-
ലൂക്കോസ് 3:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 തിബെര്യൊസ് സീസറിന്റെ ഭരണത്തിന്റെ 15-ാം വർഷം. അപ്പോൾ പൊന്തിയൊസ് പീലാത്തൊസായിരുന്നു യഹൂദ്യയിലെ ഗവർണർ. ഹെരോദ്*+ ഗലീലയിലെ ജില്ലാഭരണാധികാരിയായിരുന്നു. സഹോദരനായ ഫിലിപ്പോസ് ഇതൂര്യ-ത്രഖോനിത്തി പ്രദേശത്തെയും ലുസാന്യാസ് അബിലേനയിലെയും ജില്ലാഭരണാധികാരികളായിരുന്നു.
-
-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
തിബെര്യൊസ് സീസറിന്റെ ഭരണത്തിന്റെ 15-ാം വർഷം: എ.ഡി. 14, ആഗസ്റ്റ് 17-നാണ് (ഗ്രിഗോറിയൻ കലണ്ടറനുസരിച്ച്.) അഗസ്റ്റസ് സീസർ മരിച്ചത്. സെപ്റ്റംബർ 15-ന് തന്നെ ചക്രവർത്തിയായി പ്രഖ്യാപിക്കാൻ തിബെര്യൊസ് റോമൻ ഭരണസമിതിക്ക് അനുമതി കൊടുത്തു. അഗസ്റ്റസിന്റെ മരണംമുതൽ കണക്കുകൂട്ടിയാൽ, തിബെര്യൊസിന്റെ ഭരണത്തിന്റെ 15-ാം വർഷം എ.ഡി. 28 ആഗസ്റ്റ് മുതൽ എ.ഡി. 29 ആഗസ്റ്റ് വരെ ആണ്. എന്നാൽ 15-ാം വർഷം കണക്കുകൂട്ടുന്നതു തിബെര്യൊസിനെ ഔദ്യോഗികമായി ചക്രവർത്തിയായി പ്രഖ്യാപിച്ച സമയംമുതലാണെങ്കിൽ, അത് എ.ഡി. 28 സെപ്റ്റംബർ മുതൽ എ.ഡി. 29 സെപ്റ്റംബർ വരെയാണ്. തെളിവനുസരിച്ച് എ.ഡി. 29-ലെ വസന്തകാലത്ത് അഥവാ ഏപ്രിലിനോട് അടുത്ത് ആണ് (ഉത്തരാർധഗോളത്തിലേത്) യോഹന്നാൻ തന്റെ ശുശ്രൂഷ തുടങ്ങിയത്. അതു തിബെര്യൊസിന്റെ ഭരണത്തിന്റെ 15-ാം വർഷത്തിൽപ്പെടുകയും ചെയ്യും. ആ സമയത്ത് യോഹന്നാന് ഏതാണ്ട് 30 വയസ്സുണ്ടായിരുന്നു. ലേവ്യപുരോഹിതന്മാർ ദേവാലയസേവനം തുടങ്ങിയിരുന്നത് ആ പ്രായത്തിലാണ്. (സംഖ 4:2, 3) യേശു യോഹന്നാനാൽ സ്നാനമേറ്റ് “ശുശ്രൂഷ ആരംഭിക്കുമ്പോൾ” ലൂക്ക 3:21-23 അനുസരിച്ച് യേശുവിനും “ഏകദേശം 30 വയസ്സായിരുന്നു.” യേശു മരിച്ച നീസാൻ മാസം വസന്തകാലത്ത് ആയിരുന്നതുകൊണ്ട് യേശുവിന്റെ മൂന്നരവർഷക്കാലത്തെ ശുശ്രൂഷ തുടങ്ങിയത് ഏഥാനീം മാസത്തോട് അടുത്ത് (സെപ്റ്റംബർ/ഒക്ടോബർ), ശരത്കാലത്ത് ആയിരുന്നിരിക്കാം. സാധ്യതയനുസരിച്ച് യേശുവിനെക്കാൾ ആറു മാസം മൂത്ത യോഹന്നാൻ ശുശ്രൂഷ ആരംഭിച്ചതു യേശു ശുശ്രൂഷ തുടങ്ങുന്നതിന് ആറു മാസം മുമ്പാണെന്നു തെളിവുകൾ സൂചിപ്പിക്കുന്നു. (ലൂക്ക, അധ്യാ. 1) ഇതിൽനിന്ന്, യോഹന്നാൻ തന്റെ ശുശ്രൂഷ തുടങ്ങിയത് എ.ഡി. 29-ലെ വസന്തകാലത്താണെന്നു ന്യായമായും അനുമാനിക്കാം.—ലൂക്ക 3:23; യോഹ 2:13 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ഹെരോദ്: അതായത് ഹെരോദ് അന്തിപ്പാസ്, മഹാനായ ഹെരോദിന്റെ മകൻ.—പദാവലി കാണുക.
ജില്ലാഭരണാധികാരി: റോമൻ അധികാരികളുടെ കീഴിൽ, അവരുടെ അംഗീകാരത്തോടെ മാത്രം ഭരണം നടത്തിയിരുന്ന ഒരു ജില്ലാഭരണാധികാരിയെയോ ഒരു പ്രദേശത്തിന്റെ പ്രഭുവിനെയോ ആണ് ഈ പദം കുറിച്ചിരുന്നത്.—മത്ത 14:1; മർ 6:14 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
സഹോദരനായ ഫിലിപ്പോസ്: ഹെരോദ് അന്തിപ്പാസിന്റെ അർധസഹോദരനായിരുന്നു ഇത്. ഇദ്ദേഹം യരുശലേംകാരിയായ ക്ലിയോപാട്രയിൽ മഹാനായ ഹെരോദിനുണ്ടായ മകനാണ്. ഇദ്ദേഹത്തിന് ഫിലിപ്പോസ് എന്ന അതേ പേരിൽ ഒരു അർധസഹോദരനുണ്ടായിരുന്നതുകൊണ്ട് (മത്ത 14:3-ലും മർ 6:17-ലും പരാമർശിച്ചിരിക്കുന്ന ആ ഫിലിപ്പോസിനെ ഹൊരോദ് ഫിലിപ്പോസ് എന്നും വിളിച്ചിരുന്നു.) ഇവരെ തമ്മിൽ വേർതിരിച്ചറിയാൻ ഇദ്ദേഹത്തെ ചിലപ്പോഴൊക്കെ ജില്ലാഭരണാധികാരിയായ ഫിലിപ്പോസ് എന്നു വിളിച്ചിരുന്നു.—മത്ത 16:13-ന്റെ പഠനക്കുറിപ്പും കാണുക.
ഇതൂര്യ: തെളിവനുസരിച്ച് ലബാനോൻ, ആൻറി-ലബാനോൻ മലനിരകളുടെ അടുത്തായി, ഗലീലക്കടലിന്റെ വടക്കുകിഴക്ക് കാണുന്ന ഒരു ചെറിയ പ്രദേശം. അതിനു കൃത്യമായി നിശ്ചയിച്ച ഒരു അതിർത്തി ഇല്ല.—അനു. ബി10 കാണുക.
ത്രഖോനിത്തി: “നിരപ്പല്ലാത്ത” എന്ന് അർഥമുള്ള ഒരു ഗ്രീക്ക് മൂലപദത്തിൽനിന്ന് വന്നിരിക്കുന്ന പേര്. ആ പ്രദേശത്തിന്റെ നിരപ്പല്ലാത്ത ഭൂപ്രകൃതിയെ സൂചിപ്പിക്കുന്ന ഒരു പേരായിരിക്കാം ഇത്. ഇതൂര്യയുടെ കിഴക്ക്, മുമ്പ് ബാശാൻ എന്ന് അറിയപ്പെട്ടിരുന്ന പ്രദേശത്തിന്റെ (ആവ 3:3-14) ഭാഗമായിരുന്നു ത്രഖോനിത്തി ദേശം. അതിന്റെ വിസ്തീർണം ഏതാണ്ട് 900 ചതുരശ്രകിലോമീറ്റർ മാത്രമായിരുന്നു. ദമസ്കൊസിന് ഏതാണ്ട് 40 കി.മീ. തെക്കുകിഴക്കായിരുന്നു അതിന്റെ വടക്കേ അതിർത്തി.
ലുസാന്യാസ്: യോഹന്നാൻ സ്നാപകൻ ശുശ്രൂഷ തുടങ്ങിയ സമയത്ത്, ലുസാന്യാസ് റോമൻ ജില്ലയായ അബിലേനയുടെ “ജില്ലാഭരണാധികാരിയായിരുന്നു” എന്നു ലൂക്കോസിന്റെ വിവരണം പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ ലൂക്കോസിനു തെറ്റു പറ്റിയെന്നു ചില വിമർശകർ വാദിച്ചു. യഥാർഥത്തിൽ അബിലേനയ്ക്ക് അടുത്തുതന്നെയുള്ള കാൽസിസിലെ രാജാവായിരുന്ന ലുസാന്യാസ് ആണ് ലൂക്കോസിന്റെ മനസ്സിലുണ്ടായിരുന്നതെന്നും അദ്ദേഹം ലൂക്കോസ് സൂചിപ്പിച്ച സമയത്തിനും ദശാബ്ദങ്ങൾക്കു മുമ്പ്, ബി.സി. 34-നോടടുത്ത് കൊല്ലപ്പെട്ടെന്നും ആയിരുന്നു അവരുടെ വാദം. പക്ഷേ ആ വാദം തെറ്റാണെന്നു തെളിഞ്ഞു. കാരണം തിബെര്യൊസ് റോമൻ ചക്രവർത്തിയായിരുന്ന സമയത്ത് ലുസാന്യാസ് എന്നു പേരുള്ള ഒരു ജില്ലാഭരണാധികാരിയുണ്ടായിരുന്നെന്നു സൂചിപ്പിക്കുന്ന ഒരു ലിഖിതം സിറിയയിലെ ദമസ്കൊസിന് അടുത്തുള്ള അബിലയിൽനിന്ന് (അബിലേനയുടെ തലസ്ഥാനം.) പിന്നീടു കണ്ടെടുത്തു.—അനു. ബി10 കാണുക.
അബിലേന: ഒരു റോമൻ ജില്ലയായിരുന്ന അബിലേനയ്ക്ക് ആ പേര് വന്നത് അതിന്റെ തലസ്ഥാനമായ അബിലയിൽനിന്നാണ്. ഹെർമോൻ പർവതത്തിനു വടക്ക്, ആൻറി-ലബാനോൻ മലനിരകൾ സ്ഥിതിചെയ്യുന്ന പ്രദേശത്താണ് അതിന്റെ സ്ഥാനം.—പദാവലിയിൽ “ലബാനോൻ മലനിരകൾ” കാണുക.
-