശ്രദ്ധിക്കുക.
യോഗങ്ങൾ:
• ഒരു യോഗഭാഗം ഒരുമിച്ച് തയ്യാറാകുക.
• ആ വാരത്തിലെ രാജ്യഗീതങ്ങൾ പാടി പരിശീലിക്കുക.
• കുടുംബാംഗങ്ങൾക്ക് ആർക്കെങ്കിലും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പ്രസംഗമോ സേവനയോഗത്തിൽ അവതരണമോ ഉണ്ടെങ്കിൽ അത് എങ്ങനെ അവതരിപ്പിക്കാമെന്ന് ചർച്ചചെയ്യുകയോ റിഹേഴ്സ് ചെയ്യുകയോ ചെയ്യാം.
കുടുംബത്തിന്റെ ആവശ്യങ്ങൾ:
• യുവജനങ്ങൾ ചോദിക്കുന്നു പുസ്തകത്തിൽനിന്നോ മഹാനായ അധ്യാപകനിൽനിന്ന് പഠിക്കാം! എന്ന പുസ്തകത്തിൽനിന്നോ ഉള്ള വിവരങ്ങൾ പരിചിന്തിക്കുക.
• സ്കൂളിൽ ഉണ്ടായേക്കാവുന്ന ഒരു പ്രശ്നത്തെ നേരിടുന്ന വിധം അവതരിപ്പിക്കുക.
• കുട്ടികൾ മാതാപിതാക്കളുടെ റോൾ അഭിനയിക്കുക: കുട്ടികൾ ഒരു വിഷയത്തെക്കുറിച്ച് ഗവേഷണം ചെയ്തിട്ട് മാതാപിതാക്കളെ കാര്യകാരണ സഹിതം പറഞ്ഞ് ബോധ്യപ്പെടുത്തുക.
ശുശ്രൂഷ:
• വാരാന്ത ശുശ്രൂഷയ്ക്കായി അവതരണങ്ങൾ പരിശീലിക്കുക.
• സ്മാരകകാലത്തും അവധിക്കാലത്തും കുടുംബത്തിന് കൂടുതൽ സമയം ശുശ്രൂഷയിൽ ഏർപ്പെടാൻ കഴിയേണ്ടതിന് വെക്കാനാകുന്ന ലക്ഷ്യങ്ങളെക്കുറിച്ച് ചർച്ചചെയ്യുക.
• ശുശ്രൂഷയിൽ നേരിട്ടേക്കാവുന്ന വിവിധ ചോദ്യങ്ങൾക്ക് എങ്ങനെ ഉത്തരം നൽകാം എന്നതിനെപ്പറ്റി ഗവേഷണം ചെയ്യാൻ ഓരോ അംഗത്തിനും ഏതാനും മിനിട്ടുകൾ അനുവദിക്കുക. തുടർന്ന് അത് അവതരിപ്പിച്ചു കാണിക്കുക.
മറ്റു നിർദേശങ്ങൾ:
• പുതിയ മാസികകളിലെ ഏതെങ്കിലും ലേഖനം ഒരുമിച്ചു വായിക്കുക.
• പുതിയ മാസികയിൽനിന്നുള്ള താത്പര്യജനകമായ ഒരു ലേഖനം വായിച്ച് അതിനെക്കുറിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കി അവതരിപ്പിക്കാൻ ഓരോ കുടുംബാംഗത്തോടും ആവശ്യപ്പെടുക.
• ഇടയ്ക്കൊക്കെ ഒരു പ്രസാധകനെയോ ഒരു ദമ്പതികളെയോ കുടുംബാരാധനയ്ക്ക് ക്ഷണിക്കാം; അവർ സത്യം പഠിച്ചതിനെക്കുറിച്ചോ വയൽശുശ്രൂഷയിലെ അനുഭവങ്ങളെക്കുറിച്ചോ ചോദിക്കാം.
• നമ്മുടെ ഏതെങ്കിലും വീഡിയോ കാണാനും അതേക്കുറിച്ചു ചർച്ചചെയ്യാനുമുള്ള ക്രമീകരണം ചെയ്യുക.
• ഉണരുക!-യിൽനിന്നുള്ള “യുവജനങ്ങൾ ചോദിക്കുന്നു” എന്ന പംക്തി ഒരുമിച്ച് ചർച്ചചെയ്യുക.
• വീക്ഷാഗോപുരത്തിലെ “മക്കളെ പഠിപ്പിക്കാൻ” എന്ന ഭാഗം ഒരുമിച്ച് ചർച്ചചെയ്യുക.
• വാർഷിക പുസ്തകത്തിൽനിന്നോ (ഇംഗ്ലീഷ്) കഴിഞ്ഞ കൺവെൻഷനിൽ പ്രകാശനം ചെയ്ത ഏതെങ്കിലും പ്രസിദ്ധീകരണത്തിൽനിന്നോ ഒരു ഭാഗം വായിച്ച് ചർച്ച ചെയ്യുക.
• കൺവെൻഷനോ സമ്മേളനത്തിനോ ശേഷം പ്രധാന ആശയങ്ങൾ അവലോകനം ചെയ്യുക.
• യഹോവയുടെ സൃഷ്ടികളെ നേരിട്ട് നിരീക്ഷിച്ച് യഹോവയെക്കുറിച്ച് അതു നമ്മെ എന്തു പഠിപ്പിക്കുന്നുവെന്ന് ചർച്ച ചെയ്യുക.
• ഒരു മാപ്പോ ചാർട്ടോ എന്തിന്റെയെങ്കിലും മാതൃകയോ ഒരുമിച്ച് തയ്യാറാക്കുക.