ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
ആരോടും സ്നേഹമില്ലാതെ വിപ്ലവചിന്തയും അക്രമാസക്തമായ പങ്ക്റോക്ക് സംഗീതവും ഒക്കെയായി ജീവിച്ചിരുന്ന ഒരാൾ എങ്ങനെയാണ് സമൂഹത്തിലെ ആളുകളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഒരാളായത്? അധാർമികജീവിതരീതി ഉപേക്ഷിക്കാൻ മെക്സിക്കോയിലെ ഒരാളെ എന്താണു പ്രേരിപ്പിച്ചത്? ജപ്പാനിലെ ഒരു സൈക്കിൾ റെയ്സിങ് താരം എന്തുകൊണ്ടായിരിക്കും സൈക്കിൾ റെയ്സിങ് ഒക്കെ മതിയാക്കി ദൈവത്തെ സേവിക്കാൻ തീരുമാനിച്ചത്? ഈ മൂന്നുപേർക്കും എന്താണു പറയാനുള്ളത് എന്നു നോക്കാം.
“ഞാൻ മനുഷ്യപ്പറ്റില്ലാത്ത, ധിക്കാരിയായ, അക്രമാസക്തനായ ഒരാളായിരുന്നു.”—ഡെന്നിസ് ഒബേൺ
ജനനം: 1958
രാജ്യം: ഇംഗ്ലണ്ട്
ചരിത്രം: പങ്ക്റോക്ക് സംഗീതവും വിപ്ലവചിന്തയും ഒക്കെയായി കഴിഞ്ഞിരുന്ന ഒരു പരുക്കൻ പ്രകൃതക്കാരൻ
എന്റെ പഴയകാലം: എന്റെ അപ്പച്ചന്റെ വീട്ടുകാരൊക്കെ അയർലൻഡുകാരാണ്. ഒരു ഐറിഷ് കത്തോലിക്കനായാണ് ഞാനും വളർന്നത്. മിക്കപ്പോഴും ഒറ്റയ്ക്കാണു ഞാൻ പള്ളിയിൽ പോയിരുന്നത്. പക്ഷേ എനിക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു പള്ളിയിൽ പോകാൻ. എങ്കിലും ആത്മീയകാര്യങ്ങൾ അറിയാനുള്ള ഒരു ആഗ്രഹം എനിക്ക് അപ്പോഴും ഉണ്ടായിരുന്നു. കർത്താവിന്റെ പ്രാർഥന ഞാൻ എന്നും ചൊല്ലും. എനിക്ക് ഇപ്പോഴും ഓർമയുണ്ട് രാത്രി ഞാൻ കട്ടിലിൽ കിടന്ന് അതിന്റെ അർഥം എന്തായിരിക്കും എന്ന് ചിന്തിക്കുന്നത്. ഞാൻ ആ പ്രാർഥനയെ പല ഭാഗങ്ങളായി തിരിക്കും. എന്നിട്ട് ഓരോ ഭാഗത്തിന്റെയും അർഥം എന്താണെന്ന് ചിന്തിച്ചുനോക്കും.
ഏതാണ്ട് 16 വയസ്സുള്ളപ്പോൾ ഞാൻ ഒരു ആഫ്രിക്കൻ വിമോചന പ്രസ്ഥാനത്തിൽ ഉൾപ്പെടാൻ തുടങ്ങി. അതുകൂടാതെ നാസിവിരുദ്ധ സംഘടന പോലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളിലും എനിക്കു താത്പര്യം തോന്നി. എന്നാലും ഞാൻ ഏറ്റവും കൂടുതൽ ഉൾപ്പെട്ടത് പങ്ക്റോക്ക് എന്നു വിളിക്കുന്ന ഒരു വിപ്ലവപ്രസ്ഥാനത്തിലാണ്. അക്രമാസക്തമായ പങ്ക്റോക്ക് സംഗീതത്തിലൂടെ രാഷ്ട്രീയവ്യവസ്ഥിതിക്കെതിരെ പ്രതികരിക്കുന്നതായിരുന്നു അവരുടെ രീതി. ഞാൻ മയക്കുമരുന്നുകൾ ഉപയോഗിക്കുമായിരുന്നു. പ്രത്യേകിച്ച് കഞ്ചാവ്. അത് എനിക്ക് എല്ലാദിവസവുംതന്നെ വലിക്കണമായിരുന്നു. ‘എന്തുവന്നാലും എനിക്കൊന്നുമില്ല’ എന്ന ഒരു മനോഭാവമായിരുന്നു അന്നൊക്കെ എനിക്ക്. അതുകൊണ്ടുതന്നെ എന്തു സാഹസത്തിനും മുതിരുമായിരുന്നു. പിന്നെ കുടിച്ച് ലക്കുകെട്ട് നടക്കും. മറ്റുള്ളവരെക്കുറിച്ചൊന്നും ഒരു ചിന്തയുമില്ല. ആളുകളോടു മിണ്ടുന്നതും ഇടപെടുന്നതും ഒന്നും എനിക്ക് ഇഷ്ടമല്ലായിരുന്നു. അത്രയ്ക്ക് ആവശ്യമുണ്ടെങ്കിലേ മിണ്ടൂ. അങ്ങനെയൊരു പരുക്കൻ സ്വഭാവമായിരുന്നു എന്റേത്. ആരെങ്കിലും എന്റെ ഫോട്ടോ എടുക്കുന്നതുപോലും എനിക്ക് ഇഷ്ടമല്ലായിരുന്നു. ഇപ്പോൾ ഓർക്കുമ്പോൾ എനിക്കു തോന്നാറുണ്ട് ഞാൻ അന്ന് എത്ര മനുഷ്യപ്പറ്റില്ലാത്ത, ധിക്കാരിയായ, അക്രമാസക്തനായ ആളായിരുന്നു എന്ന്. അത്രയ്ക്കും അടുപ്പമുള്ളവരോടേ ഞാൻ കുറച്ചെങ്കിലും ദയയോടെയും സ്നേഹത്തോടെയും പെരുമാറിയിരുന്നുള്ളൂ.
ഏതാണ്ട് 20 വയസ്സുള്ളപ്പോൾ എനിക്ക് ബൈബിളിൽ താത്പര്യം തോന്നിത്തുടങ്ങി. മയക്കുമരുന്നു വിൽപ്പന നടത്തിയിരുന്ന എന്റെ ഒരു കൂട്ടുകാരൻ ജയിലിൽവെച്ച് ബൈബിൾ വായിക്കാൻ തുടങ്ങിയിരുന്നു. ഒരു ദിവസം ഞാനും അവനും കൂടെയിരുന്ന് മതത്തെക്കുറിച്ചും പലപല സഭകളെക്കുറിച്ചും ഈ ലോകത്തിൽ സാത്താന്റെ പ്രവർത്തനം എങ്ങനെയാണ് നടക്കുന്നത് എന്നതിനെക്കുറിച്ചും ഒരുപാടുനേരം ചർച്ച ചെയ്തു. ഞാനും ഒരു ബൈബിൾ വാങ്ങിച്ച് അതു വായിച്ച് പഠിക്കാൻ തുടങ്ങി. ഞാനും അവനും സ്വന്തമായിരുന്ന് ബൈബിൾ വായിക്കും. എന്നിട്ട് വായിച്ച കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഒന്നിച്ചുകൂടും. അങ്ങനെ ചർച്ച ചെയ്ത് ഓരോ കാര്യങ്ങൾ ഞങ്ങൾ മനസ്സിലാക്കിയെടുക്കും. മാസങ്ങളോളം ഞങ്ങൾ ഇങ്ങനെ ചെയ്യുമായിരുന്നു.
അങ്ങനെ ഞങ്ങൾ മനസ്സിലാക്കിയെടുത്ത ചില കാര്യങ്ങൾ ഇതൊക്കെയാണ്: ഈ ലോകത്തിന്റെ അവസാനകാലത്താണ് നമ്മൾ ജീവിക്കുന്നത്; ക്രിസ്ത്യാനികൾ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കണം; ക്രിസ്ത്യാനികൾ ഈ ലോകത്തിലെ രാഷ്ട്രീയകാര്യങ്ങളിലും മറ്റും ഉൾപ്പെടാൻ പാടില്ല; ധാർമികനിലവാരങ്ങളെക്കുറിച്ച് ബൈബിൾ പറയുന്നതാണ് ശരി. ബൈബിൾ പറയുന്നതൊക്കെ സത്യമാണെന്നും അത് അനുസരിച്ച് ജീവിക്കുന്ന ഒരു സത്യമതം ഉണ്ടായിരിക്കണമെന്നും ഞങ്ങൾക്കു മനസ്സിലായി. പക്ഷേ അത് എങ്ങനെ കണ്ടുപിടിക്കും? ഞങ്ങൾ പല പ്രമുഖ ക്രിസ്തീയസഭകളെയും വിലയിരുത്തിനോക്കി. അവയ്ക്കൊക്കെ പ്രൗഢഗംഭീരമായ ആരാധനാലയങ്ങളും ആചാരാനുഷ്ഠാനങ്ങളും ഉണ്ട്. പിന്നെ അവരൊക്കെ രാഷ്ട്രീയത്തിലും ഉൾപ്പെടുന്നുണ്ട്. യേശുവിനെപ്പോലെയേ അല്ല അവർ. അതൊക്കെ കണ്ടപ്പോൾ അവർ ആളുകളെ ദൈവത്തിലേക്ക് അടുപ്പിക്കുന്നില്ലെന്ന് ഞങ്ങൾക്കു മനസ്സിലായി. അതുകൊണ്ട്, അത്ര അറിയപ്പെടാത്ത മതങ്ങളിലേക്ക് ഞങ്ങൾ തിരിഞ്ഞു.
ഞങ്ങൾ അങ്ങനെയുള്ള മതങ്ങളിലെ ആളുകളെ കണ്ടുപിടിക്കും. എന്നിട്ട് അവരോട് ചില ചോദ്യങ്ങൾ ചോദിക്കും. ഓരോ ചോദ്യത്തിനുമുള്ള ബൈബിളിന്റെ ഉത്തരം എന്താണെന്ന് ഞങ്ങൾക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് അവർ പറയുന്ന ഉത്തരം ദൈവവചനത്തിൽനിന്ന് ആണോ അല്ലയോ എന്ന് അതു കേൾക്കുമ്പോഴേ ഞങ്ങൾക്കു മനസ്സിലാകും. ഇങ്ങനെ സംസാരിച്ചുകഴിയുമ്പോഴൊക്കെ ഞാൻ ദൈവത്തോടു പ്രാർഥിക്കും. ‘ഇവരാണ് സത്യമതത്തിലെ ആളുകളെങ്കിൽ ഇവരെ വീണ്ടും കാണാനുള്ള ഒരു ആഗ്രഹം എനിക്ക് തരണേ’ എന്ന്. ഇങ്ങനെ മാസങ്ങളോളം പലരോടും സംസാരിച്ചു നോക്കിയെങ്കിലും ആരും ഞങ്ങളുടെ ചോദ്യങ്ങൾക്ക് ബൈബിളിൽനിന്ന് ഉത്തരം തന്നില്ല. അതിൽ ആരെയും വീണ്ടും കാണണമെന്നും എനിക്കു തോന്നിയില്ല.
അവസാനം ഞാനും കൂട്ടുകാരനും യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടി. ഞങ്ങൾ സ്ഥിരം ചോദിക്കാറുള്ള ചോദ്യങ്ങൾ അവരോടും ചോദിച്ചു. പക്ഷേ അവർ അതിനെല്ലാം ബൈബിളിൽനിന്ന് ഉത്തരം തന്നു. അവർ പറഞ്ഞ ഉത്തരങ്ങൾ കേട്ട് ഞങ്ങൾ അതിശയിച്ചുപോയി. ഞങ്ങൾ ബൈബിളിൽനിന്ന് മനസ്സിലാക്കി വെച്ചിരുന്ന അതേ ഉത്തരങ്ങൾ! അപ്പോൾ ഞങ്ങൾക്ക് ഉത്സാഹം കൂടി. ബൈബിളിൽനിന്ന് ഞങ്ങൾക്ക് ഉത്തരം കിട്ടാതിരുന്ന ചോദ്യങ്ങളുംകൂടെ ചോദിക്കാൻ തുടങ്ങി. പുകവലിയെക്കുറിച്ചും മയക്കുമരുന്നുകളെക്കുറിച്ചും ദൈവം എന്താണ് പറയുന്നത് എന്നൊക്കെ. അതിനും അവർ ദൈവവചനത്തിൽനിന്ന് ഉത്തരം തന്നു. അങ്ങനെ അവരുടെ രാജ്യഹാളിൽ ഒരു മീറ്റിങ്ങിനു ചെല്ലാമെന്ന് ഞങ്ങൾ സമ്മതിച്ചു.
മീറ്റിങ്ങുകൾ കൂടുന്നത് എനിക്ക് ഒട്ടും എളുപ്പമുള്ള കാര്യമല്ലായിരുന്നു. കാര്യം സാക്ഷികൾ നല്ല ആളുകളൊക്കെയായിരുന്നു. നല്ല മാന്യമായ വസ്ത്രധാരണം, നല്ല പെരുമാറ്റം. പലരും എന്നോടുവന്ന് സ്നേഹത്തോടെ സംസാരിക്കുകയും ചെയ്തു. പക്ഷേ, ഞാൻ ആരോടും ഇടപഴകാൻ ഇഷ്ടപ്പെടാത്ത പരുക്കൻ പ്രകൃതക്കാരനായതുകൊണ്ട് എനിക്ക് അതൊന്നും അത്ര പിടിച്ചില്ല. പലരും എന്നോടു വന്ന് സംസാരിച്ചത് അത്ര നല്ല ഉദ്ദേശ്യത്തോടെയല്ലെന്നുപോലും ഞാൻ വിചാരിച്ചു. അതുകൊണ്ട് ഇനി മീറ്റിങ്ങിനു പോകണമെന്നേ എനിക്കു തോന്നിയില്ല. പക്ഷേ ഞാൻ ഒരു കാര്യം ചെയ്തു. എന്നത്തെയുംപോലെ ഞാൻ ദൈവത്തോടു പ്രാർഥിച്ചു. ‘ഇവരാണു സത്യമതത്തിലെ ആളുകളെങ്കിൽ ഇവരെ വീണ്ടും കാണാനുള്ള ആഗ്രഹം എനിക്കു തരണേ’ എന്ന്. അങ്ങനെയൊരു ആഗ്രഹം എനിക്കു തോന്നുകയും ചെയ്തു. സാക്ഷികളുടെകൂടെ ബൈബിൾ പഠിക്കാനുള്ള ശക്തമായ ഒരു ആഗ്രഹം.
ബൈബിൾ എന്റെ ജീവിതത്തിനു മാറ്റം വരുത്തുന്നു: മയക്കുമരുന്നിന്റെ ഉപയോഗം നിറുത്തണമെന്ന് എനിക്കു മനസ്സിലായി. പെട്ടെന്നുതന്നെ അതു നിറുത്താനും എനിക്കു പറ്റി. പക്ഷേ പുകവലി നിറുത്താനായിരുന്നു ബുദ്ധിമുട്ട്. പലപ്രാവശ്യം ഞാൻ പുകവലി നിറുത്താൻ ശ്രമിച്ചു. പക്ഷേ പരാജയപ്പെട്ടു. ഓരോരുത്തരൊക്കെ ഒറ്റയടിക്ക് പുകവലി നിറുത്തിയെന്നൊക്കെ കേൾക്കുമ്പോൾ എനിക്കു അതിശയം തോന്നി. അതിനെക്കുറിച്ച് ഞാൻ യഹോവയോടു പ്രാർഥിച്ചു. അങ്ങനെ യഹോവയുടെ സഹായംകൊണ്ട് അവസാനം എനിക്ക് പുകവലി നിറുത്താൻ കഴിഞ്ഞു. ഒന്നും മറച്ചുവെക്കാതെ ഉള്ളിലുള്ളതെല്ലാം തുറന്നുപറഞ്ഞ് യഹോവയോടു പ്രാർഥിക്കുന്നതിന്റെ പ്രയോജനം ഞാൻ ശരിക്കും അനുഭവിച്ചറിഞ്ഞു.
ഞാൻ വരുത്തേണ്ടിയിരുന്ന മറ്റൊരു വലിയ മാറ്റം എന്റെ ഡ്രസ്സിലും ഹെയർസ്റ്റൈലിലും ആയിരുന്നു. ആദ്യമായി രാജ്യഹാളിൽ മീറ്റിങ്ങിനു പോയപ്പോൾ എന്റെ രൂപം എങ്ങനെയായിരുന്നെന്നോ? സ്പൈക്ക് ചെയ്ത് പൊക്കിനിറുത്തിയ മുടി, മുദ്രാവാക്യങ്ങൾ എഴുതിപ്പിടിപ്പിച്ച ലതർ ജാക്കറ്റും ജീൻസും. ആദ്യം രാജ്യഹാളിൽ പോയപ്പോൾ കുറച്ചു മുടി നീല കളറിൽ ആയിരുന്നു. പിന്നെ ഞാൻ അത് കടുംഓറഞ്ച് നിറമാക്കി! ഞാൻ മാറ്റം വരുത്തേണ്ടത് എന്തുകൊണ്ടാണെന്ന് സാക്ഷികൾ ദയയോടെ എനിക്കു പറഞ്ഞുതന്നെങ്കിലും അതിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് ആദ്യമൊന്നും തോന്നിയില്ല. അവസാനം മാറിച്ചിന്തിക്കാൻ എന്നെ സഹായിച്ചത് 1 യോഹന്നാൻ 2:15-17 വരെയുള്ള വാക്യങ്ങളാണ്. അവിടെ പറയുന്നത്, “ലോകത്തെയോ ലോകത്തിലുള്ളവയെയോ സ്നേഹിക്കരുത്. ഒരാൾ ലോകത്തെ സ്നേഹിക്കുന്നെങ്കിൽ അയാൾക്കു പിതാവായ ദൈവത്തോടു സ്നേഹമില്ല” എന്നാണ്. എന്റെ ഈ വേഷവും ഹെയർസ്റ്റൈലും ഒക്കെ ലോകത്തോടുള്ള സ്നേഹമാണ് കാണിക്കുന്നത്. ദൈവത്തോടുള്ള സ്നേഹം കാണിക്കണമെങ്കിൽ ഞാൻ മാറിയേ തീരൂ എന്ന് എനിക്കു മനസ്സിലായി. അതുതന്നെയാണ് ഞാൻ ചെയ്തതും.
ബൈബിൾ പഠിച്ചപ്പോൾ മറ്റൊരു കാര്യവും എനിക്കു മനസ്സിലായി. മീറ്റിങ്ങുകൾക്കു വരണമെന്നുള്ളത് സാക്ഷികളായിട്ട് ഉണ്ടാക്കിയിരിക്കുന്ന ഒരു നിബന്ധനയല്ല. എബ്രായർ 10:24, 25 വാക്യങ്ങളിൽ പറയുന്നതുപോലെ ദൈവമാണ് മീറ്റിങ്ങുകൾക്കു വരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ ഞാൻ സ്ഥിരമായി മീറ്റിങ്ങുകൾക്ക് പോകാൻ തുടങ്ങി. സാക്ഷികളെ അടുത്തറിയാനും തുടങ്ങി. ഇത്രയൊക്കെ ആയപ്പോഴേക്കും ഞാൻ എന്റെ ജീവിതം യഹോവയ്ക്ക് സമർപ്പിച്ച് സ്നാനമേൽക്കാൻ തീരുമാനിച്ചു.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ: യഹോവയുമായി ഒരു ഉറ്റബന്ധം ഉണ്ടായിരിക്കാൻ യഹോവ നമ്മളെ അനുവദിച്ചിരിക്കുന്നു എന്ന് ഓർക്കുമ്പോൾത്തന്നെ എനിക്ക് യഹോവയോട് ശരിക്കും സ്നേഹം തോന്നാറുണ്ട്. യഹോവയുടെ മനസ്സലിവും കരുതലും ഒക്കെ കണ്ടപ്പോൾ അതുപോലുള്ള ഗുണങ്ങൾ എനിക്കും വളർത്തിയെടുക്കണമെന്ന് തോന്നി. ഇക്കാര്യത്തിൽ ദൈവപുത്രനായ യേശുവിനെയാണ് ഞാൻ റോൾമോഡലാക്കിയിരിക്കുന്നത്. (1 പത്രോസ് 2:21) ക്രിസ്തുവിനെ അനുകരിക്കാൻ കഠിനശ്രമം ചെയ്യുന്നതിനോടൊപ്പം എനിക്ക് എന്റേതായ വ്യക്തിത്വവും ഉണ്ടായിരിക്കാനാകും എന്ന് ഞാൻ മനസ്സിലാക്കി. സ്നേഹവും കരുതലും ഒക്കെയുള്ള ഒരാളായിത്തീരാൻ ഞാൻ പ്രത്യേകം ശ്രമിക്കുന്നു. എന്റെ ഭാര്യയോടും മകനോടും ഇടപെടുമ്പോൾ ക്രിസ്തുവിനെപ്പോലെയായിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. അതുപോലെ സഭയിലെ സഹോദരങ്ങളോടും വളരെ സ്നേഹത്തോടും കരുതലോടും കൂടെയാണ് ഞാൻ ഇടപെടാറ്. ക്രിസ്തുവിനെപ്പോലെയാകാൻ ശ്രമിക്കുന്നതുകൊണ്ട് എനിക്ക് ആളുകളോട് സ്നേഹം കാണിക്കാൻ പറ്റുന്നുണ്ട്. എന്നെക്കുറിച്ച് ഓർക്കുമ്പോൾ എനിക്കുതന്നെ അഭിമാനം തോന്നുന്നു.
“ഒരു മനുഷ്യനോടു കാണിക്കേണ്ട മാന്യത അവർ എന്നോടു കാണിച്ചു.”—ഗ്വാഡാലൂപെ ബില്യാറേയാൽ
ജനനം: 1964
രാജ്യം: മെക്സിക്കോ
ചരിത്രം: അധാർമികമായ ജീവിതരീതി
എന്റെ പഴയകാലം: മെക്സിക്കോയിലെ സൊണോറയിലുള്ള ഹെർമൊസീജൊയിലാണ് ഞാൻ വളർന്നത്. തീരെ പാവപ്പെട്ടവർ താമസിക്കുന്ന ഒരു സ്ഥലം. ഞങ്ങൾ ഏഴു മക്കളായിരുന്നു. എന്റെ കൊച്ചിലേതന്നെ പപ്പ മരിച്ചുപോയി. പിന്നെ അമ്മ പണിയെടുത്താണ് ഞങ്ങളെയൊക്കെ വളർത്തിയത്. ഒരു ചെരുപ്പു വാങ്ങാൻപോലുമുള്ള കാശ് ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. കളിച്ചുനടക്കേണ്ട പ്രായത്തിൽത്തന്നെ ഞാൻ പണിക്കു പോകാൻ തുടങ്ങി. അത്ര ദാരിദ്ര്യമായിരുന്നു. നിന്നുതിരിയാൻ സ്ഥലമില്ലാത്ത ഒരു കൊച്ചുവീട്ടിലാണ് ഞങ്ങൾ ഇത്രയും പേർ കഴിഞ്ഞിരുന്നത്. അവിടത്തെ മിക്ക വീടുകളിലെയും അവസ്ഥ ഇതൊക്കെത്തന്നെയായിരുന്നു.
പകലൊന്നും ഞങ്ങളെ നോക്കാൻ അമ്മ വീട്ടിൽ ഉണ്ടായിരിക്കില്ല, പണിക്കുപോയിരിക്കും. എനിക്ക് ആറ് വയസ്സുള്ളപ്പോൾ 15 വയസ്സുള്ള ഒരു പയ്യൻ എന്നെ ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങി. നാളുകളോളം ആ ഉപദ്രവം തുടർന്നു. അതുകാരണം ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ ഒരു ധാരണയാണ് എനിക്കു കിട്ടിയത്. ആണുങ്ങൾക്ക് ആണുങ്ങളോട് ലൈംഗികാകർഷണം തോന്നുന്നത് സ്വാഭാവികമാണ് എന്ന് ഞാൻ വിചാരിച്ചു. എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ഡോക്ടർമാരോടും പുരോഹിതന്മാരോടും ഒക്കെ ചോദിച്ചപ്പോൾ അവർ പറഞ്ഞത് അതൊന്നും ഒരു കുഴപ്പവുമില്ല, അങ്ങനെ തോന്നുന്നതൊക്കെ സ്വാഭാവികമാണ് എന്നാണ്.
14 വയസ്സായപ്പോഴേക്കും സമൂഹത്തിൽ ഒരു സ്വവർഗാനുരാഗിയായി ജീവിക്കാൻതന്നെ ഞാൻ തീരുമാനിച്ചു. പിന്നീടുള്ള 11 വർഷം ഞാൻ അങ്ങനെയാണ് ജീവിച്ചത്. പല പുരുഷന്മാരുടെയും കൂടെ കഴിഞ്ഞു. കുറെ നാൾ കഴിഞ്ഞപ്പോൾ ഹെയർസ്റ്റൈലിസ്റ്റാകാനുള്ള ഒരു കോഴ്സ് പഠിച്ച് ഞാൻ ഒരു ബ്യൂട്ടിപാർലർ തുടങ്ങി. എന്നിട്ടും എന്റെ ജീവിതത്തിൽ ഒരു സന്തോഷവും ഉണ്ടായിരുന്നില്ല. എന്നും കഷ്ടപ്പാടുമാത്രം. ഞാൻ സ്നേഹിച്ചവരൊക്കെ എന്നെ വഞ്ചിച്ചു. ഞാൻ ഈ ചെയ്യുന്നത് ശരിയല്ലെന്ന് എനിക്കു തോന്നാൻ തുടങ്ങി. ‘ഈ ലോകത്ത് വിശ്വസിക്കാൻ കൊള്ളാവുന്ന നല്ലവരായ ആരെങ്കിലും ഉണ്ടോ’ എന്നും ഞാൻ ചിന്തിച്ചു.
ഞാൻ എന്റെ ചേച്ചിയുടെ കാര്യം ഓർത്തു. ചേച്ചി യഹോവയുടെ സാക്ഷികളുടെ കൂടെ ബൈബിൾ പഠിച്ച് സ്നാനമേറ്റിരുന്നു. പഠിക്കുന്ന കാര്യങ്ങളൊക്കെ ചേച്ചി എന്നോടും പറയുമായിരുന്നു. ഞാൻ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ ചേച്ചിയുടെ ജീവിതം എത്ര സന്തോഷം നിറഞ്ഞതാണെന്ന് ഞാൻ ശ്രദ്ധിച്ചു. പ്രത്യേകിച്ച് അവരുടെ വിവാഹജീവിതം. എന്തൊരു സ്നേഹമാണ് അവർ തമ്മിൽ! അവർ അങ്ങോട്ടും ഇങ്ങോട്ടും ആദരവോടെയും ദയയോടെയും ആണ് ഇടപെട്ടിരുന്നത്. അവസാനം യഹോവയുടെ സാക്ഷികളിൽ ഒരാൾ എന്നെ ബൈബിൾ പഠിപ്പിക്കാൻ തുടങ്ങി. ആദ്യമൊക്കെ പഠിക്കാൻ എനിക്ക് ഒരു ഉത്സാഹവുമില്ലായിരുന്നു. പിന്നെ അതു മാറി.
ബൈബിൾ എന്റെ ജീവിതത്തിനു മാറ്റം വരുത്തുന്നു: ഒരിക്കൽ സാക്ഷികൾ എന്നെ അവരുടെ മീറ്റിങ്ങിനു ക്ഷണിച്ചു. ഞാൻ പോയി. അത് ഒരു പുതിയ അനുഭവംതന്നെയായിരുന്നു. സാധാരണഗതിയിൽ ആളുകൾ എന്നെ കാണുമ്പോൾ കളിയാക്കുകയാണ് ചെയ്യുന്നത്. പക്ഷേ സാക്ഷികൾ അങ്ങനെയേ അല്ലായിരുന്നു. ഒരു മനുഷ്യനോടു കാണിക്കേണ്ട മാന്യത അവർ എന്നോടു കാണിച്ചു. അവർ എന്നോടു ദയയോടെ പെരുമാറി. അത് എനിക്കങ്ങ് ഇഷ്ടപ്പെട്ടു.
പിന്നീട് ഞാൻ സാക്ഷികളുടെ ഒരു സമ്മേളനത്തിനു പോയി. അതോടെ സാക്ഷികളോടുള്ള എന്റെ മതിപ്പു പിന്നെയും കൂടി. ഇവരെല്ലാവരും എന്റെ ചേച്ചിയെപ്പോലെ മനസ്സുതുറന്ന് ഇടപെടുന്നവരും ആത്മാർഥതയുള്ളവരും ആണല്ലോ എന്ന് ഞാൻ ഓർത്തു. ഞാൻ കാണാൻ ആഗ്രഹിച്ച നല്ലവരും വിശ്വസിക്കാൻ കൊള്ളാകുന്നവരും ആയ ആളുകൾ ഇവരായിരിക്കുമോ എന്ന് ഞാൻ ചിന്തിച്ചു. എന്തൊരു സ്നേഹവും ഐക്യവുമായിരുന്നു അവരുടെ ഇടയിൽ! പിന്നെ എല്ലാ ചോദ്യങ്ങൾക്കും അവർ ബൈബിളിൽനിന്ന് ഉത്തരം തരുന്നതും എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. അവർ ഇത്ര നല്ലവരായിരിക്കുന്നത് ബൈബിൾ അനുസരിച്ച് ജീവിക്കുന്നതുകൊണ്ടാണെന്ന് എനിക്കു മനസ്സിലായി. അവരെപ്പോലെ ആകണമെങ്കിൽ ഞാൻ ഒത്തിരിയൊത്തിരി മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും മനസ്സിലായി.
ശരിക്കുംപറഞ്ഞാൽ ഞാൻ അടിമുടി മാറണമായിരുന്നു. കാരണം എന്റെ രൂപവും ഭാവവും ഒക്കെ ഒരു പെണ്ണിനെപ്പോലെയായിരുന്നു. എന്റെ സംസാരവും നടപ്പും എടുപ്പും വസ്ത്രധാരണവും ഹെയർസ്റ്റൈലും കൂട്ടുകാരും ഒക്കെ മാറണം. അന്നത്തെ എന്റെ കൂട്ടുകാരൊക്കെ എന്നെ കളിയാക്കാൻ തുടങ്ങി. “നിനക്ക് എന്തിന്റെ കുഴപ്പമാ? ബൈബിളൊന്നും പഠിക്കേണ്ട നീ. ഇപ്പോൾ ജീവിക്കുന്നതുപോലെതന്നെ അങ്ങ് ജീവിച്ചാൽപോരേ? നിനക്ക് ഇപ്പോൾ ഒരു കുറവും ഇല്ലല്ലോ?” എന്നൊക്കെ അവർ എന്നോടു പറഞ്ഞു. എന്നാൽ ഇതൊക്കെ പിന്നെയും സഹിക്കാമായിരുന്നു. പക്ഷേ അധാർമികമായ പ്രവൃത്തികളിൽ ഏർപ്പെടുന്നത് നിറുത്താനാണ് എനിക്ക് ഏറ്റവും ബുദ്ധിമുട്ട് തോന്നിയത്.
എങ്കിലും വലിയ മാറ്റങ്ങളൊക്കെ വരുത്താൻ എന്നെക്കൊണ്ട് കഴിയും എന്ന് എനിക്ക് ഉറപ്പായിരുന്നു. 1 കൊരിന്ത്യർ 6:9-11 വരെയുള്ള വാക്യങ്ങളാണ് എനിക്ക് ആ ധൈര്യം തന്നത്. അവിടെ ഇങ്ങനെ പറയുന്നു: “അന്യായം കാണിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടേ? വഞ്ചിക്കപ്പെടരുത്. അധാർമികപ്രവൃത്തികൾ ചെയ്യുന്നവർ, വിഗ്രഹാരാധകർ, വ്യഭിചാരികൾ, സ്വവർഗരതിക്കു വഴങ്ങിക്കൊടുക്കുന്നവർ, സ്വവർഗരതിക്കാർ . . . എന്നിവർ ദൈവരാജ്യം അവകാശമാക്കില്ല. നിങ്ങളിൽ ചിലർ അത്തരക്കാരായിരുന്നു. പക്ഷേ നിങ്ങളെ കഴുകി വെടിപ്പാക്കിയിരിക്കുന്നു.” മാറ്റം വരുത്താൻ അന്നത്തെ ആ ആളുകളെ യഹോവ സഹായിച്ചു. എന്നെയും സഹായിച്ചു. കുറെ വർഷങ്ങളെടുത്തു. ഒടുപാട് പാടുപെടേണ്ടിയും വന്നു. പക്ഷേ അപ്പോഴെല്ലാം സാക്ഷികൾ സ്നേഹത്തോടെ എന്നെ സഹായിച്ചുകൊണ്ടിരുന്നു.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ: ഇപ്പോൾ ഞാൻ പഴയ ആളേ അല്ല. ആ ജീവിതരീതിയൊക്കെ ഉപേക്ഷിച്ചിട്ട് കാലം കുറെയായി. എന്റെ കല്യാണം കഴിഞ്ഞു. ഞങ്ങൾക്ക് ഒരു മോനുണ്ട്. ബൈബിൾതത്ത്വങ്ങൾ അനുസരിച്ച് ജീവിക്കാനാണ് ഞങ്ങൾ അവനെ പഠിപ്പിക്കുന്നത്. ആത്മീയമായും യഹോവ എന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഞാൻ ഇന്ന് സഭയിൽ ഒരു മൂപ്പനായി സേവിക്കുകയാണ്. മറ്റുള്ളവരെ ബൈബിൾസത്യം പഠിപ്പിക്കാനും എനിക്കു കഴിയുന്നു. ഞാൻ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളൊക്കെ കണ്ട് എന്റെ അമ്മയ്ക്ക് ഒത്തിരി സന്തോഷമായി. അങ്ങനെ അമ്മയും ബൈബിൾ പഠിക്കാൻ തുടങ്ങി, ഇപ്പോൾ സ്നാനമേറ്റ സാക്ഷിയാണ്. അതുപോലെ എന്റെ ഒരു അനിയത്തിയും അധാർമികമായ ജീവിതരീതി ഉപേക്ഷിച്ച് യഹോവയുടെ സാക്ഷിയായിത്തീർന്നു.
ഞാൻ ഇങ്ങനെയൊക്കെ മാറിയത് ഏതായാലും നന്നായി എന്നാണ് പണ്ട് എന്നെ പിന്തിരിപ്പിക്കാൻ നോക്കിയവർപോലും ഇപ്പോൾ പറയുന്നത്. എന്നെ ഇങ്ങനെ മാറ്റിയെടുത്തത് യഹോവയാണെന്ന് എനിക്ക് നന്നായി അറിയാം. പണ്ട് സഹായം ചോദിച്ച് ഞാൻ ഡോക്ടർമാരുടെയും പുരോഹിതന്മാരുടെയും അടുത്ത് ചെന്നപ്പോൾ എന്താണ് ഉണ്ടായതെന്ന് നേരത്തേ പറഞ്ഞല്ലോ. അവരൊക്കെ എന്നെ വഴിതെറ്റിക്കുകയാണ് ചെയ്തത്. യഹോവയാണ് എനിക്ക് നേർവഴി കാണിച്ചുതന്നത്. എന്നെ ഒന്നിനും കൊള്ളില്ല എന്ന് ഞാൻ വിചാരിച്ചപ്പോഴും യഹോവ അങ്ങനെയല്ല എന്നെ കണ്ടത്. യഹോവ എന്നോട് സ്നേഹം കാണിച്ചു. ക്ഷമയോടെ എന്നെ സഹായിച്ചു. ജ്ഞാനിയായ, സ്നേഹനിധിയായ ആ ദൈവം എന്നെ ശ്രദ്ധിക്കാൻ മനസ്സുകാണിച്ചു. ഞാൻ നന്നായിക്കാണണമെന്ന് ആഗ്രഹിച്ചു. അതാണ് എന്റെ ജീവിതത്തിൽ ഇക്കണ്ട മാറ്റങ്ങളെല്ലാം ഉണ്ടാക്കിയത്.
“എനിക്ക് എല്ലാം ഉണ്ടായിരുന്നു, ഇല്ലായിരുന്നത് സന്തോഷമാണ്.”—കസുഹിറോ കുനിമോച്ചി
ജനനം: 1951
രാജ്യം: ജപ്പാൻ
ചരിത്രം: സൈക്കിൾ റെയ്സിങ് താരം
എന്റെ പഴയകാലം: ജപ്പാനിലെ ഷിസോക്ക എന്ന ശാന്തസുന്ദരമായ ഒരു തുറമുഖപട്ടണത്തിലാണ് ഞാൻ വളർന്നത്. ഒരു കൊച്ചുവീട്ടിൽ ഞങ്ങൾ എട്ടുപേരടങ്ങുന്ന കുടുംബം. എന്റെ അച്ഛന് ഒരു സൈക്കിൾ ഷോപ്പായിരുന്നു. ഞാൻ കുഞ്ഞായിരിക്കുമ്പോൾതൊട്ടേ അച്ഛൻ എന്നെ സൈക്കിൾ റെയ്സിങ്ങിനു കൊണ്ടുപോകുമായിരുന്നു. അങ്ങനെയങ്ങനെ എനിക്ക് അതിൽ നല്ല താത്പര്യമായി. അതു കണ്ടപ്പോൾ അച്ഛനു തോന്നി എന്നെ ഒരു സൈക്കിൾ റെയ്സർ ആക്കണമെന്ന്. അങ്ങനെ യു പി സ്കൂളിൽ പഠിക്കുമ്പോൾതൊട്ട് സൈക്കിൾ റെയ്സിങ്ങിൽ എനിക്ക് നല്ല പരിശീലനം തരാൻ തുടങ്ങി. ഹൈസ്കൂളിൽ പഠിക്കുമ്പോൾ നാഷണൽ ലെവൽ മത്സരങ്ങളിൽ മൂന്നുവർഷം തുടർച്ചയായി ഞാൻ വിജയിച്ചു. ഒരു യൂണിവേഴ്സിറ്റിയിൽ ചേർന്ന് പഠിക്കാനുള്ള ക്ഷണം എനിക്കു കിട്ടി. പക്ഷേ ഞാൻ തീരുമാനിച്ചത് റെയ്സിങ് സ്കൂളിൽ ചേരാനായിരുന്നു. അങ്ങനെ 19-ാമത്തെ വയസ്സിൽ ഞാൻ ഒരു പ്രൊഫഷണൽ റെയ്സറായി.
ആ സമയമായപ്പോഴേക്കും എന്റെ ജീവിതലക്ഷ്യംതന്നെ ജപ്പാനിലെ സൈക്കിൾ റെയ്സർമാരിൽ ഒന്നാമനാകുക എന്നതായിരുന്നു. ഒത്തിരി പണമുണ്ടാക്കണം. എന്റെ കുടുംബത്തെ ഒരു നല്ല നിലയിൽ എത്തിക്കണം. അതായിരുന്നു എന്റെ ആഗ്രഹം. അതിനുവേണ്ടി ഞാൻ പരീശീലനത്തിൽ മുഴുകി. പരിശീലനം കഠിനമായി തോന്നുമ്പോഴോ റെയ്സിങ്ങിന് ഇടയിൽ മടുക്കുമ്പോഴോ ഒക്കെ ഞാൻ എന്നോടുതന്നെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും: ‘കസുഹിറോ, നീ സൈക്കിൾ റെയ്സിങ്ങിനുവേണ്ടി പിറന്നവനാണ്. തളരരുത്. മുമ്പോട്ടു പോയേ തീരൂ.’ ഞാൻ മുമ്പോട്ടു പോകുകതന്നെ ചെയ്തു. എന്റെ കഷ്ടപ്പാടിനൊക്കെ ഫലം കിട്ടിത്തുടങ്ങി. ആദ്യത്തെ വർഷം പുതിയ റെയ്സർമാരുടെ മത്സരത്തിൽ എനിക്ക് ഒന്നാം സ്ഥാനം കിട്ടി. രണ്ടാം വർഷം ജപ്പാനിലെതന്നെ ഏറ്റവും മികച്ച സൈക്കിൾ റെയ്സറെ തിരഞ്ഞെടുക്കുന്ന മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത ഞാൻ നേടി. ആ മത്സരത്തിൽ ആറു തവണ എനിക്ക് രണ്ടാം സ്ഥാനം കിട്ടി.
ജപ്പാനിലെ ഒരു റെയ്സിങ് സൂപ്പർതാരമായിരുന്ന എന്നെ അവിടെയുള്ള ആളുകൾ വിളിച്ചത് ‘ടോക്കായിയുടെ മണ്ണിൽ പിറന്ന കരുത്തൻ’ എന്നായിരുന്നു. ജപ്പാനിലെ ഒരു സ്ഥലമാണ് ടോക്കായി. റെയ്സിങ്ങിൽ എനിക്ക് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവരെയെല്ലാം തോൽപ്പിച്ച് മുന്നേറുക. ട്രാക്കിൽ ഞാൻ അൽപ്പം ആക്രമണകാരിയായിരുന്നു. അതുകൊണ്ട് മറ്റു റെയ്സർമാർക്ക് എന്നെ പേടിയായിരുന്നു. അറിയപ്പെടുന്ന ഒരു താരമായതോടെ കൈ നിറയെ കാശായി. ആഗ്രഹിക്കുന്നതെന്തും വാങ്ങാനുള്ള പണം എനിക്കുണ്ടായിരുന്നു. ഞാൻ ഒരു വലിയ വീടു വാങ്ങി. എനിക്കു വ്യായാമം ചെയ്യാൻ എല്ലാ ആധുനികസൗകര്യങ്ങളുമുള്ള ഒരു ജിംനേഷ്യം വരെ ആ വിട്ടീൽ ഉണ്ടായിരുന്നു. പിന്നെ ഒരു വീടിനോളംതന്നെ വിലവരുന്ന ഒരു ഫോറിൻ കാറും വാങ്ങി. കുറെ പണം ഞാൻ ഓഹരി വിപണിയിൽ നിക്ഷേപിച്ചു. പിന്നെ പല കെട്ടിടങ്ങളും സ്ഥലങ്ങളും ഒക്കെ വാങ്ങി.
എനിക്ക് എല്ലാം ഉണ്ടായിരുന്നു, ഇല്ലായിരുന്നത് സന്തോഷമാണ്. എന്തിന്റെയോ ഒരു കുറവ് എനിക്ക് എപ്പോഴും തോന്നി. പിന്നെ ഒറ്റപ്പെടലും. അതിനിടയിൽ എന്റെ കല്യാണം കഴിഞ്ഞു. ഞങ്ങൾക്ക് മൂന്ന് ആൺമക്കൾ ഉണ്ടായി. ഞാൻ ഭയങ്കര ദേഷ്യക്കാരനായിരുന്നു. തൊട്ടതിനും പിടിച്ചതിനും എല്ലാം ഭാര്യയോടും മക്കളോടും ദേഷ്യപ്പെടും. നോക്കിയുംകണ്ടും മാത്രമേ അവർ എന്നോടു സംസാരിക്കാറുണ്ടായിരുന്നുള്ളൂ. ഞാൻ നല്ല മൂഡിലാണെങ്കിലേ എന്റെ അടുത്ത് വരൂ.
പിന്നീട്, എന്റെ ഭാര്യ യഹോവയുടെ സാക്ഷികളുടെ കൂടെ ബൈബിൾ പഠിക്കാൻ തുടങ്ങി. അത് ഒത്തിരി മാറ്റങ്ങൾക്ക് കാരണമായി. യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങിനു പോയാൽകൊള്ളാമെന്ന് ഒരിക്കൽ അവൾ എന്നോടു പറഞ്ഞു. എന്നാൽപ്പിന്നെ എല്ലാവർക്കും ഒരുമിച്ചു പോകാം എന്ന് ഞാനും പറഞ്ഞു. പിന്നെ ഞാനും ബൈബിൾ പഠിക്കാൻ തുടങ്ങി. എന്നെ ബൈബിൾ പഠിപ്പിക്കാനായി ഒരു മൂപ്പൻ സഹോദരൻ ആദ്യമായി വീട്ടിൽ വന്നത് എനിക്ക് നല്ല ഓർമയുണ്ട്. ബൈബിളിൽനിന്ന് പഠിച്ച കാര്യങ്ങൾ എനിക്ക് ശരിക്കും ഇഷ്ടമായി.
ബൈബിൾ എന്റെ ജീവിതത്തിനു മാറ്റം വരുത്തുന്നു: എഫെസ്യർ 5:5-ാം വാക്യം എന്നെ ശരിക്കും ചിന്തിപ്പിച്ചു. അവിടെ ഇങ്ങനെ പറയുന്നു: “അധാർമികപ്രവൃത്തികൾ ചെയ്യുന്നവൻ, അശുദ്ധൻ, അത്യാഗ്രഹി—അത്തരക്കാരൻ ഒരു വിഗ്രഹാരാധകനാണ്—ഇവർക്കൊന്നും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ ഒരു അവകാശവുമില്ല.” സൈക്കിൾ റെയ്സിങ്ങിൽ വാതുവെപ്പുപോലുള്ള കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഞാൻ ചിന്തിച്ചു. മാത്രമല്ല ഈ മത്സരം അത്യാഗ്രഹത്തിന് വഴിവെക്കുന്നതാണ് എന്നും എനിക്കു മനസ്സിലായി. എനിക്ക് വല്ലാത്ത മനസ്സാക്ഷിക്കുത്ത് തോന്നാൻ തുടങ്ങി. യഹോവയെ സന്തോഷിപ്പിക്കണമെങ്കിൽ ഞാൻ റെയ്സിങ് നിറുത്തേണ്ടി വരുമെന്ന് എനിക്കു മനസ്സിലായി. പക്ഷേ ആ തീരുമാനം ഒട്ടും എളുപ്പമല്ലായിരുന്നു.
എന്റെ റെയ്സിങ് ജീവിതത്തിൽ ഏറ്റവും കൂടുതൽ നേട്ടങ്ങൾ ഉണ്ടായ വർഷമായിരുന്നു അത്. ഇനിയും മുന്നോട്ട് കുതിക്കണം. അതായിരുന്നു എന്റെ മോഹം. പക്ഷേ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു: റെയ്സിങ്ങിനു പോകുമ്പോൾ കിട്ടാത്ത മനസ്സമാധാനവും ശാന്തതയുമൊക്കെയാണ് ബൈബിൾ പഠിക്കുമ്പോൾ എനിക്ക് കിട്ടുന്നത്. ബൈബിൾ പഠിക്കാൻ തുടങ്ങിയതിനു ശേഷം ആകെ മൂന്നു പ്രാവശ്യമേ ഞാൻ റെയ്സിങ്ങിനു പോയുള്ളൂ. പക്ഷേ റെയ്സിങ്ങിനോടുള്ള ഇഷ്ടം ഞാൻ അപ്പോഴും മുഴുവനായി വിട്ടുകളഞ്ഞിരുന്നില്ല. റെയ്സിങ് നിറുത്തിയാൽപ്പിന്നെ എങ്ങനെ കുടുംബം നോക്കും എന്ന് ഞാൻ ചിന്തിച്ചു. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല. അതിന്റെകൂടെ, എന്റെ ബന്ധുക്കളാണെങ്കിൽ ഈ പുതിയ വിശ്വാസത്തെ എതിർക്കാൻ തുടങ്ങി. എന്റെ അച്ഛൻ ആകെ തകർന്നുപോയി. ഈ മാനസികസമ്മർദം എല്ലാംകൂടെയായപ്പോൾ എന്റെ ആരോഗ്യംതന്നെ മോശമായി. എനിക്ക് അൾസർ വന്നു.
അങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഞാൻ ബൈബിൾ പഠിക്കുന്നതും യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങുകൾക്ക് പോകുന്നതും നിറുത്തിയില്ല. ആ ബുദ്ധിമുട്ടുള്ള സമയത്തെല്ലാം പിടിച്ചുനിൽക്കാൻ എന്നെ സഹായിച്ചത് അതാണ്. പതുക്കെപ്പതുക്കെ എന്റെ വിശ്വാസം ശക്തമായി. എന്റെ പ്രാർഥനകൾ കേൾക്കണേ എന്നും പ്രാർഥനയ്ക്ക് ഉത്തരം തരുന്നത് കാണാൻ സഹായിക്കണേ എന്നും ഞാൻ യഹോവയോടു പ്രാർഥിക്കുമായിരുന്നു. ഭാര്യയും എന്നെ സമാധാനിപ്പിച്ചു. “നമുക്ക് ഇത്ര വലിയ വീടൊന്നും വേണ്ട. ഇതൊന്നും ഇല്ലെങ്കിലും നമുക്ക് സന്തോഷമായിരിക്കാൻ പറ്റും” എന്ന് അവൾ എന്നോടു പറഞ്ഞു. അതു കേട്ടപ്പോൾ എനിക്ക് ഒരുപാട് ആശ്വാസം തോന്നി. അങ്ങനെ ഞാൻ പതിയെപ്പതിയെ പുരോഗതി വരുത്തി.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ: മത്തായി 6:33-ാം വാക്യത്തിൽ യേശു പറഞ്ഞ കാര്യം എത്ര സത്യമാണെന്ന് എന്റെ അനുഭവത്തിൽനിന്ന് ഞാൻ മനസ്സിലാക്കി. അവിടെ യേശു ഇങ്ങനെ പറഞ്ഞു: “ദൈവരാജ്യത്തിനും ദൈവനീതിക്കും എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കുക. അപ്പോൾ ഇപ്പറഞ്ഞ മറ്റെല്ലാം നിങ്ങൾക്കു കിട്ടും.” ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങളെ ആണല്ലോ യേശു ഇവിടെ “മറ്റെല്ലാം” എന്നു പറഞ്ഞത്. അങ്ങനെയുള്ള ഞങ്ങളുടെ ആവശ്യങ്ങളൊന്നും ഇതുവരെ നടക്കാതെ പോയിട്ടില്ല. റെയ്സിങ്ങിനു പോയിരുന്ന കാലത്തുണ്ടായിരുന്ന വരുമാനത്തിന്റെ മുപ്പതിലൊന്നുപോലും ഇന്ന് എനിക്ക് ഇല്ല. എങ്കിലും കഴിഞ്ഞ 20 വർഷമായി എനിക്കും എന്റെ കുടുംബത്തിനും ഒരു കുറവും ഉണ്ടായിട്ടില്ല.
അനുഗ്രഹങ്ങൾ ഇനിയുമുണ്ട്. സഹോദരങ്ങളുടെ കൂടെ ആരാധനയ്ക്കായി കൂടിവരുമ്പോഴും ആത്മീയപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും ഒക്കെ ഞാൻ ആസ്വദിക്കുന്ന സന്തോഷവും സംതൃപ്തിയും ഒന്നുവേറെതന്നെയാണ്. അത് മുമ്പൊരിക്കലും ഞാൻ അനുഭവിച്ചിട്ടില്ല. ദിവസങ്ങൾ എത്ര പെട്ടെന്നാണെന്നോ കടന്നുപോകുന്നത്. എന്റെ കുടുംബജീവിതവും ഇന്ന് ഒരുപാടു മെച്ചപ്പെട്ടു. മൂന്നു മക്കളും അവരുടെ ഭാര്യമാരും വിശ്വസ്തമായി യഹോവയെ സേവിക്കുന്നതിന്റെ സന്തോഷവും ഇന്ന് എനിക്കുണ്ട്.