ശമുവേൽ ഒന്നാം ഭാഗം
27 പക്ഷേ, ദാവീദ് ഇങ്ങനെ മനസ്സിൽ പറഞ്ഞു: “ഒരു ദിവസം ഞാൻ ശൗലിന്റെ കൈയാൽ കൊല്ലപ്പെടും. അതുകൊണ്ട്, ഫെലിസ്ത്യദേശത്തേക്കു രക്ഷപ്പെടുന്നതായിരിക്കും നല്ലത്.+ അപ്പോൾ, ശൗൽ ഇസ്രായേൽപ്രദേശങ്ങളിൽ എന്നെ തിരയുന്നതു മതിയാക്കും.+ അങ്ങനെ, ഞാൻ ശൗലിന്റെ കൈയിൽനിന്ന് രക്ഷപ്പെടും.” 2 അതുകൊണ്ട്, ദാവീദ് എഴുന്നേറ്റ് കൂടെയുള്ള 600 പുരുഷന്മാരെയും കൂട്ടി+ ഗത്തിലെ രാജാവും മാവോക്കിന്റെ മകനും ആയ ആഖീശിന്റെ+ അടുത്തേക്കു ചെന്നു. 3 ദാവീദും കൂടെയുള്ള പുരുഷന്മാരും അവരവരുടെ വീട്ടിലുള്ളവരുടെകൂടെ ഗത്തിൽ ആഖീശിന്റെ അടുത്ത് താമസിച്ചു. ദാവീദിന്റെകൂടെ രണ്ടു ഭാര്യമാരും, അതായത് ജസ്രീൽക്കാരി അഹീനോവമും+ നാബാലിന്റെ വിധവയായ കർമേൽക്കാരി അബീഗയിലും,+ ഉണ്ടായിരുന്നു. 4 ദാവീദ് ഗത്തിലേക്ക് ഓടിപ്പോയെന്നു ശൗലിനു വിവരം കിട്ടിയപ്പോൾ ശൗൽ ദാവീദിനെ തിരയുന്നതു മതിയാക്കി.+
5 തുടർന്ന്, ദാവീദ് ആഖീശിനോടു പറഞ്ഞു: “അങ്ങയ്ക്ക് എന്നോടു പ്രീതി തോന്നുന്നെങ്കിൽ ഉൾനാട്ടിലുള്ള ഏതെങ്കിലും നഗരത്തിൽ എനിക്ക് ഒരിടം തരുമോ? ഞാൻ അവിടെ കഴിഞ്ഞുകൊള്ളാം. അങ്ങയുടെ ഈ ദാസൻ എന്തിന് അങ്ങയുടെകൂടെ ഈ രാജനഗരത്തിൽ താമസിക്കണം?” 6 അങ്ങനെ, ആഖീശ് അന്നേ ദിവസം സിക്ലാഗ്+ ദാവീദിനു കൊടുത്തു. അതുകൊണ്ടാണ്, സിക്ലാഗ് ഇന്നുവരെയും യഹൂദാരാജാക്കന്മാരുടെ കൈവശമിരിക്കുന്നത്.
7 ദാവീദ് അങ്ങനെ, ഫെലിസ്ത്യരുടെ ഉൾനാട്ടിൽ ഒരു വർഷവും നാലു മാസവും താമസിച്ചു.+ 8 ദാവീദ് തന്റെ പുരുഷന്മാരെയും കൂട്ടി ഗശൂര്യരെയും+ ഗിർസ്യരെയും അമാലേക്യരെയും+ ആക്രമിക്കാൻ പോകുമായിരുന്നു. അവരുടെ ദേശം തേലാം മുതൽ ശൂർ+ വരെയും ഈജിപ്ത് ദേശം വരെയും നീണ്ടുകിടന്നിരുന്നു. 9 ദേശത്തെ ആക്രമിക്കുമ്പോൾ ദാവീദ് പുരുഷന്മാരെയോ സ്ത്രീകളെയോ ജീവനോടെ വെച്ചില്ല.+ പക്ഷേ ആടുകൾ, കന്നുകാലികൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം എടുത്തിരുന്നു. ദാവീദ് ആഖീശിന്റെ അടുത്ത് മടങ്ങിവരുമ്പോൾ 10 “ഇന്നു നീ എവിടെയാണ് ആക്രമണം നടത്തിയത്” എന്ന് ആഖീശ് ചോദിച്ചാൽ, “യഹൂദയുടെ തെക്കൻ പ്രദേശം”*+ എന്നോ “യരഹ്മയേല്യരുടെ+ തെക്കൻ പ്രദേശം” എന്നോ “കേന്യരുടെ+ തെക്കൻ പ്രദേശം” എന്നോ ഒക്കെ ദാവീദ് മറുപടി പറയുമായിരുന്നു. 11 സ്ത്രീപുരുഷന്മാരിൽ ഒറ്റ ഒരാളെപ്പോലും ഗത്തിലേക്കു കൊണ്ടുവരാൻ ബാക്കി വെക്കാതെ എല്ലാവരെയും ദാവീദ് കൊന്നുകളഞ്ഞു. അതിനു കാരണമായി ദാവീദ് പറഞ്ഞത് ഇതാണ്: “അല്ലാത്തപക്ഷം, ‘ദാവീദ് ഇങ്ങനെ ചെയ്തു’ എന്ന് അവർ നമ്മളെക്കുറിച്ച് അവരോടു പറയും.” (ഫെലിസ്ത്യരുടെ ഉൾനാട്ടിൽ താമസിച്ച കാലം മുഴുവൻ ഇതായിരുന്നു ദാവീദിന്റെ പതിവ്.) 12 അങ്ങനെ, ആഖീശ് ദാവീദിനെ വിശ്വസിച്ചു. ആഖീശ് തന്നോടുതന്നെ ഇങ്ങനെ പറഞ്ഞു: ‘ദാവീദിന്റെ ജനമായ ഇസ്രായേല്യർക്ക് എന്തായാലും ഇപ്പോൾ ദാവീദിനോടു വെറുപ്പായിട്ടുണ്ട്. അതുകൊണ്ട്, ദാവീദ് ഇനി എന്നും എന്റെ ദാസനായിരിക്കും.’