ലോകത്തിന്റെ ആത്മാവ്
നിർവ്വചനം: യഹോവയാം ദൈവത്തിന്റെ ദാസൻമാരല്ലാത്തവർ ചേർന്നുളള മനുഷ്യസമുദായത്തിലെ ആളുകൾ ഒരു പ്രത്യേക രീതിയിൽ സംസാരിക്കുകയും കാര്യങ്ങൾ ചെയ്യുകയും ചെയ്യാൻ അവരെ നിർബ്ബന്ധിക്കുന്ന ശക്തമായ സ്വാധീനം. ആളുകൾ വ്യക്തിപരമായ താൽപര്യമനുസരിച്ച് പ്രവർത്തിക്കുന്നുവെങ്കിലും ലോകത്തിന്റെ ആത്മാവ് പ്രകടമാക്കുന്നവർ സാത്താൻ ഭരണാധിപനും ദൈവവുമായിരിക്കുന്ന ഇന്നത്തെ വ്യവസ്ഥിതിക്ക് പൊതുവായുളള ചില അടിസ്ഥാനമനോഭാവങ്ങളുടെയും, കാര്യങ്ങൾ ചെയ്യുന്ന വിധങ്ങളുടെയും ജീവിതലക്ഷ്യങ്ങളുടെയും തെളിവ് നൽകുന്നു.
ലോകത്തിന്റെ ആത്മാവിനാൽ കളങ്കപ്പെടുന്നത് ഗൗരവമായി എടുക്കേണ്ട ഒരു സംഗതിയായിരിക്കുന്നത് എന്തുകൊണ്ട്?
1 യോഹ. 5:19: “മുഴുലോകവും ദുഷ്ടനായവന്റെ അധികാരത്തിൻകീഴിൽ കിടക്കുന്നു.” (മനുഷ്യവർഗ്ഗത്തിൽ യഹോവയുടെ അംഗീകൃത ദാസൻമാരല്ലാത്തവരുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും ഭരിക്കുന്ന ഒരു ആത്മാവ് സാത്താൻ വളർത്തിക്കൊണ്ടുവന്നിരിക്കുന്നു. അത് വ്യാപകമായി കാണപ്പെടുന്ന സ്വാർത്ഥതയുടെയും അഹങ്കാരത്തിന്റെയും ഒരു ആത്മാവായതിനാൽ അത് മനുഷ്യർ ശ്വസിക്കുന്ന വായുപോലെയാണ്. ആ ആത്മാവ് നമ്മുടെ ജീവിതത്തെ രൂപപ്പെടുത്താൻ അനുവദിച്ചുകൊണ്ട് സാത്താന്റെ അധികാരത്തിന് കീഴ്പ്പെട്ടുപോകാതിരിക്കാൻ നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.)
വെളി. 12:9: “നിവസിത ഭൂമിയെ മുഴുവൻ വഴിതെററിക്കുന്ന പിശാചും സാത്താനും എന്ന് വിളിക്കപ്പെടുന്ന പഴയ പാമ്പായ മഹാസർപ്പം താഴേക്ക് വലിച്ചെറിയപ്പെട്ടു; അവൻ ഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടു, അവന്റെ ദൂതൻമാരും അവനോടുകൂടെ വലിച്ചെറിയപ്പെട്ടു.” (1914-ൽ രാജ്യത്തിന്റെ ജനനത്തെതുടർന്ന് ഇത് സംഭവിച്ച അന്നുമുതൽ മനുഷ്യവർഗ്ഗത്തിനിടയിൽ സാത്താന്റെയും അവന്റെ ഭൂതങ്ങളുടെയും സ്വാധീനം വളരെയധികം ശക്തിപ്പെട്ടിട്ടുണ്ട്. വർദ്ധിച്ച തോതിലുളള സ്വാർത്ഥതയിലേക്കും അക്രമപ്രവർത്തനത്തിലേക്കും അവന്റെ ആത്മാവ് ആളുകളെ തളളിവിട്ടിരിക്കുന്നു. വിശേഷിച്ചും യഹോവയെ സേവിക്കാൻ ശ്രമിക്കുന്നവർ, ലോകത്തിന്റെ ഭാഗമായിരിക്കുന്നതിനും, മററുളളവർ ചെയ്യുന്നത് ചെയ്യുന്നതിനും, സത്യാരാധന ഉപേക്ഷിക്കുന്നതിനുമുളള വലിയ സമ്മർദ്ദത്തിൻ കീഴിൽ വരുന്നു.)
നാം എന്തിനെതിരെ ജാഗ്രത പാലിക്കണമോ ആ ലോകാത്മാവിന്റെ ചില സ്വഭാവ വിശേഷങ്ങൾ എന്തൊക്കെയാണ്?
1 കൊരി. 2:12: “നാമോ ലോകത്തിന്റെ ആത്മാവിനെയല്ല ദൈവം ദയാപൂർവ്വം നമുക്ക് നൽകിയതിനെ അറിയാനായി ദൈവത്തിൽ നിന്നുളള ആത്മാവിനെയത്രേ പ്രാപിച്ചത്.” (ഒരുവന്റെ ചിന്തയിലും ആഗ്രഹങ്ങളിലും ലോകത്തിന്റെ ആത്മാവ് വേരൂന്നുന്നുവെങ്കിൽ അതിന്റെ ഫലം ആ ആത്മാവിനെ പ്രകടമാക്കുന്ന പ്രവർത്തനങ്ങളിൽ പെട്ടെന്നുതന്നെ കാണപ്പെടുന്നു. അതുകൊണ്ട് ലോകത്തിന്റെ ആത്മാവിൽനിന്ന് സ്വതന്ത്രരാകുന്നതിന് ക്രിസ്തീയ വിരുദ്ധമായ പ്രവർത്തനങ്ങളും അമിതത്വങ്ങളും ഒഴിവാക്കിയാൽ മാത്രം മതിയാവുകയില്ല, മറിച്ച് ദൈവത്തിന്റെ ആത്മാവും അവന്റെ വഴികളോടുളള ആത്മാർത്ഥമായ സ്നേഹവും പ്രതിഫലിപ്പിക്കുന്ന മനോഭാവങ്ങൾ വളർത്തിയെടുത്തുകൊണ്ട് കാര്യത്തിന്റെ അടിവേരോളം ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. ലോകാത്മാവിന്റെ ഇനിയും പറയുന്ന പ്രത്യക്ഷതകൾ പരിഗണിക്കുമ്പോൾ നിങ്ങൾ ഇത് മനസ്സിൽ പിടിക്കേണ്ടതാണ്.)
ദൈവേഷ്ടം പരിഗണിക്കാതെ ഒരു വ്യക്തി ചെയ്യാൻ ആഗ്രഹിക്കുന്നത് ചെയ്യുന്നത്
ശരിയേത് തെറേറത് എന്ന് സ്വയമായി തീരുമാനിക്കാൻ സാത്താൻ ഹവ്വായെ ഉൽസാഹിപ്പിച്ചു. (ഉൽപ. 3:3-5; അതിന് വിപരീതമായി സദൃശവാക്യങ്ങൾ 3:5, 6 കാണുക.) ഹവ്വായുടെ ഗതി പിന്തുടരുന്ന പലർക്കും മനുഷ്യവർഗ്ഗത്തെ സംബന്ധിച്ചുളള ദൈവത്തിന്റെ ഇഷ്ടം എന്താണെന്ന് അറിഞ്ഞുകൂടാ, അതു കണ്ടുപിടിക്കാൻ അവർക്ക് ഒട്ടും താൽപര്യവുമില്ല. അവർ പറയുന്നതുപോലെ അവർ “സ്വന്തം കാര്യങ്ങൾ ചെയ്യുന്നു.” ദൈവത്തിന്റെ നിബന്ധനകൾ അറിയാവുന്നവരും അവക്കൊത്തു ജീവിക്കാൻ ശ്രമിക്കുന്നവരും “ചെറിയ കാര്യങ്ങൾ” എന്ന് അവർ വീക്ഷിച്ചേക്കാവുന്ന സംഗതികളിൽ ദൈവവചനത്തിലെ ബുദ്ധിയുപദേശം മന:പൂർവ്വം അവഗണിച്ചുകളയാൻ ലോകത്തിന്റെ ആത്മാവ് ഇടയാക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.—ലൂക്കോ. 16:10; “സ്വാതന്ത്ര്യം” എന്നതുംകൂടെ കാണുക.
അഹങ്കാരത്തിന്റെ അടിസ്ഥാനത്തിൽ സാഹചര്യങ്ങളോട് പ്രതികരിക്കൽ
തന്നെപ്പററിത്തന്നെയുളള അതിരുകടന്ന വിലയിരുത്തൽ തന്റെ ഹൃദയത്തെ ദുഷിപ്പിക്കാൻ ആദ്യമായി അനുവദിച്ചത് സാത്താനായിരുന്നു. (യെഹെസ്ക്കേൽ 28:17; സദൃശവാക്യങ്ങൾ 16:5 എന്നിവ താരതമ്യം ചെയ്യുക.) സാത്താൻ ഭരണാധിപനായിരിക്കുന്ന ലോകത്തിൽ തങ്ങൾ മററ് വംശങ്ങളേക്കാളും രാഷ്ട്രങ്ങളെക്കാളും ഭാഷാക്കൂട്ടങ്ങളെക്കാളും സാമ്പത്തിക നിലയിലുളളവരെക്കാളും ശ്രേഷ്ഠരാണ് എന്ന് ചിന്തിക്കാനിടയാക്കുന്ന അഹങ്കാരം ഒരു വിഘടന ശക്തിയാണ്. ദൈവത്തെ സേവിക്കുന്നവർപോലും അത്തരം വികാരങ്ങളുടെ അവശിഷ്ടം വേരോടെ പിഴുതു കളയേണ്ടയാവശ്യമുണ്ട്. അഹങ്കാരം നിസ്സാരപ്രശ്നങ്ങളെ ഗൗരവമുളളതായി കണക്കാക്കാനിടയാക്കാതെ അല്ലെങ്കിൽ സ്വന്തം തെററുകൾ അംഗീകരിക്കുന്നതിനും ബുദ്ധിയുപദേശം സ്വീകരിക്കുന്നതിനും അതുവഴി യഹോവയാം ദൈവം തന്റെ സ്ഥാപനത്തിലൂടെ നൽകുന്ന സ്നേഹപൂർവ്വകമായ സഹായത്തിൽനിന്ന് പ്രയോജനം അനുഭവിക്കുന്നതിനും തടസ്സമാകാതെയിരിക്കാൻ അവർ സൂക്ഷിക്കേണ്ടതുണ്ട്.—റോമ. 12:3; 1 പത്രോ. 5:5.
അധികാരത്തോട് ഒരു മൽസര മനോഭാവം പ്രകടമാക്കൽ
മൽസരം സാത്താനിലാണ് ആരംഭിച്ചത്, അവന്റെ പേരിന്റെ അർത്ഥം “എതിരാളി” എന്നാണ്. യഹോവയെ വെല്ലുവിളിക്കുകവഴി താൻ സാത്താന്റെ ഒരു സന്തതിയാണെന്ന് നിമ്രോദ് പ്രകടമാക്കി, അവന്റെ പേരിന്റെ അർത്ഥം “നമുക്ക് മൽസരിക്കാം” എന്നായിരിക്കാം. ആ ആത്മാവ് ഒഴിവാക്കുന്നത് ദൈവഭയമുളള വ്യക്തികളെ ലൗകികാധികാരികളെ ധിക്കരിക്കുന്നതിൽനിന്ന് തടയും. (റോമ. 13:1); അത് പ്രായപൂർത്തിയാകാത്തവരെ തങ്ങളുടെ മാതാപിതാക്കളുടെ ദൈവദത്തമായ അധികാരത്തിന് കീഴ്പ്പെട്ടിരിക്കാൻ സഹായിക്കും (കൊലോ. 3:20); തന്റെ ദൃശ്യസ്ഥാപനത്തിൽ യഹോവ ഉത്തരവാദിത്വം ഭരമേൽപിച്ചിരിക്കുന്നവരെ അനാദരിക്കുന്ന വിശ്വാസത്യാഗികളോട് സഹതാപം കാട്ടുന്നതിനെതിരെ അതൊരു സംരക്ഷണമായിരിക്കും.—യൂദാ 11; എബ്രാ. 13:17.
വീഴ്ച ഭവിച്ച ജഡത്തിന്റെ മോഹങ്ങൾക്ക് കടിഞ്ഞാൺ അയച്ചുകൊടുക്കൽ
ഇതിന്റെ സ്വാധീനം എല്ലായിടത്തും കാണാനും കേൾക്കാനും കഴിയുന്നു. ഇതിനെതിരെ നിതാന്ത ജാഗ്രത പുലർത്തേണ്ടയാവശ്യമുണ്ട്. (1 യോഹ. 2:16; എഫേ. 4:17, 19; ഗലാ. 5:19-21) അതിന്റെ കൂടുതൽ ഗൗരവതരമായ തെളിവുകളിലേക്ക് നയിച്ചേക്കാവുന്ന ചിന്തയും മോഹങ്ങളും ഒരുവന്റെ സംഭാഷണത്തിലോ അയാൾ പറയുന്ന തമാശകളിലോ അയാൾ ശ്രവിക്കുന്ന സംഗീതത്തിന്റെ പദങ്ങളിലോ അയാൾ ഉൾപ്പെടുന്ന ഡാൻസിലോ അല്ലെങ്കിൽ അയാൾ വീക്ഷിക്കുന്നതും അധാർമ്മിക ലൈംഗികതക്ക് ഊന്നൽ കൊടുക്കുന്നതുമായ പരിപാടികളിലോ പ്രത്യക്ഷമായേക്കാം. ലോകാത്മാവിന്റെ ഈ വശം മയക്കുമരുന്നു ദുരുപയോഗത്തിലും അമിതമദ്യപാനത്തിലും വ്യഭിചാരത്തിലും ദുർവൃത്തിയിലും സ്വവർഗ്ഗരതിയിലും പ്രകടമാകുന്നു. ഒരു വ്യക്തി ഒരുപക്ഷേ നിയമപരമായി, എന്നാൽ തിരുവെഴുത്തു വിരുദ്ധമായി തന്റെ ഇണയിൽനിന്ന് മോചനം നേടുകയും മറെറാരാളെ സ്വീകരിക്കുകയും ചെയ്യുമ്പോഴും ഇതു പ്രത്യക്ഷമാകുന്നു.—മലാ. 2:16.
ഒരുവൻ കാണുന്നതെല്ലാം സ്വന്തമാക്കാനുളള മോഹം ഒരുവന്റെ ജീവിതത്തെ ഭരിക്കാൻ അനുവദിക്കുന്നത്
ഹവ്വായിൽ സാത്താൻ നട്ടുവളർത്തിയത് അത്തരമൊരു ആഗ്രഹമായിരുന്നു. അത് ദൈവവുമായുളള അവളുടെ ബന്ധം നശിപ്പിക്കുന്ന സംഗതി ചെയ്യാൻ അവളെ വശീകരിച്ചു. (ഉൽപ. 3:6; 1 യോഹ. 2:16) അത്തരമൊരു പ്രലോഭനത്തെ യേശു ശക്തമായി തളളിക്കളഞ്ഞു. (മത്താ. 4:8-10) യഹോവയെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നവർ വ്യാപാരലോകം അവരിൽ അത്തരമൊരു ആത്മാവ് വളർത്താതിരിക്കാൻ സൂക്ഷിക്കേണ്ടതുണ്ട്. അതിന്റെ കെണിയിൽ അകപ്പെടുന്നവർക്ക് വളരെ കഷ്ടവും ആത്മീയ നാശവുമാണ് ഫലം.—മത്താ. 13:22; 1 തിമൊ. 6:7-10.
ഒരുവന്റെ വസ്തുവകകളുടെയും നേട്ടങ്ങളെന്ന് വിചാരിക്കപ്പെടുന്ന കാര്യങ്ങളുടെയും പ്രദർശിപ്പിക്കൽ
ഈ പ്രവർത്തനവും “ലോകത്തിൽനിന്ന് ഉത്ഭവിക്കുന്ന”താണ്, ദൈവദാസൻമാരായിത്തീരുന്നവരാൽ ഉപേക്ഷിക്കപ്പെടേണ്ടതുമാണ്. (1 യോഹ. 2:16) അത് അഹങ്കാരത്തിൽ വേരൂന്നിയിട്ടുളളതാണ്, മററുളളവരെ ആത്മീയമായി കെട്ടുപണിചെയ്യുന്നതിനുപകരം ഭൗതിക വശീകരണങ്ങളും ലൗകികമായ നേട്ടങ്ങളുടെതായ സ്വപ്നങ്ങളും അവരുടെ മുമ്പാകെ പ്രദർശിപ്പിക്കുന്നു.—റോമ. 15:2.
ചീത്ത സംസാരത്തിലൂടെയും അക്രമപ്രവർത്തനങ്ങളിലൂടെയും ഒരുവന്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നത്
അവ “ജഡത്തിന്റെ പ്രവൃത്തികളാണ്,” അവക്കെതിരെ അനേകർക്കും കഠിനമായ പോരാട്ടം നടത്തേണ്ടതുണ്ട്. യഥാർത്ഥ വിശ്വാസത്താലും ദൈവാത്മാവിന്റെ സഹായത്താലും ലോകത്തിന്റെ ആത്മാവ് തങ്ങളെ ഭരിക്കാൻ അനുവദിക്കുന്നതിനു പകരം അവർക്ക് ലോകത്തെ ജയിച്ചടക്കാൻ കഴിയും.—ഗലാ. 5:19, 20, 22, 23; എഫേ. 4:31; 1 കൊരി. 13:4-8; 1 യോഹ. 5:4.
നമ്മുടെ പ്രതീക്ഷകളും ഭയപ്പാടുകളും മനുഷ്യർക്ക് ചെയ്യാൻ കഴിയുന്നതിൽ അടിസ്ഥാനപ്പെടുത്തുന്നത്
തനിക്ക് കാണാനും സ്പർശിക്കാനും കഴിയുന്നതാണ് യഥാർത്ഥത്തിൽ പ്രധാനമെന്ന് ഭൗതിക ചിന്താഗതിക്കാരനായ ഒരാൾ കരുതുന്നു. അയാളുടെ പ്രതീക്ഷകളും ഭയപ്പാടുകളും മററു മനുഷ്യരുടെ വാഗ്ദാനങ്ങളെയും ഭീഷണികളെയും ചുററിപ്പററിയാണ്. സഹായത്തിനുവേണ്ടി അയാൾ മാനുഷ ഭരണാധിപൻമാരിലേക്ക് നോക്കുന്നു, അവർ പരാജയപ്പെടുമ്പോൾ അയാൾ യാഥാർത്ഥ്യബോധം വീണ്ടെടുക്കുന്നു. (സങ്കീ. 146:3, 4; യെശ. 8:12, 13) അയാളെ സംബന്ധിച്ചിടത്തോളം ഈ ജീവിതം മാത്രമാണുളളത്. മരണഭീഷണി അയാളെ എളുപ്പത്തിൽ അടിപ്പെടുത്തുന്നു. (വിപരീത താരതമ്യത്തിന് മത്തായി 10:28; എബ്രായർ 2:14, 15 കാണുക.) എന്നാൽ യഹോവയെ അറിയുകയും മനസ്സുകളും ഹൃദയങ്ങളും അവന്റെ വാഗ്ദാനങ്ങളെക്കൊണ്ട് നിറക്കുകയും എല്ലാ അവശ്യഘട്ടങ്ങളിലും സഹായത്തിനായി അവനിലേക്ക് തിരിയാൻ പഠിക്കുകയും ചെയ്യുന്നവരുടെ മനസ്സുകളെ ഒരു പുതിയ ശക്തി ഉത്തേജിപ്പിക്കുന്നു.—എഫേ. 4:23, 24; സങ്കീ. 46:1; 68:19.
ദൈവത്തിന് നൽകേണ്ട ആരാധനാപരമായ ബഹുമാനം മനുഷ്യർക്കും വസ്തുക്കൾക്കും നൽകൽ
ആരാധന നടത്താനുളള മനുഷ്യന്റെ ദൈവദത്തമായ ചായ്വിനെ തെററായി നയിക്കുന്നതിനുളള എല്ലാത്തരം പരിപാടികൾക്കും “ഈ വ്യവസ്ഥിതിയുടെ ദൈവമായ” പിശാചായ സാത്താൻ പ്രോൽസാഹനം കൊടുക്കുന്നു. (2 കൊരി. 4:4) ചില ഭരണാധിപൻമാർ ദൈവങ്ങളായി കണക്കാക്കപ്പെട്ടിരിക്കുന്നു. (പ്രവൃ. 12:21-23) ദശലക്ഷക്കണക്കിനാളുകൾ വിഗ്രഹങ്ങളുടെ മുമ്പാകെ കുമ്പിടുന്നു. വേറെ ദശലക്ഷങ്ങൾ നടീനടൻമാരെയും പ്രമുഖ കായികതാരങ്ങളെയും വിഗ്രഹങ്ങളാക്കുന്നു. ആഘോഷപരിപാടികൾ മിക്കപ്പോഴും മനുഷ്യരായ വ്യക്തികൾക്ക് അതിരുകവിഞ്ഞ ബഹുമാനം കൊടുക്കുന്നു. ഈ ആത്മാവ് വളരെ വ്യാപകമായതിനാൽ യഹോവയെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവരും അവന് അനന്യമായ ഭക്തി കൊടുക്കാൻ ആഗ്രഹിക്കുന്നവരും എല്ലാ ദിവസവും അതിന്റെ സ്വാധീനത്തിനെതിരെ ജാഗ്രത പുലർത്തേണ്ടയാവശ്യമുണ്ട്.