പഠനലേഖനം 7
ബൈബിൾവായനയിൽനിന്ന് കൂടുതൽ പ്രയോജനം നേടുക
“താങ്കൾക്ക് എന്താണു മനസ്സിലായിട്ടുള്ളത്?”—ലൂക്കോ. 10:26.
ഗീതം 97 ജീവന് ആധാരം ദൈവവചനം
ചുരുക്കംa
1. തിരുവെഴുത്തുകൾ യേശുവിനു വളരെ പ്രധാനപ്പെട്ടതായിരുന്നെന്നു നമുക്ക് എങ്ങനെ അറിയാം?
യേശുവിന്റെ പഠിപ്പിക്കൽരീതി എങ്ങനെയുള്ളതായിരുന്നെന്നു ചിന്തിച്ചുനോക്കുക. കൂടെക്കൂടെ യേശു തിരുവെഴുത്തുകൾ ഉപയോഗിച്ചു, അതും ഓർമയിൽനിന്ന്! വാസ്തവത്തിൽ, സ്നാനം കഴിഞ്ഞ് ഉടനെയും മരണത്തിനു തൊട്ടുമുമ്പും യേശു പറഞ്ഞതായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകൾ തിരുവെഴുത്തുകളിൽനിന്ന് ഉദ്ധരിച്ചവയായിരുന്നു.b (ആവ. 8:3; സങ്കീ. 31:5; ലൂക്കോ. 4:4; 23:46) ഇനി, ഈ രണ്ടു സംഭവത്തിനും ഇടയിലുള്ള മൂന്നര വർഷക്കാലത്തെ ശുശ്രൂഷയുടെ സമയത്ത് യേശു ധാരാളം തിരുവെഴുത്തുകൾ പരസ്യമായി വായിക്കുകയും ഉദ്ധരിക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.—മത്താ. 5:17, 18, 21, 22, 27, 28; ലൂക്കോ. 4:16-20.
2. വളർന്നുവരുന്ന സമയത്ത് തിരുവെഴുത്തുകളുമായി നല്ല പരിചയത്തിലാകാൻ ഏതെല്ലാം കാര്യങ്ങൾ യേശുവിനെ സഹായിച്ചു? (പുറംതാളിലെ ചിത്രം കാണുക.)
2 തന്റെ ശുശ്രൂഷ തുടങ്ങുന്നതിനു വർഷങ്ങൾക്കു മുമ്പുതന്നെ യേശു കൂടെക്കൂടെ ദൈവവചനം കേൾക്കുകയും വായിക്കുകയും ചെയ്തിരുന്നു. വീട്ടിലെ സാധാരണ സംഭാഷണത്തിനിടെ മറിയയും യോസേഫും തിരുവെഴുത്തുകൾ ഉപയോഗിക്കുന്നതു യേശു തീർച്ചയായും കേട്ടിട്ടുണ്ട്.c (ആവ. 6:6, 7) ഇനി, ശബത്തുതോറും വീട്ടുകാരുടെകൂടെ സിനഗോഗിൽ പോകുന്ന ശീലം യേശുവിനുണ്ടായിരുന്നു. (ലൂക്കോ. 4:16) അവിടെ തിരുവെഴുത്തുകൾ വായിക്കുന്നതു യേശു ശ്രദ്ധയോടെ കേട്ടിരിക്കുമായിരുന്നു. പിന്നീട്, വായിക്കാൻ പഠിച്ചപ്പോൾ യേശു സ്വന്തമായി അതു ചെയ്യാൻതുടങ്ങി. അതുകൊണ്ട് യേശുവിനു തിരുവെഴുത്തുകൾ നന്നായി അറിയാമായിരുന്നെന്നു മാത്രമല്ല യേശു അവയെ സ്നേഹിക്കുകയും അവയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്തു. യേശുവിന് 12 വയസ്സുള്ളപ്പോൾ ആലയത്തിൽവെച്ച് നടന്ന ഒരു സംഭവം അതു തെളിയിക്കുന്നുണ്ട്. മോശയുടെ നിയമത്തിൽ നല്ല അറിവുണ്ടായിരുന്ന ചില ഉപദേഷ്ടാക്കൾപോലും അന്നു ‘യേശുവിന്റെ ഗ്രാഹ്യത്തിലും ഉത്തരങ്ങളിലും വിസ്മയിച്ചുപോയി.’—ലൂക്കോ. 2:46, 47, 52.
3. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
3 ദൈവവചനം പതിവായി വായിക്കുന്നതിലൂടെ നമ്മളും അതിലെ കാര്യങ്ങൾ മനസ്സിലാക്കാനും അതിനെ സ്നേഹിക്കാനും തുടങ്ങും. അങ്ങനെയെങ്കിൽ വായിക്കുന്ന കാര്യങ്ങളിൽനിന്ന് കൂടുതൽ പ്രയോജനം നേടാൻ നമുക്ക് എന്തു ചെയ്യാം? മോശയുടെ നിയമം നന്നായിട്ട് അറിയാമായിരുന്ന അക്കാലത്തെ ശാസ്ത്രിമാരോടും പരീശന്മാരോടും സദൂക്യരോടും യേശു പറഞ്ഞ കാര്യങ്ങളിൽനിന്ന് നമുക്കു ചിലതു പഠിക്കാനാകും. ആ മതനേതാക്കന്മാർ തിരുവെഴുത്തുകൾ കൂടെക്കൂടെ വായിച്ചിരുന്നെങ്കിലും അതിൽനിന്ന് പ്രയോജനം നേടിയിരുന്നില്ല. അവർ ചെയ്യാൻ പരാജയപ്പെട്ട മൂന്നു കാര്യങ്ങൾ യേശു എടുത്തുപറഞ്ഞു: (1) വായിച്ച കാര്യങ്ങൾ മനസ്സിലാക്കാൻ, (2) അതിലെ വിലയേറിയ സത്യങ്ങൾ കണ്ടെത്താൻ, (3) ദൈവവചനത്തിനു ചേർച്ചയിൽ മാറ്റങ്ങൾ വരുത്താൻ. നമ്മൾ ഈ മൂന്നു കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ ദൈവവചനം വായിക്കുമ്പോൾ അതിൽനിന്ന് കൂടുതൽ പ്രയോജനം നേടാനാകും. അത് എങ്ങനെ ചെയ്യാമെന്നു നോക്കാം.
വായിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുക
4. ലൂക്കോസ് 10:25-29 ദൈവവചനം വായിക്കുന്നതിനെക്കുറിച്ച് നമ്മളെ എന്തു പഠിപ്പിക്കുന്നു?
4 ദൈവവചനം വായിക്കുമ്പോൾ അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ അർഥം നമ്മൾ നന്നായി മനസ്സിലാക്കണം. ഇല്ലെങ്കിൽ നമുക്ക് അതിൽനിന്ന് പൂർണപ്രയോജനം കിട്ടാതെപോകും. അതു തെളിയിക്കുന്നതാണ് ഒരു ‘നിയമപണ്ഡിതനും’ യേശുവും തമ്മിലുള്ള സംഭാഷണം. (ലൂക്കോസ് 10:25-29 വായിക്കുക.) നിത്യജീവൻ അവകാശമാക്കാൻ എന്താണു ചെയ്യേണ്ടതെന്ന് ആ വ്യക്തി യേശുവിനോടു ചോദിച്ചു. തിരുവെഴുത്തുകളിലേക്കുതന്നെ അദ്ദേഹത്തിന്റെ ശ്രദ്ധ തിരിച്ചുകൊണ്ടാണു യേശു അതിന് ഉത്തരം നൽകിയത്. യേശു ചോദിച്ചു: “നിയമത്തിൽ എന്താണ് എഴുതിയിരിക്കുന്നത്, താങ്കൾക്ക് എന്താണു മനസ്സിലായിട്ടുള്ളത്?” ദൈവത്തെ സ്നേഹിക്കാനും അയൽക്കാരനെ സ്നേഹിക്കാനും പറയുന്ന തിരുവെഴുത്തുകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം കൃത്യമായിത്തന്നെ യേശുവിന്റെ ചോദ്യത്തിന് ഉത്തരം കൊടുത്തു. (ലേവ്യ 19:18; ആവ. 6:5) പക്ഷേ തുടർന്ന് അദ്ദേഹം ഇങ്ങനെ ചോദിച്ചു: “ആരാണ് യഥാർഥത്തിൽ എന്റെ അയൽക്കാരൻ?” വായിച്ച കാര്യങ്ങളുടെ അർഥം അദ്ദേഹം ശരിക്കും മനസ്സിലാക്കിയിരുന്നില്ല എന്നാണ് അതു കാണിക്കുന്നത്. അതുകൊണ്ടുതന്നെ ആ തിരുവെഴുത്തുകൾക്കു ചേർച്ചയിൽ എങ്ങനെയാണു ജീവിക്കേണ്ടതെന്നും ആ നിയമപണ്ഡിതന് അറിയില്ലായിരുന്നു.
അർഥം മനസ്സിലാക്കി വായിക്കാനുള്ള കഴിവ് നമുക്കു വളർത്തിയെടുക്കാനാകും
5. വായിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ പ്രാർഥനയും സാവകാശമുള്ള വായനയും നമ്മളെ സഹായിക്കുന്നത് എങ്ങനെ?
5 ബൈബിൾ വായിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ വായിക്കുന്ന ഭാഗം നന്നായി മനസ്സിലാക്കാൻ നമുക്കാകും. അതിനുവേണ്ടി എന്തൊക്കെ ചെയ്യാം? ആദ്യംതന്നെ, വായിക്കുന്നതിനു മുമ്പ് പ്രാർഥിക്കുക. തിരുവെഴുത്തുകൾ മനസ്സിലാക്കാൻ നമുക്ക് യഹോവയുടെ സഹായം കൂടിയേ തീരൂ. അതുകൊണ്ട് വായിക്കുന്ന സമയത്ത് ശ്രദ്ധ പതറാതിരിക്കാൻ ദൈവാത്മാവിനെ തന്ന് സഹായിക്കണേ എന്നു പ്രാർഥിക്കാനാകും. ഇനി, വെറുതേ ഓടിച്ചുവായിക്കാതെ സാവകാശം വായിക്കുക. അങ്ങനെ ചെയ്യുന്നതു വായിക്കുന്ന കാര്യങ്ങളുടെ അർഥം കൂടുതൽ വ്യക്തമാകാൻ സഹായിക്കും. ചെറിയ ശബ്ദത്തിൽ വായിക്കുന്നത് അല്ലെങ്കിൽ ഓഡിയോ റെക്കോർഡിങ്ങ് കേൾക്കുന്നതോടൊപ്പം ആ ഭാഗം ബൈബിളിൽ നോക്കുന്നതു പ്രയോജനം ചെയ്യും. കാരണം ഒരേ സമയം വാക്കുകൾ കാണുകയും കേൾക്കുകയും ചെയ്യുന്നതുകൊണ്ട് വായിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാനും ഓർത്തിരിക്കാനും എളുപ്പമായിരിക്കും. മാത്രമല്ല അവ ഹൃദയത്തിൽ ആഴത്തിൽ പതിയുകയും ചെയ്യും. (യോശു. 1:8) വായിച്ച് കഴിയുമ്പോൾ ദൈവവചനമാകുന്ന സമ്മാനം തന്നതിനു നന്ദി പറഞ്ഞുകൊണ്ട് വീണ്ടും പ്രാർഥിക്കുക. ഒപ്പം, വായിച്ച കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ സഹായിക്കണേ എന്നും അപേക്ഷിക്കുക.
6. ബൈബിൾ വായിക്കുമ്പോൾ നമ്മളോടുതന്നെ ചോദ്യങ്ങൾ ചോദിക്കുന്നതും ചെറിയ കുറിപ്പുകൾ തയ്യാറാക്കുന്നതും പ്രയോജനം ചെയ്യുന്നത് എങ്ങനെ? (ചിത്രവും കാണുക.)
6 ബൈബിൾ വായിക്കുമ്പോൾ അതു നന്നായി മനസ്സിലാക്കാൻ സഹായിക്കുന്ന രണ്ടു കാര്യങ്ങൾകൂടി നോക്കാം. ഒന്ന്, വായിക്കുന്ന ഭാഗത്തെക്കുറിച്ച് നമ്മളോടുതന്നെ ചോദ്യങ്ങൾ ചോദിക്കുക. ഉദാഹരണത്തിന്, ഒരു ബൈബിൾഭാഗം വായിക്കുമ്പോൾ നമുക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്: ‘അതിലെ പ്രധാനകഥാപാത്രങ്ങൾ ആരൊക്കെയാണ്? ആരാണു സംസാരിക്കുന്നത്? ആരോടാണു സംസാരിക്കുന്നത്, എന്തുകൊണ്ടാണ്? എപ്പോൾ, എവിടെവെച്ചാണ് ഇതു നടക്കുന്നത്?’ ഇത്തരം ചോദ്യങ്ങൾ, വായിക്കുന്ന ഭാഗത്തെ പ്രധാനപ്പെട്ട ആശയങ്ങളെക്കുറിച്ച് ചിന്തിക്കാനും അവ മനസ്സിലാക്കാനും നമ്മളെ സഹായിക്കും. രണ്ടാമതായി, വായിക്കുമ്പോൾ ചെറിയ കുറിപ്പുകൾ തയ്യാറാക്കുക. അങ്ങനെ മനസ്സിലുള്ള ആശയങ്ങൾ വാക്കുകളിലാക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. മാത്രമല്ല, അവ ഓർത്തിരിക്കാനും പറ്റും. കുറിപ്പുകൾ തയ്യാറാക്കുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ ചെയ്യാനായേക്കും: നമ്മൾ നേരത്തേ കണ്ടതുപോലുള്ള ചോദ്യങ്ങളും അവയ്ക്കു ഗവേഷണം ചെയ്ത് കണ്ടെത്തിയ ഉത്തരങ്ങളും, ഇനി വായിച്ച ഭാഗത്തെ പ്രധാനപ്പെട്ട ആശയങ്ങളുടെ ഒരു ചുരുക്കവും അതിൽ എഴുതാം. മാത്രമല്ല, വായിച്ച കാര്യങ്ങൾ എങ്ങനെയൊക്കെയാണ് ഉപയോഗിക്കാൻ പോകുന്നതെന്നും ആ ഭാഗത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണു തോന്നുന്നതെന്നും എഴുതിച്ചേർക്കാം. ഇങ്ങനെ കുറിപ്പുകൾ എഴുതുമ്പോൾ ദൈവവചനത്തെക്കുറിച്ച്, ‘അത് എനിക്കുവേണ്ടിയുള്ള ദൈവത്തിന്റെ സന്ദേശമാണ്’ എന്നു നമുക്ക് ഓരോരുത്തർക്കും തോന്നും.
7. ബൈബിൾ വായിക്കുമ്പോൾ അതു മനസ്സിലാക്കാൻ നമുക്ക് ഏതു ഗുണം വേണം, എന്തുകൊണ്ട്? (മത്തായി 24:15)
7 ദൈവവചനം വായിക്കുമ്പോൾ അതു നന്നായി മനസ്സിലാക്കാൻ നമുക്കുണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട ഒരു ഗുണത്തെക്കുറിച്ച് യേശു സൂചിപ്പിച്ചു—വിവേചനാപ്രാപ്തി. (മത്തായി 24:15 വായിക്കുക.) എന്താണു വിവേചനാപ്രാപ്തി? ഒരു ആശയത്തിനു മറ്റൊരു ആശയവുമായുള്ള ബന്ധവും അവ തമ്മിലുള്ള വ്യത്യാസവും മനസ്സിലാക്കാനുള്ള കഴിവാണ് അത്. അതുപോലെ വായിക്കുന്ന ഭാഗത്ത് നേരിട്ട് പറഞ്ഞിട്ടില്ലാത്ത ആശയങ്ങൾ കണ്ടുപിടിക്കാനുള്ള കഴിവും അതിൽ ഉൾപ്പെടുന്നു. ഇനി, യേശു സൂചിപ്പിച്ചതുപോലെ ബൈബിൾപ്രവചനത്തിന്റെ നിവൃത്തിയായി നടക്കുന്ന സംഭവങ്ങൾ തിരിച്ചറിയാനും നമുക്ക് ഈ ഗുണം വേണം. മാത്രമല്ല, ബൈബിൾ വായിക്കുമ്പോൾ അതിൽനിന്ന് വ്യക്തിപരമായി പ്രയോജനം നേടണമെങ്കിലും ഈ ഗുണം കൂടിയേ തീരൂ.
8. വായിക്കുമ്പോൾ നമുക്ക് എങ്ങനെ വിവേചനാപ്രാപ്തി ഉപയോഗിക്കാം?
8 യഹോവ തന്റെ ദാസന്മാർക്കു വിവേചനാപ്രാപ്തി നൽകും. അതുകൊണ്ട് ഈ ഗുണം വളർത്തിയെടുക്കാനുള്ള സഹായത്തിനായി ദൈവത്തോടു പ്രാർഥിക്കുക. (സുഭാ. 2:6) ആ പ്രാർഥനയ്ക്കു ചേർച്ചയിൽ നിങ്ങൾക്ക് എങ്ങനെ പ്രവർത്തിക്കാനാകും? വായിക്കുന്ന ഭാഗത്തെക്കുറിച്ച് നന്നായി ചിന്തിക്കുകയും നിങ്ങൾക്ക് ഇപ്പോൾത്തന്നെ അറിയാവുന്ന കാര്യങ്ങളോട് അത് എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നതെന്നു ശ്രദ്ധിക്കുകയും ചെയ്യുക. അതിനായി യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായിപോലുള്ള പഠനോപകരണങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാനാകും. അവ ബൈബിൾഭാഗത്തിന്റെ അർഥം മനസ്സിലാക്കാനും അവ ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാമെന്നു കണ്ടെത്താനും സഹായിക്കും. (എബ്രാ. 5:14) ഇങ്ങനെ, വായിക്കുമ്പോൾ വിവേചനാപ്രാപ്തി ഉപയോഗിക്കുന്നെങ്കിൽ തിരുവെഴുത്തുകളെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് കൂടുതൽ ആഴമുള്ളതായിത്തീരും.
വിലയേറിയ സത്യങ്ങൾ കണ്ടെത്താനായി വായിക്കുക
9. പ്രധാനപ്പെട്ട ഏതു തിരുവെഴുത്തുസത്യമാണു സദൂക്യർ അവഗണിച്ചുകളഞ്ഞത്?
9 എബ്രായതിരുവെഴുത്തുകളിലെ ആദ്യത്തെ അഞ്ചു പുസ്തകവുമായി സദൂക്യർക്കു നല്ല പരിചയമുണ്ടായിരുന്നു. പക്ഷേ അതിൽ അടങ്ങിയിരുന്ന പ്രധാനസത്യങ്ങൾ മനസ്സിലാക്കാൻ അവർ പരാജയപ്പെട്ടു. ഒരിക്കൽ പുനരുത്ഥാനത്തെക്കുറിച്ച് സദൂക്യർ യേശുവിനോടു തർക്കിച്ചപ്പോൾ, യേശു നൽകിയ മറുപടി അതാണു തെളിയിക്കുന്നത്. യേശു ചോദിച്ചു: “മോശയുടെ പുസ്തകത്തിലെ മുൾച്ചെടിയുടെ വിവരണത്തിൽ ദൈവം മോശയോട്, ‘ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആണ്’ എന്നു പറഞ്ഞതായി നിങ്ങൾ വായിച്ചിട്ടില്ലേ?” (മർക്കോ. 12:18, 26) സദൂക്യർ ആ ഭാഗം പല തവണ വായിച്ചിട്ടുണ്ടായിരുന്നു എന്നതിനു സംശയമില്ല. എന്നാൽ യേശുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നതുപോലെ, പ്രധാനപ്പെട്ട ഒരു തിരുവെഴുത്തുസത്യം അവർ അവഗണിച്ചു. പുനരുത്ഥാനത്തെക്കുറിച്ചുള്ള പഠിപ്പിക്കലായിരുന്നു അത്.—മർക്കോ. 12:27; ലൂക്കോ. 20:38.d
10. ദൈവവചനം വായിക്കുമ്പോൾ നമ്മൾ എന്തിനു പ്രത്യേകശ്രദ്ധ കൊടുക്കണം?
10 നമുക്കുള്ള പാഠം എന്താണ്? ബൈബിൾ വായിക്കുമ്പോൾ ഒരു വാക്യത്തിൽനിന്നോ വിവരണത്തിൽനിന്നോ എന്തൊക്കെ പഠിക്കാനാകും എന്നതിനു ശ്രദ്ധ കൊടുക്കുക. അടിസ്ഥാന ബൈബിൾസത്യങ്ങൾ മനസ്സിലാക്കാൻ മാത്രമല്ല ആഴത്തിൽ മറഞ്ഞിരിക്കുന്ന സത്യങ്ങളും തത്ത്വങ്ങളും കണ്ടെത്താനും നമ്മൾ ആഗ്രഹിക്കുന്നു.
11. ബൈബിളിലെ വിലയേറിയ സത്യങ്ങൾ കണ്ടെത്താൻ 2 തിമൊഥെയൊസ് 3:16, 17 നമുക്ക് എങ്ങനെ ഉപയോഗിക്കാം?
11 ബൈബിൾ വായിക്കുമ്പോൾ അതിലെ വിലയേറിയ സത്യങ്ങൾ കണ്ടെത്താൻ നമുക്ക് എന്തു ചെയ്യാം? 2 തിമൊഥെയൊസ് 3:16, 17 പറയുന്നതു ശ്രദ്ധിക്കുക. (വായിക്കുക.) ‘തിരുവെഴുത്തുകൾ മുഴുവൻ . . . (1) പഠിപ്പിക്കാനും (2) ശാസിക്കാനും (3) കാര്യങ്ങൾ നേരെയാക്കാനും (4) ശിക്ഷണം നൽകാനും ഉപകരിക്കുന്നു.’ അത്ര കൂടെക്കൂടെ ഉപയോഗിക്കാത്ത ബൈബിൾപുസ്തകങ്ങളിൽനിന്നുപോലും ഈ നാലു വിധത്തിലുള്ള പ്രയോജനങ്ങൾ നമുക്കു കിട്ടും. ഒരു ഭാഗം വായിക്കുമ്പോൾ അത് യഹോവയെക്കുറിച്ചും ദൈവോദ്ദേശ്യത്തെക്കുറിച്ചും ദൈവം നൽകിയിരിക്കുന്ന തത്ത്വങ്ങളെക്കുറിച്ചും എന്തെല്ലാം പഠിപ്പിക്കുന്നെന്നു കണ്ടെത്താൻ ശ്രമിക്കുക. ആ ഭാഗം നമ്മളെത്തന്നെ ശാസിക്കാൻ ഉപകരിക്കുന്നത് എങ്ങനെയാണെന്നും ചിന്തിക്കുക. നമ്മുടെ ഏതെങ്കിലും തെറ്റായ ഒരു ആഗ്രഹമോ മനോഭാവമോ തിരിച്ചറിയാനും ഒഴിവാക്കാനും അങ്ങനെ വിശ്വസ്തരായി തുടരാനും അതു നമ്മളെ സഹായിക്കുന്നുണ്ടോ? കൂടാതെ ആ ഭാഗം, കാര്യങ്ങൾ നേരെയാക്കാൻ അഥവാ തിരുത്താൻ നമുക്ക് എങ്ങനെ ഉപയോഗിക്കാനാകും എന്നും ചിന്തിക്കുക. ഒരുപക്ഷേ, ശുശ്രൂഷയിലായിരിക്കുമ്പോൾ കണ്ടുമുട്ടുന്ന ഒരാളുടെ തെറ്റായ ഒരു ചിന്ത തിരുത്തിക്കൊടുക്കാൻ നമുക്ക് ആ ഭാഗം ഉപയോഗിക്കാനായേക്കും. ഇനി, ആ ഭാഗത്തുനിന്ന് ശിക്ഷണം ലഭിക്കാൻ നമുക്ക് എന്തു ചെയ്യാം? അതിനു കാര്യങ്ങളെ യഹോവ കാണുന്ന രീതിയിൽ കാണാൻ ആ ഭാഗം എങ്ങനെയാണു സഹായിക്കുന്നതെന്നു ശ്രദ്ധിക്കുക. ബൈബിൾ വായിക്കുമ്പോൾ ഈ നാലു കാര്യങ്ങൾ നമ്മുടെ മനസ്സിലുണ്ടെങ്കിൽ അതിലെ വിലയേറിയ സത്യങ്ങൾ കണ്ടെത്താനും വായനയിൽനിന്ന് പൂർണപ്രയോജനം നേടാനും നമുക്കാകും.
വായിക്കുന്നതിനു ചേർച്ചയിൽ മാറ്റങ്ങൾ വരുത്തുക
12. യേശു എന്തുകൊണ്ടാണു പരീശന്മാരോട്, “നിങ്ങൾ വായിച്ചിട്ടില്ലേ” എന്നു ചോദിച്ചത്?
12 മറ്റൊരു അവസരത്തിൽ യേശു പരീശന്മാരോടും ഇങ്ങനെ ചോദിച്ചു: “നിങ്ങൾ വായിച്ചിട്ടില്ലേ?” (മത്താ. 12:1-7)e അതിലൂടെ, വായിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള അവരുടെ മനോഭാവം ശരിയല്ലെന്നു യേശു കാണിക്കുകയായിരുന്നു. ആ സന്ദർഭത്തിൽ, യേശുവിന്റെ ശിഷ്യന്മാർ ശബത്തുനിയമം ലംഘിച്ചെന്നു പരീശന്മാർ ആരോപിച്ചു. രണ്ടു തിരുവെഴുത്തുദൃഷ്ടാന്തങ്ങളും ഹോശേയയിൽനിന്നുള്ള ഒരു വാക്യവും ഉപയോഗിച്ചുകൊണ്ടാണു യേശു അതിനു മറുപടി കൊടുത്തത്. അതിലൂടെ ശബത്തുനിയമത്തിന്റെ ശരിയായ ഉദ്ദേശ്യം മനസ്സിലാക്കാനും ദയ കാണിക്കാനും പരീശന്മാർ പരാജയപ്പെട്ടെന്നു യേശു തുറന്നുകാട്ടി. ദൈവവചനം വായിക്കുമായിരുന്നെങ്കിലും അതിനു ചേർച്ചയിൽ മാറ്റം വരുത്താൻ അവർക്കു കഴിയാതെപോയത് എന്തുകൊണ്ടായിരുന്നു? കാരണം അവരുടെ മനോഭാവം ശരിയല്ലായിരുന്നു. തങ്ങൾ എല്ലാവരെക്കാളും അറിവുള്ളവരാണെന്നു കാണിക്കാനും മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാനും ഉള്ള ലക്ഷ്യത്തിലാണ് അവർ വായിച്ചിരുന്നത്. അവരുടെ ആ മനോഭാവം വായിക്കുന്ന കാര്യങ്ങളുടെ ശരിയായ അർഥം മനസ്സിലാക്കുന്നതിൽനിന്ന് അവരെ തടഞ്ഞു.—മത്താ. 23:23; യോഹ. 5:39, 40.
13. നമ്മൾ ഏതു മനോഭാവത്തോടെ ബൈബിൾ വായിക്കണം, എന്തുകൊണ്ട്?
13 ബൈബിൾ വായിക്കുമ്പോൾ നമുക്കു ശരിയായ മനോഭാവം ഉണ്ടായിരിക്കണമെന്നു യേശുവിന്റെ വാക്കുകൾ പഠിപ്പിക്കുന്നു. പരീശന്മാരെപ്പോലെയായിരിക്കാതെ നമ്മൾ താഴ്മയുള്ളവരും പഠിക്കാൻ മനസ്സുള്ളവരും ആയിരിക്കണം. ‘വചനം നമ്മളിൽ ഉൾനടാൻ വിനയപൂർവം ദൈവത്തെ അനുവദിക്കുക.’ (യാക്കോ. 1:21) നമ്മൾ വിനയമുള്ളവരാണെങ്കിൽ ദൈവവചനം നമ്മളിൽ മാറ്റങ്ങൾ വരുത്താൻ നമ്മൾ അനുവദിക്കും. അഹങ്കാരവും മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാനുള്ള പ്രവണതയും ഒഴിവാക്കിയാലേ സ്നേഹം, ദയ, അനുകമ്പ പോലുള്ള ഗുണങ്ങളെക്കുറിച്ചുള്ള ബൈബിൾപാഠങ്ങൾക്കു നമ്മുടെ ജീവിതത്തെ സ്വാധീനിക്കാനാകൂ.
14. നമ്മളിൽ മാറ്റങ്ങൾ വരുത്താൻ ദൈവവചനത്തെ അനുവദിക്കുന്നുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം? (ചിത്രങ്ങളും കാണുക.)
14 മറ്റുള്ളവരോടുള്ള നമ്മുടെ പെരുമാറ്റം നോക്കിയാൽ, ദൈവവചനം നമ്മളിൽ മാറ്റം വരുത്തുന്നുണ്ടോ ഇല്ലയോ എന്നു മനസ്സിലാക്കാനാകും. മാറ്റങ്ങൾ വരുത്താൻ ദൈവവചനത്തെ അനുവദിക്കുന്ന കാര്യത്തിൽ പരീശന്മാർ പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ ‘കുറ്റമില്ലാത്തവരെ അവർ കുറ്റം വിധിച്ചു.’ (മത്താ. 12:7) നമ്മുടെ കാര്യത്തിലും അങ്ങനെ സംഭവിക്കാം. അതുകൊണ്ട് ചിന്തിക്കുക: ഞാൻ മറ്റുള്ളവരുടെ നല്ല ഗുണങ്ങൾ ശ്രദ്ധിക്കുകയും അതെക്കുറിച്ച് സംസാരിക്കുകയും ചെയ്യാറുണ്ടോ? അതോ അവരുടെ കുറ്റം കണ്ടുപിടിക്കാനാണോ എന്റെ ചായ്വ്. ഞാൻ മറ്റുള്ളവരോടു ദയയോടെ ഇടപെടുകയും തെറ്റുകൾ ക്ഷമിക്കാൻ മനസ്സുകാണിക്കുകയും ചെയ്യാറുണ്ടോ? അതോ എല്ലാവരെയും വിമർശിക്കുകയും പക വെച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരാളാണോ? ദൈവവചനത്തിൽനിന്ന് വായിക്കുന്ന കാര്യങ്ങൾ നമ്മുടെ ചിന്തകളെയും വികാരങ്ങളെയും പ്രവൃത്തികളെയും സ്വാധീനിക്കുന്നുണ്ടോ എന്നു തിരിച്ചറിയാൻ ഇത്തരം ചോദ്യങ്ങൾ സഹായിക്കും.—1 തിമൊ. 4:12, 15; എബ്രാ. 4:12.
ദൈവവചനം വായിക്കുന്നതു നമുക്കു സന്തോഷം തരും
15. തിരുവെഴുത്തുകളോടുള്ള യേശുവിന്റെ മനോഭാവം എന്തായിരുന്നു?
15 യേശു തിരുവെഴുത്തുകളെ സ്നേഹിച്ചു. അതെക്കുറിച്ച് സങ്കീർത്തനം 40:8-ൽ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞിരുന്നു: “എന്റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യുന്നതല്ലോ എന്റെ സന്തോഷം. അങ്ങയുടെ നിയമം എന്റെ ഉള്ളിന്റെ ഉള്ളിൽ പതിഞ്ഞിരിക്കുന്നു.” അങ്ങനെ ചെയ്തതുകൊണ്ട് യേശു സന്തോഷമുള്ളവനായിരുന്നു, ദൈവത്തെ വിശ്വസ്തമായി സേവിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. ദൈവവചനം വായിക്കുകയും അതിനെ സ്നേഹിക്കാൻ പഠിക്കുകയും ചെയ്താൽ നമുക്കും യേശുവിനെപ്പോലെ സന്തോഷമുള്ളവരായിരിക്കാൻ കഴിയും, യഹോവയെ വിശ്വസ്തമായി സേവിക്കുന്നതിൽ നമ്മൾ വിജയിക്കുകയും ചെയ്യും.—സങ്കീ. 1:1-3.
16. ബൈബിൾവായനയിൽനിന്ന് കൂടുതൽ പ്രയോജനം നേടാൻ നിങ്ങൾ എന്താണു ചെയ്യാൻപോകുന്നത്? (“വായിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ യേശുവിന്റെ വാക്കുകൾ നിങ്ങളെ സഹായിക്കും” എന്ന ചതുരം കാണുക.)
16 യേശുവിന്റെ വാക്കുകളിൽനിന്നും മാതൃകയിൽനിന്നും പഠിച്ച കാര്യങ്ങൾക്കു ചേർച്ചയിൽ നമ്മുടെ ബൈബിൾവായന മെച്ചപ്പെടുത്താൻ നമുക്കു ശ്രമിക്കാം. പ്രാർഥിക്കുകയും സാവകാശം വായിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെറിയ കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നെങ്കിൽ വായിക്കുന്ന ഭാഗം നന്നായി മനസ്സിലാക്കാൻ നമുക്കാകും. ഇനി, വായിക്കുമ്പോൾ വിവേചനാപ്രാപ്തി ഉപയോഗിക്കുക. ബൈബിൾ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ച് വായിച്ച ഭാഗത്തെക്കുറിച്ച് നന്നായി പഠിക്കുന്നത് അതിനു നമ്മളെ സഹായിക്കും. അത്ര കൂടെക്കൂടെ ഉപയോഗിക്കാത്ത ബൈബിൾഭാഗങ്ങളിൽപ്പോലുമുള്ള വിലപ്പെട്ട പാഠങ്ങൾ കണ്ടെത്താൻ ശ്രമിച്ചുകൊണ്ട് തിരുവെഴുത്തുകൾ കൂടുതൽ നന്നായി ഉപയോഗിക്കാൻ നമുക്കു പഠിക്കാനാകും. വായിക്കുമ്പോൾ ശരിയായ മനോഭാവം ഉണ്ടായിരിക്കേണ്ടതും പ്രധാനമാണ്. എങ്കിൽ മാത്രമേ വായിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ മാറ്റങ്ങൾ വരുത്താൻ നമ്മൾ തയ്യാറാകുകയുള്ളൂ. ഈ കാര്യങ്ങളൊക്കെ ചെയ്യാൻ കഴിവിന്റെ പരമാവധി ശ്രമിക്കുന്നെങ്കിൽ ബൈബിൾവായനയിൽനിന്ന് നമുക്കു കൂടുതൽ പ്രയോജനം നേടാനാകും, യഹോവയോടു നമ്മൾ കൂടുതൽ അടുക്കുകയും ചെയ്യും.—സങ്കീ. 119:17, 18; യാക്കോ. 4:8.
ഗീതം 95 വെളിച്ചം കൂടുതൽക്കൂടുതൽ തെളിഞ്ഞുവരുന്നു
a യഹോവയുടെ ആരാധകരായ നമ്മൾ ദിവസവും ബൈബിൾ വായിക്കാൻ ശ്രമിക്കുന്നു. മറ്റുള്ളവരും ബൈബിൾ വായിക്കാറുണ്ടെങ്കിലും വായിക്കുന്ന കാര്യങ്ങളുടെ അർഥം ശരിക്കും മനസ്സിലാക്കുന്നില്ല. യേശുവിന്റെ നാളിലെ ചിലരുടെ കാര്യവും അങ്ങനെതന്നെയായിരുന്നു. തിരുവെഴുത്തുകൾ വായിച്ചിരുന്ന ചിലരോടു യേശു പറഞ്ഞ വാക്കുകളിൽനിന്ന് നമുക്കു ചില കാര്യങ്ങൾ പഠിക്കാനാകും. ബൈബിൾവായനയിൽനിന്ന് കൂടുതൽ പ്രയോജനം നേടാൻ സഹായിക്കുന്ന പാഠങ്ങളാണ് അവ.
b സ്നാനമേറ്റ് പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടപ്പോൾ, മനുഷ്യനായി വരുന്നതിനു മുമ്പുണ്ടായിരുന്ന ജീവിതത്തെക്കുറിച്ചുള്ള ഓർമകൾ യേശുവിനു തിരികെ കിട്ടിയിരിക്കണം.—മത്താ. 3:16.
c മറിയയ്ക്കു തിരുവെഴുത്തുകൾ നന്നായി അറിയാമായിരുന്നു, തന്റെ സംഭാഷണത്തിൽ അവ ഉൾപ്പെടുത്തുകയും ചെയ്തു. (ലൂക്കോ. 1:46-55) സാധ്യതയനുസരിച്ച്, യോസേഫിനും മറിയയ്ക്കും സ്വന്തമായി തിരുവെഴുത്തുകളുടെ ചുരുളുകൾ വാങ്ങാനുള്ള പണമില്ലായിരുന്നു. അതുകൊണ്ടുതന്നെ സിനഗോഗിൽ ദൈവവചനം വായിക്കുമ്പോൾ അവർ നന്നായി ശ്രദ്ധിക്കണമായിരുന്നു. എങ്കിൽ മാത്രമേ അവ വീണ്ടും ഓർത്തെടുക്കാൻ കഴിയുമായിരുന്നുള്ളൂ.
d 2013 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരത്തിലെ “ദൈവത്തോട് അടുത്തുചെല്ലുക—‘അവൻ ജീവനുള്ളവരുടെ ദൈവമാകുന്നു’” എന്ന ലേഖനം കാണുക.
e മത്തായി 19:4-6 വരെയുള്ള വാക്യങ്ങളിലും യേശു പരീശന്മാരോട്, “നിങ്ങൾ വായിച്ചിട്ടില്ലേ” എന്നു ചോദിക്കുന്നതായി കാണാം. സൃഷ്ടിയെക്കുറിച്ചുള്ള തിരുവെഴുത്തുവിവരണം വായിച്ചിട്ടുണ്ടായിരുന്നെങ്കിലും വിവാഹത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണത്തെപ്പറ്റി അത് എന്താണു പഠിപ്പിക്കുന്നതെന്നു മനസ്സിലാക്കാൻ അവർ ശ്രമിച്ചില്ല.
f ചിത്രത്തിന്റെ വിവരണം: മീറ്റിങ്ങിന്റെ സമയത്ത് രാജ്യഹാളിലെ ഓഡിയോ-വീഡിയോ സംവിധാനം കൈകാര്യം ചെയ്യുന്ന സഹോദരന്മാരിൽ ഒരാൾ പല തെറ്റുകൾ വരുത്തുന്നു. എങ്കിലും മീറ്റിങ്ങിനു ശേഷം കൂടെയുള്ള മറ്റു സഹോദരന്മാർ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നതിനു പകരം ചെയ്ത നല്ല ശ്രമങ്ങളെ അഭിനന്ദിക്കുന്നു.