-
യോഹന്നാൻ 1:46വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
46 പക്ഷേ നഥനയേൽ ഫിലിപ്പോസിനോട്, “അതിന്, നസറെത്തിൽനിന്ന് എന്തു നന്മ വരാനാണ്” എന്നു ചോദിച്ചു. അപ്പോൾ ഫിലിപ്പോസ്, “നേരിട്ട് വന്ന് കാണൂ” എന്നു പറഞ്ഞു.
-
-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
നസറെത്തിൽനിന്ന് എന്തു നന്മ വരാനാണ്: നസറെത്ത്, ഗലീലപ്രദേശത്തുതന്നെ താമസിച്ചിരുന്നവർപോലും വലിയ വിലകല്പിക്കാതിരുന്ന ഒരു ചെറിയ ഗ്രാമമായിരുന്നതുകൊണ്ടാണ് നഥനയേൽ ഇങ്ങനെ പറഞ്ഞതെന്നു പലരും കരുതുന്നു. (യോഹ 21:2) കാരണം നസറെത്തിനു തൊട്ടടുത്തുള്ള യാഫീയയെക്കുറിച്ച് (നസറെത്തിന് ഏതാണ്ട് 3 കി.മീ. തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.) യോശ 19:12-ലും ജോസീഫസിന്റെ രേഖകളിലും പറയുന്നുണ്ടെങ്കിലും നസറെത്തിനെക്കുറിച്ച് എബ്രായതിരുവെഴുത്തുകളിലോ ജോസീഫസിന്റെ രേഖകളിലോ കാണുന്നില്ല. എന്നാൽ ഗലീലപ്രദേശത്തെ എല്ലാ നഗരങ്ങളെക്കുറിച്ചും എബ്രായതിരുവെഴുത്തുകളിലോ ജോസീഫസിന്റെ രേഖകളിലോ പറയുന്നില്ലെന്ന കാര്യം ഓർക്കുക. ഇനി, സുവിശേഷങ്ങൾ എല്ലായ്പോഴും നസറെത്തിനെ ‘നഗരം’ (ഗ്രീക്കിൽ പൊലിസ്) എന്നാണു വിളിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. (മത്ത 2:23; ലൂക്ക 1:26; 2:4, 39; 4:29) ഗ്രാമത്തെക്കാൾ ജനവാസമുള്ള സ്ഥലങ്ങളെയാണു പൊതുവേ നഗരം എന്നു വിളിച്ചിരുന്നത്. നസറെത്ത് ഒരു മലയടിവാരത്തിലായിരുന്നു. എസ്ഡ്രേലോൺ (ജസ്രീൽ) സമതലത്തിന് അഭിമുഖമായി അൽപ്പം ഉയരത്തിൽ സ്ഥിതി ചെയ്തിരുന്ന ആ നഗരത്തിനു ചുറ്റും കുന്നുകളുണ്ടായിരുന്നു. നല്ല ജനവാസമുണ്ടായിരുന്ന ഈ പ്രദേശത്തിന് അടുത്ത് ധാരാളം നഗരങ്ങളും പട്ടണങ്ങളും ഉണ്ടായിരുന്നു. പ്രധാനപ്പെട്ട പല വാണിജ്യപാതകളും നസറെത്തിന് അടുത്തുകൂടെ പോയിരുന്നതുകൊണ്ട് അവിടത്തുകാർക്ക് അക്കാലത്തെ സാമൂഹിക-മത-രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് എളുപ്പത്തിൽ വിവരങ്ങൾ കിട്ടിയിരുന്നിരിക്കാം. (ലൂക്ക 4:23 താരതമ്യം ചെയ്യുക.) നസറെത്തിൽ ഒരു സിനഗോഗും ഉണ്ടായിരുന്നു. (ലൂക്ക 4:16) നസറെത്ത് അത്ര പ്രാധാന്യമില്ലാത്ത ഗ്രാമമല്ലായിരുന്നെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. എങ്കിൽപ്പിന്നെ മിശിഹ നസറെത്തിൽനിന്നുള്ള ഒരാളാണെന്നു ഫിലിപ്പോസ് നഥനയേലിനോടു പറഞ്ഞപ്പോൾ അദ്ദേഹം ആശ്ചര്യപ്പെട്ടത് എന്തുകൊണ്ടായിരിക്കാം? മിശിഹ യഹൂദയിലെ ഒരു “ഗ്രാമമായ” ബേത്ത്ലെഹെമിൽനിന്നായിരിക്കും വരികയെന്നു തിരുവെഴുത്തുകൾ മുൻകൂട്ടിപ്പറഞ്ഞിരുന്നതുകൊണ്ട്, ഗലീലയിലെ തങ്ങളുടെ അയൽനഗരമായ നസറെത്തിൽനിന്നുള്ള ഒരാളാണു മിശിഹ എന്നു കേട്ടപ്പോൾ സാധ്യതയനുസരിച്ച് നഥനയേലിന് അത് ഉൾക്കൊള്ളാനായില്ല.—യോഹ 7:42, 52; മീഖ 5:2.
-