അധ്യായം 133
യേശുവിന്റെ ശവസംസ്കാരം
മത്തായി 27:57–28:2; മർക്കോസ് 15:42–16:4; ലൂക്കോസ് 23:50–24:3; യോഹന്നാൻ 19:31–20:1
യേശുവിന്റെ ശരീരം സ്തംഭത്തിൽനിന്ന് ഇറക്കുന്നു
ശവസംസ്കാരത്തിനായി യേശുവിന്റെ ശരീരം ഒരുക്കുന്നു
സ്ത്രീകൾ ഒരു ഒഴിഞ്ഞ കല്ലറ കാണുന്നു
ഇപ്പോൾ നീസാൻ 14 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞിരിക്കുന്നു. സൂര്യാസ്തമയം കഴിഞ്ഞാൽ നീസാൻ 15-ലെ ശബത്ത് തുടങ്ങും. യേശു ഇപ്പോൾ സ്തംഭത്തിൽ മരിച്ച് കിടക്കുകയാണ്. എന്നാൽ യേശുവിന്റെ അടുത്തു കിടന്നിരുന്ന രണ്ടു കവർച്ചക്കാർ അപ്പോഴും മരിച്ചിരുന്നില്ല. മോശയുടെ നിയമമനുസരിച്ച്, ശവശരീരം “രാത്രി മുഴുവൻ സ്തംഭത്തിൽ കിടക്കരുത്.” അത് “അന്നേ ദിവസംതന്നെ” അടക്കം ചെയ്യണം.—ആവർത്തനം 21:22, 23.
ഇതിനു പുറമെ വെള്ളിയാഴ്ച ഒരുക്കനാളായിരുന്നു. ശബത്ത് തീരുന്നതിനു മുമ്പേ ചെയ്തുതീർക്കേണ്ട പ്രധാനപ്പെട്ട ജോലികൾ ആളുകൾ ചെയ്തുതീർക്കുന്നു. ഭക്ഷണവും മറ്റു കാര്യങ്ങളും അവർ നേരത്തേ ഒരുക്കുന്നു. സൂര്യാസ്തമയത്തോടെ “വലിയ” ശബത്ത് ആരംഭിക്കും. (യോഹന്നാൻ 19:31) കാരണം, നീസാൻ 15-ാം തീയതി പുളിപ്പില്ലാത്ത അപ്പത്തിന്റെ ഏഴു ദിവസം നീളുന്ന ഉത്സവത്തിന്റെ ആദ്യദിവസമായിരുന്നു. ഈ ആദ്യദിവസം എപ്പോഴും ശബത്തായിരുന്നു. (ലേവ്യ 23:5, 6) ഇപ്രാവശ്യം പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തിന്റെ ആദ്യദിവസവും ആഴ്ചയിലെ ശബത്തുദിവസമായ ഏഴാം ദിവസവും ഒരുമിച്ചായിരുന്നു.
യേശുവിന്റെയും അടുത്ത് കിടക്കുന്ന രണ്ടു കവർച്ചക്കാരുടെയും മരണം പെട്ടെന്ന് ഉറപ്പാക്കാൻ ജൂതന്മാർ പീലാത്തൊസിനോട് ആവശ്യപ്പെടുന്നു. എന്നാൽ എങ്ങനെ? അവരുടെ കാലുകൾ ഒടിച്ചുകൊണ്ട്. അങ്ങനെയാകുമ്പോൾ ശ്വാസം വലിക്കുന്നതിനുവേണ്ടി കാലൂന്നാൻ കഴിയാതെ അവർ പെട്ടെന്നു മരിക്കും. പടയാളികൾ രണ്ടു കവർച്ചക്കാരുടെയും കാലുകൾ ഒടിക്കുന്നു. എന്നാൽ യേശുവിന്റെ കാല് അവർ ഒടിക്കുന്നില്ല. കാരണം അതിനു മുമ്പേ യേശു മരിച്ചിരുന്നു. ഇത് സങ്കീർത്തനം 34:20-ലെ വാക്കുകളുടെ നിവൃത്തിയായിരുന്നു: “ദൈവം അവന്റെ അസ്ഥികളെല്ലാം കാക്കുന്നു; അവയിൽ ഒന്നുപോലും ഒടിഞ്ഞുപോയിട്ടില്ല.”
യേശു മരിച്ചെന്ന് ഉറപ്പാക്കാനായി ഒരു പടയാളി കുന്തംകൊണ്ട് യേശുവിന്റെ ഒരു വശത്ത് കുത്തുന്നു. ഹൃദയത്തിന് അടുത്താണ് അയാൾ കുത്തിയത്. “ഉടനെ രക്തവും വെള്ളവും പുറത്ത് വന്നു.” (യോഹന്നാൻ 19:34) ഇത് മറ്റൊരു തിരുവെഴുത്ത് നിവർത്തിക്കുന്നു. “അവർ കുത്തിത്തുളച്ചവനെ അവർ നോക്കും.”—സെഖര്യ 12:10.
അരിമഥ്യ നഗരത്തിലെ യോസേഫ് എന്നു പേരുള്ള “ഒരു ധനികൻ” വധശിക്ഷ നടക്കുന്നിടത്ത് ഉണ്ടായിരുന്നു. അദ്ദേഹം സൻഹെദ്രിനിലെ ആദരണീയനായ ഒരു അംഗമായിരുന്നു. (മത്തായി 27:57) “നല്ലവനും നീതിമാനും” “ദൈവരാജ്യത്തിനുവേണ്ടി കാത്തിരിക്കുന്നയാളും” ആയിരുന്നു അദ്ദേഹം. “ജൂതന്മാരെ പേടിച്ച് യേശുവിന്റെ ഒരു രഹസ്യശിഷ്യനായി കഴിഞ്ഞിരുന്ന” യോസേഫ് യേശുവിനെക്കുറിച്ചുള്ള കോടതിവിധി അനുകൂലിച്ചിരുന്നില്ല. (ലൂക്കോസ് 23:50; മർക്കോസ് 15:43; യോഹന്നാൻ 19:38) യോസേഫ് ഇപ്പോൾ ധൈര്യപൂർവം യേശുവിന്റെ ശരീരം എടുത്തുകൊണ്ടുപോകാൻ പീലാത്തൊസിനോട് അനുവാദം ചോദിക്കുന്നു. പീലാത്തൊസ് ഒരു സൈനികോദ്യോഗസ്ഥനെ വിളിച്ച് യേശു മരിച്ചെന്ന കാര്യം ഉറപ്പാക്കിയിട്ട് യേശുവിന്റെ ശരീരം വിട്ടുകൊടുക്കുന്നു.
യോസേഫ് മേന്മയേറിയ ഒരു ലിനൻതുണി വാങ്ങുന്നു. എന്നിട്ട് യേശുവിന്റെ ശരീരം സ്തംഭത്തിൽനിന്ന് ഇറക്കി ലിനൻതുണിയിൽ പൊതിഞ്ഞ് സംസ്കരിക്കുന്നതിനായി ഒരുക്കുന്നു. “മുമ്പൊരിക്കൽ യേശുവിനെ കാണാൻ ഒരു രാത്രിസമയത്ത് ചെന്ന” നിക്കോദേമൊസും യോസേഫിനെ സഹായിക്കാൻ അവിടെയുണ്ട്. (യോഹന്നാൻ 19:39) മീറയും അകിലും കൊണ്ടുള്ള ഏകദേശം നൂറു റാത്തൽ (ഏകദേശം 30 കിലോഗ്രാം) സുഗന്ധക്കൂട്ടും നിക്കോദേമൊസ് കൊണ്ടുവന്നിരുന്നു. അവർ യേശുവിന്റെ ശരീരം എടുത്ത് ജൂതന്മാരുടെ ശവസംസ്കാരരീതിയനുസരിച്ച് സുഗന്ധവ്യഞ്ജനങ്ങൾ ഇട്ട് ലിനൻതുണികൊണ്ട് ചുറ്റുന്നു.
പാറയിൽ വെട്ടിയുണ്ടാക്കിയ, ആരും ഇതുവരെ ഉപയോഗിക്കാത്ത ഒരു കല്ലറ യോസേഫിന് അവിടെ അടുത്തുതന്നെയുണ്ടായിരുന്നു. അവർ യേശുവിന്റെ ശരീരം അവിടെ വെച്ചിട്ട് കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല് ഉരുട്ടിവെക്കുന്നു. ശബത്ത് തുടങ്ങുന്നതിനു മുമ്പ് അവർ ഇതെല്ലാം വേഗത്തിൽ ചെയ്തുതീർക്കുകയാണ്. യേശുവിന്റെ ശരീരം സംസ്കാരത്തിനായി ഒരുക്കുന്നതിന് മഗ്ദലക്കാരി മറിയയും ചെറിയ യാക്കോബിന്റെ അമ്മയായ മറിയയും കൂടിയിരിക്കാം. എന്നാൽ ശബത്തിനു ശേഷം യേശുവിന്റെ ശരീരത്തിൽ പൂശുന്നതിനായി “സുഗന്ധവ്യഞ്ജനങ്ങളും സുഗന്ധതൈലങ്ങളും ഒരുക്കാൻ” ധൃതിയിൽ അവർ ഇപ്പോൾ വീടുകളിലേക്കു മടങ്ങുന്നു.—ലൂക്കോസ് 23:56.
അടുത്ത ദിവസം, അതായത് ശബത്തുദിവസം, മുഖ്യപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ അടുത്തുപോയി ഇങ്ങനെ പറയുന്നു: “‘മൂന്നു ദിവസം കഴിഞ്ഞ് ഞാൻ ഉയിർപ്പിക്കപ്പെടും’ എന്ന് ആ വഞ്ചകൻ ജീവനോടിരുന്നപ്പോൾ പറഞ്ഞതായി ഞങ്ങൾ ഓർക്കുന്നു. അതുകൊണ്ട് മൂന്നാം ദിവസംവരെ കല്ലറ ഭദ്രമാക്കി സൂക്ഷിക്കാൻ കല്പിക്കണം. അല്ലെങ്കിൽ അവന്റെ ശിഷ്യന്മാർ വന്ന് അവനെ മോഷ്ടിച്ചിട്ട്, ‘അവൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു’ എന്ന് ആളുകളോടു പറയും. അങ്ങനെ സംഭവിച്ചാൽ ഇത് ആദ്യത്തേതിനെക്കാൾ വലിയ ചതിയാകും.” പീലാത്തൊസ് അവരോട്, “കാവൽഭടന്മാരുടെ ഒരു ഗണത്തെ വിട്ടുതരാം. പോയി നിങ്ങൾക്ക് ഉചിതമെന്നു തോന്നുന്നതുപോലെ അതു ഭദ്രമാക്കി സൂക്ഷിച്ചോ” എന്നു പറഞ്ഞു.—മത്തായി 27:63-65.
ഞായറാഴ്ച അതിരാവിലെ മഗ്ദലക്കാരി മറിയയും യാക്കോബിന്റെ അമ്മയായ മറിയയും മറ്റു സ്ത്രീകളും യേശുവിന്റെ ശരീരം ഒരുക്കാനുള്ള സുഗന്ധവ്യഞ്ജനങ്ങൾകൊണ്ട് കല്ലറയ്ക്കൽ വരുന്നു. അതിനിടെ അവർ തമ്മിൽ ഇങ്ങനെ ചോദിക്കുന്നു: “കല്ലറയുടെ വാതിൽക്കൽനിന്ന് ആരു കല്ല് ഉരുട്ടിമാറ്റിത്തരും?” (മർക്കോസ് 16:3) എന്നാൽ അവിടെ എത്തിയപ്പോൾ ഒരു ഭൂമികുലുക്കം നടന്നതായി അവർ മനസ്സിലാക്കുന്നു. കൂടാതെ ദൈവത്തിന്റെ ഒരു ദൂതൻ ആ കല്ല് ഉരുട്ടിമാറ്റിയിരുന്നു. കാവൽക്കാർ അവിടെ ഉണ്ടായിരുന്നില്ല. കല്ലറ ഒഴിഞ്ഞുകിടന്നിരുന്നു!