-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
പട്ടാളക്കാർ: തെളിവനുസരിച്ച് ഇവർ ജൂതവംശജരായ പടയാളികളായിരുന്നു. ഇറക്കുമതി-കയറ്റുമതി സാധനങ്ങളുടെ നികുതിയോ മറ്റു നികുതികളോ പിരിക്കുന്നത് ഇവരുടെ ജോലിയിൽ ഉൾപ്പെട്ടിരുന്നു. ദൈവമായ യഹോവയുമായി ഉടമ്പടിബന്ധത്തിലുള്ളവരായിരുന്നു ആ ജൂതപടയാളികൾ. ആളുകളിൽനിന്ന് പണവും മറ്റും ബലമായി പിടിച്ചുവാങ്ങിയിരുന്ന അന്നത്തെ പടയാളികൾ മറ്റു പല കുറ്റകൃത്യങ്ങൾക്കും കുപ്രസിദ്ധരായിരുന്നു. എന്നാൽ മാനസാന്തരത്തെ പ്രതീകപ്പെടുത്തുന്ന സ്നാനമേൽക്കണമെങ്കിൽ അവർ അതെല്ലാം ഉപേക്ഷിക്കണമായിരുന്നു.—മത്ത 3:8.
കള്ളക്കുറ്റം ചുമത്തുക: ഇവിടെ കാണുന്ന ഗ്രീക്കുപദം (സൈക്കോഫാന്റിയോ) ലൂക്ക 19:8-ൽ ‘അന്യായമായി ഈടാക്കുക’ എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. (ലൂക്ക 19:8-ന്റെ പഠനക്കുറിപ്പു കാണുക.) ഈ ക്രിയയുടെ അക്ഷരാർഥം “അത്തിപ്പഴം കാട്ടി സ്വന്തമാക്കുക” എന്നാണെന്നു പറയപ്പെടുന്നു. ഈ പദത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല അഭിപ്രായങ്ങളുണ്ട്. അതിൽ ഒന്ന് ഇതാണ്: പുരാതനകാലത്തെ ആതൻസിൽ, അത്തിപ്പഴങ്ങൾ ആ പ്രവിശ്യയിൽനിന്ന് കയറ്റുമതി ചെയ്യുന്നതു നിരോധിച്ചിരുന്നു. അതുകൊണ്ടുതന്നെ അത്തിപ്പഴം കയറ്റുമതി ചെയ്യാൻ ശ്രമിക്കുന്നു എന്ന ആരോപണം ഉന്നയിച്ച് ഒരാളെ ഭയപ്പെടുത്താൻ നോക്കുന്ന വ്യക്തിയെ “അത്തിപ്പഴം കാട്ടുന്നവൻ” എന്നു വിളിച്ചിരുന്നു. പിൽക്കാലത്ത്, വ്യാജാരോപണങ്ങൾ ഉന്നയിച്ച് ആളുകളെ ചൂഷണം ചെയ്യുന്നവരെയോ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി കാര്യം സാധിക്കുന്നവരെയോ കുറിക്കാൻ ഈ പേര് ഉപയോഗിച്ചുതുടങ്ങി.
കിട്ടുന്നതുകൊണ്ട്: അഥവാ, “കിട്ടുന്ന വേതനംകൊണ്ട്; കിട്ടുന്ന കൂലികൊണ്ട്.” ഇവിടെ ഈ പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നതു സൈന്യവുമായി ബന്ധപ്പെട്ട ഒരു സാങ്കേതികപദമായിട്ടാണ്. അതിന് ഒരു പടയാളിയുടെ വേതനത്തെയോ, ഭക്ഷണത്തിനും മറ്റു ചെലവുകൾക്കും വേണ്ടി കൊടുക്കുന്ന പണത്തെയോ കുറിക്കാനാകും. ആദ്യകാലത്ത് പടയാളികൾക്കു നൽകിയിരുന്ന ആനുകൂല്യങ്ങളിൽ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഉൾപ്പെട്ടിരുന്നിരിക്കാം. സാധ്യതയനുസരിച്ച്, യോഹന്നാന്റെ അടുത്തേക്കു വന്ന ജൂതപടയാളികൾ പ്രധാനമായും ഇറക്കുമതി-കയറ്റുമതി സാധനങ്ങളുടെ നികുതിയോ മറ്റു നികുതികളോ പിരിക്കുന്നവരായിരുന്നു. അക്കാലത്ത് പട്ടാളക്കാരുടെ വേതനം തുച്ഛമായിരുന്നതുകൊണ്ട് തങ്ങളുടെ അധികാരം ഉപയോഗിച്ച് ആളുകളെ ചൂഷണം ചെയ്ത് പണമുണ്ടാക്കുന്ന ഒരു രീതി അവർക്കുണ്ടായിരുന്നെന്നു തോന്നുന്നു. ഇതു കണക്കിലെടുത്തായിരിക്കാം യോഹന്നാൻ അവർക്ക് ഇങ്ങനെയൊരു ഉപദേശം കൊടുത്തത്. 1കൊ 9:7-ൽ “സ്വന്തം ചെലവിൽ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പദപ്രയോഗത്തിലും ഇതേ പദം കാണാം. ഒരു ക്രിസ്തീയ ‘പടയാളിക്ക്’ അർഹതപ്പെട്ട വേതനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു പൗലോസ് അവിടെ.
-