-
മർക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
അവർക്കു വിശ്വാസമില്ലാത്തതു കണ്ട് യേശുവിന് അതിശയം തോന്നി: ‘സ്വന്തം നാട്ടുകാർക്കു’ തന്നോടുള്ള മനോഭാവം യേശുവിനെ എത്രമാത്രം ബാധിച്ചു എന്ന കാര്യം രേഖപ്പെടുത്തിയിരിക്കുന്ന ഒരേ ഒരു സുവിശേഷയെഴുത്തുകാരൻ മർക്കോസാണ്. (മത്ത 13:57, 58; “മർക്കോസ്—ആമുഖം” എന്നതും കാണുക.) “അതിശയം തോന്നി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുക്രിയ മിക്കപ്പോഴും യേശുവിന്റെ അത്ഭുതങ്ങളിലും ഉപദേശങ്ങളിലും ആളുകൾക്കു തോന്നിയ അതിശയത്തെ വർണിക്കാനാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും (മർ 5:20; 15:5) രണ്ടിടങ്ങളിൽ അതു യേശുവിന്റെതന്നെ പ്രതികരണത്തെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു സൈനികോദ്യോഗസ്ഥന്റെ വലിയ വിശ്വാസം കണ്ട് യേശു അതിശയിച്ചതാണ് അതിലൊന്ന്. (മത്ത 8:10; ലൂക്ക 7:9) മറ്റേതാകട്ടെ ഈ വാക്യത്തിലാണ്. എന്നാൽ ഇവിടെ നസറെത്തിലെ ആളുകളുടെ വിശ്വാസമില്ലായ്മ കണ്ടപ്പോൾ യേശുവിനു തോന്നിയതു നിരാശ കലർന്ന അതിശയമായിരുന്നു.
ഗ്രാമങ്ങളിൽ ചുറ്റിസഞ്ചരിച്ച്: ഗലീലയിൽ യേശു നടത്തിയ മൂന്നാം പ്രസംഗപര്യടനത്തിന്റെ തുടക്കമായിരുന്നു ഇത്. (മത്ത 9:35; ലൂക്ക 9:1) “ചുറ്റിസഞ്ചരിച്ച് ” എന്ന പദപ്രയോഗം സൂചിപ്പിക്കുന്നതു യേശു ആ പ്രദേശം ഒട്ടും വിടാതെ പ്രവർത്തിച്ചുതീർത്തു എന്നായിരിക്കാം. ഇനി, പ്രസംഗപര്യടനം പൂർത്തിയാക്കിയ യേശു തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തി എന്ന ആശയം ധ്വനിപ്പിക്കാനും ആ പദപ്രയോഗത്തിനാകും എന്നു ചിലർ കരുതുന്നു. യേശുവിന്റെ ശുശ്രൂഷയുടെ പ്രമുഖസവിശേഷതയായിരുന്നു ആളുകളെ പഠിപ്പിക്കുന്നത്.—മത്ത 4:23-ന്റെ പഠനക്കുറിപ്പു കാണുക.
-