വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
‘ഞാൻ നിയമം മുഖേന നിയമത്തോടുള്ള ബന്ധത്തിൽ മരിച്ചു’ എന്നു പറഞ്ഞപ്പോൾ പൗലോസ് അപ്പോസ്തലൻ എന്താണ് അർഥമാക്കിയത്?—ഗലാ. 2:19.
▪ പൗലോസ് എഴുതി: “ദൈവത്തിനുവേണ്ടി ജീവിക്കാൻ ഞാൻ നിയമം മുഖേന നിയമത്തോടുള്ള ബന്ധത്തിൽ മരിച്ചതാണ്.”—ഗലാ. 2:19.
റോമൻസംസ്ഥാനമായ ഗലാത്യയിലെ സഭകളെ ഒരു പ്രധാനവിഷയം അറിയിക്കുന്നതുമായി ബന്ധപ്പെട്ടാണു പൗലോസ് ഇതെഴുതിയത്. അവിടെയുള്ള ചില ക്രിസ്ത്യാനികൾ തെറ്റായ ഉപദേശങ്ങൾ പഠിപ്പിക്കുന്നവരുടെ വലയിൽ കുടുങ്ങിയിരുന്നു. രക്ഷ ലഭിക്കണമെങ്കിൽ ഒരാൾ ദൈവം മോശയ്ക്കു കൊടുത്ത നിയമങ്ങൾ, പ്രത്യേകിച്ച് പരിച്ഛേദനപോലുള്ള കാര്യങ്ങൾ, പാലിക്കണമെന്നാണ് അവർ പഠിപ്പിച്ചിരുന്നത്. എന്നാൽ ക്രിസ്ത്യാനികളായിത്തീരുന്നവർ പരിച്ഛേദനയേൽക്കാൻ ദൈവം ആവശ്യപ്പെടുന്നില്ലെന്ന കാര്യം പൗലോസിന് അറിയാമായിരുന്നു. അതുകൊണ്ട് അവരുടെ പഠിപ്പിക്കലുകൾ തെറ്റാണെന്ന് പൗലോസ് കാര്യകാരണസഹിതം വിശദീകരിച്ചു. കൂടാതെ യേശുക്രിസ്തുവിന്റെ മോചനബലിയിലുള്ള സഹോദരങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്താനും പൗലോസ് ശ്രമിച്ചു.—ഗലാ. 2:4; 5:2.
‘നിയമത്തോടുള്ള ബന്ധത്തിൽ മരിച്ചു’ എന്നു പറഞ്ഞപ്പോൾ ശരിക്കും പൗലോസ് എന്താണ് ഉദ്ദേശിച്ചത്? ഒരാൾ മരിച്ചുകഴിഞ്ഞാൽ പിന്നെ ചുറ്റും നടക്കുന്നതൊന്നും അയാൾ അറിയുന്നില്ലെന്നു ബൈബിൾ വ്യക്തമായി പറയുന്നുണ്ട്. (സഭാ. 9:5) അതുകൊണ്ട് പൗലോസ് അതു പറഞ്ഞപ്പോൾ, ഇനി ഒരിക്കലും താൻ മോശയ്ക്കു കൊടുത്ത നിയമത്തിൻകീഴിൽ അല്ല എന്നാണ് അദ്ദേഹം അർഥമാക്കിയത്. കൂടാതെ, മോചനബലിയിലെ വിശ്വാസത്താൽ താൻ “ദൈവത്തിനുവേണ്ടി ജീവിക്കാൻ”തുടങ്ങി എന്നും പൗലോസിന് ഉറപ്പായിരുന്നു.
എന്നാൽ ഇങ്ങനെയൊരു മാറ്റം പൗലോസിന്റെ ജീവിതത്തിൽ ഉണ്ടായത് ‘നിയമം മുഖേനയാണ്.’ അത് എങ്ങനെ? ഇക്കാര്യം പറയുന്നതിനു തൊട്ടുമുമ്പ് പൗലോസ് പറഞ്ഞത്, ‘നിയമം ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നതിലൂടെയല്ല, യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ മാത്രമാണ് ഒരാളെ നീതിമാനായി പ്രഖ്യാപിക്കുന്നത്’ എന്നാണ്. (ഗലാ. 2:16) എങ്കിലും മോശയിലൂടെ കൊടുത്ത നിയമം പ്രധാനപ്പെട്ട ഒരു ഉദ്ദേശ്യം സാധിച്ചു. ആ നിയമത്തെക്കുറിച്ച് ഗലാത്യയിലുള്ളവരോടു പൗലോസ് പറഞ്ഞു: “വാഗ്ദാനം കിട്ടിയ സന്തതി വരുന്നതുവരെ ലംഘനങ്ങൾ വെളിപ്പെടാൻവേണ്ടിയാണ് അതു കൂട്ടിച്ചേർത്തത്.” (ഗലാ. 3:19) ആ നിയമത്തിലൂടെ, പാപികളും അപൂർണരും ആയ മനുഷ്യർക്കു പൂർണമായി നിയമം അനുസരിക്കാനാകില്ലെന്നും അവർക്കു പൂർണതയുള്ള ഒരു ബലിയുടെ ആവശ്യമുണ്ടെന്നും മനസ്സിലായി. അങ്ങനെ നിയമം വാഗ്ദത്തസന്തതിയിലേക്ക് അഥവാ ക്രിസ്തുവിലേക്ക് അവരെ നയിച്ചു. യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരാൾക്കു ദൈവമുമ്പാകെ നീതിമാനാകാനുള്ള അവസരം കിട്ടുമായിരുന്നു. (ഗലാ. 3:24) പൗലോസിന്റെ കാര്യത്തിലും നിയമമാണ് അതു സാധ്യമാക്കിയത്. യേശുവിനെ അംഗീകരിക്കാനും വിശ്വസിക്കാനും ഈ നിയമം പൗലോസിനെ സഹായിച്ചു. അതോടെ അദ്ദേഹം ‘നിയമത്തോടുള്ള ബന്ധത്തിൽ മരിക്കുകയും ദൈവത്തിനുവേണ്ടി ജീവിക്കാൻതുടങ്ങുകയും’ ചെയ്തു. അങ്ങനെ നിയമത്തിനു പൗലോസിന്റെ മേൽ ഒരു നിയന്ത്രണവും ഇല്ലാതായി.
റോമിലുള്ളവർക്കു കത്ത് എഴുതിയപ്പോഴും പൗലോസ് ഇതുപോലൊരു കാര്യം പറഞ്ഞു. “സഹോദരങ്ങളേ, നിങ്ങളും ക്രിസ്തുവിന്റെ ശരീരംവഴി നിയമം സംബന്ധിച്ച് മരിച്ചവരായി. . . . നമ്മളെ ബന്ധനത്തിലാക്കിയിരുന്ന നിയമം സംബന്ധിച്ച് നമ്മൾ മരിച്ചതുകൊണ്ട് നമ്മൾ നിയമത്തിൽനിന്ന് സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു.” (റോമ. 7:4, 6) ഇവിടെയും ഗലാത്യർ 2:19-ലും നിയമത്തിൻ കീഴിൽ ഒരു പാപിയായി മരിക്കുന്നതിനെക്കുറിച്ചല്ല നിയമത്തിൽനിന്ന് സ്വതന്ത്രരാക്കപ്പെടുന്നതിനെക്കുറിച്ചാണ് പൗലോസ് പറഞ്ഞത്. പൗലോസും മറ്റു ക്രിസ്ത്യാനികളും ക്രിസ്തുവിന്റെ മോചനബലിയുള്ള വിശ്വാസത്താൽ സ്വതന്ത്രരായിത്തീർന്നതുകൊണ്ട് നിയമത്തിനു പിന്നീട് അവരുടെ മേൽ ഒരധികാരവും ഇല്ലായിരുന്നു.