ന്യായാധിപന്മാർ
7 അങ്ങനെ യരുബ്ബാൽ എന്ന ഗിദെയോനും+ കൂടെയുള്ള ജനവും അതിരാവിലെ എഴുന്നേറ്റ് ഹരോദിലെ നീരുറവിന് അരികെ പാളയമടിച്ചു. മിദ്യാന്റെ പാളയം അവരുടെ വടക്ക്, താഴ്വരയിലുള്ള മോരെ കുന്നിന് അടുത്തായിരുന്നു. 2 യഹോവ ഗിദെയോനോടു പറഞ്ഞു: “നിന്റെകൂടെയുള്ള ജനം അധികമാണ്.+ ‘എന്റെ കൈതന്നെ എന്നെ രക്ഷിച്ചു’ എന്ന് ഇസ്രായേൽ എന്റെ മുന്നിൽ വീമ്പിളക്കാതിരിക്കാൻ ഞാൻ മിദ്യാനെ അവരുടെ കൈയിൽ ഏൽപ്പിക്കില്ല.+ 3 അതുകൊണ്ട് ജനം കേൾക്കെ ഇങ്ങനെ പറയുക: ‘പേടിയും പരിഭ്രമവും ഉള്ളവരെല്ലാം വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.’”+ അങ്ങനെ, ഗിദെയോൻ അവരെ പരീക്ഷിച്ചു. അപ്പോൾ 22,000 പേർ തിരികെ വീട്ടിലേക്കു പോയി, 10,000 പേർ ബാക്കിയായി.
4 എന്നിട്ടും യഹോവ ഗിദെയോനോടു പറഞ്ഞു: “ഇപ്പോഴും ജനം അധികമാണ്. അവരെ വെള്ളത്തിന് അടുത്തേക്കു കൊണ്ടുപോകുക. അവിടെവെച്ച് ഞാൻ അവരെ നിനക്കുവേണ്ടി പരീക്ഷിക്കും. ‘ഇവൻ നിന്റെകൂടെ പോരട്ടെ’ എന്നു ഞാൻ പറയുന്നയാൾ നിന്റെകൂടെ പോരട്ടെ. എന്നാൽ ‘ഇവൻ നിന്റെകൂടെ പോരേണ്ടാ’ എന്നു ഞാൻ പറയുന്നയാൾ നിന്റെകൂടെ വരരുത്.” 5 അങ്ങനെ ഗിദെയോൻ ജനത്തെ താഴെ വെള്ളത്തിന് അടുത്തേക്കു കൊണ്ടുവന്നു.
അപ്പോൾ യഹോവ ഗിദെയോനോടു പറഞ്ഞു: “മുട്ടുകുത്തി കുനിഞ്ഞ് വെള്ളം കുടിക്കുന്നവരെയും നായ കുടിക്കുംപോലെ വെള്ളം നക്കിക്കുടിക്കുന്നവരെയും തമ്മിൽ വേർതിരിക്കുക.” 6 വെള്ളം കൈയിലെടുത്ത് നക്കിക്കുടിച്ചവർ ആകെ 300 പേരായിരുന്നു. ബാക്കിയുള്ളവരെല്ലാം മുട്ടുകുത്തി കുനിഞ്ഞാണു വെള്ളം കുടിച്ചത്.
7 യഹോവ ഗിദെയോനോടു പറഞ്ഞു: “വെള്ളം നക്കിക്കുടിച്ച 300 പേരെ ഉപയോഗിച്ച് ഞാൻ നിങ്ങളെ രക്ഷിക്കും. മിദ്യാനെ ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കും.+ ബാക്കിയുള്ളവർ തിരികെ വീടുകളിലേക്കു പോകട്ടെ.” 8 ജനത്തിന്റെ കൈയിൽനിന്ന് ഭക്ഷണസാധനങ്ങളും കൊമ്പുകൊണ്ടുള്ള വാദ്യങ്ങളും വാങ്ങിയശേഷം ഗിദെയോൻ ജനത്തെ അവരുടെ വീടുകളിലേക്കു പറഞ്ഞയച്ചു. ആ 300 പേരെ മാത്രം തന്റെകൂടെ നിറുത്തി. മിദ്യാന്റെ പാളയം താഴെ താഴ്വരയിലായിരുന്നു.+
9 ആ രാത്രി യഹോവ ഗിദെയോനോടു പറഞ്ഞു: “ചെന്ന് മിദ്യാന്യരുടെ പാളയത്തെ ആക്രമിക്കുക. ഞാൻ അവരെ നിന്റെ കൈയിൽ തന്നിരിക്കുന്നു.+ 10 എന്നാൽ അവരെ ആക്രമിക്കാൻ നിനക്കു ഭയമാണെങ്കിൽ നിന്റെ ഭൃത്യനായ പൂരയെയും കൂട്ടി അവരുടെ പാളയത്തിലേക്കു ചെല്ലുക. 11 എന്നിട്ട് അവർ സംസാരിക്കുന്നതു ശ്രദ്ധിച്ചുകേൾക്കുക. അപ്പോൾ പാളയത്തെ ആക്രമിക്കാൻ നിനക്കു ധൈര്യം കിട്ടും.”* അങ്ങനെ ഗിദെയോനും ഭൃത്യനായ പൂരയും ശത്രുസൈന്യത്തിന്റെ പാളയത്തിന് അടുത്തേക്ക് ഇറങ്ങിച്ചെന്നു.
12 മിദ്യാന്യരും അമാലേക്യരും കിഴക്കരും+ ഒരു വെട്ടുക്കിളിക്കൂട്ടംപോലെ ആ താഴ്വരയെ മൂടിയിരുന്നു. അവരുടെ ഒട്ടകങ്ങൾ കടൽത്തീരത്തെ മണൽത്തരികൾപോലെ അസംഖ്യമായിരുന്നു.+ 13 ഗിദെയോൻ പാളയത്തിൽ ചെന്ന സമയത്ത് ഒരാൾ സുഹൃത്തിനോടു തന്റെ സ്വപ്നം വിവരിക്കുന്നതു കേട്ടു. അയാൾ പറഞ്ഞു: “ഇതാണു ഞാൻ കണ്ട സ്വപ്നം: വട്ടത്തിലുള്ള ഒരു ബാർളിയപ്പം മിദ്യാന്റെ പാളയത്തിലേക്ക് ഉരുണ്ടുരുണ്ട് വന്നു.+ അത് ഒരു കൂടാരത്തിൽ ശക്തിയായി വന്നിടിച്ച് കൂടാരം തള്ളി മറിച്ചിട്ടു. അങ്ങനെ കൂടാരം തകർന്ന് നിലംപൊത്തി.” 14 അപ്പോൾ സുഹൃത്ത് പറഞ്ഞു: “ഇതു യോവാശിന്റെ മകനായ ഗിദെയോൻ എന്ന ഇസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല.+ ദൈവം മിദ്യാനെയും ഈ പാളയത്തെയും ഗിദെയോന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.”+
15 സ്വപ്നവും അതിന്റെ അർഥവും+ കേട്ട ഉടനെ ഗിദെയോൻ കുമ്പിട്ട് ദൈവത്തെ ആരാധിച്ചു. പിന്നെ ഗിദെയോൻ ഇസ്രായേലിന്റെ പാളയത്തിലേക്കു തിരിച്ചുപോയി ഇങ്ങനെ പറഞ്ഞു: “എഴുന്നേൽക്കൂ! ഇതാ, മിദ്യാന്റെ പാളയത്തെ യഹോവ നിങ്ങളുടെ കൈയിൽ തന്നിരിക്കുന്നു.” 16 എന്നിട്ട് ആ 300 പേരെ മൂന്നു പടക്കൂട്ടമായി വിഭാഗിച്ച് അവരുടെയെല്ലാം കൈയിൽ കൊമ്പുകൊണ്ടുള്ള വാദ്യങ്ങളും+ വലിയ കുടങ്ങളും കുടങ്ങൾക്കുള്ളിൽ തീപ്പന്തങ്ങളും കൊടുത്തു. 17 പിന്നെ അവരോടു പറഞ്ഞു: “ഞാൻ ചെയ്യുന്നതു നോക്കി അതുപോലെതന്നെ ചെയ്യുക. പാളയത്തിന്റെ അടുത്ത് എത്തുമ്പോൾ ഞാൻ ചെയ്യുന്നതുതന്നെ നിങ്ങളും ചെയ്യണം. 18 ഞാനും എന്റെകൂടെയുള്ളവരും കൊമ്പു വിളിക്കുമ്പോൾ നിങ്ങളും പാളയത്തിനു ചുറ്റും നിന്ന് കൊമ്പു വിളിക്കുകയും, ‘യഹോവയ്ക്കും ഗിദെയോനും വേണ്ടി!’ എന്ന് ഉച്ചത്തിൽ വിളിച്ചുപറയുകയും വേണം.”
19 മധ്യയാമത്തിന്റെ* ആരംഭത്തിൽ, ആ യാമത്തിലെ കാവൽഭടന്മാർ വന്ന ഉടനെ, ഗിദെയോനും കൂടെയുള്ള 100 പേരും പാളയത്തിന് അടുത്ത് എത്തി. അവർ കൊമ്പു+ വിളിച്ച് അവരുടെ കൈയിലുണ്ടായിരുന്ന കുടങ്ങൾ+ ഉടച്ചു. 20 അങ്ങനെ മൂന്നു പടക്കൂട്ടങ്ങളും കൊമ്പു വിളിച്ച് വലിയ കുടങ്ങൾ ഉടച്ചു. അവർ തീപ്പന്തം ഇടതുകൈയിലും കൊമ്പു വലതുകൈയിലും പിടിച്ചു. എന്നിട്ട് കൊമ്പു വിളിച്ച്, “യഹോവയുടെയും ഗിദെയോന്റെയും വാൾ!” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. 21 ആ സമയമത്രയും അവരെല്ലാം പാളയത്തിനു ചുറ്റും അവരവരുടെ സ്ഥാനത്തുതന്നെ നിന്നു. ശത്രുസൈന്യം മുഴുവൻ നിലവിളിച്ചുകൊണ്ട് ഓടാൻതുടങ്ങി.+ 22 ആ 300 പേരും കൊമ്പു വിളിച്ചുകൊണ്ടിരുന്നു. അപ്പോൾ, പാളയത്തിലുള്ളവരെല്ലാം വാൾ എടുത്ത് പരസ്പരം പോരാടാൻ+ യഹോവ ഇടയാക്കി. ആ സൈന്യം സെരേരയ്ക്കുള്ള വഴിയേ ബേത്ത്-ശിത്ത വരെയും തബ്ബത്തിന് അടുത്തുള്ള ആബേൽ-മെഹോലയുടെ+ അതിർത്തി വരെയും ഓടിപ്പോയി.
23 നഫ്താലിയിൽനിന്നും ആശേരിൽനിന്നും മനശ്ശെയിൽനിന്നും+ ഇസ്രായേല്യരെ വിളിച്ചുകൂട്ടി; അവർ മിദ്യാന്യരെ പിന്തുടർന്നു. 24 ഗിദെയോൻ എഫ്രയീംമലനാട്ടിൽ എല്ലായിടത്തും ദൂതന്മാരെ അയച്ച് ഇങ്ങനെ അറിയിച്ചു: “ചെന്ന് മിദ്യാനെ ആക്രമിക്കുക. അവർ എത്തുംമുമ്പേ ബേത്ത്-ബാരയിലും യോർദാൻ നദിയിലും ഉള്ള കടവുകൾ പിടിച്ചെടുക്കുക.” അങ്ങനെ എഫ്രയീമിലെ എല്ലാ പുരുഷന്മാരും ഒരുമിച്ചുകൂടി ബേത്ത്-ബാരയിലെയും യോർദാനിലെയും കടവുകൾ പിടിച്ചെടുത്തു. 25 അവർ മിദ്യാനിലെ രണ്ടു പ്രഭുക്കന്മാരെ, ഓരേബിനെയും സേബിനെയും, പിടിച്ചു. അവർ ഓരേബിനെ ഓരേബിന്റെ പാറയിൽവെച്ചും സേബിനെ സേബിന്റെ മുന്തിരിച്ചക്കിൽവെച്ചും കൊന്നു.+ അവർ പിന്നെയും മിദ്യാനെ പിന്തുടർന്നു.+ ഓരേബിന്റെയും സേബിന്റെയും തല അവർ യോർദാൻ പ്രദേശത്ത് ഗിദെയോന്റെ അടുത്ത് കൊണ്ടുവന്നു.