പഠനലേഖനം 48
പ്രശ്നങ്ങളുള്ളപ്പോൾ യഹോവ സഹായിക്കുമെന്ന് ഉറപ്പുള്ളവരായിരിക്കുക
“‘ശക്തനായിരിക്കുക! . . . ഞാൻ നിങ്ങളുടെകൂടെയുണ്ട്’ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.”—ഹഗ്ഗാ. 2:4.
ഗീതം 118 “ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചുതരണേ”
ചുരുക്കംa
1-2. (എ) നമ്മുടെ സാഹചര്യത്തിനും യരുശലേമിലേക്കു മടങ്ങിവന്ന ജൂതന്മാരുടെ സാഹചര്യത്തിനും തമ്മിൽ എന്തൊക്കെ സമാനതകളാണുള്ളത്? (ബി) ജൂതന്മാർക്കു നേരിടേണ്ടി വന്ന ചില ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്? (“ഹഗ്ഗായിയുടെയും സെഖര്യയുടെയും എസ്രയുടെയും നാളുകൾ” എന്ന ചതുരം കാണുക.)
ഭാവിയെക്കുറിച്ച് ഓർത്ത് നിങ്ങൾക്കു ചിലപ്പോഴൊക്കെ ഉത്കണ്ഠ തോന്നിയിട്ടുണ്ടോ? ഒരുപക്ഷേ ജോലി നഷ്ടപ്പെട്ടതുകൊണ്ട് എങ്ങനെ കുടുംബത്തെ പോറ്റുമെന്ന് ഓർത്ത് നിങ്ങൾക്കു ടെൻഷൻ തോന്നിയേക്കാം. ഇനി, രാഷ്ട്രീയപ്രശ്നങ്ങളോ പ്രസംഗപ്രവർത്തനത്തിനു നേരെയുള്ള എതിർപ്പോ ഉപദ്രവമോ ഉള്ളതുകൊണ്ട് കുടുംബത്തിന്റെ സുരക്ഷ എങ്ങനെ ഉറപ്പുവരുത്തുമെന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. നിങ്ങൾ ഇപ്പോൾ അങ്ങനെയൊരു സാഹചര്യത്തിലാണോ? അങ്ങനെയെങ്കിൽ പണ്ട് ഇസ്രായേല്യർക്ക് ഇതുപോലുള്ള പ്രശ്നങ്ങളുണ്ടായപ്പോൾ യഹോവ എങ്ങനെയാണ് അവരെ സഹായിച്ചതെന്നു നോക്കുന്നതു നിങ്ങൾക്കു പ്രയോജനം ചെയ്യും.
2 ബാബിലോണിൽ ജനിച്ചുവളർന്ന ജൂതന്മാർക്ക് അവിടത്തെ സമ്പത്തും സുഖസൗകര്യങ്ങളും ഒക്കെ ഉപേക്ഷിച്ച് പരിചയമില്ലാത്ത ഒരു ദേശത്തേക്കു പോകാൻ ശക്തമായ വിശ്വാസം വേണമായിരുന്നു. ഇനി, ആ ദേശത്ത് എത്തിയശേഷം പെട്ടെന്നുതന്നെ ജീവിതം കെട്ടിപ്പടുക്കുന്നതിന്റെ ബുദ്ധിമുട്ടുകളും പേർഷ്യൻ സാമ്രാജ്യത്തിലെ രാഷ്ട്രീയപ്രശ്നങ്ങളും ചുറ്റുമുള്ള ജനതകളുടെ എതിർപ്പുകളും അവർക്കു നേരിടേണ്ടിവന്നു. ഇതൊക്കെ കാരണം യഹോവയുടെ ആലയം പുതുക്കിപ്പണിയുക എന്ന പ്രധാനപ്പെട്ട ജോലി ചെയ്യുന്നതു ചിലർക്കു ബുദ്ധിമുട്ടായി തോന്നി. അതുകൊണ്ട് സത്യാരാധനയിലുള്ള ആളുകളുടെ തീക്ഷ്ണത ശക്തമാക്കുന്നതിനുവേണ്ടി ഏതാണ്ട് ബി.സി. 520-ൽ പ്രവാചകന്മാരായ ഹഗ്ഗായിയെയും സെഖര്യയെയും യഹോവ അയച്ചു. (ഹഗ്ഗാ. 1:1; സെഖ. 1:1) അവർ നൽകിയ പ്രോത്സാഹനം ശരിക്കും ഫലം ചെയ്തു. എന്നാൽ ഏകദേശം 50 വർഷം കഴിഞ്ഞപ്പോഴേക്കും മടങ്ങിവന്ന ജൂതന്മാരുടെ ഉത്സാഹം വീണ്ടും തണുത്തുതുടങ്ങി. ആ സമയത്താണു സത്യാരാധനയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനായി നിയമത്തിന്റെ വിദഗ്ധ പകർപ്പെഴുത്തുകാരനായ എസ്ര ബാബിലോണിൽനിന്ന് യരുശലേമിലേക്കു വരുന്നത്.—എസ്ര 7:1, 6.
3. നമ്മൾ ഏതു ചോദ്യങ്ങളുടെ ഉത്തരങ്ങൾ കണ്ടെത്തും? (സുഭാഷിതങ്ങൾ 22:19)
3 പ്രശ്നങ്ങളിന്മധ്യേയും യഹോവയിൽ ആശ്രയിക്കാൻ ഹഗ്ഗായിയുടെയും സെഖര്യയുടെയും പ്രവചനങ്ങൾ അന്നത്തെ ദൈവജനത്തെ സഹായിച്ചു. പ്രയാസങ്ങളുടെ സമയത്ത് യഹോവ കൂടെയുണ്ടെന്ന വിശ്വാസം ശക്തമാക്കാൻ ആ പ്രവചനങ്ങൾക്കു നമ്മളെയും സഹായിക്കാനാകും. (സുഭാഷിതങ്ങൾ 22:19 വായിക്കുക.) ഹഗ്ഗായിലൂടെയും സെഖര്യയിലൂടെയും ദൈവം നൽകിയ സന്ദേശത്തെക്കുറിച്ചും എസ്രയുടെ മാതൃകയെക്കുറിച്ചും പഠിക്കുമ്പോൾ നമ്മൾ മൂന്നു ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തും. ജീവിതത്തിൽ നേരിടേണ്ടിവന്ന പ്രശ്നങ്ങൾ ജൂതന്മാരെ എങ്ങനെയാണു ബാധിച്ചത്? പ്രശ്നങ്ങളുള്ളപ്പോഴും നമ്മൾ ദൈവസേവനത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കേണ്ടത് എന്തുകൊണ്ട്? ബുദ്ധിമുട്ടുകളുടെ സമയത്ത് യഹോവ കൂടെയുണ്ടെന്നുള്ള വിശ്വാസം നമുക്ക് എങ്ങനെ ശക്തമാക്കാം?
പ്രശ്നങ്ങൾ കാരണം ഉത്സാഹം കുറയുന്നു
4-5. ആലയം പുനർനിർമിക്കാനുള്ള ജൂതന്മാരുടെ ഉത്സാഹം തണുത്തുപോകാനുള്ള കാരണങ്ങൾ എന്തെല്ലാമായിരുന്നിരിക്കാം?
4 യരുശലേമിൽ മടങ്ങിയെത്തിയ ജൂതന്മാർക്ക് ഒരുപാടു ജോലികൾ ചെയ്യാനുണ്ടായിരുന്നു. അവർ പെട്ടെന്നുതന്നെ യാഗപീഠം പുനർനിർമിക്കുകയും ആലയത്തിന് അടിസ്ഥാനം ഇടുകയും ചെയ്തു. (എസ്ര 3:1-3, 10) എന്നാൽ അവർക്ക് ആദ്യമുണ്ടായിരുന്ന ഉത്സാഹം പെട്ടെന്നുതന്നെ മങ്ങിപ്പോയി. എന്തുകൊണ്ടായിരുന്നു? ആലയം പണിയുന്നതോടൊപ്പം അവർക്കു സ്വന്തം വീടു പണിയുകയും കൃഷി ചെയ്യുകയും കുടുംബത്തെ പോറ്റുകയും ചെയ്യണമായിരുന്നു. (എസ്ര 2:68, 70) അതിനു പുറമേ, ആലയംപണി തടസ്സപ്പെടുത്താൻ പദ്ധതിയിട്ട ശത്രുക്കളുടെ എതിർപ്പും അവർക്കു നേരിടേണ്ടിവന്നു.—എസ്ര 4:1-5.
5 പ്രവാസത്തിൽനിന്ന് മടങ്ങിവന്ന ജൂതന്മാർക്കു സാമ്പത്തികവും രാഷ്ട്രീയവും ആയ പ്രശ്നങ്ങൾകൂടി നേരിടേണ്ടിവന്നു. ആ സമയത്ത് ദേശം പേർഷ്യൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. ബി.സി. 530-ൽ പേർഷ്യൻ രാജാവായ കോരെശ് മരിച്ചശേഷം പിന്നീട് അധികാരത്തിൽ വന്ന കാംബിസെസ് ഈജിപ്തിന് എതിരെ ഒരു സൈനികനീക്കം നടത്തി. സാധ്യതയനുസരിച്ച്, ആ സൈന്യം ഇസ്രായേൽ ദേശത്തുകൂടിയായിരിക്കാം ഈജിപ്തിലേക്കു പോയത്. അപ്പോൾ അവർ ഇസ്രായേല്യരോടു ഭക്ഷണവും വെള്ളവും താമസസൗകര്യവും ആവശ്യപ്പെട്ടു കാണും. അതു ജൂതന്മാരുടെ ജീവിതം കൂടുതൽ കഷ്ടത്തിലാക്കിയിട്ടുണ്ടാകണം. കാംബിസെസിന്റെ പിൻഗാമിയായിരുന്ന ദാര്യാവേശ് ഒന്നാമൻ ഭരണം ആരംഭിച്ച സമയത്തും പേർഷ്യൻ സാമ്രാജ്യത്തിലെങ്ങും രാഷ്ട്രീയപ്രശ്നങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടായിരുന്നു. ഇതെല്ലാം കാരണം പ്രവാസത്തിൽനിന്ന് മടങ്ങിവന്ന ജൂതന്മാരിൽ പലരും തങ്ങളുടെ കുടുംബത്തെ എങ്ങനെ പോറ്റുമെന്ന് ഓർത്ത് ഉത്കണ്ഠപ്പെട്ടു. ഇത്തരം പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നതുകൊണ്ട് യഹോവയുടെ ആലയം പുനർനിർമിക്കാനുള്ള സമയമായിട്ടില്ലെന്നു പല ജൂതന്മാർക്കും തോന്നി.—ഹഗ്ഗാ. 1:2.
6. ജൂതന്മാർക്കു മറ്റ് എന്തൊക്കെ പ്രശ്നങ്ങൾ നേരിടേണ്ടിവന്നു? സെഖര്യ അവർക്ക് എന്ത് ഉറപ്പാണു കൊടുത്തത്? (സെഖര്യ 4:6,7)
6 സെഖര്യ 4:6, 7 വായിക്കുക. സാമ്പത്തികബുദ്ധിമുട്ടും രാഷ്ട്രീയപ്രശ്നങ്ങളും നേരിടുന്നതോടൊപ്പം ജൂതന്മാർക്ക് ഉപദ്രവവും സഹിക്കേണ്ടിവന്നു. ബി.സി. 522-ൽ, യഹോവയുടെ ആലയം പുനർനിർമിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തുന്നതിൽ ശത്രുക്കൾ വിജയിച്ചു. എന്നാൽ എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും യഹോവ തന്റെ ആത്മാവിനെ ഉപയോഗിച്ച് അതെല്ലാം നീക്കുമെന്നു സെഖര്യ ജനത്തിന് ഉറപ്പു കൊടുത്തു. ബി.സി. 520-ൽ ദാര്യാവേശ് രാജാവ് വിലക്കു പിൻവലിക്കുകയും പണിക്ക് ആവശ്യമായ സാമ്പത്തികസഹായം നൽകുകയും ചെയ്തു. കൂടാതെ, ജൂതന്മാരെ സഹായിക്കാൻ പ്രദേശത്തെ ഗവർണർമാരോടു കല്പിക്കുകയും ചെയ്തു.—എസ്ര 6:1, 6-10.
7. ദൈവേഷ്ടം ചെയ്യുന്നതിനു പ്രാധാന്യം കൊടുത്തപ്പോൾ ജൂതന്മാർക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ കിട്ടി?
7 ആലയത്തിന്റെ പണിക്ക് ഒന്നാം സ്ഥാനം കൊടുക്കുകയാണെങ്കിൽ തീർച്ചയായും അവർക്ക് യഹോവയുടെ പിന്തുണ ഉണ്ടാകുമെന്നു ഹഗ്ഗായിലൂടെയും സെഖര്യയിലൂടെയും യഹോവ ഉറപ്പു കൊടുത്തു. (ഹഗ്ഗാ. 1:8, 13, 14; സെഖ. 1:3, 16) പ്രവാചകന്മാരിൽനിന്ന് പ്രോത്സാഹനം നേടിയ ജൂതന്മാർ ബി.സി. 520-ൽ വീണ്ടും പണി ആരംഭിച്ചു. ഏകദേശം അഞ്ചു വർഷംകൊണ്ട് അവർ അതു തീർക്കുകയും ചെയ്തു. പല പ്രശ്നങ്ങളുണ്ടായിരുന്നിട്ടും ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിനു പ്രാധാന്യം കൊടുത്തതുകൊണ്ട് യഹോവ അവരെ അനുഗ്രഹിച്ചു. ദൈവവുമായി ഒരു അടുത്തബന്ധമുണ്ടായിരിക്കാൻ അവരെ സഹായിക്കുകയും അവർക്കു ജീവിക്കാൻ ആവശ്യമായതു നൽകുകയും ചെയ്തു. അങ്ങനെ സന്തോഷത്തോടെ യഹോവയെ ആരാധിക്കാൻ അവർക്കായി.—എസ്ര 6:14-16, 22.
ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിന് എപ്പോഴും പ്രാധാന്യം കൊടുക്കുക
8. ഹഗ്ഗായി 2:4-ലെ വാക്കുകൾ ദൈവത്തിന്റെ ഇഷ്ടത്തിന് ഒന്നാം സ്ഥാനം കൊടുക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെ? (അടിക്കുറിപ്പും കാണുക.)
8 മഹാകഷ്ടത അടുത്ത് എത്തിയിരിക്കുന്ന ഈ സമയത്ത്, നമ്മൾ പ്രസംഗപ്രവർത്തനം ചെയ്യേണ്ടതിന്റെ പ്രാധാന്യം കൂടിക്കൂടി വരുകയാണ്. (മർക്കോ. 13:10) അത് അറിയാമെങ്കിലും ശുശ്രൂഷയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കാൻ നമുക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. ഒരുപക്ഷേ, സാമ്പത്തികപ്രശ്നങ്ങളോ പ്രസംഗപ്രവർത്തനത്തിനു നേരെയുള്ള എതിർപ്പോ ഒക്കെയായിരിക്കാം അതിനു കാരണം. അത്തരം സാഹചര്യങ്ങളിലും ജീവിതത്തിൽ യഹോവയുടെ ഇഷ്ടത്തിന് ഒന്നാം സ്ഥാനം കൊടുക്കാൻ നമ്മളെ എന്തു സഹായിക്കും? “സൈന്യങ്ങളുടെ അധിപനായ യഹോവ”b കൂടെയുണ്ടെന്ന് ഓർക്കുന്നത് അതിനു സഹായിക്കും. എപ്പോഴും നമ്മുടെ കാര്യങ്ങളെക്കാൾ ദൈവരാജ്യത്തിനു പ്രാധാന്യം കൊടുക്കുകയാണെങ്കിൽ, ദൈവം നമ്മുടെ സഹായത്തിനുണ്ടാകും. അതുകൊണ്ട് നമ്മൾ ഒന്നിനെയും പേടിക്കേണ്ടതില്ല.—ഹഗ്ഗായി 2:4 വായിക്കുക.
9-10. മത്തായി 6:33-ലെ യേശുവിന്റെ വാക്കുകൾ എത്ര സത്യമാണെന്ന് ഒരു ദമ്പതികൾ അനുഭവിച്ചറിഞ്ഞത് എങ്ങനെ?
9 മുൻനിരസേവകരായിരുന്ന ഒലേഗ്, ഐറിനc ദമ്പതികളുടെ കാര്യം നോക്കുക. മറ്റൊരു സഭയെ സഹായിക്കുന്നതിനുവേണ്ടി അവർ ആ സ്ഥലത്തേക്കു താമസം മാറി. പക്ഷേ, രാജ്യത്തെ ചില സാമ്പത്തികപ്രശ്നങ്ങൾ കാരണം അവർക്കു വരുമാനമാർഗം നഷ്ടമായി. ഏതാണ്ട് ഒരു വർഷത്തോളം അവർക്ക് ഒരു സ്ഥിരവരുമാനമില്ലായിരുന്നു. എങ്കിലും, ആ സമയത്തെല്ലാം അവർ യഹോവയുടെ സ്നേഹം അനുഭവിച്ചറിഞ്ഞു. പലപ്പോഴും സഹോദരങ്ങളുടെ സഹായവും കിട്ടി. പ്രയാസം നിറഞ്ഞ ആ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ ആ ദമ്പതികളെ സഹായിച്ചത് എന്താണ്? ആദ്യം അൽപ്പം നിരാശ തോന്നിയെങ്കിലും ഒലേഗ് സഹോദരൻ പറയുന്നത് ഇതാണ്: “പ്രസംഗപ്രവർത്തനത്തിൽ കഴിയുന്നത്ര സമയം ഉൾപ്പെട്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യത്തിൽനിന്ന് ശ്രദ്ധ മാറാതിരിക്കാൻ ഞങ്ങളെ സഹായിച്ചു.” അദ്ദേഹവും ഭാര്യയും ജോലി അന്വേഷിച്ചുകൊണ്ടിരുന്നപ്പോഴും ശുശ്രൂഷയിൽ തീക്ഷ്ണതയുള്ളവരായിരുന്നു.
10 ഒരു ദിവസം പ്രസംഗപ്രവർത്തനം കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ ഈ ദമ്പതികളുടെ അയൽവാസി രണ്ടു ബാഗ് നിറയെ ഭക്ഷണസാധനങ്ങൾ അവരെ ഏൽപ്പിച്ചു. 160 കിലോമീറ്റർ അകലെനിന്ന് ഒരു സുഹൃത്ത് ഒലേഗിനും ഐറിനയ്ക്കും വേണ്ടി കൊണ്ടുവന്നതായിരുന്നു ആ സാധനങ്ങൾ. ഒലേഗ് പറയുന്നു: “ആ ദിവസം, യഹോവയുടെയും സഭയിലെ സഹോദരങ്ങളുടെയും കരുതൽ ശരിക്കും അനുഭവിച്ചറിയാൻ ഞങ്ങൾക്ക് ഒരിക്കൽക്കൂടി കഴിഞ്ഞു. സാഹചര്യം എത്ര മോശമാണെങ്കിലും യഹോവ തന്റെ ദാസരെ ഒരിക്കലും മറക്കില്ലെന്ന കാര്യം ഞങ്ങൾക്കു ബോധ്യമായി.”—മത്താ. 6:33.
11. ദൈവേഷ്ടം ചെയ്യുന്നതിന് ഒന്നാം സ്ഥാനം നൽകുന്നെങ്കിൽ നമുക്ക് എന്തു പ്രതീക്ഷിക്കാം?
11 ആളുകളുടെ ജീവൻ രക്ഷിക്കുന്ന ശിഷ്യരാക്കൽ വേലയ്ക്കു നമ്മൾ പൂർണശ്രദ്ധ കൊടുക്കാൻ യഹോവ ആഗ്രഹിക്കുന്നു. ഏഴാം ഖണ്ഡികയിൽ കണ്ടതുപോലെ ദേവാലയത്തിന്റെ പണി വീണ്ടും ആരംഭിക്കാൻ ഹഗ്ഗായി യഹോവയുടെ ജനത്തോട് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താൽ അവരെ “അനുഗ്രഹിക്കും” എന്ന് യഹോവ വാക്കു കൊടുത്തു. (ഹഗ്ഗാ. 2:18, 19) യഹോവ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നെങ്കിൽ നമ്മുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുമെന്നു നമുക്കും ഉറപ്പുണ്ടായിരിക്കാനാകും.
യഹോവ കൂടെയുണ്ടെന്ന വിശ്വാസം എങ്ങനെ ശക്തമാക്കാം
12. എസ്രയ്ക്കും കൂടെയുണ്ടായിരുന്ന ജൂതന്മാർക്കും ശക്തമായ വിശ്വാസം വേണ്ടിയിരുന്നത് എന്തുകൊണ്ട്?
12 ബി.സി. 468-ൽ ജൂതന്മാരുടെ രണ്ടാമത്തെ കൂട്ടം ബാബിലോണിൽനിന്ന് യരുശലേമിലേക്കു പുറപ്പെട്ടു. അവരെ നയിച്ചത് എസ്രയായിരുന്നു. ഇങ്ങനെയൊരു യാത്ര നടത്താൻ അവർക്കു നല്ല വിശ്വാസം വേണമായിരുന്നു. കാരണം, വളരെ അപകടം പിടിച്ച വഴിയിലൂടെയായിരുന്നു അവർക്കു സഞ്ചരിക്കേണ്ടിയിരുന്നത്. ആലയത്തിലേക്കു സംഭാവനയായി ലഭിച്ച ഒരുപാടു സ്വർണവും വെള്ളിയും കൈയിലുണ്ടായിരുന്നതുകൊണ്ട്, കള്ളന്മാരുടെ ആക്രമണത്തിന് ഇരയാകാനുള്ള സാധ്യത കൂടുതലായിരുന്നു. (എസ്ര 7:12-16; 8:31) ഇനി, യരുശലേമിൽ എത്തിയപ്പോൾ അവിടവും അത്ര സുരക്ഷിതമല്ലെന്ന കാര്യം അവർ മനസ്സിലാക്കി. നഗരത്തിൽ ആൾത്താമസം വളരെ കുറവായിരുന്നു. മാത്രമല്ല, മതിലുകളും കവാടങ്ങളും പുതുക്കിപ്പണിയേണ്ടതുമുണ്ടായിരുന്നു. യഹോവ കൂടെയുണ്ടെന്ന വിശ്വാസം ശക്തമാക്കുന്ന കാര്യത്തിൽ എസ്രയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
13. യഹോവയിലുള്ള തന്റെ വിശ്വാസം എസ്ര ശക്തമാക്കിയത് എങ്ങനെ? (അടിക്കുറിപ്പും കാണുക.)
13 പരീക്ഷണങ്ങളുടെ സമയത്ത് യഹോവ എങ്ങനെയാണു തന്റെ ജനത്തെ സംരക്ഷിച്ചതെന്ന് എസ്ര കണ്ടിട്ടുണ്ടായിരുന്നു. വർഷങ്ങൾക്കു മുമ്പ് ബി.സി. 484-ൽ പേർഷ്യൻ സാമ്രാജ്യത്തിലുള്ള ജൂതന്മാരെയെല്ലാം കൊന്നുകളയാൻ അഹശ്വേരശ് രാജാവ് ഉത്തരവിട്ടു. (എസ്ഥേ. 3:7, 13-15) സാധ്യതയനുസരിച്ച് എസ്ര അപ്പോൾ ബാബിലോണിലായിരുന്നു. മറ്റു ജൂതന്മാരെപ്പോലെ അദ്ദേഹത്തിന്റെ ജീവനും ഭീഷണിയിലായി. ‘എല്ലാ സംസ്ഥാനങ്ങളിലെയും’ ജൂതന്മാർ ഇതു കേട്ടപ്പോൾ കരഞ്ഞ് ഉപവസിച്ചു. ഉറപ്പായും അവർ ആ സമയത്ത് സഹായത്തിനായി യഹോവയിലേക്കു തിരിയുകയും ചെയ്തു. (എസ്ഥേ. 4:3) സാഹചര്യം തങ്ങൾക്ക് അനുകൂലമാകുകയും ജൂതന്മാരെ കൊല്ലാൻ നോക്കിയവരെല്ലാം കൊല്ലപ്പെടുകയും ചെയ്യുന്നതു കണ്ടപ്പോൾ എസ്രയ്ക്കും മറ്റു ജൂതന്മാർക്കും എത്ര ആശ്ചര്യം തോന്നിക്കാണും! (എസ്ഥേ. 9:1, 2) ഈ സംഭവം ഭാവിയിൽ ഉണ്ടാകാനിരുന്ന പ്രശ്നങ്ങളെ നേരിടാനുള്ള ധൈര്യം എസ്രയ്ക്കു നൽകി. കൂടാതെ, യഹോവയ്ക്ക് തന്റെ ജനത്തെ സംരക്ഷിക്കാനാകുമെന്ന അദ്ദേഹത്തിന്റെ വിശ്വാസം കൂടുതൽ ശക്തമാകുകയും ചെയ്തു.d
14. ജീവിതത്തിലെ ബുദ്ധിമുട്ടു നിറഞ്ഞ ഒരു സാഹചര്യത്തിൽ യഹോവയുടെ കരുതലിനെക്കുറിച്ച് ഒരു സഹോദരി എന്തു പാഠമാണു പഠിച്ചത്?
14 ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ യഹോവ എങ്ങനെയാണു നമുക്കായി കരുതുന്നതെന്ന് അനുഭവിച്ചറിയുമ്പോൾ ഭാവിയിലും യഹോവ കരുതുമെന്ന ഉറപ്പ് ശക്തമാകും. കിഴക്കൻ യൂറോപ്പിൽനിന്നുള്ള അനസ്താഷ്യയുടെ അനുഭവം ശ്രദ്ധിക്കുക. ഒരു രാഷ്ട്രീയപ്രശ്നത്തിൽ പക്ഷം പിടിക്കാൻ സഹജോലിക്കാർ നിർബന്ധിച്ചപ്പോൾ സഹോദരിക്കു ജോലി ഉപേക്ഷിക്കേണ്ടതായിവന്നു. സഹോദരി പറയുന്നു: “കൈയിൽ ഒരു ചില്ലിക്കാശുപോലും ഇല്ലാത്ത ഒരു സാഹചര്യം എന്റെ ജീവിതത്തിൽ ഇതിനു മുമ്പ് ഉണ്ടായിട്ടേയില്ല!” പക്ഷേ, സഹോദരി തുടർന്ന് ഇങ്ങനെയാണു പറഞ്ഞത്: “ഞാൻ എന്റെ കാര്യം യഹോവയ്ക്കു വിട്ടുകൊടുത്തു. എത്ര നന്നായിട്ടാണു ദൈവം എനിക്കുവേണ്ടി കരുതിയതെന്നു ഞാൻ കണ്ടറിയുകയും ചെയ്തു. ഇതുപോലെ ഇനി എപ്പോഴെങ്കിലും ജോലി നഷ്ടപ്പെട്ടാൽ ഞാൻ ഒട്ടും പേടിക്കില്ല. എന്റെ സ്വർഗീയപിതാവ് ഇന്ന് എനിക്കുവേണ്ടി കരുതുന്നുണ്ടെങ്കിൽ നാളെയും കരുതും.”
15. യഹോവയിലുള്ള തന്റെ വിശ്വാസം ശക്തമാക്കാൻ എസ്രയെ എന്തു സഹായിച്ചു? (എസ്ര 7:27, 28)
15 എസ്ര സ്വന്തം ജീവിതത്തിൽ യഹോവയുടെ കൈ കണ്ടിരുന്നു. യഹോവ തന്നെ സഹായിച്ച സന്ദർഭങ്ങളെക്കുറിച്ച് ചിന്തിച്ചതു ദൈവം എപ്പോഴും തന്റെകൂടെയുണ്ടെന്ന എസ്രയുടെ വിശ്വാസം കൂടുതൽ ശക്തമാക്കി. “എന്റെ ദൈവമായ യഹോവയുടെ കൈ എന്റെ മേലുണ്ടായിരുന്നു” എന്ന പദപ്രയോഗം ശ്രദ്ധിക്കുക. (എസ്ര 7:27, 28 വായിക്കുക.) ഇതിനോടു സമാനമായ വാക്കുകൾ, എസ്രയുടെ പേരിലുള്ള ബൈബിൾപുസ്തകത്തിൽ വേറെ അഞ്ചു തവണകൂടെ അദ്ദേഹം ഉപയോഗിച്ചിരിക്കുന്നതു കാണാം.—എസ്ര 7:6, 9; 8:18, 22, 31.
16. ജീവിതത്തിൽ ഏതൊക്കെ സാഹചര്യങ്ങളിൽ യഹോവയുടെ കൈ നമുക്കു വ്യക്തമായി കാണാൻ കഴിഞ്ഞേക്കും? (ചിത്രവും കാണുക.)
16 ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ യഹോവയ്ക്കു നമ്മളെ സഹായിക്കാൻ കഴിയും. ഉദാഹരണത്തിന് ഇങ്ങനെയൊരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുക. കൺവെൻഷൻ കൂടുന്നതിനുവേണ്ടി നിങ്ങൾ ബോസിനോട് അവധി ചോദിക്കുന്നു. അല്ലെങ്കിൽ എല്ലാ മീറ്റിങ്ങുകൾക്കും കൂടിവരുന്നതിന്, ഇപ്പോഴത്തെ ജോലിസമയത്തിൽ ചില മാറ്റങ്ങൾ അനുവദിക്കാമോ എന്നു ചോദിക്കുന്നു. അത്തരം സന്ദർഭങ്ങൾ, യഹോവയുടെ കൈ നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നതു കാണാനുള്ള അവസരങ്ങളാണ്. പ്രതീക്ഷിച്ചതിലും നന്നായി കാര്യങ്ങൾ നടക്കുന്നതു കാണുമ്പോൾ നമ്മൾ അതിശയിച്ചുപോയേക്കാം. അത് യഹോവയിലുള്ള നമ്മുടെ വിശ്വാസം കൂടുതൽ ശക്തമാക്കും.
17. ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങളിൽ എസ്ര എങ്ങനെയാണു താഴ്മ കാണിച്ചത്? (പുറംതാളിലെ ചിത്രം കാണുക.)
17 എസ്ര താഴ്മയോടെ സഹായത്തിനായി യഹോവയിലേക്കു നോക്കി. തനിക്കു ചെയ്യാനുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഓർത്ത് ഉത്കണ്ഠ തോന്നിയപ്പോഴെല്ലാം എസ്ര താഴ്മയോടെ യഹോവയോടു പ്രാർഥിച്ചു. (എസ്ര 8:21-23; 9:3-5) എസ്രയുടെ ആ മനോഭാവം ചുറ്റുമുണ്ടായിരുന്നവരെയും സ്വാധീനിച്ചു. അദ്ദേഹത്തെ പിന്തുണയ്ക്കാനും അദ്ദേഹത്തിന്റെ വിശ്വാസം അനുകരിക്കാനും അവരും തയ്യാറായി. (എസ്ര 10:1-4) കുടുംബത്തിന്റെ ആവശ്യങ്ങൾ നടത്തുന്നതിനെക്കുറിച്ചോ അവരുടെ സുരക്ഷയെക്കുറിച്ചോ ഓർത്ത് ഉത്കണ്ഠ തോന്നുമ്പോൾ നമ്മളും ധൈര്യത്തോടെ സഹായത്തിനായി യഹോവയോടു പ്രാർഥിക്കുന്നു.
18. യഹോവ കൂടെയുണ്ടെന്നുള്ള വിശ്വാസം ശക്തമാക്കാൻ നമ്മളെ എന്തു സഹായിക്കും?
18 നമ്മൾ താഴ്മയോടെ യഹോവയിലേക്കു നോക്കുകയും സഹാരാധകരുടെ സഹായം സ്വീകരിക്കുകയും ചെയ്യുമ്പോൾ യഹോവ കൂടെയുണ്ടെന്നുള്ള വിശ്വാസം ശക്തമാകും. മൂന്നു മക്കളുള്ള എറിക്കയുടെ അനുഭവം നോക്കുക. ജീവിതത്തിൽ വലിയ ദുരന്തങ്ങളുണ്ടായപ്പോഴും യഹോവ തന്നെ സഹായിക്കുമെന്ന കാര്യത്തിൽ എറിക്കയ്ക്കു ശക്തമായ വിശ്വാസമുണ്ടായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ, സഹോദരിക്കു ഭർത്താവിനെയും ജനിക്കാനിരുന്ന മകളെയും മരണത്തിൽ നഷ്ടപ്പെട്ടു. ആ സമയത്തെക്കുറിച്ച് ചിന്തിച്ചിട്ട് സഹോദരി പറയുന്നത് ഇതാണ്: “യഹോവ എങ്ങനെയാണു നിങ്ങളെ സഹായിക്കാൻ പോകുന്നതെന്ന് ഒരിക്കലും മുൻകൂട്ടിപ്പറയാൻ പറ്റില്ല. വിചാരിക്കാത്ത വഴികളിലൂടെയായിരിക്കും സഹായം വരുന്നത്. സുഹൃത്തുക്കളുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും എന്റെ പല പ്രാർഥനകൾക്കുമുള്ള ഉത്തരമാണു കിട്ടുന്നതെന്നു ഞാൻ മനസ്സിലാക്കി. എന്റെ വിഷമങ്ങളെക്കുറിച്ച് കൂട്ടുകാരോടു തുറന്നുപറയുമ്പോൾ അവർക്ക് എന്നെ കൂടുതൽ നന്നായി സഹായിക്കാൻ കഴിയുന്നു.”
യഹോവ കൂടെയുണ്ടെന്ന വിശ്വാസം അവസാനത്തോളം കാത്തുസൂക്ഷിക്കുക
19-20. യരുശലേമിലേക്കു മടങ്ങാൻ കഴിയാതിരുന്ന ജൂതന്മാരിൽനിന്ന് എന്തു പഠിക്കാം?
19 ബാബിലോണിൽനിന്ന് യരുശലേമിലേക്കു പോരാൻ കഴിയാതിരുന്ന ജൂതന്മാരിൽനിന്നും നമുക്കു വിലപ്പെട്ട ഒരു പാഠം പഠിക്കാനാകും. പ്രായമോ രോഗമോ കുടുംബോത്തരവാദിത്വങ്ങളോ കാരണമായിരിക്കാം അവരിൽ ചിലർക്ക് യരുശലേമിലേക്കു പോകാൻ കഴിയാതെ വന്നത്. എങ്കിലും, ആലയത്തിലേക്കു ധാരാളം സംഭാവനകൾ നൽകിക്കൊണ്ട് അവർ തിരിച്ചുപോകുന്നവരെ പിന്തുണച്ചു. (എസ്ര 1:5, 6) ബാബിലോണിൽനിന്ന് ആദ്യകൂട്ടം ജൂതന്മാർ യരുശലേമിലേക്കു പോന്ന് ഏകദേശം 19 വർഷത്തിനു ശേഷവും അവർ ഇങ്ങനെ സംഭാവനകൾ കൊടുത്തുവിട്ടിരുന്നതായി തോന്നുന്നു.—സെഖ. 6:10.
20 ദൈവസേവനത്തിൽ നമുക്ക് അധികമൊന്നും ചെയ്യാൻ കഴിയുന്നില്ലെന്നാണു തോന്നുന്നതെങ്കിലും ഹൃദയപൂർവം നമ്മൾ ചെയ്യുന്ന കാര്യങ്ങളെല്ലാം യഹോവ വിലമതിക്കുന്നുണ്ടെന്നു നമുക്ക് ഓർക്കാം. യഹോവ സെഖര്യയോടു ചെയ്യാൻ പറഞ്ഞ ഒരു കാര്യം സൂചിപ്പിക്കുന്നത് അതാണ്. ബാബിലോണിൽ പ്രവാസത്തിലായിരുന്നവർ കൊടുത്തുവിട്ട സ്വർണവും വെള്ളിയും എടുത്ത് ഒരു കിരീടമുണ്ടാക്കാൻ യഹോവ സെഖര്യയോടു പറയുന്നു. (സെഖ. 6:11) ആ “വിശിഷ്ടകിരീടം” അവരുടെ ഉദാരമായ സംഭാവനകളുടെ ‘സ്മാരകമായിരിക്കുമായിരുന്നു.’ (സെഖ. 6:14, അടിക്കുറിപ്പ്) പ്രയാസം നിറഞ്ഞ സമയങ്ങളിൽ യഹോവയെ സേവിക്കാൻ നമ്മൾ ചെയ്യുന്ന കഠിനശ്രമം യഹോവ ഒരിക്കലും മറക്കില്ലെന്ന് ഉറപ്പുണ്ടായിരിക്കാം.—എബ്രാ. 6:10.
21. ധൈര്യത്തോടെ ഭാവിയിലേക്കു നോക്കാൻ നമ്മളെ എന്തു സഹായിക്കും?
21 നമ്മൾ ജീവിക്കുന്ന ഈ അവസാനകാലത്ത് പല തരത്തിലുള്ള പ്രയാസസാഹചര്യങ്ങൾ ഉണ്ടായേക്കാമെന്നും ഭാവിയിൽ അവ കൂടിയേക്കാമെന്നും നമുക്ക് അറിയാം. (2 തിമൊ. 3:1, 13) എങ്കിലും, നമ്മൾ ഉത്കണ്ഠപ്പെട്ട് തളർന്നുപോകേണ്ടതില്ല. ഹഗ്ഗായിയുടെ നാളിലെ തന്റെ ജനത്തോടു യഹോവ പറഞ്ഞ വാക്കുകൾ ഓർക്കുക: “ഞാൻ നിങ്ങളുടെകൂടെയുണ്ട് . . . പേടിക്കേണ്ടാ.” (ഹഗ്ഗാ. 2:4, 5) ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ നമ്മൾ പരമാവധി ശ്രമിക്കുമ്പോൾ ദൈവം കൂടെത്തന്നെ ഉണ്ടായിരിക്കുമെന്നു നമുക്കും ഉറപ്പുണ്ടായിരിക്കാം. ഹഗ്ഗായിയുടെയും സെഖര്യയുടെയും പ്രവചനങ്ങളിൽനിന്നും എസ്രയുടെ മാതൃകയിൽനിന്നും പഠിച്ച പാഠങ്ങൾ നമുക്കു ജീവിതത്തിൽ പ്രാവർത്തികമാക്കാം. അപ്പോൾ ഭാവിയിൽ എന്തൊക്കെ പ്രശ്നങ്ങൾ നേരിട്ടാലും യഹോവ ഒപ്പമുണ്ടായിരിക്കുമെന്ന നമ്മുടെ വിശ്വാസം കൂടുതൽ ശക്തമാകും.
ഗീതം 122 അചഞ്ചലരായ് ഉറച്ചുനിൽക്കാം
a നമുക്ക് ഇന്നു സാമ്പത്തികബുദ്ധിമുട്ടോ രാഷ്ട്രീയപ്രശ്നങ്ങളോ പ്രസംഗപ്രവർത്തനത്തിന് എതിർപ്പോ നേരിട്ടേക്കാം. അത്തരം സാഹചര്യങ്ങളിൽ യഹോവ നമ്മുടെ കൂടെയുണ്ടായിരിക്കുമെന്ന ഉറപ്പ് ശക്തമാക്കാൻ സഹായിക്കുന്നതാണ് ഈ ലേഖനം.
b “സൈന്യങ്ങളുടെ അധിപനായ യഹോവ” എന്ന പദപ്രയോഗം ഹഗ്ഗായിയുടെ പുസ്തകത്തിൽ 14 തവണ കാണാം. ആ വാക്കുകൾ യഹോവയുടെ ശക്തിക്ക് അതിരുകളില്ലെന്നും തന്റെ ആജ്ഞകൾ അനുസരിക്കുന്ന ദൂതന്മാരുടെ ഒരു വലിയ സൈന്യം യഹോവയ്ക്കുണ്ടെന്നും ജൂതന്മാരെ ഓർമിപ്പിച്ചു. അതു നമ്മളെയും അതേ കാര്യം ഓർമിപ്പിക്കുന്നു.—സങ്കീ. 103:20, 21.
c ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
d ദൈവനിയമത്തിന്റെ വിദഗ്ധ പകർപ്പെഴുത്തുകാരനായ എസ്ര യരുശലേമിലേക്കു യാത്ര ചെയ്യുന്നതിനു മുമ്പേ യഹോവയുടെ പ്രാവചനികവാക്കുകളിൽ ശക്തമായ വിശ്വാസം വളർത്തിയെടുത്തിരുന്നു.—2 ദിന. 36:22, 23; എസ്ര 7:6, 9, 10; യിരെ. 29:14.
e ചിത്രങ്ങളുടെ വിവരണം: ഒരു സഹോദരൻ ബോസിനോടു കൺവെൻഷൻ കൂടാൻ അവധി ചോദിക്കുന്നു. പക്ഷേ, അദ്ദേഹം സമ്മതിക്കുന്നില്ല. ആ സഹോദരൻ ഒരിക്കൽക്കൂടെ ബോസിനോടു ചോദിക്കുന്നതിനു തയ്യാറാകുന്ന സമയത്ത് സഹായത്തിനും മാർഗനിർദേശത്തിനും വേണ്ടി പ്രാർഥിക്കുന്നു. സഹോദരൻ കൺവെൻഷന്റെ ക്ഷണക്കത്ത് ബോസിനെ കാണിക്കുകയും ബൈബിൾ വിദ്യാഭ്യാസത്തിന്റെ പ്രയോജനത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യുന്നു. അതിൽ മതിപ്പു തോന്നിയ ബോസ് തന്റെ തീരുമാനത്തിനു മാറ്റം വരുത്തുന്നു.