യേശുവിനെ ദൈവപുത്രനെന്നു വിളിക്കുന്നത് എന്തുകൊണ്ട്?
ബൈബിളിന്റെ ഉത്തരം
ബൈബിളിൽ മിക്കപ്പോഴും യേശുവിനെ ‘ദൈവപുത്രനെന്നാണ്’ വിളിച്ചിരിക്കുന്നത്. (യോഹന്നാൻ 1:49) ‘ദൈവപുത്രനെന്ന’ പ്രയോഗം കാണിക്കുന്നതു യേശു ദൈവത്തിന്റെ പുത്രനാണെന്നാണ്. എന്നാൽ മനുഷ്യർക്കു മക്കളുണ്ടാകുന്ന രീതിയിലാണു ദൈവത്തിനു യേശു ജനിച്ചതെന്നു ബൈബിൾ പഠിപ്പിക്കുന്നില്ല. യേശുവിന്റെയും ബാക്കി എല്ലാ ജീവന്റെയും ഉറവ് സ്രഷ്ടാവായ ദൈവമാണ്—ആ അർഥത്തിലാണു യേശു ദൈവപുത്രനായിരിക്കുന്നത്.—സങ്കീർത്തനം 36:9; വെളിപാട് 4:11.
ദൂതന്മാരെ “സത്യദൈവത്തിന്റെ പുത്രന്മാർ” എന്നു ബൈബിൾ വിളിക്കുന്നു. (ഇയ്യോബ് 1:6) ആദ്യമനുഷ്യനായ ആദാമിനെ “ദൈവത്തിന്റെ മകൻ” എന്നാണ് ബൈബിൾ വിളിച്ചിരിക്കുന്നത്. (ലൂക്കോസ് 3:38) എന്നാൽ ദൈവത്തിന്റെ ആദ്യസൃഷ്ടി യേശു ആയതുകൊണ്ടും ദൈവം നേരിട്ട് സൃഷ്ടിച്ചതു യേശുവിനെ മാത്രമായതുകൊണ്ടും ബൈബിൾ യേശുവിനെ ദൈവത്തിന്റെ പുത്രന്മാരിൽ ഏറ്റവും പ്രമുഖനായി കണക്കാക്കുന്നു.
ഭൂമിയിൽ ജനിക്കുന്നതിനു മുമ്പ് യേശു സ്വർഗത്തിലായിരുന്നോ?
അതെ. ഭൂമിയിൽ ജനിക്കുന്നതിനു മുമ്പ് ഒരു ആത്മവ്യക്തിയായി യേശു സ്വർഗത്തിൽ ജീവിച്ചിരുന്നു. ‘ഞാൻ സ്വർഗത്തിൽനിന്നാണ് ഇറങ്ങിവന്നത്’ എന്ന് യേശുതന്നെ പറഞ്ഞിട്ടുണ്ട്.—യോഹന്നാൻ 6:38; 8:23.
മറ്റെല്ലാം ഉണ്ടാക്കുന്നതിനു മുമ്പേ ദൈവം യേശുവിനെ സൃഷ്ടിച്ചു. യേശുവിനെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു:
‘എല്ലാ സൃഷ്ടികളിലുംവെച്ച് ആദ്യം ജനിച്ചവൻ.’—കൊലോസ്യർ 1:15.
“ദൈവത്തിന്റെ ആദ്യത്തെ സൃഷ്ടി.”—വെളിപാട് 3:14.
“പണ്ടുപണ്ടേ, പുരാതനകാലത്തുതന്നെ, ഉത്ഭവിച്ച”വനെക്കുറിച്ച് പറഞ്ഞിരുന്ന പ്രവചനം യേശു നിവർത്തിച്ചു.—മീഖ 5:2; മത്തായി 2:4-6.
ഭൂമിയിൽ വരുന്നതിനു മുമ്പ് യേശു എന്തു ചെയ്യുകയായിരുന്നു?
സ്വർഗത്തിൽ ഉയർന്ന സ്ഥാനം യേശുവിനുണ്ടായിരുന്നു. യേശു പ്രാർഥിച്ചപ്പോൾ ഇതെക്കുറിച്ച് പറഞ്ഞു: “പിതാവേ, . . . എന്നെ മഹത്ത്വപ്പെടുത്തേണമേ. ലോകം ഉണ്ടാകുന്നതിനു മുമ്പ്, ഞാൻ അങ്ങയുടെ അടുത്തായിരുന്നപ്പോഴുണ്ടായിരുന്ന മഹത്ത്വം വീണ്ടും തരേണമേ.”—യോഹന്നാൻ 17:5.
മറ്റു സൃഷ്ടിക്രിയകളിൽ യേശു പിതാവിനെ സഹായിച്ചു. “ഒരു വിദഗ്ധജോലിക്കാരനായി” യേശു ദൈവത്തോടൊപ്പം പ്രവർത്തിച്ചു. (സുഭാഷിതങ്ങൾ 8:30) യേശുവിനെക്കുറിച്ച് ബൈബിൾ പറയുന്നു: “സ്വർഗത്തിലും ഭൂമിയിലും ഉള്ള മറ്റെല്ലാം പുത്രനിലൂടെയാണു സൃഷ്ടിച്ചത്.”—കൊലോസ്യർ 1:16.
മറ്റെല്ലാം സൃഷ്ടിക്കുന്നതിനു ദൈവം യേശുവിനെ ഉപയോഗിച്ചു. ഇതിൽ ദൂതന്മാരെ സൃഷ്ടിച്ചതും പ്രപഞ്ചം സൃഷ്ടിച്ചതും എല്ലാം ഉൾപ്പെടും. (വെളിപാട് 5:11) ചില കാര്യങ്ങളിൽ ഇവരുടെ പ്രവർത്തനം ഏതാണ്ട് ഒരു എഞ്ചിനീയറും ഒരു ജോലിക്കാരനും ഒരുമിച്ച് പ്രവർത്തിക്കുന്നതുപോലെയായിരുന്നു. എഞ്ചിനീയർ രൂപകല്പന ചെയ്ത ഡിസൈൻ അനുസരിച്ച് ജോലിക്കാരൻ പണിയുന്നു.
യേശു വചനമായി പ്രവർത്തിച്ചു. യേശു മനുഷ്യനായി വരുന്നതിനു മുമ്പ് “വചനം” ആയിരുന്നെന്നാണു ബൈബിൾ പറയുന്നത്. (യോഹന്നാൻ 1:1) അതിന് അർഥം വിവരങ്ങളും നിർദേശങ്ങളും മറ്റ് ആത്മവ്യക്തികൾക്കു കൊടുക്കാനായി ദൈവം തന്റെ പുത്രനെ ഉപയോഗിച്ചിരുന്നു എന്നാണ്.
മനുഷ്യർക്കുവേണ്ടി ദൈവത്തിന്റെ ഒരു വക്താവായും യേശു പ്രവർത്തിച്ചിട്ടുണ്ടാകാം. ഏദെൻ തോട്ടത്തിൽ ദൈവം ആദാമിനും ഹവ്വയ്ക്കും നിർദേശങ്ങൾ കൊടുത്തതു യേശുവിനെ ഉപയോഗിച്ചായിരിക്കാം. (ഉൽപത്തി 2:16, 17) പണ്ടത്തെ ഇസ്രായേൽ ജനതയെ വിജനഭൂമിയിലൂടെ വഴി നയിച്ച ദൂതൻ ഒരുപക്ഷേ യേശുവായിരിക്കും. ആ ശബ്ദത്തിനായിരുന്നു ഇസ്രായേൽ ജനത ശ്രദ്ധ കൊടുക്കേണ്ടിയിരുന്നത്.—പുറപ്പാട് 23:20-23.a
a ദൈവം വക്താവായി ഉപയോഗിച്ചിട്ടുള്ള ഒരേ ഒരു ദൂതൻ യേശു മാത്രമായിരുന്നില്ല. ഉദാഹരണത്തിന്, പുരാതനകാലത്തെ ഇസ്രായേല്യർക്കു നിയമം കൊടുക്കാൻ മറ്റു ദൂതന്മാരെയാണു ദൈവം ഉപയോഗിച്ചത്.—പ്രവൃത്തികൾ 7:53; ഗലാത്യർ 3:19; എബ്രായർ 2:2, 3.