-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
എന്താ, താങ്കളും ഒരു ഗലീലക്കാരനാണോ?: സാധ്യതയനുസരിച്ച്, യഹൂദ്യയിലുള്ളവർക്കു ഗലീലക്കാരോടുണ്ടായിരുന്ന വെറുപ്പാണ് ഈ ചോദ്യത്തിൽ തെളിഞ്ഞുനിൽക്കുന്നത്. നിക്കോദേമൊസ് യേശുവിനെ അനുകൂലിച്ച് സംസാരിച്ചപ്പോൾ (യോഹ 7:51) പരീശന്മാർ തിരിച്ച് ചോദിച്ച ചോദ്യത്തിന്റെ അർഥം ഇതായിരുന്നു: “അയാൾക്കുവേണ്ടി വാദിച്ചുകൊണ്ട് താങ്കളും ഒരു ഗലീലക്കാരന്റെ തട്ടിലേക്കു തരംതാഴുകയാണോ?” സൻഹെദ്രിനും ദേവാലയവും യരുശലേമിലായിരുന്നതുകൊണ്ട്, ദൈവനിയമം പഠിപ്പിക്കുന്ന അധ്യാപകർ ധാരാളമായി അവിടെയുണ്ടായിരുന്നു. “സമ്പത്തിനായി വടക്കോട്ടും (ഗലീലയിലേക്കും) ജ്ഞാനത്തിനായി തെക്കോട്ടും (യഹൂദ്യയിലേക്കും) പോകുക” എന്നൊരു ജൂതപഴമൊഴി ഉണ്ടാകാനുള്ള കാരണംതന്നെ ഇതായിരിക്കാം. എന്നാൽ ഗലീലക്കാർ ദൈവനിയമം അറിയാത്തവരല്ലായിരുന്നെന്നു തെളിവുകൾ സൂചിപ്പിക്കുന്നു. ഗലീലയിൽ അങ്ങോളമിങ്ങോളമുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലും, ദൈവനിയമം പഠിപ്പിച്ചിരുന്നവരും ജൂതന്മാരുടെ വിദ്യാഭ്യാസകേന്ദ്രങ്ങളായ സിനഗോഗുകളും ഉണ്ടായിരുന്നു. (ലൂക്ക 5:17) ശരിക്കും യേശു ജനിച്ചതു ഗലീലയിലല്ല ബേത്ത്ലെഹെമിലാണെന്നു മനസ്സിലാക്കാൻ പരീശന്മാർ യാതൊരു ശ്രമവും നടത്തിയില്ല എന്നാണ് അവർ നിക്കോദേമൊസിനോടു പറഞ്ഞ ധിക്കാരച്ചുവയുള്ള ഈ മറുപടി സൂചിപ്പിക്കുന്നത്. (മീഖ 5:2; യോഹ 7:42) മിശിഹയുടെ പ്രസംഗപ്രവർത്തനത്തെ ഗലീലയിൽ പ്രകാശിക്കുന്ന ‘വലിയൊരു വെളിച്ചം’ എന്നു വിശേഷിപ്പിച്ച യശയ്യയുടെ പ്രവചനവും അവർക്കു ശരിയായി മനസ്സിലാക്കാനായില്ല.—യശ 9:1, 2; മത്ത 4:13-17.
7:53
ഏറ്റവും പഴക്കമുള്ള, ആധികാരികമായ പല കൈയെഴുത്തുപ്രതികളിലും യോഹ 7:53 മുതൽ 8:11 വരെയുള്ള വാക്യങ്ങൾ കാണുന്നില്ല. ഈ 12 വാക്യങ്ങൾ യോഹന്നാന്റെ സുവിശേഷത്തോടു പിന്നീടു കൂട്ടിച്ചേർത്തതാണെന്നു വ്യക്തം. (അനു. എ3 കാണുക.) ഉദാഹരണത്തിന്, യോഹന്നാന്റെ സുവിശേഷം അടങ്ങിയ, വളരെ പഴക്കമുള്ള രണ്ടു കൈയെഴുത്തുപ്രതികളായ പപ്പൈറസ് ബോഡ്മർ 2-ലും (P66)പപ്പൈറസ് ബോഡ്മർ 14, 15-ലും (P75) ഈ ഭാഗം കാണുന്നില്ല. ഇവ രണ്ടും എ.ഡി. രണ്ടാം നൂറ്റാണ്ടിലെ കൈയെഴുത്തുപ്രതികളാണ്. ഇനി, നാലാം നൂറ്റാണ്ടിലെ കോഡക്സ് സൈനാറ്റിക്കസിലും കോഡക്സ് വത്തിക്കാനസിലും ഈ വാക്യങ്ങളില്ല. ആദ്യമായി ഇതു കണ്ടത് എ.ഡി. അഞ്ചാം നൂറ്റാണ്ടിലെ ഒരു ഗ്രീക്ക് കൈയെഴുത്തുപ്രതിയിലാണ്. (കോഡക്സ് ബേസ്സേ) എന്നാൽ തുടർന്ന് എ.ഡി. ഒൻപതാം നൂറ്റാണ്ടുവരെയുള്ള മറ്റു കൈയെഴുത്തുപ്രതികളിലൊന്നും ഇവ കാണുന്നുമില്ല. അതുകൊണ്ടുതന്നെ ആദ്യകാലത്തെ മിക്ക ബൈബിൾപരിഭാഷകളിൽനിന്നും ഇവ ഒഴിവാക്കിയിട്ടുണ്ട്. ചില കൈയെഴുത്തുപ്രതികളിൽ ഈ വാക്യങ്ങൾ കൊടുത്തിരിക്കുന്നത്, യോഹന്നാന്റെ സുവിശേഷത്തിന്റെ അവസാനമാണ്. എന്നാൽ മറ്റു ചിലതിലാകട്ടെ, അവ ലൂക്ക 21:38-നെത്തുടർന്നാണു കാണുന്നത്. ഈ ഭാഗം പല കൈയെഴുത്തുപ്രതികളിലും പലയിടത്താണ് കാണുന്നത് എന്ന വസ്തുത, ഇവ കൂട്ടിച്ചേർത്തതാണ് എന്ന നിഗമനത്തെ പിന്താങ്ങുന്നു. യോഹന്നാൻ സുവിശേഷം എഴുതിയപ്പോൾ ഈ വാക്കുകൾ അതിൽ ഇല്ലായിരുന്നെന്നു മിക്ക പണ്ഡിതന്മാരും സമ്മതിക്കുന്നുണ്ട്.
ഈ വാക്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതികളിലും ചില ബൈബിൾപരിഭാഷകളിലും അതു കാണുന്നത് (ചിലതിൽ അല്പസ്വല്പം വ്യത്യാസമുണ്ട്.) ഇങ്ങനെയാണ്:
53 അങ്ങനെ, അവർ എല്ലാവരും തങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങി.
8 യേശുവോ ഒലിവുമലയിലേക്കു പോയി. 2 എന്നാൽ അതിരാവിലെ അവൻ വീണ്ടും ദൈവാലയത്തിൽ ചെന്നു. ജനമൊക്കെയും അവന്റെ അടുക്കൽ വന്നു. അവൻ ഇരുന്ന് അവരെ പഠിപ്പിക്കാൻ തുടങ്ങി. 3 അപ്പോൾ ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ കൊണ്ടുവന്ന് അവരുടെ നടുവിൽ നിറുത്തി. 4 അവർ അവനോട്, “ഗുരോ, ഈ സ്ത്രീയെ വ്യഭിചാരവൃത്തിയിൽ പിടിച്ചിരിക്കുന്നു. 5 ഇത്തരം സ്ത്രീകളെ കല്ലെറിയണമെന്നു ന്യായപ്രമാണത്തിൽ മോശ ഞങ്ങളോടു നിർദേശിച്ചിരിക്കുന്നു. നീ എന്തു പറയുന്നു?” എന്നു ചോദിച്ചു. 6 അവനിൽ കുറ്റം ചുമത്താൻ കാരണം കിട്ടേണ്ടതിന് അവനെ പരീക്ഷിക്കാനത്രേ അവർ ഇതു ചോദിച്ചത്. യേശുവോ കുനിഞ്ഞ് വിരലുകൊണ്ട് നിലത്ത് എഴുതിക്കൊണ്ടിരുന്നു. 7 അവർ അവനോടു വീണ്ടും വീണ്ടും ചോദിച്ചപ്പോൾ അവൻ നിവർന്ന് അവരോട്, “നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം ഇവളെ കല്ലെറിയട്ടെ” എന്നു പറഞ്ഞു. 8 അവൻ പിന്നെയും കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു. 9 ഇതു കേട്ടപ്പോൾ അവരിൽ മൂപ്പന്മാർ തുടങ്ങി ഓരോരുത്തരായി അവിടെനിന്ന് പോയി; ഒടുവിൽ അവനും അവരുടെ നടുവിൽ നിന്നിരുന്ന സ്ത്രീയും മാത്രം ശേഷിച്ചു. 10 യേശു നിവർന്ന് അവളോട്, “സ്ത്രീയേ, അവർ എവിടെ? ആരും നിനക്ക് ശിക്ഷ വിധിച്ചില്ലയോ?” എന്നു ചോദിച്ചു. 11 “ഇല്ല യജമാനനേ” എന്ന് അവൾ പറഞ്ഞതിന് യേശു അവളോട്, “ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല. പൊയ്ക്കൊള്ളുക; ഇനിമേൽ പാപത്തിൽ നടക്കരുത്” എന്നു പറഞ്ഞു.
-