ബൈബിൾവാക്യങ്ങളുടെ വിശദീകരണം
വെളിപാട് 21:4—‘അവൻ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും’
“ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല. പഴയതെല്ലാം കഴിഞ്ഞുപോയി!”—വെളിപാട് 21:4, പുതിയ ലോക ഭാഷാന്തരം.
“അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപാട് 21:4, 5, സത്യവേദപുസ്തകം.
വെളിപാട് 21:4-ന്റെ അർഥം
മനുഷ്യർ ഇന്ന് അനുഭവിക്കുന്ന വേദനയും കഷ്ടപ്പാടും മാത്രമല്ല, അതിന് ഇടയാക്കുന്ന എല്ലാ കാര്യങ്ങളും ദൈവം ഇല്ലാതാക്കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു.
“ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും.” “എല്ലാ മുഖങ്ങളിൽനിന്നും കണ്ണീർ തുടച്ചുമാറ്റും” എന്ന് യശയ്യ രേഖപ്പെടുത്തിയ യഹോവയുടെa വാഗ്ദാനം ഇവിടെ ഒന്നുകൂടെ എടുത്തുപറയുകയാണ്. (യശയ്യ 25:8; വെളിപാട് 7:17) പ്രിയപ്പെട്ടവരുടെ മരണമോ മറ്റ് ഏതെങ്കിലും ദുരിതമോ കാരണം കണ്ണീർ പൊഴിക്കുന്നവരോടുള്ള യഹോവയുടെ ആർദ്രമായ കരുതലാണ് ഈ വാക്കുകളിൽ കാണുന്നത്.
“മേലാൽ മരണം ഉണ്ടായിരിക്കില്ല.” ഈ പദപ്രയോഗത്തെ “മരണം ഇനി നിലനിൽക്കില്ല” അല്ലെങ്കിൽ “ഇനി മരണം ഉണ്ടായിരിക്കില്ല” എന്നും പരിഭാഷപ്പെടുത്താം. മരണവും അതുണ്ടാക്കുന്ന മറ്റു കഷ്ടപ്പാടുകളും ഇല്ലാതാക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു. കൂടാതെ, മരിച്ചുപോയവരെ പുനരുത്ഥാനത്തിൽ കൊണ്ടുവരുകയും ചെയ്യും. (1 കൊരിന്ത്യർ 15:21, 22) അങ്ങനെ ‘മരണത്തെ നീക്കം ചെയ്യും.’—1 കൊരിന്ത്യർ 15:26.
“ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല.” നമുക്ക് ഒരുതരത്തിലും ഉള്ള വേദനകൾ തോന്നില്ല എന്ന് ഈ വാക്കുകൾ അർഥമാക്കുന്നില്ല. ഒരു അപകടമോ മുറിവോ ഉണ്ടായാൽ നമുക്കു തോന്നുന്ന സ്വാഭാവികവേദന അന്നും ഉണ്ടായിരിക്കും. എന്നാൽ പാപമോb അപൂർണതയോ കാരണം നമുക്ക് ഉണ്ടാകുന്ന ശാരീരികവും വൈകാരികവും മാനസികവും ആയ വേദനകൾ അന്നുണ്ടായിരിക്കില്ല എന്നാണ് ഈ വാക്കുകളുടെ അർഥം.—റോമർ 8:21, 22.
“പഴയതെല്ലാം കഴിഞ്ഞുപോയി!” മനുഷ്യർ കാണാൻപോകുന്ന വലിയ മാറ്റങ്ങളെ ഈ വാക്യത്തിലൂടെ ഉപസംഹരിക്കുന്നു. ഒരു പരാമർശഗ്രന്ഥം പറയുന്നു: “മരണം, ദുഃഖം, നിലവിളി, വേദന എന്നിവപോലുള്ള കാര്യങ്ങളിൽനിന്ന് ഒരു മോചനവും ഇല്ലാത്തൊരു ജീവിതമാണ് മനുഷ്യർക്കുള്ളത്. അതു മാറി ഒരു പുതിയ ജീവിതരീതി വരും.” ദൈവം ആദ്യം ഉദ്ദേശിച്ചതുപോലെ ഭാവിയിൽ നല്ലൊരു അവസ്ഥയിൽ മനുഷ്യർ ഭൂമിയിൽ ജീവിതം എന്നേക്കും ആസ്വദിക്കും.—ഉൽപത്തി 1:27, 28.
വെളിപാട് 21:4-ന്റെ സന്ദർഭം
21-ാം അധ്യായത്തിന്റെ തുടക്കത്തിൽ അപ്പോസ്തലനായ യോഹന്നാൻ താൻ കണ്ട ഒരു ദർശനത്തെക്കുറിച്ച് പറയുന്നു: “ഞാൻ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു.” (വെളിപാട് 21:1) മറ്റു ബൈബിൾവാക്യങ്ങളിൽ മുൻകൂട്ടിപ്പറഞ്ഞതുപോലുള്ള വലിയൊരു മാറ്റത്തെക്കുറിച്ച് അദ്ദേഹം ഇവിടെ ആലങ്കാരികഭാഷയിൽ പറയുകയായിരുന്നു. (യശയ്യ 65:17; 66:22; 2 പത്രോസ് 3:13) ദൈവത്തിന്റെ സ്വർഗീയഗവൺമെന്റ് അതായത് ‘പുതിയ ആകാശം’ എല്ലാ മനുഷ്യഗവൺമെന്റുകളെയും ഇല്ലാതാക്കും. എന്നിട്ട് ‘പുതിയ ഭൂമിയെ’ അതായത് ഭൂമിയിൽ ജീവിക്കുന്ന പുതിയ മനുഷ്യസമൂഹത്തെ ഭരിക്കും.—യശയ്യ 65:21-23.
ഈ ദർശനം ഭൂമിയിലെ ജീവിതത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് എങ്ങനെ പറയാം? ഒന്നാമത്തെ കാരണം, ദൈവത്തിന്റെ വാഗ്ദാനം തുടങ്ങുന്നത് ഈ വാക്കുകളിലൂടെയാണ്: “ദൈവത്തിന്റെ കൂടാരം മനുഷ്യരുടെകൂടെ.” (വെളിപാട് 21:3) അതിൽനിന്ന് മനസ്സിലാകും ഈ വാഗ്ദാനം കൊടുത്തിരിക്കുന്നത് സ്വർഗത്തിലെ ദൂതന്മാർക്കല്ല, ഭൂമിയിലെ മനുഷ്യർക്കാണ് എന്ന്. രണ്ടാമത്തെ കാരണം, ഈ ദർശനം വിവരിച്ചിരിക്കുന്നത് ‘മേലാൽ മരണം ഇല്ലാത്ത’ ഒരു ലോകത്തെക്കുറിച്ചാണ്. (വെളിപാട് 21:4) സ്വർഗത്തിൽ ഒരിക്കലും മരണം ഉണ്ടായിട്ടില്ല. ഭൂമിയിലെ മനുഷ്യരാണ് മരിച്ചിട്ടുള്ളത്. (റോമർ 5:14) അതുകൊണ്ട് ഭൂമിയിൽ സംഭവിക്കാൻപോകുന്ന ഭാവി കാര്യങ്ങളെക്കുറിച്ചാണ് ഈ വാക്യം പറയുന്നത് എന്ന് നമുക്ക് ന്യായമായും നിഗമനം ചെയ്യാനാകും.
വെളിപാട് പുസ്തകത്തിന്റെ ചുരുക്കം മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.
a ദൈവത്തിന്റെ പേരാണ് യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്?” എന്ന ലേഖനം കാണുക.
b ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേരാത്ത ചിന്തകളെയും പ്രവൃത്തികളെയും വികാരങ്ങളെയും ആണ് ബൈബിളിൽ പാപം എന്നു വിളിച്ചിരിക്കുന്നത്. ദൈവത്തിന്റെ നിലവാരങ്ങൾ ആവശ്യപ്പെടുന്ന ഒരു കാര്യം ചെയ്യാതിരിക്കുന്നതും അതിൽ ഉൾപ്പെടും. (1 യോഹന്നാൻ 3:4) “പാപം എന്താണ്?” എന്ന ലേഖനം കാണുക.