സുരക്ഷിതവും ആരോഗ്യകരവും ആയ ഭക്ഷണരീതിക്കുള്ള ഏഴു മാർഗങ്ങൾ
നിങ്ങൾ എന്തു കഴിക്കുന്നു എന്നതു പ്രധാനമാണോ?
നിങ്ങളുടെ ആരോഗ്യം ഒരു പരിധിവരെ നിങ്ങൾ എന്തു കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. വൃത്തിയായി ഉണ്ടാക്കിയ പോഷകപ്രദമായ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനു ഗുണം ചെയ്യും. അതേസമയം, ഇതൊന്നും ശ്രദ്ധിക്കാതെയുള്ള ആഹാരരീതി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. നിലവാരമില്ലാത്ത ഇന്ധനം ഉപയോഗിക്കുന്നത് ഒരു വാഹനത്തിന് കുഴപ്പമുണ്ടാക്കുന്നതുപോലെയാണ് ഇത്. ആദ്യം അതൊരു പ്രശ്നമായി തോന്നില്ലായിരിക്കും. പക്ഷേ, തീർച്ചയായും അതു ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കും.—ഗലാത്യർ 6:7.
ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, “വികലപോഷണത്തിന്റെ ഏതെങ്കിലും ഒരു പ്രശ്നം ലോകത്തിലെ രാജ്യങ്ങളെയെല്ലാം ബാധിക്കുന്നു.” വികലപോഷണം എന്നതിൽ ആവശ്യത്തിന് പോഷകാഹാരം ലഭിക്കാത്തതുകൊണ്ടുള്ള പ്രശ്നങ്ങൾ മാത്രമല്ല, അമിതവണ്ണം, അമിതഭാരം പോലുള്ള പ്രശ്നങ്ങളും ഉൾപ്പെടും. ആരോഗ്യത്തിനു ദോഷം ചെയ്യുന്ന ഭക്ഷണപദാർഥങ്ങൾ കൂടെക്കൂടെ കഴിക്കുന്നത് പ്രമേഹം, പക്ഷാഘാതം, ക്യാൻസർ, ഹൃദ്രോഗങ്ങൾ തുടങ്ങിയവ വരുത്തിവെച്ചേക്കാം. 2017-ൽ പോഷണക്കുറവു കാരണം ഏകദേശം ഒരു കോടി പത്തുലക്ഷം ആളുകൾ മരിച്ചു എന്ന് ഒരു പഠനം കാണിക്കുന്നു. ഇനി, വൃത്തിയില്ലാത്ത ഭക്ഷണം കഴിക്കുന്നതുകൊണ്ട് ഓരോ ദിവസവും ആയിരത്തിലേറെ ആളുകൾ മരിക്കുന്നുണ്ടെന്നും കോടിക്കണക്കിന് ആളുകൾ ഓരോ വർഷവും രോഗികളാകുന്നുണ്ടെന്നും ആണ് ലോകാരോഗ്യ സംഘടനയുടെ കണക്കു പറയുന്നത്.
ഈ വിഷയം നമ്മൾ ഗൗരവത്തോടെ കാണേണ്ടത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ ബൈബിളിലെ തത്ത്വങ്ങൾ സഹായിക്കുന്നു. “ജീവന്റെ ഉറവ്” ദൈവമാണെന്ന് അതു പറയുന്നു. (സങ്കീർത്തനം 36:9) ജീവൻ ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമാണ്. അതുകൊണ്ട്, നമ്മുടെയും കുടുംബത്തിന്റെയും ആരോഗ്യത്തിനു വേണ്ടത് ചെയ്യുമ്പോൾ ഈ സമ്മാനം നമുക്ക് വിലപ്പെട്ടതാണെന്നു നമ്മൾ കാണിക്കുകയാണ്. അതിനായി നമുക്ക് എന്തൊക്കെ ചെയ്യാമെന്ന് ഒന്നു നോക്കാം.
ഭക്ഷണം സുരക്ഷിതമായിരിക്കാൻ ശ്രദ്ധിക്കേണ്ട നാലു കാര്യങ്ങൾ
1. ഭക്ഷണം തയ്യാറാക്കുമ്പോൾ ശുചിത്വം പാലിക്കുക.
എന്തുകൊണ്ട്? മലിനമായ ഭക്ഷണത്തിലും വെള്ളത്തിലുമുള്ള ഹാനികരമായ അണുക്കൾa നമ്മുടെ ശരീരത്തിൽ കടക്കാനും നമ്മളെ രോഗിയാക്കാനും സാധ്യതയുണ്ട്.
ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്:
ഭക്ഷണം പാകം ചെയ്യുന്നതിനു മുമ്പ് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.b കൈകൾ കൂട്ടിത്തിരുമ്മി നഖങ്ങൾ, പുറംകൈ, വിരലുകൾക്കിടയിലെ ഭാഗം എന്നിവ വൃത്തിയാക്കുക. കുറഞ്ഞത് 20 സെക്കന്റെങ്കിലും ഇങ്ങനെ ചെയ്യണം. എന്നിട്ട്, വൃത്തിയുള്ള തുണിയോ മറ്റോ ഉപയോഗിച്ച് കൈകൾ നന്നായി തുടയ്ക്കുക.
ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പാത്രങ്ങൾ, കറിക്കരിയുന്ന ബോർഡുകൾ മറ്റ് അടുക്കള സാമഗ്രികൾ തുടങ്ങിയവ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം. വേവിക്കാനുള്ള ഭക്ഷണത്തിനും വേവിക്കാതെ കഴിക്കുന്ന ഭക്ഷണത്തിനും ഒരേ കട്ടിങ് ബോർഡ് ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്.
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകുക. അവ അണുവിമുക്തമാക്കുക. പ്രത്യേകിച്ചും, കൃഷിക്കു നനയ്ക്കാൻ ഉപയോഗിക്കുന്നത് മാലിന്യം കലർന്ന വെള്ളമാണെങ്കിൽ.
2. വേവിച്ചതും വേവിക്കാത്തതും ഒരുമിച്ചു വെക്കരുത്.
എന്തുകൊണ്ട്? വേവിക്കാത്ത ഇറച്ചിയിൽനിന്നോ അതിൽനിന്ന് ഒലിച്ചിറങ്ങുന്ന വെള്ളത്തിൽനിന്നോ ഒക്കെ മറ്റു ഭക്ഷണത്തിലേക്ക് അണുക്കൾ പകരാൻ സാധ്യതയുണ്ട്.
ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്:
വേവിക്കാത്ത ഭക്ഷണസാധനങ്ങൾ പ്രത്യേകിച്ചും, ഇറച്ചിപോലുള്ളവ കടയിൽനിന്ന് വാങ്ങിക്കൊണ്ടു വരുമ്പോഴും എടുത്തുവെക്കുമ്പോഴും മറ്റു ഭക്ഷണസാധനങ്ങളുടെ ഒപ്പം വെക്കാതിരിക്കാൻ സൂക്ഷിക്കുക.
ഇറച്ചി മുറിച്ചതിനു ശേഷം കൈകളും കത്തിയും കട്ടിങ് ബോർഡും നന്നായി കഴുകിയതിനുശേഷമേ മറ്റെന്തെങ്കിലും മുറിക്കാൻ ഉപയോഗിക്കാവൂ.
3. പാകം ചെയ്യുന്ന ഭക്ഷണം നന്നായി വെന്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
എന്തുകൊണ്ട്? ഭക്ഷണസാധനങ്ങൾ ഉയർന്ന താപനിലയിൽ എത്തുമ്പോൾ മാത്രമേ ഹാനികരമായ അണുക്കൾ നശിക്കുകയുള്ളൂ.
ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്:
ഭക്ഷണം നന്നായി ചൂടാകുന്നതുവരെ വേവിക്കുക. എല്ലാ ഭക്ഷണവും, പ്രത്യേകിച്ചും ഇറച്ചിയുടെയും മറ്റും ഉൾഭാഗം ഉൾപ്പെടെ 70 ഡിഗ്രി സെൽഷ്യസ് ചൂടിൽ 30 സെക്കന്റെങ്കിലും വേകണം.
സൂപ്പും കറികളും നന്നായി തിളപ്പിക്കുക.
നേരത്തേ പാകം ചെയ്ത ഭക്ഷണം പിന്നീട് ഉപയോഗിക്കുമ്പോൾ ആവി വരുന്നതുവരെ ചൂടാക്കണം.
4. ഭക്ഷണം കേടുവരാത്ത താപനിലയിൽ സൂക്ഷിക്കുക.
എന്തുകൊണ്ട്? ഭക്ഷണം 5 ഡിഗ്രിക്കും 60 ഡിഗ്രിക്കും ഇടയിലുള്ള ചൂടിൽ 20 മിനിട്ട് ഇരുന്നാൽ അതിൽ ബാക്ടീരിയ പെരുകാൻ തുടങ്ങും. മാത്രമല്ല, പച്ചമാംസം സുരക്ഷിതമായ താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ ചില ബാക്ടീരിയ വിഷം പുറപ്പെടുവിക്കും. വേവിച്ചാലും അത്തരം വിഷം ഇല്ലാതാകുന്നില്ല.
ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്:
അണുക്കൾ പെരുകാതിരിക്കണമെങ്കിൽ ഭക്ഷണം നല്ല ചൂടിലോ തണുപ്പിലോ വെക്കണം. ഇളം ചൂടിൽ വെക്കാതിരിക്കുക.
ഭക്ഷണം രണ്ടു മണിക്കൂറിൽ അധികം പുറത്തു വെക്കരുത്. ഇനി, പുറത്തെ ചൂട് 32 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണെങ്കിൽ ഒരു മണിക്കൂറിൽ അധികം വെക്കരുത്.
പാകം ചെയ്ത ഭക്ഷണം ചൂടാറുന്നതിനു മുമ്പുതന്നെ കഴിക്കുക.
ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങൾ
1. വ്യത്യസ്ത ഇനം പഴങ്ങളും പച്ചക്കറികളും ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
പഴങ്ങളും പച്ചക്കറികളും നല്ല ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളുടെയും മറ്റു പോഷണങ്ങളുടെയും പ്രധാന ഉറവിടമാണ്. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് ഒരു ദിവസം നമ്മൾ കഴിക്കുന്ന ആഹാരത്തിൽ 400 ഗ്രാം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം. എന്നാൽ മണ്ണിനടിയിൽ ഉണ്ടാകുന്ന കിഴങ്ങുകൾ, കപ്പ പോലുള്ള അന്നജം (സ്റ്റാർച്) അടങ്ങിയവ ഇതിൽപ്പെടുന്നില്ല.
2. എണ്ണയും കൊഴുപ്പും മിതമായ അളവിൽ മാത്രം കഴിക്കുക.
വറുത്തതോ തയ്യാറാക്കി പാക്കറ്റിൽ കിട്ടുന്നതോ ആയ ഭക്ഷണസാധനങ്ങളിലും ചില ബേക്കറി പലഹാരങ്ങളിലും ആരോഗ്യത്തിനു ദോഷം ചെയ്യുന്ന കൊഴുപ്പ് അടങ്ങിയിട്ടുള്ളതുകൊണ്ട് അതിന്റെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കാൻ ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു. സാധിക്കുമ്പോഴൊക്കെ, അപൂരിത സസ്യ എണ്ണ (unsaturated vegetable oil)c ഉപയോഗിക്കുക. അവ പൂരിത കൊഴുപ്പ് (saturated fat) വലിയ അളവിൽ അടങ്ങിയിട്ടുള്ള മറ്റ് എണ്ണകളെക്കാൾ നല്ലതാണ്.
3. പഞ്ചസാരയുടെയും ഉപ്പിന്റെയും ഉപയോഗം കുറയ്ക്കുക.
ലോകാരോഗ്യ സംഘടനയുടെ നിർദേശമനുസരിച്ച്, മുതിർന്ന ഒരു വ്യക്തി ഒരു ദിവസം ഒരു ടീസ്പൂണിൽ അധികം ഉപ്പ് ഉപയോഗിക്കരുത്. ഇനി പഞ്ചസാരയുടെ കണക്കാണെങ്കിൽ, ഒരു ദിവസം പരമാവധി, വടിച്ചെടുത്ത 12 ടീസ്പൂൺ ഫ്രീ ഷുഗർd ആണ് അവർ നിർദേശിക്കുന്നത്. തയ്യാറാക്കി പാക്കറ്റിൽ വരുന്ന മിക്ക ഭക്ഷണ സാധനങ്ങളുടെയും പാനീയങ്ങളുടെയും ഒരു പ്രധാന ചേരുവ പഞ്ചസാരയാണ്. ഉദാഹരണത്തിന്, ഏകദേശം 355 മില്ലിലിറ്റർ സോഫ്റ്റ് ഡ്രിങ്കിൽ 50 മില്ലിലിറ്റർ (10 ടീസ്പൂൺ) എങ്കിലും പഞ്ചസാര അടങ്ങിയിട്ടുണ്ട്. സോഫ്റ്റ് ഡ്രിങ്കിൽ ഉയർന്ന അളവിൽ കലോറി, അഥവാ ഊർജ്ജം ഉണ്ടെങ്കിലും അതിൽ പോഷകമൂല്യം തീരെ കുറവായിരിക്കും, ചിലപ്പോൾ ഒട്ടുംതന്നെ ഉണ്ടായിരിക്കില്ല.
ബൈബിൾ പറയുന്നത്: “വിവേകമുള്ളവൻ ആപത്തു കണ്ട് ഒളിക്കുന്നു; എന്നാൽ അനുഭവജ്ഞാനമില്ലാത്തവൻ നേരെ അതിൽ ചെന്ന് ചാടി ഭവിഷ്യത്തുകൾ അനുഭവിക്കുന്നു.” (സുഭാഷിതങ്ങൾ 22:3) നിങ്ങളുടെ ഭക്ഷണരീതിയിൽ വേണ്ട മാറ്റങ്ങൾ വരുത്തിക്കൊണ്ട് വിവേകം കാണിക്കുമ്പോൾ ദൈവം തന്ന ജീവനും ആരോഗ്യവും നിങ്ങൾക്കു വിലപ്പെട്ടതാണെന്നു കാണിക്കുകയാണ്.
പൊതുവേയുള്ള ചില തെറ്റിദ്ധാരണകൾ
തെറ്റിദ്ധാരണ: ഭക്ഷണം കാഴ്ചയ്ക്കു കുഴപ്പമില്ല, രുചിയും മണവും ഓകെ ആണെങ്കിൽ അതു കഴിക്കാൻ സുരക്ഷിതമാണ്.
വസ്തുത: 1000 കോടിയിലധികം ബാക്ടീരിയ ഉണ്ടെങ്കിലേ ഒരു ലിറ്റർ വെള്ളത്തിൽ എന്തെങ്കിലും നിറംമാറ്റം കാണാൻ കഴിയുകയുള്ളൂ. പക്ഷേ നിങ്ങളെ ഒരു രോഗിയാക്കാൻ 15-ഓ 20-ഓ അപകടകാരിയായ ബാക്ടീരിയ മതിയാകും. നിങ്ങൾ കഴിക്കുന്ന ഭക്ഷണവും പാനീയവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനു ഭക്ഷണം പാകം ചെയ്യുമ്പോഴും വിളമ്പുമ്പോഴും സൂക്ഷിച്ചുവെക്കുമ്പോഴും സുരക്ഷിതമായ താപനിലയും സമയപരിധിയും പാലിക്കുക.
തെറ്റിദ്ധാരണ: ഭക്ഷണത്തിൽ ഈച്ച വന്നിരുന്നാലും കഴിക്കുന്നതിനു കുഴപ്പമില്ല.
വസ്തുത: ഈച്ചകൾ വിസർജ്യംപോലുള്ള മാലിന്യങ്ങളാണ് കഴിക്കുന്നത്. അത്തരം സ്ഥലങ്ങളിലാണ് അവ പെറ്റുപെരുകുന്നതും. അതുകൊണ്ടുതന്നെ രോഗം പരത്തുന്ന ലക്ഷക്കണക്കിന് അണുക്കൾ അവയുടെ കാലുകളിൽ ഉണ്ടാകും. ഈച്ച കയറാതെ ഭക്ഷണം മൂടിവെക്കേണ്ടത് എത്ര പ്രധാനമാണ്!
തെറ്റിദ്ധാരണ: “ഞാൻ ഇത്രയുംകാലം എനിക്കിഷ്ടമുള്ളതെല്ലാം കഴിച്ചു. ഇനിയിപ്പോൾ ഭക്ഷണരീതി മാറ്റിയതുകൊണ്ട് എനിക്ക് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്നു തോന്നുന്നില്ല.”
വസ്തുത: ഗവേഷണങ്ങൾ സൂചിപ്പിക്കുന്നതനുസരിച്ച്, ആരോഗ്യത്തിനു ഗുണം ചെയ്യുന്ന ഭക്ഷണം കഴിച്ചുതുടങ്ങുന്നതു മുതൽ അകാലമരണത്തിനുള്ള സാധ്യത കുറയും. മാത്രമല്ല, നല്ലൊരു ഭക്ഷണക്രമം നിലനിറുത്തുന്നിടത്തോളം അതു നിങ്ങൾക്കു പല വിധങ്ങളിലും പ്രയോജനം ചെയ്യും.
a നിങ്ങളുടെ കണ്ണുകൾക്ക് നേരിട്ടു കാണാൻ കഴിയില്ലാത്ത സൂക്ഷ്മജീവികളാണ് അണുക്കൾ. അതിൽ ബാക്ടീരിയയും വൈറസുകളും ഒക്കെ ഉൾപ്പെടുന്നു. ചില സൂക്ഷ്മജീവികൾ നിങ്ങൾക്കു ഗുണം ചെയ്യുന്നവയാണെങ്കിലും ഹാനികരമായ അണുക്കൾ ശരീരത്തിനു ദോഷം ചെയ്യും, ചിലപ്പോൾ മരണത്തിനുപോലും കാരണമായേക്കാം.
b വെള്ളം മാത്രം ഉപയോഗിച്ച് കൈകൾ കഴുകുന്നതിനെക്കാൾ അണുക്കൾ നശിക്കാൻ നല്ലത് സോപ്പുംകൂടെ ഉപയോഗിച്ച് കഴുകുന്നതാണ്.
c അപൂരിത കൊഴുപ്പ് (unsaturated fat) സാധാരണ താപനിലയിൽ കട്ടപിടിക്കാതെ ദ്രാവകരൂപത്തിൽ തന്നെയായിരിക്കും.
d ഫ്രീ ഷുഗർ എന്നതിൽ നമ്മൾ സാധാരണ ഉപയോഗിക്കുന്ന സംസ്കരിച്ച് വരുന്ന പഞ്ചസാരയും തേനും സിറപ്പുകളും ജ്യൂസുകളും ഉൾപ്പെടുന്നു. എന്നാൽ പഴങ്ങളിലും പച്ചക്കറികളിലും പാലിലും സ്വാഭാവികമായുള്ള മധുരം ഇതിൽപ്പെടുന്നില്ല.