മുഖ്യദൂതനായ മീഖായേൽ ആരാണ്?
ബൈബിളിന്റെ ഉത്തരം
ചില മതങ്ങൾ “വിശുദ്ധ മീഖായേൽ” എന്നു വിളിക്കുന്ന മീഖായേൽ, ഭൂമിയിൽ വരുന്നതിനു മുമ്പും അതിനു ശേഷവും യേശുവിന് ഉണ്ടായിരുന്ന മറ്റൊരു പേരാണ് എന്നു തെളിവുകൾ സൂചിപ്പിക്കുന്നു.a മീഖായേൽ, മോശയുടെ മരണശേഷം സാത്താനുമായി വാദപ്രതിവാദം ചെയ്തതായും പ്രവാചകനായ ദാനിയേലിന് ദൈവത്തിന്റെ സന്ദേശം കൈമാറാൻ ഒരു ദൂതനെ സഹായിച്ചതായും ബൈബിൾ പറയുന്നു. (ദാനിയേൽ 10:13, 21; യൂദ 9) അങ്ങനെ മീഖായേൽ, ദൈവത്തിന്റെ ഭരണത്തിനുവേണ്ടി വാദിച്ചുകൊണ്ടും ദൈവത്തിന്റെ ശത്രുക്കൾക്ക് എതിരെ പോരാടിക്കൊണ്ടും “ദൈവത്തെപ്പോലെ ആരുണ്ട്?” എന്ന തന്റെ പേരിന്റെ അർഥത്തിനൊത്ത് ജീവിക്കുന്നു.—ദാനിയേൽ 12:1; വെളിപാട് 12:7.
പ്രധാനദൂതനായ മീഖായേൽ യേശുവാണ് എന്ന് നിഗമനം ചെയ്യുന്നത് ന്യായമായിരിക്കുന്നതിന്റെ കാരണങ്ങൾ നോക്കാം.
“മുഖ്യദൂതനായ” മീഖായേൽ. (യൂദ 9) ബൈബിളിലെ രണ്ടു വാക്യങ്ങളിൽ മാത്രമാണ് “ദൈവദൂതന്മാരുടെ തലവൻ” എന്ന് അർഥമുള്ള “മുഖ്യദൂതൻ” എന്ന പദം കാണുന്നത്. രണ്ടു സന്ദർഭങ്ങളിലും ആ പദം ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. അത് സൂചിപ്പിക്കുന്നത് ആ പദവിനാമം വഹിക്കുന്ന ഒരു ദൂതനെയുള്ളൂ എന്നാണ്. അതിലെ ഒരു വാക്യം പുനരുത്ഥാനപ്പെട്ട കർത്താവായ യേശു ‘അധികാരസ്വരത്തിലുള്ള ആഹ്വാനത്തോടും മുഖ്യദൂതന്റെ ശബ്ദത്തോടും സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതായി’ പറയുന്നു. (1 തെസ്സലോനിക്യർ 4:16) ആ ‘മുഖ്യദൂതന്റെ ശബ്ദം’ യേശുവിന്റേതാണ്. കാരണം യേശുവാണ് മുഖ്യദൂതനായ മീഖായേൽ.
ദൂതസൈന്യത്തിന് ആജ്ഞകൾ നൽകുന്ന മീഖായേൽ. “മീഖായേലും മീഖായേലിന്റെ ദൂതന്മാരും ആ ഭീകരസർപ്പമായ സാത്താനോടു പോരാടി.” (വെളിപാട് 12:7) മീഖായേലിന് ആത്മമണ്ഡലത്തിൽ വലിയ അധികാരമുണ്ട്. അതുകൊണ്ടാണ് ‘പ്രധാനപ്രഭുക്കന്മാരിൽ ഒരാൾ’ എന്നും ‘മഹാപ്രഭു’ എന്നും അദ്ദേഹത്തെ വിളിച്ചിരിക്കുന്നത്. (ദാനിയേൽ 10:13, 21; 12:1) ഈ പദവിനാമങ്ങൾ മീഖായേലിനെ “ദൂതസൈന്യത്തിന്റെ സേനാപതിയായി” നിയുക്തനാക്കിയിരിക്കുന്നു എന്ന് സൂചിപ്പിക്കുന്നതായി പുതിയ നിയമത്തിന്റെ ഒരു പണ്ഡിതനായ ഡേവിഡ് ഇ. ഔൻ അഭിപ്രായപ്പെടുന്നു.
ദൂതസൈന്യത്തിന്മേൽ അധികാരമുള്ള ആളുടെ മറ്റൊരു പേരുംകൂടെ ബൈബിൾ പറഞ്ഞിട്ടുണ്ട്. ‘കർത്താവായ യേശു തന്റെ ശക്തരായ ദൂതന്മാരോടൊപ്പം സ്വർഗത്തിൽനിന്ന് അഗ്നിജ്വാലയിൽ വെളിപ്പെടുമ്പോൾ, അവൻ പ്രതികാരം ചെയ്യും’ എന്ന് അത് വിശദീകരിക്കുന്നു. (2 തെസ്സലോനിക്യർ 1:7, 8; മത്തായി 16:27) മറ്റൊരു വാക്യം, സ്വർഗത്തിലേക്കു പോയ യേശുവിന് “ദൂതന്മാരെയും അധികാരങ്ങളെയും ശക്തികളെയും, കീഴ്പെടുത്തിക്കൊടുത്തിരിക്കുന്നു” എന്നു പറയുന്നു. (1 പത്രോസ് 3:21, 22) അങ്ങനെയെങ്കിൽ, വിശുദ്ധ ദൂതഗണത്തിന് ആജ്ഞകൾ നൽകാൻ ഒരേസമയം ദൈവം യേശുവിനെയും മീഖായേലിനെയും നിയമിച്ചിരിക്കുന്നു എന്നു ചിന്തിക്കുന്നത് ന്യായയുക്തമായിരിക്കില്ല. നേരെമറിച്ച് യേശുവും മീഖായേലും ഒരേ വ്യക്തിയെത്തന്നെ കുറിക്കുന്നു എന്ന് ചിന്തിക്കുന്നതാണ് കൂടുതൽ ന്യായം.
ഭാവിയിൽ വരാനിരിക്കുന്ന ‘കഷ്ടതയുടെ ഒരു കാലത്ത്’ മീഖായേൽ “എഴുന്നേൽക്കും.” (ദാനിയേൽ 12:1) ദാനിയേൽ പുസ്തകത്തിലെ “എഴുന്നേൽക്കും” എന്ന പദപ്രയോഗം ഒരു പ്രത്യേക നടപടി സ്വീകരിക്കാൻ ഒരു രാജാവ് തയ്യാറെടുക്കുന്നു എന്നതിനെയാണ് മിക്കപ്പോഴും അർഥമാക്കുന്നത്. (ദാനിയേൽ 11:2-4, 21) അതനുസരിച്ച് “ദൈവവചനം” എന്ന് പേരുള്ള ‘രാജാക്കന്മാരുടെ രാജാവായ’ യേശു ദൈവത്തിന്റെ ശത്രുക്കളെ നിർമൂലമാക്കാനും ദൈവജനത്തെ സംരക്ഷിക്കാനും ആയി പ്രത്യേകനടപടി സ്വീകരിക്കും. (വെളിപാട് 19:11-16) ‘ലോകാരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്ത മഹാകഷ്ടതയുടെ സമയത്തായിരിക്കും യേശു അതു ചെയ്യുന്നത്.—മത്തായി 24:21, 42.
a ഒന്നിലധികം പേരുള്ള ആളുകളെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. യാക്കോബ് (ഇസ്രായേൽ എന്നും വിളിക്കുന്നു), പത്രോസ് (ശിമോൻ എന്നും വിളിക്കുന്നു), തദ്ദായി (യൂദാസ് എന്നും വിളിക്കുന്നു) എന്നിവരാണ് ചില ഉദാഹരണങ്ങൾ.—ഉൽപത്തി 49:1, 2; മത്തായി 10:2, 3; മർക്കോസ് 3:18; പ്രവൃത്തികൾ 1:13.