പഠനലേഖനം 51
‘യഹോവ നിരുത്സാഹിതരെ രക്ഷിക്കുന്നു’
“യഹോവ ഹൃദയം തകർന്നവരുടെ അരികിലുണ്ട്; നിരുത്സാഹിതരെ ദൈവം രക്ഷിക്കുന്നു.”—സങ്കീ. 34:18, അടിക്കുറിപ്പ്.
ഗീതം 30 എന്റെ പിതാവ്, എന്റെ ദൈവവും സ്നേഹിതനും
പൂർവാവലോകനംa
1-2. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
ഹ്രസ്വമായ നമ്മുടെ ഈ ജീവിതം എത്ര ‘ദുരിതപൂർണമാണെന്ന്’ നമ്മളെല്ലാം ഇടയ്ക്കൊക്കെ ചിന്തിച്ചുപോകാറുണ്ട്. (ഇയ്യോ. 14:1) അതെക്കുറിച്ച് ഓർക്കുമ്പോൾ നമുക്ക് നിരുത്സാഹം തോന്നിയേക്കാം. അതു സ്വാഭാവികമാണ്. പുരാതനനാളിലെ യഹോവയുടെ ചില ദാസർക്കും അങ്ങനെ തോന്നിയിട്ടുണ്ട്. ചിലർ മരിക്കാൻപോലും ആഗ്രഹിച്ചു. (1 രാജാ. 19:2-4; ഇയ്യോ. 3:1-3, 11; 7:15, 16) പക്ഷേ അവരുടെ ആശ്രയമായിരുന്ന യഹോവ അവരെയെല്ലാം ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്തു. നമുക്കൊരു മാതൃകയായും നമ്മളെ ആശ്വസിപ്പിക്കുന്നതിനുവേണ്ടിയും അവരുടെ ജീവിതാനുഭവങ്ങൾ എഴുതിവെച്ചിരിക്കുന്നു.—റോമ. 15:4.
2 ഈ ലേഖനത്തിൽ യാക്കോബിന്റെ മകനായ യോസേഫ്, വിധവയായ നൊവൊമി, നൊവൊമിയുടെ മരുമകളായ രൂത്ത്, 73-ാം സങ്കീർത്തനം എഴുതിയ ഒരു ലേവ്യൻ, അപ്പോസ്തലനായ പത്രോസ് എന്നിവരെക്കുറിച്ച് നമ്മൾ പഠിക്കും. നിരുത്സാഹിതരായപ്പോൾ ആ ദൈവദാസരെ യഹോവ എങ്ങനെയാണ് ശക്തിപ്പെടുത്തിയത്? അവരുടെ മാതൃകയിൽനിന്ന് നമുക്ക് എന്ത് പഠിക്കാം? ഇതെക്കുറിച്ച് ചിന്തിക്കുന്നത്, “യഹോവ ഹൃദയം തകർന്നവരുടെ അരികിലുണ്ട്; നിരുത്സാഹിതരെ ദൈവം രക്ഷിക്കുന്നു” എന്ന് നമുക്ക് ഉറപ്പു തരും.—സങ്കീ. 34:18, അടിക്കുറിപ്പ്.
യോസേഫിന് ക്രൂരതയും അനീതിയും അനുഭവിക്കേണ്ടിവന്നു
3-4. ചെറുപ്പമായിരുന്നപ്പോൾ യോസേഫിന് എന്തു സംഭവിച്ചു?
3 ഏകദേശം 17 വയസ്സുള്ളപ്പോൾ യോസേഫ് രണ്ടു സ്വപ്നങ്ങൾ കണ്ടു. അവ രണ്ടും ദൈവത്തിൽനിന്നുള്ളവയായിരുന്നു. ഒരു നാൾ യോസേഫിന് ഒരു ഉന്നതസ്ഥാനം ലഭിക്കുമെന്നും കുടുംബാംഗങ്ങളെല്ലാം യോസേഫിനെ ആദരിക്കുമെന്നും ആ സ്വപ്നങ്ങൾ സൂചിപ്പിച്ചു. (ഉൽ. 37:5-10) എന്നാൽ സ്വപ്നം കണ്ട് അധികനാളായില്ല, യോസേഫിന്റെ ജീവിതം കീഴ്മേൽ മറിഞ്ഞു. ചേട്ടന്മാർ യോസേഫിനെ ആദരിച്ചില്ലെന്നു മാത്രമല്ല യോസേഫിനെ അടിമയായി വിറ്റുകളയുകയും ചെയ്തു. പിന്നീട് യോസേഫ് ഈജിപ്തിലെ ഒരു ഉദ്യോഗസ്ഥനായ പോത്തിഫറിന്റെ ഭവനത്തിൽ എത്തി. (ഉൽ. 37:21-28) അങ്ങനെ അപ്പന്റെ ഇഷ്ടപുത്രനായിരുന്ന യോസേഫ് കണ്ണടച്ച് തുറക്കുംമുമ്പ് യഹോവയെ അറിയുകപോലും ചെയ്യാത്ത ഈജിപ്തിലെ ഒരു കൊട്ടാരോദ്യോഗസ്ഥന്റെ അടിമയായി.—ഉൽ. 39:1.
4 അതൊരു തുടക്കം മാത്രമായിരുന്നു. ഈജിപ്തിൽ യോസേഫിനെ കാത്തിരുന്നത് അതിലും വലിയ പ്രശ്നങ്ങളായിരുന്നു. യോസേഫ് തന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു എന്ന് പോത്തിഫറിന്റെ ഭാര്യ ആരോപിച്ചു. ശരിക്കും അതൊരു നുണയായിരുന്നു. സംഗതി സത്യമാണോ എന്നൊന്നും അന്വേഷിക്കാതെ പോത്തിഫർ യോസേഫിനെ തടവിലാക്കി. അവിടെ യോസേഫിനെ ചങ്ങലകൊണ്ട് ബന്ധിച്ചു. (ഉൽപ. 39:14-20; സങ്കീ. 105:17, 18) മാനഭംഗപ്പെടുത്താൻ ശ്രമിച്ചു എന്ന തെറ്റായ ആരോപണം ഉണ്ടായപ്പോൾ ആ ചെറുപ്പക്കാരനുണ്ടായ വികാരങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ. ഈ സംഭവത്തെക്കുറിച്ച് കേട്ടപ്പോൾ യോസേഫിന്റെ ദൈവമായ യഹോവയെക്കുറിച്ചും ആളുകൾ മോശമായ പലതും പറഞ്ഞുകാണും. നിരുത്സാഹം തോന്നാനുള്ള എല്ലാ കാരണങ്ങളും യോസേഫിനുണ്ടായിരുന്നു.
5. നിരുത്സാഹം തന്നെ കീഴ്പെടുത്താതിരിക്കാൻ യോസേഫ് എന്താണു ചെയ്തത്?
5 അടിമയായിരുന്നപ്പോഴും പിന്നീട് തടവിൽ കിടന്നപ്പോഴും ഇഷ്ടമുള്ളതെല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യം യോസേഫിനില്ലായിരുന്നു. ആ സമയത്ത് യോസേഫ് എങ്ങനെയാണ് ഒരു നല്ല മനോഭാവം നിലനിറുത്തിയത്? ചെയ്യാൻ പറ്റാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനു പകരം നിയമിച്ചുകിട്ടിയ ജോലികൾ യോസേഫ് ഏറ്റവും ഭംഗിയായി ചെയ്തു. യോസേഫ് യഹോവയെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായി കണ്ടു. യോസേഫിന്റെ പ്രവൃത്തികളെയെല്ലാം യഹോവ അനുഗ്രഹിക്കുകയും ചെയ്തു.—ഉൽപ. 39:21-23.
6. താൻ കണ്ട സ്വപ്നങ്ങളിലൂടെ യോസേഫ് എങ്ങനെ ആശ്വാസം കണ്ടെത്തിയിരിക്കാം?
6 മുമ്പ് കണ്ട സ്വപ്നങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടും യോസേഫ് ആശ്വാസം കണ്ടെത്തിയിരിക്കാം. കുടുംബത്തെ വീണ്ടും കാണാനാകുമെന്നും തന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഒരു മാറ്റം ഉണ്ടാകുമെന്നും ആ സ്വപ്നങ്ങൾ സൂചിപ്പിച്ചു. അതുതന്നെയാണ് സംഭവിച്ചത്. യോസേഫിന് ഏകദേശം 37 വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ ആ സ്വപ്നങ്ങൾ തികച്ചും നാടകീയമായ ഒരു വിധത്തിൽ നിറവേറാൻ തുടങ്ങി.—ഉൽപ. 37:7, 9, 10; 42:6, 9.
7. 1 പത്രോസ് 5:10-ന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ സഹിച്ചുനിൽക്കാൻ നമ്മളെ എന്തു സഹായിക്കും?
7 നമുക്കുള്ള പാഠങ്ങൾ. ഈ ലോകം ക്രൂരത നിറഞ്ഞതാണെന്നും ആളുകൾ നമ്മളോട് അനീതി കാണിച്ചേക്കുമെന്നും യോസേഫിന്റെ അനുഭവം നമ്മളെ ഓർമിപ്പിക്കുന്നു. ചിലപ്പോൾ നമ്മളെ വേദനിപ്പിക്കുന്നത് ഒരു സഹവിശ്വാസിയായിരിക്കാം. നമ്മൾ യഹോവയെ നമ്മുടെ പാറയും സങ്കേതവും ആക്കുന്നെങ്കിൽ നിരുത്സാഹം നമ്മളെ കീഴ്പെടുത്തില്ല, നമ്മൾ യഹോവയെ സേവിക്കുന്നതു നിറുത്തുകയും ഇല്ല. (സങ്കീ. 62:6, 7; 1 പത്രോസ് 5:10 വായിക്കുക.) യഹോവ യോസേഫിനെ പ്രാവചനിക അർഥമുള്ള ആ സ്വപ്നങ്ങൾ കാണിച്ചപ്പോൾ യോസേഫിന് ഏകദേശം 17 വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്ന കാര്യം ഓർക്കുക. തീർച്ചയായും ചെറുപ്പക്കാരായ തന്റെ ദാസരിൽ യഹോവയ്ക്ക് വിശ്വാസമുണ്ട്. ഇന്നും യോസേഫിനെപ്പോലെ യഹോവയിൽ ഉറച്ച വിശ്വാസമുള്ള ധാരാളം ചെറുപ്പക്കാരുണ്ട്. ദൈവത്തോടുള്ള വിശ്വസ്തതയിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാത്തതുകൊണ്ട് അവരിൽ ചിലർ അന്യായമായി തടവിലാക്കപ്പെട്ടിട്ടുണ്ട്.—സങ്കീ. 110:3.
ദുഃഖാർത്തരായ രണ്ടു സ്ത്രീകൾ
8. നൊവൊമിക്കും രൂത്തിനും എന്തു സംഭവിച്ചു?
8 കടുത്ത ക്ഷാമത്തിന്റെ ഒരു സമയത്ത് നൊവൊമിയും കുടുംബവും യഹൂദയിൽനിന്ന് മോവാബ് ദേശത്തേക്ക് പോയി അവിടെ പരദേശികളായി താമസിച്ചു. അവിടെവെച്ച് നൊവൊമിയുടെ ഭർത്താവ് എലീമെലെക്ക് മരിച്ചു. അങ്ങനെ ആ വീട്ടിൽ നൊവൊമിയും രണ്ടു മക്കളും മാത്രമായി. പിന്നീട് ആ മക്കൾ രണ്ടു പേരും മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു. ഒരാളുടെ പേര് ഒർപ്പ എന്നും മറ്റേയാളുടെ പേര് രൂത്ത് എന്നും ആയിരുന്നു. ഏകദേശം പത്തു വർഷം കഴിഞ്ഞ് നൊവൊമിയുടെ രണ്ട് ആൺമക്കളും കുട്ടികളില്ലാതെ മരിച്ചുപോയി. (രൂത്ത് 1:1-5) അതോടെ ആ മൂന്ന് സ്ത്രീകളും തനിച്ചായി. ആ സ്ത്രീകൾ അനുഭവിച്ച ദുഃഖത്തിന്റെ ആഴം നിങ്ങൾക്ക് ഭാവനയിൽ കാണാൻ കഴിയുന്നുണ്ടോ? രൂത്തിനും ഒർപ്പയ്ക്കും വേണമെങ്കിൽ വീണ്ടും വിവാഹം കഴിക്കാം. പക്ഷേ പ്രായമായ നൊവൊമിയെ ഇനി ആര് നോക്കും? നിരാശയിൽ ആണ്ടുപോയ നൊവൊമി ഒരു അവസരത്തിൽ ഇങ്ങനെപോലും പറഞ്ഞു: “എന്നെ ഇനി നൊവൊമി എന്നു വിളിക്കേണ്ടാ, മാറാ എന്നു വിളിച്ചാൽ മതി. കാരണം സർവശക്തൻ എന്റെ ജീവിതം കയ്പേറിയതാക്കിയിരിക്കുന്നു.” തകർന്ന ഹൃദയവുമായി നൊവൊമി ബേത്ത്ലെഹെമിലേക്കു തിരികെ പോയി. രൂത്തും കൂടെയുണ്ടായിരുന്നു.—രൂത്ത് 1:7, 18-20.
9. രൂത്ത് 1:16, 17, 22 അനുസരിച്ച് രൂത്ത് എങ്ങനെയാണ് നിരുത്സാഹം മറികടക്കാൻ നൊവൊമിയെ സഹായിച്ചത്?
9 ഈ ദുഃഖത്തിൽനിന്ന് കരകയറാൻ നൊവൊമിയെ എന്താണു സഹായിച്ചത്? അചഞ്ചലസ്നേഹം. ഉദാഹരണത്തിന്, നൊവൊമിയോടു പറ്റിനിന്നുകൊണ്ട് രൂത്ത് അചഞ്ചലസ്നേഹം കാണിച്ചു. (രൂത്ത് 1:16, 17, 22 വായിക്കുക.) ബേത്ത്ലെഹെമിൽ ചെന്നപ്പോൾ രൂത്ത് ബാർലി വയലുകളിൽ കാലാ പെറുക്കി, തനിക്കും നൊവൊമിക്കും വേണ്ടി കഠിനാധ്വാനം ചെയ്തു. അങ്ങനെ രൂത്ത് പെട്ടെന്നുതന്നെ ഒരു നല്ല പേര് സമ്പാദിച്ചു.—രൂത്ത് 3:11; 4:15.
10. നൊവൊമിയെയും രൂത്തിനെയും പോലുള്ള പാവപ്പെട്ടവരോട് യഹോവ എങ്ങനെയാണ് സ്നേഹം കാണിച്ചത്?
10 കൊയ്യുമ്പോൾ വയലിന്റെ അരികു തീർത്ത് കൊയ്തെടുക്കരുതെന്നും അത് പാവപ്പെട്ടവർക്കായി വിട്ടേക്കണം എന്നും യഹോവ ഇസ്രായേല്യർക്ക് ഒരു നിയമം കൊടുത്തിരുന്നു. നൊവൊമിയെയും രൂത്തിനെയും പോലുള്ള പാവപ്പെട്ടവരോടുള്ള യഹോവയുടെ അനുകമ്പയാണ് നമ്മൾ ഈ നിയമത്തിൽ കാണുന്നത്. (ലേവ്യ 19:9, 10) അങ്ങനെ ഒരു ക്രമീകരണമുണ്ടായിരുന്നതുകൊണ്ട് നൊവൊമിക്കും രൂത്തിനും ഭക്ഷണത്തിനുവേണ്ടി മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടേണ്ടിവന്നില്ല.
11-12. ബോവസിന്റെ പ്രവൃത്തികൾ നൊവൊമിയെയും രൂത്തിനെയും സന്തോഷിപ്പിച്ചത് എങ്ങനെ?
11 സമ്പന്നനായ ബോവസായിരുന്നു രൂത്ത് കാലാ പെറുക്കിയ വയലിന്റെ ഉടമ. രൂത്ത് നൊവൊമിയോട് കാണിച്ച വിശ്വസ്തതയും സ്നേഹവും ബോവസിൽ എന്തെന്നില്ലാത്ത മതിപ്പുളവാക്കി. അതുകൊണ്ട് ബോവസ് പിന്നീട് രൂത്തിനെ വിവാഹം കഴിക്കുകയും നൊവൊമിയുടെ കുടുംബത്തിന്റെ പിതൃസ്വത്ത് വീണ്ടെടുക്കുകയും ചെയ്തു. (രൂത്ത് 4:9-13) അവർക്ക് ജനിച്ച മകന് അവർ ഓബേദ് എന്ന് പേരിട്ടു. അദ്ദേഹമാണ് ദാവീദ് രാജാവിന്റെ മുത്തച്ഛൻ.—രൂത്ത് 4:17.
12 ശിശുവായ ഓബേദിനെയും കൈയിലെടുത്ത് യഹോവയ്ക്ക് നന്ദി പറയുന്ന നൊവൊമിയുടെ സന്തോഷം നിങ്ങൾക്ക് മനസ്സിൽ കാണാൻ കഴിയുന്നുണ്ടോ? ഭാവിയിൽ പുനരുത്ഥാനപ്പെട്ടുവരുമ്പോൾ ഓബേദ് വാഗ്ദത്തമിശിഹയായ യേശുക്രിസ്തുവിന്റെ ഒരു പൂർവികനായിരുന്നു എന്ന് നൊവൊമിയും രൂത്തും മനസ്സിലാക്കും. അപ്പോൾ അവർക്കുണ്ടാകുന്ന സന്തോഷം എത്ര വലുതായിരിക്കും!
13. നൊവൊമിയുടെയും രൂത്തിന്റെയും അനുഭവത്തിൽനിന്ന് നമുക്ക് ഏതെല്ലാം വിലപ്പെട്ട പാഠങ്ങൾ പഠിക്കാം?
13 നമുക്കുള്ള പാഠങ്ങൾ. പരിശോധനകളിലൂടെ കടന്നുപോകുമ്പോൾ നമ്മളും നിരുത്സാഹിതരായേക്കാം. അത് നമ്മളെ മാനസികമായി തളർത്തിയേക്കാം. നമ്മുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരവുമില്ലെന്ന് നമുക്ക് തോന്നിയേക്കാം. അത്തരം അവസരങ്ങളിൽ നമ്മൾ നമ്മുടെ സ്വർഗീയപിതാവിൽ ആശ്രയിക്കണം, നമ്മുടെ സഹോദരങ്ങളോടൊപ്പം ആയിരിക്കണം. നമുക്കൊരു പ്രശ്നമുണ്ടായാൽ എപ്പോഴും ഉടനെതന്നെ യഹോവ അത് പരിഹരിക്കില്ല എന്ന് നമുക്ക് അറിയാം. ഉദാഹരണത്തിന്, നൊവൊമിയുടെ ഭർത്താവിനെയും മക്കളെയും യഹോവ തിരികെ ജീവനിലേക്ക് കൊണ്ടുവന്നില്ല. എന്നാൽ സഹിച്ചുനിൽക്കാനുള്ള സഹായം യഹോവ നമുക്ക് തരുകതന്നെ ചെയ്യും. നമ്മളോട് അചഞ്ചലസ്നേഹം കാണിക്കുന്ന സഹോദരങ്ങളുടെ ദയാപ്രവൃത്തികളിലൂടെ ആയിരിക്കാം ഒരുപക്ഷേ യഹോവ അത് ചെയ്യുന്നത്.—സുഭാ. 17:17.
അസ്വസ്ഥനായ ഒരു ലേവ്യൻ
14. ഒരു ലേവ്യൻ അങ്ങേയറ്റം നിരുത്സാഹിതനായിപ്പോയത് എന്തുകൊണ്ട്?
14 സങ്കീർത്തനം 73 എഴുതിയത് ഒരു ലേവ്യനായിരുന്നു, യഹോവയുടെ വിശുദ്ധമന്ദിരത്തിൽ സേവിക്കാനുള്ള മഹത്തായ പദവി ഉണ്ടായിരുന്ന ഒരാൾ. എങ്കിലും ഒരു ഘട്ടത്തിൽ അദ്ദേഹത്തിനും നിരുത്സാഹം തോന്നി. എന്തായിരുന്നു കാരണം? ദുഷ്ടന്മാരോടും ഗർവികളോടും അദ്ദേഹത്തിന് അസൂയ തോന്നി. അവർ ചെയ്തതുപോലെയുള്ള ദുഷ്പ്രവൃത്തികൾ ചെയ്യാൻ അദ്ദേഹത്തിന് ആഗ്രഹം തോന്നിയിട്ടല്ല, പകരം അവരുടെ സമൃദ്ധി കണ്ടിട്ടാണ് അസൂയ തോന്നിയത്. (സങ്കീ. 73:2-9, 11-14) പുറമേനിന്ന് നോക്കിയാൽ, അവർക്ക് ഒന്നിനും ഒരു കുറവും ഇല്ലാത്തതുപോലെ തോന്നി, ആകുലതകളില്ലാത്ത സുഖലോലുപമായ ഒരു ജീവിതം. ഇത് ശരിക്കും ആ സങ്കീർത്തനക്കാരനെ നിരുത്സാഹിതനാക്കി. അദ്ദേഹം ഇങ്ങനെപോലും പറഞ്ഞു: “ഞാൻ ഹൃദയം ശുദ്ധമായി സൂക്ഷിച്ചതും നിഷ്കളങ്കതയിൽ കൈ കഴുകി വെടിപ്പാക്കിയതും വെറുതേയായല്ലോ.” ദൈവസേവനം നിറുത്തുന്നതിലേക്ക് ആ ചിന്ത ആ ലേവ്യനെ നയിച്ചേനെ.
15. സങ്കീർത്തനം 73:16-19, 22-25-ഉം അനുസരിച്ച് ഈ സങ്കീർത്തനം എഴുതിയ ലേവ്യൻ എങ്ങനെയാണ് നിരുത്സാഹത്തെ നേരിട്ടത്?
15 സങ്കീർത്തനം 73:16-19, 22-25 വായിക്കുക. ആ ലേവ്യൻ “ദൈവത്തിന്റെ മഹത്ത്വമാർന്ന വിശുദ്ധമന്ദിരത്തിൽ” ചെന്നു. അവിടെ യഹോവയെ ആരാധിക്കുന്ന മറ്റുള്ളവരോടൊപ്പം ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ മനസ്സ് ഒന്നു ശാന്തമായി. അദ്ദേഹത്തിന് ശരിയാംവണ്ണം ചിന്തിക്കാനും തന്റെ സാഹചര്യത്തെക്കുറിച്ച് പ്രാർഥിക്കാനും കഴിഞ്ഞു. തന്റെ ചിന്തകൾ എത്ര വിഡ്ഢിത്തമാണെന്നും യഹോവയിൽനിന്ന് അകറ്റിക്കളയുന്ന ഒരു വഴിയിലൂടെയാണ് താൻ സഞ്ചരിച്ചുതുടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ദുഷ്ടന്മാർ ‘വഴുവഴുപ്പുള്ളിടത്താണ്’ നിൽക്കുന്നതെന്നും അവരെ കാത്തിരിക്കുന്നത് “ദാരുണമായ അന്ത്യം” ആണെന്നും സങ്കീർത്തനക്കാരൻ മനസ്സിലാക്കി. അസൂയയിൽനിന്നും നിരുത്സാഹത്തിൽനിന്നും പുറത്തുകടക്കാൻ ലേവ്യൻ യഹോവയുടെ കണ്ണിലൂടെ കാര്യങ്ങൾ നോക്കിക്കാണണമായിരുന്നു. അങ്ങനെ ചെയ്തപ്പോൾ അദ്ദേഹത്തിന് മനസ്സമാധാനവും സന്തോഷവും തിരിച്ചുകിട്ടി. അദ്ദേഹം പറഞ്ഞു: ‘ഭൂമിയിൽ യഹോവയെ അല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.’
16. 73-ാം സങ്കീർത്തനം എഴുതിയ ആ ലേവ്യനിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം?
16 നമുക്കുള്ള പാഠങ്ങൾ. ദുഷ്ടരായ ആളുകൾ സമൃദ്ധിയിലാണെന്ന് നമുക്കു തോന്നിയാലും ഒരിക്കലും അവരോട് അസൂയ തോന്നരുത്. അവരുടെ സന്തോഷം പുറമേയുള്ളതു മാത്രമാണ്, അത് താത്കാലികവുമാണ്. അവർക്ക് നിലനിൽക്കുന്ന ഒരു ഭാവിയില്ല. (സഭാ. 8:12, 13) നമുക്ക് അവരോട് അസൂയ തോന്നിയാൽ നമ്മൾ നിരുത്സാഹിതരാകും; നമ്മുടെ ആത്മീയതയും നശിക്കും. അതുകൊണ്ട് ദുഷ്ടരായ ആളുകളുടെ വിജയം കണ്ട് നിങ്ങൾക്ക് അസൂയ തോന്നുന്നെങ്കിൽ ലേവ്യൻ ചെയ്തതുപോലെ ചെയ്യുക. ദൈവം സ്നേഹത്തോടെ നൽകുന്ന ഉപദേശം അനുസരിക്കുക. യഹോവയുടെ ഇഷ്ടം ചെയ്യുന്നവരോടൊപ്പം സഹവസിക്കുക. മറ്റ് എന്തിനെക്കാളും നമ്മൾ യഹോവയെ സ്നേഹിക്കുന്നെങ്കിൽ നമ്മൾ യഥാർഥസന്തോഷം ആസ്വദിക്കും. ‘യഥാർഥജീവനിലേക്കുള്ള’ വഴിയിലൂടെതന്നെ മുന്നോട്ടുപോകാനും നമുക്കു കഴിയും.—1 തിമൊ. 6:19.
ബലഹീനത പത്രോസിനെ നിരുത്സാഹിതനാക്കി
17. നിരുത്സാഹപ്പെടാൻ പത്രോസിന് എന്തെല്ലാം കാരണങ്ങളുണ്ടായിരുന്നു?
17 ഊർജസ്വലനായ ഒരാളായിരുന്നു അപ്പോസ്തലനായ പത്രോസ്. പക്ഷേ ചിലപ്പോഴൊക്കെ അദ്ദേഹം എടുത്തുചാടി പലതും പറയുകയും പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് അത് ഓർത്ത് അദ്ദേഹത്തിന് ദുഃഖിക്കേണ്ടിവന്നു. ഉദാഹരണത്തിന്, താൻ കഷ്ടതകൾ സഹിക്കുമെന്നും മരിക്കുമെന്നും യേശു അപ്പോസ്തലന്മാരോട് പറഞ്ഞപ്പോൾ പത്രോസ് യേശുവിനെ ഇങ്ങനെ ശകാരിച്ചു: “അങ്ങനെ പറയരുത്. അങ്ങയ്ക്ക് ഒരിക്കലും അങ്ങനെയൊന്നും സംഭവിക്കില്ല.” (മത്താ. 16:21-23) അപ്പോൾ യേശു പത്രോസിനെ തിരുത്തി. പിന്നീട് ജനക്കൂട്ടം യേശുവിനെ അറസ്റ്റ് ചെയ്യാൻ വന്നപ്പോൾ പത്രോസ് മുന്നുംപിന്നും നോക്കാതെ പ്രവർത്തിച്ചു. തന്റെ കൈയിലുണ്ടായിരുന്ന വാളെടുത്ത് മഹാപുരോഹിതന്റെ അടിമയെ വെട്ടി. അദ്ദേഹത്തിന്റെ വലതു ചെവി അറ്റുപോയി. (യോഹ. 18:10, 11) ഇത്തവണയും യേശു പത്രോസിന് തിരുത്തൽ കൊടുത്തു. കൂടാതെ, മറ്റെല്ലാ അപ്പോസ്തലന്മാരും ക്രിസ്തുവിനെ ഉപേക്ഷിച്ചാലും താൻ ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്ന് പത്രോസ് വീമ്പിളക്കുകയും ചെയ്തിരുന്നു. (മത്താ. 26:33) പക്ഷേ തനിക്ക് വിചാരിച്ചത്ര ധൈര്യം ഒന്നുമില്ലെന്ന് താമസിയാതെ പത്രോസ് തിരിച്ചറിഞ്ഞു. മാനുഷഭയം കാരണം അദ്ദേഹം തന്റെ യജമാനനെ മൂന്നു തവണ തള്ളിപ്പറയുകയും ചെയ്തു. മാനസികമായി തകർന്നുപോയ പത്രോസ് “പുറത്ത് പോയി അതിദുഃഖത്തോടെ കരഞ്ഞു.” (മത്താ. 26:69-75) യേശു തന്നോട് ഇനി ക്ഷമിക്കുമോ എന്ന് പത്രോസ് ചിന്തിച്ചുകാണും.
18. നിരുത്സാഹത്തെ മറികടക്കാൻ യേശു എങ്ങനെയാണ് പത്രോസിനെ സഹായിച്ചത്?
18 എന്നാൽ നിരുത്സാഹം തന്നെ കീഴ്പെടുത്താൻ പത്രോസ് അനുവദിച്ചില്ല. വീണുപോയെങ്കിലും പത്രോസ് എഴുന്നേറ്റു. നമ്മൾ പത്രോസിനെ വീണ്ടും കാണുന്നത് മറ്റ് അപ്പോസ്തലന്മാരുടെ കൂടെയാണ്. (യോഹ. 21:1-3; പ്രവൃ. 1:15, 16) തിരികെ വരാൻ പത്രോസിനെ എന്താണ് സഹായിച്ചത്? പത്രോസിന്റെ വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ യേശു നേരത്തേ പ്രാർഥിച്ചിരുന്നു. തിരിഞ്ഞുവന്നശേഷം തന്റെ സഹോദരങ്ങളെ ബലപ്പെടുത്തണമെന്ന് യേശു പത്രോസിനോടു പറയുകയും ചെയ്തിരുന്നു. യേശുവിന്റെ ആത്മാർഥമായ ആ പ്രാർഥനയ്ക്ക് യഹോവ ഉത്തരം നൽകി. പിന്നീട് യേശു പത്രോസിന് മാത്രമായി പ്രത്യക്ഷനായി. തീർച്ചയായും പത്രോസിനെ പ്രോത്സാഹിപ്പിക്കാൻ ആയിരുന്നിരിക്കണം അത്. (ലൂക്കോ. 22:32; 24:33, 34; 1 കൊരി. 15:5) മറ്റൊരു സന്ദർഭത്തിൽ രാത്രി മുഴുവൻ ശ്രമിച്ചിട്ടും മീനൊന്നും ലഭിക്കാതെ നിരാശിതരായിരുന്ന അപ്പോസ്തലന്മാർക്ക് യേശു പ്രത്യക്ഷനായി. ആ സമയത്ത് പത്രോസ് തന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് വെളിപ്പെടുത്താനുള്ള അവസരം യേശു പത്രോസിന് കൊടുത്തു. യേശു തന്റെ പ്രിയസുഹൃത്തിനോട് ക്ഷമിക്കുകയും അദ്ദേഹത്തെ കൂടുതലായ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുകയും ചെയ്തു.—യോഹ. 21:15-17.
19. നമ്മുടെ തെറ്റുകളെക്കുറിച്ച് യഹോവ എന്താണ് ചിന്തിക്കുന്നതെന്ന് മനസ്സിലാക്കാൻ സങ്കീർത്തനം 103:13, 14 സഹായിക്കുന്നത് എങ്ങനെ?
19 നമുക്കുള്ള പാഠങ്ങൾ. യേശു പത്രോസിനോട് ഇടപെട്ട വിധം തന്റെ പിതാവിനെപ്പോലെതന്നെ യേശുവും എത്ര കരുണയുള്ളവനാണെന്ന് തെളിയിക്കുന്നു. അതുകൊണ്ട് നമുക്ക് എന്തെങ്കിലും തെറ്റുകൾ പറ്റുമ്പോൾ യഹോവ നമ്മളോട് ഒരിക്കലും ക്ഷമിക്കില്ല എന്ന് നമ്മൾ ചിന്തിക്കരുത്. ശരിക്കും നമ്മൾ അങ്ങനെ ചിന്തിക്കാനാണ് സാത്താൻ ആഗ്രഹിക്കുന്നത്. എന്നാൽ യഹോവ നമ്മളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നമ്മൾ എപ്പോഴും ഓർക്കണം. യഹോവ നമ്മുടെ പരിമിതികൾ മനസ്സിലാക്കുകയും നമ്മളോട് ക്ഷമിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മറ്റുള്ളവർ നമ്മളോട് തെറ്റ് ചെയ്യുമ്പോഴും യഹോവയെ അനുകരിച്ചുകൊണ്ട് നമുക്കും അവരോടു ക്ഷമിക്കാം.—സങ്കീർത്തനം 103:13, 14 വായിക്കുക.
20. അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
20 ഈ ലേഖനത്തിൽ നമ്മൾ യോസേഫിന്റെയും നൊവൊമിയുടെയും രൂത്തിന്റെയും സങ്കീർത്തനക്കാരനായ ഒരു ലേവ്യന്റെയും പത്രോസിന്റെയും അനുഭവങ്ങൾ ചർച്ച ചെയ്തു. “യഹോവ ഹൃദയം തകർന്നവരുടെ അരികിലുണ്ട്” എന്ന് ഇവരുടെയെല്ലാം അനുഭവങ്ങൾ ഉറപ്പു തരുന്നില്ലേ? (സങ്കീ. 34:18) ചിലപ്പോഴൊക്കെ നമ്മൾ പരിശോധനകൾ നേരിടാനും നിരുത്സാഹം അനുഭവിക്കാനും ഒക്കെ യഹോവ അനുവദിക്കുന്നു എന്നതു ശരിയാണ്. എന്നാൽ യഹോവയുടെ സഹായത്താൽ നമ്മൾ ആ പരിശോധനകളെല്ലാം സഹിച്ചുനിൽക്കുമ്പോൾ നമ്മുടെ വിശ്വാസം കൂടുതൽ ശക്തമാകും. (1 പത്രോ. 1:6, 7) അടുത്ത ലേഖനത്തിൽ അപൂർണതയോ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളോ നിമിത്തം നിരുത്സാഹം അനുഭവിക്കുന്ന തന്റെ ദാസരെ യഹോവ എങ്ങനെയാണ് സഹായിക്കുന്നതെന്ന് നമ്മൾ പഠിക്കും.
ഗീതം 7 യഹോവ നമ്മുടെ ബലം
a യോസേഫ്, നൊവൊമി, രൂത്ത്, ഒരു ലേവ്യൻ, അപ്പോസ്തലനായ പത്രോസ് എന്നിവർ മനസ്സ് തളർത്തിക്കളയുന്ന പല പരിശോധനകളിലൂടെയും കടന്നുപോയി. യഹോവ എങ്ങനെയാണ് അവരെ ഓരോരുത്തരെയും ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്തതെന്ന് നമ്മൾ ഈ ലേഖനത്തിൽ കാണും. അവരുടെ മാതൃകയിൽനിന്നും അനുകമ്പയോടെ ദൈവം അവരോട് ഇടപെട്ട വിധത്തിൽനിന്നും നമുക്ക് എന്തു പഠിക്കാമെന്നും നമ്മൾ ചിന്തിക്കും.
b ചിത്രക്കുറിപ്പ്: തങ്ങളുടെ ഇണയെ നഷ്ടപ്പെട്ടപ്പോൾ നൊവൊമിയും രൂത്തും ഒർപ്പയും ദുഃഖാർത്തരായി, അവരാകെ തകർന്നുപോയി. പിന്നീട് ഓബേദ് ജനിച്ചപ്പോൾ രൂത്തും നൊവൊമിയും ബോവസും വളരെയധികം സന്തോഷിച്ചു