രക്തപ്പകർച്ചയെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
ബൈബിളിന്റെ ഉത്തരം
നമ്മൾ രക്തം ഒഴിവാക്കണമെന്നു ബൈബിൾ കല്പിക്കുന്നു. അതുകൊണ്ട് രക്തം അതേപടിയോ അതിന്റെ പ്രാഥമികഘടകങ്ങളോ ഉപയോഗിക്കരുത്. രക്തം കഴിക്കുന്നതും രക്തപ്പകർച്ചയും ഇതിൽപ്പെടും. പിൻവരുന്ന തിരുവെഴുത്തുകൾ കാണുക:
ഉൽപത്തി 9:4. ജലപ്രളയത്തിനു ശേഷം മൃഗങ്ങളുടെ മാംസം കഴിക്കാൻ ദൈവം നോഹയെയും കുടുംബത്തെയും അനുവദിച്ചു. പക്ഷേ രക്തം കഴിക്കരുതെന്നു കല്പിച്ചിരുന്നു. ദൈവം നോഹയോടു പറഞ്ഞു: “അവയുടെ പ്രാണനായ രക്തത്തോടുകൂടെ നിങ്ങൾ മാംസം തിന്നരുത്.” ഈ കല്പന അന്നുമുതൽ എല്ലാ മനുഷ്യർക്കും ബാധകമാണ്. കാരണം എല്ലാവരും നോഹയുടെ പിൻതലമുറക്കാരാണല്ലോ.
ലേവ്യ 17:14. “എല്ലാ ജീവികളുടെയും പ്രാണൻ അതിന്റെ രക്തമാണ്. രക്തം കഴിക്കുന്ന ഒരുത്തനെയും ഞാൻ വെച്ചേക്കില്ല.” എല്ലാത്തിന്റെയും പ്രാണൻ രക്തത്തിലാണെന്നും അതുകൊണ്ടുതന്നെ അതു തനിക്ക് അവകാശപ്പെട്ടതാണെന്നും ദൈവം കരുതുന്നു. ഈ നിയമം ഇസ്രായേല്യർക്കു മാത്രം നൽകിയതായിരുന്നെങ്കിലും, രക്തം കഴിക്കുന്നതിനെ ദൈവം എത്ര ഗൗരവത്തോടെയാണു കാണുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.
പ്രവൃത്തികൾ 15:20. ‘രക്തം ഒഴിവാക്കുക.’ നോഹയ്ക്കു കൊടുത്ത അതേ കല്പന ദൈവം ക്രിസ്ത്യാനികൾക്കും നൽകി. ആദ്യകാലക്രിസ്ത്യാനികൾ രക്തം പൂർണമായും ഒഴിവാക്കിയിരുന്നതായി ചരിത്രം തെളിയിക്കുന്നു. ചികിത്സാപരമായ ആവശ്യങ്ങൾക്കുപോലും അവർ അത് ഉപയോഗിച്ചിരുന്നില്ല.
രക്തം ഒഴിവാക്കാനുള്ള കല്പന ദൈവം നമുക്കു തന്നത് എന്തുകൊണ്ട്?
രക്തപ്പകർച്ച ഒഴിവാക്കുന്നതിന് ആരോഗ്യപരമായ ചില ന്യായമായ കാരണങ്ങളുണ്ട്. എന്നാൽ, രക്തം പാവനമായ ഒന്നിനെ പ്രതീകപ്പെടുത്തുന്നതായി ദൈവം വീക്ഷിക്കുന്നു എന്നതാണ് അതിലും പ്രധാനപ്പെട്ട കാരണം.—ലേവ്യ 17:11; കൊലോസ്യർ 1:20.