നിങ്ങൾ മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?
ബൈബിളിന്റെ ഉത്തരം
ബൈബിൾ പറയുന്നു: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്ന് അറിയുന്നു. പക്ഷേ മരിച്ചവർ ഒന്നും അറിയുന്നില്ല.” (സഭാപ്രസംഗകൻ 9:5; സങ്കീർത്തനം 146:4) അതുകൊണ്ട് മരിക്കുമ്പോൾ നമ്മൾ ഇല്ലാതാകുന്നു. മരിച്ചവർക്ക് ചിന്തിക്കാനോ പ്രവർത്തിക്കാനോ എന്തെങ്കിലും അറിയാനോ കഴിയില്ല.
“പൊടിയിലേക്കു തിരികെ ചേരും”
നമ്മൾ മരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ആദ്യമനുഷ്യനായ ആദാമിനോട് സംസാരിച്ചപ്പോൾ ദൈവം വിശദീകരിച്ചു. ആദാം അനുസരണക്കേട് കാണിച്ചതുകൊണ്ട് ദൈവം അവനോട് ഇങ്ങനെ പറഞ്ഞു: “നീ പൊടിയാണ്, പൊടിയിലേക്കു തിരികെ ചേരും.” (ഉൽപത്തി 3:19) ദൈവം ആദാമിനെ “നിലത്തെ പൊടികൊണ്ട്” സൃഷ്ടിക്കുന്നതിന് മുമ്പ് ആദാം ഇല്ലായിരുന്നു. (ഉൽപത്തി 2:7) അതുപോലെതന്നെ ആദാം മരിച്ചപ്പോൾ അവൻ പൊടിയിലേക്ക് തിരികെ ചേർന്ന് ഇല്ലാതായി.
ഇതുതന്നെയാണ് ഇന്ന് ഒരാൾ മരിക്കുമ്പോഴും സംഭവിക്കുന്നത്. മനുഷ്യരെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചും ബൈബിൾ ഇങ്ങനെ പറയുന്നു: “എല്ലാം പൊടിയിൽനിന്ന് വന്നു, എല്ലാം പൊടിയിലേക്കുതന്നെ തിരികെ പോകുന്നു.”—സഭാപ്രസംഗകൻ 3:19, 20.
മരണം എല്ലാറ്റിന്റെയും അവസാനമായിരിക്കണമെന്നില്ല
ബൈബിൾ പലപ്പോഴും മരണത്തെ ഉറക്കത്തോടു താരതമ്യം ചെയ്യാറുണ്ട്. (സങ്കീർത്തനം 13:3; യോഹന്നാൻ 11:11-14; പ്രവൃത്തികൾ 7:60) നല്ല ഉറക്കത്തിലായിരിക്കുന്ന ഒരു വ്യക്തി തനിക്കു ചുറ്റും നടക്കുന്ന കാര്യങ്ങൾ അറിയുന്നില്ല. സമാനമായി മരിച്ചവരും ഒന്നും അറിയുന്നില്ല. എന്നാൽ ഉറക്കത്തിൽനിന്ന് ഒരാളെ എഴുന്നേൽപ്പിക്കുന്നതുപോലെ, ദൈവത്തിന് മരിച്ചുപോയവരുടെ ജീവൻ തിരികെ നൽകി അവരെ ഉയിർപ്പിക്കാനാകുമെന്ന് ബൈബിൾ പഠിപ്പിക്കുന്നു. (ഇയ്യോബ് 14:13-15) അങ്ങനെ ജീവൻ തിരികെ ലഭിക്കുന്നവർക്ക് മരണം എല്ലാറ്റിന്റെയും അവസാനമല്ല!