-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
അവർ രണ്ടും: അക്ഷ. “അവർ.” അതായത്, പത്രോസും യോഹന്നാനും.
ദേവാലയത്തിലെ കാവൽക്കാരുടെ മേധാവി: പ്രവൃ 5:24, 26 വാക്യങ്ങളിലും ഈ മേധാവിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എ.ഡി. ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും പുരോഹിതന്മാരാണ് ഈ ഔദ്യോഗികസ്ഥാനം വഹിച്ചിരുന്നത്. ദേവാലയത്തിലെ കാവൽക്കാരുടെ മേധാവിയായി നിയമിക്കപ്പെടുന്ന പുരോഹിതനായിരുന്നു മഹാപുരോഹിതൻ കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥാനം. ദേവാലയത്തിൽ സേവിച്ചിരുന്ന പുരോഹിതന്മാരുടെ മേൽനോട്ടം ഇദ്ദേഹത്തിനായിരുന്നു. ദേവാലയത്തിനുള്ളിലും ദേവാലയപരിസരത്തും ക്രമസമാധാനം നിലനിറുത്താനായി ഇദ്ദേഹത്തിനു കീഴിൽ ‘ദേവാലയ പോലീസ് സേന’ എന്നു വിളിക്കാവുന്ന ഒരു കൂട്ടം ലേവ്യരുണ്ടായിരുന്നു. ദേവാലയകവാടങ്ങൾ രാവിലെ തുറക്കാനും രാത്രിയിൽ അടയ്ക്കാനും നിയോഗിച്ചിരുന്ന ലേവ്യരുടെ മേൽനോട്ടത്തിനായി ഈ മേധാവിക്കു കീഴിൽ ഉപമേധാവികളും കാണും. ദേവാലയഖജനാവ് സംരക്ഷിക്കുക, ജനക്കൂട്ടത്തെ നിയന്ത്രിക്കുക, പ്രവേശനം നിരോധിച്ചിരുന്ന സ്ഥലങ്ങളിലേക്ക് ആരും കടക്കാതെ നോക്കുക എന്നീ ഉത്തരവാദിത്വങ്ങളെല്ലാം ലേവ്യരായ ഈ കാവൽക്കാരുടേതായിരുന്നു. ലേവ്യരെ 24 ഗണങ്ങളായി തിരിച്ചിരുന്നു. ഓരോ ഗണവും ഊഴമനുസരിച്ച് വർഷത്തിൽ രണ്ടു പ്രാവശ്യം ഓരോ ആഴ്ച വീതം ആലയത്തിൽ സേവിക്കും. സാധ്യതയനുസരിച്ച് ഓരോ ഗണത്തിന്റെയും മേൽനോട്ടത്തിനായി ദേവാലയത്തിലെ കാവൽക്കാരുടെ മേധാവിക്കു കീഴിൽ ഒരു ഉപമേധാവിയുണ്ടായിരുന്നു. വലിയ സ്വാധീനശക്തിയുള്ളവരായിരുന്നു ദേവാലയത്തിലെ കാവൽക്കാരുടെ മേധാവികൾ. യേശുവിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയ മുഖ്യപുരോഹിതന്മാരോടൊപ്പം ഇവരും ഉണ്ടായിരുന്നു. യേശുവിനെ ഒറ്റിക്കൊടുത്ത രാത്രിയിൽ ഇവർ തങ്ങളുടെ കീഴിലുള്ള ഭടന്മാരോടൊപ്പം യേശുവിനെ അറസ്റ്റ് ചെയ്യാൻ വന്നതായി ബൈബിൾ പറയുന്നു.—ലൂക്ക 22:4 (പഠനക്കുറിപ്പു കാണുക), 52.
-