കുടുംബങ്ങൾക്കുവേണ്ടി | വിവാഹജീവിതം
അശ്ലീലം നിങ്ങളുടെ വിവാഹജീവിതം തകർക്കും
ഭാര്യ അത് കണ്ടുപിടിച്ചു. താൻ ചെയ്ത ആ വലിയ തെറ്റിനു ഭർത്താവ് ഭാര്യയോടു ക്ഷമ ചോദിച്ചു. ഇനി ഒരിക്കലും അത് ചെയ്യില്ല എന്നു വാക്കു കൊടുത്തു. ആ വാക്കു പാലിക്കുകയും ചെയ്തു. പക്ഷേ, കുറച്ച് കാലം കഴിഞ്ഞ് വീണ്ടും അത് ആവർത്തിച്ചു. ഭാര്യ വീണ്ടും കണ്ടുപിടിച്ചു, ഭർത്താവ് അവളോടു ക്ഷമ ചോദിച്ചു.
ഇതുപോലെ ഒരു സാഹചര്യത്തിലാണോ നിങ്ങൾ? അങ്ങനെയെങ്കിൽ അശ്ലീലം കാണുന്ന ശീലം നിങ്ങളുടെ ഇണയെ എങ്ങനെയാണു ബാധിക്കുന്നതെന്നും ആ ശീലത്തിൽനിന്ന് പൂർണമായും എങ്ങനെ പുറത്തുകടക്കാമെന്നും നിങ്ങൾ അറിയണം.a
ഈ ലേഖനത്തിൽ
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
അശ്ലീലം കാണുന്നത് വിവാഹബന്ധം തകർക്കും. ഇണകൾക്കു തമ്മിൽ ഒരു വെറുപ്പ് തോന്നാനിടയാകും. ഇണയിലുള്ള വിശ്വാസം നഷ്ടമാകുകയും ചെയ്യും.b
ഭർത്താക്കന്മാർ അശ്ലീലം കാണുന്നെങ്കിൽ ഭാര്യമാർക്ക് ഇങ്ങനെയൊക്കെ തോന്നാൻ സാധ്യതയുണ്ട്:
വഞ്ചിക്കപ്പെട്ടെന്ന തോന്നൽ. സാറ എന്നു പേരുള്ള ഒരു ഭാര്യ പറയുന്നു: “ഭർത്താവ് പിന്നെയുംപിന്നെയും വ്യഭിചാരം ചെയ്യുന്നതുപോലെയാണ് എനിക്കു തോന്നിയത്.”
ഒന്നിനും കൊള്ളില്ലെന്ന തോന്നൽ. ഭർത്താവിന് അശ്ലീലം കാണുന്ന ശീലമുണ്ടെന്ന് മനസ്സിലായപ്പോൾ “താൻ കൊള്ളരുതാത്തവളാണെന്നു തോന്നിയതായി” ഒരു ഭാര്യ പറഞ്ഞു, “ഒപ്പം വല്ലാത്ത നാണക്കേടും.”
വിശ്വാസം നഷ്ടപ്പെടും. ഹെലൻ എന്നു പേരുള്ള ഒരു ഭാര്യ പറയുന്നു: “ഭർത്താവ് എങ്ങോട്ടു തിരിഞ്ഞാലും എനിക്ക് ഇപ്പോൾ സംശയമാണ്.”
ഉത്കണ്ഠ. കാതറിൻ പറയുന്നു: “ഭർത്താവിന്റെ ഈ ശീലത്തെക്കുറിച്ചുള്ള ചിന്തയായിരുന്നു എന്റെ തല മുഴുവൻ. അത് എന്റെ സമാധാനം കെടുത്തി.”
ചിന്തിക്കാൻ: ഭാര്യയെ സ്നേഹിക്കാൻ ബൈബിൾ ഭർത്താക്കന്മാരോടു പറയുന്നു. (എഫെസ്യർ 5:25) പക്ഷേ, ഭർത്താവിന്റെ പ്രവൃത്തി കാരണം ഭാര്യക്ക് മുകളിൽ പറഞ്ഞിരിക്കുന്നതുപോലെ ഒക്കെയാണു തോന്നുന്നതെങ്കിൽ അത് ഭാര്യയോടുള്ള സ്നേഹമായിരിക്കുമോ?
നിങ്ങൾക്കു ചെയ്യാനാകുന്നത്
അശ്ലീലം കാണുന്ന ശീലം ഒഴിവാക്കുന്നത് അത്ര എളുപ്പമല്ല. സ്റ്റേസി പറയുന്നു: “എന്റെ ഭർത്താവ് മദ്യപാനവും പുകവലിയും കഞ്ചാവിന്റെ ഉപയോഗവും എല്ലാം നിറുത്തി. എന്നാൽ അശ്ലീലം കാണുന്ന ശീലം ഒഴിവാക്കാൻ അദ്ദേഹത്തിനു വലിയ പാടാണ്.”
നിങ്ങളുടെ സാഹചര്യം ഇതാണെങ്കിൽ താഴെ പറയുന്ന നിർദേശങ്ങൾ ഈ ശീലത്തിൽനിന്ന് പൂർണമായും പുറത്തുകടക്കാൻ നിങ്ങളെ സഹായിക്കും.
അശ്ലീലം മോശമായിരിക്കുന്നതിന്റെ കാരണം മനസ്സിലാക്കുക. അശ്ലീലം കാണുന്ന ഒരാൾക്ക് സ്വന്തം സന്തോഷത്തിനുവേണ്ടി എന്തും ചെയ്യാൻ തോന്നും. അത്തരം സ്വാർഥത, ഇണകൾ തമ്മിലുള്ള സ്നേഹവും വിശ്വാസവും വിശ്വസ്തതയും എല്ലാം കവർന്നെടുക്കും. ഈ ഗുണങ്ങളില്ലെങ്കിൽ വിവാഹജീവിതത്തിൽ സന്തോഷം കാണുമോ? അതുപോലെ അശ്ലീലം കാണുന്നത്, വിവാഹബന്ധം ഏർപ്പെടുത്തിയ ദൈവമായ യഹോവയോടുള്ള അനാദരവും ആയിരിക്കും.
ബൈബിൾതത്ത്വം: “വിവാഹത്തെ . . . ആദരണീയമായി കാണണം.”—എബ്രായർ 13:4.
നിങ്ങളുടെ തെറ്റിനു നിങ്ങൾ മാത്രമാണ് ഉത്തരവാദിയെന്ന് അംഗീകരിക്കുക. ‘എന്റെ ഭാര്യ കുറച്ചുകൂടി സ്നേഹത്തോടെ ഇടപെട്ടിരുന്നെങ്കിൽ ഞാൻ ഇങ്ങനെയൊന്നും ചെയ്യില്ലല്ലോ’ എന്ന് പറയരുത്. നിങ്ങളുടെ തെറ്റിനു ഭാര്യയെ കുറ്റം പറയുന്നത് ഒരിക്കലും ശരിയല്ല. ഭാര്യ നിരാശപ്പെടുത്തുന്ന എന്തെങ്കിലും ചെയ്യുമ്പോൾ അശ്ലീലം കാണാനുള്ള ഒരു ഒഴികഴിവായി നിങ്ങൾ അതെടുക്കും.
ബൈബിൾതത്ത്വം: “സ്വന്തം മോഹങ്ങളാണ് ഓരോരുത്തരെയും ആകർഷിച്ച് മയക്കി പരീക്ഷണങ്ങളിൽ അകപ്പെടുത്തുന്നത്.”—യാക്കോബ് 1:14.
ഇണയോടു സത്യസന്ധമായി തുറന്ന് സംസാരിക്കുക. കെവിൻ എന്നു പേരുള്ള ഒരു ഭർത്താവ് പറയുന്നു: “ഞാൻ എന്റെ ഈ പ്രശ്നത്തെക്കുറിച്ച് എന്നും ഭാര്യയോട് സംസാരിക്കും. പ്രലോഭനം തോന്നുന്ന എന്തെങ്കിലും ഒന്നുകൂടെ നോക്കാൻ എനിക്കു തോന്നിയോ, അതോ പെട്ടെന്നു ഞാൻ അതിൽനിന്ന് കണ്ണുമാറ്റിയോ, ഇതെല്ലാം ഞാൻ പറയും. കൂടെക്കൂടെ ഇങ്ങനെ തുറന്ന് സംസാരിക്കുന്നതുകൊണ്ട് ഞങ്ങൾക്കിടയിൽ രഹസ്യങ്ങളൊന്നും ഇല്ല.”
ബൈബിൾതത്ത്വം: “എല്ലാത്തിലും സത്യസന്ധരായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”—എബ്രായർ 13:18.
ജാഗ്രതയുള്ളവരായിരിക്കുക. ചിലപ്പോൾ നമ്മൾ വിചാരിക്കും ഈ ശീലത്തെ കീഴടക്കിയെന്ന്. പക്ഷേ വർഷങ്ങൾ കഴിഞ്ഞാലും ഈ തെറ്റിലേക്കു വീഴാനുള്ള സാധ്യതയുണ്ട്. കെവിൻ പറയുന്നു: “ഞാൻ പത്ത് വർഷം അശ്ലീലം കാണാതെ പിടിച്ചുനിന്നു. ഞാൻ ഓർത്തു, ഇനി കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന്. പക്ഷേ ആക്രമിക്കാൻ പതിയിരിക്കുന്ന ഒരു മൃഗത്തെപ്പോലെ അവൻ ഉള്ളിൽ ഒളിഞ്ഞ് കിടപ്പുണ്ടായിരുന്നു.”
ബൈബിൾതത്ത്വം: “അതുകൊണ്ട് നിൽക്കുന്നു എന്നു വിചാരിക്കുന്നവൻ വീഴാതിരിക്കാൻ സൂക്ഷിച്ചുകൊള്ളട്ടെ.”—1 കൊരിന്ത്യർ 10:12.
പ്രലോഭനം തോന്നുന്നെങ്കിൽ ഒന്നു കാത്തിരിക്കുക. പ്രലോഭനങ്ങളെ തടയാൻ നമുക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. പക്ഷേ ആ പ്രലോഭനങ്ങളുടെ പിന്നാലെപോയി തെറ്റു ചെയ്യണോ വേണ്ടയോ എന്നതു നമുക്കു തീരുമാനിക്കാം. ഒന്നു കാത്തിരുന്നാൽ അതങ്ങ് മാറിക്കൊള്ളും. ഇനി, ചിന്തകളെ മറ്റു കാര്യങ്ങളിലേക്കു തിരിച്ചുവിടാൻ പഠിച്ചാൽ നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ വേഗത്തിൽ അതു മനസ്സിൽനിന്ന് മാറും.
ബൈബിൾതത്ത്വം: “വിശുദ്ധിയിലും മാനത്തിലും സ്വന്തം ശരീരത്തെ വരുതിയിൽ നിറുത്താൻ നിങ്ങൾ ഓരോരുത്തരും അറിഞ്ഞിരിക്കണം. . . അനിയന്ത്രിതമായ കാമാവേശത്തോടെ ആർത്തിപൂണ്ട് നടക്കരുത്.”—1 തെസ്സലോനിക്യർ 4:4, 5.
തെറ്റു ചെയ്യാൻ വീണ്ടും പ്രലോഭിപ്പിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. ഇച്ഛാശക്തി മാത്രം പോരാ എന്ന പുസ്തകം പറയുന്നു: “തെറ്റിലേക്കു വീഴാൻ സാധ്യതയുള്ള ഒരു സാഹചര്യത്തിലായിപ്പോയാൽ നിങ്ങൾ ഒരു തീപ്പെട്ടി ഉരച്ചു എന്നു പറയാം. ഒരു അൽപ്പം ഇന്ധനംകൂടി ഒഴിച്ചാൽ അത് ആളിക്കത്തും.”
ബൈബിൾതത്ത്വം: “ദുഷ്ടമായതൊന്നും എന്നെ ഭരിക്കരുതേ.”—സങ്കീർത്തനം 119:133.
പ്രതീക്ഷ കൈവിടരുത്. ചിലപ്പോൾ നഷ്ടപ്പെട്ടുപോയ ഇണയുടെ വിശ്വാസം വീണ്ടും നേടാൻ വർഷങ്ങൾതന്നെ എടുത്തേക്കാം. പക്ഷേ അതിനു കഴിയുമെന്നാണ് അനുഭവങ്ങൾ കാണിക്കുന്നത്.
ബൈബിൾതത്ത്വം: “സ്നേഹം ക്ഷമ . . . ഉള്ളതാണ്.”—1 കൊരിന്ത്യർ 13:4.
a ഈ ലേഖനം ഭർത്താക്കന്മാരെക്കുറിച്ചാണ് പറയുന്നതെങ്കിലും, അശ്ലീലം കാണുന്ന ഭാര്യമാർക്കും ഇതിലെ തത്ത്വങ്ങൾ ബാധകമാണ്.
b ചില ദമ്പതികൾ വിചാരിക്കുന്നത് ഒരുമിച്ച് അശ്ലീലം കാണുന്നത് തങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുമെന്നാണ്. പക്ഷേ ഇങ്ങനെ ചെയ്യുന്നത് ഒരിക്കലും ബൈബിൾതത്ത്വങ്ങൾക്കു നിരക്കുന്നതല്ല.—സുഭാഷിതങ്ങൾ 5:15-20; 1 കൊരിന്ത്യർ 13:4, 5; ഗലാത്യർ 5:22, 23.