ഞങ്ങളുടെ വായനക്കാരിൽനിന്ന്
മയക്കുമരുന്നുകൾ “മയക്കുമരുന്നുകൾ ലോകത്തെ വരിഞ്ഞുമുറുക്കുകയാണോ?” (നവംബർ 8, 1999) എന്ന ലേഖന പരമ്പര നന്നായി ഗവേഷണം ചെയ്തു തയ്യാറാക്കിയതാണ് എന്നുള്ളതിനു സംശയമില്ല. മയക്കുമരുന്നിന് അടിമകളായ വളരെയധികം ചെറുപ്പക്കാർ ഉള്ള ഒരു പ്രദേശത്തെ പ്രൊബേഷൻ ഓഫീസർ (നല്ലനടപ്പിന് വിധിച്ചിരിക്കുന്നവരെ നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥൻ) ആണ് ഞാൻ. മയക്കുമരുന്നു ദുശ്ശീലത്തിൽനിന്നു സ്വതന്ത്രരാകാൻ ഈ ലക്കം പലരെയും സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ജെ. റ്റി., ജർമനി
പേത്രൂവിന്റെയും ഭാര്യ ആന്നായുടെയും അനുഭവം എത്ര പ്രോത്സാഹജനകമായിരുന്നെന്നോ! ആറു വർഷത്തോളം ഞാൻ മയക്കുമരുന്നിന് അടിമയായിരുന്നു. എന്നാൽ ബൈബിൾ പഠിക്കുകയും അതു സംബന്ധിച്ചു മറ്റുള്ളവരോടു സംസാരിക്കുകയും ചെയ്യുന്നതിലൂടെ ആ ദുശ്ശീലത്തിൽനിന്ന് സ്വതന്ത്രനാകാൻ ആവശ്യമായ ആത്മീയ ബലം ഞാൻ നേടിയെടുത്തിരിക്കുന്നു.
ഡി. ജെ., ഐക്യനാടുകൾ
15 വർഷമായി ഞാൻ സ്കൂളിൽ ആരോഗ്യപരിപാലന ക്ലാസ്സുകൾ നടത്തുന്നു. ഈ ലക്കം ഉണരുക! തികച്ചും സമയോചിതമായിരുന്നു. കാരണം മദ്യം, മയക്കുമരുന്ന്, ഡ്രൈവിങ് എന്നീ വിഷയങ്ങളെക്കുറിച്ചാണ് ഇപ്പോൾ ഞങ്ങൾ ചർച്ചചെയ്തുകൊണ്ടിരിക്കുന്നത്. ഈ ലക്കത്തിലെ വിവരങ്ങൾ ഞാൻ തീർച്ചയായും ഉപയോഗിക്കും.
സി. ജെ., ഐക്യനാടുകൾ
ടാഗ്വ കുരു 1954 മുതൽ ഒരു ലക്കംപോലും മുടങ്ങാതെ ഞാൻ നിങ്ങളുടെ മാസിക വായിച്ചുകൊണ്ടിരിക്കുന്നു. യഹോവ സൃഷ്ടിച്ചിരിക്കുന്ന വസ്തുക്കളുടെ ബഹുമുഖോപയോഗങ്ങളെ കുറിച്ചു വിവരിക്കുന്ന ലേഖനങ്ങൾ എന്നെ എന്നും അതിശയിപ്പിച്ചിട്ടുണ്ട്. അവയിൽ ഒന്നായിരുന്നു “ടാഗ്വ കുരു—അതിന് ആനകളെ രക്ഷിക്കാനാകുമോ?” എന്ന ലേഖനം. (നവംബർ 8, 1999) ദൈവത്തിന്റെ അത്ഭുതകരമായ ജ്ഞാനത്തെ കൂടുതൽ കൂടുതൽ വിലമതിക്കാൻ ഞങ്ങളെ സഹായിക്കുന്നതിനു വളരെ നന്ദി.
ഡി. എച്ച്., ഐക്യനാടുകൾ
മന്ത്രവാദം “മന്ത്രവാദത്തിനു പിന്നിൽ എന്താണ്?” എന്ന ലേഖനത്തിനു വളരെ നന്ദി. (നവംബർ 8, 1999) മന്ത്രവാദിനികൾ വിരൂപിണികളായ കിഴവികൾ ആണെന്നാണു മിക്കവരും കരുതിയിരുന്നത്. എന്നാൽ ‘വൈക്ക’ പ്രസ്ഥാനം ഇന്ന് യുവതീയുവാക്കന്മാരുടെ ഇടയിൽ വലിയ പ്രചാരം നേടിയിരിക്കുന്നു. എന്റെ മകളും ഇതിൽ താത്പര്യം കാണിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ, ഉണരുക!യുടെ വരിസംഖ്യ എടുത്ത അവൾക്ക് ആദ്യം കിട്ടിയ ലക്കത്തിൽതന്നെ ആയിരുന്നു ഈ ലേഖനം! ഏതായാലും തക്കസമയത്തുതന്നെയാണ് അതു കിട്ടിയത്.
ബി. എച്ച്., ഐക്യനാടുകൾ
മാലാഖമാർ “മാലാഖമാരെ കുറിച്ചുള്ള സത്യമെന്ത്?” എന്ന ലേഖനപരമ്പരയ്ക്കു നന്ദി. (നവംബർ 22, 1999) മാലാഖമാരെ കുറിച്ചുള്ള വികലമായ വിശ്വാസങ്ങൾ നിമിത്തം ഉണ്ടായേക്കാവുന്ന അപകടങ്ങൾ തുറന്നുകാണിച്ചുകൊണ്ട് ആദരണീയവും ഒപ്പം സത്യസന്ധവുമായ ഒരു ലേഖനം എഴുതാൻ ഒടുവിൽ ആരെങ്കിലും ധൈര്യം കാണിച്ചല്ലോ. തങ്ങൾക്കു ലഭിക്കുന്ന പുകഴ്ചയും പ്രാധാന്യവും മാലാഖമാർതന്നെ നിരസിക്കുന്നതിനെ സൂചിപ്പിക്കുന്ന 9-ാം പേജിലെ ആ ചിത്രം എനിക്കു വളരെ ഇഷ്ടപ്പെട്ടു.
ജെ. എൽ. എ. എച്ച്., ബ്രസീൽ
ചികിത്സാ സംബന്ധമായ അഗ്നിപരീക്ഷ “ദൈവത്തിൽ ആശ്രയിക്കാൻ പ്രയാസഘട്ടങ്ങൾ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നു” (നവംബർ 22, 1999) എന്ന ലേഖനത്തിലെ മേജർ കുടുംബത്തിന്റെ അനുഭവം വളരെ പ്രോത്സാഹജനകമായിരുന്നു. ഞങ്ങളുടെ മകന് ശസ്ത്രക്രിയ ആവശ്യമാക്കിത്തീർക്കുന്നതരം, ഗുരുതരമായ ഹൃദയത്തകരാറുകൾ ഉണ്ടായിരുന്നു. ‘രക്തപ്പകർച്ച നടത്താത്തപക്ഷം നിങ്ങളുടെ മകൻ മരിക്കും’ എന്ന് ഡോക്ടർ ഞങ്ങളോടു പറഞ്ഞു. എങ്ങനെയും ഒരു രക്തപ്പകർച്ചയ്ക്കു ഞങ്ങളെക്കൊണ്ട് സമ്മതിപ്പിക്കുന്നതിന് ഡോക്ടർമാർ എന്നെയും ഭർത്താവിനെയും വെവ്വേറെ വിളിച്ച് ഒരു ശ്രമം നടത്തിനോക്കി. എന്നാൽ മേജർ കുടുംബത്തെപ്പോലെതന്നെ, ശക്തിക്കും ധൈര്യത്തിനുമായി ഞങ്ങൾ പ്രാർഥിച്ചു. ഞങ്ങളുടെ മകൻ ശസ്ത്രക്രിയകളെയെല്ലാം അതിജീവിച്ച് ഇപ്പോൾ സുഖമായിരിക്കുന്നു. യഹോവയുടെ സാക്ഷികളിൽ ഒരാളായി സ്നാപനമേൽക്കുന്നതിനുള്ള ആഗ്രഹം അവൻ പ്രകടിപ്പിച്ചിരിക്കുന്നു.
ബി. സി., ഐക്യനാടുകൾ
എന്റെ ഭർത്താവിനെ ആശുപത്രിയിലാക്കിയിരുന്നു. ഒരുപക്ഷേ മാസങ്ങളോളം അവിടെ കിടക്കേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞു. മൂന്നു കുട്ടികളുടെ പരിപാലനം, ദിവസവും ആശുപത്രിയിൽ ഭർത്താവിനെ സന്ദർശിക്കൽ എല്ലാംകൂടി ആയപ്പോൾ ഞാനാകെ തളർന്നുപോയി. കുട്ടികളുടെ കാര്യം നോക്കുന്നതിൽ എന്റെ ക്രിസ്തീയ സഹോദരീസഹോദരന്മാർ വലിയ സഹായമായിരുന്നു. ഇനി എനിക്കു താങ്ങാനാവില്ല എന്ന ഒരു ഘട്ടം വന്നപ്പോഴേക്കും ഭർത്താവ് വീട്ടിലേക്കു കൊണ്ടുപോരാൻ കഴിയുന്ന നിലയിലായി. പ്രോത്സാഹജനകമായ ആ ലേഖനം വായിച്ചപ്പോൾ, മേജർ കുടുംബത്തിന് അനുഭവിക്കേണ്ടിവന്ന വേദനയെയും പ്രയാസത്തെയും കുറിച്ച് ഓർത്തിട്ട് എനിക്കു കരച്ചിലടക്കാനായില്ല. അവർ യഹോവയിൽ എത്രമാത്രം ആശ്രയിച്ചു എന്ന അറിവ് എനിക്ക് എന്തുമാത്രം സന്തോഷം പകർന്നെന്നോ!
ജെ. എ., ഐക്യനാടുകൾ