ബൈബിൾവാക്യങ്ങളുടെ വിശദീകരണം
റോമർ 12:2—‘മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ’
“ഈ വ്യവസ്ഥിതി നിങ്ങളെ അതിന്റെ അച്ചിൽ വാർത്തെടുക്കാൻ ഇനി സമ്മതിക്കരുത്. പകരം, മനസ്സു പുതുക്കി രൂപാന്തരപ്പെടുക. അങ്ങനെ, നല്ലതും സ്വീകാര്യവും അത്യുത്തമവും ആയ ദൈവേഷ്ടം എന്താണെന്നു പരിശോധിച്ച് ഉറപ്പു വരുത്താൻ നിങ്ങൾക്കു കഴിയും.”—റോമർ 12:2, പുതിയ ലോക ഭാഷാന്തരം.
“ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.”—റോമർ 12:2, സത്യവേദപുസ്തകം.
റോമർ 12:2-ന്റെ അർഥം
ദൈവത്തെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ മോശമായ സ്വാധീനങ്ങളിൽനിന്ന് ഒഴിഞ്ഞുനിന്നാൽമാത്രം പോരാ, തന്റെ വ്യക്തിത്വത്തിന് മാറ്റം വരുത്തുകയും വേണം. അങ്ങനെയൊരു മാറ്റം വരുത്താൻ ദൈവം ആരെയും നിർബന്ധിക്കുന്നില്ല. പകരം ഒരു വ്യക്തി അങ്ങനെ ചെയ്യുന്നത് ദൈവത്തോടുള്ള സ്നേഹംകൊണ്ടായിരിക്കണം. ദൈവം ആവശ്യപ്പെടുന്ന കാര്യങ്ങൾ ന്യായമാണെന്നും സ്നേഹംകൊണ്ട്, നമ്മുടെ പ്രയോജനത്തിനുവേണ്ടിയാണ് ദൈവം അങ്ങനെ പറഞ്ഞിരിക്കുന്നതെന്നും ആ വ്യക്തി മനസ്സിലാക്കും.—യശയ്യ 48:17.
“ഈ വ്യവസ്ഥിതി നിങ്ങളെ അതിന്റെ അച്ചിൽ വാർത്തെടുക്കാൻ ഇനി സമ്മതിക്കരുത്.” “ഈ വ്യവസ്ഥിതി” എന്നു പറഞ്ഞിരിക്കുന്നത് ദൈവത്തിന്റെ മൂല്യങ്ങൾക്കും ചിന്തകൾക്കും ചേർച്ചയിലല്ലാത്ത ഈ ലോകത്തിന്റെ നിലവാരങ്ങളെയും പ്രവൃത്തികളെയും സ്വഭാവരീതികളെയും ആണ്. (1 യോഹന്നാൻ 2:15-17) ഈ വ്യവസ്ഥിതി ആളുകളുടെ സ്വഭാവത്തെയും വ്യക്തിത്വത്തെയും അതിന്റെ അച്ചിൽ വാർത്തെടുക്കാൻ, അതായത് അതിനു ചേർച്ചയിൽ കൊണ്ടുവരാൻ ശക്തമായ സമ്മർദം ചെലുത്തുന്നു. ദൈവം ആരാധന സ്വീകരിക്കണമെങ്കിൽ ഒരു വ്യക്തി ഈ ലോകത്തിന്റെ സ്വാധീനത്തിന് ഒരിക്കലും വഴങ്ങിക്കൊടുക്കരുത്. കാരണം അത് ഒരാളിൽ ദോഷകരമായ സ്വഭാവരീതികൾ വളർത്തുകയും ദൈവത്തെ അപ്രീതിപ്പെടുത്തുന്നതിലേക്ക് നയിക്കുകയും ചെയ്യും.—എഫെസ്യർ 2:1-3; 4:17-19.
“മനസ്സു പുതുക്കി രൂപാന്തരപ്പെടുക.” അങ്ങനെ പറഞ്ഞാൽ, ഒരു വ്യക്തി അയാളുടെ ഉള്ളിന്റെ ഉള്ളിലെ ചിന്തകൾക്കും മനോഭാവങ്ങൾക്കും മാറ്റം വരുത്തിക്കൊണ്ടേയിരിക്കണം എന്നാണ്. “രൂപാന്തരപ്പെടുക” എന്നു പരിഭാഷ ചെയ്തിരിക്കുന്ന ഗ്രീക്കുപദം ഒരു വ്യക്തി എത്രത്തോളം മാറ്റം വരുത്തണമെന്നു സൂചിപ്പിക്കുന്നു. ഒരു പുഴു ഒരു ചിത്രശലഭമായി മാറുന്ന തരത്തിലുള്ള ഒരു മാറ്റമാണ് അത്. അതുകൊണ്ട് ദൈവത്തെ ആരാധിക്കുന്ന ഒരാൾ ഒരു “പുതിയ വ്യക്തിത്വം” ധരിക്കേണ്ടത് ആവശ്യമാണ്.—എഫെസ്യർ 4:23, 24; കൊലോസ്യർ 3:9, 10.
‘നല്ലതും സ്വീകാര്യവും അത്യുത്തമവും ആയ ദൈവേഷ്ടം എന്താണെന്നു പരിശോധിച്ച് ഉറപ്പു വരുത്തുക.’ ദൈവത്തെ ആരാധിക്കുന്ന ഒരു വ്യക്തി തന്റെ വിശ്വാസത്തെക്കുറിച്ച് നല്ല ബോധ്യമുള്ള ഒരാളായിരിക്കണം. അതാണ് ദൈവത്തിന്റെ ആഗ്രഹം. അങ്ങനെയുള്ള ഒരാൾ ദൈവവചനം നന്നായി പഠിക്കും, പഠിക്കുന്ന കാര്യങ്ങൾക്കനുസരിച്ച് ജീവിക്കും, ദൈവത്തിന്റെ നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കുന്നതുകൊണ്ടുള്ള പ്രയോജനം അനുഭവിച്ചറിയുകയും ചെയ്യും. അങ്ങനെ ദൈവത്തിന്റെ വഴികളാണ് ഏറ്റവും നല്ലതെന്ന് അദ്ദേഹം തിരിച്ചറിയും.—സങ്കീർത്തനം 34:8.
റോമർ 12:2-ന്റെ സന്ദർഭം
ദൈവത്തിനു സ്വീകാര്യമായ ആരാധനയിൽ എന്തൊക്കെയാണ് ഉൾപ്പെടുന്നതെന്ന് റോമർ 12-ാം അധ്യായത്തിൽ പറയുന്നു. നമ്മൾ ‘ചിന്താപ്രാപ്തി ഉപയോഗിച്ചുവേണം’ ദൈവത്തെ ആരാധിക്കാൻ. അല്ലാതെ കണ്ണുംപൂട്ടിയുള്ള വിശ്വാസത്തിന്റെ പേരിലോ ഏതെങ്കിലും വികാരത്തിന്റെ പുറത്തോ അല്ല. (റോമർ 12:1, 3) അതുപോലെ നമ്മുടെ ജീവിതത്തിലെ ഓരോ സന്ദർഭങ്ങളിലും നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ ആ ആരാധനയ്ക്കു ചേർച്ചയിലായിരിക്കണം. ദൈവികഗുണങ്ങൾ എങ്ങനെ കാണിക്കണം? മറ്റുള്ളവരോട് എങ്ങനെ ഇടപെടണം? നമ്മളോട് ആരെങ്കിലും മോശമായി ഇടപെട്ടാൽ എങ്ങനെ പ്രതികരിക്കണം? എന്നിവയെക്കുറിച്ചൊക്കെയുള്ള ചില പ്രായോഗികനിർദേശങ്ങൾ ഈ അധ്യായത്തിൽ കാണാം.—റോമർ 12:9-21.