-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
അവസാനകാലത്ത്: ഇതു യോവേൽപ്രവചനത്തിൽനിന്നുള്ള ഒരു ഉദ്ധരണിയാണ്. ആ പ്രവചനത്തിന്റെ മൂല എബ്രായപാഠത്തിലും സെപ്റ്റുവജിന്റിലും “അവസാനകാലത്ത്” എന്നതിനു പകരം “അതിനു ശേഷം” എന്നാണു കാണുന്നതെങ്കിലും പത്രോസ് ആ വാക്യം ഉദ്ധരിച്ചപ്പോൾ ദൈവപ്രചോദിതനായി “അവസാനകാലത്ത്” എന്ന പദപ്രയോഗമാണ് ഉപയോഗിച്ചത്. (യോവ 2:28; 3:1, LXX) പെന്തിക്കോസ്തിൽ ശിഷ്യന്മാർക്കു പരിശുദ്ധാത്മാവ് ലഭിച്ചപ്പോഴാണ് യോവേലിന്റെ ആ പ്രവചനം നിറവേറിയത്. അതിൽനിന്ന്, പത്രോസ് ‘അവസാനകാലം’ എന്നു വിളിച്ച ആ പ്രത്യേകകാലഘട്ടം അതിനോടകം തുടങ്ങിയെന്നു മനസ്സിലാക്കാം. ഇനി, പത്രോസ് “അവസാനകാലം” എന്ന പദപ്രയോഗം ഉപയോഗിച്ചതിൽനിന്ന് ആ കാലഘട്ടം തുടങ്ങുന്നത് ‘യഹോവയുടെ ഭയങ്കരവും ഉജ്ജ്വലവും ആയ ദിവസത്തിനു’ മുമ്പായിരിക്കുമെന്നും അനുമാനിക്കാം. സാധ്യതയനുസരിച്ച് ആ കാലഘട്ടം ‘യഹോവയുടെ ആ ദിവസത്തോടെ’ അവസാനിക്കുകയും ചെയ്യുമായിരുന്നു. (പ്രവൃ 2:20) പത്രോസ് അപ്പോൾ സംസാരിച്ചുകൊണ്ടിരുന്നതു ജൂതന്മാരോടും ജൂതമതത്തിലേക്കു പരിവർത്തനം ചെയ്തവരോടും ആയിരുന്നതുകൊണ്ട് ദൈവപ്രചോദിതമായ ഈ വാക്കുകൾക്ക് അക്കൂട്ടർ ഉൾപ്പെട്ട ഒരു ആദ്യനിവൃത്തിയുണ്ടായിരുന്നിരിക്കണം. യരുശലേം കേന്ദ്രീകരിച്ച് ആരാധന നടത്തിയിരുന്ന ആ വ്യവസ്ഥിതിയുടെ ‘അവസാനകാലത്താണ്’ ആ ജൂതന്മാർ ജീവിച്ചിരുന്നത് എന്നായിരിക്കാം പത്രോസിന്റെ ഈ പ്രസ്താവന സൂചിപ്പിച്ചത്. യരുശലേമും അവിടത്തെ ദേവാലയവും നശിപ്പിക്കപ്പെടുമെന്നു മുമ്പ് യേശുതന്നെ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (ലൂക്ക 19:41-44; 21:5, 6) എ.ഡി. 70-ൽ ആ നാശം സംഭവിക്കുകയും ചെയ്തു.
എല്ലാ തരം ആളുകളുടെ മേലും: അക്ഷ. “എല്ലാ മാംസത്തിന്റെ മേലും.” സാർക്സ് (“മാംസം” എന്നും “ജഡം” എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.) എന്ന ഗ്രീക്കുപദം ഇവിടെ ജീവനുള്ള മനുഷ്യരെയാണു കുറിക്കുന്നത്. അതുകൊണ്ടുതന്നെ മൂലപാഠത്തിലെ “എല്ലാ മാംസത്തിന്റെ” എന്ന പദപ്രയോഗം ന്യായമായും മനുഷ്യകുലത്തെ ഒന്നടങ്കം കുറിക്കേണ്ടതാണ്. (യോഹ 17:2-ന്റെ പഠനക്കുറിപ്പു കാണുക.) പക്ഷേ “എല്ലാ മാംസത്തിന്റെ” എന്നതിന്റെ ഗ്രീക്ക് പദപ്രയോഗം ഇവിടെ എല്ലാ മനുഷ്യരെയും കുറിക്കുന്നില്ല. കാരണം ദൈവം ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെയും മേൽ അന്നു തന്റെ ആത്മാവിനെ പകർന്നില്ല. ഇസ്രായേലിലുണ്ടായിരുന്ന എല്ലാവരുടെയും മേൽപോലും ദൈവം അന്നു തന്റെ ആത്മാവിനെ പകർന്നില്ല എന്നതാണു വസ്തുത. അതുകൊണ്ടുതന്നെ “എല്ലാ മാംസത്തിന്റെ” എന്ന പദപ്രയോഗം ഇവിടെ കുറിക്കുന്നതു മനുഷ്യകുലത്തിലെ എല്ലാവരെയുമല്ല, മറിച്ച് എല്ലാ തരം മനുഷ്യരെയുമാണ്. ദൈവം തന്റെ പരിശുദ്ധാത്മാവിനെ പകർന്നത് ‘ആൺമക്കൾ പെൺമക്കൾ, ചെറുപ്പക്കാർ പ്രായമായവർ, ദാസന്മാർ ദാസിമാർ’ എന്നിങ്ങനെ എല്ലാ തരത്തിലുംപെട്ട ആളുകളുടെ മേലായിരുന്നു. (പ്രവൃ 2:17, 18) “എല്ലാ” എന്നതിന്റെ ഗ്രീക്കുപദം (പാസ്) സമാനമായൊരു അർഥത്തിൽ ഉപയോഗിച്ചിരിക്കുന്ന 1തിമ 2:3, 4-ൽ കാണുന്നത് ‘എല്ലാ തരം ആളുകൾക്കും രക്ഷ കിട്ടാൻ’ ദൈവം ആഗ്രഹിക്കുന്നു എന്നാണ്.—യോഹ 12:32-ന്റെ പഠനക്കുറിപ്പു കാണുക.
എന്റെ ആത്മാവ്: ന്യൂമ എന്ന ഗ്രീക്കുപദം ഇവിടെ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ അഥവാ ചലനാത്മകശക്തിയെ കുറിക്കുന്നു. ഇവിടെ ഉദ്ധരിച്ചിരിക്കുന്ന യോവ 2:28-ൽ കാണുന്നത് അതിന്റെ തത്തുല്യ എബ്രായപദമായ റുവാക്ക് ആണ്. ആ എബ്രായപദത്തിന്റെയും ഗ്രീക്കുപദത്തിന്റെയും അടിസ്ഥാനാർഥം ഒന്നുതന്നെയാണ്. മനുഷ്യനേത്രങ്ങൾക്കു കാണാൻ കഴിയാത്ത ഒന്നിനെയാണ് അവ രണ്ടും കുറിക്കുന്നതെങ്കിലും അത്തരമൊരു ശക്തി പ്രവർത്തിക്കുന്നുണ്ട് എന്നതിന്റെ തെളിവുകൾ മനുഷ്യർക്കു മനസ്സിലാക്കാനാകും.—പദാവലിയിൽ “ആത്മാവ്” കാണുക.
പ്രവചിക്കും: പ്രോഫെറ്റിയോ എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “നിസ്സങ്കോചം കാര്യങ്ങൾ പറയുക” എന്നാണ്. ദൈവികമായ ഒരു ഉറവിൽനിന്നുള്ള സന്ദേശങ്ങൾ ആളുകളെ അറിയിക്കുക എന്ന അർഥത്തിലാണു തിരുവെഴുത്തുകളിൽ അത് ഉപയോഗിച്ചിരിക്കുന്നത്. പലപ്പോഴും ഈ പദത്തിനു ഭാവി മുൻകൂട്ടിപ്പറയുക എന്നൊരു അർഥം വന്നേക്കാമെങ്കിലും അതിന്റെ അടിസ്ഥാനാർഥം അതല്ല. ദൈവത്തിൽനിന്നുള്ള വെളിപാടിന്റെ സഹായത്താൽ ഒരു കാര്യം മനസ്സിലാക്കിയെടുക്കുക എന്നൊരു അർഥവും അതിനുണ്ട്. (മത്ത 26:68; മർ 14:65; ലൂക്ക 22:64 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) ഈ തിരുവെഴുത്തുഭാഗത്ത് ദൈവാത്മാവിന്റെ പ്രചോദനത്താൽ ചിലർ പ്രവചിച്ചതായി പറഞ്ഞിരിക്കുന്നു. യഹോവ അതുവരെ ചെയ്തതും തുടർന്ന് ചെയ്യാനിരിക്കുന്നതും ആയ ‘മഹാകാര്യങ്ങളെക്കുറിച്ച്’ മറ്റുള്ളവരെ അറിയിച്ചുകൊണ്ട് അവർ അത്യുന്നതന്റെ വക്താക്കളായി സേവിക്കുമായിരുന്നു. (പ്രവൃ 2:11) “പ്രവചിക്കുക” എന്നതിന്റെ എബ്രായപദത്തിനും സമാനമായൊരു അർഥമാണുള്ളത്. ഉദാഹരണത്തിന്, പുറ 7:1-ൽ അഹരോനെ മോശയുടെ ‘പ്രവാചകൻ’ എന്നു വിളിച്ചിരിക്കുന്നത് അദ്ദേഹം മോശയുടെ വക്താവായിത്തീർന്നു എന്ന അർഥത്തിലാണ്, അല്ലാതെ അഹരോൻ ഭാവിസംഭവങ്ങൾ മുൻകൂട്ടിപ്പറഞ്ഞു എന്ന അർഥത്തിലല്ല.
പ്രായമായവർ: അഥവാ “പ്രായക്കൂടുതലുള്ള പുരുഷന്മാർ; മൂപ്പന്മാർ.” പ്രെസ്ബൂറ്റെറൊസ് എന്ന ഗ്രീക്കുപദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്, ഈ വാക്യത്തിൽത്തന്നെ മുമ്പ് പരാമർശിച്ചിരിക്കുന്ന “ചെറുപ്പക്കാർ” എന്ന പദപ്രയോഗത്തിന്റെ വിപരീതാർഥത്തിലാണ്. വളരെ പ്രായമുള്ള പുരുഷന്മാരെയാണ് ഇവിടെ അതു കുറിക്കുന്നത്. എന്നാൽ മറ്റു സന്ദർഭങ്ങളിൽ ഇതേ പദം ഒരു സമൂഹത്തിലോ രാഷ്ട്രത്തിലോ അധികാരപദവിയും ഉത്തരവാദിത്വസ്ഥാനവും ഉള്ള ആളുകളെ കുറിക്കാനും ഉപയോഗിച്ചിട്ടുണ്ട്.—പ്രവൃ 4:5; 11:30; 14:23; 15:2; 20:17; മത്ത 16:21-ന്റെ പഠനക്കുറിപ്പു കാണുക.
-