പഠനലേഖനം 48
പിന്നിലേക്കല്ല, “നേരെ മുന്നിലേക്ക്” നോക്കുക
നിന്റെ കണ്ണുകൾ നേരെ നോക്കട്ടെ, അവ നേരെ മുന്നിലേക്കു നോക്കട്ടെ.”—സുഭാ. 4:25.
ഗീതം 77 ഇരുട്ടു നിറഞ്ഞ ലോകത്ത് വെളിച്ചം
പൂർവാവലോകനംa
1-2. സുഭാഷിതങ്ങൾ 4:25-ലെ ഉപദേശം നമുക്ക് എങ്ങനെ അനുസരിക്കാം? ഒരു ഉദാഹരണം പറയുക.
പിൻവരുന്ന സാഹചര്യങ്ങൾ ചിന്തിക്കുക. പ്രായമുള്ള ഒരു സഹോദരി തന്റെ കഴിഞ്ഞകാലത്തെ നല്ല കാര്യങ്ങൾ ഓർക്കുന്നു. ഇപ്പോൾ പ്രയാസകരമായ സാഹചര്യങ്ങളിലൂടെയാണു സഹോദരി കടന്നുപോകുന്നതെങ്കിലും യഹോവയുടെ സേവനത്തിൽ തന്നെക്കൊണ്ടാകുന്നതെല്ലാം സഹോദരി ചെയ്യുന്നു. (1 കൊരി. 15:58) വാഗ്ദാനം ചെയ്ത പുതിയ ലോകത്തിൽ പ്രിയപ്പെട്ടവരോടൊപ്പമായിരിക്കുന്നതു സഹോദരി ഓരോ ദിവസവും ഭാവനയിൽ കാണുന്നു. മറ്റൊരു സഹോദരി, തന്നെ ഒരു സഹവിശ്വാസി മുറിപ്പെടുത്തിയ സംഭവം ഓർക്കുന്നുണ്ടെങ്കിലും അതിന്റെ പേരിൽ നീരസം വെച്ചുകൊണ്ടിരിക്കുന്നില്ല. (കൊലോ. 3:13) ഇനി, ഒരു സഹോദരൻ താൻ കഴിഞ്ഞകാലത്ത് ചെയ്ത തെറ്റുകൾ മറന്നിട്ടില്ലെങ്കിലും അദ്ദേഹം യഹോവയെ വിശ്വസ്തമായി സേവിക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കുന്നു.—സങ്കീ. 51:10.
2 ഈ മൂന്നു ക്രിസ്ത്യാനികളും തമ്മിൽ ഒരു സമാനതയുണ്ട്, അല്ലേ? കഴിഞ്ഞകാല സംഭവങ്ങൾ അവരുടെ ഓർമയിലുണ്ടെങ്കിലും അവർ അതെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരിക്കുന്നില്ല. പകരം, അവർ ‘നേരെ മുന്നിലേക്കു നോക്കുന്നു,’ അഥവാ ഭാവിയിലേക്കു നോക്കുന്നു.—സുഭാഷിതങ്ങൾ 4:25 വായിക്കുക.
3. നമ്മൾ ഭാവിയിലേക്കുതന്നെ നോക്കേണ്ടത് എന്തുകൊണ്ട്?
3 ‘നേരെ മുന്നിലേക്കു നോക്കുന്നത്,’ അഥവാ ഭാവിയിലേക്കു നോക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? ഒരു നേർരേഖയിലൂടെ നടക്കാൻ ശ്രമിക്കുന്ന ഒരാൾ, എപ്പോഴും പുറകിലേക്കു തിരിഞ്ഞുനോക്കിയാൽ അയാൾക്ക് അതിനു കഴിയില്ല. അതുപോലെ കഴിഞ്ഞ സംഭവങ്ങളെക്കുറിച്ച് എപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നാൽ, പൂർണമനസ്സോടെ ദൈവത്തെ സേവിച്ചുകൊണ്ട് മുന്നോട്ടുപോകാൻ നമുക്കും കഴിയില്ല.—ലൂക്കോ. 9:62.
4. ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
4 കഴിഞ്ഞകാലത്തെക്കുറിച്ച് വേണ്ടതിലധികം ചിന്തിക്കാൻ ഇടയാക്കിയേക്കാവുന്ന മൂന്നു കെണികൾ നമ്മൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യും. അവയാണ്, (1) നല്ല ഓർമകളിൽ മുഴുകുന്നത്, (2) നീരസം, (3) അമിതമായ കുറ്റബോധം. ഓരോ കെണിയുടെ കാര്യത്തിലും “പിന്നിലുള്ളത്” മറക്കാനും “മുന്നിലുള്ളതിനുവേണ്ടി” ആയാനും ബൈബിൾതത്ത്വങ്ങൾ നമ്മളെ എങ്ങനെ സഹായിക്കുമെന്നും നമ്മൾ കാണും.—ഫിലി. 3:13.
നല്ല ഓർമകളിൽ മുഴുകുന്നത്
5. സഭാപ്രസംഗകൻ 7:10 നമുക്ക് എന്തു മുന്നറിയിപ്പാണു തരുന്നത്?
5 സഭാപ്രസംഗകൻ 7:10 വായിക്കുക. ‘കഴിഞ്ഞ കാലം നല്ലതായിരുന്നത് എന്ത്’ എന്നു ചോദിക്കുന്നതു തെറ്റാണെന്നല്ല ഈ വാക്യം പറയുന്നത്. മറിച്ച്, ‘“കഴിഞ്ഞ കാലം ഇപ്പോഴത്തെക്കാൾ നല്ലതായിരുന്നതിന്റെ കാരണം എന്ത്” എന്നു ചോദിക്കരുത്’ എന്നാണു പറയുന്നത്. അതുകൊണ്ട് കഴിഞ്ഞ കാലത്തെ നല്ല കാര്യങ്ങൾ ഓർമിക്കുന്നതല്ല പ്രശ്നം, കാരണം അത് യഹോവയിൽനിന്നുള്ള സമ്മാനമാണല്ലോ. പകരം, മുൻകാലത്തെ നല്ലനല്ല കാര്യങ്ങളെ നമ്മുടെ ഇപ്പോഴത്തെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്തിട്ട് ഇപ്പോൾ കാര്യങ്ങളെല്ലാം മോശമാണ് എന്നു ചിന്തിക്കുന്നതാണു പ്രശ്നം.
6. മുമ്പത്തെ ജീവിതമായിരുന്നു ഇപ്പോഴത്തേതിലും നല്ലത് എന്ന് എപ്പോഴും ചിന്തിക്കുന്നത് ജ്ഞാനമല്ലാത്തത് എന്തുകൊണ്ട്? ഒരു ഉദാഹരണം പറയുക.
6 മുമ്പത്തെ ജീവിതമായിരുന്നു ഇപ്പോഴത്തേതിനെക്കാൾ നല്ലത് എന്നു ചിന്തിക്കുന്നതു ജ്ഞാനമല്ലാത്തത് എന്തുകൊണ്ട്? കാരണം കഴിഞ്ഞകാലത്തെ നല്ല കാര്യങ്ങൾ മാത്രം ഓർക്കുകയും അന്നു നമ്മൾ അനുഭവിച്ച കഷ്ടപ്പാടുകൾ മറക്കുകയും ചെയ്യുന്നതുകൊണ്ടായിരിക്കും നമ്മൾ അങ്ങനെ ചിന്തിക്കുന്നത്. ഉദാഹരണത്തിന്, ഇസ്രായേല്യരുടെ കാര്യമെടുക്കാം. ഈജിപ്തിൽനിന്ന് പോന്ന അവർ അവിടത്തെ ജീവിതം എത്ര കഷ്ടപ്പാടു നിറഞ്ഞതായിരുന്നു എന്ന കാര്യം പെട്ടെന്നു മറന്നുപോയി. പകരം, അവിടെ കിട്ടിയിരുന്ന നല്ല ആഹാരം മാത്രമേ അവരുടെ മനസ്സിലുണ്ടായിരുന്നുള്ളൂ. അവർ പറഞ്ഞു: “ഈജിപ്തിൽവെച്ച് ഞങ്ങൾ വില കൊടുക്കാതെ തിന്നുകൊണ്ടിരുന്ന മീൻ, വെള്ളരിക്ക, തണ്ണിമത്തൻ, ഉള്ളി, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവയെക്കുറിച്ചൊക്കെ ഓർക്കുമ്പോൾത്തന്നെ കൊതിയാകുന്നു.” (സംഖ്യ 11:5) എന്നാൽ അവർ ആ പറഞ്ഞതു സത്യമായിരുന്നോ? ശരിക്കും ‘വില കൊടുക്കാതെയാണോ’ അവർ ഭക്ഷിച്ചിരുന്നത്? അല്ല. സത്യത്തിൽ അവർക്കു വലിയ വില കൊടുക്കേണ്ടിവന്നു. ഈജിപ്തിൽ അടിമകളായിരുന്ന അവരെ ഈജിപ്തുകാർ വല്ലാതെ ദ്രോഹിച്ചിരുന്നു. (പുറ. 1:13, 14; 3:6-9) പക്ഷേ പിന്നീട് അവർ ആ ബുദ്ധിമുട്ടുകളൊക്കെ മറന്നുപോകുകയും കഴിഞ്ഞകാലത്തിലേക്കു മടങ്ങിപ്പോകാൻ ആഗ്രഹിക്കുകയും ചെയ്തു. കഴിഞ്ഞകാലത്തെ നല്ല കാര്യങ്ങളെക്കുറിച്ച് മാത്രമായിരുന്നു അവരുടെ ചിന്ത. യഹോവ അവർക്കായി തൊട്ടുമുമ്പ് ചെയ്ത നല്ല കാര്യങ്ങളെല്ലാം അവർ മറന്നുകളഞ്ഞു. അവരുടെ ആ മനോഭാവം യഹോവയ്ക്ക് ഇഷ്ടമായില്ല.—സംഖ്യ 11:10.
7. ഭൂതകാലത്തെക്കുറിച്ചുള്ള ഓർമകളിൽ മുഴുകിപ്പോകാതിരിക്കാൻ ഒരു സഹോദരിയെ എന്താണു സഹായിച്ചത്?
7 നമുക്ക് എങ്ങനെ ഈ കെണി ഒഴിവാക്കാം? 1945-ൽ ബ്രൂക്ലിൻ ബഥേലിൽ സേവിക്കാൻ തുടങ്ങിയ ഒരു സഹോദരിയുടെ അനുഭവം നോക്കാം. കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ ബഥേലിൽത്തന്നെയുണ്ടായിരുന്ന ഒരു സഹോദരനെ സഹോദരി വിവാഹം കഴിച്ചു. കുറെ വർഷങ്ങൾ അവർ ഒരുമിച്ച് അവിടെ സേവിച്ചു. പക്ഷേ 1976-ൽ സഹോദരിയുടെ ഭർത്താവ് രോഗബാധിതനായി. തന്റെ മരണം അടുത്തെന്നു മനസ്സിലാക്കിയപ്പോൾ സഹോദരൻ സഹോദരിക്കു ചില നല്ല ഉപദേശങ്ങൾ കൊടുത്തു. അദ്ദേഹം പറഞ്ഞു: “നമ്മുടേത് ഒരു സന്തുഷ്ടവിവാഹജീവിതമായിരുന്നു. പലർക്കും അത് ആസ്വദിക്കാൻ കഴിയാറില്ല.” പക്ഷേ അതോടൊപ്പം സഹോദരൻ സഹോദരിയെ ഒരു കാര്യം ഓർമിപ്പിക്കുകയും ചെയ്തു: “സ്മരണകൾ നമ്മോടൊപ്പമുണ്ടായിരിക്കുമെങ്കിലും ഒരിക്കലും ഭൂതകാലത്തിൽ ജീവിക്കരുത്. കാലം മുറിവുകൾ ഉണക്കും. കോപമോ ആത്മാനുകമ്പയോ വളർത്തിയെടുക്കരുത്. ഇത്രയധികം സന്തോഷവും അനുഗ്രഹങ്ങളും ആസ്വദിക്കാൻ കഴിഞ്ഞതിൽ ആനന്ദിക്കുക. . . . ഓർമകൾ ദൈവത്തിന്റെ ദാനമാണ്.” അതു ശരിക്കും ഒരു നല്ല ഉപദേശമല്ലേ?
8. ഭർത്താവിൽനിന്ന് ലഭിച്ച ഉപദേശത്തിനു ചേർച്ചയിൽ ജീവിച്ചത് സഹോദരിക്ക് എങ്ങനെ പ്രയോജനം ചെയ്തു?
8 സഹോദരി ആ ഉപദേശത്തിനു ചേർച്ചയിൽ പ്രവർത്തിച്ചു. 92-ാമത്തെ വയസ്സിൽ തന്റെ മരണംവരെ സഹോദരി യഹോവയെ വിശ്വസ്തമായി സേവിച്ചു. മരിക്കുന്നതിനു കുറച്ച് വർഷങ്ങൾ മുമ്പ് സഹോദരി ഇങ്ങനെ പറഞ്ഞു: “63 വർഷത്തിലധികം യഹോവയ്ക്കായി ചെയ്ത മുഴുസമയസേവനത്തിലേക്കു തിരിഞ്ഞുനോക്കവേ, എന്റേതു തികച്ചും സംതൃപ്തികരമായ ഒരു ജീവിതമായിരുന്നു എന്ന് എനിക്കു പറയാനാകും.” അതിന്റെ കാരണവും സഹോദരിതന്നെ പറയുന്നു: “നമ്മുടെ വിസ്മയാവഹമായ സാഹോദര്യവും ഏകസത്യദൈവവും നമ്മുടെ മഹാസ്രഷ്ടാവും ആയ യഹോവയെ സേവിച്ചുകൊണ്ട് നമ്മുടെ സഹോദരീസഹോദരന്മാരോടൊത്ത് പറുദീസാഭൂമിയിൽ സകല നിത്യതയിലും ജീവിക്കാനുള്ള പ്രത്യാശയും ആണ് യഥാർഥത്തിൽ ജീവിതത്തെ സംതൃപ്തപൂർണമാക്കുന്നത്.”b ഭാവിയിലേക്കു നേരെ നോക്കുന്നതിൽ എത്ര നല്ല മാതൃകയാണു സഹോദരി വെച്ചത്.
നീരസം എന്ന കെണി
9. ലേവ്യ 19:18 സൂചിപ്പിക്കുന്നതുപോലെ, നീരസം വിട്ടുകളയുന്നത് എപ്പോൾ കൂടുതൽ പ്രയാസമായേക്കാം?
9 ലേവ്യ 19:18 വായിക്കുക. ചിലപ്പോൾ ഒരു സഹവിശ്വാസിയോ അടുത്ത സുഹൃത്തോ ഒരു ബന്ധുവോ നമ്മളെ വേദനിപ്പിച്ചേക്കാം. അവരോടു തോന്നുന്ന നീരസം മറന്നുകളയാൻ നമുക്ക് കൂടുതൽ ബുദ്ധിമുട്ടായിരിക്കും. ഉദാഹരണത്തിന്, സഭയിലെ ഒരു സഹോദരി തന്റെ പണം മോഷ്ടിച്ചെന്ന് മറ്റൊരു സഹോദരി പറഞ്ഞു. അങ്ങനെയൊരു കാര്യം ശരിക്കും നടന്നിട്ടില്ലെന്നു മനസ്സിലായപ്പോൾ കുറ്റപ്പെടുത്തിയ സഹോദരി ക്ഷമ ചോദിച്ചു. പക്ഷേ, ആരോപണം നേരിട്ട സഹോദരി അതു വിട്ടുകളയാൻ തയ്യാറായില്ല. ആ സംഭവം മനസ്സിൽ വെച്ചുകൊണ്ടുനടന്നു. ഇതേപോലൊരു സാഹചര്യം നിങ്ങൾ നേരിട്ടിട്ടില്ലായിരിക്കും. പക്ഷേ, എപ്പോഴെങ്കിലുമൊക്കെ നിങ്ങൾക്കും നീരസം തോന്നിയിട്ടുണ്ടായിരിക്കും. ആ നീരസം വിട്ടുകളയാനാകില്ല എന്നും നിങ്ങൾ ചിന്തിച്ചുകാണും.
10. ആരോടെങ്കിലും നീരസം തോന്നിയാൽ നമ്മൾ എന്ത് ഓർക്കണം?
10 ആരോടെങ്കിലും നീരസം തോന്നിയാൽ ഏതു കാര്യം ഓർക്കുന്നത് നമ്മളെ സഹായിക്കും? യഹോവ ഇതെല്ലാം കാണുന്നുണ്ടെന്ന് ഓർക്കുക. നമ്മൾ കടന്നുപോകുന്ന ഓരോ സാഹചര്യവും യഹോവയ്ക്ക് അറിയാം. നമ്മൾ എന്തെങ്കിലും അനീതി നേരിട്ടാൽ അതും യഹോവ ശ്രദ്ധിക്കുന്നുണ്ട്. (എബ്രാ. 4:13) നമ്മൾ വേദനിക്കുമ്പോൾ യഹോവയ്ക്കും വേദന തോന്നുന്നു. (യശ. 63:9) കുറച്ച് നാൾ കഴിയുമ്പോൾ നമ്മൾ അനുഭവിച്ച അനീതിയുടെ വേദനകൾ ഇല്ലാതാക്കുമെന്ന് യഹോവ വാക്കു തന്നിട്ടുമുണ്ട്.—വെളി. 21:3, 4.
11. നീരസം വിട്ടുകളയുന്നതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
11 നീരസം വിട്ടുകളഞ്ഞാൽ അതു നമുക്കുതന്നെ പ്രയോജനം ചെയ്യും എന്ന കാര്യവും നമ്മൾ ഓർക്കണം. അക്കാര്യം മുൻഖണ്ഡികയിൽ കണ്ട കുറ്റം ആരോപിക്കപ്പെട്ട സഹോദരി മനസ്സിലാക്കി. നമ്മൾ മറ്റുള്ളവരോടു ക്ഷമിക്കുമ്പോഴാണ് യഹോവ നമ്മളോടും ക്ഷമിക്കുന്നതെന്ന് സഹോദരി ഓർത്തു. (മത്താ. 6:14) മറ്റേ സഹോദരി തന്നോടു ചെയ്തതു തെറ്റുതന്നെയാണെന്ന് അറിയാമായിരുന്നെങ്കിലും നീരസം വെച്ചുകൊണ്ടിരിക്കാതെ, അതു വിട്ടുകളയാൻ സഹോദരി തീരുമാനിച്ചു. അതുകൊണ്ട് മുമ്പത്തെക്കാളും സന്തോഷത്തോടെ ദൈവസേവനം ചെയ്യാനും അതിൽ തന്റെ പൂർണ ശ്രദ്ധയർപ്പിക്കാനും സഹോദരിക്കു കഴിയുന്നു.
അമിതമായ കുറ്റബോധം എന്ന കെണി
12. 1 യോഹന്നാൻ 3:19, 20 ഏതു കാര്യം അംഗീകരിച്ചുപറയുന്നു?
12 1 യോഹന്നാൻ 3:19, 20 വായിക്കുക. ചിലപ്പോഴൊക്കെ നമുക്കെല്ലാം കുറ്റബോധം തോന്നാറുണ്ട്. സത്യം പഠിക്കുന്നതിന് മുമ്പ് ചെയ്ത കാര്യങ്ങൾ ഓർത്തായിരിക്കാം ചിലർക്ക് കുറ്റബോധം തോന്നുന്നത്. വേറെ ചിലർക്കാകട്ടെ, സ്നാനമേറ്റതിനു ശേഷം ചെയ്ത തെറ്റുകൾ ഓർക്കുമ്പോഴും. (റോമ. 3:23) എപ്പോഴും ശരി ചെയ്യാനാണു നമ്മുടെയെല്ലാം ആഗ്രഹം, പക്ഷേ ‘നമ്മളെല്ലാം പലതിലും തെറ്റിപ്പോകുന്നു.’ (യാക്കോ. 3:2; റോമ. 7:21-23) കുറ്റബോധം തോന്നുന്നത് അത്ര സുഖമുള്ള കാര്യമല്ലെങ്കിലും അതുകൊണ്ട് ചില പ്രയോജനങ്ങളുണ്ട്. ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനും തെറ്റുകൾ ആവർത്തിക്കാതിരിക്കാനും അതു നമ്മളെ പ്രേരിപ്പിക്കും.—എബ്രാ. 12:12, 13.
13. അമിതമായ കുറ്റബോധം എന്ന കെണിയിൽ അകപ്പെടാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
13 എന്നാൽ നമുക്ക് അമിതമായ കുറ്റബോധം തോന്നുന്നെങ്കിൽ, അതായത് നമ്മൾ അനുതപിക്കുകയും യഹോവ നമ്മളോടു ക്ഷമിച്ചെന്നു തിരിച്ചറിയുകയും ചെയ്തിട്ടും നമുക്കു കുറ്റബോധം തോന്നുന്നെങ്കിൽ, അതു ദോഷം ചെയ്യും. (സങ്കീ. 31:10; 38:3, 4) എങ്ങനെ? ഒരു സഹോദരിയുടെ ഉദാഹരണം നോക്കാം. കഴിഞ്ഞ കാലത്ത് ചെയ്ത തെറ്റുകൾ ഓർത്ത് സഹോദരിക്ക് എപ്പോഴും കുറ്റബോധം തോന്നുമായിരുന്നു. സഹോദരി പറഞ്ഞു: “ഇനി ഞാൻ യഹോവയുടെ സേവനത്തിൽ എന്തു ചെയ്തിട്ടും കാര്യമില്ല എന്ന് എനിക്കു തോന്നി. കാരണം എന്തായാലും രക്ഷപ്പെടുന്നവരുടെ കൂട്ടത്തിൽ ഞാനുണ്ടായിരിക്കില്ല.” അമിതമായ കുറ്റബോധം നമ്മളെ വേട്ടയാടിയാൽ ഈ സഹോദരിയെപ്പോലെ നമുക്കും തോന്നിയേക്കാം. അതുകൊണ്ട് ആ കെണിയിൽ അകപ്പെടാതിരിക്കാൻ നമ്മളെല്ലാം ശ്രദ്ധിക്കണം. യഹോവ നമ്മളെ തള്ളിക്കളയാത്തപ്പോഴും, ‘ദൈവസേവനത്തിൽ ഞാൻ ഇനി ഒന്നും ചെയ്തിട്ട് കാര്യമില്ല’ എന്നു നമ്മൾ ചിന്തിക്കുമ്പോൾ സാത്താൻ സന്തോഷിക്കുകയാണ്.—2 കൊരിന്ത്യർ 2:5-7, 11 താരതമ്യം ചെയ്യുക.
14. യഹോവ നമ്മളെ തള്ളിക്കളഞ്ഞിട്ടില്ലെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
14 ‘യഹോവ എന്നെ തള്ളിക്കളഞ്ഞിട്ടില്ലെന്ന് എനിക്ക് എങ്ങനെ അറിയാം’ എന്നു ചിലപ്പോൾ നമ്മൾ ചിന്തിച്ചേക്കാം. നിങ്ങൾ അങ്ങനെ ഒരു ചോദ്യം ചോദിക്കുന്നുണ്ടെങ്കിൽ അതുതന്നെ കാണിക്കുന്നത് യഹോവയ്ക്കു നിങ്ങളോടു ക്ഷമിക്കാനാകും എന്നാണ്. നമുക്കു മുമ്പ് മോശമായ ഒരു ശീലമുണ്ടായിരിക്കുകയും ഇപ്പോഴും ഇടയ്ക്കിടെ അതു തലപൊക്കുകയും ചെയ്യുന്നെങ്കിൽ, നമ്മൾ എന്തു ചെയ്യണമെന്നു വർഷങ്ങൾക്കു മുമ്പുള്ള ഒരു വീക്ഷാഗോപുരത്തിൽ വന്നിരുന്നു. അത് ഇങ്ങനെ പറഞ്ഞു: “നിരാശപ്പെടരുത്. പൊറുക്കാനാവാത്ത പാപം ചെയ്തുവെന്ന നിഗമനത്തിലെത്തരുത്. നിങ്ങൾ അങ്ങനെ ന്യായവാദം ചെയ്യാൻ തന്നെയാണു സാത്താൻ ആഗ്രഹിക്കുന്നത്. നിങ്ങൾക്കു ദുഃഖവും ബുദ്ധിമുട്ടും അനുഭവപ്പെടുന്നുവെന്ന വസ്തുതതന്നെ നിങ്ങൾ അങ്ങേയറ്റം പോയിട്ടില്ലെന്നതിന്റെ തെളിവാണ്. താഴ്മയോടും ആത്മാർഥതയോടും കൂടെ ദൈവത്തിങ്കലേക്കു തിരിഞ്ഞ് അവന്റെ ക്ഷമയും ശുദ്ധീകരണവും സഹായവും തേടുന്നതിൽ മടുത്തുപോകരുത്. ബുദ്ധിമുട്ടനുഭവപ്പെടുമ്പോൾ ഒരു കുട്ടി പിതാവിനെ സമീപിക്കുന്നതുപോലെ അവനെ സമീപിക്കുക. ഒരേ ബലഹീനത സംബന്ധിച്ച് എത്ര കൂടെക്കൂടെ യഹോവയെ സമീപിച്ചാലും തന്റെ അനർഹദയ നിമിത്തം അവൻ കൃപാപൂർവം നിങ്ങളെ സഹായിക്കും.”c
15-16. യഹോവ തങ്ങളെ തള്ളിക്കളഞ്ഞിട്ടില്ലെന്നു തിരിച്ചറിയുമ്പോൾ പലർക്കും എന്തു തോന്നുന്നു?
15 യഹോവ നമ്മളെ തള്ളിക്കളയില്ലെന്ന തിരിച്ചറിവ് ദൈവജനത്തിൽപ്പെട്ട പലർക്കും വലിയൊരു ആശ്വാസമാണ്. ഉദാഹരണത്തിന്, കുറച്ച് വർഷങ്ങൾക്കു മുമ്പ് “ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു” എന്ന ലേഖനപരമ്പരയിലെ ഒരു അനുഭവം വായിച്ചത് ഒരു സഹോദരനെ വളരെയധികം സഹായിച്ചു. മുമ്പ് ചെയ്ത തെറ്റുകൾ കാരണം യഹോവയ്ക്ക് തന്നെ സ്നേഹിക്കാനാകില്ല എന്നു ചിന്തിച്ച ഒരു സഹോദരിയുടെ അനുഭവം ആ ലേഖനത്തിലുണ്ടായിരുന്നു. സ്നാനപ്പെട്ട് വർഷങ്ങൾ കഴിഞ്ഞും സഹോദരിയെ ആ ചിന്ത വേട്ടയാടി. എന്നാൽ യേശുവിന്റെ മറുവിലയെക്കുറിച്ച് ധ്യാനിച്ചപ്പോൾ യഹോവ തന്നെ സ്നേഹിക്കുന്നുണ്ടെന്നു വിശ്വസിക്കാൻ സഹോദരിക്കു കഴിഞ്ഞു.d
16 ഈ അനുഭവം സഹോദരനെ എങ്ങനെയാണു സഹായിച്ചത്? അദ്ദേഹം ഇങ്ങനെ എഴുതി: “ചെറുപ്പമായിരുന്നപ്പോൾ അശ്ലീലം കാണുന്ന ഒരു ശീലം എനിക്കുണ്ടായിരുന്നു. അതു നിറുത്താൻ ഞാൻ വളരെയധികം കഷ്ടപ്പെട്ടു. പക്ഷേ ഈ അടുത്ത കാലത്ത് ഞാൻ വീണ്ടും അതിൽ വീണുപോയി. ഞാൻ സഹായത്തിനായി മൂപ്പന്മാരോടു സംസാരിച്ചു. അതുകൊണ്ട് ആ പ്രശ്നം മറികടക്കുന്നതിൽ നല്ല പുരോഗതി വരുത്താൻ എനിക്കു കഴിഞ്ഞു. യഹോവയുടെ അളവറ്റ കരുണയെയും സ്നേഹത്തെയും കുറിച്ച് അവർ എന്നെ ഓർമിപ്പിച്ചു. എങ്കിലും ചിലപ്പോഴൊക്കെ ഞാൻ വിലകെട്ടവനാണെന്നും യഹോവയ്ക്ക് എന്നെ സ്നേഹിക്കാനാകില്ലെന്നും എനിക്കു തോന്നിപ്പോകാറുണ്ട്. ആ സഹോദരിയുടെ അനുഭവം വായിച്ചപ്പോൾ എനിക്ക് ഒത്തിരി ആശ്വാസം തോന്നി. യഹോവയ്ക്ക് എന്നോടു ക്ഷമിക്കാൻ കഴിയില്ല എന്നു ഞാൻ ചിന്തിക്കുമ്പോൾ, ഒരർഥത്തിൽ എന്റെ പാപങ്ങൾ മൂടിക്കളയാൻ ദൈവപുത്രന്റെ മോചനവില മതിയാവില്ല എന്നു ഞാൻ പറയുകയായിരുന്നു. ഞാൻ ആ ലേഖനം വെട്ടിയെടുത്ത് സൂക്ഷിച്ചിട്ടുണ്ട്. വിലകെട്ടവനാണെന്ന തോന്നൽ എപ്പോഴുണ്ടായാലും ഞാൻ അതെടുത്ത് വായിച്ച് അതെക്കുറിച്ച് ധ്യാനിക്കും.”
17. അമിതമായ കുറ്റബോധം എന്ന കെണി പൗലോസ് അപ്പോസ്തലൻ എങ്ങനെയാണ് ഒഴിവാക്കിയത്?
17 ഇതുപോലുള്ള അനുഭവങ്ങൾ വായിക്കുമ്പോൾ നമ്മൾ അപ്പോസ്തലനായ പൗലോസിന്റെ അനുഭവമായിരിക്കും ഓർക്കുന്നത്. ഒരു ക്രിസ്ത്യാനിയാകുന്നതിനു മുമ്പ് ഗുരുതരമായ പല പാപങ്ങളും അദ്ദേഹം ചെയ്തു. പൗലോസ് ആ കാര്യങ്ങളെല്ലാം ഓർക്കുന്നുണ്ടായിരുന്നെങ്കിലും അതെക്കുറിച്ച് എപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നില്ല. (1 തിമൊ. 1:12-15) മോചനവില തനിക്കു ലഭിച്ച വ്യക്തിപരമായ ഒരു സമ്മാനമായിട്ടാണു പൗലോസ് കണ്ടത്. അതിന്റെ അടിസ്ഥാനത്തിൽ ദൈവം തന്റെ തെറ്റുകൾ ക്ഷമിക്കുമെന്നും പൗലോസ് ഉറച്ച് വിശ്വസിച്ചു. (ഗലാ. 2:20) അങ്ങനെ അമിതമായ കുറ്റബോധം എന്ന കെണി ഒഴിവാക്കാനും തന്റെ ഏറ്റവും നല്ലത് യഹോവയ്ക്കു കൊടുക്കുന്നതിൽ ശ്രദ്ധിക്കാനും പൗലോസിനു കഴിഞ്ഞു.
ഭാവിയനുഗ്രഹങ്ങൾ മനസ്സിൽക്കണ്ട് ജീവിക്കുക
18. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിച്ചു?
18 ഈ ലേഖനത്തിൽ നമ്മൾ മൂന്നു കെണികളെക്കുറിച്ച് പഠിച്ചു. ചുരുക്കത്തിൽ നമുക്ക് ഇക്കാര്യങ്ങൾ ഓർത്തിരിക്കാം. (1) നല്ല ഓർമകൾ യഹോവയിൽനിന്നുള്ള ഒരു സമ്മാനമാണ്. പക്ഷേ കഴിഞ്ഞകാലം എത്ര നല്ലതായിരുന്നെങ്കിലും പുതിയ ലോകത്തിലെ ജീവിതം അതിനെക്കാളും മനോഹരമായിരിക്കും. (2) മറ്റുള്ളവർ നമ്മളെ വേദനിപ്പിച്ചേക്കാം, പക്ഷേ നമ്മൾ ക്ഷമിക്കുന്നെങ്കിൽ യഹോവയെ സേവിക്കുന്നതിൽ നമുക്കു കൂടുതൽ ശ്രദ്ധിക്കാൻ കഴിയും. (3) അമിതമായ കുറ്റബോധം സന്തോഷത്തോടെ യഹോവയെ സേവിക്കുന്നതിന് ഒരു തടസ്സമായേക്കാം. അതുകൊണ്ട് പൗലോസിനെപ്പോലെ യഹോവ നമ്മളോടു ക്ഷമിച്ചു എന്നു നമ്മൾ ഉറച്ച് വിശ്വസിക്കണം.
19. പുതിയ ലോകത്തിൽ കഴിഞ്ഞ കാലത്തെ ഓർമകൾ നമ്മളെ വിഷമിപ്പിക്കില്ലെന്നു നമുക്ക് എങ്ങനെ അറിയാം?
19 നമുക്ക് എല്ലാവർക്കും എന്നേക്കും ജീവിക്കാൻ കഴിയും. പുതിയ ലോകത്തിൽ ജീവിക്കുമ്പോൾ പഴയ കാര്യങ്ങളൊന്നും ഓർത്ത് നമ്മൾ ദുഃഖിക്കേണ്ടിവരില്ല. ആ കാലത്തെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “പഴയ കാര്യങ്ങൾ ആരുടെയും മനസ്സിലേക്കു വരില്ല.” (യശ. 65:17) വർഷങ്ങളായി യഹോവയെ സേവിക്കുന്ന പ്രായമുള്ള ചിലർ നമ്മുടെ ഇടയിലുണ്ട്. ഒന്ന് ഓർത്തുനോക്കൂ! പുതിയ ലോകത്തിൽ അവരെല്ലാം വീണ്ടും ചെറുപ്പക്കാരാകും. (ഇയ്യോ. 33:25) അതുകൊണ്ട് നമുക്കു പിന്നിട്ട നാളുകളിലേക്കു നോക്കി ജീവിക്കാതിരിക്കാം, പകരം ‘നേരെ’ ഭാവിയിലേക്കു നോക്കാം, പുതിയ ലോകത്തിനായി ജീവിക്കാം.
ഗീതം 142 നമ്മുടെ പ്രത്യാശ മുറുകെ പിടിക്കാം
a നമ്മുടെ ജീവിതത്തിലെ കഴിഞ്ഞകാല സംഭവങ്ങളെക്കുറിച്ച് ഓർക്കുന്നതു ഗുണം ചെയ്തേക്കാം. പക്ഷേ നമ്മുടെ മനസ്സ് എപ്പോഴും ഭൂതകാലത്തിലാണെങ്കിൽ ഇന്നു ദൈവസേവനത്തിൽ നമ്മളെക്കൊണ്ട് കഴിയുന്നതെല്ലാം നമുക്കു ചെയ്യാനാകാതെ പോയേക്കാം, യഹോവയുടെ ഭാവിവാഗ്ദാനങ്ങൾ നമ്മുടെ മനസ്സിൽനിന്ന് മങ്ങിപ്പോകാനും ഇടയാകും. കഴിഞ്ഞ കാലത്തെക്കുറിച്ച് വേണ്ടതിലധികം ചിന്തിക്കാൻ ഇടയാക്കിയേക്കാവുന്ന മൂന്നു കെണികൾ നമ്മൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യും. ഈ കെണികളിൽനിന്ന് രക്ഷപ്പെടാൻ നമ്മളെ സഹായിക്കുന്ന ചില ബൈബിൾതത്ത്വങ്ങളും ഇക്കാലത്തെ ചിലരുടെ അനുഭവങ്ങളും നമ്മൾ ചിന്തിക്കും.
c 1954 ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 123-ാമത്തെ പേജ് കാണുക.
d 2011 ആഗസ്റ്റ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 20-21 പേജുകൾ കാണുക.
e ചിത്രക്കുറിപ്പുകൾ: കഴിഞ്ഞ കാലത്തെ നല്ല ഓർമകളും നീരസവും അമിതമായ കുറ്റബോധവും എല്ലാം ഭാരമുള്ള വസ്തുക്കൾപോലെയാണ്. അതു വലിച്ചുകൊണ്ട് നടക്കാൻ ശ്രമിച്ചാൽ ജീവനിലേക്കുള്ള പാതയിൽ മുന്നോട്ട് പോകാൻ നമുക്കു കഴിയില്ല.
f ചിത്രക്കുറിപ്പുകൾ: നമ്മൾ ഈ ഭാരങ്ങളൊക്കെ വിട്ടുകളയുകയാണെങ്കിൽ നമുക്കു വലിയ ആശ്വാസവും സന്തോഷവും തോന്നും, നമ്മുടെ ശക്തി വീണ്ടെടുക്കാൻ കഴിയും, അങ്ങനെ ഭാവിയിലേക്കുതന്നെ നോക്കാനും കഴിയും.