പഠനലേഖനം 33
നിങ്ങൾക്കു ചെയ്യാനാകുന്നതിൽ സന്തോഷിക്കുക
“ആഗ്രഹങ്ങൾക്കു പിന്നാലെ പായുന്നതിനെക്കാൾ ഏറെ നല്ലതു കൺമുന്നിലുള്ളത് ആസ്വദിക്കുന്നതാണ്.”—സഭാ. 6:9എ.
ഗീതം 111 സന്തോഷിക്കാനുള്ള കാരണങ്ങൾ
പൂർവാവലോകനംa
1. യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാനായി പലരും എന്തെല്ലാം ലക്ഷ്യങ്ങളാണു വെച്ചിരിക്കുന്നത്?
ഈ ദുഷ്ടലോകം അതിന്റെ അവസാനത്തോട് അടുക്കുന്ന ഈ സമയത്ത് നമുക്ക് ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്. (മത്താ. 24:14; ലൂക്കോ. 10:2; 1 പത്രോ. 5:2) യഹോവയുടെ സേവനത്തിൽ കഴിവിന്റെ പരമാവധി ചെയ്യാൻ നമ്മളെല്ലാം ആഗ്രഹിക്കുന്നു. അതിനുവേണ്ടി പലരും പല ലക്ഷ്യങ്ങൾവെച്ച് പ്രവർത്തിക്കുന്നു. ചിലർ മുൻനിരസേവനം ചെയ്യാൻ ആഗ്രഹിക്കുന്നു. മറ്റു ചിലർ ബഥേൽ സേവനം ചെയ്യാനോ സംഘടനയുടെ ഏതെങ്കിലും നിർമാണപ്രവർത്തനങ്ങളിൽ പങ്കെടുക്കാനോ തയ്യാറാകുന്നു. ഇനി, പല സഹോദരന്മാരും ഒരു ശുശ്രൂഷാദാസനോ മൂപ്പനോ ആകാനുള്ള യോഗ്യതയിലെത്താൻ ലക്ഷ്യം വെച്ചിരിക്കുന്നു. (1 തിമൊ. 3:1, 8) ദൈവസേവനത്തിനുവേണ്ടി തങ്ങളെത്തന്നെ വിട്ടുകൊടുക്കാനുള്ള സഹോദരങ്ങളുടെ മനസ്സൊരുക്കം കാണുമ്പോൾ യഹോവയ്ക്ക് എത്രമാത്രം സന്തോഷം തോന്നുന്നുണ്ടാകും.—സങ്കീ. 110:3; യശ. 6:8.
2. യഹോവയുടെ സേവനത്തിൽ നമ്മൾ വെച്ച ഏതെങ്കിലും ഒരു ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ലെങ്കിൽ നമുക്ക് ചിലപ്പോൾ എന്തു തോന്നിയേക്കാം?
2 വളരെക്കാലം കഴിഞ്ഞിട്ടും, യഹോവയുടെ സേവനത്തിൽ നമ്മൾ വെച്ച ലക്ഷ്യങ്ങളിൽ എത്താൻ സാധിച്ചിട്ടില്ലെങ്കിൽ ഒരുപക്ഷേ നമുക്കു സങ്കടവും നിരാശയും ഒക്കെ തോന്നിയേക്കാം. അതല്ലെങ്കിൽ പ്രായം കടന്നുപോയതിന്റെ പേരിലോ മറ്റേതെങ്കിലും കാരണങ്ങളാലോ ദൈവസേവനത്തിൽ നമ്മൾ ആഗ്രഹിക്കുന്ന പലതും ചെയ്യാൻ കഴിയാത്തതുകൊണ്ട് നമുക്കു വിഷമം തോന്നിയേക്കാം. (സുഭാ. 13:12) മെലിസb സഹോദരിയുടെ സാഹചര്യം അതായിരുന്നു. ബഥേലിൽ സേവിക്കാനും രാജ്യസുവിശേഷകർക്കുള്ള സ്കൂളിൽ പങ്കെടുക്കാനും ഒക്കെ സഹോദരിക്ക് ഒരുപാട് ആഗ്രഹം തോന്നി. എന്നാൽ സഹോദരി പറയുന്നു: “എനിക്ക് അതിനുള്ള പ്രായം കടന്നുപോയി. ഇനി അതൊക്കെ സ്വപ്നം കാണാനേ എനിക്കു പറ്റുകയുള്ളൂ. ചിലപ്പോഴൊക്കെ അതോർത്ത് എനിക്കു നിരാശ തോന്നാറുണ്ട്.”
3. യഹോവയുടെ സേവനത്തിൽ കൂടുതലായ ഉത്തരവാദിത്വങ്ങൾ കിട്ടുന്നതിനു ചിലർ എന്തു ചെയ്യേണ്ടതുണ്ടായിരിക്കാം?
3 ചെറുപ്പക്കാരായ ചിലർക്ക് അവരുടെ ലക്ഷ്യങ്ങളിലെത്താൻ ചിലപ്പോൾ പെട്ടെന്നൊന്നും കഴിഞ്ഞെന്നു വരില്ല. കാരണം അതിനുവേണ്ടി അവർ ചില ഗുണങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ടായിരിക്കാം. കാര്യം അവർക്കു നല്ല ബുദ്ധിശക്തിയും പെട്ടെന്നു തീരുമാനങ്ങളെടുക്കാനുള്ള കഴിവും ജോലി ചെയ്യാനുള്ള മനസ്സും ഒക്കെ ഉണ്ടെങ്കിലും അവർ പലതും ഇനിയും പഠിക്കേണ്ടതുണ്ടായിരിക്കും. ഉദാഹരണത്തിന്, കൂടുതൽ ക്ഷമയുള്ളവരായിരിക്കാനോ കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യാനോ മറ്റുള്ളവരോടു കൂടുതൽ ആദരവ് കാണിക്കാനോ ഒക്കെ അവർ ശീലിക്കേണ്ടതുണ്ടായിരിക്കാം. നമ്മൾ ഇത്തരം ഗുണങ്ങളൊക്കെ വളർത്തിയെടുക്കാൻ ശ്രമിക്കുന്നെങ്കിൽ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് നമുക്കു ചില ഉത്തരവാദിത്വങ്ങൾ ലഭിച്ചേക്കാം. നിക്ക് സഹോദരന്റെ അനുഭവം നമുക്കു നോക്കാം. അദ്ദേഹത്തിനു 20 വയസ്സുള്ള സമയത്ത് ഒരു ശുശ്രൂഷാദാസനായുള്ള നിയമനം കിട്ടാത്തതുകൊണ്ട് ആകെ സങ്കടമായി. അദ്ദേഹം പറയുന്നു: “എനിക്ക് എന്തോ കുഴപ്പമുണ്ടെന്നുതന്നെ ഞാൻ വിചാരിച്ചു.” എന്നാൽ അദ്ദേഹം നിരുത്സാഹപ്പെട്ടുപോയില്ല. സഭയിലും പ്രസംഗപ്രവർത്തനത്തിലും കഴിവിന്റെ പരമാവധി ചെയ്തുകൊണ്ട് തനിക്കു ചെയ്യാനാകുന്ന കാര്യങ്ങളിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്നു സഹോദരൻ ഒരു ബ്രാഞ്ച് കമ്മിറ്റി അംഗമായി സേവിക്കുന്നു.
4. ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കാൻപോകുന്നത്?
4 ദൈവസേവനത്തിൽ ഒരു ലക്ഷ്യം വെച്ചിട്ട് അതിൽ എത്തിച്ചേരാൻ പറ്റാത്തതുകൊണ്ട് നിങ്ങൾക്കു നിരാശ തോന്നുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ സങ്കടങ്ങൾ യഹോവയോടു പറയുക. (സങ്കീ. 37:5-7) കൂടാതെ ദൈവസേവനത്തിൽ ഇനിയും എങ്ങനെ മെച്ചപ്പെടാമെന്നു പക്വതയുള്ള സഹോദരങ്ങളോടു ചോദിക്കുക; അവർ തരുന്ന നിർദേശങ്ങൾ അനുസരിക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുക. അങ്ങനെ ചെയ്താൽ നിങ്ങൾക്കു നിങ്ങളുടെ ലക്ഷ്യത്തിൽ എത്തിച്ചേരാനായേക്കും. എന്നാൽ നേരത്തേ കണ്ട മെലിസ സഹോദരിയുടെ കാര്യത്തിലെന്നപോലെ യഹോവയുടെ സേവനത്തിൽ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാൻ നിങ്ങൾക്ക് ഇപ്പോൾ കഴിയില്ലായിരിക്കാം. അപ്പോഴും നിങ്ങൾക്ക് എങ്ങനെ നിങ്ങളുടെ സന്തോഷം നിലനിറുത്താനാകും? അതിനുള്ള ഉത്തരത്തിനായി ഈ ലേഖനത്തിൽ നമ്മൾ മൂന്നു കാര്യങ്ങൾ ചർച്ച ചെയ്യും. (1) നിങ്ങൾക്ക് എങ്ങനെ സന്തോഷമുള്ളവരായിരിക്കാം? (2) നിങ്ങളുടെ സന്തോഷം എങ്ങനെ വർധിപ്പിക്കാം? (3) അതിനുവേണ്ടി എന്തെല്ലാം ലക്ഷ്യങ്ങൾ വെക്കാം?
നമുക്ക് എങ്ങനെ സന്തോഷമുള്ളവരായിരിക്കാം?
5. സന്തോഷമുള്ളവരായിരിക്കാൻ നമ്മൾ എന്തു ചെയ്യണം? (സഭാപ്രസംഗകൻ 6:9എ)
5 സഭാപ്രസംഗകൻ 6:9 പറയുന്നതുപോലെ സന്തോഷമുള്ളവരായിരിക്കാൻ നമുക്ക് എന്തു ചെയ്യാം? (സഭാപ്രസംഗകൻ 6:9എ വായിക്കുക.) “കൺമുന്നിലുള്ളത് ആസ്വദിക്കുന്ന” ഒരാൾ തന്റെ ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കുകയും തനിക്കുള്ളതിൽ തൃപ്തനായിരിക്കുകയും ചെയ്യും. എന്നാൽ “ആഗ്രഹങ്ങൾക്കു പിന്നാലെ പായുന്ന” ഒരാൾ തനിക്ക് ഒരിക്കലും നേടാനാകാത്ത കാര്യങ്ങൾ ആഗ്രഹിക്കും. അതുകൊണ്ട് നമുക്കുള്ള പാഠം എന്താണ്? സന്തോഷം കിട്ടണമെങ്കിൽ നമുക്ക് ഉള്ളതിൽ നമ്മൾ തൃപ്തരായിരിക്കണം. നമുക്ക് എത്തിപ്പിടിക്കാനാകുന്ന ലക്ഷ്യങ്ങൾ വെക്കണം.
6. ഏത് ഉപമയെക്കുറിച്ചാണു നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്? അതിൽനിന്ന് നമ്മൾ എന്തു പഠിക്കും?
6 നമ്മൾ പൊതുവേ പുതിയപുതിയ കാര്യങ്ങൾ പഠിക്കാനും ചെയ്യാനും ആഗ്രഹമുള്ളവരാണ്. അതുകൊണ്ടുതന്നെ ഉള്ളതിൽ തൃപ്തരായിരിക്കാൻ നമുക്കു പറ്റില്ല എന്നാണു പലരും ചിന്തിക്കുന്നത്. എന്നാൽ നമുക്ക് അതിനു കഴിയും എന്നതാണു വാസ്തവം. എങ്ങനെ? അതു മനസ്സിലാക്കാൻ യേശു പറഞ്ഞ താലന്തുകളെക്കുറിച്ചുള്ള ഉപമ നമുക്കു നോക്കാം. മത്തായി 25:14-30-ലാണ് അതു കാണുന്നത്. നമുക്കുള്ളതിൽ എങ്ങനെ സന്തോഷം കണ്ടെത്താമെന്നും നമ്മുടെ സന്തോഷം എങ്ങനെ വർധിപ്പിക്കാമെന്നും ആ ഉപമയിൽനിന്ന് നമ്മൾ പഠിക്കും.
നമുക്ക് എങ്ങനെ സന്തോഷം കൂട്ടാം?
7. താലന്തുകളെക്കുറിച്ചുള്ള യേശുവിന്റെ ഉപമ ചുരുക്കിപ്പറയുക.
7 യേശു പറഞ്ഞ ഉപമയിലെ യജമാനൻ ഒരു യാത്ര പോകാൻ ഒരുങ്ങുകയായിരുന്നു. പോകുന്നതിനു മുമ്പ് അദ്ദേഹം തന്റെ അടിമകളെ വിളിച്ച് വ്യാപാരം ചെയ്യുന്നതിനുവേണ്ടി ഓരോരുത്തർക്കും താലന്തുകൾ കൊടുത്തു.c അവരുടെ കഴിവനുസരിച്ച് അദ്ദേഹം ഒരാൾക്ക് അഞ്ചു താലന്തും മറ്റൊരാൾക്കു രണ്ടു താലന്തും മൂന്നാമത്തെ ആൾക്ക് ഒരു താലന്തും നൽകി. ആദ്യത്തെ രണ്ട് അടിമകളും യജമാനന്റെ പണം വർധിപ്പിക്കാനായി നന്നായി ജോലി ചെയ്തു. എന്നാൽ മൂന്നാമത്തെ അടിമ തനിക്കു കിട്ടിയ പണംകൊണ്ട് ഒന്നും ചെയ്തില്ല. അതുകൊണ്ട് യജമാനൻ അയാളെ അവിടെനിന്ന് പുറത്താക്കി.
8. യേശുവിന്റെ ഉപമയിലെ ആദ്യത്തെ അടിമയ്ക്കു സന്തോഷിക്കാൻ എന്തു കാരണം ഉണ്ടായിരുന്നു?
8 യജമാനൻ തനിക്ക് അഞ്ചു താലന്തു നൽകിയതുകൊണ്ട് ആദ്യത്തെ അടിമയ്ക്ക് ഒരുപാടു സന്തോഷമായിക്കാണും. അഞ്ചു താലന്തെന്നു പറയുന്നതു വലിയൊരു തുകയാണ്. യജമാനൻ അയാളെ എത്രമാത്രം വിശ്വസിക്കുന്നു എന്നതിന്റെ തെളിവായിരുന്നു അത്. എന്നാൽ രണ്ടാമത്തെ അടിമയ്ക്കു രണ്ടു താലന്തേ കിട്ടിയുള്ളൂ. ആദ്യത്തെ അടിമയ്ക്കു കൊടുത്ത അത്രയും തനിക്കു കിട്ടിയില്ലല്ലോ എന്നുവേണമെങ്കിൽ അയാൾക്കു ചിന്തിക്കാമായിരുന്നു. എന്നാൽ അയാൾ അങ്ങനെ ചിന്തിച്ചോ?
9. ആ രണ്ടാമത്തെ അടിമയെക്കുറിച്ച് യേശു എന്തു പറഞ്ഞില്ല? (മത്തായി 25:22, 23)
9 മത്തായി 25:22, 23 വായിക്കുക. രണ്ടാമത്തെ അടിമയ്ക്കു രണ്ടു താലന്തു മാത്രം കിട്ടിയതുകൊണ്ട് അയാൾ പരാതി പറയുകയോ ദേഷ്യപ്പെടുകയോ ഒന്നും ചെയ്തതായി യേശു പറഞ്ഞില്ല. ‘എനിക്ക് ഇത്രയേ ഉള്ളോ? അഞ്ചു താലന്തു കിട്ടിയ ആ അടിമയുടെ അത്രയുംതന്നെ കഴിവ് എനിക്കുമുണ്ട്. എന്നെ അത്ര നല്ല പണിക്കാരനായിട്ടൊന്നും യജമാനൻ കാണുന്നില്ലെങ്കിൽ വേണ്ടാ. കിട്ടിയ താലന്ത് വല്ലയിടത്തും കുഴിച്ചിട്ടിട്ട് ഞാൻ എന്റെ കാര്യം നോക്കിക്കൊള്ളാം,’ എന്നൊന്നും ആ അടിമ പരാതിപ്പെട്ടതായി നമ്മൾ വായിക്കുന്നില്ല.
10. രണ്ടാമത്തെ അടിമ തനിക്കു കിട്ടിയ താലന്തുകൊണ്ട് എന്തു ചെയ്തു?
10 ആദ്യത്തെ അടിമയെപ്പോലെതന്നെ രണ്ടാമത്തെ അടിമയും, വലിയൊരു ഉത്തരവാദിത്വമാണു തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്ന ചിന്തയോടെ യജമാനനുവേണ്ടി നന്നായി ജോലി ചെയ്യാൻ തയ്യാറായി. അങ്ങനെ അയാൾ യജമാനൻ കൊടുത്ത താലന്തുകൾ ഇരട്ടിയാക്കി. ആ അടിമ ആത്മാർഥമായി ജോലി ചെയ്തതുകൊണ്ട് യജമാനനു സന്തോഷമായി. അദ്ദേഹം അയാളെ അഭിനന്ദിക്കുകയും കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുക്കുകയും ചെയ്തു.
11. നമുക്ക് എങ്ങനെ നമ്മുടെ സന്തോഷം കൂട്ടാം?
11 അതുപോലെ യഹോവയുടെ സേവനത്തിൽ കിട്ടുന്ന ഏതൊരു നിയമനവും ഏറ്റവും നന്നായി ചെയ്യാൻ ശ്രമിക്കുന്നെങ്കിൽ നമ്മുടെയും സന്തോഷം വർധിക്കും. സഭാപ്രവർത്തനങ്ങളിലും ദൈവവചനം പ്രസംഗിക്കുന്നതിലും നമുക്കു ‘മുഴുകിയിരിക്കാം.’ (പ്രവൃ. 18:5; എബ്രാ. 10:24, 25) മീറ്റിങ്ങിൽ ചർച്ച ചെയ്യുന്ന ഭാഗങ്ങളൊക്കെ നല്ലതുപോലെ പഠിച്ചിട്ടു പോകുക. അപ്പോൾ നിങ്ങൾക്കു പ്രോത്സാഹനം പകരുന്ന അഭിപ്രായങ്ങൾ പറയാനാകും. ഇടദിവസത്തെ മീറ്റിങ്ങിനു നിങ്ങൾക്കു കിട്ടുന്ന വിദ്യാർഥി നിയമനങ്ങൾ ശരിക്കും തയ്യാറായി നടത്തുക. സഭയിലെ ഏതെങ്കിലും കാര്യം ചെയ്യാൻ നിങ്ങളെ ഏൽപ്പിച്ചാൽ അതു കൃത്യസമയത്ത് വിശ്വസ്തമായി ചെയ്യുക. ഏതെങ്കിലും ഒരു നിയമനം കിട്ടുമ്പോൾ ‘ഈ നിസ്സാര കാര്യത്തിനു ഞാൻ എന്റെ വിലപ്പെട്ട സമയം കളയണോ’ എന്നു ചിന്തിക്കാതെ അത് ഏറ്റവും നന്നായി ചെയ്യാൻ ശ്രമിക്കുക. അങ്ങനെ ആ നിയമനം ചെയ്യുന്നതിൽ കൂടുതൽ കഴിവ് നേടുക. (സുഭാ. 22:29) ആത്മീയ പ്രവർത്തനങ്ങളും നിയമനങ്ങളും നമ്മൾ എത്ര നന്നായി ചെയ്യാൻ ശ്രമിക്കുന്നോ അതനുസരിച്ച് പെട്ടെന്നു നമ്മൾ പുരോഗമിക്കും, നമ്മുടെ സന്തോഷവും കൂടും. (ഗലാ. 6:4) അതുപോലെ നിങ്ങൾ ആഗ്രഹിച്ച ഒരു നിയമനം മറ്റൊരാൾക്കു കിട്ടുമ്പോൾ അവരോടൊപ്പം സന്തോഷിക്കാനും അപ്പോൾ നിങ്ങൾക്ക് എളുപ്പമായിരിക്കും.—റോമ. 12:15; ഗലാ. 5:26.
12. തങ്ങളുടെ സന്തോഷം കൂട്ടാൻ രണ്ടു സഹോദരങ്ങൾ എന്താണു ചെയ്തത്?
12 മെലിസ സഹോദരിയെ ഓർക്കുന്നില്ലേ? ബഥേലിൽ പോകാനും രാജ്യസുവിശേഷകർക്കുള്ള സ്കൂളിൽ പങ്കെടുക്കാനും ഉള്ള ആഗ്രഹം നടക്കാതെ വന്നപ്പോൾ സഹോദരി എന്താണു ചെയ്തത്? സഹോദരി പറയുന്നു: “മുൻനിരസേവനത്തിൽ എന്റെ കഴിവിന്റെ പരമാവധി ചെയ്യാനും പ്രസംഗപ്രവർത്തനത്തിന്റെ വ്യത്യസ്ത രീതികൾ പരീക്ഷിച്ചു നോക്കാനും ഞാൻ തീരുമാനിച്ചു. അതിലൂടെ എനിക്ക് ഒരുപാടു സന്തോഷം കിട്ടി.” ഇനി, ഒരു ശുശ്രൂഷാദാസനായുള്ള നിയമനം കിട്ടാതെ വന്നപ്പോഴുണ്ടായ നിരാശയെ മറികടക്കാൻ നിക്ക് സഹോദരൻ എന്താണു ചെയ്തത്? “എനിക്കു ചെയ്യാനാകുന്ന കാര്യങ്ങളെല്ലാം ഏറ്റവും നന്നായി ചെയ്യാൻ ഞാൻ തീരുമാനിച്ചു. പ്രസംഗപ്രവർത്തനത്തിൽ കൂടുതൽ ഉൾപ്പെടാനും മീറ്റിങ്ങുകളിൽ നല്ലനല്ല ഉത്തരങ്ങൾ പറയാനും ഞാൻ ശ്രമിച്ചു. കൂടാതെ ഞാൻ ബഥേൽ സേവനത്തിന് അപേക്ഷിക്കുകയും ചെയ്തു. തൊട്ടടുത്ത വർഷംതന്നെ എന്നെ ബഥേലിലേക്കു ക്ഷണിച്ചു.”
13. നിങ്ങളുടെ ഇപ്പോഴത്തെ നിയമനം നന്നായി ചെയ്യുന്നെങ്കിൽ അതിന്റെ പ്രയോജനം എന്താണ്? (സഭാപ്രസംഗകൻ 2:24)
13 ഇപ്പോഴുള്ള നിയമനങ്ങൾ നിങ്ങൾ ഏറ്റവും നന്നായി ചെയ്യുന്നെങ്കിൽ ഭാവിയിൽ നിങ്ങൾക്കു കൂടുതൽ ഉത്തരവാദിത്വങ്ങൾ കിട്ടിയേക്കും. നിക്ക് സഹോദരന്റെ അനുഭവം അതായിരുന്നു. ഇനി, മറ്റു നിയമനങ്ങൾ ഒന്നും കിട്ടുന്നില്ലെങ്കിൽപ്പോലും മെലിസ സഹോദരിയെപ്പോലെ യഹോവയ്ക്കുവേണ്ടി ഇപ്പോൾത്തന്നെ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽനിന്ന് നിങ്ങൾക്കു കൂടുതൽ സന്തോഷം കണ്ടെത്താനാകും. (സഭാപ്രസംഗകൻ 2:24 വായിക്കുക.) മാത്രമല്ല നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ യജമാനനായ യേശുക്രിസ്തുവിനെ സന്തോഷിപ്പിക്കുന്നെന്ന് അറിയുന്നതും നമ്മുടെ സന്തോഷം കൂട്ടും.
നമുക്കു സന്തോഷം തരുന്ന ലക്ഷ്യങ്ങൾ
14. ആത്മീയ ലക്ഷ്യങ്ങളോടുള്ള ബന്ധത്തിൽ നമ്മൾ ഏതു കാര്യം എപ്പോഴും ഓർക്കണം?
14 യഹോവയുടെ സേവനത്തിൽ നമ്മൾ ഇപ്പോൾത്തന്നെ നന്നായി ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ അർഥം ദൈവസേവനത്തിൽ കൂടുതൽ ലക്ഷ്യങ്ങൾവെച്ച് പ്രവർത്തിക്കേണ്ടാ എന്നാണോ? അങ്ങനെയല്ല. യഹോവയുടെ സേവനത്തിൽ നമ്മൾ എപ്പോഴും ലക്ഷ്യങ്ങൾവെച്ച് പ്രവർത്തിക്കണം. പ്രസംഗപ്രവർത്തനത്തിലും ആളുകളെ ബൈബിൾ പഠിപ്പിക്കുന്നതിലും ഉള്ള നമ്മുടെ കഴിവുകൾ മെച്ചപ്പെടുത്താനും അതുപോലെ സഹോദരങ്ങളെ കൂടുതൽ സഹായിക്കാനും ഒക്കെ നമുക്കു ലക്ഷ്യം വെക്കാം. നമ്മളെക്കുറിച്ച് അധികം ചിന്തിക്കാതെ എളിമയോടെ മറ്റുള്ളവരെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നെങ്കിൽ നമുക്ക് ആ ലക്ഷ്യങ്ങളിൽ എത്താനാകും.—സുഭാ. 11:2; പ്രവൃ. 20:35.
15. നിങ്ങളുടെ സന്തോഷം കൂട്ടാൻ സഹായിക്കുന്ന ചില ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
15 നിങ്ങൾക്ക് ഏതെല്ലാം ലക്ഷ്യങ്ങൾ വെക്കാനായേക്കും? നമുക്കു പറ്റുന്ന ലക്ഷ്യങ്ങൾ ഏതൊക്കെയാണെന്നു തിരിച്ചറിയാൻ സഹായിക്കണേ എന്നു നമുക്കു യഹോവയോട് അപേക്ഷിക്കാം. (സുഭാ. 16:3; യാക്കോ. 1:5) ഈ ലേഖനത്തിന്റെ ആദ്യഖണ്ഡികയിൽ, നമുക്കു വെക്കാനാകുന്ന ചില ലക്ഷ്യങ്ങളെക്കുറിച്ച് കണ്ടിരുന്നല്ലോ; സഹായ മുൻനിരസേവനം, സാധാരണ മുൻനിരസേവനം, ബഥേൽ സേവനം, സംഘടനയിലെ ഏതെങ്കിലും നിർമാണപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് പോലുള്ള ലക്ഷ്യങ്ങൾ. ഇവയിൽ ഏതെങ്കിലും ചെയ്യാൻ നിങ്ങൾക്കാകുമോ? ഇനി, പുതിയ ഒരു ഭാഷ പഠിച്ചുകൊണ്ടോ മറ്റൊരു പ്രദേശത്തേക്കു മാറിത്താമസിച്ചുകൊണ്ടോ സന്തോഷവാർത്ത അറിയിക്കുന്നതിൽ കൂടുതൽ പ്രവർത്തിക്കാൻ കഴിയുമോ? നമുക്കു വെക്കാൻ കഴിയുന്ന ചില ലക്ഷ്യങ്ങളെക്കുറിച്ച് അറിയാൻ യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ 10-ാം അധ്യായം നോക്കാം. കൂടാതെ നമുക്കു സഭയിലെ മൂപ്പന്മാരോട് അതെക്കുറിച്ച് സംസാരിക്കുകയും ചെയ്യാം.d നിങ്ങൾ ഇത്തരം ലക്ഷ്യങ്ങൾവെച്ച് പ്രവർത്തിക്കുമ്പോൾ മറ്റുള്ളവർക്കു നിങ്ങളുടെ പുരോഗതി കാണാനാകും; നിങ്ങളുടെ സന്തോഷവും കൂടും.
16. ഈ ലേഖനത്തിൽ പറയുന്ന ലക്ഷ്യങ്ങളിലൊന്നും എത്താൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിൽ എന്തു ചെയ്യാം?
16 ഈ ലേഖനത്തിൽ പറഞ്ഞ ലക്ഷ്യങ്ങളിലൊന്നും എത്താൻ ഇപ്പോഴത്തെ സാഹചര്യത്തിൽ നമുക്കു പറ്റുന്നില്ലെങ്കിൽ എന്തു ചെയ്യാം? നിങ്ങൾക്കു പറ്റുന്ന മറ്റൊരു ലക്ഷ്യം വെക്കുക. അത്തരം ചില ലക്ഷ്യങ്ങളെക്കുറിച്ചാണ് ഇനി നമ്മൾ നോക്കുന്നത്.
17. 1 തിമൊഥെയൊസ് 4:13, 15 പറയുന്നതനുസരിച്ച് നല്ലൊരു അധ്യാപകനാകാൻ ഒരു സഹോദരന് എന്തു ചെയ്യാം?
17 1 തിമൊഥെയൊസ് 4:13, 15 വായിക്കുക. നിങ്ങൾ സ്നാനമേറ്റ ഒരു സഹോദരനാണെങ്കിൽ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലെ നിങ്ങളുടെ കഴിവ് മെച്ചപ്പെടുത്താൻ നിങ്ങൾക്കു ശ്രമിക്കാം. എന്തുകൊണ്ട്? കാരണം നിങ്ങൾ നന്നായി വായിക്കുകയും പ്രസംഗിക്കുകയും പഠിപ്പിക്കുകയും ഒക്കെ ചെയ്യുന്നെങ്കിൽ നിങ്ങളുടെ കേൾവിക്കാർക്കു കൂടുതൽ പ്രയോജനം കിട്ടും. വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക എന്ന ലഘുപത്രികയിലെ ഓരോ പ്രസംഗഗുണവും പഠിക്കാനും പരിശീലിച്ച് നോക്കാനും ലക്ഷ്യം വെക്കുക. ഒരു സമയത്ത് ഒരു പ്രസംഗഗുണം വീതം പഠിക്കുകയും വീട്ടിൽവെച്ച് അതു നന്നായി പരിശീലിച്ച് നോക്കുകയും ചെയ്യുക. എന്നിട്ട് ഒരു പ്രസംഗനിയമനം കിട്ടുമ്പോൾ അതുപോലെ ചെയ്യാൻ ശ്രമിക്കുക. മെച്ചപ്പെടാനുള്ള വഴികളെക്കുറിച്ച് സഭയിലെ ഉപബുദ്ധിയുപദേശകനോടോ “പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിൽ അധ്വാനിക്കുന്ന” മറ്റു മൂപ്പന്മാരോടോ ചോദിച്ചറിയുക.e (1 തിമൊ. 5:17) എന്നാൽ പ്രസംഗഗുണം മെച്ചപ്പെടുത്തുക എന്നതുമാത്രം ആയിരിക്കരുത് നമ്മുടെ ലക്ഷ്യം. വിശ്വാസം ബലപ്പെടുത്താനും കേൾക്കുന്ന കാര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനും നമ്മൾ കേൾവിക്കാരെ സഹായിക്കുകയും വേണം. അങ്ങനെ ചെയ്യുമ്പോൾ നമ്മുടെയും കേൾവിക്കാരുടെയും സന്തോഷം കൂടും.
18. പ്രസംഗപ്രവർത്തനത്തിലെ കഴിവ് മെച്ചപ്പെടുത്താൻ നമുക്ക് എന്തു ചെയ്യാം?
18 ആളുകളോടു സന്തോഷവാർത്ത അറിയിക്കാനും അവരെ പഠിപ്പിച്ച് ശിഷ്യരാക്കാനും ഉള്ള നിയമനം നമുക്ക് എല്ലാവർക്കുമുണ്ട്. (മത്താ. 28:19, 20; റോമ. 10:14) വളരെ പ്രധാനപ്പെട്ട ഈ പ്രവർത്തനം ചെയ്യുന്നതിലുള്ള നിങ്ങളുടെ കഴിവ് മെച്ചപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അതിനും പഠിപ്പിക്കാൻ ലഘുപത്രികയിലെ നിർദേശങ്ങൾ നിങ്ങളെ സഹായിക്കും. അതിലെ ഓരോ പാഠവും പഠിക്കാനും കൃത്യമായ ലക്ഷ്യങ്ങൾവെച്ച് അതു പ്രാവർത്തികമാക്കാനും ശ്രമിക്കുക. ഇനി നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായിയിൽനിന്നും ഇടദിവസത്തെ മീറ്റിങ്ങുകളിൽ കാണിക്കുന്ന, വീഡിയോ രൂപത്തിലുള്ള സംഭാഷണത്തിനുള്ള ചില മാതൃകകൾ എന്നതിൽനിന്നും നിങ്ങൾക്കു കൂടുതൽ സഹായം ലഭിക്കും. ഏത് അവതരണമാണു നിങ്ങളുടെ പ്രദേശത്തിന് ഏറ്റവും പറ്റിയത് എന്നറിയാൻ പലതു പരീക്ഷിച്ചു നോക്കുക. നിങ്ങൾ ഈ നിർദേശങ്ങളൊക്കെ അനുസരിക്കുന്നെങ്കിൽ പ്രസംഗപ്രവർത്തനത്തിലെ നിങ്ങളുടെ കഴിവ് മെച്ചപ്പെടും; നിങ്ങൾക്കു കൂടുതൽ സന്തോഷം ലഭിക്കുകയും ചെയ്യും.—2 തിമൊ. 4:5.
19. നിങ്ങൾക്ക് എങ്ങനെ ക്രിസ്തീയ ഗുണങ്ങൾ വളർത്തിയെടുക്കാം?
19 ഇനി, നിങ്ങൾക്കു വെക്കാൻ കഴിയുന്ന മറ്റൊരു ലക്ഷ്യമാണു ക്രിസ്തീയ ഗുണങ്ങൾ വളർത്തിയെടുക്കുക എന്നത്. (ഗലാ. 5:22, 23; കൊലോ. 3:12; 2 പത്രോ. 1:5-8) അതു വളരെ പ്രധാനമാണുതാനും. നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാം? ഉദാഹരണത്തിന് വിശ്വാസം കൂടുതൽ ശക്തമാക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെന്നിരിക്കട്ടെ. അതിനുള്ള പല നിർദേശങ്ങളും നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുണ്ട്. അത്തരം ലേഖനങ്ങൾ വായിക്കുക. ഇനി, പല പരിശോധനകളിലൂടെ കടന്നുപോയപ്പോൾ ശക്തമായ വിശ്വാസം കാണിച്ച സഹോദരീസഹോദരന്മാരുടെ അനുഭവങ്ങൾ JW പ്രക്ഷേപണത്തിൽ വന്നിട്ടുണ്ട്. അത്തരം അനുഭവങ്ങളുടെ വീഡിയോകൾ കാണുമ്പോൾ അവരുടേതുപോലുള്ള വിശ്വാസം നിങ്ങളുടെ ജീവിതത്തിൽ എങ്ങനെ കാണിക്കാമെന്നു ചിന്തിക്കുക.
20. നമ്മുടെ സന്തോഷം കൂട്ടാനും നിരാശ കുറയ്ക്കാനും നമുക്ക് എന്തു ചെയ്യാം?
20 യഹോവയുടെ സേവനത്തിൽ ഇപ്പോൾ ചെയ്യാൻ കഴിയുന്നതിൽ കൂടുതൽ ചെയ്യാൻ നമ്മളെല്ലാം ആഗ്രഹിക്കുന്നുണ്ട്. അതു പൂർണമായി ചെയ്യാൻ പുതിയ ലോകത്തിലേ നമുക്കു കഴിയൂ. അതുവരെ നമുക്കു ചെയ്യാനാകുന്ന കാര്യങ്ങൾ ഏറ്റവും നന്നായി ചെയ്യാൻ ശ്രമിക്കാം. അതു നമ്മുടെ നിരാശ കുറയ്ക്കാനും സന്തോഷം കൂട്ടാനും സഹായിക്കും. ഇനി, നമ്മൾ അങ്ങനെ ചെയ്യുമ്പോൾ ‘സന്തോഷമുള്ള ദൈവമായ’ യഹോവയ്ക്കു മഹത്ത്വവും സ്തുതിയും നൽകാനാകും എന്നതാണ് അതിലും വലിയ കാര്യം. (1 തിമൊ. 1:11) അതുകൊണ്ട് ദൈവസേവനത്തിൽ ഇപ്പോൾ ചെയ്യാനാകുന്ന കാര്യങ്ങളിൽ നമുക്കു സന്തോഷിക്കാം.
ഗീതം 82 ‘നിങ്ങളുടെ വെളിച്ചം പ്രകാശിക്കട്ടെ’
a നമ്മൾ യഹോവയെ ഒരുപാടു സ്നേഹിക്കുന്നു. ദൈവസേവനത്തിൽ നമ്മുടെ കഴിവിന്റെ പരമാവധി ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അതിനുവേണ്ടി നമ്മൾ പ്രസംഗപ്രവർത്തനത്തിൽ കൂടുതൽ ചെയ്യാനും സഭയിലെ ഉത്തരവാദിത്വങ്ങൾക്കായി യോഗ്യത നേടാനും ശ്രമിക്കുന്നു. എന്നാൽ നമ്മൾ എത്രതന്നെ ശ്രമിച്ചിട്ടും ചില ലക്ഷ്യങ്ങളിൽ എത്താൻ കഴിയുന്നില്ലെങ്കിലോ? അപ്പോഴും യഹോവയുടെ സേവനത്തിൽ തിരക്കുള്ളവരായിരിക്കാനും സന്തോഷം നിലനിറുത്താനും നമുക്ക് എങ്ങനെ കഴിയും? അതിനുള്ള ഉത്തരം യേശു പറഞ്ഞ താലന്തുകളുടെ ദൃഷ്ടാന്തത്തിൽ നമുക്കു കാണാം.
b ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല.
c പദപ്രയോഗത്തിന്റെ വിശദീകരണം: ഒരു താലന്ത് ഒരു സാധാരണ ജോലിക്കാരന്റെ ഏതാണ്ട് 20 വർഷത്തെ കൂലിയായിരുന്നു.
d സ്നാനമേറ്റ സഹോദരന്മാർക്കു ശുശ്രൂഷാദാസന്മാരോ മൂപ്പന്മാരോ ഒക്കെ ആകാനായി ലക്ഷ്യംവെച്ച് പ്രവർത്തിക്കാം. അതിന് അവർ എത്തിച്ചേരേണ്ട യോഗ്യതകളെക്കുറിച്ച് യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ 5, 6 അധ്യായങ്ങളിൽ കാണാം.
e പദപ്രയോഗത്തിന്റെ വിശദീകരണം: സഭയിൽ പ്രസംഗമോ മറ്റു പരിപാടികളോ വായനയോ ഒക്കെ നടത്തുന്ന മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും ആവശ്യാനുസരണം സ്വകാര്യമായി ബുദ്ധിയുപദേശം നൽകാൻ നിയമിതനായിരിക്കുന്ന മൂപ്പനാണ് ഉപബുദ്ധിയുപദേശകൻ.
f ചിത്രക്കുറിപ്പ്: മികച്ച അധ്യാപകനാകാൻ ലക്ഷ്യം വെച്ചിരിക്കുന്ന ഒരു സഹോദരൻ അതിനുവേണ്ടി നമ്മുടെ പ്രസിദ്ധീകരണങ്ങൾ പഠിക്കുന്നു.
g ചിത്രക്കുറിപ്പ്: അനൗപചാരിക സാക്ഷീകരണം നടത്താൻ ലക്ഷ്യം വെച്ചിരിക്കുന്ന ഒരു സഹോദരി ഹോട്ടലിലെ ഒരു ജോലിക്കാരിക്ക് സന്ദർശക കാർഡ് നൽകുന്നു.
h ചിത്രക്കുറിപ്പ്: ഉദാരത കാണിക്കുന്നതിൽ മെച്ചപ്പെടാൻ ലക്ഷ്യം വെച്ചിരിക്കുന്ന ഒരു സഹോദരി താൻ ഉണ്ടാക്കിയ ഭക്ഷണസാധനവുമായി മറ്റൊരു സഹോദരിയെ സന്ദർശിക്കുന്നു.