-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
അവിവാഹിതരായ . . . പെൺമക്കൾ: അക്ഷ. “പെൺമക്കൾ; കന്യകമാർ.” ബൈബിളിൽ മിക്കപ്പോഴും “കന്യക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പാർഥെനൊസ് എന്ന ഗ്രീക്കുപദത്തിന്റെ അർഥം “ഒരിക്കലും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്ത ആൾ” എന്നാണ്. വിവാഹം കഴിക്കാത്ത പുരുഷന്മാരെയും സ്ത്രീകളെയും കുറിക്കാൻ ഈ പദത്തിനാകും. (മത്ത 25:1-12; ലൂക്ക 1:27; 1കൊ 7:25, 36-38) ഇവിടെ ഈ ഗ്രീക്കുപദം സൂചിപ്പിക്കുന്നതു ഫിലിപ്പോസിന്റെ നാലു പെൺമക്കളും വിവാഹം കഴിച്ചിട്ടില്ലായിരുന്നു എന്നാണ്.
പ്രവചിക്കുന്നവരായിരുന്നു: പുരുഷന്മാരും സ്ത്രീകളും പ്രവചിക്കുമെന്നു പ്രവാചകനായ യോവേൽ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (യോവ 2:28, 29) “പ്രവചിക്കുക” എന്നതിന്റെ മൂലഭാഷാപദങ്ങളുടെ അടിസ്ഥാനാർഥം ദൈവികമായ ഒരു ഉറവിൽനിന്നുള്ള സന്ദേശങ്ങൾ ആളുകളെ അറിയിക്കുക എന്നാണ്. എപ്പോഴും അതിന്, ഭാവി മുൻകൂട്ടിപ്പറയുക എന്നൊരു അർഥം വരണമെന്നില്ല. (പ്രവൃ 2:17-ന്റെ പഠനക്കുറിപ്പു കാണുക.) ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ നിവൃത്തിയെക്കുറിച്ച് ക്രിസ്തീയസഭയിലെ എല്ലാവരും സംസാരിച്ചിരിക്കാമെങ്കിലും 1കൊ 12:4, 10-ൽ പറഞ്ഞിരിക്കുന്ന ‘പ്രവചിക്കാനുള്ള’ കഴിവ്, പുതുതായി രൂപംകൊണ്ട ക്രിസ്തീയസഭയിലെ ചിലർക്കു മാത്രം പരിശുദ്ധാത്മാവ് അത്ഭുതകരമായി നൽകിയ കഴിവുകളിൽ ഒന്നായിരുന്നു. ഈ അത്ഭുതകരമായ കഴിവ് ലഭിച്ച അഗബൊസിനെപ്പോലുള്ള ചിലർക്കു ഭാവി മുൻകൂട്ടിപ്പറയാൻ കഴിഞ്ഞിരുന്നു. (പ്രവൃ 11:27, 28) യഹോവ ഈ പ്രത്യേകകഴിവ് നൽകിയ ക്രിസ്തീയസ്ത്രീകൾ സഭയിലെ പുരുഷന്മാരുടെ ശിരസ്ഥാനത്തിനു കീഴ്പെട്ടിരുന്നുകൊണ്ട് യഹോവയോട് ആഴമായ ആദരവ് കാണിച്ചിരുന്നു എന്നതിനു സംശയമില്ല.—1കൊ 11:3-5.
-