പഠനലേഖനം 19
യഹോവയെ സ്നേഹിക്കുന്നതിന് ഒന്നും ഒരു തടസ്സമായിരിക്കരുത്
“അങ്ങയുടെ നിയമത്തെ പ്രിയപ്പെടുന്നവർക്കു വലിയ മനസ്സമാധാനമുണ്ട്; അവരെ വീഴിക്കാൻ ഒന്നിനുമാകില്ല.”—സങ്കീ. 119:165.
ഗീതം 122 അചഞ്ചലരായ് ഉറച്ചുനിൽക്കാം
പൂർവാവലോകനംa
1-2. ഒരു എഴുത്തുകാരൻ എന്താണു പറഞ്ഞത്, ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
ഇന്നു കോടിക്കണക്കിന് ആളുകൾ യേശുവിൽ വിശ്വസിക്കുന്നതായി അവകാശപ്പെടുന്നുണ്ട്. പക്ഷേ യേശുവിന്റെ പഠിപ്പിക്കലുകൾ സ്വീകരിക്കാൻ അവർ തയ്യാറാകുന്നില്ല. (2 തിമൊ. 4:3, 4) ഒരു എഴുത്തുകാരൻ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “2,000 വർഷം മുമ്പ് ജീവിച്ചിരുന്ന യേശു പറഞ്ഞ അതേ കാര്യങ്ങൾ പറയുന്ന . . . മറ്റൊരു യേശു ഇന്ന് ഉണ്ടായിരുന്നെങ്കിൽ, ആളുകൾ ഈ യേശുവിനെയും തള്ളിക്കളയുമായിരുന്നോ? . . . കളയുമായിരുന്നു എന്നതാണു വാസ്തവം.”
2 ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പലരും യേശു പഠിപ്പിക്കുന്നതു കേട്ടു, അത്ഭുതങ്ങൾ ചെയ്യുന്നതു കണ്ടു; എന്നിട്ടും യേശുവിൽ വിശ്വസിക്കാൻ തയ്യാറായില്ല. യേശു പറഞ്ഞതും ചെയ്തതും ആയ കാര്യങ്ങൾ ആളുകൾ സ്വീകരിക്കാതിരുന്നതിന്റെ നാലു കാരണങ്ങളെക്കുറിച്ച് കഴിഞ്ഞ ലേഖനത്തിൽ നമ്മൾ കണ്ടു. അവർ അങ്ങനെ ചെയ്തതിന്റെ മറ്റു നാലു കാരണങ്ങളെക്കുറിച്ച് നമുക്ക് ഇപ്പോൾ നോക്കാം. ആളുകൾ ഇന്നു യേശുവിന്റെ അനുഗാമികളെ സ്വീകരിക്കാത്തതിന്റെ കാരണത്തെക്കുറിച്ചും എന്തൊക്കെ സംഭവിച്ചാലും യഹോവയെ സേവിക്കുന്നതിൽ തുടരാൻ നമുക്ക് എങ്ങനെ കഴിയും എന്നതിനെക്കുറിച്ചും നമ്മൾ പഠിക്കും.
(1) യേശു പക്ഷപാതം കാണിച്ചില്ല
3. യേശു ചെയ്ത ഏതെല്ലാം കാര്യങ്ങളാണു പലർക്കും അംഗീകരിക്കാൻ കഴിയാഞ്ഞത്?
3 യേശു ഭൂമിയിലായിരുന്നപ്പോൾ എല്ലാ തരം ആളുകളുടെകൂടെയും സമയം ചെലവഴിച്ചു. യേശു പണവും അധികാരവും ഉള്ള ആളുകളോടൊപ്പം ഭക്ഷണം കഴിച്ചു, അതേസമയം പാവപ്പെട്ടവരും നിസ്സഹായരും ആയ ആളുകളുടെകൂടെയും അടുത്ത് ഇടപഴകി. കൂടാതെ ‘പാപികളെന്ന്’ ആളുകൾ പൊതുവേ കണക്കാക്കിയിരുന്നവരോടും യേശു അനുകമ്പ കാണിച്ചു. തങ്ങൾ വലിയ നീതിമാന്മാരാണെന്നു ഭാവിച്ചിരുന്നവർക്കു യേശു ഈ ചെയ്തതൊന്നും അംഗീകരിക്കാനായില്ല. അവർ യേശുവിന്റെ ശിഷ്യന്മാരോട്, “നിങ്ങൾ എന്താ നികുതിപിരിവുകാരുടെയും പാപികളുടെയും കൂടെ തിന്നുകയും കുടിക്കുകയും ചെയ്യുന്നത്” എന്നു ചോദിച്ചു. അപ്പോൾ യേശു അവരോടു പറഞ്ഞു: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം. നീതിമാന്മാരെയല്ല, പാപികളെ മാനസാന്തരത്തിലേക്കു നയിക്കാനാണു ഞാൻ വന്നത്.”—ലൂക്കോ. 5:29-32.
4. യശയ്യപ്രവചനത്തിൽ പറഞ്ഞതനുസരിച്ച് മിശിഹയെക്കുറിച്ച് ജൂതന്മാർ എന്തു പ്രതീക്ഷിക്കണമായിരുന്നു?
4 തിരുവെഴുത്തുകൾ എന്താണു പറയുന്നത്? ലോകം മിശിഹയെ അംഗീകരിക്കുകയില്ലെന്നുള്ള കാര്യം മിശിഹ വരുന്നതിനു വളരെക്കാലം മുമ്പുതന്നെ യശയ്യ പ്രവാചകൻ രേഖപ്പെടുത്തിയിരുന്നു. പ്രവചനം ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞിരുന്നു: “ആളുകൾ അവനെ നിന്ദിക്കുകയും അവഗണിക്കുകയും ചെയ്തു. . . . അവന്റെ മുഖം കാണാതിരിക്കാൻ നമ്മൾ അവനിൽനിന്ന് മുഖം തിരിച്ചു. നമ്മൾ അവനെ നിന്ദിച്ചു; അവന് ഒരു വിലയും കല്പിച്ചില്ല.” (യശ. 53:3) മിശിഹയെ ആളുകൾ അവഗണിക്കുമെന്നു പ്രവചനമുണ്ടായിരുന്നതുകൊണ്ട് ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജൂതന്മാർ യേശുവിന്റെ കാര്യത്തിൽ അതു പ്രതീക്ഷിക്കണമായിരുന്നു.
5. യേശുവിന്റെ അനുഗാമികളെ ഇന്നു പലരും എങ്ങനെയാണു കാണുന്നത്?
5 ഇന്നും അങ്ങനെയൊരു പ്രശ്നമുണ്ടോ? ഉണ്ട്. തങ്ങളുടെ സഭയിലെ പ്രമുഖരും സമ്പന്നരും ലോകത്തിന്റെ നോട്ടത്തിൽ ജ്ഞാനികളും ആയ ആളുകളെയാണു പുരോഹിതന്മാർക്കു പൊതുവേ ഇഷ്ടം. അവർ ദൈവത്തിന്റെ നിലവാരങ്ങൾ അനുസരിച്ചല്ല ജീവിക്കുന്നതെങ്കിലും അവരെ സഭയിൽ തുടരാൻ പുരോഹിതന്മാർ അനുവദിക്കുന്നു. എന്നാൽ ഇതേ പുരോഹിതന്മാർക്കു ദൈവികനിലവാരങ്ങൾ അനുസരിച്ച് ജീവിക്കുന്ന യഹോവയുടെ ജനത്തോടു പുച്ഛമാണ്. കാരണം, ലോകത്തിന്റെ നോട്ടത്തിൽ അവർ അത്ര പ്രമുഖരൊന്നുമല്ല. എന്നാൽ തന്റെ എല്ലാ വിശ്വസ്തദാസന്മാരെയും വളരെ വിലയേറിയവരായിട്ടാണ് യഹോവ കാണുന്നത്. പൗലോസ് പറഞ്ഞതുപോലെ ലോകം ‘നിസ്സാരരായി’ കാണുന്നവരെയാണു ദൈവം തിരഞ്ഞെടുത്തിരിക്കുന്നത്.—1 കൊരി. 1:26-29.
6. മത്തായി 11:25, 26-ൽ പറഞ്ഞിരിക്കുന്ന യേശുവിന്റെ മനോഭാവം നമുക്ക് എങ്ങനെ അനുകരിക്കാം?
6 യേശുവിന്റെ അനുഗാമിയായിരിക്കാൻ നമുക്ക് എങ്ങനെ കഴിയും? (മത്തായി 11:25, 26 വായിക്കുക.) ലോകത്തിലെ ആളുകൾ ദൈവജനത്തെ കാണുന്നതുപോലെ കാണാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. തന്റെ ഇഷ്ടം ചെയ്യാൻവേണ്ടി യഹോവ ഇന്ന് ഉപയോഗിക്കുന്നതു താഴ്മയുള്ള ആളുകളെ മാത്രമാണ്. (സങ്കീ. 138:6) ജ്ഞാനികളെന്നോ ബുദ്ധിശാലികളെന്നോ ലോകം കണക്കാക്കാത്ത ആളുകളെ ഉപയോഗിച്ച് യഹോവ എന്തെല്ലാം കാര്യങ്ങളാണ് ഇന്നു ചെയ്തിരിക്കുന്നതെന്ന് ഒന്നു ചിന്തിക്കുക.
(2) യേശു തെറ്റായ ഉപദേശങ്ങളെ കുറ്റം വിധിച്ചു
7. യേശു എന്തുകൊണ്ടാണു പരീശന്മാരെ കപടഭക്തരെന്നു വിളിച്ചത്, അതു കേട്ടപ്പോൾ അവർക്ക് എന്തു തോന്നി?
7 യേശു തന്റെ നാളിലെ മതനേതാക്കന്മാരെ ധൈര്യത്തോടെ കുറ്റം വിധിച്ചു. കാരണം, യഹോവയെ ശരിയായ വിധത്തിൽ ആരാധിക്കാൻ അവർ ആളുകളെ പഠിപ്പിക്കുന്നില്ലായിരുന്നു. ഉദാഹരണത്തിന്, പരീശന്മാർ എത്ര കപടഭക്തരാണെന്നു യേശു തുറന്നുപറഞ്ഞു. കാരണം, സ്വന്തം അപ്പനെയും അമ്മയെയും നോക്കുന്നതിനെക്കാൾ അവർ പ്രാധാന്യം കൊടുത്തിരുന്നത് കൈ കഴുകുന്ന രീതിക്കായിരുന്നു. (മത്താ. 15:1-11) യേശു ഇങ്ങനെ തുറന്നടിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ ശിഷ്യന്മാർ അതിശയിച്ചുകാണും. അതുകൊണ്ട് അവർ യേശുവിനോട്, “അങ്ങ് പറഞ്ഞതു കേട്ട് പരീശന്മാർക്കു ദേഷ്യം വന്നെന്നു തോന്നുന്നു” എന്നു പറഞ്ഞു. അപ്പോൾ യേശു അവരോടു പറഞ്ഞു: “സ്വർഗസ്ഥനായ എന്റെ പിതാവ് നടാത്ത എല്ലാ ചെടിയും വേരോടെ പറിച്ചുകളയുന്ന സമയം വരും. അവരെ നോക്കേണ്ടാ. അവർ അന്ധരായ വഴികാട്ടികളാണ്. അന്ധൻ അന്ധനെ വഴി കാട്ടിയാൽ രണ്ടു പേരും കുഴിയിൽ വീഴും.” (മത്താ. 15:12-14) യേശു ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ മതനേതാക്കന്മാർക്കു ദേഷ്യം വന്നെങ്കിലും സത്യമായ കാര്യങ്ങൾ തുറന്നുപറയാൻ യേശു ഒരു മടിയും കാണിച്ചില്ല.
8. എല്ലാ മതവിശ്വാസങ്ങളും ദൈവത്തിനു സ്വീകാര്യമല്ല എന്നു യേശു എങ്ങനെയാണു കാണിച്ചത്?
8 അവരുടെ ചില മതോപദേശങ്ങളും തെറ്റാണെന്നു യേശു തുറന്നുപറഞ്ഞു. എല്ലാ മതവിശ്വാസങ്ങളും ദൈവം അംഗീകരിക്കുമെന്നു യേശു ഒരിക്കലും പഠിപ്പിച്ചില്ല. പകരം യേശു പറഞ്ഞത്, അനേകരും പോകുന്നതു നാശത്തിലേക്കുള്ള വിശാലമായ വഴിയിലൂടെയാണ്, എന്നാൽ കുറച്ച് പേരേ ജീവനിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ പോകുകയുള്ളൂ എന്നാണ്. (മത്താ. 7:13, 14) ചില ആളുകൾ ദൈവത്തെ സേവിക്കുന്നതായി അവകാശപ്പെട്ടേക്കാമെങ്കിലും അവർ അങ്ങനെ ചെയ്യുന്നില്ലെന്നു യേശു പറഞ്ഞു. യേശു ഇങ്ങനെയൊരു മുന്നറിയിപ്പും നൽകി: “കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുക. അവർ ചെമ്മരിയാടുകളുടെ വേഷത്തിൽ നിങ്ങളുടെ അടുക്കൽ വരുന്നു; ഉള്ളിലോ അവർ കടിച്ചുകീറുന്ന ചെന്നായ്ക്കളാണ്. അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം.”—മത്താ. 7:15-20.
9. തെറ്റാണെന്നു യേശു തുറന്നുകാണിച്ച ചില മതോപദേശങ്ങൾ ഏതെല്ലാം?
9 തിരുവെഴുത്തുകൾ എന്താണു പറയുന്നത്? യഹോവയുടെ ഭവനത്തോടുള്ള ശുഷ്കാന്തി മിശിഹയെ തിന്നുകളയും എന്നു തിരുവെഴുത്തുകളിൽ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (സങ്കീ. 69:9; യോഹ. 2:14-17) ആ ശുഷ്കാന്തിയാണു വ്യാജ മതോപദേശങ്ങളെയും ആചാരങ്ങളെയും തുറന്നുകാട്ടാൻ യേശുവിനെ പ്രേരിപ്പിച്ചത്. ഉദാഹരണത്തിന്, ഒരാൾ മരിക്കുമ്പോൾ ആത്മാവ് മരിക്കുന്നില്ല എന്നു പരീശന്മാർ വിശ്വസിച്ചിരുന്നു. എന്നാൽ മരിച്ചവർ ഉറങ്ങുകയാണെന്നു യേശു പഠിപ്പിച്ചു. (യോഹ. 11:11) ഇനി, പുനരുത്ഥാനമില്ല എന്നു സദൂക്യർ വിശ്വസിച്ചിരുന്നു. എന്നാൽ യേശു തന്റെ സ്നേഹിതനായ ലാസറിനെ ഉയിർപ്പിച്ചു. (യോഹ. 11:43, 44; പ്രവൃ. 23:8) ‘എല്ലാം വിധിയാണ്’ അതായത് ദൈവം എല്ലാം നേരത്തേതന്നെ തീരുമാനിച്ചിരിക്കുന്നെന്നും മനുഷ്യർക്കു സ്വന്തമായി ഒന്നും തീരുമാനിക്കാനാകില്ലെന്നും പരീശന്മാർ പഠിപ്പിച്ചു. എന്നാൽ ആളുകൾക്കു സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നു യേശു പഠിപ്പിച്ചു. ആരാധനയുടെ കാര്യത്തിൽ, ദൈവത്തെ സേവിക്കണോ വേണ്ടയോ എന്ന് ഓരോ വ്യക്തിക്കും തീരുമാനിക്കാം എന്ന് യേശു പറഞ്ഞു.—മത്താ. 11:28.
10. പലരും ഇന്ന് നമ്മളെ അംഗീകരിക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ട്?
10 ഇന്നും അങ്ങനെയൊരു പ്രശ്നമുണ്ടോ? ഉണ്ട്. ആളുകളുടെ പല മതവിശ്വാസങ്ങളും തെറ്റാണെന്നു ബൈബിൾ ഉപയോഗിച്ച് നമ്മൾ കാണിച്ചുകൊടുക്കുന്നതുകൊണ്ട് പലർക്കും നമ്മളെ ഇഷ്ടമല്ല. ദൈവം ദുഷ്ടന്മാരെ നരകത്തിൽ ശിക്ഷിക്കുമെന്നു പുരോഹിതന്മാർ തങ്ങളുടെ ആടുകളെ പഠിപ്പിക്കുന്നു. ഇത്തരം തെറ്റായ ആശയങ്ങളൊക്കെ പഠിപ്പിച്ചുകൊണ്ടാണ് അവർ ആളുകളെ തങ്ങളുടെ നിയന്ത്രണത്തിൽ നിറുത്തുന്നത്. എന്നാൽ ദൈവം സ്നേഹമാണെന്ന് അറിയാവുന്ന യഹോവയുടെ ആരാധകരായ നമ്മൾ അത്തരം പഠിപ്പിക്കലുകൾ തെറ്റാണെന്നു തുറന്നുകാണിക്കുന്നു. ഇനി, ഒരാൾ മരിക്കുമ്പോൾ അയാളുടെ ആത്മാവ് മരിക്കുന്നില്ല എന്നു പുരോഹിതന്മാർ പഠിപ്പിക്കുന്നു. ആ ഉപദേശം സത്യമാണെങ്കിൽ ആർക്കും പുനരുത്ഥാനത്തിന്റെ ആവശ്യമില്ല. എന്നാൽ അങ്ങനെയൊരു കാര്യം ബൈബിൾ പഠിപ്പിക്കുന്നില്ലെന്നു നമ്മൾ ആളുകൾക്കു കാണിച്ചുകൊടുക്കുന്നു. അതുപോലെ, നമ്മൾ ചെയ്യുന്നതെല്ലാം ദൈവം നേരത്തേതന്നെ തീരുമാനിച്ചുവെച്ചിരിക്കുകയാണെന്നു പല മതങ്ങളും പഠിപ്പിക്കുമ്പോൾ ദൈവത്തെ സേവിക്കണോ വേണ്ടയോ എന്ന് ഓരോ വ്യക്തിക്കും സ്വന്തമായി തീരുമാനിക്കാമെന്നു നമ്മൾ പഠിപ്പിക്കുന്നു. മതനേതാക്കന്മാർ പഠിപ്പിക്കുന്ന ഇത്തരം കാര്യങ്ങൾ തെറ്റാണെന്നു നമ്മൾ തുറന്നുകാണിക്കുമ്പോൾ അത് അവരെ ദേഷ്യം പിടിപ്പിക്കുന്നു.
11. യോഹന്നാൻ 8:45-47 വരെയുള്ള വാക്യങ്ങളിൽ യേശു പറഞ്ഞതുപോലെ തന്റെ ജനം എന്തു ചെയ്യാനാണു ദൈവം ആഗ്രഹിക്കുന്നത്?
11 യേശുവിന്റെ അനുഗാമിയായിരിക്കാൻ നമുക്ക് എങ്ങനെ കഴിയും? നമ്മൾ സത്യത്തെ സ്നേഹിക്കുന്നെങ്കിൽ ദൈവം പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യും. (യോഹന്നാൻ 8:45-47 വായിക്കുക.) നമ്മൾ പിശാചായ സാത്താനെപ്പോലെയായിരിക്കില്ല. പകരം, സത്യത്തിൽ ഉറച്ചുനിൽക്കും; നമ്മുടെ വിശ്വാസങ്ങളിൽ നമ്മൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. (യോഹ. 8:44) യേശു ചെയ്തതുപോലെ ‘തിന്മയെ വെറുക്കുകയും നല്ലതിനോടു പറ്റിനിൽക്കുകയും’ ചെയ്യും. അതാണു ദൈവം തന്റെ ജനത്തിൽനിന്ന് ആവശ്യപ്പെടുന്നതും.—റോമ. 12:9; എബ്രാ. 1:9.
(3) യേശുവിനെ ആളുകൾ ഉപദ്രവിച്ചു
12. യേശു മരിച്ച വിധം പല ജൂതന്മാർക്കും ഉൾക്കൊള്ളാനാകാഞ്ഞത് എന്തുകൊണ്ട്?
12 ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പല ജൂതന്മാരും യേശുവിനെ അംഗീകരിക്കാതിരുന്നതിന്റെ മറ്റൊരു കാരണം എന്താണ്? പൗലോസ് പറഞ്ഞു: “സ്തംഭത്തിലേറ്റി കൊന്ന ക്രിസ്തുവിനെക്കുറിച്ചാണു ഞങ്ങൾ പ്രസംഗിക്കുന്നത്. അതു കേട്ട് ജൂതന്മാർ ഇടറിവീഴുന്നു.” (1 കൊരി. 1:23) യേശുവിനെ സ്തംഭത്തിലേറ്റി കൊന്നതു ജൂതന്മാരിൽ പലർക്കും ഉൾക്കൊള്ളാനായില്ല. കാരണം, അവരുടെ നോട്ടത്തിൽ കുറ്റവാളികളെയും പാപികളെയും ഒക്കെയാണു സ്തംഭത്തിലേറ്റി കൊല്ലുന്നത്; മിശിഹയ്ക്ക് അങ്ങനെ സംഭവിക്കാൻ പാടില്ല. അതുകൊണ്ടുതന്നെ യേശുവിനെ മിശിഹയായി അംഗീകരിക്കാൻ അവർ തയ്യാറായില്ല.—ആവ. 21:22, 23.
13. യേശുവിനെ അംഗീകരിക്കാൻ കൂട്ടാക്കാഞ്ഞവർ ഏതു കാര്യങ്ങൾ മനസ്സിലാക്കാൻ പരാജയപ്പെട്ടു?
13 യേശുവിനെ അംഗീകരിക്കാൻ കൂട്ടാക്കാഞ്ഞ പല ജൂതന്മാരും തിരിച്ചറിയാതെ പോയ ചില കാര്യങ്ങളുണ്ട്. യേശു നിരപരാധിയാണെന്നും യേശുവിന്റെ മേൽ ചുമത്തിയ ആരോപണങ്ങൾ വ്യാജമായിരുന്നെന്നും യേശുവിനോട് ആളുകൾ അന്യായമായിട്ടാണ് ഇടപെട്ടതെന്നും അവർ തിരിച്ചറിഞ്ഞില്ല. ഇനി, യേശുവിനെ വിചാരണ ചെയ്തവർ നീതിക്കു നിരക്കാത്ത രീതിയിലാണ് അതു ചെയ്തത്. ജൂതന്മാരുടെ പരമോന്നതകോടതിയിലെ ന്യായാധിപന്മാർ പെട്ടെന്നു കൂടിവന്ന് യേശുവിനെ വിചാരണ ചെയ്യുകയായിരുന്നു. നിയമപരമായിട്ടല്ല അവർ അതു ചെയ്തത്. (ലൂക്കോ. 22:54; യോഹ. 18:24) ആരുടെയും പക്ഷം പിടിക്കാതെനിന്ന് ആരോപണങ്ങളും തെളിവുകളും ഒക്കെ കേൾക്കുന്നതിനു പകരം ന്യായാധിപന്മാർതന്നെ “യേശുവിനെ കൊല്ലാൻവേണ്ടി യേശുവിന് എതിരെ കള്ളത്തെളിവുകൾ അന്വേഷിക്കുകയായിരുന്നു.” അതു പരാജയപ്പെട്ടപ്പോൾ കുറ്റം കണ്ടെത്താൻ പറ്റുന്ന എന്തെങ്കിലും യേശുവിനെക്കൊണ്ടുതന്നെ പറയിക്കാൻ മഹാപുരോഹിതൻ ശ്രമിച്ചു. അതു ശരിക്കും നിയമവിരുദ്ധമായിരുന്നു. (മത്താ. 26:59; മർക്കോ. 14:55-64) അതുപോലെ, യേശു ഉയിർപ്പിക്കപ്പെട്ടശേഷം അവർ എന്താണു ചെയ്തത്? നീതികെട്ട ആ ന്യായാധിപന്മാർ, യേശുവിന്റെ കല്ലറ ശൂന്യമായി കിടന്നതിന്റെ കാരണത്തെക്കുറിച്ച് ഒരു കള്ളക്കഥ പ്രചരിപ്പിക്കാൻ കല്ലറയ്ക്കൽ കാവൽ നിന്ന റോമൻപടയാളികൾക്കു “നല്ലൊരു തുക” കൈക്കൂലി കൊടുത്തു.—മത്താ. 28:11-15.
14. മിശിഹയുടെ മരണത്തെക്കുറിച്ച് തിരുവെഴുത്തുകൾ എന്താണു മുൻകൂട്ടിപ്പറഞ്ഞത്?
14 തിരുവെഴുത്തുകൾ എന്താണു പറയുന്നത്? മിശിഹ മരിക്കേണ്ടതുണ്ടെന്നു യേശുവിന്റെ നാളിലെ പല ജൂതന്മാരും ചിന്തിച്ചിരുന്നില്ല. എന്നാൽ തിരുവെഴുത്തുകൾ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞിരുന്നു: “മരണത്തോളം അവൻ തന്റെ ജീവൻ ചൊരിഞ്ഞു, അവൻ ലംഘകരുടെ കൂട്ടത്തിൽ എണ്ണപ്പെട്ടു; അവൻ അനേകരുടെ പാപങ്ങൾ ചുമന്നു, അവൻ ലംഘകർക്കുവേണ്ടി മധ്യസ്ഥത വഹിച്ചു.” (യശ. 53:12) തിരുവെഴുത്തുകളിൽ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞിരുന്നതുകൊണ്ട് യേശു ഒരു കുറ്റവാളിയെപ്പോലെ വധിക്കപ്പെട്ടപ്പോൾ അതിന്റെ പേരിൽ അവർ യേശുവിനെ തള്ളിക്കളയരുതായിരുന്നു.
15. യഹോവയുടെ സാക്ഷികളെ പലരും അംഗീകരിക്കാത്തത് എന്തുകൊണ്ട്?
15 ഇന്നും അങ്ങനെയൊരു പ്രശ്നമുണ്ടോ? ഉണ്ട്. അന്ന് യേശുവിന് എതിരെ വ്യാജാരോപണങ്ങൾ ഉന്നയിക്കുകയും അന്യായമായി യേശുവിനെ കുറ്റക്കാരനെന്നു വിധിക്കുകയും ചെയ്തു. ഇന്ന് യഹോവയുടെ സാക്ഷികൾക്കെതിരെയും ആളുകൾ അതുതന്നെ ചെയ്യുന്നു. ചില ഉദാഹരണങ്ങൾ നമുക്കു നോക്കാം. 1930-കളിലും 40-കളിലും ഐക്യനാടുകളിൽ നമ്മുടെ ആരാധനാസ്വാതന്ത്ര്യത്തോടു ബന്ധപ്പെട്ട് പല കോടതിക്കേസുകളുമുണ്ടായി. പല ജഡ്ജിമാരും മുൻവിധിയോടെയാണു നമ്മളോട് ഇടപെട്ടത്. കാനഡയിലെ ക്യുബെക്കിൽ കത്തോലിക്കസഭയും ഗവൺമെന്റും നമ്മുടെ പ്രവർത്തനത്തെ എതിർക്കുന്നതിനുവേണ്ടി കൈകോർത്ത് പ്രവർത്തിച്ചു. ദൈവരാജ്യത്തെക്കുറിച്ച് ആളുകളോടു സംസാരിച്ചതിനു പല പ്രചാരകരെയും ജയിലിൽ അടച്ചു. ജർമനിയിലാണെങ്കിൽ നാസി ഗവൺമെന്റ് ചെറുപ്പക്കാരായ പല സഹോദരന്മാരെയും വിശ്വാസത്തിന്റെ പേരിൽ കൊന്നുകളഞ്ഞു. ഇനി, അടുത്തകാലത്ത് റഷ്യയിൽ ബൈബിളിനെക്കുറിച്ച് മറ്റുള്ളവരോടു സംസാരിച്ചെന്ന കാരണത്താൽ നമ്മുടെ പല സഹോദരന്മാരെയും കുറ്റക്കാരായിക്കണ്ട് ജയിലിൽ അടച്ചു. നമ്മുടേത് ഒരു ‘തീവ്രവാദസംഘടന’ ആയിട്ടാണ് അവിടത്തെ ഗവൺമെന്റ് കാണുന്നത്. റഷ്യൻ ഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം ബൈബിൾപോലും അവർ നിരോധിച്ചു. അതിലെ വിവരങ്ങൾ ‘തീവ്രവാദവുമായി’ ബന്ധപ്പെട്ടതാണെന്നാണ് അവരുടെ വാദം; കാരണം അതിൽ യഹോവയുടെ പേര് ഉപയോഗിച്ചിട്ടുണ്ട്.
16. 1 യോഹന്നാൻ 4:1-ൽ പറഞ്ഞിരിക്കുന്നതുപോലെ യഹോവയുടെ ജനത്തിന് എതിരെയുള്ള കള്ളക്കഥകൾ നമ്മളെ വഴിതെറ്റിക്കരുതാത്തത് എന്തുകൊണ്ട്?
16 യേശുവിന്റെ അനുഗാമിയായിരിക്കാൻ നമുക്ക് എങ്ങനെ കഴിയും? വസ്തുതകൾ മനസ്സിലാക്കുക. ഗിരിപ്രഭാഷണത്തിൽ യേശു തന്റെ കേൾവിക്കാരോട് ആളുകൾ അവരെക്കുറിച്ച് “പല തരം അപവാദം” പറയുമെന്നു മുന്നറിയിപ്പു നൽകിയിരുന്നു. (മത്താ. 5:11) അത്തരം അപവാദങ്ങളും നുണകളും ഒക്കെ വരുന്നതു സാത്താനിൽനിന്നാണ്. സത്യത്തെ സ്നേഹിക്കുന്നവർക്കെതിരെ നുണകൾ പറഞ്ഞുപരത്താൻ അവൻ ആളുകളെ സ്വാധീനിക്കുന്നു. (വെളി. 12:9, 10) എതിരാളികൾ പ്രചരിപ്പിക്കുന്ന അത്തരം നുണകൾ നമ്മൾ വിശ്വസിക്കരുത്. ആ നുണകൾ നമ്മളെ ഭയപ്പെടുത്താനോ നമ്മുടെ വിശ്വാസം തകർക്കാനോ ഒരിക്കലും അനുവദിക്കരുത്.—1 യോഹന്നാൻ 4:1 വായിക്കുക.
(4) യേശുവിനെ ഒറ്റിക്കൊടുത്തു, ഉപേക്ഷിച്ചു
17. യേശുവിന്റെ മരണത്തിനു തൊട്ടുമുമ്പ് സംഭവിച്ച ഏതൊക്കെ കാര്യങ്ങൾ പലർക്കും യേശുവിനെ അനുഗമിക്കുന്നതിന് ഒരു തടസ്സമായിരുന്നിരിക്കാം?
17 യേശുവിന്റെ മരണത്തിനു തൊട്ടുമുമ്പ് 12 അപ്പോസ്തലന്മാരിൽ ഒരാൾ യേശുവിനെ ഒറ്റിക്കൊടുത്തു. വേറൊരു അപ്പോസ്തലൻ മൂന്നു തവണ യേശുവിനെ തള്ളിപ്പറഞ്ഞു. യേശുവിന്റെ മരണത്തിനു തൊട്ടുമുമ്പുള്ള ആ വൈകുന്നേരം എല്ലാ അപ്പോസ്തലന്മാരും യേശുവിനെ ഉപേക്ഷിച്ചുപോയി. (മത്താ. 26:14-16, 47, 56, 75) ഇതൊന്നും കണ്ട് യേശുവിന് ഒട്ടും അതിശയം തോന്നിയില്ല. (യോഹ. 6:64; 13:21, 26, 38; 16:32) ഇങ്ങനെ സംഭവിക്കുമെന്നു യേശു മുൻകൂട്ടിപ്പറയുകപോലും ചെയ്തിരുന്നു. ഇതൊക്കെ സംഭവിച്ചപ്പോൾ യേശുവിന്റെ ശിഷ്യനായിരിക്കേണ്ടാ എന്നു ചിലരെങ്കിലും തീരുമാനിച്ചുകാണും. ‘യേശുവിന്റെ അപ്പോസ്തലന്മാരൊക്കെ ഇങ്ങനെയാണു ചെയ്യുന്നതെങ്കിൽ അങ്ങനെയൊരു കൂട്ടത്തിന്റെകൂടെയായിരിക്കാൻ എന്നെ കിട്ടില്ല’ എന്നായിരിക്കാം അവർ ചിന്തിച്ചത്.
18. യേശുവിന്റെ മരണത്തിനു തൊട്ടുമുമ്പ് ഏതെല്ലാം പ്രവചനങ്ങൾ നിറവേറി?
18 തിരുവെഴുത്തുകൾ എന്താണു പറയുന്നത്? 30 വെള്ളിക്കാശിനു മിശിഹയെ ഒറ്റക്കൊടുക്കുമെന്നു നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ യഹോവ തന്റെ വചനത്തിലൂടെ വെളിപ്പെടുത്തി. (സെഖ. 11:12, 13) ഒറ്റിക്കൊടുക്കുന്നതു യേശുവിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരിക്കുമെന്നും തിരുവെഴുത്തുകളിൽ പറഞ്ഞിരുന്നു. (സങ്കീ. 41:9) സെഖര്യ പ്രവാചകൻ ഇങ്ങനെയും എഴുതിയിരുന്നു: “ഇടയനെ വെട്ടുക, ആട്ടിൻപറ്റം ചിതറിപ്പോകട്ടെ.” (സെഖ. 13:7) ഇതൊക്കെ സംഭവിക്കുന്നതു കാണുമ്പോൾ ആത്മാർഥഹൃദയരായ ആളുകൾ യേശുവിനെ തള്ളിക്കളയുകയല്ല ചെയ്യേണ്ടിയിരുന്നത്. ഈ പ്രവചനങ്ങളൊക്കെ യേശുവിൽ നിറവേറിയതുകൊണ്ട് അവരുടെ വിശ്വാസം ശക്തമാകണമായിരുന്നു.
19. ആത്മാർഥഹൃദയരായ ആളുകൾക്ക് എന്ത് അറിയാം?
19 ഇന്നും അങ്ങനെയൊരു പ്രശ്നമുണ്ടോ? ഉണ്ട്. നമ്മുടെ കാലത്ത്, അറിയപ്പെടുന്ന ചില സാക്ഷികൾ സത്യം ഉപേക്ഷിക്കുകയും വിശ്വാസത്യാഗികളാകുകയും ചെയ്തു. എന്നിട്ട് അവർ പലരെയും സത്യത്തിൽനിന്ന് അകറ്റാൻ ശ്രമിച്ചു. അവർ യഹോവയുടെ സാക്ഷികളെക്കുറിച്ച് തെറ്റായ വാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന കഥകളും പലപല നുണകളും പത്രങ്ങളിലൂടെയും റേഡിയോയിലൂടെയും ടിവി-യിലൂടെയും ഇന്റർനെറ്റിലൂടെയും ഒക്കെ പ്രചരിപ്പിച്ചു. എന്നാൽ ആത്മാർഥഹൃദയരായ ആളുകൾ അതിലൊന്നും വീണുപോയില്ല. പകരം ഇതുപോലുള്ള കാര്യങ്ങളൊക്കെ സംഭവിക്കുമെന്നു ബൈബിളിൽ നേരത്തേതന്നെ പറഞ്ഞിട്ടുണ്ടെന്ന കാര്യം അവർ തിരിച്ചറിഞ്ഞു.—മത്താ. 24:24; 2 പത്രോ. 2:18-22.
20. വിശ്വാസത്യാഗികളുടെ വാക്കുകളിൽ വീണുപോകാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം? (2 തിമൊഥെയൊസ് 4:4, 5)
20 യേശുവിന്റെ അനുഗാമിയായിരിക്കാൻ നമുക്ക് എങ്ങനെ കഴിയും? പതിവായി പഠിക്കുകയും നിരന്തരം പ്രാർഥിക്കുകയും യഹോവ നമ്മളെ ഏൽപ്പിച്ചിരിക്കുന്ന പ്രവർത്തനത്തിൽ തിരക്കോടെ ഏർപ്പെടുകയും ചെയ്തുകൊണ്ട് നമ്മൾ വിശ്വാസത്തിൽ ശക്തരായി തുടരണം. (2 തിമൊഥെയൊസ് 4:4, 5 വായിക്കുക.) നമുക്ക് വിശ്വാസമുണ്ടെങ്കിൽ യഹോവയുടെ സാക്ഷികളെക്കുറിച്ച് തെറ്റായ വാർത്തകൾ കേട്ടാലും നമ്മൾ ഞെട്ടിപ്പോകില്ല. (യശ. 28:16) യഹോവയോടും ദൈവവചനത്തോടും സഹോദരങ്ങളോടും സ്നേഹമുണ്ടെങ്കിൽ വിശ്വാസത്യാഗികളുടെ വാക്കു കേട്ട് നമ്മൾ സത്യം ഉപേക്ഷിക്കില്ല.
21. ഇന്നു ഭൂരിപക്ഷം ആളുകളും നമ്മുടെ സന്ദേശം സ്വീകരിക്കുന്നില്ലെങ്കിലും ലക്ഷക്കണക്കിന് ആളുകൾ യേശുവിനെ അനുഗമിക്കുന്നത് എന്തുകൊണ്ട്?
21 ഒന്നാം നൂറ്റാണ്ടിൽ പലരും യേശുവിനെ അംഗീകരിക്കാൻ തയ്യാറായില്ല. എന്നാൽ കുറെ പേർ യേശുവിനെ സ്വീകരിച്ചു. യേശുവിൽ വിശ്വസിച്ചവരിൽ ജൂതന്മാരുടെ സൻഹെദ്രിനിലെ ഒരംഗമെങ്കിലുമുണ്ടായിരുന്നു. കൂടാതെ, “വലിയൊരു കൂട്ടം പുരോഹിതന്മാരും” യേശുവിൽ വിശ്വസിച്ചു. (പ്രവൃ. 6:7; മത്താ. 27:57-60; മർക്കോ. 15:43) അതുപോലെ ഇന്നും ലക്ഷക്കണക്കിന് ആളുകൾ യേശുവിനെ അനുഗമിക്കാൻ തയ്യാറായിട്ടുണ്ട്. കാരണം, തിരുവെഴുത്തുകളിൽ കാണുന്ന സത്യം അവർക്ക് അറിയാം, അവർ അതിനെ സ്നേഹിക്കുകയും ചെയ്യുന്നു. “അങ്ങയുടെ നിയമത്തെ പ്രിയപ്പെടുന്നവർക്കു വലിയ മനസ്സമാധാനമുണ്ട്; അവരെ വീഴിക്കാൻ ഒന്നിനുമാകില്ല” എന്നാണു ദൈവവചനം പറയുന്നത്.—സങ്കീ. 119:165.
ഗീതം 124 എന്നും വിശ്വസ്തൻ
a ഒന്നാം നൂറ്റാണ്ടിലെ ആളുകൾ യേശുവിനെ സ്വീകരിക്കാതിരുന്നതിന്റെയും ഇന്ന് യേശുവിന്റെ അനുഗാമികളെ ആളുകൾ അംഗീകരിക്കാതിരിക്കുന്നതിന്റെയും നാലു കാരണങ്ങളെക്കുറിച്ച് കഴിഞ്ഞ ലേഖനത്തിൽ നമ്മൾ പഠിച്ചു. ഈ ലേഖനത്തിൽ കൂടുതലായ നാലു കാരണങ്ങളെക്കുറിച്ച് നമ്മൾ പഠിക്കും. കൂടാതെ, യഹോവയെ സ്നേഹിക്കുന്നതിന് ഒരു തടസ്സമാകാൻ നമ്മൾ ഒന്നിനെയും അനുവദിക്കാത്തത് എന്തുകൊണ്ടാണെന്നും ചർച്ച ചെയ്യും.
b ചിത്രക്കുറിപ്പ്: യേശു മത്തായിയുടെയും മറ്റു നികുതിപിരിവുകാരുടെയും കൂടെ ഭക്ഷണം കഴിക്കുന്നു.
c ചിത്രക്കുറിപ്പ്: യേശു കച്ചവടക്കാരെ ദേവാലയത്തിൽനിന്ന് പുറത്താക്കുന്നു.
d ചിത്രക്കുറിപ്പ്: യേശുവിനെക്കൊണ്ട് ദണ്ഡനസ്തംഭം ചുമപ്പിക്കുന്നു.
e ചിത്രക്കുറിപ്പ്: യൂദാസ് യേശുവിനെ ഒരു ചുംബനത്തിലൂടെ ഒറ്റിക്കൊടുക്കുന്നു.