-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
മൂപ്പന്മാർ: അക്ഷ. “പ്രായമേറിയ പുരുഷന്മാർ.” ബൈബിളിൽ പ്രെസ്ബൂറ്റെറൊസ് എന്ന ഗ്രീക്കുപദം പ്രധാനമായും കുറിക്കുന്നത്, ഒരു സമൂഹത്തിലോ രാഷ്ട്രത്തിലോ അധികാരസ്ഥാനമോ ഉത്തരവാദിത്വസ്ഥാനമോ വഹിക്കുന്നവരെയാണ്. ചില സാഹചര്യങ്ങളിൽ പ്രായമേറിയ പുരുഷന്മാരെ കുറിക്കാനും ഈ പദം ഉപയോഗിക്കാറുണ്ട്. (മത്ത 16:21-ന്റെ പഠനക്കുറിപ്പു കാണുക.) പുരാതന ഇസ്രായേലിൽ നേതൃത്വമെടുക്കാനും ഭരണകാര്യങ്ങൾ നോക്കിനടത്താനും പ്രായവും പക്വതയും ഉള്ള പുരുഷന്മാരുടെ സംഘങ്ങൾ പ്രാദേശികമായി ഉണ്ടായിരുന്നതുപോലെ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയസഭകളിൽ സേവിക്കാനും ആത്മീയപക്വതയുള്ള പുരുഷന്മാരുണ്ടായിരുന്നു. (1തിമ 3:1-7; തീത്ത 1:5-9) പൗലോസിനെയും ബർന്നബാസിനെയും മിഷനറിയാത്രയ്ക്കായി ‘പരിശുദ്ധാത്മാവാണ് അയച്ചതെങ്കിലും’ നിയമനങ്ങൾ നടത്തുന്നതിനു മുമ്പ് അവർ പ്രാർഥിക്കുകയും ഉപവസിക്കുകയും ചെയ്തു. എന്നിട്ട് അവർ ആ മൂപ്പന്മാരെ ‘യഹോവയിൽ ഭരമേൽപ്പിച്ചു.’ (പ്രവൃ 13:1-4; 14:23) പൗലോസിനെയും ബർന്നബാസിനെയും കൂടാതെ തീത്തോസും സാധ്യതയനുസരിച്ച് തിമൊഥെയൊസും സഭകളിൽ “മൂപ്പന്മാരെ” നിയമിക്കുന്നതിൽ ഉൾപ്പെട്ടിരുന്നതായി തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നുണ്ട്. (തീത്ത 1:5; 1തിമ 5:22) സഭകൾ സ്വന്തമായി അത്തരം നിയമനങ്ങൾ നടത്തിയതിന്റെ രേഖകളൊന്നുമില്ല. ഒന്നാം നൂറ്റാണ്ടിലെ സഭകളിൽ സാധ്യതയനുസരിച്ച് ഒന്നിലധികം മൂപ്പന്മാർ സേവിച്ചിരുന്നു. “മൂപ്പന്മാരുടെ സംഘം” എന്നാണ് അവർ അറിയപ്പെട്ടിരുന്നത്.—1തിമ 4:14; ഫിലി 1:1.
നിയമിച്ചു: സഞ്ചാരമേൽവിചാരകന്മാരായ പൗലോസും ബർന്നബാസും മൂപ്പന്മാരെ നിയമിച്ചതിനെക്കുറിച്ചാണ് ഈ തിരുവെഴുത്തു പറയുന്നത്. അവർ ആ നിയമനം നടത്തിയത് ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്തിട്ടാണ്. അവർ ആ ഉത്തരവാദിത്വത്തെ വളരെ ഗൗരവത്തോടെ കണ്ടെന്നാണ് അതു സൂചിപ്പിക്കുന്നത്. ഇനി, തീത്തോസും സാധ്യതയനുസരിച്ച് തിമൊഥെയൊസും സഭയിൽ “മൂപ്പന്മാരെ” നിയമിക്കുന്നതിൽ ഉൾപ്പെട്ടിരുന്നതായി തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. (തീത്ത 1:5; 1തിമ 5:22) “നിയമിച്ചു” എന്നതിന് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഖെയ്റോടോണിയോ എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “കൈ നീട്ടുക (ഉയർത്തുക)” എന്നാണ്. അതുകൊണ്ട് സഭയിലുള്ളവർ കൈകൾ ഉയർത്തി സഭാമൂപ്പന്മാരെ തെരഞ്ഞെടുക്കുന്നതായിരുന്നു അന്നത്തെ രീതി എന്നു ചിലർ കരുതുന്നു. എന്നാൽ നിയമനം നടക്കുന്ന രീതിയെ സൂചിപ്പിക്കാനല്ല പലപ്പോഴും ഈ പദം ഉപയോഗിച്ചിട്ടുള്ളത്. കുറെക്കൂടെ വിശാലമായ അർഥത്തിലും ഇത് ഉപയോഗിക്കാറുണ്ട്. അതിന്റെ ഒരു തെളിവാണ് ഒന്നാം നൂറ്റാണ്ടിലെ ജൂതചരിത്രകാരനായ ജോസീഫസ്, ജൂതന്മാരുടെ പുരാവൃത്തങ്ങൾ (ഇംഗ്ലീഷ്), [6-ാം പുസ്തകം, അധ്യാ. 4-ഉം 13-ഉം (ലോയബ് 6:54-ഉം 6:312-ഉം)] എന്ന പുസ്തകത്തിൽ ഈ പദം ഉപയോഗിച്ചിരിക്കുന്ന വിധം. ദൈവം ശൗലിനെ രാജാവായി നിയമിക്കുന്നതിനെക്കുറിച്ച് പറയുന്ന ഭാഗത്താണ് അദ്ദേഹം ഈ ഗ്രീക്കുപദം ഉപയോഗിച്ചിരിക്കുന്നത്. ആ സന്ദർഭത്തിൽ ഇസ്രായേൽ സഭ കൈ ഉയർത്തി ശൗലിനെ രാജാവായി തെരഞ്ഞെടുക്കുകയായിരുന്നില്ല. പകരം തിരുവെഴുത്തുകൾ പറയുന്നതു ശമുവേൽ പ്രവാചകൻ ശൗലിന്റെ തലയിൽ തൈലം ഒഴിച്ചിട്ട്, “യഹോവ . . . നേതാവായി താങ്കളെ അഭിഷേകം ചെയ്തിരിക്കുന്നു” എന്നു പറഞ്ഞെന്നാണ്. ദൈവമായ യഹോവയാണ് ശൗലിനെ നിയമിച്ചതെന്ന് ഇതു കാണിക്കുന്നു. (1ശമു 10:1) ഇനി പ്രവൃ 14:23-ന്റെ ഗ്രീക്ക് വ്യാകരണഘടന സൂചിപ്പിക്കുന്നതും, നിയമനം നടത്തിയത് (അക്ഷ. “കൈ നീട്ടിക്കൊണ്ട്.”) സഭയല്ല പകരം അപ്പോസ്തലനായ പൗലോസും ബർന്നബാസും ആണെന്നാണ്. ഇനി, ഒന്നാം നൂറ്റാണ്ടിലെ സഭയിൽ യോഗ്യതയുള്ള പുരുഷന്മാരെ ഉത്തരവാദിത്വസ്ഥാനങ്ങളിൽ നിയമിക്കാൻ അപ്പോസ്തലന്മാരും അതിനായി നിയോഗിക്കപ്പെട്ട പുരുഷന്മാരും അവരുടെ മേൽ അക്ഷരാർഥത്തിൽ കൈകൾ വെച്ചിരുന്നതായും നമ്മൾ വായിക്കുന്നുണ്ട്. ആ നിയമനം ഉറപ്പിക്കുന്നതിന്റെയും അംഗീകരിക്കുന്നതിന്റെയും ഒരു പ്രതീകമായിരുന്നു അത്.—പ്രവൃ 6:6-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.
യഹോവയിൽ അവരെ ഭരമേൽപ്പിച്ചു: ഇവിടെ “ഭരമേൽപ്പിച്ചു” എന്നു പറഞ്ഞിരിക്കുന്ന ഗ്രീക്കുപദം പ്രവൃ 20:32-ലും കാണാം. അവിടെ പൗലോസ് എഫെസൊസിലുള്ള മൂപ്പന്മാരോട് ‘ഞാൻ നിങ്ങളെ ദൈവത്തിൽ ഭരമേൽപ്പിക്കുന്നു’ എന്നു പറയുന്ന ഭാഗത്താണ് അതു കാണുന്നത്. ഇനി, ലൂക്ക 23:46-ൽ “പിതാവേ, ഞാൻ എന്റെ ജീവൻ തൃക്കൈയിൽ ഏൽപ്പിക്കുന്നു” എന്ന യേശുവിന്റെ വാക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നിടത്തും ഇതേ ഗ്രീക്കുപദം കാണാം. ഇത് സങ്ക 31:5-ൽ നിന്നുള്ള ഉദ്ധരണിയാണ്. അതിന്റെ സെപ്റ്റുവജിന്റ് ഭാഷാന്തരത്തിലും (30:6, LXX) “ഭരമേൽപ്പിക്കുന്നു” എന്ന് അർഥംവരുന്ന അതേ ഗ്രീക്കുപദമാണു കാണുന്നത്. ആ വാക്യത്തിന്റെ മൂല എബ്രായപാഠത്തിൽ ദൈവനാമം കാണുന്നുമുണ്ട്. ഒരാളെ യഹോവയിൽ ഭരമേൽപ്പിക്കുക എന്ന ആശയം എബ്രായതിരുവെഴുത്തുകളിൽ പല തവണ കാണാം.—സങ്ക 22:8; 37:5; സുഭ 16:3; അനു. സി കാണുക.
-