-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
യഹോവേ: യശ 53:1-ൽനിന്നുള്ള ഈ ഉദ്ധരണിയുടെ മൂല എബ്രായപാഠത്തിൽ യഹോവ എന്ന പേര് ഒരു തവണയേ (“യഹോവ തന്റെ കൈ” എന്ന പദപ്രയോഗത്തിൽ മാത്രം.) കാണുന്നുള്ളൂ. എന്നാൽ യോഹന്നാൻ ഈ ഭാഗം ഉദ്ധരിച്ചത് യശയ്യപ്രവചനത്തിന്റെ സെപ്റ്റുവജിന്റ് പരിഭാഷയിൽനിന്നായിരിക്കാനാണു സാധ്യത. ഗ്രീക്കുഭാഷയിലുള്ള ആ തർജമയിൽ ഈ വാക്യത്തിന്റെ തുടക്കത്തിൽ കിരിയോസ് (കർത്താവ്) എന്ന പദത്തിന്റെ ഒരു അഭിസംബോധനാരൂപം കാണാം. (യശ 53:1 ഉദ്ധരിച്ചിരിക്കുന്ന റോമ 10:16-ഉം കാണുക.) പ്രവാചകന്റെ ചോദ്യങ്ങൾ ദൈവത്തോടാണെന്നു വായനക്കാർക്കു വ്യക്തമാകാൻവേണ്ടി സെപ്റ്റുവജിന്റിന്റെ പരിഭാഷകർ ആ വാക്യത്തിന്റെ തുടക്കത്തിൽ കിരിയോസ് എന്ന പദം കൂട്ടിച്ചേർത്തതായിരിക്കാനാണു സാധ്യത. സെപ്റ്റുവജിന്റിന്റെ പിൽക്കാലപ്രതികളിൽ കിരിയോസ് എന്ന പദം പൊതുവേ ഉപയോഗിച്ചിരിക്കുന്നതു മൂല എബ്രായപാഠത്തിലെ ദൈവനാമത്തിനു (ചതുരക്ഷരിക്കു) പകരമായിട്ടാണ് (ഈ ഉദ്ധരണിയിൽ കിരിയോസ് എന്ന പദം രണ്ടാമതു വരുന്ന സന്ദർഭം അതിന് ഉദാഹരണമാണ്.). അതുകൊണ്ടാണ് ഈ വാക്യത്തിലും കിരിയോസ് എന്നു വരുന്നിടത്ത് ദൈവനാമം ഉപയോഗിച്ചിരിക്കുന്നത്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ പല എബ്രായപരിഭാഷകളിലും, (അനു. സി-യിൽ J12-14, 16-18, 22, 23 എന്നു സൂചിപ്പിച്ചിരിക്കുന്നു.) യോഹ 12:38-ൽ കിരിയോസ് എന്ന പദം ആദ്യമായി വരുന്നിടത്ത് ദൈവനാമം ഉപയോഗിച്ചിട്ടുണ്ട്.
യഹോവ തന്റെ കൈ: ഇത് യശ 53:1-ൽനിന്നുള്ള ഉദ്ധരണിയാണ്. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം. (ഈ വാക്യത്തിലെ യഹോവേ എന്നതിന്റെ പഠനക്കുറിപ്പും അനു. എ5-ഉം സി-യും കാണുക.) ഈ വാക്യത്തിൽ കൈ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദവും അതിന്റെ തത്തുല്യമായ എബ്രായപദവും ബൈബിളിൽ മിക്കപ്പോഴും ഒരു ആലങ്കാരികാർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. ശക്തി പ്രയോഗിക്കാനുള്ള കഴിവിനെയാണ് അതു പ്രതീകപ്പെടുത്തുന്നത്. യേശു കാണിച്ച അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും ആണ് യഹോവ തന്റെ “കൈ” വെളിപ്പെടുത്തിയത്, അഥവാ ശക്തി പ്രയോഗിക്കാനുള്ള തന്റെ കഴിവ് തെളിയിച്ചത്.
-