-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ഒരു സാക്ഷിയായി: അഥവാ “സാക്ഷ്യം നൽകാൻ.” ഇവിടെ “സാക്ഷി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുനാമം (മാർട്ടുറീയ) യോഹന്നാന്റെ സുവിശേഷത്തിൽ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. വാസ്തവത്തിൽ മറ്റു മൂന്നു സുവിശേഷങ്ങളിലായി ഈ പദം ഉപയോഗിച്ചിരിക്കുന്നതിന്റെ ഇരട്ടിയോളം വരും അത്. ഇതിനോടു ബന്ധമുള്ള മാർട്ടുറേഓ എന്ന ഗ്രീക്കുക്രിയ (വാക്യത്തിൽ സാക്ഷി പറയുക എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു.) യോഹന്നാന്റെ സുവിശേഷത്തിൽ 39 തവണ ഉപയോഗിച്ചിട്ടുണ്ടെങ്കിലും മറ്റു സുവിശേഷങ്ങളിൽ 2 തവണ മാത്രമേ കാണുന്നുള്ളൂ. (മത്ത 23:31; ലൂക്ക 4:22) യോഹന്നാൻ സ്നാപകനെക്കുറിച്ച് പറയുന്ന സ്ഥലങ്ങളിൽ ഈ ഗ്രീക്കുക്രിയ അനേകം പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് അദ്ദേഹത്തെ “സാക്ഷിയായ യോഹന്നാൻ” എന്നുപോലും വിളിക്കാമെന്നു ചിലർ അഭിപ്രായപ്പെടുന്നു. (യോഹ 1:8, 15, 32, 34; 3:26; 5:33; യോഹ 1:20-ന്റെ പഠനക്കുറിപ്പു കാണുക.) യോഹന്നാന്റെ സുവിശേഷത്തിൽ യേശുവിന്റെ ശുശ്രൂഷയെക്കുറിച്ച് പറയുന്ന ഭാഗങ്ങളിലും ഈ ക്രിയ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. യേശു ‘സാക്ഷി പറയുന്നതിനെക്കുറിച്ചുള്ള’ പരാമർശം ഈ സുവിശേഷത്തിൽ പലയിടത്തും കാണാം. (യോഹ 8:14, 17, 18) അതിൽ ഏറ്റവും ശ്രദ്ധേയമാണു പൊന്തിയൊസ് പീലാത്തൊസിനോടുള്ള യേശുവിന്റെ ഈ വാക്കുകൾ: “സത്യത്തിനു സാക്ഷിയായി നിൽക്കാൻവേണ്ടിയാണു ഞാൻ ജനിച്ചത്. ഞാൻ ലോകത്തേക്കു വന്നിരിക്കുന്നതും അതിനായിട്ടാണ്.” (യോഹ 18:37) യോഹന്നാനു ലഭിച്ച വെളിപാടിൽ യേശുവിനെ “വിശ്വസ്തസാക്ഷി,” “വിശ്വസ്തനും സത്യവാനും ആയ സാക്ഷി” എന്നൊക്കെ വിളിച്ചിരിക്കുന്നതായും കാണാം.—വെളി 1:5; 3:14.
-