ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
കുട്ടിക്കാലത്ത് പല ദുരനുഭവങ്ങളും നേരിട്ട ഒരു ചെറുപ്പക്കാരി ജീവിതത്തിൽ യഥാർഥസംതൃപ്തി കണ്ടെത്തിയത് എങ്ങനെയാണ്? ഭരണകൂടത്തിനെതിരെ പോരാടാൻ തുനിഞ്ഞിറങ്ങിയ ഒരാൾ സമാധാനപ്രിയനായ ഒരു മതശുശ്രൂഷകനായി മാറിയത് എങ്ങനെയാണ്? അവരുടെ ജീവിതകഥകൾ ഒന്നു വായിച്ചുനോക്കാം.
“ഒരിറ്റു സ്നേഹത്തിനും വാത്സല്യത്തിനും ആയി എന്റെ മനസ്സ് കൊതിച്ചു.”—ഇനാ ലെഷ്നിന
ജനനം: 1981
രാജ്യം: റഷ്യ
ചരിത്രം: കയ്പേറിയ ബാല്യം
എന്റെ പഴയ കാലം: എന്റെ അച്ഛനും അമ്മയും ബധിരരായിരുന്നു. എനിക്കും ജന്മനാ കേൾവിശക്തിയില്ല. എന്റെ ആറു വയസ്സുവരെ ഞങ്ങളുടെ ജീവിതം വലിയ കുഴപ്പമില്ലാതെയൊക്കെ പോയി. പക്ഷേ പിന്നീട് എന്റെ അച്ഛനും അമ്മയും വിവാഹമോചനം ചെയ്തു. കുഞ്ഞായിരുന്നെങ്കിലും എനിക്ക് ഒരു കാര്യം മനസ്സിലായി. എന്റെ അച്ഛനും അമ്മയും ഇനി ഒരിക്കലും ഒരുമിച്ചായിരിക്കില്ല. അന്ന് എനിക്കു തോന്നിയ വിഷമം പറഞ്ഞറിയിക്കാനാകില്ല. അമ്മ എന്നെയുംകൊണ്ട് ചില്യാബിൻസ്കിലേക്കു താമസംമാറി. അച്ഛനും ചേട്ടനും ട്രോയിറ്റ്സ്കിൽ താമസിച്ചു. പിന്നെ, അമ്മ രണ്ടാമത് വിവാഹം കഴിച്ചു. രണ്ടാനച്ഛൻ ഒരു കുടിയനായിരുന്നു. കുടിച്ചിട്ട് വന്ന് എന്നെയും അമ്മയെയും തല്ലുമായിരുന്നു.
1993-ൽ എന്റെ ചേട്ടൻ മുങ്ങിമരിച്ചു. ചേട്ടനെന്നുവെച്ചാൽ എനിക്കു ജീവനായിരുന്നു. ചേട്ടന്റെ മരണം എന്നെയും കുടുംബത്തിൽ എല്ലാവരെയും നടുക്കിക്കളഞ്ഞു. അതോടെ അമ്മ മദ്യപാനം തുടങ്ങി. രണ്ടാനച്ഛന്റെ കൂടെക്കൂടി എന്നെ ഉപദ്രവിക്കാനും തുടങ്ങി. ഒരിറ്റു സ്നേഹത്തിനും വാത്സല്യത്തിനും ആയി എന്റെ മനസ്സ് കൊതിച്ചു. ഈ ദുഃഖങ്ങളിൽനിന്നൊക്കെ ഒന്നു കരകയറാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. ആശ്വാസം തേടി ഞാൻ പലപല പള്ളികളിലും കയറിയിറങ്ങി. പക്ഷേ എവിടെനിന്നും എനിക്ക് ആശ്വാസം കിട്ടിയില്ല.
ബൈബിൾ എന്റെ ജീവിതത്തിനു മാറ്റം വരുത്തുന്നു: എന്റെ ക്ലാസിലെ ഒരു കുട്ടി യഹോവയുടെ സാക്ഷിയായിരുന്നു. അവൾ ബൈബിളിലെ കഥകളൊക്കെ എനിക്കു പറഞ്ഞുതരുമായിരുന്നു. അന്ന് എനിക്ക് 13 വയസ്സുകാണും. കഷ്ടതകളുടെ നടുവിലും ദൈവത്തെ വിശ്വസ്തമായി ആരാധിച്ച നോഹയെയും ഇയ്യോബിനെയും പോലെയുള്ള കഥാപാത്രങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടമായി. പെട്ടെന്നുതന്നെ ഞാൻ സാക്ഷികളുടെകൂടെ ബൈബിൾ പഠിക്കാൻ തുടങ്ങി. മീറ്റിങ്ങിനു പോകാനും തുടങ്ങി.
അതുവരെ അറിയാതിരുന്ന പല കാര്യങ്ങളും ബൈബിൾ പഠിച്ചപ്പോൾ എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു. ദൈവത്തിന് ഒരു പേരുണ്ടെന്ന് അറിഞ്ഞപ്പോൾ എനിക്ക് അതിശയം തോന്നി. (സങ്കീർത്തനം 83:18) “അവസാനകാലത്ത്” നടക്കുന്ന കാര്യങ്ങൾ ബൈബിൾ എത്ര കൃത്യമായിട്ടാണ് മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നത്! (2 തിമൊഥെയൊസ് 3:1-5) ഇനി, പുനരുത്ഥാനപ്രത്യാശയെക്കുറിച്ച് അറിഞ്ഞപ്പോൾ എനിക്ക് സന്തോഷം അടക്കാനായില്ല. എനിക്ക് എന്റെ ചേട്ടനെ വീണ്ടും കാണാനാകുമല്ലോ!—യോഹന്നാൻ 5:28, 29.
എന്നാൽ എനിക്കു തോന്നിയ സന്തോഷമൊന്നും എന്റെ അമ്മയ്ക്കും രണ്ടാനച്ഛനും തോന്നിയില്ല. അവർക്ക് യഹോവയുടെ സാക്ഷികളെ തീരെ ഇഷ്ടമല്ലായിരുന്നു. ഞാൻ ബൈബിൾ പഠിക്കുന്നത് ഒന്നു നിറുത്തിക്കാണാനാണ് അവർ ആഗ്രഹിച്ചത്. അവർ അതിനുവേണ്ടി പലതും ചെയ്തുനോക്കി. പക്ഷേ ബൈബിൾപഠനം തുടരാൻത്തന്നെയായിരുന്നു എന്റെ തീരുമാനം. അത്രയ്ക്ക് ഇഷ്ടമായിരുന്നു എനിക്കത്.
അങ്ങനെയിരിക്കുമ്പോഴാണ് മറ്റൊരു ദുരന്തം സംഭവിക്കുന്നത്. എന്റെ അനിയനും മുങ്ങിമരിച്ചു. അവനാണ് എന്റെകൂടെ സാക്ഷികളുടെ യോഗങ്ങൾക്കു വന്നുകൊണ്ടിരുന്നത്. കുടുംബത്തിൽനിന്നുള്ള എതിർപ്പ് സഹിക്കുന്നതുതന്നെ വലിയ ബുദ്ധിമുട്ടായിരുന്നു. അതിന്റെകൂടെ ഈ ദുരന്തവുംകൂടെ ആയപ്പോൾ ഞാൻ ആകെ തകർന്നുപോയി. അപ്പോഴൊക്കെ സാക്ഷികളാണ് എന്നെ ആശ്വസിപ്പിച്ചത്. അവർ എന്തിനും ഏതിനും ഓടിയെത്തുമായിരുന്നു. അത്രയും കാലം ഞാൻ തേടിനടന്ന ആ സ്നേഹവും വാത്സല്യവും എല്ലാം അവരിൽനിന്നാണ് എനിക്കു കിട്ടിയത്. ‘ഇതുതന്നെയാണ് സത്യമതം,’ എനിക്കു ബോധ്യമായി. അങ്ങനെ 1996-ൽ ഞാൻ സ്നാനമേറ്റ് യഹോവയുടെ സാക്ഷികളിൽ ഒരാളായി.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ: എന്റെ വിവാഹം കഴിഞ്ഞിട്ട് ആറു വർഷമായി. ഭർത്താവിന്റെ പേര് ദിമിത്രി. നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം. ഞങ്ങൾ രണ്ടു പേരും സെന്റ് പീറ്റേഴ്സ്ബർഗിലുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസിൽ സേവിക്കുകയാണ്. ഇനി, എന്റെ അമ്മയുടെയും രണ്ടാനച്ഛന്റെയും കാര്യമാണെങ്കിൽ, എന്റെ വിശ്വാസങ്ങളോട് അവർക്ക് ഇപ്പോൾ പണ്ടത്തെ അത്രയും എതിർപ്പൊന്നുമില്ല.
യഹോവയെ അറിയാൻ കഴിഞ്ഞതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം. ജീവിതത്തിൽ ശരിക്കുള്ള സംതൃപ്തി എന്താണെന്ന് ഞാൻ അറിഞ്ഞത് യഹോവയെ ആരാധിക്കാൻ തുടങ്ങിയപ്പോഴാണ്.
“പല ചോദ്യങ്ങളും എന്നെ അലട്ടി.”—റൗദേൽ റോദ്രിഗേസ് റോദ്രിഗേസ്
ജനനം: 1959
രാജ്യം: ക്യൂബ
ചരിത്രം: വിപ്ലവകാരി
എന്റെ പഴയ കാലം: ക്യൂബയിലെ ഹവാനയിലാണ് ഞാൻ ജനിച്ചത്, അവിടെ പാവപ്പെട്ടവരൊക്കെ താമസിക്കുന്ന ഒരു സ്ഥലത്ത്. അവിടത്തെ തെരുവുകളിൽ അടിപിടിയും വഴക്കും ഒക്കെ സാധാരണമായിരുന്നു. വളർന്നുവന്നപ്പോൾ ജൂഡോ പോലുള്ള മൽപ്പിടുത്തം ഉൾപ്പെടുന്ന കളികളിലൊക്കെ ആയിരുന്നു എനിക്കു താത്പര്യം.
പഠിക്കാൻ മിടുക്കനായിരുന്നു. അതുകൊണ്ട് അച്ഛനും അമ്മയും എന്നെ യൂണിവേഴ്സിറ്റിയിൽ അയച്ചു. അവിടെവെച്ചാണ് ചെറിയ വിപ്ലവചിന്തയൊക്കെ തുടങ്ങുന്നത്. രാജ്യത്തെ ഭരണവ്യവസ്ഥ അത്ര പോരാ, അതൊക്കെ ഒന്നു മാറിയാലേ ശരിയാകൂ എന്ന് ചിന്തിക്കാൻ തുടങ്ങി. അങ്ങനെ അതിനെതിരെ പോരാടാൻ ഞാൻ തുനിഞ്ഞിറങ്ങി. ഞാനും എന്റെകൂടെ പഠിക്കുന്ന ഒരു കൂട്ടുകാരനും ഒരു പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. അദ്ദേഹത്തിന്റെ തോക്ക് തട്ടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. ആ ആക്രമണത്തിൽ അദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. അതിന്റെ പേരിൽ ഞാനും കൂട്ടുകാരനും ജയിലിലായി. ഞങ്ങളെ വധശിക്ഷയ്ക്കും വിധിച്ചു. വെറും 20 വയസ്സേ ഉള്ളൂ എന്നോർക്കണം. ആ പ്രായത്തിലാണ് ഞാൻ മരണവും കാത്തുകിടന്നത്!
ജയിൽമുറിയിൽ ഒറ്റയ്ക്കിരുന്ന് ഞാൻ പലതും ആലോചിച്ചുകൂട്ടി. വധശിക്ഷയുടെ അന്ന് തോക്കിൻമുനയുടെ മുമ്പിൽ നിൽക്കുന്നത് ഞാൻ ഭാവനയിൽ കണ്ടു. ഒട്ടും പതറാതെ നെഞ്ചുവിരിച്ച് നിൽക്കണം, ഞാൻ കണക്കുകൂട്ടി. അതേസമയം പല ചോദ്യങ്ങളും എന്നെ അലട്ടി. ഞാൻ ചിന്തിച്ചു: ‘എന്തുകൊണ്ടാണ് ഈ ലോകത്തിൽ ഇത്രയേറെ അനീതിയുള്ളത്? ജീവിതം ഇത്രയൊക്കെയേ ഉള്ളോ?’
ബൈബിൾ എന്റെ ജീവിതത്തിനു മാറ്റം വരുത്തുന്നു: ഞങ്ങളുടെ വധശിക്ഷ ഏതായാലും 30 വർഷത്തെ തടവുശിക്ഷയായി ഇളവുചെയ്തു കിട്ടി. ഈ സമയത്താണ് ജയിലിൽവെച്ച് ഞാൻ യഹോവയുടെ സാക്ഷികളായ ചിലരെ കണ്ടുമുട്ടുന്നത്. വിശ്വാസത്തിന്റെ പേരിൽ ജയിലിൽ ആയവരാണ് അവർ. ആ സാക്ഷികൾ നല്ല ധൈര്യമുള്ളവരായിരുന്നു, അതേസമയം ശാന്തരും. വഴക്കിനും ബഹളത്തിനും ഒന്നും പോകില്ല. ഒരു തെറ്റും ചെയ്യാതെ ജയിലിൽ കിടക്കേണ്ടിവന്നിട്ടും അതിന്റെ പേരിൽ അവർക്ക് ആരോടും ദേഷ്യമോ വൈരാഗ്യമോ ഒന്നുമില്ലായിരുന്നു. ‘ഇങ്ങനെയുമുണ്ടോ ആളുകൾ!’ എനിക്ക് അതിശയം തോന്നി.
പ്രശ്നങ്ങൾ ഒന്നുമില്ലാത്ത നല്ലൊരു കാലം ദൈവം കൊണ്ടുവരുമെന്ന് സാക്ഷികൾ എനിക്കു പറഞ്ഞുതന്നു. ദൈവം ഈ ഭൂമിയെ അനീതിയും അക്രമവും ഒന്നുമില്ലാത്ത ഒരു പറുദീസയാക്കി മാറ്റുമെന്ന് ബൈബിളിൽനിന്ന് അവർ എനിക്കു കാണിച്ചുതന്നു. അന്ന് നല്ല ആളുകൾ മാത്രമേ ഈ ഭൂമിയിൽ ഉണ്ടായിരിക്കൂ. പ്രശ്നങ്ങൾ ഒന്നുമില്ലാത്ത ഈ ഭൂമിയിൽ അവർക്ക് എന്നെന്നും ജീവിക്കാനാകും.—സങ്കീർത്തനം 37:29.
സാക്ഷികൾ എന്നെ പഠിപ്പിച്ച കാര്യങ്ങളൊക്കെ എനിക്ക് ഒത്തിരി ഇഷ്ടമായി. പക്ഷേ എന്റെയും അവരുടെയും സ്വഭാവം തമ്മിൽ രാവും പകലും പോലുള്ള വ്യത്യാസമുണ്ടായിരുന്നു. രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടാതെ മാറിനിൽക്കാനോ ഒരു കരണത്ത് അടിക്കുന്നവന് മറ്റേ കരണംകൂടെ കാണിച്ചുകൊടുക്കാനോ ഒന്നും എനിക്ക് ഒരിക്കലും പറ്റുമെന്ന് തോന്നിയില്ല. അതുകൊണ്ട് ഞാൻ സ്വന്തമായി ബൈബിൾ വായിക്കാൻ തീരുമാനിച്ചു. ബൈബിൾ വായിച്ച് കഴിഞ്ഞപ്പോൾ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു. ആദ്യകാലത്തെ ക്രിസ്ത്യാനികളെപ്പോലെ ജീവിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അത് യഹോവയുടെ സാക്ഷികൾ മാത്രമാണ്.
ബൈബിൾ പഠിച്ചപ്പോൾ എനിക്കു മനസ്സിലായി ഞാൻ ഒരുപാടു മാറാനുണ്ടെന്ന്. എപ്പോഴും അസഭ്യവാക്കുകൾ പറയുന്ന സ്വഭാവം എനിക്കുണ്ടായിരുന്നു, അതു മാറ്റണം. പുകവലി നിറുത്തണം. പിന്നെ, രാഷ്ട്രീയകാര്യങ്ങളിൽ പക്ഷംപിടിക്കാനും പാടില്ല. ഈ മാറ്റങ്ങളൊക്കെ വരുത്തുന്നത് അത്ര എളുപ്പമായിരുന്നില്ല. പക്ഷേ യഹോവ സഹായിച്ചതുകൊണ്ട് പതുക്കെപ്പതുക്കെ അതെല്ലാം ഞാൻ മാറ്റിയെടുത്തു.
ഞാൻ ഏറ്റവും പാടുപെട്ടത് ദേഷ്യം നിയന്ത്രിക്കാനായിരുന്നു. ദേഷ്യം നിയന്ത്രിക്കാൻ സഹായിക്കണേ എന്ന് ഇപ്പോൾപ്പോലും എനിക്കു പ്രാർഥിക്കേണ്ടിവരാറുണ്ട്. എന്നാൽ ബൈബിൾവാക്യങ്ങൾ ഇക്കാര്യത്തിൽ എന്നെ ഒത്തിരി സഹായിച്ചു. അതിലൊരു വാക്യമാണ് സുഭാഷിതങ്ങൾ 16:32. അവിടെ ഇങ്ങനെ പറയുന്നു: “ശാന്തനായ മനുഷ്യൻ ശക്തനായവനെക്കാൾ ശ്രേഷ്ഠൻ; കോപം നിയന്ത്രിക്കുന്നവൻ ഒരു നഗരം പിടിച്ചെടുക്കുന്നവനെക്കാൾ മികച്ചവൻ.”
1991-ൽ ഞാൻ സ്നാനമേറ്റ് യഹോവയുടെ സാക്ഷിയായി. ജയിലിൽ ആയിരുന്നു സ്നാനം, വെള്ളം നിറച്ച ഒരു വീപ്പയിൽ. അതിന്റെ അടുത്ത വർഷം ഞാനും മറ്റു ചിലരും ജയിൽമോചിതരായി. ബന്ധുക്കൾ സ്പെയിനിലുള്ളതുകൊണ്ട് എന്നെ സ്പെയിനിലേക്കു വിട്ടു. അവിടെച്ചെന്ന് ഒട്ടും താമസിയാതെ ഞാൻ യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു പോയിത്തുടങ്ങി. ഒരുപാട് കാലമായി അവരുടെകൂടെയുള്ള ഒരാളോട് എന്നപോലെയാണ് സാക്ഷികൾ എന്നോട് ഇടപെട്ടത്. ഒരു പുതിയ ജീവിതം തുടങ്ങാൻ അവർ എല്ലാ വിധത്തിലും എന്നെ സഹായിച്ചു.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ: ഇന്ന് എനിക്ക് മനസ്സുനിറയെ സന്തോഷമുണ്ട്. ഞാനും ഭാര്യയും ഞങ്ങളുടെ രണ്ടു പെൺമക്കളും ഒരുമിച്ച് യഹോവയെ സേവിക്കുന്നു. ഞാൻ ഇന്ന് കൂടുതൽ സമയവും ചെലവഴിക്കുന്നത് മറ്റുള്ളവരെ ബൈബിൾ പഠിക്കാൻ സഹായിക്കുന്നതിനുവേണ്ടിയാണ്. അതിൽ എനിക്ക് അഭിമാനമുണ്ട്. ചിലപ്പോഴൊക്കെ ഞാൻ പണ്ടത്തെ കാര്യങ്ങൾ ഓർക്കും, ജയിലിൽ മരണം കാത്തുകിടന്ന ആ ചെറുപ്പക്കാരനെ. അതിൽനിന്ന് ഇന്നത്തെ എന്നിലേക്ക് എത്താൻ കഴിഞ്ഞത് യഹോവയുടെ സഹായം ഒന്നുകൊണ്ട് മാത്രമാണ്. ഇന്നും ഞാൻ ജീവനോടെയുണ്ട്. അതുതന്നെ വലിയ കാര്യം. പിന്നെ ഭാവിയിലേക്കു നോക്കുമ്പോൾ പ്രതീക്ഷിക്കാനും പലതുണ്ട്. ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ആ പറുദീസാഭൂമിയാണ് എന്റെ മനസ്സുനിറയെ. ഭൂമിയിൽ എങ്ങും നീതി കളിയാടുന്ന, ‘മേലാൽ മരണം ഇല്ലാത്ത’ ആ നല്ല കാലം.—വെളിപാട് 21:3, 4.
[ആകർഷകവാക്യം]
“ദൈവത്തിന് ഒരു പേരുണ്ടെന്ന് അറിഞ്ഞപ്പോൾ എനിക്ക് അതിശയം തോന്നി”
[ചിത്രം]
ആംഗ്യഭാഷയിലുള്ള പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ച് ബധിരരോട് സാക്ഷീകരിക്കുന്നത് ഞാനും ഭർത്താവും ശരിക്കും ആസ്വദിക്കുന്നു