യുവജനങ്ങൾ ചോദിക്കുന്നു
ബൈബിളിന് എങ്ങനെ എന്നെ സഹായിക്കാനാകും?—ഭാഗം 1: ബൈബിൾത്താളുകളിലൂടെ
“ഞാൻ ബൈബിൾ വായിക്കാൻ നോക്കിയിട്ടുണ്ട്. പക്ഷേ അതിന്റെ വലുപ്പം കാണുമ്പോൾ പേടിതോന്നും!”—ബ്രയാനാ, 15.
നിങ്ങൾക്ക് ഇങ്ങനെ തോന്നിയിട്ടുണ്ടോ? എങ്കിൽ ഇനിയുള്ള ഭാഗം ശ്രദ്ധിച്ച് വായിക്കൂ.
ബൈബിൾ എന്തിനു വായിക്കണം?
ബൈബിൾ വായിക്കുക എന്നു പറയുന്നത് നിങ്ങൾക്ക് ബോറായി തോന്നുന്നുണ്ടോ? അങ്ങനെയാണെങ്കിൽ അത് മനസ്സിലാക്കാവുന്നതേ ഉള്ളൂ. ആയിരത്തിലധികം പേജുകളുള്ള, ചെറിയ അക്ഷരങ്ങൾ നിറഞ്ഞ, പടങ്ങളൊന്നുമില്ലാത്ത, ടിവി-യുടെയും വീഡിയോകളുടെയും അടുത്തുപോലും എത്താത്ത ഒരു പുസ്തകമായിട്ടായിരിക്കാം നിങ്ങൾ ബൈബിളിനെ കാണുന്നത്.
എന്നാൽ ഈ വിധത്തിൽ ചിന്തിച്ചുനോക്കൂ: നിങ്ങൾക്ക് ഒരു നിധിപ്പെട്ടി കണ്ടു കിട്ടിയാൽ അതിൽ എന്താണെന്ന് അറിയാൻ നിങ്ങൾക്ക് ആകാംക്ഷ തോന്നില്ലേ?
ബൈബിൾ അതുപോലൊരു നിധിപ്പെട്ടിയാണ്. അതിലുള്ള ജ്ഞാനത്തിന്റെ രത്നങ്ങൾ നിങ്ങളെ. . .
നല്ല തീരുമാനങ്ങൾ എടുക്കാൻ സഹായിക്കും
മാതാപിതാക്കളുമായി ഒത്തുപോകാൻ സഹായിക്കും
നല്ല കൂട്ടുകാരെ കണ്ടെത്താൻ സഹായിക്കും
ടെൻഷൻ മറികടക്കാൻ സഹായിക്കും
പണ്ടുകാലത്ത് എഴുതിയ ഈ പുസ്തകം നമ്മുടെ കാലത്ത് ഇത്രയും പ്രയോജനം ചെയ്യുന്നത് എന്തുകൊണ്ടാണ്? കാരണം “തിരുവെഴുത്തുകൾ മുഴുവൻ ദൈവപ്രചോദിതമായി എഴുതിയതാണ്.” (2 തിമൊഥെയൊസ് 3:16) അതായത്, ബൈബിളിൽ കാണുന്ന ഉപദേശങ്ങളെല്ലാം വന്നിരിക്കുന്നത് ഏറ്റവും മികച്ച ഒരു ഉറവിടത്തിൽനിന്നാണ്.
ബൈബിൾ എങ്ങനെ വായിക്കണം?
ഒന്നാമത്തെ വിധം ആദ്യംതൊട്ട് അവസാനംവരെ വായിക്കുക എന്നതാണ്. ബൈബിളിന്റെ ആകമാനസന്ദേശം എന്താണെന്ന് മനസ്സിലാക്കാൻ അത് സഹായിക്കും. ഇതിൽത്തന്നെ പല വിധങ്ങളുണ്ട്. അതിൽ രണ്ടെണ്ണം നോക്കാം:
നിങ്ങൾക്ക് ഉൽപത്തി മുതൽ വെളിപാടു വരെയുള്ള 66 ബൈബിൾപുസ്തകങ്ങളും അതിന്റെ ക്രമത്തിൽ വായിക്കാവുന്നതാണ്.
നിങ്ങൾക്ക് ബൈബിൾ കാലാനുക്രമത്തിൽ വായിക്കാവുന്നതാണ്; അതായത് സംഭവങ്ങൾ നടന്ന ക്രമത്തിൽ.
നുറുങ്ങ്: പുതിയ ലോക ഭാഷാന്തരത്തിന്റെ അനുബന്ധം എ7-ൽ യേശുവിന്റെ ഭൂമിയിലെ ജീവിതത്തിലെ പ്രധാനസംഭവങ്ങൾ കാലാനുക്രമത്തിൽ കാണാവുന്നതാണ്.
രണ്ടാമത്തെ വിധം നിങ്ങൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നവുമായി ബന്ധപ്പെട്ട ഒരു ബൈബിൾഭാഗം തിരഞ്ഞെടുക്കുക എന്നതാണ്. ഉദാഹരണത്തിന്:
വിശ്വസിക്കാൻ കൊള്ളാവുന്ന കൂട്ടുകാരെ കണ്ടെത്താൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ യോനാഥാന്റെയും ദാവീദിന്റെയും ജീവിതകഥ വായിക്കുക. (1 ശമുവേൽ 18 മുതൽ 20 വരെയുള്ള അധ്യായങ്ങൾ) ദാവീദിന്റെ ഏതു ഗുണങ്ങളാണ് യോനാഥാനെ ദാവീദിലേക്ക് അടുപ്പിച്ചത്?
പ്രലോഭനത്തെ ചെറുത്തുനിൽക്കാനുള്ള കഴിവ് ശക്തമാക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ പ്രലോഭനത്തെ ചെറുത്തുനിന്ന യോസേഫിന്റെ ജീവിതകഥ വായിക്കുക. (ഉൽപത്തി 39-ാം അധ്യായം) പ്രലോഭനങ്ങൾ ചെറുത്തുനിൽക്കാൻ യോസേഫിന് ശക്തി ലഭിച്ചത് എവിടെനിന്നാണ്?
പ്രാർഥനയിൽനിന്ന് നിങ്ങൾക്ക് എങ്ങനെ പ്രയോജനം കിട്ടുമെന്ന് അറിയാൻ ആഗ്രഹമുണ്ടോ? എങ്കിൽ നെഹമ്യയുടെ അനുഭവം വായിക്കുക. (നെഹമ്യ 2-ാം അധ്യായം) എന്നിട്ട് “ദൈവം അദ്ദേഹത്തിന്റെ പ്രാർഥനയ്ക്ക് ഉത്തരം നൽകി” എന്ന അഭ്യാസം ഉപയോഗിച്ച് ഈ ബൈബിൾഭാഗത്തുനിന്ന് നിങ്ങൾക്ക് ജീവിതത്തിൽ പകർത്താവുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെത്തുക.
നുറുങ്ങ്: ബൈബിൾ വായിക്കാൻ ഇരിക്കുമ്പോൾ, ശ്രദ്ധിച്ച് വായിക്കാൻ പറ്റുന്ന വിധത്തിൽ ചുറ്റുപാടുകൾ ശാന്തമാണെന്ന് ഉറപ്പുവരുത്തുക.
മൂന്നാമത്തെ വിധം ഒരു വിവരണമോ സങ്കീർത്തനമോ തിരഞ്ഞെടുത്ത് വായിച്ചതിനു ശേഷം നിങ്ങൾക്ക് അതെങ്ങനെ ബാധകമാകുന്നു എന്ന് ചിന്തിക്കുക എന്നതാണ്. വായനയ്ക്കു ശേഷം പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾ നിങ്ങളോടുതന്നെ ചോദിക്കുക.
ഈ ഭാഗം എന്തിനാണ് യഹോവ ബൈബിളിൽ ഉൾപ്പെടുത്തിയത്?
ഈ ഭാഗം യഹോവയുടെ വ്യക്തിത്വത്തെക്കുറിച്ചും യഹോവ കാര്യങ്ങൾ ചെയ്യുന്ന വിധത്തെക്കുറിച്ചും എന്താണ് വെളിപ്പെടുത്തുന്നത്?
ഈ വിവരം എന്റെ ജീവിതത്തിൽ എനിക്ക് എങ്ങനെ പ്രാവർത്തികമാക്കാം?
നുറുങ്ങ്: ബൈബിൾ വായനയിൽനിന്ന് പരമാവധി പ്രയോജനം നേടാൻ സഹായിക്കുന്ന വീഡിയോകൾക്കും ഭൂപടങ്ങൾക്കും മറ്റു സവിശേഷതകൾക്കും ആയി പുതിയ ലോക ഭാഷാന്തരത്തിന്റെ പഠനപ്പതിപ്പ് ഉപയോഗിക്കാം.