‘അന്ത്യകാലത്തിന്റെ’ അല്ലെങ്കിൽ ‘അവസാനനാളുകളുടെ’ അടയാളം എന്താണ്?
ബൈബിളിന്റെ ഉത്തരം
ബൈബിളിൽ ‘ലോകാവസാനത്തിന്റെ’ അല്ലെങ്കിൽ ഈ ‘വ്യവസ്ഥിതിയുടെ അവസാനത്തിന്റെ’ അടയാളങ്ങൾ പറഞ്ഞിട്ടുണ്ട്. (മത്തായി 24:3, സത്യവേദപുസ്തകം) ഈ അടയാളങ്ങൾ സംഭവിക്കുന്ന കാലഘട്ടത്തെയാണ് ബൈബിൾ ‘അന്ത്യകാലം’ അഥവാ ‘അവസാനനാളുകൾ’ എന്നു വിളിക്കുന്നത്. (ദാനിയേൽ 8:19, ഓശാന; 2 തിമൊഥെയൊസ് 3:1, പി.ഒ.സി.) ഈ അടയാളങ്ങളിൽ ചില സംഭവങ്ങളും ലോകത്തിലെ സാഹചര്യങ്ങളും ആളുകളുടെ സ്വഭാവങ്ങളും വരും. അതിൽ ചിലത് ഇപ്പോൾ നമുക്ക് നോക്കാം.
‘അന്ത്യകാലത്തിന്റെ’ അടയാളത്തിൽ എന്തൊക്കെയാണ് ഉൾപ്പെടുന്നത്?
അന്ത്യകാലത്തിന്റെ ‘അടയാളത്തിൽ’ പല ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തി ഉൾപ്പെടുന്നുണ്ട്. (ലൂക്കോസ് 21:7) ചില ഉദാഹരണങ്ങൾ നമുക്കു നോക്കാം:
വലിയ യുദ്ധങ്ങൾ. “ജനത ജനതയ്ക്ക് എതിരെയും രാജ്യം രാജ്യത്തിന് എതിരെയും എഴുന്നേൽക്കും” എന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 24:7) അതുപോലെ യുദ്ധത്തെക്കുറിക്കുന്ന ഒരു ആലങ്കാരിക കുതിരക്കാരൻ ‘ഭൂമിയിൽനിന്ന് സമാധാനം എടുത്തുകളയുന്നതിനെ’ കുറിച്ച് വെളിപാട് 6:4-ലും പറഞ്ഞിട്ടുണ്ട്.
ക്ഷാമം. ‘ഭക്ഷ്യക്ഷാമങ്ങൾ ഉണ്ടാകും’ എന്ന് യേശു പറഞ്ഞിരുന്നു. (മത്തായി 24:7) വലിയ ക്ഷാമത്തിന് ഇടയാക്കുന്ന മറ്റൊരു കുതിരക്കാരന്റെ സവാരിയെക്കുറിച്ച് വെളിപാട് പുസ്തകവും മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്.—വെളിപാട് 6:5, 6.
വലിയ ഭൂകമ്പങ്ങൾ. ‘ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭൂകമ്പങ്ങൾ ഉണ്ടാകും’ എന്ന് യേശു മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. (മത്തായി 24:7; ലൂക്കോസ് 21:11) ലോകത്തിന്റെ പല ഭാഗങ്ങളിലുണ്ടാകുന്ന ഇതുപോലുള്ള വലിയ ഭൂകമ്പങ്ങൾ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത അളവിലുള്ള ജീവനാശവും കഷ്ടപ്പാടുകളും വരുത്തിവെക്കുന്നു.
രോഗങ്ങൾ. യേശു പറഞ്ഞതനുസരിച്ച് മഹാമാരികൾ അല്ലെങ്കിൽ ‘മാരകമായ പകർച്ചവ്യാധികൾ’ ഉണ്ടാകും.—ലൂക്കോസ് 21:11.
കുറ്റകൃത്യങ്ങൾ. നൂറ്റാണ്ടുകളായി കുറ്റകൃത്യങ്ങൾ ഉണ്ടെങ്കിലും അവസാനകാലത്ത് ‘നിയമലംഘനം വർധിച്ചുവരും’ എന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു.—മത്തായി 24:12.
ഭൂമിയെ നശിപ്പിക്കുന്നു. മനുഷ്യർ ‘ഭൂമിയെ നശിപ്പിക്കും’ എന്ന് വെളിപാട് 11:18-ൽ പറയുന്നുണ്ട്. പരിസ്ഥിതിക്കു നാശം വരുത്തിക്കൊണ്ട് മാത്രമല്ല, അക്രമങ്ങളിലൂടെയും അഴിമതി നിറഞ്ഞ പ്രവർത്തനങ്ങളിലൂടെയും മനുഷ്യർ ഭൂമിയെ നശിപ്പിക്കുന്നു.
മോശം സ്വഭാവങ്ങൾ. അന്ത്യകാലത്തെ ആളുകളുടെ സ്വഭാവത്തെക്കുറിച്ച് 2 തിമൊഥെയൊസ് 3:1-4 വരെയുള്ള വാക്യങ്ങളിൽ വിശദമായി പറയുന്നുണ്ട്. അന്ന് ആളുകൾ “നന്ദിയില്ലാത്തവരും വിശ്വസിക്കാൻ കൊള്ളാത്തവരും . . . ഒരു കാര്യത്തോടും യോജിക്കാത്തവരും പരദൂഷണം പറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും നന്മ ഇഷ്ടപ്പെടാത്തവരും ചതിയന്മാരും തന്നിഷ്ടക്കാരും അഹങ്കാരത്താൽ ചീർത്തവരും” ആയിരിക്കുമെന്ന് അവിടെ പറയുന്നു. ഇത്തരം മോശം സ്വഭാവങ്ങൾ വർധിച്ചുവന്നിട്ട് ആ കാലഘട്ടത്തിലെ ജീവിതംതന്നെ ‘ബുദ്ധിമുട്ടു നിറഞ്ഞതായിരിക്കും.’
തകരുന്ന കുടുംബങ്ങൾ. 2 തിമൊഥെയൊസ് 3:2, 3 വാക്യങ്ങളിൽ ആളുകൾ കുടുംബാംഗങ്ങളോട് “സഹജസ്നേഹമില്ലാത്തവരും” കുട്ടികൾ “മാതാപിതാക്കളെ അനുസരിക്കാത്തവരും” ആയിരിക്കുമെന്ന് മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു.
ദൈവത്തോടുള്ള സ്നേഹം കുറയുന്നു. “മിക്കവരുടെയും സ്നേഹം തണുത്തുപോകും” എന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 24:12) അങ്ങനെ പറഞ്ഞപ്പോൾ യേശു അർഥമാക്കിയത് മിക്ക ആളുകൾക്കും ദൈവത്തോടുള്ള സ്നേഹം കുറയും എന്നാണ്. അതുപോലെ 2 തിമൊഥെയൊസ് 3:4-ാം വാക്യത്തിൽ പറയുന്നത് അവസാനനാളുകളിൽ അങ്ങനെയുള്ള ആളുകൾ ‘ദൈവത്തെ സ്നേഹിക്കുന്നതിനു പകരം ജീവിതസുഖങ്ങൾ പ്രിയപ്പെടുന്നവർ’ ആയിരിക്കുമെന്നാണ്.
ആരാധനയിലെ കാപട്യം. ദൈവത്തെ ആരാധിക്കുന്നുണ്ടെന്ന് ആളുകൾ പറയുമെങ്കിലും അവർ ദൈവം പറയുന്നതുപോലെ ജീവിക്കില്ല എന്ന് 2 തിമൊഥെയൊസ് 3:5 മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്.
ബൈബിൾപ്രവചനങ്ങളെക്കുറിച്ചുള്ള അറിവ് വർധിക്കുന്നു. ദാനിയേൽ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് ‘അവസാനകാലത്ത്’ പലരും ബൈബിൾസത്യങ്ങളെക്കുറിച്ച് കൂടുതൽ അറിവ് നേടും എന്നാണ്. അതിൽ അന്ത്യകാലത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതും ഉൾപ്പെടുന്നുണ്ട്.—ദാനിയേൽ 12:4, അടിക്കുറിപ്പ്.
ലോകമെങ്ങും നടക്കുന്ന ഒരു പ്രസംഗപ്രവർത്തനം. “ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത . . . ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും” എന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു.—മത്തായി 24:14.
വ്യാപകമായ അവഗണനയും പരിഹാസവും. അന്ത്യം അടുത്തുവരുന്നതിന്റെ തെളിവുകൾ വ്യക്തമാണെങ്കിലും പൊതുവെ ആളുകൾ അത് അവഗണിക്കുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 24:37-39) അതു മാത്രമല്ല, ചിലർ ഈ തെളിവുകളെ പരിഹസിക്കുകയും പാടേ തള്ളിക്കളയുകയും ചെയ്യുമെന്ന് 2 പത്രോസ് 3:3, 4 വാക്യങ്ങളും പറയുന്നു.
എല്ലാ പ്രവചനങ്ങളും നിറവേറുന്നു. യേശു പറഞ്ഞത് അന്ത്യകാലത്തെക്കുറിച്ചുള്ള എല്ലാ പ്രവചനങ്ങളും ഒരേ സമയം നിറവേറുമെന്നാണ്; ചില പ്രവചനങ്ങളോ മിക്ക പ്രവചനങ്ങളോ അല്ല, എല്ലാ പ്രവചനങ്ങളും.—മത്തായി 24:33.
നമ്മൾ ജീവിക്കുന്നത് ‘അന്ത്യകാലത്താണോ?’
അതെ. ലോകത്തിലെ സംഭവങ്ങളും ബൈബിളിൽ പറഞ്ഞിരിക്കുന്ന കാലക്കണക്കുകളും സൂചിപ്പിക്കുന്നത് 1914-ൽ അന്ത്യകാലം തുടങ്ങിയെന്നാണ്. ആ വർഷമാണ് ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചത്. നമ്മൾ ഇന്നു ജീവിക്കുന്നത് അന്ത്യകാലത്താണെന്ന് ലോകാവസ്ഥകൾ നോക്കിയാൽ എങ്ങനെ മനസ്സിലാക്കാം? അത് അറിയാൻ ഈ വീഡിയോ കാണുക:
1914-ൽ ദൈവത്തിന്റെ രാജ്യം സ്വർഗത്തിൽ ഭരണം തുടങ്ങി. അത് ആദ്യം ചെയ്ത ഒരു കാര്യം സാത്താനെയും ഭൂതങ്ങളെയും സ്വർഗത്തിൽനിന്ന് പുറത്താക്കുക എന്നതായിരുന്നു. അങ്ങനെ അവരുടെ പ്രവർത്തനം ഭൂമിയിൽ മാത്രമായി ഒതുങ്ങി. (വെളിപാട് 12:7-12) ആളുകളെ സാത്താൻ സ്വാധീനിച്ചതു കാരണം അവരുടെ മനോഭാവങ്ങളും പ്രവൃത്തികളും മോശമായിത്തീർന്നു. അങ്ങനെ അവസാനനാളുകളിലെ ജീവിതം കൂടുതൽ ‘ബുദ്ധിമുട്ടു നിറഞ്ഞതായി’ മാറി.—2 തിമൊഥെയൊസ് 3:1.
കഷ്ടതകൾ നിറഞ്ഞ ഈ കാലത്ത് മിക്കവരും നട്ടംതിരിയുകയാണ്. മനുഷ്യർക്ക് ഒന്നിച്ച് ജീവിക്കാൻതന്നെ പറ്റാതാകുമോ! അവർ പരസ്പരം കൊന്നുമുടിക്കുമോ! ഇങ്ങനെപോലും ചിലർ ആശങ്കപ്പെടാറുണ്ട്.
അതേസമയം ലോകസംഭവങ്ങൾ കാരണം വിഷമിക്കുന്ന മറ്റു പലർക്കും ഭാവിയെക്കുറിച്ച് നല്ലൊരു പ്രതീക്ഷയുണ്ട്. ദൈവരാജ്യം പെട്ടെന്നുതന്നെ നടപടി സ്വീകരിക്കുമെന്നും ഈ ലോകത്തിലെ പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കുമെന്നും അവർക്ക് ഉറപ്പാണ്. (ദാനിയേൽ 2:44; വെളിപാട് 21:3, 4) ദൈവത്തിന്റെ വാഗ്ദാനം നടന്നുകാണുന്നതിനായി കാത്തിരിക്കുകയാണ് അവർ. എന്നാൽ അതുവരെ യേശുവിന്റെ ഈ വാക്കുകളിൽനിന്ന് അവർ ആശ്വാസം നേടുന്നു: “അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷ നേടും.”—മത്തായി 24:13; മീഖ 7:7.